ഞങ്ങളുടെ നീലക്കുരുന്നുകൾ

ഞങ്ങളുടെ നീലക്കുരുന്നുകൾ

ഞങ്ങളുടെ നീലക്കുരുന്നുകൾ

 

ഞങ്ങളുടെ നീലക്കുരുന്നുകൾ...

കലാലയ ജീവിതത്തിലെ കണ്ണായിരുന്നു ആ മലഞ്ചോലകുന്നുകൾ, അഞ്ച് മുതൽ പത്ത് വരെയുള്ള ഹൈസ്കൂൾ കാലഘട്ടം രസകരമായിരുന്നു, സ്കൂൾ കെട്ടിടം നില്ക്കുന്ന സ്ഥലത്ത്നിന്ന് കഷ്ടിച്ച് അരക്കിലോമീറ്റർ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന കൂറ്റൻ കുന്നുകളുള്ള പ്രദേശം,

വശ്യസുന്ദരം, കുന്നുകേറി താഴെ നോക്കിയാൽ വിശാലമായ പാടശേഖരങ്ങൾ,കുന്നിൻചെരുവിന് ഒരു വശത്തുടെ കളകളശബ്ദം മുഴക്കി ഒഴുകുന്ന ചെറുതല്ലാത്ത ഒരു തോടുണ്ട്, മഞ്ഞുകാലങ്ങളിൽ തോടിന് ഒഴുക്ക് വളരെ കൂടുതലായിരിക്കും, കുന്നുകളുടെ പല ഭാഗങ്ങളിൽ നിന്നും തോട്ടിലേക്ക് വെള്ളം ഒഴുകിയെത്തും ' നല്ല മഴയുണ്ടാകുമ്പോൾ പാടങ്ങളിലേക്കെല്ലാം വെള്ളം പരക്കും,

നിബിഡവനമേഖലയല്ലെങ്കിലും പച്ചയണിഞ്ഞ 
ഒരു സുന്ദരിതന്നെയാണ് അവിടെയുള്ള മലഞ്ചോലകുന്നുകൾ, പലതരം പക്ഷികളും പലപ്പോഴായി സന്ദർശനം നടത്താറുണ്ടവിടെ, എപ്പോഴും കിളികളുടേയും കുഞ്ഞിക്കുരുവികളുടേയും മധുരശബദ്ധങ്ങള്‍ നുകരാം,

സ്കൂൾ സമയം കഴിഞ്ഞാൽ മിക്കകുട്ടികളുടേയും സന്ദർശന സ്ഥലമാണവിടം, അതുകൊണ്ടുതന്നെ ഞങ്ങൾക്കെല്ലാം ഏറെ അടുത്തിടപഴകുന്നവരും അല്ലാത്തവരുമായ ഒത്തിരി കൂട്ടുകാരുണ്ടായിരുന്നു, ഞങ്ങളുടെ ബാല്യത്തിന്റെ നിറങ്ങൾ കൂടുതലും ചില വഴിച്ചത് അവിടെ ആ മലഞ്ചോലകുന്നിൻ പ്രദേശങ്ങളിലാണ്,

പലതരം പൂക്കൾ വിരിയാറുണ്ട് ആ കുന്നിൻ പ്രദേശങ്ങളിൽ, വസന്തകാലം ഒരു സുഗന്ധലോകം തീർക്കാറുണ്ടവിടം' ആ സമയങ്ങളിൽ ആ ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടുകാരും പല സമയങ്ങളിലായി കുടുംബ സമേതം അവിടം സന്ദർശിക്കുക സാധാരണയാണ്,

അതിനിടക്കാണ് ഒരിക്കൽ കുന്നിൻ ചെരുവുകളിൽ നീലക്കുറിഞ്ഞികൾ പൂത്തു 
തളിർത്തത്, ചന്തമുള്ള ആ കാഴ്ച്ച കാണാൻ ആരവങ്ങളോടെയാണ് അവിടേക്ക് ആളുകൾ എത്തിച്ചേർന്നുകൊണ്ടിരുന്നത്, ആ കാലയളവിൽ ഒരു ആഘോഷത്തിന്റെ പ്രതീതി ജനിപ്പിച്ചിരുന്നു അവിടം,

സ്കൂളിൽ നിന്നും കുട്ടികളെ തരംതിരിച്ച് നീലക്കുറിഞ്ഞി പൂത്ത സൗന്ദര്യം കാണിക്കാൻവേണ്ടി കൊണ്ടുപോകാന്‍ തീരുമാനിച്ച വിവരം ഓരോ ക്ലാസ്സിലും സ്കൂൾ മാനേജ്മെൻറ് അറിയിക്കുകയുണ്ടായി, ആർപ്പുവിളികളോടെയാണ് അന്ന് ആ തീരുമാനം കുട്ടികൾ ആഘോഷിച്ചത്, എല്ലാകൂട്ടുകാരുംകൂടി ഒന്നിച്ചുള്ള ആ യാത്ര ആഹ്ളാദാനന്ദമാക്കാൻ എല്ലവരും ഒരുപോലെ തീരുമാനിച്ചു പിരിഞ്ഞു..

പിറ്റേന്ന് സ്കൂളിലെത്തിയ എല്ലാവരുടെ മുഖങ്ങളിലും ആഹ്ലാദത്തിന്റെ 
അലയൊലികൾ നിറഞ്ഞിരുന്നു. ചാറ്റൽ മഴ അപ്പോഴും തുള്ളിയായ് പെയ്തുകൊണ്ടിരുന്നു, 
എട്ടു പത്ത് ദിവസമായിട്ട് ഇതുപോലെയാണ് കനത്ത മഴയൊന്നും ഉണ്ടായിക്കണ്ടില്ല. ആകാശമെപ്പോഴും മേഘാവൃതമാണ്. ഈ സമയത്ത് ഇവിടെ മഴ തോരാറേയില്ല, ചാറ്റലായി ശക്തികുറഞ്ഞത് പെയ്തുകൊണ്ടിരിക്കും, അതുകൊണ്ട് എല്ലാവരും കൂടെ കുട കരുതാറുണ്ട്,

നാല് അദ്ധ്യാപകർ വീതം ഒരോ ബാച്ചിനേയും നിയന്ത്രിക്കാനുണ്ടായിരുന്നു. എട്ടാം ക്ലാസുകാരായ ഞങ്ങളുടെ ബാച്ചിന്റെ കൂടെ ആറാം ക്ലാസ്സിലെ പെൺകുട്ടികളുമുണ്ടായിരുന്നു, തന്റെ കൂട്ടുകാരനും അയൽവാസിയുമായ ശരീഫിന്റെ ആറാം ക്ലാസ്സുകാരി പെങ്ങളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.

ഇന്ന് കാലത്ത് ഭക്ഷണം കഴിക്കുന്ന ടേബിളിന് മുന്നിൽ അവളുടെ ചായക്കപ്പ് എടുത്തതിന് തമ്മിൽ അടികൂടി തെറ്റിയകാര്യം നേരത്തെ അവൻ പറഞ്ഞിരുന്നു, ഒന്നിച്ച് സ്കൂളിലേക്ക് വരാറുള്ള അവർ വേറെ വേറെയായി വരുന്നത്കണ്ടപ്പോൾ അവനോട് ഞാൻ ചോദിച്ചപ്പോഴാണ് അവൻ ഈ കാര്യം പറഞ്ഞത്, തിരക്ക് കൂടിയതിന് ഉപ്പയുടെ കയ്യിൽനിന്നും അവന് രണ്ട് കിട്ടിയെന്നും, അതുകൊണ്ടാണ് കൂടെവരാൻ സമ്മതിക്കാതെ പോന്നതെന്നും, തല്ല് കൊള്ളിച്ചതുകൊണ്ട് ഇനി അവളോട് മിണ്ടില്ലെന്നും പറഞ്ഞു.

അവളെ ശ്രദ്ധിച്ചപ്പോൾ ഇടക്കവൾ അവനെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു, അവന് തല്ല് കിട്ടിയതിൽ അവളുടെ ഉള്ളിൽ വിഷമമുണ്ടെന്ന് അവളുടെ മുഖഭാവത്തിൽനിന്നും എനിക്കറിയാൻ കഴിഞ്ഞു. പക്ഷേ ശരീഫ് അവളെയൊന്ന് നോക്കുകപോലും ചെയ്തില്ല.

ഞാൻ ശരീഫിനെ തോണ്ടി കാര്യംപറഞ്ഞപ്പോൾ 
അവൻ പറഞ്ഞു സാരമില്ല. വൈകുന്നേരം വീട്ടിലെത്തിയാൽ കരഞ്ഞുകൊണ്ട് മാപ്പ്പറയും, രക്ഷയില്ലെങ്കിൽ ഉമ്മയെ കൊണ്ട് സോൾവ് ചെയ്യിക്കും, കാര്യമാക്കണ്ട. 'അവൻ അവളെ ശ്രദ്ധിക്കാനേ പോയില്ല.

ഇതിനിടയിൽ എല്ലാവരേയും ചേർത്ത് വരിയായിനിർത്തി അദ്ധ്യാപകർപേര് വിളിച്ച് ആളെണ്ണമെടുത്തു, എല്ലാവരുംകൂടി റോഡരുകിലൂടെ നടന്നാണ് യാത്ര, എല്ലാവരും നല്ലഹരത്തിലായിരുന്നു, റോഡിലേക്ക് കയറാതെ കുട്ടികളെ അദ്ധ്യാപകർ നന്നായി നിയന്ത്രിക്കുന്നുണ്ട്, ചാറ്റൽ മഴ കാരണം എല്ലാവരും കുടയും ചൂടിയാണ് യാത്ര, ഒരു കുടയിൽ രണ്ട്പേരോട് വീതം നല്കാൻ അദ്ധ്യാപകർ പറയുന്നുണ്ട്, അവർക്ക് കുട്ടികളെ നിയന്ത്രികൻ അതുകൊണ്ട് എളുപ്പമാണ്,

കുന്നിനോടടുത്തെത്തിയപ്പോൾ കുട്ടികളിൽ ആരവം കനത്തു, തോട്ടിന്റെ കുത്തൊഴുക്കിന്റെ ശബ്ദം കുറേശെ കേൾക്കാം, കുന്നാകെ പൂക്കളാൽ 
ഒരു വര്‍ണ്ണക്കുടപോലെ ചേലചുറ്റി നിൽപ്പാണ്, അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആ ഹരിതപ്രദേശത്തെ മനസ്സാലെ കുട്ടികൾ പുൽകിക്കഴിഞ്ഞു,

കുന്നിലേക്കോടിക്കയറുന്ന കുട്ടികളോട് അദ്ധ്യാപകർ കൂട്ടം തെറ്റാതിരിക്കാൻ 
പറയുന്നുണ്ട്, പലരും കുടയിൽ നിന്നൊക്കെ മാറി മഴയുംകൊണ്ടാണ് കുന്ന് കയറ്റം, കുട്ടികളുടെ ആഹ്ലാദം അവിടെ കൂടിയവരിലും പ്രദേശവാസികളിലും ഏറെ കൗതുകം ജനിപ്പിച്ചു:

കുളിർകാറ്റിന് ശക്തികൂടുന്നപോലെ ശരീരമാകെ കുളിര് കേറുന്നുണ്ട്, എല്ലാവരും നീലക്കുറിഞ്ഞി കുന്നുകൾക്ക് ചുറ്റും വലംവെച്ച് പാറിനടക്കുന്നു പൂമ്പാറ്റകളേപോലെ , ചിലർ കുന്നിറങ്ങി തഴെ തോട്ടിലേക്കുള്ള മലവെള്ള കുത്തൊഴുക്ക് കാണാനായി നീങ്ങുന്നുണ്ട്, പെൺകുട്ടികളാണ് കൂടുതൽ ആ വഴിക്ക് നീങ്ങുന്നത്, അവരുടെ കൂടെ തന്നെയുണ്ട് മൂന്ന് അദ്ധ്യാപകരും, എല്ലാവരും കലപിലകൂട്ടി കാഴ്ച്ചകളുടെ ലഹരിയിലാണ്, ഇടക്ക് മേഘം കൂടുതൽ കറുക്കുന്നപോലെ, കാറ്റിനും ശക്തി വർദ്ധിക്കുന്നുണ്ട്,

തോടിന് അരികെല്ലാം കരിങ്കൽ ഭിത്തിയാൽ കെട്ടി പാടശേഖരങ്ങളെ സുരക്ഷിതമാക്കീട്ടുണ്ട്. 
നടന്നുനീങ്ങാനൊന്നും പ്രയാസമേതുമില്ല.
പക്ഷേ കൂടുതൽ കുട്ടികൾ കുന്നിറങ്ങിയതോടെ 
പ്രയാസം നേരിട്ടുതുടങ്ങി, വാനം കറുത്തതോടെ കുട്ടികളോട് തിരിച്ചു കയറുവാൻ 
അദ്ധ്യാപകർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു, പക്ഷേ കലപിലകൾക്കിടയിൽ ആരും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

പെടുന്നനെയാണ് മഴ ശക്തിയാർജ്ജിച്ച് വലിയ തുള്ളികള്‍ ഭൂമിയിൽ പതിച്ചത് , ഒപ്പം കാറ്റിനും ശക്തികൂടി, അതോടെ കുടകളുംകൊണ്ട് കുട്ടികൾ ചിതറി, കൂട്ടത്തിരക്കിനിടയിൽ അതാ ഒരുവൾ തോട്ടിലേകുത്തൊഴുക്കിലേക്ക്, പിടിക്കാനാഞ്ഞവളും വീണു, തിക്കിനും തിരക്കിനും അട്ടഹാസങ്ങള്‍ക്കുമിടക്ക് വീണ്ടും മൂന്നാലുകുട്ടികൾ കാൽതെറ്റി തോട്ടിലേക്ക് മറിഞ്ഞു, ആകെ ബഹളമയം, ഓടിക്കൂടിയവരും നാട്ടുകാരും എന്തു ചെയ്യണമെന്നറിയാതെ പകച്ചു,

തോടിന് നല്ല ഒഴുക്കുണ്ട്, അടിയൊഴുക്കിൽപ്പെട്ടുപോകും. വീണാല്‍പിന്നെ കാര്യം പോക്കാ.. നീലകുറിഞ്ഞി പൂത്ത 
കുന്നിൻചെരുവുകളിലാകെ കൂട്ടക്കരച്ചിലുകൾ ഉയർന്നുകേട്ടു, ആഹ്ലാദം വഴിമാറി ദുരന്തത്തിലേക്ക് കൂപ്പ്കുത്തിയപ്പോൾ ആകാശംവരെ വിറങ്ങലിച്ചുനിന്നു,

കുറച്ചുദൂരം ചെന്നാൽ ഒരു തടയണയുണ്ടെന്ന് ആരോ ഉറക്കെ വിളിച്ചുപറഞ്ഞു, പിന്നെ കൂടുതൽ ആളുകൾ അങ്ങോട്ടേക്ക് പാഞ്ഞു, ചിലര്‍ ആര്‍ക്കെല്ലാമോ പ്രയാസപ്പെട്ടുവിളിച്ച് വിവരങ്ങള്‍ ധരിപ്പിക്കുന്നുണ്ട്, മഴ കൂടുതൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ്,

വേനൽകാലങ്ങളിൽ കുളിക്കാനും സ്ത്രീകൾ അലക്കാനുമൊക്കെ വരുന്നിടമാണ്
അവിടം, തടയണയുള്ളതുകൊണ്ട് അവിടന്നങ്ങോട്ടുള്ള ഒഴുക്കിന് ശക്തി കുറവായിരിക്കും' ആ ഭാഗത്തിന് കൂടുതൽ വീതിയും പരപ്പുമുണ്ടായിരുന്നു, അങ്ങോട്ടേക്ക് 
പോകുന്നതിനിടക്ക് ഒരാള്‍ക്ക് ഒരു കുട്ടിയെ രക്ഷിക്കാനുമായി എന്ന് കേട്ടു. അവൾ കിട്ടിയ 
വള്ളിൽ അള്ളിപ്പിടിച്ച് കരയുകയായിരുന്നത്രേ, കണ്ടുവന്നയാള്‍ തന്‍റെ ഉടുമുണ്ടയിച്ച് 
അതിന്റെ മറുതല തോട്ടിലേക്ക് എറിഞ്ഞു കൊടുത്താണവളെ രക്ഷപ്പെടുത്തിയതത്രേ..,

അപ്പോഴേക്കും അദ്ധ്യാപകരും ചിലരുംചേർന്ന് മറ്റു കുട്ടികളെയെല്ലാം സ്കൂളില്‍ തിരിച്ചെത്തിച്ചു. സ്കൂളിൽ വലിയ ജനാവലി, മിക്കകുട്ടികളുടേയും രക്ഷിതാക്കൾ അവിടെ വന്ന് ബഹളം വെക്കുന്നുണ്ട്. 
സ്കൂളിലേക്ക് പോലീസ് ജീപ്പ് കയറി വരുന്നതും കണ്ടു.,

സമയം വൈകുന്നേരത്തോടടുക്കുന്നു, എല്ലാവരേയും രക്ഷപ്പെടുത്തീട്ടുണ്ടെന്നും 
രണ്ട്പേർ മരണപ്പെട്ടുപോയെന്നും മൂന്ന് പേരെ ടൗണിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്നും പോലീസ് പറയുന്നത് കേട്ട് സ്കൂൾ അങ്കണത്തിലുള്ളവർ സ്തബ്ദരായി നിന്നു, '
സ്കൂളിൽ തിരിച്ചെത്തിയ കുട്ടികളെ അവരവരുടെ രക്ഷിതാക്കളോടൊപ്പം പോലീസ് ഇടപെട്ടു തിരിച്ചയച്ചു.

മഴക്ക് ഒരു ശമനവുമില്ല , ഏങ്ങും ഘോരഘോരം പെയ്തുതിമിർക്കുകയാണ്, വീടും നാടും ആകെ തരിച്ചിരിപ്പാണ്. രാത്രിയായപ്പോഴേക്കും പലയിടത്തും വൻമരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നെന്നും, ചുരം വഴികളില്‍ പലഭാഗത്തും കുന്നിടിഞ്ഞു വൻനാശങ്ങൾ സംഭവിച്ചതായും ഗതാഗതം സ്തംഭിച്ചതായുമുള്ള റിപ്പോർട്ടുകൾ ചാനലുകളിൽ നിറഞ്ഞു.

ടീവിയിൽ ഒഴുക്കിൽപെട്ടവരെ കാണിച്ചു തുടങ്ങിയപ്പോൾ ശരീരമാകെ വിറകൊണ്ടു. 
അഞ്ചുപേരും കണ്ടു പരിചിതർ. അഞ്ചും പെൺകുട്ടികള്‍, പെട്ടെന്നാണ് അവൾ തന്‍റെ
ശ്രദ്ധയിൽപ്പെട്ടത്, ശരീഫിന്റെ പെങ്ങൾ സൈന, 
ഒരാൾ അവളാണല്ലോ, അവളാണത്രേ 
ഒഴുക്കിനിടയിൽ കയ്യിൽതടഞ്ഞ വേരിൽ തൂങ്ങിപ്പിടിച്ച് രക്ഷപ്പെട്ടത്, ' വല്ലാത്തൊരു 
നിശ്വാസമാണ് എന്റെ ഉള്ളിൽ നിന്നും അത് കേട്ടപ്പോൾ ഉയർന്നത്, ഒരു വിളിയായിരുന്നു, 
ഉപ്പാ ശരീഫിന്റെ സൈനാ എന്ന് , അവരും അവളെ കണ്ട് തരിച്ചുപോയി, പിന്നെ പുറത്തേക്ക് 
ഒരു ഓട്ടമായിരുന്നു, പെരുമഴ വകവെക്കാതെ
ശരീഫിന്റെ വീട് ലക്ഷ്യമാക്കി, വീട്ടിൽനിന്നും ഉപ്പയുടേയും ഉമ്മയുടേയും വിളിക്ക് ശ്രദ്ധകൊടുക്കാതെ,

കുന്നിൻ ചെരുവിലെ പ്രശ്നത്തിനിടക്ക് സൈനയെ നോക്കട്ടെ എന്നുപറഞ്ഞ് ശരീഫ് തന്നെവിട്ട് താഴേക്ക് ഇറങ്ങിപ്പോയത് ഞാൻ അപ്പോൾ ഓർത്തു. അവളെ കാണാതെ വന്നതാവാം സ്കൂളിലെത്തീടും അവൻ കൂടെ വരാതിരുന്നതിന് കാരണം, അവന്‍ കുന്നിന്‍ചെരുവില്‍തന്നെ നിന്നുകാണും.

വാതിൽ തുറന്നു കിടപ്പുണ്ട്, ശരീഫേന്ന് വിളിച്ചാണ് ദ്രിതിയിൽ അവന്‍റെ വീട്ടിൽ കയറിയത്, അപ്പോൾ അവിടെ കട്ടിലിൽ കണ്ടു തന്റെ പെങ്ങളേയും കൂട്ടിപ്പിടിച്ച് കരയുന്ന ശരീഫിനെ, എന്നെ കണ്ടതോടെ രണ്ടുപേരുടേയും എങ്ങലിന് ശക്തികൂടി, രണ്ടു പേരുടേയും കരംഗ്രഹിച്ച് അവരോടൊപ്പം ഞാനും കട്ടിലിലിരുന്നു', അവൾ ശരിക്കും പേടിച്ചിരിക്കുന്നു,

നല്ല പനിയുള്ളതുപോലെയുണ്ടല്ലോ.. അവളെ തൊട്ടപ്പോള്‍ എനിക്കങ്ങിനെ തോന്നി, 
അവളുടെ ഉപ്പയാണ് പറഞ്ഞത്,

അത് പേടിച്ചതുകൊണ്ടാ, മാറിക്കോളും, പടച്ചോൻ ഞങ്ങളെ മോൾക്ക് ഒരാപത്തും വരുത്തിയില്ലല്ലോ, മറ്റു നാലുപേരുടെ സ്ഥിതിയും ഒന്നോർത്ത് നോക്ക്യ..., രണ്ട് കുടുംബങ്ങൾക്ക് മക്കളെ നഷ്ട്ടപ്പെട്ടില്ലേ.. മറ്റ് രണ്ടുപേരും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല പോലും, ആശുപത്രിയിലാകെ അലമുറയും ബഹളവുമാണ്,

സൈനയെ പരിശോധിച്ച് ഡോക്ടർ വീട്ടില്‍ കൊണ്ടുപോകാൻ പറഞ്ഞു, പേടിച്ചതുകൊണ്ടുള്ള പനിയാണ്, ഇവിടെ നിൽക്കുന്നതിനേക്കാൾ കൊണ്ടുപോകുന്നതാണ് അവൾക്ക് ആശ്വാസമാകുക എന്നും പറഞ്ഞു, അങ്ങിനെ ഞങ്ങൾ ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളൂ,

അവളെയും ചേർത്തു പിടിച്ചുള്ള ശരീഫിന്റെ ഇരുത്തം കണ്ടപ്പോൾ സൈനയോട് ഞാൻ ചോദിച്ചു, കാലത്ത് ഇവനെ തല്ലുകൊള്ളിച്ചതിന് ക്ഷമ ചോദിച്ചോ എന്ന്, ആ വാടിയ മുഖത്തൊരു മന്ദഹാസം വിടർത്തിയവൾ ശരീഫിനെ നോക്കി, ശരീഫ് അവളെ തനിലേക്ക് കൂടുതൽ ചേർത്ത്പിടിച്ചു, സാഹോദര്യസ്നേഹത്തിന്റെ എന്തെന്നില്ലാത്ത ഒരു ഹൃദയവികാരം അപ്പോൾ 
ഞാൻ അവർക്കിടയിൽ കണ്ടു.

ദുരന്തത്തിന്റെ ആഘാതം നാടിനെയാകെ നടുക്കിയിരുന്നു, നാട്ടുവാസികൾ സ്കൂൾ മാനേജ്മെന്റിന്റെ പിടിപ്പ്കേടിനേയും 
ഉത്തരവാദിത്തമില്ലാഴിമയേയും ചോദ്യം ചെയ്തു സംസാരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ദുരന്തം സർവ്വവ്യാപിയായതിനാൽ വിധിയായി വിലയിരുത്തപ്പെട്ടു. മാത്രവുമല്ല, അവര്‍ക്ക് തൊട്ടുമുമ്പ്പോയ ബാച്ചുകള്‍ മൂന്നും കുഴപ്പമൊന്നും കൂടാതെ കണ്ടുതിരിച്ചെത്തിയിരുന്നു,

മരിച്ചവരുടെ മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം 4 മണിയോടെ അടുത്തുള്ള പള്ളി സ്മശാനത്തിൽ അടക്കം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്, മരിച്ചവര്‍ രണ്ടും മുസ്ലിം കുട്ടികളായിരുന്നു, പോസ്റ്റ്മോർട്ടം കഴിഞ്ഞയുടൻ മുത്ദേഹം അവരവരുടെ വീട്ടിലേക്കാണത്രേ 
കൊണ്ടുപോകുന്നത്, അവിടെനിന്ന് ബന്ധുമിത്രാദികളോടൊപ്പം സ്കൂളിലേക്കെടുക്കും' 
വിദ്യാഭ്യാസ മന്ത്രിയടക്കം പല പൗരപ്രമുഖരും അവിടെ എത്തുമെന്നാണറിവ്.

മഴ ദുരന്തമേഖലയായതിനാൽ പത്ത് ദിവസത്തോളം ജില്ലയിലുടനീളം 
വിദ്യാലയങ്ങൾക്ക് വധിയായിരുന്നു, ആ ദിവസങ്ങളിലെല്ലാംതന്നെ ഞങ്ങൾ കൂട്ടുകാർ അഞ്ചുപേരും മരിച്ചവരുടെ കബറിടങ്ങൾ എന്നും 
സന്ദർശിക്കുമായിരുന്നു.

എന്നും ഒരേ പ്രാർത്ഥനാനിർഭരമായിരുന്നു ഞങ്ങളുടെ ഒരോ വിദ്യാർത്ഥികളുടേയും 
മനസ്സ്, അവരുടെ ഖബറിടം എന്നും പൂത്ത നീലക്കുറിഞ്ഞി പൂക്കളാൽ സമ്പന്നമാക്കണേ 
എന്ന്, പുഞ്ചിരിക്കുന്ന പൂവുകളായി അവരെ അവക്കിടയിൽ കാണിക്കണേയെന്ന്,

കുറച്ച് നീലക്കുറിഞ്ഞിച്ചെടികൾ ശേഖരിച്ച് അവരെ മറമാടപ്പെട്ട ഖബറിടത്തിനോട് 
ചേർന്ന് ഞങ്ങള്‍ കുഴിച്ചിട്ടിരുന്നു, നാളെ അവ വളർന്ന് പൂത്തുതളിർത്താടുമ്പോള്‍ 
നീലക്കുറിഞ്ഞി പൂക്കൾക്കിടയിൽ '' ഞങ്ങളുടെ നീലക്കുരുന്നുകളായി '' അവരെ കാണാൻ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.

ഞങ്ങട്ടെ മനസ്സും അവരെയോർത്ത് 
എന്നും ശാന്തി തേടുന്നുണ്ടായിരുന്നു (ശുഭം).

 

ജലീൽ കൽപകഞ്ചേരി,

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

non

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ