13/B യിലെ കൊലപാതകങ്ങൾ

13/B യിലെ കൊലപാതകങ്ങൾ

13/B യിലെ കൊലപാതകങ്ങൾ


അലക്സിയുടെ ഡിറ്റക്ടീവ് ഏജൻസി ഒന്ന് കാണണം എന്ന് കരുതിയാണ് ഞാൻ രാവിലത്തെ ട്രെയിനിൽ തന്നെ കോട്ടയത്ത് എത്തിയത്.. അയാളുടെ ഓഫീസിൽ എത്താൻ ഒരു അഞ്ചു മിനിട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര ചെയ്യേണ്ടതുണ്ട്.. ദുഃഖ വെള്ളിയാഴ്ച ആയതിനാൽ ട്രെയിനിൽ തീരെ തിരക്കില്ലായിരുന്നു.. അതുകൊണ്ട് തന്നെ സുഖപ്രദമായ ട്രെയിൻ യാത്ര നന്നായി ആസ്വദിക്കാൻ സാധിച്ചു എന്ന് പറയയെണ്ടതില്ലല്ലോ... റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള  മൈത്രി നഗറിലേക്ക്‌ ഓട്ടോറിക്ഷ പിടിച്ചു എത്തുമ്പോൾ ഏകദേശം 11 മണി ആയിരുന്നു.. ഞാൻ വാതിലിലെ  ഡിറ്റക്ടീവ് അലക്സി പോൾ  എന്ന ബോർഡിൽ ശ്രദ്ധിച്ചു കൊണ്ട് രണ്ട് തവണ മുട്ടി..എനിക്ക് ഉള്ളിലേക്ക് കടക്കാൻ അകത്തു നിന്നും അനുവാദം ലഭിക്കപ്പെട്ടു.... ഞാൻ വാതിൽ തുറന്ന് ഉള്ളിലേക്ക് കടന്നു.. അയാൾ മേശ വലിപ്പിൽ എന്തോ പരതുകയായിരുന്നു.. ഒരു കടലാസ് കയ്യിലെടുത്തു കൊണ്ട് അയാൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. 
" മിസ്റ്റർ ജോൺ താങ്കൾ കൃത്യ സമയത്ത് തന്നെയാണ് എത്തിച്ചെർന്നത്.. ആസനസ്ഥനാകുക,  പ്രിയ സുഹൃത്തേ... "
ഞാൻ ആ കസേരയിൽ ഇരുന്നു.. "
"എങ്ങനെയുണ്ട് അലക്സി??? പുതിയ കേസുകൾ എന്തൊക്കെയുണ്ട് ??" ഞാൻ ആകാംക്ഷയോടെ  അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. 
ഞാൻ ഒരിക്കൽ പോലും അയാളെ ക്ലീൻ ഷേവ് അല്ലാതെ കണ്ടിട്ടില്ല എന്നോർത്ത്‌ അദ്‌ഭുതപ്പെട്ടു...

 

അലക്സി : " ജോൺ... ഓഫീസിൽ ഉണ്ടായിരുന്ന സ്റ്റാഫ്‌ ഒരാഴ്ചയായി വരുന്നില്ല. ഇന്നലെ ഒരു പ്രധാനപ്പെട്ട കേസിന്റെ അന്വേഷണത്തിന് പോലീസ് നമ്മളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്... കേസിന്റെ ഡീറ്റൈൽസ് നമ്മുടെ ഏജൻസിക്ക് കൈമാറിയിട്ടുമുണ്ട്...ഞാൻ അതിനെ കുറിച്ചുള്ള അന്വേഷണത്തിൽ ആയിരുന്നു ഇന്നലെ മുതൽ.. എന്നാൽ കേസിലെ പ്രതിയുടെ പോക്കെറ്റിൽ നിന്നും ലഭിച്ച ഒരു കടലാസിന്റെ പകർപ്പ് കുറച്ചു സമയമായി കാണുന്നില്ല,  അത് തെരഞ്ഞു കൊണ്ടിരുന്നപ്പൊഴാണ് താങ്കളുടെ വരവ്.. "
"ഓ മുൻപ് റാഫെൽ അച്ചൻ തന്ന കടലാസ് നഷ്ടപ്പെട്ടപ്പോൾ താങ്കൾ കണ്ടു പിടിച്ചു തന്നത്  ഞാൻ മറന്നിട്ടില്ല.." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. 
അലക്സിയും ചിരിച്ചു 
"ഈ കേസ് വളരെയേറെ വിവാദമായ ഒന്നാണ് മിസ്റ്റർ ജോൺ...  ഒരു പക്ഷേ താങ്കൾ പത്രങ്ങളിലോ ഓൺലൈൻ മാധ്യമങ്ങളിലോ ഈ കൊലപാതകങ്ങളെ കുറിച്ച് കേട്ടിരിക്കാൻ സാധ്യതയുണ്ട് താനും.  സംഭവം നടക്കുന്നത്‌ ആലപ്പുഴയിലെ ഒരു റിസോർട്ടിൽ വെച്ചാണ്.. രാജേഷ്‌ എന്നായിരുന്നു ഇതിലെ പ്രതിയുടെ പേര്.. അയാൾ  തന്റെ കുടുംബത്തോടൊപ്പം ബോട്ടിങ് സവാരി ചെയ്യാൻ വേണ്ടിയാണ് അന്നത്തെ ദിവസം  ആലപ്പുഴയിൽ റൂം എടുത്തത്.. എത്തിയപ്പോൾ രാത്രി 8 മണി  ആയതിനാൽ അന്ന് അവിടെ തങ്ങിയാൽ മാത്രമേ പിറ്റേന്ന് രാവിലെ ബോട്ടിൽ യാത്രക്ക് സാധ്യതയുള്ളൂ എന്ന് മനസ്സിലാക്കിയ  അയാൾ ഒരുപക്ഷെ കുട്ടികളുടെ നിർബന്ധം കൊണ്ടാകാം അന്നവിടെ മുറിയെടുത്തത്‌. അന്നൊരു വർക്കിങ് ഡെ ആയതു കൊണ്ടു തന്നെ  റിസോർട്ടിൽ മറ്റു ഫാമിലി ഒന്നും തന്നെ റൂം എടുത്തിരുന്നില്ല.. അന്നത്തെ പെരു മഴയുള്ള ആ രാത്രിയിലാണ് സംഭവം നടക്കുന്നത്.. രാത്രി ഉറങ്ങി കിടന്ന അയാളുടെ രണ്ട് കുട്ടികളും ഭാര്യയും കൊല്ലപ്പെട്ട അവസ്ഥയിൽ കാണപ്പെടുകയായിരുന്നു. മക്കൾ രണ്ട് പേരും ആൺകുട്ടികൾ ആയിരുന്നു.  മൂത്തയാളിനു 7 വയസ്സായിരുന്നു പ്രായം. ഇളയവനാകട്ടെ ഒന്നാം  ക്ലാസിലും... ഭാര്യ എൽ ഡി ക്ലെർക് ആയി തിരുവനന്തപുരത്ത് വഞ്ചിയൂർ കോടതിയിൽ ജോലി ചെയ്തു വരികയായിരുന്നു.. രാജേഷ്‌ ആകട്ടെ  കെ എസ് ഇ ബിയിൽ അസിസ്റ്റന്റ് ഇഞ്ചിനീയറും.. ഉറങ്ങി കിടന്ന 3 പേരെയും രാത്രി 12 മണിയോടടുപ്പിച്ചു കൊല്ലപ്പെട്ട അവസ്ഥയിൽ കണ്ടു ഭയന്ന് നിലവിളിച്ച അയാളെ റിസോർട്ടിലെ ജീവനക്കാർ തടങ്കലിലാക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയാണുണ്ടായത്‌. രണ്ട് ദിവസത്തെ അന്വേഷണം കൊണ്ട് തന്നെ പോലീസ് അയാൾ തന്നെയാണ് പ്രതി എന്ന കൺക്ലൂഷനിൽ എത്തിച്ചേരുകയുണ്ടായി.. "
എന്നാൽ മതിയായ തെളിവുകൾ ഇല്ലാത്തതിനാലും അയാളുടെ മൊഴികളിൽ  വൈരുധ്യം അനുഭവപ്പെട്ടതിനാലും പോലീസ് നമ്മുടെ സഹായം തേടുകയായിരുന്നു.. അന്നത്തെ ദിവസം  റിസോർട്ടിൽ ആകെ 4 ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതിൽ രണ്ട് പേർ സ്ത്രീകളും മറ്റു രണ്ട് പേർ പുരുഷന്മാരും ആയിരുന്നു.. റിസോർട്ടിന്റെ കോമ്പൗണ്ട് നാല് വശവും ചുറ്റു മതിൽ കൊണ്ട് തിരിച്ചിരുന്നു.. മതിലിന്റെ കനം ഏകദേശം 23 സെന്റിമീറ്റിർ ഉണ്ടായിരുന്നു..  മതിലിന്റെ മുകളിൽ  മുഴുവൻ ആണിയും വെച്ചിട്ടുണ്ടായിരുന്നു... അതിന്റെ ഉയരമാകട്ടെ ഏകദേശം രണ്ടര മീറ്റർ വരുമായിരുന്നു...  മഴ പെയ്തിരുന്നതിനാൽ പുറത്ത് നിന്നൊരു വ്യക്തി അകത്തേക്ക് കടന്നിരുന്നു എങ്കിൽ തീർച്ചയായും മതിലിലെ ആണിയിൽ തടഞ്ഞ് അയാളുടെ തുണി കീറിയ നിലയിൽ അവശേഷിക്കാനോ മതിൽ ചാടുമ്പോൾ ഫുട് പ്രിന്റ്‌ തറയിൽ പതിയാനോ സാധ്യതയുണ്ട്.. ഈ കേസിൽ അങ്ങനൊരു ഫുട് പ്രിന്റ്‌ പതിഞ്ഞിട്ടില്ല എന്ന് മാത്രമല്ല റൂമിന്റെ വാതിൽ തുറക്കുകയോ പൂട്ടു പൊളിക്കുകയോ ചെയ്തിട്ടുമുണ്ടായിരുന്നില്ല." 
ഞാൻ കസേര വലിച്ചിട്ടു ജിജ്ഞാസയോടെ ഇരുന്നിറ്റ് : "അത് അകത്തു നിന്ന്‌ വാതിൽ തുറന്നു കൊടുത്ത് മറ്റൊരു കൊലപാതകിയെ കയറ്റുന്നതിനെക്കാൾ രാജേഷ്‌  തന്നെ  ആ കൃത്യം  നിർവഹിക്കുന്നതല്ലേ കുറച്ചു കൂടി വിശ്വസിക്കാൻ കഴിയുന്നത്... ?"
അലക്സി : "അതേ അത് തന്നെയാണ് മിസ്റ്റർ ജോൺ പോലീസിന്റെ കണ്ടെത്തലും...
ഒരു ക്രിമിനലിന് പുറത്തു നിന്നും റിസൊർട്ടിനുള്ളിലേക്ക് കടക്കണമെങ്കിൽ തന്നെ സിസി ടിവി ക്യാമറയിൽ പതിയാത്ത വിധം വേണം ഉള്ളിലേക്ക് കടക്കാൻ...   അത് കൊണ്ടാണ് അയാൾ തന്നെയാണ് കൃത്യം നടത്തിയത് എന്ന് പോലീസ് ഉറപ്പിച്ചു  പറയുന്നത്.. മാത്രമല്ല അയാളുടെ ഭാര്യയുടെ മൊബൈലിൽ അവസാനമായി വന്ന ടെക്സ്റ്റ് മെസ്സേജ് അയാളുടെത്‌ തന്നെ ആയിരുന്നു... അതിൽ ആകെ ആ ഒരു മെസ്സേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ... " 
ഞാൻ അലക്സിയെ ആകാംക്ഷയോടെ നോക്കി.. 
അലക്സി :" Bi " ഇതായിരുന്നു ആ മെസ്സേജ്.. സ്വന്തം ഭാര്യക്ക് അയാൾ ബൈ എന്നൊരു മെസ്സേജ് അയക്കേണ്ട സാഹചര്യം തീർച്ചയായും പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് ഞാൻ അനുമാനിക്കുന്നു.
അതും രാത്രി 11 മണിക്ക്..  പക്ഷേ രസം എന്താണെന്ന് വച്ചാൽ അയാളുടെ മെസ്സേജ് സെറ്റിംഗ്സിൽ സെന്റ്‌ ഹിസ്റ്ററി അയാൾ ക്ലിയർ ചെയ്തിരുന്നു.. എന്നാൽ റീസെന്റ്‌ മെസ്സേജ് ന്റെ കോൺടാക്ട് ലിസ്റ്റിൽ ആദ്യം ഉണ്ടായിരുന്നത്‌ അയാളുടെ വൈഫിന്റെ നമ്പർ ആയിരുന്നത്‌ പോലീസിന് അയാളിലെ സംശയം സ്ഥിരീകരിക്കാൻ കാരണമാവുകയും ചെയ്തു. "  
ഞാൻ ഇടയ്ക്കു കയറി :  " ശരി എങ്ങനെയാണ് മർഡറിന്റെ  രീതി എന്ന് താങ്കൾ സ്പെസിഫൈ ചെയ്തില്ല... അത് കൂടി വ്യക്തമാക്കാമോ?? 
അലക്സി :" തീർച്ചയായും... പക്ഷേ അതിന് നമുക്ക് അയാളുടെ മൊഴി മാത്രമേ ആശ്രയിക്കാൻ നിവൃത്തിയുള്ളൂ... കാരണം അവരുടെ കൂടെ ആ രാത്രിയിൽ ആകെ ഉണ്ടായിരുന്ന ആൾ അയാൾ മാത്രമാണ്. എന്നാൽ  രാത്രി ഒരു മണിയോടെ റൂമിനുള്ളിൽ ഒരാൾ നിൽക്കുന്നത്‌  വ്യക്തമായി കണ്ടു എന്ന് വാദിക്കുന്ന അയാൾ നിലവിളിക്കാൻ ശ്രമിച്ചു എങ്കിലും പേടി കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല എന്നാണ് പോലീസിനോട്‌ പറഞ്ഞത്.. അങ്ങനെ ഒരാളെ പെട്ടെന്ന് കണ്ട അയാൾ ശരിക്കും ഭയന്നു പോവുകയും ലൈറ്റ് തെളിച്ച്‌ എല്ലാവരെയും ഉണർത്താൻ ശ്രമിക്കുകയും ചെയ്തു.. കുറച്ചു സമയം അനങ്ങാൻ പറ്റാത്ത അവസ്ഥയേ അതി ജീവിച്ച ശേഷം അയാൾ എങ്ങനെയോ ലൈറ്റ് തെളിയിച്ച് അവരെ ഉണർത്താൻ ശ്രമിച്ചു.. എന്നാൽ അവർ മൂന്ന് പേരും അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു. നില വിളിക്കുക മാത്രമായിരുന്നു അയാൾക്ക്‌ ചെയ്യാൻ പറ്റുന്ന ഒരേയൊരു  കാര്യം... അയാൾ അലറി വിളിച്ചു. മൂന്ന് പേരും ഉറങ്ങുന്ന പൊസിഷനിൽ തന്നെ മരിച്ചു കിടക്കുകയായിരുന്നു.. ഒരു പത പോലെ എന്തോ ഒന്ന്  എല്ലാവരുടെയും ചുണ്ടിൽ പറ്റിയിരുന്നു..  അയാളുടെ നിലവിളി കേട്ട് റിസോർട്ടിലെ ജീവനക്കാർ ഓടി വന്നെങ്കിലും വാതിലും ജനലും അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ അവർക്ക് ഉള്ളിലേക്ക് കടക്കാൻ സാധിച്ചില്ല. അവർ കുറേ സമയം വാതിലിൽ ഇടിക്കുകയും തുറക്കാൻ അപേക്ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒടുവിൽ അയാൾ തന്നെ മുറി തുറന്നു കൊടുക്കുകയും അവർ ഉള്ളിലേക്ക് വന്ന്‌ മൃതദേഹങ്ങൾ കാണുകയുമാണ് ചെയ്തത്. ജീവനക്കാരിലെ ഒരാളായ സുധീഷ് പറഞ്ഞത് നേരത്തെ അവർ പുറത്തു നിന്നും വാതിലും ജനലുകളും  തുറക്കാൻ പല തവണ ശ്രമിച്ചു എങ്കിലും അവയെല്ലാം തന്നെ അകത്തു നിന്നും ഭദ്രമായി പൂട്ടിയിരിക്കുകയായിരുന്നു എന്നതാണ്. കുറച്ചു സമയത്തിനുള്ളിൽ തന്നെ സംഭവ സ്ഥലത്ത് പോലീസ് എത്തുകയും കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. അവരെ ഏറ്റവും കൂടുതൽ വെല്ലുവിളിച്ച ഘടകം അയാൾ റൂമിൽ വെച്ച് മറ്റൊരാളെ കണ്ടു എന്ന സ്റ്റേറ്റ്മെന്റ് ആണ്. ആ റൂമിൽ ആകെ മൂന്ന്  ജനാലകളും രണ്ട് വാതിലുകളും ആണ് ഉണ്ടായിരുന്നത്‌. ഒന്ന് പുറത്തേക്കുള്ള പ്രധാന വാതിലും മറ്റേത് ടോയ്‌ലെറ്റിലേക്ക്‌ പ്രവേശിക്കാനുള്ള ചെറിയ വാതിലും..  ഉള്ളിൽ നിന്നും ലോക്ക് ചെയ്ത ആ ജനലിൽ കൂടിയോ വാതിലിൽ  കൂടിയോ  ഒരാൾ കടന്നു എന്ന് വിശ്വസിക്കുന്നത്‌ തന്നെ ആന മണ്ടത്തരമാണ്. അങ്ങനെ ഒരാൾക്ക് അകത്തു കടക്കണം എങ്കിൽ ഒരു കാരണവശാലും ഈ പറഞ്ഞ ജനലുകളിലെ കമ്പി അറുത്തു മാറ്റതെയോ വാതിലിന്റെ പൂട്ടു പൊളിക്കാതെയോ അകത്തു കടക്കുക തീരെ സാധ്യമായ ഒരു കാര്യവുമല്ല. പക്ഷേ അയാൾ അങ്ങനൊരു വ്യക്തിയെ കണ്ട കാര്യം ആണയിട്ട് പറയുന്നുമുണ്ട്... 
പിന്നേ പുറത്തേക്ക് റൂമിൽ നിന്നും ഇറങ്ങാൻ ആകെയുള്ള ഒരു ഓപ്ഷൻ ടോയ്‌ലെറ്റിൽ നിന്നുള്ള എക്സ്ഹോസ്റ്റ് ഫാൻ വെച്ചിരിക്കുന്ന ഹോൾ ആണ്. ആ ഫാൻ ഇളക്കി മാറ്റി എന്നു തന്നെ വിചാരിക്കുക.. ആ ഹോളിൽ കൂടി ശരാശരി വണ്ണമുള്ള ഒരാൾക്ക് നുഴഞ്ഞു പോകുക  ലവലേശം സാധ്യമല്ല.. കാരണം ആ റിസോർട്ടിലെ എല്ലാ എക്സ്ഹോസ്റ്റ് ഫാനുകളുടെയും സൈസ് 8 ഇഞ്ച്  ആയിരുന്നു. അതായത് ഏകദേശം 21 cm വശങ്ങളുളള സമചതുരാകൃതിയിലുള്ള ഫാനുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്‌.. ഒരു കാരണവശാലും 441 square cm വിസ്തീർണ്ണമുളള ഒരു പൈപ്പിൽ കൂടി താങ്കൾക്കൊ എനിക്കൊ ഈ മുറിയിലേക്ക്‌  കടക്കുക സാധ്യമല്ല... ഇല്ലെങ്കിൽ പിന്നെ അയാൾ ലവലേശം വണ്ണം ഇല്ലാത്ത ഒരാൾ ആയിരിക്കണം.. അങ്ങനെ ആണെന്നു സങ്കൽപ്പിക്കൂ,  അയാൾ ആ ഹോൾ വഴി ടോയ്‌ലെറ്റിനു പുറത്തു കടന്നാൽ കൂടി ആ വശത്തെ സിസി ടി വി ക്യാമറയെ വെട്ടിച്ചു കടന്നു പോകാൻ സാധ്യമല്ല.. ഫുട്ടെജ് പൂർണ്ണമായും പോലീസ് പരിശോധിച്ചു. രാത്രിയിൽ ഒരു സമയത്തും അങ്ങനെ ഒരാൾ അത് വഴി പുറത്തേക്ക് ചാടിയിട്ടില്ല എന്ന് അവർ 100% ഉറപ്പ് പറയുന്നു "
ഈ കേസിന്റെ ഓട്ടോപ്സി ചെയ്തത് എന്റെ സുഹൃത്തായ ഡോക്ടർ സൈമൺ ആണ്. അയാൾ അതിനെ കുറിച്ച് എന്നോട്  ഡീറ്റൈൽ ചെയ്തിരുന്നു. ഈ മൂന്ന് മരണങ്ങളുടെയും കാരണം ഒന്ന് തന്നെയാണ്. അമിത അളവിലുള്ള എക്സ്ട്രീം  ടോക്സിക്ക് ആയ ഒരു വിഷക്കൂട്ട്.. അതിൽ പൊട്ടാസിയം സയനൈഡിന്റെ കണ്ടന്റ് തന്നെയാണ് മിക്സ് ചെയ്തിരിക്കുന്നത്‌ എങ്കിലും പൊട്ടാസിയം സയനൈഡിനെ പോലെ കഴിച്ച ഉടൻ മരണം സംഭവിക്കില്ല എന്നതാണ് അതിന്റെ പ്രത്യേകത .. പക്ഷേ  ഇതിന്റെ 10 ml  ഉള്ളിൽ പോയാൽ മതി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കും. ഓട്ടോപ്സി പ്രകാരം അവരുടെ മൂന്ന് പേരുടെയും ബോഡിയിൽ അടി കൊണ്ട പാടുകളോ ആക്രമിക്കപ്പെട്ട അടയാളങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു.. എന്നാൽ കൃത്യമായി വിഷം ഉള്ളിൽ ചെല്ലുകയും 1 മണിക്കൂറിനുള്ളിൽ തന്നെ  മരണം സംഭവിക്കുകയും ചെയ്തു. ഡോക്ടർ പറഞ്ഞത് ആരും അവരെ നിർബന്ധിപ്പിച്ച്‌ ഒന്നും കഴിപ്പിച്ചതാകാൻ യാതൊരു സാധ്യതയും ഇല്ല മറിച്ച് സ്വമേധയാ അവർ അറിയാതെയോ അറിഞ്ഞു കൊണ്ടോ ഈ വിഷം അടങ്ങിയ ആഹാരപദാർത്ഥം 
കഴിക്കുകയാണ് ഏക സാധ്യത എന്നാണ്.  ആ വിഷ മിശ്രിതത്തിന്റെ കെമിക്കൽ നെയിം ഞാനിപ്പോൾ ഓർക്കുന്നില്ല അത് ഓട്ടോപ്സി റിപ്പോർട്ടിലുണ്ട്.. "
ഞാൻ വീണ്ടും ഇടയ്ക്കു കയറി  :" അതായത് നമുക്ക് ഇതിൽ നിന്നെല്ലാം മനസിലാക്കാൻ സാധിക്കുന്ന കാര്യം ഒരുപക്ഷേ  അവർ കഴിച്ച ആഹാരത്തിൽ കൂടിയാകണം ഈ വിഷം ഉള്ളിൽ ചെന്നിരിക്കുന്നത്‌ എന്നാണ്. അവർ എന്താണ് കഴിച്ചത് എന്ന് അയാൾ പോലീസിനോടു വ്യക്തമാക്കിയിട്ടുണ്ടോ ?? 
അലക്സി :" തീർച്ചയായും... അവർ ആ റിസോർട്ടിൽ നിന്ന് തന്നെയാണ് ഡിന്നർ കഴിച്ചിരിക്കുന്നത്‌. അവിടെ നാടൻ ഫുഡ് ആയതിനാൽ തന്നെ ഞണ്ടും കോഴിയിറച്ചിയും അന്ന് സ്പെഷ്യൽ ഉണ്ടായിരുന്നു. റൂമിനുള്ളിൽ വെച്ചല്ല മറിച്ചു പുറത്തെ ഓപ്പൺ റെസ്റ്റോറണ്ടിൽ ഇരുന്നാണ് അവർ ആഹാരം കഴിച്ചത്. അത് കൊണ്ട് തന്നെ സിസി ടിവി ഫുട്ടെജ് പോലീസിന് ലഭിക്കുകയും ചെയ്തു. പൊറോട്ടയും ഈ കറികളും പിന്നെ ചിക്കൻ ഫ്രൈയും ആയിരുന്നു എന്നാണ് അയാൾ പോലീസിന് നൽകിയ വിവരം.. റിസോർട്ടിലെ ബിൽ അത് ശരി വെക്കുന്നുമുണ്ട്.. ഫുട്ടെജ് അയാൾ പറഞ്ഞത് 100 % സത്യമാണെന്ന് ഉറപ്പിക്കാൻ പോലീസിന് സഹായകമാവുകയും ചെയ്തു. "
"അപ്പോൾ വിഷം റിസോർട്ടിൽ നൽകിയ ആഹാരത്തിലൂടെ ഉള്ളിൽ ചെല്ലാനും സാധ്യതയുണ്ട്.. അല്ലെ അലക്സി ??"
അലക്സി : " സാധ്യത ഉണ്ടെന്നു തന്നെ പറയാം പക്ഷെ എത്രത്തോളം എന്ന് നമുക്ക് കൃത്യമായി പറയാൻ സാധിക്കില്ല.. റിസോർട്ടിൽ ഉണ്ടായിരുന്ന നാല് പേരെയും സംശയിക്കാൻ സാധ്യതയുണ്ട് താനും. പ്രത്യേകിച്ച് റൂമിൽ കണ്ടു എന്ന് പറയപ്പെടുന്ന വ്യക്തി ഒരു പുരുഷൻ ആയതു കൊണ്ട് റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്കു നമ്മൾ കൂടുതൽ സാധ്യത കൽപ്പിക്കേണ്ടിയിരിക്കുന്നു.. പക്ഷെ തിരുവനന്തപുരത്ത് താമസിക്കുന്ന ഈ കുടുംബം ആലപ്പുഴയിൽ പോയത് ബോട്ട് സവാരിക്ക് ആണെന്നുള്ള കാര്യം നമ്മൾ വിസ്മരിക്കാൻ പാടില്ല മിസ്റ്റർ ജോൺ.. ആ ദിവസം അവർ നേരത്തെ കൂട്ടി റൂം ബുക്ക്‌ ചെയ്തതല്ല, മറിച്ച് വൈകുന്നേരം മാത്രം ബുക്ക്‌ ചെയ്ത ഒന്നാണ്.. അതുകൊണ്ട് തന്നെ ആലപ്പുഴയിലെ റിസോർട്ടിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനു തിരുവനന്തപുരത്ത് നിന്നും ഉല്ലാസ യാത്ര നടത്താൻ വേണ്ടി ആലപ്പുഴയെത്തിയ ആ  കുടുംബത്തെ ഇല്ലാതാക്കാൻ നേരത്തെ വിഷം ആഹാരത്തിൽ കലർത്തി വക്കാൻ സാധിക്കുമോ ?? കൃത്യമായി അവർ അവിടെ തന്നെ റൂം എടുക്കും എന്ന ഉറപ്പ് അയാൾക്ക്‌ ഉണ്ടെങ്കിൽ മാത്രമല്ലെ അങ്ങനെ ചെയ്യാൻ സാധിക്കൂ... ഒരു പക്ഷെ അങ്ങനെ ആ ആഹാരത്തിൽ അയാൾ വിഷം കലർത്തി എന്ന് തന്നെ സങ്കൽപ്പിക്കുക, അവർ നാല് പേരും കഴിച്ചത് ഒരേ കറി തന്നെയാണ്... ഒരേ പാത്രത്തിൽ നിന്നുമാണ് വിളമ്പി മാറ്റിയതും.. അപ്പോൾ പിന്നെ ഗൃഹനാഥനും മറ്റു മൂന്നു പേർക്കും ഒപ്പം മരിക്കേണ്ടതല്ലേ... അങ്ങനെ ചിന്തിച്ചാൽ ഒരുപക്ഷെ അയാൾ ആ മുറിയിൽ കണ്ടു എന്നവകാശപ്പെടുന്ന വ്യക്തി തന്നെ ആകണം ഈ നിഗൂഢതക്ക് പിറകിൽ.. "
ഞാൻ അദ്‌ഭുതത്തോടെയും ആകാംക്ഷയുടെയും  ചോദിച്ചു ... 
" അങ്ങനെയാണെങ്കിൽ അതാരായിരിക്കും...? "
അലക്സി : " അതാണ്‌ ജോൺ നമ്മൾ കണ്ടെത്തേണ്ടത്... റിസോർട്ട് അന്നേ ദിവസം അടിച്ചിട്ടതിനാൽ കൂടുതൽ തെളിവുകൾ സംഭവസ്ഥലത്തു നിന്നും  നഷ്ടമായി കാണില്ല എന്ന് നമുക്ക് അനുമാനിക്കാം...  അങ്ങനെയെങ്കിൽ റിസോർട്ട് ഇന്ന് തന്നെ  സന്ദർശിക്കേണ്ടിയിരിക്കുന്നു.. താങ്കൾക്ക് വിരോധമില്ലെങ്കിൽ എന്റെ കൂടെ വരാം.. " അലക്സി ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു 
" തീർച്ചയായും അലക്സി... എനിക്ക് ഈ കേസിന്റെ ചുരുളഴിയും വരെ മനസമാധാനം കിട്ടില്ല എന്നുറപ്പാണ്.. ആലപ്പുഴയിലേക്ക് നമുക്ക് ഒരുമിച്ചു തന്നെ പോകാം... താങ്കളുടെ കേസന്വേഷണ രീതികളെല്ലാം താങ്കളോടുള്ള ആരാധന ശരിക്കും വർധിപ്പിച്ചിട്ടുണ്ട്.. "
അലക്സി : " വളരെ നന്ദി മിസ്റ്റർ ജോൺ.. അപ്പോൾ ഉച്ചയൂണിനു ശേഷം നമ്മൾ കൃത്യം  രണ്ടു മണിക്ക് ഇവിടെ നിന്നും തിരിക്കുന്നു.. ബസിൽ ആയിരിക്കും യാത്ര.. താങ്കൾക്ക് യാത്രക്ക്  ആവശ്യമുള്ള എല്ലാം തന്നെ കരുതി വെക്കുക.. ഇവിടെ നിന്നും കോട്ടയം സ്റ്റാൻഡിലേക്ക് 1. 8 കിലോമീറ്റർ റിക്ഷാ യാത്രയുണ്ട് ,  അവിടെ നിന്നും ചങ്ങനാശ്ശേരി വഴി ആലപ്പുഴയിൽ എത്താൻ നമ്മൾ 47 കിലോമീറ്റർ ബസിൽ  സഞ്ചരിക്കണം.. അവിടെ നിന്നും ഒരു 4 കിലോമീറ്റർ കൂടി റിക്ഷയിൽ  ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാത്രമേ ആ റിസോർട്ടിൽ എത്താൻ സാധിക്കുകയുള്ളൂ..  എന്നാൽ പിന്നെ  താങ്കൾ റെഡി ആയിക്കൊള്ളൂ... "
ഇത്രയും പറഞ്ഞിട്ട് അയാൾ പുറത്തേക്കു പോയി രണ്ടു പേർക്കും കഴിക്കാൻ ഉള്ള ആഹാരം പാർസൽ വാങ്ങി വന്നു. ആഹാരം എല്ലാം കഴിഞ്ഞ ശേഷം അയാൾ പറഞ്ഞത് പോലെ തന്നെ രണ്ടു മണിക്ക് ഞങ്ങൾ യാത്ര  തുടങ്ങി.. ഏകദേശം 3. 15 ആയപ്പോൾ ഞങ്ങൾ ആലപ്പുഴയിൽ എത്തി. 3. 35 ആയപ്പോൾ റിസോർട്ടിലും എത്തി. റിസോർട്ട് അടച്ച് ഇട്ടിരുന്നതിനാൽ അവിടെ ജീവനക്കാർ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. സെക്യൂരിറ്റിയെ കൊണ്ട് ഓണറെ അലക്സി വിളിച്ചു വരുത്തി.. ജോലിക്കാരെ നാല് പേരെയും ഉടനെ തന്നെ എത്തിക്കാൻ അയാളോട് അലക്സി തന്നെ ചട്ടവും കെട്ടി.. ഞങ്ങൾ റിസോർട്ടിനുള്ളിലേക്ക് ആനയിക്കപ്പെട്ടു. ഒരു  നാല്കെട്ടിന്റെ എല്ലാ ഭംഗിയും ആ റിസോർട്ടിന്റെ രൂപകല്പനയിൽ ഒതുങ്ങി നിന്നിരുന്നു.. ചുമരുകളിൽ  വെളുത്ത ചായം പൂശിയിരുന്നത് കെട്ടിടത്തിന്റെ ഭംഗി ഇരട്ടിയാക്കിയിരുന്നു.. എല്ലാ മൂലകളിലും ചിത്രപ്പണികളോട് കൂടിയ തൂണുകൾ ആ നാല്കെട്ടിന്റെ മനോഹാരിത വീണ്ടും വീണ്ടും വർധിപ്പിച്ചു കൊണ്ടേയിരുന്നു.. വാതിലുകളിലും ജനാലകളിലും ഇരുണ്ട കാപ്പിപൊടി നിറത്തിലുള്ള ചായമാണ് പൂശിയിരുന്നത്.. ഞങ്ങൾ പോലീസ് സീൽ വെച്ചിരിക്കുന്ന റൂമിന്റെ വാതിലിനു മുന്നിൽ എത്തി.. അപ്പോഴേക്കും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ ഞങ്ങളെ സമീപിച്ചു.. അലക്സി പോലീസിൽ നിന്നും ലഭിച്ച കടലാസ് അയാളെ കാണിച്ചു... അയാൾ താക്കോൽ വാങ്ങി മുറി തുറന്നു.. ഞങ്ങൾ അകത്തേക്ക് കയറി.. കോൺസ്റ്റബിൾ ഞങ്ങൾക്ക് ശവശരീരങ്ങൾ കിടന്ന പൊസിഷൻ കാണിച്ചു തന്നു.. അലക്സി റൂമാകെ നടന്നും ഇരുന്നും ഒക്കെ പരിശോധിക്കുന്നുണ്ടായിരുന്നു.. ഞാൻ വാതിൽ പരിശോധിച്ച് നോക്കി.. അതിന്റെ താഴ് അകത്തു നിന്നും ലോക്ക് ചെയ്‌താൽ പിന്നെ പുറത്ത് നിന്നൊരാൾക്ക് അകത്തു കയറുക അസാധ്യം എന്ന് ഞാൻ മനസ്സിലാക്കി..  റൂമിലേക്ക്‌ മറ്റൊരാൾക്ക്  കടക്കാൻ പുതിയ എന്തെങ്കിലും പഴുതുകൾ ഉണ്ടോ എന്ന് ഞാൻ നോക്കി കൊണ്ടേയിരുന്നു..  അദ്‌ഭുതമെന്നു പറയട്ടെ ഒരാൾക്ക് അകത്തു കടക്കാൻ പോന്ന വിധത്തിൽ മറ്റൊരു പഴുതും ആ മുറിയിൽ ഉണ്ടായിരുന്നില്ല.. ടോയ്‌ലെറ്റിൽ കയറി എയർ ഹോൾ പരിശോധിച്ചപ്പോൾ അലക്സി നേരത്തെ  പറഞ്ഞത് നൂറു ശതമാനം സത്യമാണെന്നു മനസിലായി..  6 അടി നീളവും 5 അടി വീതിയും വരുന്ന രണ്ടു ബെഡുകളാണ് ചേർന്ന നിലയിൽ റൂമിൽ ഇട്ടിരുന്നത്. കോൺസ്റ്റബിൾ പറഞ്ഞ വിവരങ്ങൾ പ്രകാരം ബെഡിന്റെ ഏറ്റവും ഇടത്തെ അറ്റത്തു ഗൃഹനാഥൻ നടുക്ക് കുട്ടികൾ വലത്തേ അറ്റത്തു അയാളുടെ ഭാര്യ എന്നിങ്ങനെ ആയിരുന്ന മരണം നടന്ന സമയത്ത് അവരുടെ പൊസിഷൻ...  കോൺസ്റ്റബിൾ മുഖാന്തിരം മുറിയിൽ നിന്നും അന്ന് ലഭിച്ച വസ്തുക്കളുടെ ലിസ്റ്റ് ലഭിക്കുകയുണ്ടായി.. അലക്സി അതെല്ലാം ഡീറ്റൈൽ ആയി പരിശോധിക്കുന്നത് കണ്ടു.... ഫോറൻസിക് റിപ്പോർട്ട്, എഫ് ഐ ആർ എന്നിവയുടെ അപ്‌ഡേറ്റ് കോപ്പി അലക്സിക്ക് കൈമാറപ്പെട്ടു.. അലക്സി തറയിൽ ചെന്നിരുന്നു ബൂട്ട് പ്രിന്റ് ഒക്കെ അയാളുടെ ലെൻസ്‌ ഉപയോഗിച്ച്  പരിശോധിച്ചു നോക്കി.. അപ്പോഴേക്കും റിസോർട്ടിൽ അന്നത്തെ രാത്രി ജോലിയിൽ ഉണ്ടായിരുന്ന ജീവനക്കാർ എത്തിയിരുന്നു... അലക്സി അവർ ഓരോരുത്തരെയും ചോദ്യം ചെയ്യാൻ ആരംഭിച്ചു. അവർ നാല് പേരും പറഞ്ഞ വസ്തുതകൾ ഏതാണ്ട് ഒരുപോലെ തന്നെ ആയിരുന്നു. സുധീഷ് പറഞ്ഞത് പ്രകാരം റൂമിനുള്ളിൽ നിന്നും രാജേഷിന്റെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത് അയാൾ തന്നയാണ്..  ബാക്കിയുള്ളവരെയും അയാൾ തന്നെയാണ് വിളിച്ചുണർത്തിയതും.  ശബ്ദം കേട്ടയാൾ  ഓടി വരുമ്പോൾ ജനാലകളും വാതിലും  ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. വാതിലിൽ പല തവണ ഇടിച്ചു കൊണ്ട് അയാൾ തുറക്കാൻ ആവശ്യപ്പെട്ടു എങ്കിലും രാജേഷ് വാതിൽ തുറന്നില്ല.. അങ്ങനെയാണ് അയാൾ ബാക്കിയുള്ള ജീവനക്കാരെ വിവരം അറിയിക്കുന്നതും അവരെല്ലാം സംഭവസ്ഥലത്ത് എത്തിച്ചേരുന്നതും.. അവർ എല്ലാപേരും ചേർന്ന് കുറേ നേരം വാതിലിൽ മുട്ടുകയും ഇടിക്കുകയും ചെയ്ത ശേഷമാണ് ഒടുവിൽ രാജേഷ് വാതിൽ തുറന്നത്. വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച ശരിക്കും ഞെട്ടിക്കുന്ന ഒന്നായിരുന്നു. സ്ത്രീകളായ ജീവനക്കാരിൽ ലക്ഷ്മിക്ക് ആ രംഗം കണ്ടു തളർച്ച പോലെ വരികയും ആനി ലക്ഷ്മിയെ കൊണ്ട് പോയി അടുത്ത റൂമിൽ കിടത്തുകയും ചെയ്തു. 
സുധീഷ് പറഞ്ഞ കാര്യങ്ങൾ ശരി വെക്കുന്നത് തന്നെയായിരുന്നു ബാക്കി മൂന്നു പേരും പറഞ്ഞ കാര്യങ്ങൾ.. അവരിൽ നാലാമതായി ചോദ്യം ചെയ്യപ്പെട്ട വ്യക്തിയുടെ പേര് മനു എന്നായിരുന്നു.. അയാൾ വളരെ സുന്ദരനും സുമുഖനുമായിരുന്നു എന്ന് മാത്രമല്ല ആഢ്യത്വം നിറഞ്ഞ അയാളുടെ ശാരീര പ്രകൃതം പെരുമാറ്റത്തിൽ നിന്നും വായിച്ച് എടുക്കാൻ സാധിക്കുന്ന ഒന്നായിരുന്നു. ആരെയും കൂസാത്ത ഒരു രീതിയിൽ ആയിരുന്നു അയാളുടെ സംസാര ശൈലി. തന്നെ ചോദ്യം ചെയ്യാൻ ആർക്കും അധികാരം പതിച്ചു നൽകിയിട്ടില്ല എന്ന രീതിയിൽ ആയിരുന്നു അയാളുടെ പെരുമാറ്റം.  അലക്സിയോട് ലവലേശം ബഹുമാനം അയാൾ കാണിക്കുന്നില്ല എന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയ സമയത്താണ് അലക്സിയുടെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിയത്... 
"മിസ്റ്റർ മനു ഒരു  പുതിയ മോഡൽ വാച്ച്  ഗിഫ്റ്റ് കിട്ടിയപ്പോൾ താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ട, വർഷങ്ങളായി ഉപയോഗിച്ചു വരുന്ന താങ്കളുടെ പഴയ വാച്ച് ഉപേക്ഷിക്കാൻ മനസ്സുണ്ടായി എന്ന് കരുതുക,  ആ വാച്ചിന് താങ്കളോട് എന്ത് മാത്രം അമർഷവും വേദനയും  ഉണ്ടാകും എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ ?? " 
മനുവിന്റെ മുഖം അദ്‌ഭുതം കൊണ്ട് വിടരുന്നത് എനിക്ക് വ്യക്തമായി കാണാൻ സാധിച്ചു. 
മനു : " താങ്കൾക്ക് എങ്ങനെയാണ് വർഷങ്ങളായി എനിക്ക് പ്രിയപ്പെട്ട എന്റെ വാച്ച് മാറ്റിയ കാര്യം മനസ്സിലായത്  ?? പകരം കിട്ടിയ ഈ വാച്ച് എനിക്ക് ഗിഫ്റ്റ് കിട്ടിയതാണ് എന്ന് മനസ്സിലാക്കാൻ താങ്കൾക്ക് കഴിഞ്ഞത് തീർച്ചയായും വലിയൊരദ്ഭുതം തന്നെയാണ്... 
അലക്സി : " മിസ്റ്റർ മനു, നിങ്ങളുടെ ഓരോ ചലനത്തിലും ഓരോ വാക്കിലും  അർത്ഥങ്ങൾ  ഒളിഞ്ഞു കിടപ്പുണ്ട്.. ഓരോ വാക്കിൽ നിന്നും  അർത്ഥങ്ങൾ ചമക്കാൻ താങ്കളെ സൂക്ഷ്മതയോടെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും വളരെ ഈസിയായി സാധിക്കുകയും ചെയ്യും... അതൊക്കെ പോട്ടെ താങ്കളോട് മറ്റൊരു പ്രധാന വസ്തുത ചോദിക്കണമെന്ന് കരുതുന്നു. മറ്റുള്ള മൂന്നു പേരും അന്നത്തെ ആ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ഒരുപോലെ തന്നെയാണ് പറയാൻ സാധിച്ചത്.  എന്നാൽ എനിക്ക് ചിത്രത്തിൽ അല്പം വ്യക്തത കുറവുണ്ടോ എന്നൊരു സംശയം തോന്നിയത് കൊണ്ടാണ് താങ്കളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാം എന്ന് വെച്ചത്.  കുറച്ചു നാളായി സുധീഷും താങ്കളും തമ്മിൽ അത്ര നല്ല സ്വരത്തിൽ അല്ല എന്ന് ഞാൻ മനസിലാക്കുന്നു. എന്ന് പറഞ്ഞാൽ പോരാ പരസ്പരം സംസാരിക്കാൻ കൂടി താല്പര്യം ഇല്ലാത്ത വിധം അകൽച്ച നിങ്ങൾക്കിടയിലുണ്ട് എന്ന് ഞാൻ ഉറച്ചു  വിശ്വസിക്കുന്നു.. 
മനു (അദ്‌ഭുതത്തോടെ) : "താങ്കളുടെ കണ്ടു പിടിത്തങ്ങൾ അദ്‌ഭുതകരമാം വിധം എല്ലാം തന്നെ ശരിയാണ്.. പക്ഷെ ഈ കാര്യങ്ങൾ താങ്കൾക്ക് എങ്ങനെ മനസിലായി എന്ന് വ്യക്തമാക്കാമോ ?? 
അലക്സി :" മറ്റു രണ്ടു ലേഡീസിനേയും വിളിച്ചുണർത്തിയ ശേഷമാണ് മനുവിനെ വിളിച്ചത് എന്നാണ് സുധീഷ് ഞങ്ങളോട് പറഞ്ഞത്..  പക്ഷെ അതിൽ അല്പം ലോജിക്ക് കുറവുള്ള പോലെ എനിക്ക് തോന്നി. മനുവാണ് ഇങ്ങനെ ഒരു നിലവിളി റൂമിൽ കേട്ടത് എങ്കിൽ ആദ്യം പെണ്ണുങ്ങളെ ആയിരിക്കുമോ വിളിക്കുക അതോ അവിടെയുള്ളപുരുഷനെയായിരിക്കുമോ ??"
മനു :"ശരിയാണ്...  അത് തീർച്ചയായും പുരുഷനെ തന്നെ  ആയിരിക്കും...... !"
അലക്സി : "ഞാൻ പറയാം.. സുധീഷ് എന്ന വ്യക്തിക്കു താങ്കളോടു നേരത്തെ ഉണ്ടായിരുന്ന വിരോധം കൊണ്ടാണ് അയാൾ താങ്കളോട് കാര്യം പറയാതെ ആദ്യം പെണ്ണുങ്ങളെ അറിയിക്കുകയും പിന്നീട് അവർ വന്നു താങ്കളെ വിളിച്ചുണർത്തുകയും ചെയ്തത് അല്ലെ ??"
മനുവിന് സമ്മതിക്കാതെ വേറെ തരമില്ലായിരുന്നു.. 
അലക്സി :" ഒരു പ്രധാനപ്പെട്ട കാര്യം കൂടി...അവർ മൂന്നു പേരും രാജേഷ് വാതിൽ  തുറന്ന സമയം വാതിലിനു മുൻവശം ഉണ്ടായിരുന്നു.. എന്നാൽ താങ്കൾ മാത്രം  രാജേഷ് വാതിൽ തുറന്നത് നേരിട്ട് കണ്ടെന്ന്  എന്നോട് പറഞ്ഞതായി ഓർക്കുന്നില്ല. ആ സമയം താങ്കൾ  മറ്റെവിടെയെങ്കിലും പോയതായി ഓർക്കുന്നുണ്ടോ ?? "
മനു : " അതെ... റൂമിന്റെ വാതിൽ രാജേഷ് തുറന്ന സമയം ഞാൻ അവിടെ ഇല്ലായിരുന്നു.. കുറേ സമയം വിളിച്ചിട്ടും തുറക്കാത്തത് കൊണ്ട് വാതിൽ പൊളിക്കാം എന്ന ഉദ്ദേശത്തോടെ സഹായത്തിനായി സെക്യൂരിറ്റിയെ വിളിക്കാൻ വേണ്ടി പോയതായിരുന്നു.. "
അലക്സി : " ഓ...അന്ന് ആരായിരുന്നു സെക്യൂരിറ്റി ഇൻ ചാർജ് ????"
മനു :" അന്നു  രാമേട്ടനായിരുന്നു നൈറ്റ് ഷിഫ്റ്റിലെ ചാർജ്. ഞാൻ ഓടി അയാളുടെ റൂമിൽ എത്തിയപ്പോൾ അയാൾ കസേരയിൽ ഇരുന്നു നല്ല ഉറക്കം ആയിരുന്നു. ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയാണ് രാമേട്ടനെ ആ മുറിയിലേക്ക് ഞാൻ കൂട്ടി കൊണ്ട് പോയത്... ഞങ്ങൾ ഓടി എത്തിയപ്പോൾ ഇവർ  മൂന്നു പേരും രാജേഷിനോപ്പം കൊല നടന്ന ആ മുറിയിൽ ഉണ്ടായിരുന്നു. "
അലക്സി : " ശരി മിസ്റ്റർ മനു... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പിന്നെ പറയാം.. താങ്കൾക്ക് മറ്റെന്തെങ്കിലും അഭിപ്രായം പറയാൻ ഉണ്ടോ ??"
മനു :" അല്ല സാർ താങ്കൾക്ക് എങ്ങനെയാണ് എന്റെ വാച്ചിന്റെ കാര്യം കൃത്യമായി പറയാൻ സാധിച്ചത് ??"
ഞാൻ ചെവി കൂർപ്പിച്ചു വെച്ചു... 
അലക്സി : " ഹഹ...  അത് ജോണിനറിയാം എന്ന് കരുതുന്നു, ചുറ്റുപാടുകൾ നിരീക്ഷിക്കുന്ന കാര്യത്തിൽ ഞാൻ മഹാനായ ഷെർലക്ക്  ഹോംസിനെ മാതൃകയാക്കുന്ന ഒരാളാണ്, ഒരുപക്ഷെ  അദ്ദേഹം ഒരു സാങ്കല്പിക കഥാപാത്രം ആണെങ്കിൽ കൂടി.. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച് കമ്പനിയായ ടൈമോർ അവരുടെ സൗദി അറേബ്യൻ മോഡലായ പിങ്ക് ഡയമണ്ട് എന്ന ബ്രാൻഡ്  ഇന്ത്യയിൽ അടുത്ത മാസം മുതൽ ആരംഭിക്കുന്ന വിവരം പത്രത്തിൽ പരസ്യം ചെയ്തിരുന്നു....പിങ്ക് ഡയമണ്ട് ഒരാഴ്ച മുൻപ് മാത്രം സൗദിയിൽ ടൈമോർ അവതരിപ്പിച്ച ബ്രാൻഡ് ആണെന്ന കാര്യം  എന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി.  മോഡൽ നല്ല ആകർഷകമായി തോന്നിയതിനാൽ അത് മനസ്സിൽ പതിയുകയുമുണ്ടായി..  താങ്കളുടെ കയ്യിൽ ഇപ്പോൾ കെട്ടിയിരിക്കുന്ന വാച്ച്  ആ മോഡൽ ആണെന്ന് മനസ്സിലാകാൻ ലവലേശം ചിന്തിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. ഈ നിമിഷം വരെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ലാത്ത,  കൃത്യം ഒരാഴ്ച മുൻപ് മാത്രം സൗദിയിൽ കച്ചവട കമ്പോളത്തിൽ എത്തിയതും  എന്നാൽ ഹൈലി എക്സിക്യൂട്ടീവുമായ ഈ ബ്രാൻഡ് താങ്കളുടെ കയ്യിൽ കിട്ടണം എങ്കിൽ അതൊരാൾ ഗിഫ്റ്റ് തന്നതാകാനേ തരമുള്ളൂ.. മാത്രമല്ല ഈ കൊലപാതകങ്ങളിൽ നേരിട്ടോ അല്ലാതെയോ സാക്ഷിയായവരിൽ താങ്കളും ഉൾപ്പെടും എന്നതിനാൽ ഈ ഒരാഴ്ചക്കുള്ളിൽ താങ്കൾ വിദേശ യാത്രകൾ ഒന്നും തന്നെ നടത്താൻ യാതൊരു സാധ്യതയുമില്ല താനും.. "
മനു :' അപ്പോൾ പിന്നെ എന്റെ പഴയ വാച്ചിനെ പറ്റി എങ്ങനെയാണ് പറയാൻ സാധിച്ചത് ?? "
അലക്സി :" ഹഹ അത് വളരെ നിസാരം.. നിങ്ങളുടെ കയ്യിലെ പുതിയ വാച്ചിന് നേരത്തെ ഉണ്ടായിരുന്ന വാച്ചിനെക്കാൾ വീതി വളരെ കുറവാണ്...  നേരത്തെ നിങ്ങൾ കെട്ടിയിരുന്ന വാച്ച് ഒരുപാട് വർഷം സ്ഥിരമായി  ഉപയോഗിച്ചത് കൊണ്ടാകണം ഇടതു കൈത്തണ്ടയിൽ ആ  വാച്ചിന്റെ ആകൃതിയിലുണ്ടായ വെളുത്ത അടയാളം എടുത്തറിയുന്നത്..  ആ ഭാഗത്തെ വെളുപ്പിന് നിങ്ങൾ എത്ര വർഷം ആ വാച്ച് ഉപയോഗിച്ചു എന്ന് പറയാൻ ഉറപ്പായും  സാധിക്കും മിസ്റ്റർ മനു.. 
മനുവിന്റെ മുഖത്ത്  അലക്സിയോടുള്ള ബഹുമാനം എനിക്ക് നല്ല വ്യക്തമായി കാണാൻ കഴിഞ്ഞു.. 
അടുത്തത് സെക്യൂരിറ്റിയുടെ ചാൻസ് ആയിരുന്നു... 
അലക്സി :" അന്നത്തെ ദിവസം രാത്രി നിങ്ങൾ കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളും വിവരിക്കുക.. "
അയാൾ എല്ലാം വിവരിച്ചു തന്നെ പറഞ്ഞു... അലക്സി കണ്ണും പൂട്ടിയിരുന്ന് അയാളുടെ വാക്കുകൾ പൂർണമായും ഗ്രഹിച്ചു കൊണ്ടേയിരുന്നു.. 
റിസോർട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷവും മുൻപും അലക്സി അവിടെയാകെ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. അവിടെ നിന്നും  ഇറങ്ങിയ ശേഷം ഒരോട്ടോറിക്ഷ പിടിച്ചു ഞങ്ങൾ 3 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ  സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. അലക്സി ഹെല്പ് ഡെസ്കിലെ കോൺസ്റ്റബിളിനെ സ്വയം പരിചയപ്പെടുത്തി കൊടുത്തു... അത് കഴിഞ്ഞ് എന്നെയും.. അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഡീഷണൽ എസ് ഐ ഷാനവാസ്‌ അലക്സിയോട് കേസിന്റെ ഡീറ്റെയിൽസ് സംസാരിച്ചു. കുറ്റവാളി രാജേഷ് തന്നെ എന്ന ഭാഷ്യത്തിൽ തന്നെയായിരുന്നു പോലീസിന്റെ എല്ലാ സംഭാഷണങ്ങളും. അലക്സി റിസോർട്ടിലെ റൂമിൽ നിന്നും ലഭിച്ച എല്ലാ വസ്തുക്കളുടെയും ഡീറ്റെയിൽസ് എസ് ഐയോട്  ആവശ്യപ്പെട്ടു. കുറച്ചു സമയത്തിനുള്ളിൽ തന്നെ ഒരു കടലാസ് കോൺസ്റ്റബിൾ കൊണ്ട് തന്നു. അലക്സി ആ ലിസ്റ്റ് പരിശോധിച്ച് നോക്കി.. അയാൾ ആ ലിസ്റ്റിൽ എന്തോ തിരയുന്നതു പോലെ എനിക്ക് തോന്നിയിരുന്നു. ഇൻസ്‌പെക്ടർക്ക് ഷെയ്ക്ക് ഹാൻഡ് നൽകിയ ശേഷം അലക്സി എന്നോട് പോകാം എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഓട്ടോപ്സി റിപ്പോർട്ടും അലക്സി ചോദിച്ചു വാങ്ങി... തിരിച്ചു റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ആരോ ഞങ്ങളെ പിന്തുടരുന്ന പോലെ ഒരു ഫീൽ തോന്നി. ഞാനത് രഹസ്യമായി അലക്സിയെ അറിയിക്കുകയും ചെയ്തു. അലക്സി ഒന്നു പുറകിലേക്ക് ശ്രദ്ധിച്ചു.. അയാൾക്ക്‌ ആരെയും കാണാൻ സാധിച്ചില്ല. തിരികെ ബസിൽ  കോട്ടയത്തേക്ക് തിരിക്കുമ്പോൾ ഞങ്ങൾ ഒരെ സീറ്റിൽ അടുത്തടുത്ത് ആയിരുന്നു ഇരുന്നത്.. അലക്സി തന്റെ തൊപ്പി എടുത്തു മുഖം മറച്ചു വെച്ചു കൊണ്ട് സീറ്റിൽ ഇരിക്കുകയായിരുന്നു.. ഉറങ്ങുന്ന അയാളെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു പുറത്തേക്കു നടക്കവേ അയാളുടെ ശബ്ദം തീവണ്ടിയുടെ ശബ്ദത്തേക്കാൾ ഗാംഭീര്യത്തോടെ മുഴങ്ങി കേട്ടു : " ജോൺ താങ്കൾ എങ്ങോട്ടാണ് പോകുന്നത് ?? താങ്കൾക്ക് വിരോധമില്ലെങ്കിൽ നമുക്ക് കേസിനെ പറ്റി അല്പം ഡിസ്കഷൻ നടത്തിക്കൂടേ ?? "
ഞാൻ തിരിച്ചു സീറ്റിലേക്ക്  അയാൾക്കഭിമുഖമായി വന്നിരുന്നു 
" അലക്സി താങ്കളുടെ നിരീക്ഷണങ്ങൾ എന്തൊക്കെയാണ് എന്നറിയാൻ എനിക്ക് തീർച്ചയായും നല്ല ആകാംക്ഷയുണ്ട്.. "
അയാൾ മുഖത്തെ തൊപ്പി മാറ്റിക്കൊണ്ട് പറഞ്ഞു 
" നമ്മൾ കരുതിയത് പോലെ ഈ കേസ് അത്ര പെട്ടെന്ന് തെളിയിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല മിസ്റ്റർ ജോൺ.. ഇതൊരു കൊലപാതക പരമ്പരയാണെന്ന് ഒരു പരിധി വരെ നമുക്ക്  അനുമാനിക്കാം, മറ്റൊരു വീക്ഷണ കോണിൽ ചിന്തിച്ചാൽ  ആത്മഹത്യയാകാനുള്ള സാധ്യതയും  തള്ളികളയാൻ സാധിച്ചെന്ന് വരില്ല. ഇന്ന് ആ മുറി പരിശോധിച്ചപ്പോൾ എനിക്ക് മനസിലാക്കാൻ സാധിച്ച കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അന്നത്തെ രാത്രിയിൽ അകത്തു നിന്നുള്ള സഹായമില്ലാതെ പുറത്തു നിന്നൊരാൾക്ക് അകത്തേക്ക് കടക്കുക അസാധ്യം എന്നതാണ്. അങ്ങനെയാണെങ്കിൽ രാജേഷിന് കൊലപാതകത്തിൽ നല്ല പങ്കുണ്ട്. അയാൾ മറ്റൊരാളെ അകത്തു വിളിച്ചു കയറ്റി എന്ന് നമുക്ക് വിശ്വസിക്കാം. അകത്തു കയറിയ ആൾ റൂമിനുള്ളിൽ കൃത്യം നിർവഹിച്ച ശേഷം രാജേഷ് തന്നെ തുറന്നു വിടുന്നു. കൊലപാതകി ആ കോമ്പൗണ്ട് വിട്ടു പുറത്തേക്കു പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം രാജേഷ് വാതിൽ വീണ്ടും കുറ്റിയിട്ട ശേഷം നിലവിളിക്കുന്നു.. റെസ്റ്റോറന്റിലെ ജീവനക്കാർ ഓടിയെത്തുന്നു.. ഈ കഥ താങ്കൾ എത്ര ശതമാനം വിശ്വസിക്കുന്നു മിസ്റ്റർ ജോൺ ??"
" എനിക്ക് തോന്നുന്നത് ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്നാണ് അലക്സി "
അലക്സി :" ശരിയാണ് മിസ്റ്റർ ജോൺ... ഈ കഥയിൽ രണ്ടു മൂന്ന്  തെറ്റുകളുണ്ട്.. ഒന്ന്... രാജേഷ് അങ്ങനെ ഒരു കൊലപാതകിയെ വിളിച്ചു വരുത്തി എങ്കിൽ അയാളെ സെക്യൂരിറ്റിയുടെയും മറ്റു നാല് ജീവനക്കാരുടെയും പിന്നെ സിസിടിവി ക്യാമറകളുടെയും  കണ്ണ് വെട്ടിച്ച് ഉള്ളിലേക്ക് കടത്തണം... പിന്നെ അതുപോലെ തന്നെ സംഭവത്തിന്‌ ശേഷം അതേപോലെ തന്നെ പുറത്തേക്കു രക്ഷപെടുത്തുകയും വേണം. ഒരു പക്ഷെ അയാൾ പിടിക്കപ്പെട്ടാൽ രാജേഷ് അകത്താകും എന്ന് 100% ഉറപ്പുള്ള ഈ ഒരു മാർഗത്തിന്റെ റിസ്ക് എടുക്കാൻ രാജേഷ് തയാറാകുമോ ?? ഒരിക്കലുമില്ല.. ഇല്ലെങ്കിൽ അയാൾ വെറുമൊരു മണ്ടനായിരിക്കണം. രണ്ട്...  വിഷം ഉള്ളിൽ ചെന്നാണ് മൂന്ന് പേരും മരിച്ചിരിക്കുന്നത്.. അത് അവർക്ക് കൊടുക്കണം എന്ന് രാജേഷ് മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട് എങ്കിൽ പുറത്ത് നിന്നൊരാളെ ഉപയോഗിക്കുന്ന റിസ്ക് എറിയ മണ്ടത്തരത്തേക്കാൾ അയാൾക്ക്‌ സ്വയം കൊലപാതകങ്ങൾ നടത്തിക്കൂടെ ??  മൂന്ന്...  രാജേഷ് തന്നെ പറഞ്ഞു കഴിഞ്ഞു റൂമിൽ ഒരാൾ നിൽക്കുന്നത് അയാൾ വ്യക്തമായി കണ്ടു കഴിഞ്ഞു എന്ന്.. അങ്ങനെ ഒരാളെ അയാൾ റൂമിനുള്ളിൽ കയറ്റി എങ്കിൽ ഒരിക്കലും അയാൾ അങ്ങനൊരു കാര്യം പറയേണ്ടതില്ലല്ലോ... ആ ആളിനെ കണ്ടുപിടിച്ചാൽ രാജേഷിലേക്കുള്ള ചൂണ്ടു പലക തന്നെയാണ് അയാൾ നിയമത്തിനു നൽകുന്നത് എന്നിരിക്കെ അങ്ങനൊരാളിനെ കണ്ടതായി അയാൾ പോലീസിനോട് പറയാൻ സാധ്യത ലവലേശം ഇല്ല താനും.. ഈ മൂന്നു വസ്തുതകളും വിരൽ ചൂണ്ടുന്നത് അയാൾ അങ്ങനൊരു കൊലയാളിയെ വിളിച്ചു കയറ്റിയിട്ടില്ല എന്നതാണ്. പിന്നെ റൂം പരിശോധിച്ചതിൽ നിന്നും  എനിക്ക് മനസിലായ മറ്റൊരു  പ്രധാന വസ്തുത ഒരു കാരണവശാലും പുറത്ത് നിന്നും ആരും തന്നെ ആ മുറിയിൽ പ്രവേശിച്ചിട്ടില്ല എന്നതാണ്.  ആ മുറിയിലേക്ക് സകല സിസിടിവി ക്യാമറകളെയും വെട്ടിച്ചു വാതിൽ പൊളിക്കാതെയും  ഭിത്തി തുരക്കാതെയും  മുകളിലെ  ഫാൾ സീലിംഗ് പൊളിക്കാതെയും  അകത്തേക്ക് പ്രവേശിക്കുക എന്നതിന് 1% സാധ്യത പോലുമില്ല. ഒരു കാരണവശാലും അങ്ങനൊരു വ്യക്തി ആ മുറിയിൽ പ്രവേശിച്ചിട്ടില്ല എന്ന് ഞാൻ നിങ്ങൾക്ക് 500% ഉറപ്പു തരാം മിസ്റ്റർ ജോൺ. "
ഞാൻ ശരിക്കും ത്രിശങ്കുവിലായി.. 
" അലക്സി അപ്പോൾ രാജേഷ് അങ്ങനൊരാളെ കണ്ടു എന്ന് പറയുന്നത് കള്ളമാണെന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത് ?? അങ്ങനെയാണെങ്കിൽ രാജേഷ് തന്നെയാണ് പ്രതി എന്ന് നമുക്ക് ഉറപ്പിച്ചു പറയാമല്ലോ.. ??"
അലക്സി :" അവിടെ നിങ്ങൾക്ക് തെറ്റി മിസ്റ്റർ ജോൺ..  നിങ്ങൾ രാജേഷ് പറഞ്ഞ കാര്യങ്ങൾ ഒന്ന് ഓർത്തു നോക്കൂ.. രാത്രി ഒരു മണിയോടെ ഒരാൾ റൂമിൽ നിൽക്കുന്ന കാഴ്ച കണ്ടു ഭയന്ന് നിലവിളിക്കാൻ ശ്രമിച്ച അയാൾക്ക്‌ ശബ്ദം പുറത്തേക്കു വന്നില്ല. തുടർന്ന് കുറച്ചു സമയങ്ങൾക്കുള്ളിൽ സമചിത്തത വീണ്ടെടുത്ത അയാൾ എങ്ങനെയോ ലൈറ്റ് തെളിക്കുകയൂം അവർ മരിച്ചു എന്ന വസ്തുത മനസ്സിലാക്കുകയും ചെയ്തു. ബാക്കിയുള്ള കാര്യങ്ങൾ ജീവനക്കാർ പറഞ്ഞതും രാജേഷ് പറഞ്ഞതും ഒന്നു തന്നെയാണ്.  ശരിയല്ലേ മിസ്റ്റർ  ജോൺ ??"
" അതേ അലക്സി... ശരിയാണ് പക്ഷേ... അങ്ങനൊരാൾ റൂമിൽ കയറിയില്ല എന്ന് താങ്കൾ ഉറപ്പിച്ചു പറയുമ്പോൾ പിന്നെ ഇത് രണ്ടും കൂടി എങ്ങനെയാണ് സംഭവിക്കുക ??"
അലക്സി :" ഹഹ.. അവിടെയാണ് അദ്‌ഭുതം നടന്നിരിക്കുന്നത് മിസ്റ്റർ ജോൺ.. ഞാനത് താങ്കൾക്ക് വിവരിച്ചു തരാം... ജോൺ താങ്കൾ ഒരു ദിവസം രാത്രിയിൽ റൂമിൽ കിടന്നുറങ്ങുന്നു എന്ന് സങ്കൽപ്പിക്കുക.. റൂമിൽ പൂർണമായും ഇരുട്ട് അല്ല പുറത്ത് നിന്നുള്ള വെളിച്ചം അകത്തേക്ക് കുറച്ചു കടക്കുന്നു എന്ന് സങ്കൽപ്പിക്കുക.. ഉറക്കം രണ്ടു വിധത്തിൽ ആണുള്ളത്, അതിൽ ആദ്യത്തേതിൽ കണ്ണുകൾ പൂർണമായും അടച്ചു കൊണ്ടുള്ള ഉറക്കവും മറ്റൊന്ന് കണ്ണുകൾ പകുതി  തുറന്നു വെച്ചുള്ള ഉറക്കവും.. കണ്ണുകൾ തുറന്ന് കിടന്ന് ഉറങ്ങുമ്പോൾ നിങ്ങളുടെ ഉപബോധ മനസ് ഉറങ്ങിയാൽ കൂടി നിങ്ങളുടെ കണ്ണുകൾ കാഴ്ച കണ്ടു കൊണ്ടേയിരിക്കും. ആ കാഴ്ച അരണ്ട വെളിച്ചത്തിൽ കാണുന്ന ആ മുറി തന്നെയായിരിക്കും..  ആ സമയം താങ്കൾ മയക്കത്തിൽ ഒരു സ്വപ്നം കാണുന്നു എന്നിരിക്കട്ടെ,  ആ സ്വപ്നത്തിൽ ഒരാളെ കണ്ടു എന്നിരിക്കട്ടെ.. അപ്പോൾ ആ സ്വപ്നത്തിന്റെ ബാക്ക് ഗ്രൗണ്ടിൽ നിങ്ങൾ കാണുക ആ മുറി തന്നെയാകും. ഫലത്തിൽ ആൾ സ്വപ്നത്തിലും മുറി യഥാർത്ഥത്തിലും ചേർന്ന് നിങ്ങളുടെ ഉപബോധ മനസ്സിൽ ഒരൊറ്റ വിഷ്വൽ ആയിട്ടായിരിക്കും പതിയുക.  അപ്പോൾ ആ മുറിയിൽ ഒരാൾ നിൽക്കുന്ന കാഴ്ച നിങ്ങൾ നല്ല വ്യക്തമായി കാണും.. പക്ഷേ ഉറക്കത്തിൽ ആയതു കൊണ്ട് താങ്കൾക്ക് ശബ്ദം പുറത്തേക്കു വരില്ല.. വിളിക്കാൻ തോന്നും.. തൊണ്ടയിൽ ശബ്ദം കുടുങ്ങി നിൽക്കും. അയാൾ പോലീസിനോട് പറഞ്ഞ കാര്യം താങ്കളോട് ഞാൻ വിവരിച്ചത് ഓർത്തു നോക്കൂ..  കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ സമചിത്തത വീണ്ടെടുക്കുകയും ലൈറ്റ് ഓണാക്കി നോക്കുകയും ചെയ്തു എന്ന്.. അതിന് കാരണം അപ്പോഴേക്കും അയാളുടെ ഉപബോധ മനസ്സ് ഉണർന്നു കഴിഞ്ഞിരുന്നു എന്നതാണ്. "
ഞാൻ അന്തം വിട്ടാണ് അലക്സിയുടെ വാക്കുകൾ ശ്രവിച്ചു കൊണ്ടിരുന്നത്..

 

അലക്സി : " ജോൺ... രാത്രിയിൽ മുറിയിൽ ഒരു രൂപം നടന്നു വന്ന് കഴുത്തിനു കുത്തി പിടിക്കുകയും അലറി വിളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്കു വരാതെ ഇരിക്കുകയും എന്നാൽ  ചെയ്തു പേടിച്ചു പകച്ചു പോകുകയും ചെയ്ത അനുഭവങ്ങൾ മെഡിക്കൽ സയൻസിൽ നിരവധിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്..  എന്റെ പ്രിയ സുഹൃത്ത് ഡോക്ടർ സൈമൺ തന്നെയാണ് ഈ ചോദ്യങ്ങൾക്കുത്തരം മേൽപ്പറഞ്ഞ രീതിയിൽ എനിക്ക് സോൾവ് ചെയ്തു തന്നിട്ടുള്ളത്.. "
"അലക്സി പറഞ്ഞത് വളരെ ശരിയാണ്.. കുട്ടിക്കാലത്ത് എനിക്കും പല തവണ ഉണ്ടായ അനുഭവം തന്നെയാണ്  താങ്കൾ സൂചിപ്പിച്ചത്.. അപ്പോൾ ഇതായിരുന്നു അതിന്റെ രഹസ്യം അല്ലെ.!!! "

 

അലക്സി : "ഇപ്പൊ താങ്കൾക്ക് മനസ്സിലായി കാണുമല്ലോ എങ്ങനെയാണ് അയാൾ ആ മുറിയിൽ ഒരാളെ കണ്ടത് എന്ന്.. !!!"
" ശരി അങ്ങനെയെങ്കിൽ ആ മുറിയിൽ മറ്റൊരാൾ കയറിയിട്ടില്ല എന്ന് നമുക്ക് ഉറപ്പിക്കാമല്ലോ... അപ്പോൾ പിന്നെ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ രാജേഷ് തന്നെ ആയല്ലേ പറ്റൂ... "
അലക്സി :" ജോൺ... താങ്കൾ ഒന്നുകൂടി സൂക്ഷ്മതയോടെ അനലൈസ് ചെയ്‌താൽ കുറച്ചു വസ്തുതകൾ കൂടി വ്യക്തമാകും. അയാൾ അവരെ കൊല്ലാൻ തീരുമാനിച്ചു എന്നിരിക്കട്ടെ,  എന്ത് കൊണ്ട് തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിൽ കൊണ്ട് വന്ന് കൊല്ലണം ?? ഇനി അങ്ങനെ ആണെങ്കിൽ കൂടി സ്വന്തം വീട്ടിൽ വെച്ച് കുറച്ചു കൂടി എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതല്ലേയുള്ളൂ.. ?? അല്ല എന്നിരിക്കട്ടെ പിറ്റേന്ന് ബോട്ട് യാത്രക്കിടയിൽ ഒന്നു പിടിച്ചു തള്ളിയാൽ പോരെ മൂന്ന് പേരെയും ഇതിനേക്കാൾ എളുപ്പത്തിൽ തന്നെ വധിക്കാൻ കഴിയും.. ശരി അതെല്ലാം പോട്ടെ,  ഇനി അയാൾ തന്നെയാണ് വിഷം കൊടുത്തത് എന്നിരിക്കട്ടെ,  എത്ര വലിയ കൊലപാതകി ആയാൽ കൂടി 3 പേരെ വധിച്ചിട്ട് അതും തന്റെ ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ള 3 പേരെ വധിച്ചിട്ട് തൊട്ടടുത്ത് അയാൾ കിടന്നുറങ്ങുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ ?? താങ്കളാണ് അങ്ങനൊരു ഹീന കൃത്യം ചെയ്തതെങ്കിൽ താങ്കൾക്ക് ശവശരീരങ്ങളുടെ അടുത്ത് കിടന്നുറങ്ങാൻ സാധിക്കുമോ ?? ഒന്നാലോചിച്ചു നോക്കൂ.. "

 

" അപ്പോൾ അയാൾ അവരെ കൊന്നില്ല എങ്കിൽ പിന്നെ മറ്റാര് ?? അതും റൂമിൽ ഒരു കുഞ്ഞു പോലും കടന്നിട്ടില്ല എന്നിരിക്കെ... ?? "
അലക്സി :" അവിടെയാണ് നമ്മൾ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടു പിടിക്കേണ്ടത്..  രണ്ടേ  രണ്ടു സാധ്യത മാത്രമേ അവശേഷിക്കുന്നുള്ളൂ... 
ഒന്ന്..... മറ്റൊരു കൊലപാതകി... അതിവിദഗ്ധമായി അയാളുടെ സാന്നിധ്യം  ഇല്ലാതെ തന്നെ അവരെ വധിച്ചു.. " 
ഞാൻ ആകാംക്ഷയോടെ ചോദിച്ചു :"രണ്ട് ??
"രണ്ട്... ഇറ്റ്സ് ദി കേസ് ഓഫ് ഏ മാസ്സ് സൂയിസൈഡ്.. ഓട്ടോപ്സി റിപ്പോർട്ട് വായിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ കാര്യം എന്താണെന്നു വെച്ചാൽ  മരിച്ച മൂന്ന് ശവശരീരങ്ങളിലും ഏതെങ്കിലും രീതിയിൽ  ആക്രമിക്കപ്പെട്ട പാടുകളോ അടയാളങ്ങളോ ഒന്നും തന്നെ കണ്ടെത്താൻ ഫോറൻസിക് ലാബിന് സാധിച്ചിട്ടില്ല. അതിനാൽ അവരെ ആക്രമിച്ചോ  ബലപ്രയോഗത്തിലൂടെയോ വിഷം നൽകി എന്ന് 99 ശതമാനവും  പറയാൻ സാധിക്കില്ല. അങ്ങനെയാണെങ്കിൽ അവർ ആ മുറിയിൽ ഉപയോഗിച്ചിരുന്ന സാധനങ്ങളിലേക്ക് നമ്മുടെ നോട്ടം പതിയേണ്ടിയിരിക്കുന്നു മിസ്റ്റർ ജോൺ.. "
"മുറിയിൽ ഉണ്ടായിരുന്ന  വസ്തുക്കളുടെ ലിസ്റ്റ് താങ്കൾ പരിശോധിക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു. അതെന്തൊക്കെയാണ് എന്ന് താങ്കൾക്ക് ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടോ അലക്സി ??"
അലക്സി :" ആ ലിസ്റ്റിലെ എല്ലാ വസ്തുക്കളും നമ്മൾ ഓർത്തെടുക്കേണ്ട കാര്യമില്ല മിസ്റ്റർ ജോൺ. 10 ml വിഷം അവരുടെ മൂന്നുപേരുടെയും ആമാശയത്തിൽ എത്തിക്കാൻ പോന്ന ഒരു വസ്തു മാത്രമേ നമ്മൾ ഓർത്ത് എടുക്കേണ്ടതുള്ളൂ.. "
" അങ്ങനെ എന്തെങ്കിലും താങ്കളുടെ ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ടോ അലക്സി ??"
അലക്സി ചിരിച്ചു... ഒന്ന് എഴുന്നേറ്റു നിന്റെ നിന്നിട്ട് മൂരി നിവർന്നു.  അതിന് ശേഷം വീണ്ടും സീറ്റിലേക്ക് ഇരുന്നിട്ട് എന്റെ ചെവിയിൽ മന്ത്രിച്ചു..  
അതേ മിസ്റ്റർ ജോൺ... ആ ലിസ്റ്റിൽ ഒരേയൊരാൾക്ക് മാത്രമേ വില്ലൻ ആകാൻ സാധിക്കുമായിരുന്നുള്ളു... അതാണെങ്കിൽ വെറുമൊരു ടൂത്ത് പേസ്റ്റ് ആയിരുന്നു. ക്ളോസപ്പ് ടൂത്ത് പേസ്റ്റ്.. "
ഞാൻ ചിന്തിച്ചു... ശരിയാണ്.. ഉറങ്ങുന്നതിനു മുൻപ്  അവർ മൂന്ന് പേരും ആ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചു.. അയാൾ ഒരു പക്ഷേ മനപ്പൂർവം തേക്കാത്തതാകാം അല്ലെങ്കിൽ അയാൾക്ക്‌ രാത്രിയിൽ  അങ്ങനൊരു ശീലം ഇല്ലാത്തതാകാം.. അയാൾ തേച്ചില്ല.... 
"പക്ഷേ അലക്സി ആ പേസ്റ്റിൽ വിഷം ഉണ്ടെന്നിരിക്കട്ടെ, ഒരുപക്ഷേ അവർ ബ്രഷ് ചെയ്‌താൽ തന്നെ അതെങ്ങനെ വയറ്റിൽ പോകും ?? കൊച്ചു കുട്ടികൾ ആണെങ്കിൽ പേസ്റ്റ് തിന്നും എന്ന് വിശ്വസിക്കാം... ഇത് പക്ഷേ... ??"
അലക്സി : " അങ്ങനല്ല ജോൺ... നമ്മൾ ഓരോ തവണയും  പേസ്റ്റ് കൊണ്ട് ബ്രഷ് ചെയ്യുമ്പോൾ വായിലടങ്ങിയിരിക്കുന്ന ഉമിനീരിൽ ഇത് കലരുകയും, അന്നനാളത്തിലേക്ക്  ഉമിനീരിനൊപ്പം ഒരു 3 ml മുതൽ 5 ml വരെ ഓരോ തവണയും നമ്മുടെ ആമാശയത്തിൽ എത്താറുണ്ട്. ഓരോ ദിവസവും സലൈവറി ഗ്ലാൻഡ് നിർമിക്കുന്ന ഉമിനീര് ഒന്ന് മുതൽ രണ്ടു ലിറ്റർ വരെയാണെന്ന് താങ്കൾക്ക് അറിയാവുന്നതല്ലേ...  എങ്ങനെ നോക്കിയാലും ബ്രഷ് ചെയ്തു കഴിയുമ്പോഴേക്കും അവരുടെ ആമാശയത്തിൽ ഏറ്റവും കുറഞ്ഞത് 100 ml വിഷമെങ്കിലും എത്തിയിരിക്കും എന്ന് നമുക്ക് അനുമാനിക്കാം... സാധ്യത എന്നെ നമുക്ക് പറയാൻ പറ്റൂ... ഉറപ്പിക്കണമെങ്കിൽ ആ പേസ്റ്റ് വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയേ പറ്റൂ.. അതിലുള്ള ഏർപ്പാടുകൾ സ്റ്റേഷനിൽ വെച്ചു തന്നെ ചെയ്തു കഴിഞ്ഞു.. റിസൾട്ട് ഉടൻ തന്നെ വാട്സാപ്പിൽ അയച്ചു തരാം എന്നവർ ഉറപ്പും നൽകിയിട്ടുണ്ട്... " 
ഞാൻ ശരിക്കും ചിന്തിക്കുകയായിരുന്നു.. 
"  അപ്പോൾ കൊലപാതകം എന്നത് നമുക്ക് ഉറപ്പിക്കാൻ സാധിക്കുമല്ലോ അലക്സി... ?? ആത്മഹത്യ എന്ന രണ്ടാമത്തെ ഓപ്ഷൻ വിടാമല്ലോ... ?"
അലക്സി : " ഇല്ല ജോൺ രണ്ടിനും ഇപ്പോഴും സാധ്യതയുണ്ട്... ഉറപ്പിക്കാൻ നമുക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട് എന്നതിനാൽ ഞാൻ ഇപ്പോൾ ഒരു അഭിപ്രായം പറയുന്നത് അഭികാമ്യമല്ലെന്ന് കരുതുന്നു.. "
കുറച്ചു സമയം വിരസമായി കടന്നു പോയി വൈകുന്നേരം ഞങ്ങൾ കോട്ടയം ബസ്റ്റാന്റിൽ എത്തുമ്പോഴേക്കും ഏകദേശം  അഞ്ചര കഴിഞ്ഞിരുന്നു. ഞങ്ങൾ നേരെ അലക്സിയുടെ  ഓഫിസിലേക്ക് പോയി. അവിടെ ആകെയുള്ള ഒരു സ്റ്റാഫ്‌ റൂമിന്റെ താക്കോൽ അലക്സിക്ക് കൈമാറിയ ശേഷം വീട്ടിലേക്കു മടങ്ങി.. അലക്സി വാട്സപ്പ് എടുത്തു എനിക്ക് നേരെ നീട്ടി.. അതിൽ ഒരു പിഡിഎഫ് ഫയൽ അറ്റാച്ച് ചെയ്തിരുന്നു. ഞാൻ അത് ഓപ്പൺ ചെയ്തു നോക്കി. അതേ... അലക്സിയുടെ കണ്ടുപിടിത്തം പൂർണമായും ശരിയാണ്. ആ ടൂത്ത് പേസ്റ്റിൽ നിന്നും പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ അവരുടെ വയറിൽ നിന്നും ലഭിച്ച അതേ വിഷം മാരകമായ അളവിൽ  കണ്ടെത്തിയിരിക്കുന്നു.  
ഞാൻ അഭിമാനത്തോടെ അലക്സിയെ നോക്കി... 
"താങ്കൾ നടത്തിയ ചെറിയൊരനുമാനം പോലും ടെസ്റ്റ്‌ നടത്തിയപ്പോൾ സത്യമായി.. ശരിക്കും താങ്കളെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു സുഹൃത്തേ "
അലക്സി :" ഹഹ ഇതൊന്നും അത്ര വലിയ കണ്ടു പിടുത്തങ്ങൾ ആണെന്ന് എനിക്ക് തോന്നുന്നില്ല സുഹൃത്തേ... പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം വിട്ടുപോയി.. റിസോർട്ടിലെ മുറിയിൽ പുറത്ത് നിന്നും ആരും വന്നിട്ടില്ല എന്നു മാത്രമേ നമുക്ക് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ, പിന്നെ മരണകാരണം എന്താണെന്നും... കൊലപാതകമാണോ ആത്മഹത്യയാണോ എന്നൊന്നും ഒരു കാരണവശാലും നമുക്ക് ഇപ്പോൾ ഉറപ്പിക്കാൻ സാധ്യമല്ല. എങ്കിലും ആത്മഹത്യക്ക് സാധ്യത തീരെ കുറവാണ് എന്നാണ് ഞാൻ കരുതുന്നത്.. ശരി എന്ത് തന്നെ ആയാലും നമ്മൾ നാളെ തിരുവനന്തപുരത്തെ അവരുടെ വീട് ഒന്ന് സന്ദർശിക്കുന്നു.... ഈ കേസിൽ നാളെ നമുക്കൊരു തീർപ്പിൽ എത്തിച്ചേരാൻ സാധിക്കും എന്ന് കരുതാം മിസ്റ്റർ ജോൺ.... "
" അലക്സി,  ആലപ്പുഴ വരെ പോയിട്ടും പോലീസ് കസ്റ്റഡിയിൽ രാജേഷ് ഉണ്ടായിട്ടും താങ്കൾ എന്ത് കൊണ്ടാണ് അയാളെ ചോദ്യം ചെയ്യാതിരുന്നത് ??"
അലക്സി :"അതിന് വ്യക്തമായ കാരണമുണ്ട് ജോൺ... അയാളുടെ മൊഴി നമുക്ക് ഏറ്റവും ഒടുവിൽ മാത്രം ലഭിക്കുന്നതാണ് കേസിന്റെ മുന്നോട്ടുള്ള ഗതിക്ക് വളരെ നല്ലത്. ഇപ്പോൾ അയാൾക്ക്‌ പറയാനുള്ള കാര്യങ്ങൾ വളരെ കുറച്ചേ ഉണ്ടാകൂ എന്നത് സ്പഷ്ടമാണ്. അയാൾ അല്ല ഈ കൊലപാതകങ്ങൾക്ക് പിന്നിൽ എന്നും മറ്റൊരാളെ അയാൾ റൂമിൽ വെച്ചു കണ്ടു എന്നതൊഴിച്ചാൽ പുതുമയുള്ള മറ്റൊന്നും തന്നെ അയാൾക്ക് പറയാനുണ്ടാകില്ല എന്നിരിക്കെ അയാളെ ഇപ്പോൾ ചോദ്യം ചെയ്യുന്നത് നമുക്ക് സമയനഷ്ടം വരുത്താൻ വേണ്ടി മാത്രമേ ഉപകരിക്കൂ.. "

 

പിറ്റേന്ന് തിരുവനന്തപുരത്തേക്ക് ഞങ്ങൾ യാത്ര തിരിച്ചു.. കോട്ടയത്ത്‌ നിന്നും സൂപ്പർ ഫാസ്റ്റ് ബസിൽ കയറിയിട്ടു കൂടി ഏകദേശം 5  മണിക്കൂർ എടുത്തു തമ്പാനൂർ  സ്റ്റാൻഡിൽ എത്താൻ. ഒരു ഹോട്ടലിൽ നിന്നും ഊണ് കഴിച്ച ശേഷം ഏകദേശം 12. 40 നു ഞങ്ങൾ പാപ്പനംകോടുള്ള രാജേഷിന്റെ വീട്ടിലേക്കു തിരിച്ചു. സ്റ്റോപ്പിന് മുന്നിലുള്ള കടയിൽ ചോദിച്ചപ്പോൾ പെട്ടെന്ന് തന്നെ ആ മേൽവിലാസം കടക്കാരന് മനസ്സിലായി... ഒരുപക്ഷെ മരണം നടന്ന വീട് ആയത് കൊണ്ടാകണം..  രണ്ടു വളവുകൾക്ക് അപ്പുറം വരുന്ന രണ്ട് നിലയുള്ള വീടാണെന്നും റോഡിന്റെ ഇടതു വശം ചേർന്ന് തന്നെയാണ് വീടെന്നും മതിലിൽ ചേർന്ന് കറുത്തകൊടി കെട്ടിയിട്ടുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.. ഞങ്ങളുടേതിൽ നിന്നും വ്യത്യസ്തമായ സംഭാഷണ ശൈലി ആയിരുന്നു  അയാൾക്ക്‌.. 
അലക്സി അയാളോട് സിഗരറ്റ് ആവശ്യപ്പെട്ടതിനാൽ അയാൾ അകത്തേക്ക് കയറി സിഗരറ്റ് എടുക്കുന്ന ജോലികളിൽ വ്യാപൃതനായി. 
അലക്സി: " ഈ മരണങ്ങൾ നടന്നത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ ?? ആൾക്കാർ ഒക്കെ എന്താണ് പറയുന്നത് ??"
കടക്കാരൻ സിഗരറ്റ് നീട്ടി കൊണ്ട് : " ഓ എന്തര് പറയാനാണ്...  നല്ലോരു കുടുംബം ആയിരുന്ന്... അവരങ് പോയി... അത്രന്ന... ആ എളേത് ഒണ്ടല്ലോ ഇതിലേക്കുടെയാണ് സൈക്കിളും ഓടിച്ചു രാവിലേ സ്‌കൂളിലേക്കും മറ്റും പോണത്.. "
ഇത്രയും പറഞ്ഞിട്ട് അയാൾ രഹസ്യമായി അലക്സിയുടെ ചെവിയിൽ വന്ന് രഹസ്യമായി പറഞ്ഞു " ആത്മഹത്യേന്നാണ് എല്ലാരും പറേണത്. പക്ഷേ പോലീസൊണ്ടല്ലോ നല്ല അനേഷണങ്ങളാണ് നടത്തണത് കേട്ടാ... പത്രത്തില് ഓരോ ദിവസം ഓരോ കഥകളല്ലേ അടിച്ചു വരണത് നമ്മക്കന്തര് പറയാൻ പറ്റും... അല്ല നിങ്ങള് എവിടന്നാന്നാ പറഞ്ഞെ ?? "
അലക്സി സിഗരറ്റ് കത്തിച്ചു കൊണ്ട് : " ഞങ്ങൾ കോട്ടയത്ത്‌ നിന്നാണ്.. പിന്നെ ശരി ചേട്ടാ.. കാണാം... "
അയാൾ അന്തം വിട്ടു ഞങ്ങളെ നോക്കി നിൽക്കെ ഞങ്ങൾ നടന്നു തുടങ്ങി.. അയാൾ പറഞ്ഞ അടയാളങ്ങൾ വെച്ച് രണ്ടു മിനിറ്റിനുള്ളിൽ ഞങ്ങൾ ആ വീട് കണ്ടുപിടിച്ചു. ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു.. ഞങ്ങൾ അകത്തേക്ക് കയറി ബെൽ അടിച്ചു.. ഒരു മിനിറ്റ് ഞങ്ങൾ പുറത്ത് നിന്നു കാണണം.. ഒരു വൃദ്ധൻ പുറത്തേക്കു വന്നു.. 
" ആരാ മനസ്സിലായില്ലല്ലോ.. "
അലക്സി :" ഞങ്ങൾ ഒത്തിരി ദൂരെ നിന്നാണ്.. ഇവിടെ മറ്റാരും ഇല്ലേ ??"
അയാൾ കേൾക്കാത്ത മട്ടിൽ ചെവി കൂർപ്പിച്ചു.. അലക്സി വീണ്ടും ഉച്ചത്തിൽ ആവർത്തിച്ചു.. 
അയാൾ യാന്ത്രികമായി അകത്തേക്ക് തിരിഞ്ഞു.. സുമുഖനും ചെറുപ്പക്കാരനായ ഒരാൾ വന്നു. അയാൾ ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.. 
ഞാൻ കാര്യങ്ങൾ വിവരിച്ചു.. അയാൾ ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. രാജേഷിന്റെ സഹോദരൻ ആയിരുന്നു അത്. അയാളുടെ പേര് രതീഷ് ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ ആണ് ജോലി. രാജേഷിനെയും രതീഷിന്റെയും അച്ഛനാണ് ആദ്യം വന്നത് എന്ന് എനിക്ക് പിന്നീട് മനസ്സിലായി. അവരുടെ ഫാമിലി അംഗങ്ങൾ കുറച്ചു പേര് ആ വീട്ടിൽ ഉണ്ടായിരുന്നു. രതീഷ് ഞങ്ങളെ ഓരോ റൂമുകളായി പരിചയപ്പെടുത്തി. അങ്ങനെ രാജേഷിന്റെ ബെഡ് റൂമിലും എത്തിച്ചേർന്നു.. ചുവരിൽ അവരുടെ കല്യാണ ഫോട്ടോ തൂക്കിയിട്ടിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അയാളേക്കാൾ സുന്ദരിയായിരുന്നു അയാളുടെ മരിച്ചു പോയ ഭാര്യ. അവരുടെ  പേര് ലത എന്നായിരുന്നു. ഞങ്ങൾ അവരുടെ വിവരങ്ങൾ മനസ്സിലാക്കാൻ വേണ്ടി ആ റൂം വിശദമായി തന്നെ പരിശോധിച്ചു. രതീഷിനെ പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും  അലക്സി നിരീക്ഷണം തുടർന്നു കൊണ്ടേയിരുന്നു. അവരുടെ പേഴ്സണൽ കമ്പ്യൂട്ടർ ആൽബം അലമാരിക്കുള്ളിലെ അറകൾ തുടങ്ങി എല്ലായിടവും അലക്സി സൂക്ഷ്മമായി നിരീക്ഷിച്ചു. അര മണിക്കൂർ കഴിഞ്ഞു അലക്സി പുറത്തിറങ്ങി രതീഷിനോട് എന്തൊക്കെയോ രഹസ്യമായി ചോദിച്ചു മനസ്സിലാക്കുന്നത് കണ്ടു. പിന്നെ അടുക്കളയിലും സ്റ്റോർ റൂമിലും വിശദ പരിശോധന തന്നെ നടത്തി.. ഒടുവിൽ രതീഷിന്റെ നമ്പർ വാങ്ങി ഫോണിൽ ഫീഡ് ചെയ്ത ശേഷം ഞങ്ങൾ അവിടെ നിന്നും തിരിച്ചു. തമ്പാനൂരിൽ നിന്നും ഞങ്ങൾ മ്യൂസിയത്തിലേക്ക് പോയി. അവിടെ പ്രണയാതുരമായ കുറേ കമിതാക്കൾ ഇരിക്കുന്നുണ്ട്.. അവരിൽ നിന്നെല്ലാം മാറി ഒറ്റപ്പെട്ട ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു. 
ഞാൻ ചോദിച്ചു... "താങ്കൾക്ക് എന്തെല്ലാം കാര്യങ്ങളാണ് വീട്ടിൽ നിന്നും മനസിലാക്കാൻ സാധിച്ചത് എന്ന് വ്യക്തമാക്കിക്കൂടെ ?? " 
അലക്സി :" യസ് മിസ്റ്റർ ജോൺ.. അതി മനോഹരമായി നടപ്പിലാക്കിയ 3 കൊലപാതകങ്ങൾക്ക് ഉത്തരം തേടി നടക്കുന്ന രണ്ട് പേർ.. ഹഹ... ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ... ഇതാണ് ഇപ്പോഴത്തെ നമ്മുടെ അവസ്ഥ. നമുക്ക് കാര്യങ്ങൾ കുറച്ചു വ്യക്തമാക്കി നോക്കാം.. ആ റൂമിലെ അലമാരയിൽ  34 പുതിയ ചുരിദാറുകളും രണ്ടു ജോഡി സാരികളും കണ്ടാൽ താങ്കൾക്ക് എന്തെല്ലാം മനസിലാക്കാൻ സാധിക്കും ?? "
" അവർ സ്ഥിരമായി ചുരിദാർ ഉപയോഗിക്കുന്ന വ്യക്തിയാണ് വല്ലപ്പോഴും മാത്രം സാരി ഉപയോഗിക്കുകയും ചെയ്യും.. എന്നല്ലേ... ? " 
അലക്സി : " വളരെ ശരിയാണ് മിസ്റ്റർ ജോൺ.. എന്റെ അഭിപ്രായത്തിൽ കുറച്ചു കാര്യങ്ങൾ കൂടി പറയാൻ സാധിക്കും.. അവർ അല്പം ആർഭാടത്തിൽ അല്പം താല്പര്യമുള്ള സ്ത്രീയാണ്‌.. എല്ലാ ചുരിദാറുകളിലും നല്ല എംബ്രോയ്‌ഡറിയും ചെയ്തിട്ടുണ്ട് മാത്രമല്ല മിക്കവയും കല്ല് വെച്ചിട്ടുള്ളതുമാണ്.. അതിന്റെ വിലയിലേക്ക് ആണ് ഞാൻ വിരൽ ചൂണ്ടുന്നത്. മരിച്ച സമയം അവരുടെ ശരീരത്തിൽ നിന്നും ഏകദേശം 20 പവന്റെ സ്വർണ്ണാഭരണങ്ങൾ ലഭിച്ചിരുന്നു. അത് കൂടാതെ ഡയമണ്ട് മാലയും ഒരെണ്ണം ഉണ്ടായിരുന്നു. താങ്കൾ അവരുടെ വിവാഹ ഫോട്ടോ ശ്രദ്ധിച്ചു കാണുമെന്നു ഞാൻ കരുതുന്നു.. രാജേഷിനേക്കാൾ എന്ത് കൊണ്ടും ഭംഗി കൂടുതൽ ലതക്ക് ആയിരുന്നു. പിന്നെ കുട്ടികളോട് കൂടി നിൽക്കുന്ന അവരുടെ മറ്റൊരു ഫാമിലി ഫോട്ടോയും അവിടെ നമ്മൾ കണ്ടതാണ്. അതിൽ  അവരുടെ മുഖത്ത് മാത്രം ലവലേശം സന്തോഷം കാണാൻ സാധിച്ചില്ല എന്നതാണ് എനിക്ക് മനസിലായ കാര്യം. ആദ്യത്തെ ഫോട്ടോയും ഇപ്പോൾ പറഞ്ഞ ഫോട്ടോയും തമ്മിൽ 18 നു മേലെ വർഷത്തെ വ്യത്യാസമുണ്ടെന്ന് ഞാൻ മനസിലാക്കി. അതായത് അവർക്ക് ഇപ്പോൾ രാജേഷിനോടൊപ്പമുള്ള ജീവിതത്തിൽ ലവലേശം താല്പര്യം ഇല്ലാത്തതു പോലെയാണ് അവരുടെ  മുഖത്തെ എക്സ്പ്രഷൻ.. 
" പക്ഷേ ഇതൊന്നും നമ്മുടെ ഈ കേസിനെ പ്രത്യക്ഷമായി  ബാധിക്കുന്ന കാര്യങ്ങൾ അല്ല താനും.. "
"അല്ല അലക്സി ഇതൊരു ആത്മഹത്യയല്ല എന്ന് താങ്കൾ ഉറപ്പിച്ചതെങ്ങനെ എന്ന് വ്യക്തമാക്കിയില്ല "
അലക്സി : "ഈ കേസ് വളരെ കോമ്പ്ലിക്കേറ്റഡ് എന്ന് നമ്മൾ ചിന്തിച്ചു തുടങ്ങിയ സ്ഥലമാണ് നമ്മളെ വഴി തെറ്റിച്ചത്.. ആദ്യ ദിവസം തന്നെ ഇതിനൊരു തീർപ്പ് കല്പിക്കുവാൻ സാധിക്കുമായിരുന്നു എങ്കിലും ഞാൻ എന്തോ അതി ബുദ്ധിമാനായ ഒരു കൊലയാളിയെ പ്രതീക്ഷിച്ചു വേണ്ടാത്ത രീതികളിൽ ചിന്തിച്ചു കൂട്ടി, സ്വയം വഴി തെറ്റി സഞ്ചരിക്കുകയായിരുന്നു.. . കഴിഞ്ഞ ദിവസം വരെ നമ്മൾ കണ്ടെത്തിയ കാര്യങ്ങൾ എല്ലാം കിറു കൃത്യം തന്നെ ആയിരുന്നു. പക്ഷേ ലതയുടെ ഫോണിൽ കണ്ട രാജേഷിന്റെ ബൈ എന്ന മെസ്സേജിനെ കുറിച്ച് ആദ്യമേ തന്നെ വിട്ടു പോയതാണ് ഈ കേസിന്റെ ടേണിങ് പോയിന്റ്. അടുത്ത് കിടക്കുന്ന ഭർത്താവ് അവർക്ക് ബൈ എന്നൊരു മെസ്സേജ് അയക്കേണ്ട കാര്യമുണ്ടോ എന്ന് താങ്കൾ ഒന്ന് കൂടി ചിന്തിച്ചു നോക്കൂ.. ഇനി ഈ കേസിലെ മിസ്റ്ററി എന്ന് പറയുന്നത് ഈ ടെക്സ്റ്റ്‌ അവർ വായിച്ചിരുന്നില്ല എന്നതാണ്. അൺറീഡ് ആയ ഒരു ടെക്സ്റ്റ്‌ മെസ്സേജ്. രാത്രി  11. 35 നാണ് അവർ മരിച്ചതായി  സമയം ഓട്ടോപ്സി റിപ്പോർട്ടിൽ കൊടുത്തിരിക്കുന്നത്. ഓട്ടോപ്സിയിലെ സമയം ചെറുതായി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറാൻ സാധ്യതയുണ്ട്. അവർക്ക് ഒരിക്കലും മരണ സമയം കൃത്യമായി നൽകാൻ സാധിക്കില്ല. ഏതാണ്ട് ഒട്ടുമിക്ക  കേസുകളിലും ഈ ഒരു പ്രശ്നം നമുക്ക് കാണാൻ സാധിക്കും... പക്ഷേ ഈ മെസ്സേജ് അവർക്ക് ഡെലിവറായിരിക്കുന്ന സമയവും 11. 35 തന്നെയാണ് എന്നത് തികച്ചും ആശ്ചര്യ ജനകം തന്നെയാണ്. അതായത് ഈ മെസ്സേജ് വായിക്കുന്നതിനു മുൻപേ തന്നെ  അവർ മരിച്ചു കഴിഞ്ഞിരുന്നു എന്ന് നമുക്ക് അനുമാനിക്കാം. മാക്സിമം ഒരു മിനിട്ടിന് മുൻപേ... "
" അതെങ്ങനെ കൃത്യമായി പറയാൻ സാധിക്കും അലക്സീ ??"
അലക്സി :" സാധിക്കും ജോൺ.. ഒരു ബൈ എന്ന ടെക്സ്റ്റ്‌  മെസ്സേജ് മാത്രം ഒരാൾ രാത്രി പതിനൊന്നരക്ക് താങ്കൾക്ക് വാട്സാപ്പ്  ചെയ്യുമോ ?? താങ്കൾ തന്നെ ചിന്തിക്കൂ.. "

 

" ശരിയാണ് "

 

അലക്സി: " അതിനർത്ഥം അയാളുമായി  ചാറ്റ് ചെയ്തു കൊണ്ടിരുന്നതിലെ അവസാന മെസ്സേജ് ആണ് bii എന്നല്ലേ ??  അങ്ങനെയാണെങ്കിൽ അവർ അതുവരെയുണ്ടായിരുന്ന ചാറ്റ് എന്ത് കൊണ്ടാണ് ഡിലീറ്റ് ചെയ്തത് ?? അതും അയച്ച ആൾ തൊട്ടടുത്തുള്ളപ്പോൾ ?? അവസാന മെസ്സേജ് മാത്രം അവർക്ക് ഡിലീറ്റ് ചെയ്യാൻ സാധിച്ചില്ല, കാരണം അവർ അപ്പോഴേക്കും ഈ ലോകം വിട്ടു പോയിരുന്നു. "
" ഇപ്പോൾ മനസ്സിലായി അലക്സി.. തൊട്ടടുത്തുള്ള ഭർത്താവിനോട് ആയിരുന്നില്ല അവർ ചാറ്റ് ചെയ്തിരുന്നത്.. രാജേഷ് എന്ന പേരിൽ ഉള്ള മറ്റൊരു കോണ്ടാക്റ്റിൽ ആയിരുന്നു അവർ ചാറ്റ് ചെയ്തിരുന്നത്.. ഒരു പക്ഷേ അവരുടെ കാമുകൻ ആകാൻ കൂടി സാധ്യതയുണ്ട്..അവരുടെ  ഓഫീസിലെ കൂട്ടുകാർ ആരോടാണ് സ്ഥിരം ചാറ്റ് ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ അവരെ കാണിക്കാൻ വേണ്ടിയാകണം അവർ അയാളുടെ കൊണ്ടാക്റ്റ് നെയിം മാറ്റി രാജേഷ് എന്നിട്ടത് ചിലപ്പോൾ ആർക്കും സംശയം തോന്നാതിരിക്കാൻ രാജേഷ് ഹസ് എന്നോ മറ്റൊ കൂടി അവർ പേര് സേവ് ചെയ്തിരിക്കാം. "
അലക്സി : "എക്സലന്റ് മിസ്റ്റർ ജോൺ താങ്കൾ മികച്ച കണ്ടു പിടിത്തങ്ങൾ നടത്തുന്നു. ഒരു കാര്യം കൂടി... ഭാര്യയുമായി അകൽച്ച ഉണ്ടെങ്കിൽ ഒരിക്കലൂം ഭർത്താവിന് അവരുടെ മൊബൈൽ പരിശോധിക്കാൻ അവസരം കിട്ടിയിരിക്കില്ല. ചിലപ്പോൾ അയാൾക്ക്‌ അവരെ സംശയിക്കാൻ അവസരം കൂടി കിട്ടികാണില്ല.  പൊലീസ് കാണിച്ച മണ്ടത്തരം എന്താണെന്ന് വെച്ചാൽ  കോൺടാക്ട് നെയിം നോക്കി അവർ രാജേഷിനെ തന്നെ സംശയിച്ചു എന്നതാണ്. മാത്രമല്ല അവർ അതേ ഇൻഫർമേഷൻ നമുക്കും പാസ്സ് ചെയ്തു.. ഇങ്ങനൊരു സാധ്യത നമ്മൾ അന്നേ ചിന്തിച്ചില്ല എന്നത് നമ്മുടെ ഭാഗത്തെ തെറ്റ് തന്നെയാണ്.. 
അപ്പോൾ കാര്യങ്ങൾ ഇത്രയും വ്യക്തമായ സ്ഥിതിക്ക് ആ നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ ജോൺ ഈ കേസിന്റെ ചുരുളഴിയാൻ.. കൊലപാതകം നടന്ന സ്ഥലത്ത് അയാളുടെ പ്രസൻസ് ഇല്ലായിരുന്നത് കൊണ്ടാണ് നമുക്ക് അയാളെ കുറിച്ച് ഒരു ഹിന്റും കിട്ടാതെ പോയത്. അന്നേ ഈ കാര്യം നമ്മൾ ചിന്തിച്ചിരുന്നു എങ്കിൽക്കൂടി എത്രയും പെട്ടെന്ന് ഇതിനൊരു അവസാനം ഉണ്ടായേനെ.. "
"അലക്സി അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാൾ എന്തിനായിരിക്കും ഇവരെ കൊല്ലാൻ പ്ലാൻ ചെയ്തത് ??"
അലക്സി :  " അതിനുത്തരം തരേണ്ടത് മറ്റാരുമല്ല സാക്ഷാൽ കൊലപാതകി തന്നെയാണ്. മിക്കവാറും മറ്റൊരു അവിഹിത കഥ തന്നെയായിരിക്കും എന്ന് നമുക്ക് അനുമാനിക്കാം. പക്ഷേ എനിക്ക് അറിയേണ്ടത് അയാൾ എങ്ങനെ ഇത് എക്സിക്യൂട്ട് ചെയ്തു എന്നതാണ്.. 
നമുക്ക് ആദ്യം ആലപ്പുഴ എസ് ഐ യെ കോൺടാക്ട് ചെയ്യാം പിന്നീട് സൈബർ സെല്ലുമായി ബന്ധപ്പെട്ട് അയാളെ ട്രെയ്‌സ് ചെയ്യാം... ഇപ്പോഴും അയാളുടെ പേരോ നാളോ മറ്റൊന്നും നമുക്ക് അറിയില്ല എന്നത് തികച്ചും രസകരം തന്നെ ജോൺ.. താൻ ഇനി എന്തായാലും പിടിക്കപ്പെടില്ല എന്ന ധൈര്യത്തിൽ അയാൾ ഈ സിറ്റിയിൽ തന്നെ  എവിടെയോ ഉണ്ടാകണം.. പിടിക്കപ്പെടുമായിരുന്നു എങ്കിൽ മരണം നടന്നു മണിക്കൂറുകൾക്കുള്ളിൽ അയാളെ പോലീസ് അറസ്റ്റ് ചെയ്തേനെ... മൊബൈലിലെ ചാറ്റ് അയാൾക്ക്‌ വിനയായേനെ.. പക്ഷേ ഇത്രയും ദിവസങ്ങൾ കഴിഞ്ഞ സ്ഥിതിക്ക് ഇനി പിടിക്കപ്പെടില്ല എന്ന ധൈര്യം അയാൾക്കുണ്ടാവും.. ഒന്നുകിൽ അയാളുടെ പേര് രാജേഷ് എന്ന് തന്നെയാണ്. അല്ലെങ്കിൽ അയാളുടെ പേര് രാജേഷ് എന്ന് ലത റീനെയിം ചെയ്തതാണ്. ഇതിൽ രണ്ടാമത്തെതിനാണ് സാധ്യത കൂടുതൽ.. എന്നിരുന്നാൽ കൂടി ആദ്യത്തേത് നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല. താങ്കളുടെ മൊബൈലിൽ ഫെയ്‌സ്ബുക്ക് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ ജോൺ ??"
ഞാൻ മൊബൈൽ എടുത്തു ലോക്ക് മാറ്റി അയാൾക്ക്‌ നേരെ നീട്ടി...  അയാൾ ഫെയ്‌സ്ബുക്ക്‌ ഓപ്പൺ ചെയ്തു. മുകളിലെ സേർച്ച്‌ ഓപ്‌ഷനിൽ ലത രാജേഷ് സേർച്ച്‌ ചെയ്തു.  ഒരു 250 ലത രാജേഷ് റിസൾട്ട് കിട്ടി.ഓരോന്നായി അയാൾ പരിശോധിച്ച് നോക്കി, കിട്ടിയില്ല.  വീണ്ടും ലത രാജേഷ് തിരുവനന്തപുരം എന്ന് സെർച്ച് ചെയ്തു.. അപ്പോഴും കുറേ റിസൾട്ടുകൾ വന്നു. അതിലും അവരുടെ അക്കൗണ്ട് കണ്ടെത്താൻ സാധിച്ചില്ല. വീണ്ടും ലത രാജേഷ് പാപ്പനം കോഡ് സേർച്ച്‌ ചെയ്തപ്പോൾ കിട്ടിയ റിസൾട്ടുകളിൽ നിന്നും അയാൾ ഫോട്ടോ നോക്കി ലതയുടെ അക്കൗണ്ട്‌ കണ്ടെത്തി. അവരുടെ ഫ്രണ്ട്സ് ലിസ്റ്റ് എടുത്ത ശേഷം മൊബൈൽ എന്റെ കയ്യിൽ ഏല്പിച്ചിട്ട് പറഞ്ഞു 
" മിസ്റ്റർ ജോൺ.. നമുക്ക് കണ്ടെത്തേണ്ട ആ  വ്യക്തി ഈ 2251 പേരുടെ ലിസ്റ്റിൽ ഉണ്ട്. നമ്മൾ അത് കണ്ടെത്തണം.. "
"  2251 പേരിൽ നിന്നും ഒരാളെ കണ്ടെത്തുക അത്ര നിസാര കാര്യമല്ലല്ലോ അലക്സി.. !  "
അലക്സി : "ശരി താങ്കൾക്ക് മറ്റൊരു ഓപ്ഷൻ കൂടി തരാം.. ലതയുടെ ഫോട്ടോ തന്നെയാണല്ലോ  അവർ പ്രൊഫൈൽ പിക്ച്ചർ ഇട്ടിരിക്കുന്നത് ആ ഫോട്ടോക്ക് എത്ര ലൈക്ക് കിട്ടി എന്ന് പരിശോധിച്ച് നോക്കൂ... "
" ഞാൻ ആവേശത്തോടെ നോക്കി... 75 ലൈക്ക് ഉണ്ട്.. "
അലക്സി : " ശരി അതിൽ ലവ്‌ ഇമോഷൻ  ചെയ്തിരിക്കുന്ന എത്ര പേരുണ്ട് എന്ന് നോക്കൂ... "
എനിക്ക് അയാളെ കണ്ടെത്താൻ ആവേശം കയറി.. അദ്‌ഭുതത്തോടെ ഞാൻ പറഞ്ഞു 10 പേരുണ്ട്..  എന്നിട്ട് മുഖമുയർത്തി അലക്സിയെ നോക്കി.. അയാളുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.  
അലക്സി :" താങ്കൾക്ക് അവരുടെ പഴയ പ്രൊഫൈൽ പിക്ച്ചർ ഇതുപോലെ പരിശോധിക്കാം. അതിലും ലവ്‌ ചെയ്തിരിക്കുന്ന ലിസ്റ്റിൽ ഈ ലിസ്റ്റിലെ പ്രധാന ആൾക്കാർ തന്നെയുണ്ടാകും. നമ്മൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന/ സ്നേഹിക്കുന്ന ആൾക്കാരുടെ ഫോട്ടോ മാത്രമേ നമുക്ക് സ്ഥിരമായി ലവ്‌ ഇമോഷൻ ലൈക്ക് ആയി നൽകാൻ സാധിക്കൂ മിസ്റ്റർ ജോൺ.. അയാൾ ഇവരെ സ്നേഹിച്ചിരുന്ന ഒരാൾ ആണെങ്കിൽ എല്ലാ ഫോട്ടോയിലും ലവ്‌ ഇമോഷൻ ലൈക്ക് ചെയ്തിരിക്കും.. 10 പേർ എന്ന ലിസ്റ്റിൽ ഇപ്പോൾ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോ... ലേഡീസിനെ ഒഴിവാക്കൂ നിങ്ങൾക്ക് ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞു കിട്ടും.. ഞാൻ അപ്പോഴേക്കും ആലപ്പുഴ പോലീസ് സ്റ്റേഷനിൽ കോൺടാക്ട് ചെയ്തു വിവരങ്ങൾ കൈമാറട്ടെ.. മിസ്റ്റർ ജോൺ...  15 മിനിറ്റിൽ നമുക്ക് അയാളെ കിട്ടണം... "
അയാൾ ഫോൺ ചെയ്തു കൊണ്ട് ദൂരേക്ക് നടന്നു.. എന്റെ കണ്ണുകളിൽ ഒരു മാജിക് കണ്ട ഞെട്ടൽ പോലെ എന്തോ ഒന്ന്  അവശേഷിച്ചിരുന്നു... ഞാൻ അദ്ദേഹം പറഞ്ഞത് പോലെ മൂന്നു ഫോട്ടോസ് ചെക്ക് ചെയ്തു നോക്കി. അതിൽ ലവ് മെൻഷൻ ചെയ്തിരുന്ന ആൾക്കാരിൽ കോമൺ ആയി ഒരാളുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഞാൻ അയാളുടെ പ്രൊഫൈൽ എടുത്തു നോക്കി ഡീറ്റെയിൽസ് മനസ്സിലാക്കികൊണ്ടിരുന്നു.. അലക്സി പറഞ്ഞ കാര്യം എത്രത്തോളം വിജയകരമാകും എന്നെനിക്ക്  ഉറപ്പില്ല എങ്കിലും അയാൾ തന്നെയാണ് പ്രതി എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.. പെട്ടെന്ന് അലക്സിയുടെ ഘന ഗാഭീര്യ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടു.. 
"മിസ്റ്റർ ജോൺ... നമ്മുടെ ജോലി ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. പോലീസ് അവർക്ക് പറ്റിയ പിഴവ് തിരുത്തുകയാണ്. സൈബർ സെല്ലിലെ ഹൈടെക്ക് വിംഗിന്റെ ചീഫ് ഇൻ ചാർജ് ഒൺ മിസ്റ്റർ തരകനുമായാണ് ഞാനിപ്പോൾ സംസാരിച്ചത്.. ഒരു മിനിറ്റിനുള്ളിൽ പ്രതിയുടെ വിവരങ്ങൾ വാട്സാപ്പിലൂടെ നമുക്ക് കൈമാറാം എന്നയാൾ വ്യക്തമാക്കിയിട്ടുണ്ട്.. "
പെട്ടെന്ന് അലക്സിയുടെ വാട്സാപ്പിൽ മെസ്സേജ് ഡെലിവർ ആയ ശബ്ദം കേട്ടു.. അയാൾ മൊബൈലിന്റെ ലോക്ക് മാറ്റിക്കൊണ്ട് എന്നോട് ചോദിച്ചു.. 
"അല്ല താങ്കൾ ഫെയ്‌സ്ബുക്കിൽ പരിശോധിച്ച് നോക്കിയിട്ട് എന്തെങ്കിലും അവരുടെ കാമുകനെ പറ്റി എന്തെങ്കിലും വസ്തുതകൾ മനസ്സിലാക്കാൻ സാധിച്ചോ ??"
(അയാൾ മുഖമുയർത്തി എന്നെ നോക്കി )
ഞാൻ അയാളുടെ മൊബൈലിലെ ആക്ടിവിറ്റീസ് ശ്രദ്ധിച്ചു കൊണ്ട് തന്നെ ഞാൻ പറഞ്ഞു 
"താങ്കൾ പറഞ്ഞ രീതിയിൽ ഒരാളുടെ പേര് മാത്രമെ എനിക്ക് കാണാൻ സാധിച്ചുള്ളൂ.. "
അയാൾ അപ്പോഴേക്കും മെസ്സേജ്  ഓപ്പൺ ചെയ്തു ചെയ്തു കഴിഞ്ഞിരുന്നു... 
അയാൾ മൊബൈൽ ഉയർത്തി എന്നെ അതിന്റെ ഡിസ്പ്ലേ  കാണിച്ചു കൊണ്ട് ചോദിച്ചു.. 
" താങ്കൾ ഫെയ്‌സ്ബുക്ക്‌ വഴി കണ്ടെത്തിയ ആളിന്റെ പേര് ഇതാണോ ??"
ഞാൻ അയാളുടെ ഫോണിലെ ഡിസ്പ്ലേയിലേക്ക് സൂക്ഷിച്ചു നോക്കി...
അതിൽ എഴുതിയിരുന്ന പേര് ബെനഡിക്ട്  എന്നായിരുന്നു. ഞാൻ ശരിക്കും ഞെട്ടി.... എന്റെ മൊബൈലിൽ ഒന്ന് കൂടി നോക്കിയിട്ട് അലക്സിയോട് പറഞ്ഞു 
"അലക്സീ രണ്ടിലും ഒരേ പേര് തന്നെയാണ്... എനിക്ക് ശരിക്കും അദ്‌ഭുതം തോന്നുന്നു.. "
അലക്സി പുഞ്ചിരിച്ചു :" അദ്‌ഭുതപ്പെടേണ്ട കാര്യമില്ല ജോൺ. നമ്മൾ ഒരു ഊഹത്തെ പിന്തുടർന്നു, ആ ഊഹം ശരിയായിരുന്നു..താങ്കൾ ഫെയ്‌സ്‌ബുക്കിലെ അയാളുടെ പ്രൊഫൈൽ പരിശോധിച്ച് കാണുമെന്ന് എനിക്കുറപ്പുണ്ട്. താങ്കൾക്ക് മനസ്സിലായ കാര്യങ്ങൾ വിവരിക്കുക... 
" അലക്സീ ഇയാൾ ഒരു മ്യൂസിക്ക് ടീച്ചർ ആണ്. 33 വയസ്സായി... സെന്റ് തോമസ് പള്ളിയിൽ കുട്ടികൾക്ക്  ക്വയർ പറഞ്ഞു കൊടുക്കാറുണ്ട്.. "
അലക്സി : "ശരി അയാളുടെ അക്കൗണ്ട്‌ എനിക്കൊന്നു കാണാൻ സാധിക്കുമോ ജോൺ ?"
" തീർച്ചയായും അലക്സീ... "
ഞാൻ മൊബൈൽ അയാൾക്ക്‌ നേരെ നീട്ടി. അലക്സി ബെനഡിക്ടിന്റെ അക്കൌണ്ട് ഒരു 10 മിനിട്ടോളം പരിശോധിച്ച് നോക്കിയ ശേഷം എന്നെ നോക്കിയിട്ട് പറഞ്ഞു.. 
" നമ്മുടെ ആൾ ഒരു മികച്ച വാഗ്മിയാണ്. അയാളുടെ സ്റ്റാറ്റസ് മെസ്സേജുകൾ വായിച്ചാൽ അയാളുടെ സവിശേഷതകൾ പൂർണമായും  നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. എല്ലാ ഞായറാഴ്ചകളിലും കൃത്യമായി പള്ളിയിൽ പോകാറുള്ള അയാൾക്ക് ഏറ്റവും ഇഷ്ടം വയലിൻ വായിക്കാനാണ്. അപാരമായ കമ്പ്യൂട്ടർ നോളജ് ഉള്ളയാളാണയാൾ.. കുറച്ചു കാലം മുൻപ് വരെ അയാൾ അതി മനോഹരമായി കാർട്ടൂണുകൾ വരക്കുകയും കൂടി ചെയ്തിരുന്നു. പിന്നെ അയാളെ പറ്റി പറയാൻ മറ്റൊരു കാര്യം കൂടിയുണ്ട്... അത് രസതന്ത്രത്തിലും ഭൗതിക ശാസ്ത്രത്തിലും  മാസ്റ്റർ ഡിഗ്രി സ്വന്തമായി ഉള്ളയാൾ കൂടിയാണ് ബെനഡിക്ട്.. എന്ന് പറഞ്ഞാൽ പോരാ അയാൾക്ക്‌ സ്വന്തമായി ഒരു കെമിക്കൽ ലാബ് തന്നെ വീട്ടിലുണ്ട്. ഒരുപക്ഷെ അയാൾ തന്നെ കണ്ടു പിടിച്ച പുതിയൊരു  വിഷക്കൂട്ട് തന്നെയാകാം ഈ മൂന്ന് കൊലപാതകം നടത്താൻ വേണ്ടിയും അയാൾ ഉപയോഗിച്ചത്. പക്ഷേ എന്നെ അദ്‌ഭുതപ്പെടുത്തിയ കാര്യം മറ്റൊന്നുമല്ല സ്ഥിരമായി ഫെയ്‌സ്ബുക്കിൽ ആക്റ്റീവ് ആയിരുന്ന ഈ വ്യക്തി കഴിഞ്ഞ 4 മാസമായി ഫെയ്‌സ്ബുക്ക്‌ ഉപയോഗിക്കുന്നില്ല. അയാൾ അവസാനമായി ഒരു പോസ്റ്റ്‌ ഷെയർ ചെയ്തിരിക്കുന്ന ഡേറ്റ് കഴിഞ്ഞ ഓഗസ്റ്റ് 15 ആണ്. അതും ഒരു ഇൻഡിപെൻഡൻസ് ഡേ വിഷ്.. അതിന് ശേഷം ഇന്ന് വരെയും അയാൾ ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ.. അല്ലെങ്കിൽ പിന്നെ അയാൾ ആക്റ്റീവ് ആയി ഫെയ്സ്ബൂക് ഉപയോഗിക്കുന്നില്ല.. അതായത് ജസ്റ്റ് പോസ്റ്റുകൾ വായിക്കുക മാത്രം ചെയ്യുന്നു.. ഇത് രണ്ടായാലും കഴിഞ്ഞ നാല് മാസങ്ങൾ കൊണ്ട് അയാൾക്ക്‌ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായി എന്ന് വേണം നമ്മൾ മനസ്സിലാക്കാൻ.."
ഞാൻ വാ പൊളിച്ചു നിൽക്കുകയായിരുന്നു.. "അലക്സി ഞാനും താങ്കളും ഫെയ്‌സ്ബുക്ക് പരിശോധിച്ചു.. പക്ഷേ ഞാൻ മനസ്സിലാക്കിയതിലും എത്ര ആഴത്തിലാണ് താങ്കൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നത്... !! ശരിക്കും താങ്കളെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു... "
അയാൾ എന്നെ നോക്കി ചിരിച്ചു.. 
" മിസ്റ്റർ ജോൺ താങ്കൾ പുറമെ കാണുന്ന കാര്യങ്ങൾ മാത്രം അന്വേഷിച്ചു കണ്ടെത്തുന്നു...അതല്ല ചെയ്യേണ്ടുന്നത്... ഉദാഹരണത്തിന് അവസാനമായി അയാൾ ഇട്ടിരിക്കുന്ന സെൽഫി ഓഗസ്റ്റ് 6 ന് ആണ്. അയാൾ അതിൽ ഒരു ടെക്സ്റ്റും എഴുതിയിട്ടില്ല. പക്ഷെ നമ്മൾ സൂക്ഷിച്ചു നോക്കിയാൽ ആ ഫോട്ടോയുടെ പിറകിൽ ഇരുട്ടാണ് എങ്കിൽ കൂടി ജീസസിന്റെ ഒരു പ്രതിമ അവ്യക്തമായി കാണാൻ സാധിക്കും. ജീസസിന്റെ ഫോട്ടോ ആണെങ്കിൽ അയാൾ വീട്ടിലാണ് എന്ന് നമുക്ക് സംശയിക്കാം.. പക്ഷേ പ്രതിമ ഒരിക്കലും വീട്ടിൽ വെക്കാറില്ലല്ലോ... മാത്രമല്ല ഫോട്ടോ ഇട്ട സമയം രാവിലേ 09.10 ആണ്. ആഗസ്റ്റ് 6 ഞായറാഴ്ചയുമാണ്.. എങ്കിൽ പിന്നെ ക്രിസ്ത്യാനിയായ അയാൾ എവിടെയാണ് നിൽക്കുന്നത് എന്നും എന്തിനാണ് അവിടെ പോയത് എന്നും താങ്കൾക്ക് മനസ്സിലാക്കിക്കൂടെ ?? താങ്കൾ തന്നെ പറഞ്ഞു കഴിഞ്ഞു അയാൾ ക്വയർ ചൊല്ലി കൊടുക്കാൻ വേണ്ടി പോകുന്നത് ഏത് പള്ളിയിലേക്കാണെന്ന്.... പിന്നെ ഫെയ്‌സ്ബുക്ക്‌ ഈ കാലത്ത് വലിയൊരു സഹായം ആണ് ജോൺ.. നമ്മളുടെ ഒരു ഫോട്ടോ പോലും നമ്മൾ എവിടെ നിൽക്കുന്നു എന്ത് ചെയ്യുന്നു എന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഇതുപോലെ പകർന്നു നൽകികാറുണ്ട്, അത് മനസ്സിലാക്കാനും ആരെങ്കിലും ഉണ്ടാകും എന്ന് ഓർത്തു കൊള്ളുക....  താങ്കളുടെ ഒബ്‌സർവേഷൻ രീതിയിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ താങ്കൾക്കും ഇതിനേക്കാൾ വേഗതയിൽ മികച്ച കണ്ടുപിടുത്തങ്ങൾ തന്നെ നടത്താം.. "

 

അയാൾ പറഞ്ഞത് വ്യക്തമായി മനസിലായി എങ്കിൽ കൂടി ഞാൻ അത്തരം ഒരു മാറ്റത്തിന് തയാറായിരുന്നില്ല.. നിരീക്ഷണ പാടവം ലവലേശമില്ലാത്ത ആളാണ് ഞാൻ.. എന്നാലും അലക്സിയുടെ കണ്ടുപിടിത്തങ്ങൾക്ക് കുറച്ചു കൂടി ത്രിൽ ഉണ്ട്.. അത് അങ്ങനെ തന്നെ അനുഭവിക്കുന്നതിന്റെ സുഖം മറ്റൊന്നാണ്... ഞാൻ മനസ്സിൽ പറഞ്ഞു...

 

അലക്സി : " ജോൺ... നമുക്ക് കുറച്ചു ജോലികൾ അവശേഷിക്കുന്നുണ്ട്. ഒന്ന് അയാളുടെ അഡ്രസ്സ് നമുക്ക് സൈബർ സെൽ പാസ്സ് ചെയ്തിട്ടുണ്ട്. കേസ് വിവരങ്ങൾ പൊലീസിന് കൈമാറണം, അയാളെ അറസ്റ്റ് ചെയ്യേണ്ടത് തിരുവനന്തപുരം പോലീസ് ആണ്. അതിനുള്ള എല്ലാ പ്രോസീജിയറും ഇന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. നമുക്ക് എത്രയും പെട്ടെന്ന്  അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ കാര്യാലയത്തിൽ എത്തി അദ്ദേഹത്തിന് വിവരങ്ങൾ കൈമാറാം.. "

 

ഞങ്ങൾ അവിടെ നിന്നും ഒരു ടാക്സി പിടിച്ച് കമ്മീഷണറുടെ ഓഫീസിൽ എത്തി വിവരങ്ങൾ കൈമാറി. അലക്സി സ്വന്തം ഫോണിൽ നിന്നും ബെനഡിക്ടിന്റെ നമ്പറിലേക്ക് വിളിച്ചു.
മകന് വയലിൻ പഠിപ്പിച്ചു കൊടുക്കണമെന്നും എത്ര രൂപ വേണമെങ്കിലും ഫീസ് നൽകാം എന്നും പറഞ്ഞ് അലക്സി അയാളോട് കെഞ്ചി  സംസാരിക്കുന്നത് കണ്ടപ്പോൾ അലക്സി മികച്ച ഒരു നടൻ കൂടിയാണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഒടുവിൽ ഫോൺ വെക്കുന്നതിനു മുൻപ് അയാൾ വീട്ടിലുണ്ട് എന്നുറപ്പിക്കാൻ അലക്സി മറന്നില്ല താനും. പേപ്പറുകൾ എല്ലാം റെഡിയായി കഴിഞ്ഞപ്പോൾ ഏകദേശം അര മണിക്കൂർ കഴിഞ്ഞിരുന്നു. ഞങ്ങൾ എസ് ഐയുടെ കൂടെ സ്‌കോർപിയോയിൽ കയറി.. അയാളുടെ വീട്ടിൽ എത്തിയപ്പോഴേക്കും സമയം രാത്രി 8. 30 ആയിരുന്നു. വാതിൽ തുറന്നത് അയാൾ തന്നെ ആയിരുന്നു..

 

അലക്സി സ്വയം പരിചയപ്പെടുത്തി.. അയാളുടെ മുഖത്ത് ഞെട്ടലോ യാതൊരു വിധത്തിലുള്ള മറ്റു  ഭാവ വ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ല. ഞങ്ങളെ അയാൾ അകത്തേക്ക് ക്ഷണിച്ചു.. ഞങ്ങൾ എസ് ഐയോടൊപ്പം കയറി അകത്തിരുന്നു. 
അലക്സി :" മിസ്റ്റർ ബെനഡിക്ട്... ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് താങ്കൾക്ക് നല്ല  വ്യക്തമായി അറിയാമല്ലോ.. ഒന്ന് രണ്ടു കാര്യങ്ങൾ എനിക്ക് തീരെ വ്യക്തതയില്ല എന്നത് കൊണ്ട് കുറച്ചു സംശയങ്ങൾ ഞാൻ ചോദിച്ചോട്ടെ... !

 

കഴിഞ്ഞ നാല് മാസമായി താങ്കൾക്ക് എന്തോ   സംഭവിച്ചു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. പ്രത്യേകിച്ച് ഓഗസ്റ്റ് 15 നു ശേഷം.. അതിന് തീർച്ചയായും ഈ കേസിൽ വധിക്കപ്പെട്ട ലത എന്ന 33 വയസ്സുകാരിക്ക് അതായത് താങ്കൾ യൂണിവേഴ്സിറ്റി കോളേജിൽ ബാച്ചിലർ ഡിഗ്രിക്ക് വേണ്ടി ഭൗതികശാസ്ത്രം പഠിക്കുമ്പോൾ താങ്കളുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്ന ലത എന്ന് പേരുള്ള അതി സുന്ദരിയായ പെൺകുട്ടിക്ക്  പങ്കുണ്ട് എന്ന്  ഞാൻ മനസ്സിലാക്കുന്നു. "

 

അയാൾ അന്തം വിട്ട് അലക്സിയെ നോക്കിക്കൊണ്ട് ചോദിച്ചു... 
" താങ്കൾക്ക് എന്നെ പറ്റി എല്ലാം അറിയാമല്ലോ...! "
അലക്സി : " ഓ അത്രക്കൊന്നും അറിയില്ല ബെനഡിക്ട്...  താങ്കളുടെ ഫെയ്‌സ്ബുക്ക്‌ ഒന്ന് പരിശോധിച്ചപ്പോൾ താങ്കളുടെ വയസ്സ് കാണാൻ സാധിച്ചു, കേസ് ഫയലിൽ ലതയുടെയും വയസ് തുല്യമാണെന്ന് കണ്ടപ്പോൾ നിങ്ങൾ രണ്ടു പേരും ഒരുമിച്ചു പഠിച്ചിട്ടുണ്ടോ എന്ന് നോക്കി.. രണ്ടു പേരും ഫെയ്‌സ്‌ബുക്കിൽ 2002-2005 വർഷങ്ങളിലെ ഫിസിക്സ് ബാച്ച്  ഗ്രൂപ്പിൽ ഉണ്ടെന്ന് കണ്ടു.. അത്ര മാത്രം...

 

താങ്കൾ പക്ഷേ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല... "

 

ബെനഡിക്ട് കുറച്ചു നേരം നിശബ്ദനായി ഇരുന്നു. പിന്നെ അയാൾ പൊട്ടിക്കരഞ്ഞു.. അതിന് ശേഷം അയാൾ പറഞ്ഞ കഥ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു...

 

ലത അയാളെ ഭ്രാന്തമായി സ്നേഹിച്ചിരുന്നു. പഠനം പൂർത്തിയായ ശേഷം അവർക്ക് പിരിയേണ്ട സാഹചര്യം വന്നു. ഇതിനിടയിൽ വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ വയ്യാതെ അവൾ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു. വിവാഹം കഴിഞ്ഞു ഏതാണ്ട് 10 വർഷങ്ങൾ സമാധാനപരമായി തന്നെ കടന്നു പോയി. കുട്ടികൾ ഒക്കെയായി അവർ ഒരു സന്തുഷ്ട ജീവിതം നയിക്കുന്നതിനിടയിലാണ് ബെനഡിക്ട് വീണ്ടും അവരുടെ ജീവതത്തിലേക്ക് കടന്നു വരുന്നത്.. ഭർത്താവും കുട്ടികളും ഇല്ലാത്തപ്പോൾ അവർ രഹസ്യമായി അവരുടെ ലോകത്ത് പ്രണയിച്ചു.. അയാളുമായുള്ള ലൈംഗിക ബന്ധത്തിൽ അവർക്ക് നിർവൃതിയും പൂർണ സംതൃപ്തിയും ലഭിച്ചിരുന്നു.. അങ്ങനെയിരിക്കെ അയാൾക്ക് ഒരു വിവാഹാലോചന വന്നു. സ്വാതന്ത്ര്യ ദിനത്തിൽ ആയിരുന്നു അയാളുടെ പെണ്ണ് കാണൽ.. അതി സുന്ദരിയായ മെർലിനോടൊപ്പം അയാളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. വീട്ടുകാർ നിർബന്ധിച്ചപ്പോൾ അയാൾ ഗത്യന്തരമില്ലാതെ വഴങ്ങി എന്നതാണ് ശരി. അന്ന് ഓഫീസ് ഇല്ലാത്തതിനാൽ ലത അയാളുടെ ഈ വാടക വീട്ടിൽ വൈകിട്ട് എത്തുകയും ഈ കാര്യങ്ങൾ എല്ലാം മനസ്സിലാക്കുകയും ചെയ്തു. അവർ അന്നും പതിവ് പോലെ ബന്ധപ്പെടാൻ അയാളെ നിർബന്ധിക്കുകയും   അവർ അവർ തമ്മിൽ ബന്ധപ്പെടുകയും ഉണ്ടായി. ഏറ്റവും ഒടുവിൽ തനിക്കു നഷ്ടപെടുന്ന സുഖം മറ്റൊരു പെണ്ണിന് കിട്ടണ്ട എന്ന് ആക്രോശിച്ചു കൊണ്ട് അവർ അയാളുടെ ജനനേന്ദ്രിയം ബ്ലെയ്ഡ് കൊണ്ട് ഛേദിച്ചു കളഞ്ഞു.. രക്തത്തിൽ കുളിച്ച് അലറി വിളിച്ച അയാളെ അവിടെ ഉപേക്ഷിച്ചിട്ട് അവർ അവിടെ നിന്നും കടന്നു കളഞ്ഞു.. അയൽ പക്കക്കാർ ആംബുലൻസിൽ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജനനേന്ദ്രിയം തുന്നി ചേർക്കാൻ സാധിക്കാതെ വരികയും ദീർഘ നാൾ അയാൾ ചികിത്സയിൽ തുടരുകയും ചെയ്തു. അയാളുടെ വീട്ടുകാരെ ഒരു വിവരവും അറിയിച്ചിരുന്നില്ല. അയാൾക്ക്‌ സഹായത്തിനു നിന്നത് അയാളുടെ ഒരു സുഹൃത്തായിരുന്നു. കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ അയാൾ തന്റെ ജീവിതം നശിപ്പിച്ച അവളെയും കുടുംബത്തെയും ഇല്ലാതാക്കാൻ തീരുമാനിച്ചു. പൊട്ടാസ്യം സൈനഡിന്റെ തീവ്രത കുറഞ്ഞ എന്നാൽ സയനൈഡ് കാറ്റഗറിയിൽ പെടുത്താൻ സാധിക്കാത്ത ഒരു മിശ്രിതം തന്റെ ലാബിൽ  തയാറാക്കാൻ അയാൾക്ക്‌ ലവലേശം കഷ്ടപ്പെടേണ്ടി വന്നില്ല. അയാൾ അത് ടൂത്ത് പേസ്റ്റിൽ മിക്സ് ചെയ്തു സൂക്ഷിച്ചു വെച്ചു. ലതയുടെ വീട്ടിൽ പല തവണ ഒളിച്ചു കടന്നിട്ടുള്ള അയാൾക്ക് അവിടത്തെ മുക്കും മൂലയും വരെ ഹൃദിസ്ഥമായിരുന്നു. ഒരു ദിവസം രാത്രി അവരുടെ കോമ്പൗണ്ടിൽ അതിക്രമിച്ചു കടന്ന അയാൾ സ്റ്റോർ റൂമിൽ മറ്റാരുടെയും കണ്ണിൽ പെടാതെ ഈ ടൂത്ത് പേസ്റ്റ് ഒളിപ്പിച്ചു വെച്ചു. അവർ എന്നെങ്കിലും ഈ പേസ്റ്റ് ഉപയോഗിക്കുമെന്നും അത് എന്നായിരിക്കുമോ അതേ ദിവസം തന്നെ അവർ കൊല്ലപ്പെടും എന്നുമയാൾ കണക്കു കൂട്ടി.

 

അലക്സി :" ഒരു കാര്യത്തിൽ താങ്കളെ അഭിനന്ദിക്കുന്നു.. താങ്കൾ വിചാരിച്ച കാര്യങ്ങൾ എല്ലാം തന്നെ നടത്താൻ സാധിച്ചു.. ഉല്ലാസ യാത്രക്ക് പോയത് കൊണ്ടാകാം ലത ബാഗിൽ പുതിയ ഒരു ടൂത്ത് പേസ്റ്റ് കരുതിയത് എന്ന് ഞാൻ അനുമാനിക്കുന്നു.. രാജേഷിനു കിടക്കുന്നതിനു മുൻപ് ബ്രഷ് ചെയ്തു ശീലമില്ലാത്തതിനാൽ അയാൾ മരണപ്പെടാതെ രക്ഷപെട്ടു. പക്ഷേ താങ്കൾക്ക് ആകെ പറ്റിയ പിഴവ് അവരുമായി നടത്തിയ ചാറ്റ് ആണ്. അവരോടു പതിവ് പോലെ ഒന്നും അറിയാത്ത പോലെ ചാറ്റ് ചെയ്ത താങ്കളോട് അവർ നീരസം പ്രകടിപ്പിച്ചു കാണണം.. താങ്കൾ അവരോട് ശത്രുത ഇല്ലാത്തതു പോലെ തിരിച്ചും പെരുമാറി കാണണം.. ഭർത്താവ് അടുത്ത് കിടക്കുന്നതിനാൽ അവർ ചാറ്റ് ക്ലിയർ ചെയ്തു കൊണ്ടേയിരുന്നു. അവർ നിങ്ങളോട് ബൈ പറഞ്ഞ നിമിഷം തന്നെ ആ വിഷം പ്രവർത്തിച്ചു തുടങ്ങി അവരും മക്കളും ഏകദേശം ഒരേ സമയം തന്നെ മരിച്ചു. ഏറ്റവും ഒടുവിൽ നിങ്ങൾ പറഞ്ഞ ഒരു ബൈ മാത്രം മെസ്സേജ് ആയി അവശേഷിച്ചു. സത്യത്തിൽ അവർ മരിക്കും എന്ന് കരുതിയല്ല നിങ്ങൾ ബൈ പറഞ്ഞത്. അവസാന മെസ്സേജ് എന്ന നിലയിൽ മാത്രമാണ് ബൈ പറഞ്ഞത്.. പക്ഷേ അത് അവർക്ക് മരണത്തെ അഭിമുഖീകരിക്കാൻ വേണ്ടിയുള്ള ബൈ ആയി പരിണമിച്ചു അവരത് കണ്ടില്ലെങ്കിൽ കൂടി.. നിങ്ങൾ അയച്ച ഫുൾ ചാറ്റ് കണ്ടിരുന്നു എങ്കിൽ ചിലപ്പോൾ ഒരിക്കലും സംശയം നിങ്ങളിലേക്ക് നീങ്ങിലായിരുന്നു. പക്ഷേ അവസാന മെസ്സേജ് നിങ്ങളിലേക്ക് ഞങ്ങളെ കൊണ്ട് വന്ന് എത്തിക്കുകയായിരുന്നു.. ഇതിനിടയിൽ രാജേഷ് ഇരുട്ടത്തു കണ്ട ഇല്ലാത്ത രൂപം നിങ്ങളിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ദൈർഘ്യം വർധിപ്പിച്ചു.. അപ്പോൾ പിന്നെ ശരി മിസ്റ്റർ ബെനഡിക്റ്റ്.. താങ്കൾക്ക് ഉണ്ടായ ദുര്യോഗത്തിൽ ശരിക്കും വിഷമമുണ്ട്.. പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ ജോലി പൂർത്തിയാക്കിയല്ലേ പറ്റൂ...  "
ബെനഡിക്റ്റിന്റെ കണ്ണുകളിൽ അലക്സിയോടുള്ള ആരാധന ഞാൻ കണ്ടു.. ഞങ്ങൾ എഴുന്നേറ്റു... എസ് ഐ ക്ക് ഷെയ്ക്ക് ഹാൻഡ് നൽകി ഞങ്ങൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കവേ ഞാൻ അലക്സിയോട് ചോദിച്ചു.. " അയാളുടെ ജനനേന്ദ്രിയം മുറിച്ച അവരോട് മാസങ്ങൾക്ക് ശേഷവും അയാൾ വീണ്ടും ചാറ്റ് ചെയ്തപ്പോൾ അവർക്ക് എങ്ങനെ റിപ്ലൈ ചെയ്യാൻ സാധിക്കും  ?? അത്രക്ക് നീചമായ പ്രവൃത്തി അല്ലേ അവർ അയാളോട് ചെയ്തത് ??"
അലക്സി : " ജോൺ അവിടെ നിങ്ങൾക്ക് തെറ്റിപ്പോയി.. അവർ അയാളുടെ ജനനേന്ദ്രിയം ഛേദിച്ചത് ദേഷ്യം കൊണ്ടല്ല മറിച്ച് അയാളോട് സ്നേഹം കൂടുതൽ ഉള്ളതു കൊണ്ടാണ്...  അങ്ങനെയാണെങ്കിൽ അയാൾ ചാറ്റ് ചെയ്യുമ്പോൾ അവർക്ക് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല, പ്രത്യേകിച്ച് അയാളോട് ഇത്രയും നീചമായ പ്രവൃത്തി താൻ ചെയ്തല്ലോ എന്ന് കുറ്റബോധം ഉള്ള സ്ത്രീയാണെങ്കിൽ.. അവർക്ക് അയാളോട് മറുപടി പറയാതിരിക്കാൻ സാധിക്കില്ല.. "
" ശരി അപ്പോൾ പിന്നെ രാജേഷിനെ അറസ്റ്റ് ചെയ്തപ്പോൾ പോലീസ് അയാളോട് ബൈ എന്നൊരു മെസ്സേജ് ഭാര്യക്ക് അയച്ചത് എന്ത് കൊണ്ടാണെന്നു ചോദിച്ചു കാണില്ലേ ??അങ്ങനെ ചോദിച്ചെങ്കിൽ അയാൾ താൻ അങ്ങനൊരു മെസ്സേജ് അയച്ചിട്ടില്ല എന്നൊരു മറുപടി കൂടെ കൊടുക്കാൻ സാധ്യതയുമുണ്ട്.. അപ്പോൾ പോലീസ് ഈ നമ്പർ ട്രെയ്‌സ് ചെയ്യേണ്ടതല്ലേ.. അങ്ങനെ ആണെങ്കിൽ യഥാർത്ഥ പ്രതി ആദ്യമേ തന്നെ പിടിയിൽ ആകുമായിരുന്നല്ലോ.. ?"
അലക്സി :"ഞാനത് പോലീസുമായി സംസാരിച്ചു ജോൺ..  രാജേഷ് ആദ്യം മുതൽ പറഞ്ഞ എല്ലാ വസ്തുതകളും പരസ്പര വിരുദ്ധം ആയതു കൊണ്ടാണ് രാജേഷ് തന്നെയാണ് ആ കൊലപാതകങ്ങൾ നടത്തിയത് എന്ന് പോലീസ് സംശയിക്കാൻ തുടങ്ങിയത്.. അതായത് അയാൾ റൂമിൽ ഒരാളെ കണ്ടു എന്ന് പറയുന്നത് അവർക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു കാര്യമാണോ?? ഒരിക്കലും നടക്കാത്ത ഒരു കാര്യമാണ് എന്ന് പൊലീസിന് വ്യക്തമായി മനസ്സിലായി. അതിനർത്ഥം അയാൾ ഒന്നുകിൽ കള്ളം പറയുന്നത് അല്ലെങ്കിൽ അയാൾക്ക്‌ മാനസികമായി സുഖമില്ല... ഇതിൽ ഏതായാലും ശരി മെസ്സേജ് അയച്ചത് അയാൾ അല്ല എന്ന് പറഞ്ഞപ്പോൾ അവർ ആ ഒരു പരിഗണന മാത്രമേ അയാൾക്ക്‌ നൽകിയുള്ളൂ... അവരുടെ ഫോണിൽ കോൺടാക്ട് നെയിം രാജേഷ് ഹസ് എന്നാണ് സേവ് ചെയ്തിരുന്നതും... അപ്പോൾ പിന്നെ ഇയാൾ പറയുന്നത് മുഴുവൻ കള്ളം ആണെന്ന അവസ്ഥയിൽ ആണ് പൊലീസിന് നമ്മുടെ സഹായം ആവശ്യമായി വന്നത്... ഇപ്പോൾ വ്യക്തമായോ ജോൺ.. ??"
ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി... അപ്പോഴേക്കും റെയിൽവേ സ്റ്റേഷന് മുന്നിൽ ഞങ്ങൾ എത്തിക്കഴിഞ്ഞിരുന്നു. ടിക്കറ്റ് എടുക്കാനായി ഞാൻ കൗണ്ടറിലേക്ക് നടന്നു.

 

©രഞ്ജു കിളിമാനൂർ 
(അവസാനിച്ചു )

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രഞ്ജു കിളിമാനൂർ : പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌ കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ.. പ്ലസ് ടു വരെ അവിടെ തുടർന്നു. കണക്കിനോട്‌ പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബിരുദം കണക്കിൽ തന്നെ ആയിക്കോട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.. അങ്ങനെ 2005-ൽ വർക്കല SN കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം കറസ്പോണ്ടൻസായി പിജി ചെയ്തു. എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാൽ 3 മാസം കൊണ്ട് കോഴ്സ് പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ