അസുരൻകുണ്ട് വെള്ളച്ചാട്ടം

അസുരൻകുണ്ട് വെള്ളച്ചാട്ടം

അസുരൻകുണ്ട് വെള്ളച്ചാട്ടം

Asurankund waterfall - അസുരൻകുണ്ട് വെള്ളച്ചാട്ടം

 

Travelogue: Sreejith K Mayannur

 

കിളികളുടെ കളകളാരവം മുഴങ്ങുന്ന മലനിരകൾ പുഴയിടുക്കുകളെ സൃഷ്ടിക്കുന്ന കാടിന്റെ ഭീകരതയ്ക്കു നടുവിലായി വെള്ളിചിലമ്പണിഞ്ഞു തുള്ളി തുള്ളി ചാടി വരുന്ന അസുരൻകുണ്ട് ഡാമിന്റെ വെള്ളച്ചാട്ടം തേടിയാണ് ഈ യാത്ര. തൃശൂർ ജില്ലയിലെ മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ അകമല ഫോറസ്റ്റ് റേഞ്ചിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ ആറ്റൂർ കമ്പനിപ്പടി സെന്ററിൽ നിന്നും മൂന്ന് കിലോമീറ്ററോളം കാട് കയറണം. അസുരൻ കുണ്ട് വനമേഖല ചേലക്കര മണ്ണാത്തിപാറ ഭാഗങ്ങൾ വരെയും ചുറ്റപ്പെട്ടു കിടക്കുന്നുണ്ട്.

 

തൃശ്ശൂരിൽ നിന്നുമുള്ള സഞ്ചാരികൾക്ക് 28 കി.മീ ആണ് ദൂരം. റെയിൽവേ ജംഗ്ഷൻ ആയ ഷൊർണൂരിൽ നിന്നും 12 കി.മീ മാത്രമേ ഉള്ളു ഡാമിലേക്ക്. ആലത്തൂർ ഭാഗത്തു നിന്നും വരുന്ന സഞ്ചാരികൾക്ക് 36 കി.മീ ദൂരമുണ്ട്. ഒരു പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ കൂട്ടുകാരുമായി കൂടി ചേർന്നപ്പോൾ പിരിയാൻ നേരം പെട്ടെന്നൊരു തോന്നലിനു പോയതാണ് ഡാമിലേക്കുള്ള ഈ യാത്ര. അല്ലെങ്കിലും നമ്മുടെ യാത്രകളിൽ പലതും അങ്ങനെ പെട്ടെന്നുള്ള തീരുമാനങ്ങളിൽ നിന്നുമാണ് സാധ്യമാകുന്നത്. വ്യക്തമായ പ്ലാനുകൾ ഒന്നും നടക്കാറില്ല. അഞ്ചു ബൈക്കുകളിലായിട്ടായിരുന്നു ഞങ്ങളുടെ യാത്ര. വാഴക്കോട് - പ്ലാഴി റോഡിലൂടെ കൂട്ടമായുള്ള ബൈക്കുകളുടെ ചീറിപ്പായൽ ഹിമാലയം കീഴടക്കാൻ പോകുന്ന ബുള്ളറ്റ് റൈഡർമാരെപോലെ തോന്നിപ്പിച്ചു. തിരക്കു കുറഞ്ഞ റോഡുകളിൽ അപകട സാധ്യതകൾ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്നെ അതിവേഗം ബഹുദൂരം മുന്നേറി. മെയിൻ റോഡിൽ നിന്നു തിരിയുമ്പോൾ തന്നെ സഞ്ചാരികളുടെ ഒരു കൂട്ടത്തെ കണ്ടപ്പോൾ വഴി കൃത്യമായി മനസ്സിലായി.

 

കാനനപാതയിലേക്ക് കടന്നപ്പോൾ തന്നെ പ്രകൃതിയുടെ സ്പർശനം തൊട്ടറിഞ്ഞു. ഒരു ചെറിയ ചാറ്റൽമഴയും കൂടിയായപ്പോൾ യാത്രയുടെ യഥാർത്ഥ അനുഭവം എന്താണെന്നു നുകരാൻ സാധിച്ചു. ചുറ്റും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു കാനനപാത, നല്ല തണുത്ത അന്തരീക്ഷം, ബൈക്കിലെ യാത്ര. അതൊരു ഒന്നൊന്നര കോമ്പിനേഷനാണ്‌.

 

ഡാമിന്റെ ഒരു കിലോമീറ്റർ അടുത്തെത്തിയപ്പോൾ റോഡിന്റെ സ്വഭാവം മാറി. ഓഫ് റോഡ് റൈഡർക്ക് സന്തോഷം തരുന്ന രീതിയിലുള്ള റോഡ്. അതു കഴിഞ്ഞതും ഡാമിന്റെ പാർക്കിങ് ഏരിയ എത്തി. കുറെ സഞ്ചാരികൾ വരുന്നതുകൊണ്ട് വാഹനങ്ങൾ കൊണ്ടുപോകുന്നവരും, മൊബൈൽ ഫോൺ പോലെ വിലപിടിപ്പുള്ള സാധനങ്ങളും എല്ലാം സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കണം. സ്വന്തമെന്നു പറയാവുന്ന ഹെൽമറ്റ് ബൈക്കിൽ പൂട്ടിയിട്ട് പേഴ്സ് എടുത്ത് ഭദ്രമായി തന്നെ പോക്കറ്റിൽ ഇട്ടു. 

 

എല്ലാം ഭദ്രമാക്കിയാൽ ഇനി ഡാമിനു മുകളിൽ കയറുകയാണ്. ചെറുതെങ്കിലും മനോഹരമാണ് അസുരൻകുണ്ട് അണക്കെട്ട്. ആദ്യത്തെ കാഴ്ച്ചയിൽ തന്നെ മനസിലാവും പേര് അസുരൻ എന്നാണെങ്കിലും ഒരു ദേവകന്യകയെപോലെയോ ജലകന്യകയെപോലെയോ സുന്ദരിയാണ് ഈ അണക്കെട്ട് എന്ന സത്യം. ഞാൻ പലപ്പോഴും ആലോചിച്ചു എന്താണ് ഈ പേരിനു പിന്നിലെ രഹസ്യം എന്ന്. കുറെ സമയം ഇന്റർനെറ്റിൽ തിരഞ്ഞു എന്നല്ലാതെ യാതൊരു വിവരവും പേരിനെകുറിച്ചു ഇന്റർനെറ്റിൽ നിന്നും ലഭിച്ചില്ല. പഴമക്കാരുടെ സംസാരത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ട് ഈ പേരിനു പിന്നിൽ. ഒന്ന് അസുരന്മാർ താമസിച്ചിരുന്ന സ്ഥലമാണ് ഇതെന്നതാണ്. അതല്ല മഴക്കാലത്ത് അസുരന്മാരുടെ ശക്തിയോടെ കുത്തിയൊലിച്ചു പ്രളയമുണ്ടാക്കുന്നതിനാലാണ് ഈ പേരെന്നു മറ്റൊരു അഭിപ്രായം. എന്തായാലും ഇതിനെകുറിച്ചു വ്യക്തമായ ഒരു ധാരണ എനിക്ക് നൽകാൻ സാധിക്കുകയില്ല.

 

തടയണയുടെ നീളവും വീതിയും വളരെ ചെറുതാണ്. ചാറ്റൽ മഴ മാറിയപ്പോൾ ഒന്നു കൂടെ സുന്ദരിയായി ആ ജലകന്യക. സഞ്ചാരികൾ ഡാമിലേക്ക് വീഴാതിരിക്കാനുള്ള ഒരു സംരക്ഷണഭിത്തിയും മറു വശത്തു താഴെ ആഴങ്ങളിലേക്ക് പതിക്കാതിരിക്കാനുള്ള സംരക്ഷണ കവചവും ഒരുക്കിയിട്ടുണ്ട്. തടയണക്കുമുകളിലൂടെ നടന്നു മറുപുറം എത്തിയാൽ പിന്നെ തീരങ്ങളെ തേടിയുള്ള യാത്രയാണ്. നിറയെ മരങ്ങളും വള്ളിപടർപ്പുകളും പുഷ്പങ്ങളും ഞാനെഴുതുന്ന പ്രേതകഥയിലെ അന്തരീക്ഷം പോലെ എനിക്കു തോന്നി. ഒറ്റപെടുകയോ വഴി തെറ്റുകയോ ചെയ്താൽ ഭയപ്പെട്ടു പോകാവുന്ന അന്തരീക്ഷം. നടക്കുന്ന വഴികൾ മഴക്കാലത്ത് ചെളി നിറഞ്ഞവയാണ്. ഒന്നു തെന്നിയാൽ നിലത്ത് മലർന്നടിച്ചു വീണേക്കാം. കുട്ടികളെ കൂടെ കൊണ്ടുപോകുന്നവർ സൂക്ഷിക്കുക. സ്ലിപ്പർ ചെരുപ്പുകൾ ഉപയോഗിക്കാതെ നല്ല ഗ്രിപ്പ് കിട്ടുന്ന ചെരുപ്പുകൾ ഉപയോഗിക്കുക. കാട്ടുവള്ളികൾ പലതും മുള്ള് ഉള്ളവയാണ്. കൂട്ടുകാരോടൊത്ത് വാചകമടിച്ചു നടക്കുമ്പോൾ ചെളികുണ്ടുകൾ കയറാൻ പിടിക്കുന്നത് ഈ മുള്ളുള്ള വള്ളികളിൽ ആവാം. എനിക്കും കിട്ടി അങ്ങനെ ഒരു അനുഭവം. എന്തായാലും അതൊക്കെ ഉണ്ടെങ്കിലേ ഒരു സുഖമുള്ളൂ ഈ യാത്രക്ക്.

 

അല്പം നടന്നാൽ ഡാമിലെ വെള്ളത്തിന്റെ തീരത്ത് എത്താം. അവിടെ നിന്നും നോക്കിയാൽ കാണാം അസുരന്മാരെപോലെ വെള്ളത്തിനു നടുവിൽ തന്നെ തല ഉയർത്തി നിൽക്കുന്ന പനകൾ. പുറകിലായി നല്ല മലനിരകളുടെ സൗന്ദര്യം. മഴ കഴിഞ്ഞു നിലത്തുനിന്നും പൊങ്ങുന്ന ആവി മൂടൽ മഞ്ഞിനെപോലെ തോന്നിച്ചേക്കാം. ക്യാമറയെ കൂട്ടാക്കിയവർക്ക് ഒരു നല്ല അവസരം ആണത്. അതുമാത്രമല്ല ഫോട്ടോ ഷൂട്ടിനും നല്ല പറ്റിയ സ്ഥലമാണ്. വെഡ്‌ഡിങ് ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട സ്ഥലം. അവിടെ നിന്നും അല്പം കൂടി നടന്നാൽ ഡാമിന്റെ ഷട്ടറുകളിൽ എത്താം. തടയണയിൽ നിന്നും അല്പ്പം മാറി മറ്റൊരിടത്താണ് ഷട്ടറുകൾ എന്നതാണ് ഒരു പ്രത്യകത. അത് നല്ല ദൃശ്യഭംഗിയൊരുക്കുന്നു. ഷട്ടറുകൾക്കു മുകളിലൂടെ നടന്നു മുൻപോട്ടു പോയാൽ അസുരൻകുണ്ട് അതിന്റെ യഥാർത്ഥ സൗന്ദര്യം പുറത്തെടുക്കുകയായി.

 

ഷട്ടറുകൾക്കിടയിലൂടെ ഒഴുകുന്ന ജലം ചെറു ചെറു വെള്ളച്ചാട്ടങ്ങളായി താഴേക്ക് ഒഴുകി ഒരു ദൃശ്യവിസ്മയം സൃഷ്ടിക്കുന്നു. ഇത് ഏതൊരു സഞ്ചാരിക്കും മറക്കാനാവാത്ത ഒന്നായിരിക്കും. നിങ്ങൾ നിരവധി വെള്ളച്ചാട്ടങ്ങൾ കണ്ടിരിക്കാം. എന്നാൽ ഒഴുകുന്ന വെള്ളത്തിന്റെ ഒരു ക്ലാസിക് സൗന്ദര്യം ആസ്വദിക്കണമെങ്കിൽ അസുരൻകുണ്ട് ഡാമിൽ തന്നെ വരണം. എട്ടു നിരകളിലായി താഴേക്കു പതിക്കുന്ന വെള്ളത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അവയിൽ കളിക്കാനും കുളിക്കാനും ഇറങ്ങുന്ന സഞ്ചാരികൾ അവരുടെ കൗതുകം വെളിവാക്കുകയാണ്.

 

ഏതൊരു ഫോട്ടോഗ്രാഫറും ആഗ്രഹിക്കും അസുരൻകുണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത തന്റെ ക്യാമറയിൽ ഒന്നു ഒപ്പിയെടുക്കുവാൻ. കളകളമൊഴുകുന്ന അരുവിയിൽ കാൽ നനയ്ക്കുമ്പോൾ അറിയാം നമുക്ക് ആ കാനനത്തിന്റെ സൗന്ദര്യം. നഗരത്തിന്റെ തിരക്കിലെ മാലിന്യത്തിൽ നിന്നും മാറി ആ കാനന ജീവിതം സ്വായത്തമാക്കിയാലോ എന്നു വരെ നമ്മൾ ആലോചിച്ചു പോകും. ആദ്യമായി അസുരൻകുണ്ട് കാണുന്ന എനിക്ക് അതിന്റെ അനുഭൂതി ഇങ്ങനെ ചെറിയ വാക്കുകളിൽ നിങ്ങളിലെത്തിക്കാൻ സാധിക്കുകയില്ല. അതിനു നിങ്ങളുടെ കണ്ണും മനസും ശരീരവുമെല്ലാം വേണം. സാംസ്‌കാരിക നഗരമായ തൃശൂരിന് ഇങ്ങനെയൊരു കാനന ഭംഗിയുള്ളത് എല്ലാവർക്കും അഭിമാനിക്കാവുന്നതാണ്. യാത്രയുടെ അവസാനിപ്പിക്കലിനായി കാടിന്റെ ആകാശത്ത് ഇരുട്ടു പരക്കാൻ തുടങ്ങി. ഇനി ആ സ്ഥലം മൃഗങ്ങൾക്കു വേണ്ടി വിട്ടുകൊടുക്കണം. തിരിച്ചുള്ള യാത്രക്കു ഞങ്ങൾ അരുവി കടന്നു മറ്റൊരു വഴിയിലൂടെ പാർക്കിംഗ് ഏരിയയിൽ എത്തി.

 

രാവിലെ പത്തുമണിമുതൽ ആറുമണി വരെയാണ് അനുവദനീയമായ സമയം. മഴക്കാലമാണ് യാത്രക്കു അനുയോജ്യം. യാതൊരുവിധ ഫീസും ഇവിടെയില്ല. പിടിച്ചുപറിക്കാരും കച്ചവടക്കാരും വട്ടം കൂടുന്ന സഞ്ചാരമേഖലക്ക് വ്യത്യസ്തമായി അസുരൻകുണ്ട് നിലനിൽക്കുന്നു. യാത്രാവസാനം ഞങ്ങളുടെ സംഘം എളുപ്പവഴികൾ നോക്കി വിവിധ വഴികളിലൂടെ യാത്ര പറഞ്ഞു ബൈക്കിൽ കയറുമ്പോഴും അസുരൻകുണ്ട് യാത്ര എന്റെ മനസ്സിൽ മായാതെ കിടക്കുകയാണ്. അസുരന്റെ പേരുള്ള ആ ജലകന്യകയ്ക്കു എല്ലാവരെയും ആകർഷിക്കാനുള്ള ഒരു കഴിവുണ്ട്. അവളുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സഞ്ചാരികളെയും കാത്ത് അവൾ അങ്ങനെ സൗന്ദര്യത്തോടെ ഒഴുകുന്നു.

 

അടുത്ത യാത്രാനുഭവത്തിൽ കാണുംവരെ നിങ്ങളോടും യാത്ര പറയുന്നു ഞാൻ ശ്രീജിത്ത് കെ മായന്നൂർ....

Sreejith k Mayannur

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ