ചിന്നുഭ്രാന്തി

ചിന്നുഭ്രാന്തി

ചിന്നുഭ്രാന്തി

- ചിന്നുഭ്രാന്തി -

 

     പൂവങ്കോഴിയുടെ നീട്ടിയുള്ള വിളികേട്ടാണ് ചിന്നു ഉറക്കമുണര്‍ന്നത്‌,  അവള്‍ മുടി പിന്നിലേക്ക്‌ ഒതുക്കിക്കെട്ടി വേഗം എഴുന്നേറ്റു , തെക്കേമന കടപ്പുറത്ത് വഞ്ചിപ്പാട്ടിന്‍ ഈണം കേള്‍ക്കുന്നുണ്ട്, കടപ്പുറത്തിപ്പോള്‍ നല്ല ബഹളമായിരിക്കും, 

      

     വെള്ളിമേഘക്കീറുണരുംമുമ്പേ മീന്‍വാങ്ങാന്‍ വന്ന മീന്‍ കച്ചവടക്കാരുടെ

വലിയനിരതന്നെ കടപ്പുറത്ത് കാണാം, ആണും പെണ്ണും എല്ലാംകൂടി ഒരു കൂട്ടപ്പൊരിച്ചിലാണ്, പുലര്‍കാലേ കടപ്പുറം ഇവരുടെയെല്ലാം ആര്‍പ്പുവിളികളില്‍ മുഖരിതാമാണെന്നും,

      

     മീന്‍ വില്പ്പനക്കാരിയായ ചിന്നു ബാധ്യതകളുടെ ലോകത്ത് ജീവിക്കുന്നവളാണ്,

രണ്ടും ആറും വയസുള്ള രണ്ട് പെണ്‍കുട്ടികളുണ്ടവര്‍ക്ക്, ഭര്‍ത്താവ് പൊന്നന്‍ അവരെ വിട്ടകന്നിട്ട് കുറച്ചുനാളായി

 

    

മാതൂ... നീ ഒന്ന് വേഗം എഴന്നേക്കണണ്ടാ.. പെണ്ണേ കടാപ്പൊറത്ത് ഒച്ചേം ബഹളോം തൊടങ്ങിട്ടാ...

 

     മൂത്തവള്‍ മാതുവിനെ വിളിച്ചുണര്‍ത്തി വേഗം റെഡിയാവാന്‍ പറഞ്ഞ് അടുക്കളയിലേക്കോടി അവള്‍, മക്കള്‍ക്ക്‌ കൊടുക്കാനുള്ള ഭക്ഷണം ചൂടാക്കി പാത്രങ്ങളിലാക്കണം, രാത്രി കിടക്കുന്നതിനുമുമ്പ് പാകംചെയ്തുവെയ്ക്കാറാണ് പതിവ്, എങ്കിലേ നേരംപുലരുംമുമ്പ് മീന്‍കുട്ട ചുമക്കാനൊക്കൂ...

 

    മാതു അമ്മയുടെ വിഷമങ്ങളറിഞ്ഞു അവളുടെ കാര്യങ്ങളെല്ലാം ചിട്ടയോടെ 

ചെയ്യും, എന്നിട്ട് ഇളയവളെ വിളിച്ചുണര്‍ത്തി മുഖം കഴുകിക്കൊടുക്കും, അപ്പോഴേക്കും അവര്‍ക്കുള്ളതെല്ലാം റെഡിയാക്കി ചിന്നുവും പോകാന്‍ ഒരുങ്ങീട്ടുണ്ടാവും, 

 

    ഇനി മാതുവിനെയും മാലുവിനെയും കണാരന്‍ചേട്ടന്‍റെ ഭാര്യ ശാരദേച്ചിയെ ഏല്‍പ്പിക്കണം, ചിന്നു തിരിച്ചുവരുന്നതുവരെ ഇവരാണ് രണ്ടുപേരെയും നോക്കുന്നത്, അത് മാത്രമാണ് കരയില്‍ ചിന്നുവിന്‍റെ ഏക ആശ്വാസവും, മാതു സ്കൂളില്‍ പോകുന്നുണ്ട്, രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന അവള്‍ വൈകീട്ടേ തിരിച്ചുവരൂ 

 

    കണാരന്‍ചേട്ടന്‍ രാത്രിയില്‍ വഞ്ചിയുമായി കടലില്‍പോയാല്‍ പിന്നെ കാലത്ത് മീനുമായാണ് തിരികെയെത്തുന്നത്‌, പൊന്നനും കണാരേട്ടനും വേറെ രണ്ട് കൂട്ടുകാരും ചേര്‍ന്ന് വാങ്ങിയതാണ് മീന്‍വഞ്ചി, പൊന്നന്‍പോയപ്പോള്‍ ചുറ്റുപാടുകള്‍ മോശമായതിനാല്‍ ചിന്നുവിന് നിലനില്‍പ്പിനുവേണ്ടി മീന്‍കുട്ട ചുമക്കേണ്ടിവന്നു. എങ്കിലും ഒരു നിശ്ചിത തുക മീന്‍വഞ്ചിക്കാര്‍ ചിന്നുവിന് കൊടുക്കുന്നുണ്ട്,

        

    നുള്ളിപ്പെറുക്കിയുണ്ടാക്കി സൊരുക്കൂട്ടിയ കാശും ചിന്നുവിന്‍റെ മിന്നുകളും 

പോരാത്തത് വട്ടിപ്പലിശക്കാരനില്‍നിന്നും വാങ്ങിയും വാങ്ങിച്ചതാണ് വഞ്ചി, മാസാമാസം വട്ടിക്കാരാനുള്ളതേ വഞ്ചിക്കാരില്‍ നിന്ന് ലഭിക്കൂ, അതും ഒരാശ്വാസംതന്നെ, നിത്യവൃത്തിക്കുള്ള 

കാശിന് മീന്‍കുട്ടതന്നെ ശരണം.

 

    പൊന്നന്‍റെ വിയോഗം തെല്ലൊന്നുമല്ല ചിന്നുവിനേയും കുടുംബത്തെയും 

ഉലച്ചത്‌, അല്ലലില്ലാതെ സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് കഴിഞ്ഞ 

തുലാവര്‍ഷമാണ് ദുരന്തമായ് കടന്നുവന്നത്,

    

    ഇടതടവില്ലാത്ത മഴ ദിവസങ്ങള്‍ നീണ്ടുനിന്നപ്പോള്‍ തുറ മുഴുവാന്‍

പ്രയാസം നേരിട്ടിരുന്നു, പലര്‍ക്കും അന്നന്നത്തെ ചിലവിനുതന്നെ ബുദ്ധിമുട്ടുണ്ടായി,

പലരും പുറംപണിക്കു പോകാന്‍ ശ്രമിച്ചെങ്കിലും പെരുമഴയത്ത് എന്ത് പണി.

 

    അന്ന് മഴക്ക് ഒരു ഉലര്ച്ചയുള്ള ദിനമായിരുന്നു, വാനം കുറേയേറെ

തെളിഞ്ഞുകണ്ടു, പലര്‍ക്കും സന്തോഷമായി, ഇന്നിനി മഴയൊന്നും വരരുതേയെന്ന 

പ്രാര്‍ത്ഥനയോടെ വൈകുന്നേരം മീന്‍ പിടുത്തക്കാര്‍ തുറയില്‍ ഒത്തുകൂടി, പലര്‍ക്കും 

കടലില്‍ പോകാന്‍ ഭയമുണ്ടായിരുന്നു,ബാധ്യതകള്‍ തലക്കുമീതെ നില്ക്കുമ്പോള്‍

പോകാതിരിക്കാനും വയ്യ, 

         

    പൊന്നനും കൂട്ടരും തോണിയിറക്കാന്‍തന്നെ തീരുമാനിച്ചു, കണാരേട്ടന്‍ സുഖമില്ലാത്തതിനാല്‍ അന്ന് കൂടെക്കൂട്ടിയില്ല, വീട്ടിലേക്കൊരു ശ്രദ്ധവേണമെന്ന് ചിന്നന്‍ ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്തു, ഇന്നിനി മഴ വരില്ലെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞാശ്വസിപ്പിച്ച് മൂന്നുപേരുടെയും കവിളത്ത് പൊന്നുമ്മകള്‍ നല്കിയാണ് ചിന്നന്‍ വീട്ടില്‍നിന്നന്നിറങ്ങിയത്, 

 

    വളരെ കുറച്ചുപേര്‍ മാത്രമേ അന്ന് വഞ്ചിയിറക്കിയുള്ളൂ, പോയവര്‍ തന്നെ 

കൂടുതല്‍ ദൂരം പോയതുമില്ല, പക്ഷേ പൊന്നനും കൂട്ടരും ആഴക്കടലോടടുത്തെത്തിയിരുന്നു, മറ്റുവഞ്ചിക്കാരേക്കാള്‍ കാണാമറയതതായിരുന്നു അവര്‍, കൊടുങ്കാറ്റടിച്ചപ്പോള്‍ ഉലഞ്ഞവഞ്ചിയെ പിടിച്ചു നിര്ത്താനവര്‍ക്കായില്ല, തിരിച്ചു കരയിലേക്കെത്തിക്കാനും, ആരുടേയും നിലവിളിയും ആരും കേട്ടില്ല, ആരും തിരിച്ചുവന്നതുമില്ല, കരയിന്നും ആ ദുരന്തത്തിന്‍റെ മൌനത്തില്‍നിന്നും വിട്ടൊഴിഞ്ഞിട്ടുമില്ല.

 

    ദാരുണദുരന്തത്തില്‍ മരവിച്ച ചിന്നുവിനും കുടുംബത്തിനും ഇന്നും കണ്ണീരൊഴിഞ്ഞിട്ടില്ല, കണ്ണീരിലുലയുന്ന കടല്‍വഞ്ചിയാണിന്നും ചിന്നുവിന്‍റെ മനം, ചിന്നുവിന്‍റെ പതിനഞ്ചാം വയസില്‍ ദീനം വന്നു അച്ഛനമ്മമാര്‍ മരണമടഞ്ഞശേഷം അവരുടെ കുടുംബസുഹൃത്തായ പൊന്നന്‍റെ അച്ഛനാണ് ചിന്നുവിനെ അവന്‍റെ കൈപിടിച്ചേല്പ്പിച്ചത്, അവിടിന്നിങ്ങോട്ട് ചിന്നുവിന്‍റെ ജീവിതം സ്വര്‍ഗ്ഗമായിരുന്നു

രണ്ട് കുട്ടികളൂടെ വന്നപ്പോള്‍ കുടുംബജീവിതം ആസ്വധ്യകരമായി മാറി.

 

    ഇന്ന് കണവന്‍റെ വേര്‍പ്പാടില്‍ നീറ്റുന്നതോടൊപ്പം മക്കളുടെ ചോദ്യങ്ങള്‍ക്ക്

മുന്നില്‍ മുഖം മറക്കാനാവാതെ പകച്ചുനില്‍ക്കുന്നുണ്ടവള്‍, തകര്‍ന്നടിഞ്ഞ മനസുമായ് 

കഴിയുന്ന അവള്‍ ദിവസവും ചേര്‍ത്തുപിടിച്ച് മക്കളെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. അവളുടെ കെട്ടുകഥകളില്‍ മക്കളും ആശ്വാസം കണ്ടെത്തും, കണ്ണീര്‍ നനവുണങ്ങാത്ത മനസ്സാണവളുടെത്‌.

 

    അന്ന് പതിവിന് വിപരീതമായി ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌  മാലുവിന്‍റെ ചോദ്യംവന്നത്, 

അമ്മേ അച്ഛന്‍ വരാന്‍ ഇനി എത്ര ദിവസമുണ്ടമ്മേ, അതോ അച്ഛാനെ കടല് കൊണ്ടുപോയതാണോ, ഇനി വരേല്ല്യേ അമ്മേ..., അവള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അറിയാതൊരു മരവിപ്പ് ചിന്നുവിലേക്ക് ഇരച്ചുകയറിയപോലെ അവള്‍ക്ക് അനുഭവപ്പെട്ടു.

 

ആ തുടര്‍ചോദ്യങ്ങള്‍ക്കുമുന്നില്‍ ചിന്നു തന്നെ നിയന്ത്രിക്കാന്‍പാടുപെട്ടു, അറിയാതെ മാതുവിന്‍റെ ചുണ്ടില്‍നിന്നും ഒരു തേങ്ങല്‍ ഉയര്‍ന്നുകേട്ടതും അവളുടെ വായപൊത്തിപ്പിടിച്ചു ചിന്നു ഇരുട്ടിന്‍റെ മറവില്‍ കണ്ണീര്‍തുടച്ചുകൊണ്ട് പറഞ്ഞു തുടങ്ങി, 

 

പൊന്നുമാലുക്കുഞ്ഞേ.. അച്ഛനെ കടലമ്മ കൊണ്ടുപോയതാണ്, കടലമ്മയുടെ കൊട്ടാരത്തിലേക്ക്, ഗദ്ഗദം മുറ്റിയ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ പാടുപെട്ട് അവള്‍ പറച്ചില്‍ തുടര്‍ന്നു, അവിടെ മുത്തും പവിഴവും പൊന്നും പെറുക്കാന്‍, കടലില്‍ പോകുമ്പോള്‍ കണാരേട്ടന്‍ കാണാറുണ്ടത്രേ, ഇനിയും കുറച്ചുകൂടി ദിവസം അവിടെ പണിയുണ്ടാത്രേ, അതൂടെ തീര്‍ത്തിട്ട് മോളുടെ അച്ഛന്‍ വരും, വരുമ്പോള്‍ മോള്‍ക്ക് പൊന്നും മിന്നും പവിഴവും എല്ലാം കൊണ്ടുവരും, നമ്മുക്ക് മൂന്നുപേര്‍ക്കും കാത്തിരിക്കാം, മോളുറങ്ങിക്കോട്ടോ... ഇത്രയും പറഞ്ഞ് ഒപ്പിച്ചപ്പോഴേക്കും ചിന്നുവിന്‍റെ തളര്‍ന്ന മനസ്സാകെ തകര്‍ന്നിരുന്നു, ഉറങ്ങാനാവാതെ തലങ്ങും വിലങ്ങും കിടന്നുരുണ്ടുപുളഞ്ഞവള്‍‍, 

 

    കണ്ണൊന്നടഞ്ഞപ്പോള്‍ കണ്ടു അര്‍ദ്ധരാത്രി ആഴക്കടലില്‍നിന്നുയര്‍ന്ന തിരമാലകളില്‍ പൊന്നന്‍റെ അഴകുടല്‍ അഴുകിയിരുന്നു, തിരികെ ഊര്ന്നുപോകുന്ന തിരകളില്‍ ഉടല്‍ വേര്‍പ്പെട്ട ദേഹം കടലാഴങ്ങളില്‍ ലയിച്ചലിയുന്ന കാഴ്ച്ച മതിഭ്രമത്തിലേക്കുള്ള അവളുടെ മസ്തിഷ്കത്തിന്‍റെ മുന്നൊരുക്കമായിരുന്നു, ഇരുകൈകള്‍കൊണ്ടും മുഖംപോത്തി അവള്‍ അലറിവിളിച്ചു, മനോനിയന്ത്രണംവിട്ട് പുറത്തേക്കോടിയപ്പോള്‍ അവളില്‍ ഒരു ഭ്രാന്തി ഉദയംകൊള്ളുകയായിരുന്നു, 

 

    ഭയചികിതരായ മക്കളുടെ നിലവിളിയൊച്ച കേട്ടുണര്‍ന്ന അയലത്തുകാര്‍ ചിന്നുവിന്‍റെ അലറിവിളികളില്‍ സ്തബ്ധരായി നിന്നു, തുറയാകെ ആ മരവിപ്പിലമര്‍ന്നു, മാലുവിനേയും ചിന്നുവിനേയും തന്നോട്ചേര്‍ത്ത് ശാരദേട്ടത്തിയും വിളറിവിയര്‍ത്തു നിന്നു.

 

കണാരേട്ടന്റെ കൈകളില്‍നിന്നും കുതറിമാറി അവള്‍ കടലിലേക്കോടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പൊന്നന്റെ അഴുകിയദേഹം  കടലാഴങ്ങളില്‍ ഒഴുകുന്നത്‌ അവളുടെ മനക്കണ്ണില്‍ കാണുന്നുണ്ടായിരുന്നു അവള്‍, ആര്‍ത്തിരമ്പിയെത്തിയ തിരമാലകണക്കെ അവളുടെ തലക്കുള്ളില്‍ ഭ്രാന്തഭാവം മൂര്‍ച്ചിച്ചുകൊണ്ടേയിരുന്നു. 

 

അവള്‍ കടലിലേക്ക്‌നോക്കി രൌദ്രഭാവമോടെ തലകുടഞ്ഞു ശബ്ദമുണ്ടാക്കി മുരണ്ടുകൊണ്ടിരുന്നു,

''പൊന്നേട്ടനെ കാത്തിരിക്കുന്ന ചിന്നുഭ്രാന്തിയുടെ ഉദയം അവിടെ തുടങ്ങി'', 

 

     രണ്ട് പെണ്മക്കളോടൊപ്പം ഇന്നും പൊന്നേട്ടന്‍റെ സ്വന്തം ചിന്നുഭ്രാന്തിയെ നിങ്ങള്‍ക്ക് കാണാം തെക്കേമന കടപ്പുറത്ത്, ചിന്നിച്ചിതറിയ മുടിയുമായി പൊന്നനെ കാത്തിരിക്കുന്ന ആ ചിന്നുഭ്രാന്തിയെ..,

അനന്തമായ കാത്തിരിപ്പുമായി അലയുന്നുണ്ടവള്‍, അടിച്ചുയരുന്ന തിരമാലകളിലേക്ക് ആര്‍ത്തിയോടെ നോക്കി ചിരിച്ചുകൊണ്ട്. 

 -ശുഭം-           

ജലീല്‍ കല്പകഞ്ചേരി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

non

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ