മകൾ

മകൾ

കോവിലന്റെ കണ്ണുകൾ ചുവന്നു തുടുത്തു. തന്റെ മകളുടെ പിച്ചിച്ചീന്തിയ ചേതനയറ്റ ശരീരം കയ്യിലെടുത്ത് കോവിലൻ അലറി. ആ അലർച്ച ആ രാത്രിയിൽ നാടിനെ പ്രകമ്പനം കൊള്ളിച്ചു. 

 

സർക്കാരുദ്യോഗത്തിനുള്ള പരീക്ഷ എഴുതാൻ എർണാംകുളത്തേക്ക് വന്നതായിരുന്നു കോവിലനും മകളും. പഠിക്കാൻ മിടുക്കിയാണ് അവൾ. ഇടുക്കിയിലെ മലയോരഗ്രാമത്തിൽ ആദ്യമായാണ് ഒരു പെണ്ണ് നല്ല മാർക്കു വാങ്ങി ജയിക്കുന്നത്. നാട്ടുകൂട്ടത്തിന്റെ കൈയടി വാങ്ങിയ അവൾ പത്താം ക്ലാസിൽ ഒതുക്കിയില്ല പഠനം. അല്പമകലെ ബന്ധുവീട്ടിൽ നിന്ന് പഠിച്ചു പ്രീഡിഗ്രിയും പാസായി. അങ്ങനെ പതിനെട്ടുകഴിഞ്ഞു നിന്ന അവൾ ഒരു ജോലിക്കായി ശ്രമിച്ചു കൊണ്ടിരുന്നു. പരീക്ഷയും വന്നു. ഇടുക്കിയുടെ മലയോരത്തുനിന്നും എർണാംകുളത്തേക്ക്  വളരെ ദൂരം സഞ്ചരിക്കണം. അച്ഛന്റെ സംരക്ഷണ വലയത്തിൽ അവൾ യാത്ര തുടങ്ങി.

 

അവളും അച്ഛനും നഗരത്തിന്റെ ഭംഗിയും ആഡംബരവും യാത്രയിൽ മുഴുവൻ ആസ്വദിച്ചു. ഭംഗിയുള്ള കെട്ടിടങ്ങൾ, നല്ല കളറുള്ള തുണികൾ ധരിച്ച ആളുകൾ, കുറെ വാഹനങ്ങൾ. എല്ലാം അവൾക്ക് ഒരു പുതിയ അനുഭവവും പുതിയ ഒരു ലോകവുമാണ്.

 

പരീക്ഷയെഴുതി അവർ മടക്കയാത്രക്കു വേണ്ടി തയ്യാറെടുത്തു. വൈകുംനേരം ബസ്സ്സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോഴും അവളുടെ മനസ്സിൽ ആധുനിക ആഡംബരകെട്ടിടങ്ങളുടെ ഭംഗിയായിരുന്നു ഉണ്ടായിരുന്നത്. അവളുടെ നാട്ടിൽ ഇത്തരം കെട്ടിടങ്ങളില്ല. ഒരു നിലയിൽ കൂടുതലുള്ളവ കണ്ടിട്ടില്ല. അവിടത്തെ സ്കൂളു പോലും ഓട് മേഞ്ഞ ചെറിയ നീളത്തിലുള്ള കെട്ടിടമാണ്. ഇവിടത്തെ സ്കൂളുകളുടെ ഭംഗി അവൾ ആസ്വദിച്ചു.

 

പെട്ടെന്നാണ് അവരെ വിഷമത്തിലാഴ്ത്തികൊണ്ടു ഒരു വാർത്തയെത്തിയത്. അവർ പോകുന്ന വഴിയിലെ ഒരു പഴയ പാലം തകർന്നു വീണതിനാൽ വാഹനങ്ങൾ പോവില്ല. ദൂരം കൂടുതലാണെങ്കിലും വേറെ വഴിയുണ്ട്. പക്ഷെ അടുത്ത ദിവസമേ അതുവഴി ഇനി ബസ് ഉള്ളൂ. കോവിലനും മകളും അന്നവിടെ തങ്ങാൻ തന്നെ തീരുമാനിച്ചു. ഒരു വാടകമുറിക്കും ഭക്ഷണത്തിനുമുള്ള കാശൊക്കെ കൈയിൽ കരുതിയിട്ടുണ്ട്.

 

ബസ്സ്സ്റ്റാൻഡിൽ നിന്നും അവർ ലോഡ്ജ് നോക്കി നടന്നു. തങ്ങളുടെ കൈയിലെ പൈസക്ക് ഒതുങ്ങിയ ഒരു മുറി അവർക്ക് കിട്ടിയില്ല. ഓരോ ലോഡ്‌ജും കയറിയിറങ്ങുന്നതിനിടയിൽ അവർ ഒരു കാര്യം ശ്രദ്ധിച്ചു. രണ്ടു മൂന്ന് മോട്ടോർ സൈക്കിളുകൾ ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. അതിലെ പരിഷ്കാരി ചെക്കന്മാർ തന്റെ മകളെ നോക്കുന്നുമുണ്ട്. കോവിലന്റെ മനസ്സിൽ പേടി ഉരുണ്ടു കയറി. ഒരു ക്രൂരതയുടെ മുന്നറിയിപ്പായിരുന്നു അത്.

 

ആ രാത്രിയിൽ വാടകമുറി അന്വേഷിച്ചു നടന്നിരുന്ന അവരെ വിജനമായ സ്ഥലത്തുവെച്ചു മോട്ടോർ സൈക്കിളിലെത്തിയ സംഘം ആക്രമിച്ചു. അവരുടെ ലക്ഷ്യം കോവിലന്റെ മകളായിരുന്നു. ആരും കണ്ടാൽ കൊതിക്കുന്ന ശരീരസൗന്ദര്യം അവൾക്ക് ശാപമായിത്തീർന്നു. തലയ്ക്കടിയേറ്റ അച്ഛന്റെ മുൻപിൽ വെച്ച് അവൾ പിച്ചിചീന്തപെട്ടു. നഗരത്തിന്റെ ഭംഗി ആസ്വദിച്ചിരുന്ന അവൾക്ക് നഗരത്തിന്റെ ക്രൂരതയും അനുഭവിക്കേണ്ടി വന്നു.

 

നിസ്സഹായനായ കോവിലൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. പ്രാണൻ വെടിഞ്ഞു കിടക്കുന്ന തന്റെ മകളെ കൈയിലെടുത്തുകൊണ്ട് കോവിലൻ അലറി.

 

കോവിലന്റെ കണ്ണീർ അവളുടെ മുഖത്ത് വന്നു പതിച്ചു. താഴെ വെക്കാതെ തലയിൽ വെച്ചു വളർത്തിയ അവളെ പിച്ചിച്ചീന്തുമ്പോൾ ഒരു ചെറുവിരലനക്കാൻ പറ്റാത്ത അച്ഛന്റെ മനസ്സിൽ കണ്ണീർ പകയായ് ഉരുണ്ടു കൂടി. കോവിലൻ ഉറക്കെ അലറികൊണ്ടു ശപിച്ചു.

 "ഹേ നീച മനുഷ്യാ... നാളെ നിനക്കു പിറക്കുന്ന കുഞ്ഞ് ഒരു മകളായിടട്ടെ".

 

Makal

Sreejith k mayannur

Sreejithkmayannur

ശ്രീജിത്ത് കെ മായന്നൂർ

Short story

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ