നൂറ് ഉമ്മകൾ

നൂറ് ഉമ്മകൾ

 

 

Sreejith k Mayannur

 

ഇവളെന്താ ഇങ്ങനെ. എല്ലാ പോസ്റ്റുകളിലും ഉമ്മ എന്ന് കമന്റ് ഇടുന്നത്. നാട്ടുകാരും വീട്ടുകാരും കാണും എന്ന പേടിയൊന്നും ഇല്ലേ. അതോ അവൾ ആ ടൈപ്പ് പെണ്ണാണോ. എന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ കുടിയേറി. ഇന്നലെയാണ് അവൾ എന്റെ റിക്വസ്റ്റ് അസെപ്റ്റ് ചെയ്തത്. എന്റെ പോസ്റ്റുകളിലും വന്നു ഉമ്മ എന്ന കമന്റുകൾ. പിന്നെയാണ് ശ്രദ്ധിച്ചത് ഒരു മ്യൂച്വൽ ഫ്രണ്ട് ഉള്ള കാര്യം. ക്ലാസ്മേറ്റ് ആണ്. അപ്പോൾ തന്നെ അവളെ വിളിച്ചു.

 

"എന്താ ചക്കരേ ഈ സമയത്ത് ഒരു ഫോൺ വിളി"

 

"ഒന്നുമില്ലടി, വെറുതെ ബോറടിച്ചപ്പോൾ വിളിച്ചതാ"

 

"ആയിക്കോട്ടെ, അങ്ങനെയെങ്കിലും ഓർക്കാൻ തോന്നിയല്ലോ"

 

"ആഹ് ആഹ്, ഒരു കാര്യം ഉണ്ട്. ഞാൻ ഫേസ്ബുക്കിൽ ഒരു അക്കൗണ്ട് ശ്രദ്ധിച്ചു. ഫേക്ക് അല്ല. പക്ഷെ അവൾ എല്ലാ പോസ്റ്റിലും ഉമ്മ എന്നു മാത്രം കമന്റ് ഇടുന്നു. മ്യൂച്വൽ ഫ്രണ്ട് നീയാണ്."

 

"പാർവ്വതിയാണല്ലേടാ ആ അക്കൗണ്ട്."

 

"അതെ. നിനക്കറിയുമോ അവളെ, അവളെന്താ ഇങ്ങനെ. ഇത്രേം ചീത്ത പെണ്ണാണോ അവൾ."

 

"ഡാ, നാളെ സംസാരിക്കാം. പിന്നെ ഈ കാര്യം നിന്റെ വായിനോക്കി കൂട്ടുകാർ അറിയണ്ട."

 

"ഓക്കേ, ഗുഡ് നൈറ്റ്."

 

"ഗുഡ് നൈറ്റ്"

 

പിറ്റേ ദിവസത്തെ സംസാരത്തിനു വേണ്ടിയാണു ഞാൻ കാത്തു നിന്നത്. അവളെ കണ്ടു. ക്യാന്റീനിൽ രണ്ടു ലൈം ജ്യൂസും കുടിച്ചുകൊണ്ടു സംസാരം തുടങ്ങി.

 

"അതൊരു നീണ്ട കഥയാണ് ബ്രോ. കാത്തിരിപ്പും വിരഹവും ഒരുമിച്ചെത്തുന്ന ഒരു പ്രണയകഥ. പാർവതി പാറു. അതാണ് അവളുടെ ഫേസ്ബുക്കിലെ പേര്. പാറൂസ് എന്ന് വിളിക്കുന്നതാണവൾക്കിഷ്ടം. പെൺകുട്ടികൾക്ക് പ്രണയ സാഹിത്യത്തിനോട് ഇത്തിരി പ്രണയം കൂടുതലാണല്ലോ. ഫേസ്ബുക്കിലെ കഥകളും കവിതകളും വായിക്കുന്നതിനിടയിൽ ഒരു കഥയും ആ കഥാകാരനും അവളുടെ മനസുകീഴടക്കി. ആദ്യം കഥയെ പ്രോത്സാഹിപ്പിക്കൽ ആയിരുന്നു. പിന്നെ അത് ഫേസ്ബുക്ക് ചാറ്റ് ആയി, പിന്നെ പരസ്പരം ഫോൺ വിളിയും ആയി. അവന്റെ എഴുത്തിന്റെ ഭാഗം തന്നെയായി മാറി അവൾ. അവന്റെ പല കഥകളിലും കഥാപാത്രമായ് അവൾ നിറഞ്ഞാടി. അവൻ അവൾക്കു വേണ്ടി കഥയെഴുതി. അങ്ങനെ നീണ്ട നീണ്ട പ്രണയം.

 

ആ പ്രണയം അവൾക്ക് അവനോടുള്ള ആരാധനമാത്രം ആയിരുന്നു. എന്നാൽ അത് അവനു ജീവിതമായിരുന്നു. അവളുടെ ജീവിതത്തിൽ അവൻ കടന്നുവരും എന്നവൾക്ക് ഉറപ്പായിരുന്നു. വീട്ടുകാരുടെ സന്തോഷത്തിനുവേണ്ടിയെങ്കിലും പ്രണയം എന്ന വാക്ക് ചേർക്കാതെ കല്യാണം എന്ന വാക്കിന്റെ ആർത്ഥത്തിലേക്ക് അവനെ കൊണ്ടുവരാൻ ശ്രമിച്ചു. അവൾക്ക് ഒരു മറുപടി കൊടുക്കാൻ സാധിക്കുമായിരുന്നില്ല. അവനു കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടായിരുന്നില്ല.

 

കുറച്ചു നാളത്തെ പിണക്കത്തിനുശേഷം അവൻ അവൾക്ക് ഒരു മെസേജ് അയച്ചു. എനിക്ക് ഒരു ഉമ്മ വേണം. ഒരു യാത്രയിലാണ്. ഒരിക്കലും നേരിൽ കാണാത്ത നമ്മൾ പിരിയുന്നതാണ് നല്ലത്. യഥാർത്ഥത്തിൽ അവളുടെ നെഞ്ചു തകർന്നെങ്കിലും ഒരു ഉമ്മ എന്ന് മെസേജ് അയക്കാൻ അവൾ തയാറായിരുന്നില്ല. ആ മെസേജിന് അവൾ അടുത്ത ദിവസം ആണ് റിപ്ലൈ കൊടുത്തത്. ഒരു രാത്രി മുഴുവൻ ആലോചിച്ച് എടുത്ത തീരുമാനം. ഞങ്ങൾ ഒന്നാവണം. വഞ്ചകന്മാരുടെ ഈ നാട്ടിൽ ഇങ്ങനെ ഒരാളെ കിട്ടിയതാണ് മഹാഭാഗ്യം. അവൾ തിരിച്ചു മെസേജ് അയച്ചു. "നൂറ് ഉമ്മകൾ എന്റെ കാമുകന്".

 

ആ മെസേജ് വായിക്കുന്നത് നോക്കി കാത്തിരുന്നു അവൾ. മെസഞ്ചറിലെ റീഡ് മാർക്ക് കാണപ്പെട്ടില്ല. അവന്റെ നമ്പർ സ്വിച്ച് ഓഫ് ആയിരിക്കുന്നു. ഈ കാത്തിരിപ്പ് എത്ര നീണ്ടാലും അവൾക്ക് അവനെ വേണമായിരുന്നു. അഞ്ചു ദിവസത്തെ ഇടവേളയിൽ അവളുടെ നമ്പറിൽ ഒരു ഫോൺ കോൾ വന്നു. "മാഡം, ഞാൻ ഡോക്ടർ വിശ്വൻ ആണ്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്ന് ആണ് വിളിക്കുന്നത്. മേഡത്തിന്റെ  അഡ്രെസും ഫോൺ നമ്പറും എഴുതിയ ഒരു പാർസൽ കവർ ഇവിടത്തെ ഒരു പേഷ്യന്റ് സൂക്ഷിച്ചിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം അഞ്ചു ദിവസം മുൻപ് മരണപെട്ടു. മാഡം വന്നു ഈ പാർസൽ കൈപ്പറ്റണം."

 

അവൾ യഥാർത്ഥത്തിൽ തകർന്നുപോയി. എന്നോട് കാര്യങ്ങൾ പറയുമ്പോൾ അവളുടെ സംസാരം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. പതിയെ അവൾ അവളുടേതായ ഒരു പ്രണയലോകത്തിലേക്ക് വീഴുകയായിരുന്നു. ഒരു നഷ്ടപെട്ട പ്രണയലോകം. അവളെയും കൂട്ടി ഞാൻ കാൻസർ സെന്ററിൽ പോയി പാർസൽ കൈപ്പറ്റി.

 

ആ പാർസൽ കെട്ടുകളിൽ നിറയെ അവന്റെ കഥകളായിരുന്നു. അവൾക്കുവേണ്ടി അവനെഴുതിയ കഥകൾ. നൂറു കഥകൾ ഉണ്ടായിരുന്നു അതിൽ. ആ കഥാസമാഹാരത്തിന് അവൻ ഒരു പേരു കൂടി എഴുതി വെച്ചിരുന്നു അതിനൊപ്പം. "നൂറ് ഉമ്മകൾ"

 

അവൾ ആ കഥകൾ വായിക്കും . വീണ്ടും വീണ്ടും വായിക്കും. ആ വരികൾ പറഞ്ഞു നടക്കും. ഫേസ്ബുക്കിൽ പ്രണയനൊമ്പരത്തിന്റെ പോസ്റ്റുകൾ ഇടും. കാണുന്ന പോസ്റ്റിനൊക്കെ ഉമ്മ എന്ന് കമന്റ് കൊടുക്കും. ഭ്രാന്തിയെന്നു വിളിക്കുന്ന ഭ്രാന്തമായ സമൂഹത്തിൽ അവളാണ് യഥാർത്ഥത്തിൽ പ്രണയം എന്തെന്ന് അറിഞ്ഞവൾ.

എനിക്ക് പറ്റില്ലല്ലോ അവളെ ഭ്രാന്തിയെന്നു വിളിക്കാൻ."

 

"സോറി, ഞാൻ ഇന്നലെ ഫേസ്ബുക്കിൽ കമന്റ് കണ്ടപ്പോ എന്തൊക്കെയോ തോന്നി. സോറി".

 

"എന്താടാ ചക്കരേ നീ സെന്റി ആയോ, ഇതൊക്കെ ഓരോ നിമിഷങ്ങൾ മാറുമ്പോൾ ജീവിതം പോകുന്ന കാലമല്ലേ...

നീ ജ്യൂസ് കുടിക്ക്. എന്നിട്ട് അതിന്റെ ബില്ലും കൊടുക്ക്"

 

 

 

-- ശ്രീജിത്ത് കെ മായന്നൂർ --

-- nooru ummakal --

Short story

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ