പ്രവാസപർവ്വം

പ്രവാസപർവ്വം

പ്രവാസപർവ്വം

ഒന്നു വിളിക്കാതെയെങ്ങിനെയാ...

നേരം പാതിരാത്രിയായില്ലേ...

വിളിച്ചില്ലെങ്കിൽ എനിക്കിന്നുറങ്ങാൻ

കഴിയില്ലല്ലോ...

മക്കൾ ഉറങ്ങിയോ ആവോ...

നീ അവിടെ എന്ത് ചെയ്യുന്നു..?, 

എന്നും ഒന്നുവിളിച്ചില്ലങ്കിൽ അന്ന് മുഴുവൻ അസ്വസ്ഥതയാണ്, വിവരങ്ങള്‍ അറിയാനുള്ള കൗതുകം അണപൊട്ടുന്നുണ്ട് ഉള്ളിൽ, 

വിയർപ്പ് മാറി ഒന്ന് കുളിച്ച് ഉഷാറായിട്ട് 

വിളിക്കാന്നുവെച്ചാൽ..., 

അവരെല്ലാം ഉറങ്ങിയാലോ....,, 

നേരം വൈകിയാൽ കഴിക്കാനുള്ളത് റെഡിയാക്കാനും  കാലത്തേ എഴുന്നേറ്റ് ജോലിക്കെത്താനും വൈകും,  

അതുകൊണ്ട് ആദ്യം വിളി നടക്കട്ടെ,

അത് കഴിഞ്ഞിട്ടാവാം മറ്റു പരിപാടികൾ, 

അയാള്‍ മനസ്സില്‍ പിറുപിറുത്തുകൊണ്ടിരുന്നു 

   ഏതൊരു പ്രവാസിക്കും അർദ്ധരാത്രിയായാൽ പോലും  വിളിച്ച് ഒരുനേരമെങ്കിലും തന്‍റെ കുടുംബത്തിന്റെ വിവരമൊന്നറിഞ്ഞില്ലയെങ്കിൽ 

അന്ന് അസ്വസ്ഥതയാണ്, ബാധ്യതകളും കുടുംബചിന്തയുള്ളവനുമായ  ഒരു പ്രവാസിക്കും അന്ന് ഉറങ്ങാനും കഴിയില്ല, 

   ഒന്നു വിളിച്ചാൽ ആദ്യം കേൾക്കാം തളർന്ന സ്വരത്തിൽ എത്രനേരമായി കാത്തിരിക്കുന്നു, 

അവിടെ കാത്തിരിപ്പിന്റെ പ്രയാസം, 

ആ ദുഃഖവും അവന്റെ മനസ്സിനെ അലട്ടിക്കൊണ്ടേയിരിക്കും, കുഞ്ഞുങ്ങള്‍ 

ഉറങ്ങീട്ടുണ്ടെങ്കില്‍ പിറ്റേന്ന് മുഴുവനും അവരോട് സംസാരിക്കാന്‍ കഴിഞ്ഞില്ലല്ലോന്നോര്‍ത്ത് അവരുടെ കുഞ്ഞുശബ്ദത്തിന്‍റെ മധുരവുമോര്ത്ത് ദിനം തള്ളിനീക്കും, പ്രസരിപ്പുമാഞ്ഞ പ്രവാസജീവിതം,  ചിന്താഭാരം ചന്തം നഷ്ടപ്പെടുത്തുന്ന പ്രവാസലോകം, 

   സ്നേഹം കൊതിച്ച് തണലേകാൻ ആരുമില്ലാത്ത മരുഭൂമിയുടെ മണൽചൂടിൽ കുടുംബത്തിന്റെ സാന്ത്വനം കൊതിക്കുന്നവരാണ് പ്രവാസികള്‍, 

    നാട്ടില്‍ വിമാനമിറങ്ങി പെട്ടിയുംതൂക്കി വരുന്ന അവന്‍റെ മുഖം ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങള്‍, അവന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷനിമിഷം 

നിങ്ങള്‍ക്ക് അവിടെ കാണാം, എന്തെന്നില്ലാത്ത ആഹ്ലാദത്തിലായിരിക്കും അവന്‍, പട്ടുമനസ്സുള്ള അവനെ നിങ്ങള്‍ അറിഞ്ഞു സ്വീകരിക്കേണ്ടതുണ്ട്, 

  അവന്‍റെ പെട്ടിയുടെ വലുപ്പത്തില്‍ നിങ്ങളുടെ മനസ്സുടക്കരുത്, ആ പെട്ടി നിങ്ങള്‍ക്ക് അത്തറിന്‍റെ മണമെങ്കില്‍ അവന്‌ വറ്റിയവിയര്‍പ്പ് ഗന്ധമാണ്, നിങ്ങള്‍ക്കുള്ള സ്നേഹത്തിന്‍റെ ഭാരംചുമന്നാണ് അവനെത്തുന്നത്.

   അവര്‍ കടല്‍കടന്നത്‌ കനകംവാരാനല്ല, കുടുംബത്തിന്‍റെ കണ്ണുനനയാതെ 

കരളുപിടയാതെ അല്ലലില്ലത്തൊരു ജീവിതം സ്വപ്നംകണ്ടാണ് യാത്രതിരിച്ചത്, 

കുടുംബത്തെ വേര്‍പ്പിരിയുമ്പോള്‍ അവന്‍റെയുള്ളില്‍ ഉയരുന്ന തീ അണയുന്നത് 

തിരികെ നാട്ടില്‍ തിരിച്ചെത്തുന്നതോടെയാണ്. 

പ്രതീക്ഷയോടെ പ്രയാസങ്ങളുടെ പ്രവാസപർവ്വം തേടുന്ന അവരോട് നിങ്ങള്‍ കരുണകാണിക്കുക, നിങ്ങളറിയാത്ത പുകയുന്നൊരു മനസ്സുണ്ടവർക്ക്!!!,

-ജലീല്‍ കല്പകഞ്ചേരി,

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

non

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ