പ്ലംബർ മണിയുടെ ഇരുപത്തിയാറാമത്തെ പ്രണയം

പ്ലംബർ മണിയുടെ ഇരുപത്തിയാറാമത്തെ പ്രണയം

പ്ലംബർ മണിയുടെ ഇരുപത്തിയാറാമത്തെ പ്രണയം

പ്ലംബർ മണിയുടെ ഇരുപത്തിയാറാമത്തെ പ്രണയം
 
കാർ റെയിൽവേ ഗേറ്റിലേക്ക് പാഞ്ഞടുത്തതും ഗേറ്റ് കീപ്പർ ഗേറ്റ് താഴ്ത്തിയതും ഒരുമിച്ചായിരുന്നു . നീട്ടി ഹോണടിച്ചിട്ടും പൊട്ടൻ ആട്ടം കാണുന്നതുപോലെ ഒന്നുനോക്കിയിട്ട് അവൻ താഴെയിറങ്ങി ക്യാബിനിലോട്ടുപോയി, മൊബൈൽ എടുത്തതിൽ തോണ്ടാൻ തുടങ്ങി .പ്ലംബർ മണി കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്താൻ സ്വിച്ചിൽ വിരലമർത്തി . ഗ്ലാസ് താഴ്ന്നപ്പോൾ വായിൽ നിറഞ്ഞുപതഞ്ഞിരുന്ന മുറുക്കാൻ തുപ്പൽ പുറത്തോട്ട് നീട്ടിത്തുപ്പി. ഭാഗ്യം പാഞ്ഞുവന്ന ബൈക്കുകാരൻ രക്ഷപെട്ടു . ഇല്ലെങ്കിൽ അവന്റെ വെളുത്തഷർട്ടിൽ ഇന്നു ചെമന്ന പൊട്ടുകൾ നിരന്നേനെ . പവർ വിൻഡോ വീണ്ടും ഉയർത്തി മണി ഗേറ്റിൽ തന്നെ നോക്കിയിരുന്നു .
ജീവിതത്തിൽ ഒരുമിനിറ്റുപോലും സമയമില്ലാത്തവരൊക്കെ ഒരിക്കലെങ്കിലും റെയിൽവേ ഗേറ്റിൽ കാത്തുകിടക്കണം . ഒന്നും ചെയ്യാനില്ലാതെ പത്തുപതിനഞ്ചുമിനിറ്റ് പോയിക്കിട്ടും . ഓർക്കാനൊന്നുമില്ല . ചെയ്യാനൊന്നുമില്ല . വിരസതയോടെ മുന്നോട്ടോ, വശങ്ങളിലോട്ടോ ഒക്കെ നോക്കിയിരിക്കാം . ഗേറ്റ് തുറക്കുന്നതുവരെ . പിന്നെ ഒരു കലപിലയോട്ടമാണ് . തട്ടി .. മുട്ടി... തെറികൾ . ഒരുവിധം ഊരാക്കുടുക്കിൽനിന്നു രക്ഷപെടുമ്പോഴേക്കും റിയർ വ്യൂ മിററിൽ നോക്കിയാൽ വീണ്ടും ഗേറ്റ് താഴുന്നതുകാണാം .
വെറുതെ പുറത്തോട്ടൊന്നു നോക്കി . പക്ഷെ ഇപ്പോൾ ബൈക്കുകാരും കാറുകാരും എന്തിന്, നടന്നുവന്നവൻ പോലും തലകുമ്പിട്ട ഒരേ ഇരിപ്പും നിൽപ്പുമാണ് . വിരലുകൾ വിശ്രമമില്ലാതെ തോണ്ടിക്കൊണ്ടിരിക്കും . സ്മാർട്ട് ഫോണുകൾ മനുഷ്യന്റെ ആയുസ്സിൽ പകുതിയിലധികം കർന്നുതിന്നുന്നത് ആരും മനസ്സിലാകുന്നില്ല . ആർക്കുമൊട്ടു മനസ്സിലാക്കുകയും വേണ്ടതാനും .
മൊബൈൽ ബെല്ലടിച്ചു . ട്രെയിൻ വന്നിട്ടില്ല . സമയമുണ്ട് .
'ഹലോ പ്ലംബർ മണി . ഓ . അതുശരി . ചെയ്യാമല്ലോ ? ത്രീ ഇൻ ബിൽറ്റ് ബാത്രൂം അല്ലെ ? പിന്നെ കിച്ചൺ . ഓക്കേ . വാട്ടർ സ്റ്റോറേജ് ... ഗാർഡനിൽ ഫൗണ്ടൈനും വേണോ ? ഗുഡ് . നാളെ സൈറ്റിൽ ആളെത്തിയിരിക്കും . ആ ലൊക്കേഷനും .. നിയർ ബൈ ഏരിയയും ഒന്ന് വാട്ട്സ് ആപ്പ് ചെയ്തേക്ക് . ഓക്കേ ഓക്കേ . അപ്പൊ ശരി . .. മാഡത്തിന്റെ പേര് .? ശാരിക . ഓക്കേ ഓക്കേ . ആളുവരും . '
ഫോൺ കട്ട് ചെയ്തപ്പോൾ പെട്ടെന്ന് ചിന്തകൾ എങ്ങോട്ടോ പാഞ്ഞുപോയി . ലൊക്കേഷൻ കിട്ടി . നിയർ ബൈ ഏരിയ കണ്ടുപിടിച്ചു. . ജസ്റ്റ് ബിഹൈൻഡ് ഓഫ് ഗവണ്മെന്റ് ഹോസ്പിറ്റൽ ....................
ശാരിക ............ബട്ട് ഇതവളല്ലല്ലോ ? തന്റെ ഇരുപത്തിയാറാമത്തെ കാമുകി . മറ്റുള്ളവരുടെ പേരുകൾ .........
ആദ്യം ശ്രീദേവി ........ പിന്നെ ശാന്തി . ബബിത .. രോഹിണി .... രാജശ്രീ ........രാജശ്രീ . രാജശ്രീ ............ഹ . പലരുടെയും പേരുകൾ ഓർമ്മയിൽ വരുന്നില്ല . അവസാനം വന്നുനിൽക്കുന്നത് ശാരികയിൽ . അവളൊരു മാദകത്തിടമ്പായിരുന്നു . പൈപ്പ് റേഞ്ച് പിടിച്ചു തഴമ്പിച്ച കൈകൾ സോൾവെന്റ് പശ പൈപ്പിലൊട്ടിക്കുന്നതുപോലെ അവളുടെ ഓരോ ബെൻഡിലും സ്ക്വയറിലും തലോടുമ്പോൾ അവൾ അവൾ ചൂടാക്കിയ പി വി സി പൈപ്പ് പോലെ വളയാറും പുളയാറുമുണ്ടായിരുന്നു ..
'മണി നിന്റെ പൈപ്പ് റേഞ്ച് കൊണ്ടുള്ള പിടുത്തം .... പിന്നൊരു പൈപ്പിനും നിന്നെ അനുസരിക്കാതിരിക്കാനാവില്ല .. അതുപോലാടാ ഈ പെണ്ണും . നിന്റെ തഴമ്പുള്ള കൈകള്കൊണ്ടുള്ള ഒരു തലോടൽ . ഒരാലിംഗനം . അതൊക്കെ മതി എനിക്ക്.............നീ ആദ്യമായി പൈപ്പ് നന്നാക്കാൻ വന്നതെനിക്ക് വളരെ നന്നായി എനിക്കോർമ്മയുണ്ട് . ......... പിന്നീടൊരിക്കലും എനിക്കത് ഓർമ്മവന്നിട്ടില്ല.............മറന്നെങ്കിലല്ലേ നമ്മൾ കാര്യങ്ങൾ ഓർത്തെടുക്കേണ്ടതുള്ളു .......... നീ കണക്ഷൻ കൊടുത്തിട്ടുപോയതില്പിന്നെ.. പിന്നെത്രയോക്കെ പൈപ്പുകൾ ഞാൻ അറിഞ്ഞും അറിയാതെയും പൊട്ടിച്ചിരിക്കുന്നു ... ഹ ഹ ഹ ' അവളുടെ ചിരി ഇമ്പമുള്ളതായിരുന്നു . അവള് കിന്നാരം പറയുമ്പോൾ അവളുടെ മടിയിൽ തലവച്ചുകിടക്കാൻ നല്ല സുഖമായിരുന്നു . അപ്പോൾ അവളിൽനിന്നു പ്രസരിക്കുന്ന ഗന്ധം സോൾവെന്റിന്റേതായിരുന്നു . അത് മൂക്കുമുട്ടെ വലിച്ചുകയറ്റുമായിരുന്നു . അപ്പോളവൾ പറയും .............
'ഇന്നു മൂന്നാ .. രണ്ടുദിവസംകൂടെ കഴിയട്ടെ .. '
പിന്നിൽ നിന്നും മുന്നിൽ നിന്നുമുള്ള ഹോൺ മുഴക്കങ്ങൾ .. ട്രെയിൻ വന്നതും പോയതുമറിഞ്ഞില്ല . ഗേറ്റ് തുറന്നപ്പോഴേക്കും കലപിലയോട്ടക്കാർ കൂകിപ്പാഞ്ഞുകൊണ്ടിരുന്നു . ശരികയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ ഇതൊക്കെ ആരറിയാൻ .
വണ്ടി മുന്നോട്ടെടുത്തു മീശയുടെ മാടക്കടയുടെ മുന്നിൽ നിറുത്തി . സാധാരണ ഇതുവഴി വരുമ്പോൾ മീശയുടെ കടയിൽ കയറി ഒന്നു മുറുക്കിയിട്ടേ പോകൂ . ഇല്ലെങ്കിൽ ഇനി അങ്ങ് പാടവും തോടുമൊക്കെ കടന്നുപോകണം ഒരു നല്ല മുറുക്കാൻ കിട്ടണമെങ്കിൽ .
'ആഹാ പ്ലംബർ മണി എത്തിയല്ലോ .. ? ' ഇറങ്ങിച്ചെല്ലുമ്പോഴേക്കും മീശ സ്തുതിവാചകങ്ങൾ ചൊല്ലാനുള്ള ഒരുക്കം തുടങ്ങിയിരുന്നു . ഒരു മുറുക്കാന് നൂറു രൂപ കൊടുക്കുന്നയാൾ പ്ലംബർ മണിയല്ലാതെ ആ നാട്ടിലോ അന്യനാട്ടിലോ വേറെയാരുമുണ്ടാകില്ലെന്നയാൾക്കറിയാം .
'മണി . ഈ കാറിന്റെ മുന്നിലും പിന്നിലുമുള്ള ബോർഡ് ഉണ്ടല്ലോ . കുറച്ചൂടെ വലിപ്പത്തിലാക്കണം . എന്നിട്ട് ചെമപ്പ് നിറത്തിൽ വെള്ളകൊണ്ടോ . വെള്ളനിറത്തിൽ ചെമപ്പുകൊണ്ടോ എഴുതണം . ഈ കലക്റ്റർ . പോലീസ് എന്നൊക്കെ എഴുതുന്നതുപോലെ . അതാ ഒരെടുപ്പ്' മീശ പാക്ക് നുറുക്കിക്കൊണ്ട് പറഞ്ഞു.
'ഹ ഹ ഹ . അതൊക്കെ മീശേ വല്യ പുലിവാലാ . ഇപ്പൊ എന്താണെന്നോ ?. അതൊക്കെ നിയമപരമായി കുറ്റങ്ങളാണെന്നാണല്ലോ വയ്പ്പ് . അപ്പൊ . പോലീസുകാർക്ക് എന്നോട് ചോദിക്കാനോ , ബോർഡ് മാറ്റണമെന്ന് പറയാനോ ബുദ്ധിമുട്ട് കാണും . എന്നാൽ നിയമമല്ലയോ . അനുസരിപ്പിക്കാതിരിക്കാനും വയ്യല്ലോ . ചുമ്മ അവന്മാരുടെ ബി പി കൂട്ടണോ ? '
ഒരു ഒഴുക്കൻ ചിരിയും ചിരിച്ച് നൂറിന്റെ നോട്ട് വീശുമ്പോൾ മീശയുടെ മീശ നിന്നുവിറയ്ക്കും .
അല്ലെങ്കിൽത്തന്നെ വിറയൽ അല്പം കൂടുതലാണ് . രാവിലെ .. രാവിലെയാണ് . വെളുപ്പിന് ചാക്കോയുടെ ഒഴിച്ചുകൊടുപ്പുശാലയിൽ ലൈൻ നിൽക്കുമ്പോഴും ആ വിറയൽ ഉണ്ടായിരിക്കും . രണ്ടെണ്ണം വിടും . അതിന്റെ ബലത്തിൽ പത്തുമണിവരെയൊക്കെ കടിച്ചുപിടിച്ചുനിക്കും . പിന്നെ ഒറ്റയോട്ടമാണ് . ബീവറേജസ് . ഇപ്പൊ നടുറോട്ടിൽനിന്നു മാറ്റി . ആനയും ആളും കേറാത്ത ഒരു മൂലയ്ക്കാക്കി . അതാ കഷ്ടം . പിന്നെ അവിടെച്ചെന്നതു മേടിച്ച് ഒരെണ്ണം പൊട്ടിച്ചുകുടിച്ച് തിരിച്ചു കടയിൽ വരുമ്പോഴേക്കും . സമയം ഉച്ചയാകും . ഇന്നിപ്പോ ഒടേതമ്പുരാനായിട്ട് മണിയെ എത്തിച്ചതാണ്. .മണി നീ ദൈവമാണ് . നീ മാടയാണ് . നീ മറുതയാണ് എന്നൊക്കെ അടിച്ചുവിട്ടോണ്ടിരിക്കും . മണി അങ്ങോട്ടുനീങ്ങിയാലോ .........
'പന്നക്കഴുവേറീടെ മോൻ.. അവന്റെ ഒരഹങ്കാരം കണ്ടില്ലേ . നൂറിന്റെ നോട്ട് . അതും എട്ടുരൂപയുടെ മുറുക്കാന് . അവന്റെ തള്ളയും തന്തയും പാടത്തും പറമ്പിലും കണ്ടവന്റെ അടുക്കള നിരങ്ങിയുമാണ് കഴിഞ്ഞിരുതെന്നൊക്കെ അവനോടാരെങ്കിലും പറയാമോ ? അവരുടെ കിടുങ്ങാമണിയും ചെത്തിക്കൊണ്ടവൻ പോകും . ഇപ്പൊ കാശായി . പദവിയായി . പത്രാസായി . പിന്നെ . .. '
അടുത്തുനിൽക്കുന്നവൻ ആരു മായിക്കോട്ടെ .. ആ നാട്ടുകാരനോ . അടുത്ത നാട്ടുകാരനോ . ഇനി റോട്ടുപണിക്കുവന്ന ബംഗാളിയോ . ആരുമായിക്കോട്ടെ . അവന്റെ ചെവിയിൽ പറയും .
'അവൻ ആളത്ര ശരിയല്ല കേട്ടോ . മൂന്നോ നാലോ കെട്ടിയതാണ് . . എല്ലാ അവളുമാരും ഒന്നോ രണ്ടോ വര്ഷം പൂർത്തിയാക്കത്തില്ല .. അതിനുമുൻപ് എന്തെങ്കിലും അസുഖം വന്നു ചാകും . കഷ്ടം . പാവം . ! ഓരോ മനുഷ്യരുടെ ഓരോ വിധിയെ . എത്ര കാശുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം . പിന്നെ ഒരുത്തിക്കും . സന്താനഭാഗ്യമുണ്ടായിരുന്നില്ല . അതുകൊണ്ടുതന്നെ ഈ പൂത്തകാശൊക്കെ അനുഭവിക്കാൻ ഇനി വേറെയാരാ .. ? '
കേൾക്കുന്നവനും താൽപ്പര്യം കാണിച്ചാൽ . കഥ മുന്നോട്ടുപോകും .
'വാ . ഇങ്ങോട്ടിരിക്ക് . മാടക്കടയുടെ മൂലയ്ക്ക് കിടക്കുന്ന മൂന്നുകാലുള്ള ബെഞ്ചിന്റെ നാലാമത്തെ കാലിനെ താങ്ങിനിറുത്തിയിരിക്കുന്ന ഇഷ്ടിക കഷണങ്ങൾ നേരെയാക്കിവച്ചിട്ട് മീശ പറയും . മീശ തടവിക്കൊണ്ടുതന്നെ .. .
'ആള് പുലിയാ കേട്ടോ .. . ചില അവളുമാർക്ക് അവനെ താങ്ങാൻ പറ്റാഞ്ഞിട്ടാണ് എന്നൊരു ശ്രുതിയും നാട്ടിലുണ്ട് .കേട്ടോ . അതിപ്പോ നമ്മൾ ആണുങ്ങളുടെ കാര്യമല്ലേ ? കേറിമറിഞ്ഞാൽ .. മറിഞ്ഞതാ . ചില അവളുമാര് സഹിക്കും . ചിലർക്കതൊന്നും പറ്റാറില്ല . ഒന്നോ രണ്ടോ അവളുമാര് അങ്ങനെ ഓടിപ്പോകാൻ നോക്കിയപ്പോ . ഇവൻ തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണെന്നൊക്കെ ഒരു സംസാരമുണ്ട് . ആ ആർക്കറിയാം . ? ഒരു ചായ എടുക്കാം . അല്ലെ ? വർത്താനം പറഞ്ഞിരുന്നു സമയം പോകുന്നതറിഞ്ഞില്ല . .. '
കിളവൻ മീശ മണ്ണെണ്ണസ്റ്റോവിന്റെ തിരികൂട്ടിവച്ചിട്ട് വെള്ളവും പാലും പഞ്ചസാരയും തേയിലയും എല്ലാംകൂടി ഒരുമിച്ചു തട്ടിയേച്ച് വീണ്ടും . അടുത്തുകൂടും .
'അവനിച്ചിരി അസുഖം അല്ലെങ്കിലും കൂടുതലാണെന്നാ ഒരു പറച്ചിൽ.. കൊച്ചു പെൺപിള്ളാര്‌ പോയാലും അവന്റെയൊരു നോട്ടം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . ഇപ്പൊ ഈ പിള്ളാരൊക്കെ എന്തോന്നാ ഇടുന്നത് . കാലിലൊട്ടിപ്പിടിച്ചു കിടക്കുന്ന ആ സാധനമുണ്ടല്ലോ .. എന്താ അതിന്റെ പേര് ?’
'ലെഗിൻസ് .. മീശേ . '
'മീശ നിന്റെ അപ്പൻ . പോടാ മൈ .................'
കാര്യമൊക്കെ ശരിതന്നെ കേൾക്കെ ഇരട്ടപ്പേരുവിളിച്ചാൽ വിളിക്കുന്നവന്റെ അപ്പന് പറയാതെ മീശ അടങ്ങത്തില്ല.. പ്ലംബർ മണിയേ ഒഴിച്ച് . മീശ . ആർമിയിലായിരുന്നു . . സുബേദാറാ കോപ്പാ ന്നൊക്കെയാ അയാള് നാട്ടിൽ പറഞ്ഞുപരത്തിയിരുന്നത് . മാലി (തോട്ടക്കാരൻ) ആയിരുന്നുവെന്നു കൂടെ ജോലിചെയ്തിരുന്നവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .
‘ന്ഹാ ലെഗിൻസ് ... അങ്ങനല്ലേ? . അതൊക്കെ ഇട്ടോണ്ട് പോകുമ്പോ ഈ തൊടയൊക്കെ നല്ല വൃത്തിക്ക് കാണാല്ലോ ? ഇപ്പൊ കാണുന്നവർക്ക് അതൊക്കെ പോരെ . അവര് മനസ്സിൽത്തന്നെ ആ നേർത്ത തുണി വലിച്ചൂരി കളയും .. അപ്പൊ പിന്നെ എന്താ കാണുന്നത് ? എന്താ ? '
കേൾക്കുന്നവനും ഞെളിപിരി കൊള്ളണം . കൊള്ളും അവൻ ഒരുകാലിനുമേൽ മറ്റൊരു കാലെടുത്തുവയ്ക്കും .. അവന്റെ മുഖത്തൊരു പുഞ്ചിരി വിരിയും.. ഭഗവാന്റെ തിരുരൂപം കാണുന്നതുപോലെ കണ്ണുകൾ മേപ്പോട്ടോന്നു മറിയും, . ഏതെങ്കിലും ബുദ്ധിജീവി കണ്ടാൽ പറയും ഇതാണ് ആത്മരതിയെന്ന്.. എന്ത് കോപ്പാണെങ്കിലും വേണ്ടില്ല കാഴ്ച സുന്ദരം തന്നെ. ..അതാണ് ഈ പ്രായത്തിലും മീശയുടെ ഒരാവേശം . പഴയ പട്ടാളക്കാരനല്ലേ . ആവേശമൽപ്പം കൂടും .
'ഇന്നാ ചായ പിടിക്ക് . '
'ചായ വേണ്ട ചേട്ടാ ........... '
'എടാ തന്തയില്ലാകഴുവേർഡാ മോനെ ... നിന്നോട് ഞാൻ പറഞ്ഞതല്ലേ .. ചായ എടുക്കാമെന്ന് . '
'വായിൽ മുറുക്കാൻ കിടക്കുമ്പോഴാണ് അങ്ങേരുടെ ഒരു ചായ . എന്റെ പറ്റിലെഴുതിക്കോ .. '
അങ്ങനെപറ്റെഴുതിയ കണക്കുബുക്കുകളുടെ എണ്ണം നാലായി ഈ രണ്ടുവര്ഷംകൊണ്ട് .
വണ്ടി വലിയ പാലം കടന്നതുപോലുമറിഞ്ഞില്ല . താഴോട്ടിറങ്ങി വലത്തോട്ട് കയറിയാൽ കള്ളുഷാപ്പുണ്ട് . നല്ല നാടൻ കള്ളുകിട്ടും . ചെത്തുകള്ളാണ് .പാലക്കാടൻ കലക്ക് കള്ളു വേറെയുണ്ട് . ഇതിപ്പോ .. നല്ല സ്വയമ്പൻ സാധനം . മധുരക്കള്ളാണ്‌ .
രണ്ടുകുപ്പി അകത്താക്കിയാൽ ഒരുന്മേഷമൊക്കെ കിട്ടും .
കുപ്പിയുടെ അടപ്പുതുറന്നപ്പോൾ തന്നെ മൂക്കിലേക്കതിന്റെ മണം അടിച്ചുകയറി . പ്ലംബർ മണിക്ക് പ്രത്യേകം ക്യാബിൻ ഉണ്ട് അവിടെ . മണി വന്നാല്പിന്നെ അതിലേക്കർക്കും പ്രവേശനമില്ല . ഒഴിച്ചുകൊടുപ്പുകാരൻ ശംഭുവും മണിയും അതാണ് പാകം . രണ്ടുകുപ്പി കള്ളിനും തൊട്ടുകറികൾക്കും കപ്പയും എല്ലാംകൂടി കൂടിയാൽ ഒരു ഇരുനൂറ്റന്പത് . പക്ഷെ ശംഭുവിനു രണ്ടുകുപ്പി കള്ള് . ഒരു ഇരുന്നൂറു വേറെ . അതാണ് പതിവ് .
'അപ്പൊ മണിച്ചേട്ടാ .. നല്ല ആമ ഫ്രൈ ഉണ്ട് .. എടുക്കട്ടേ .. ?' ശംഭു തലചൊറിഞ്ഞു .
'വേണ്ടടാ . ഇന്നൊരു അങ്കലാപ്പ് . വരാലൊന്നും കിട്ടിയില്ലേ ? '
'ഇല്ല .. തെരണ്ടിയുണ്ട് .. നല്ല കുടംപുളിയൊക്കെയിട്ട് .. എരിവുകൂട്ടി .......അതായാലോ ? '
അവന്റെ പറച്ചിലുകേൾക്കുമ്പോൾത്തന്നെ മുന്നിലിരിക്കുന്നവന്റെ വായിൽ വെള്ളമൂറും .
'വേണ്ടാ . നീ കൊഴുവ വറുത്തതുണ്ടെങ്കിൽ രണ്ടുപ്ളേറ്റ് ഇങ്ങെടുത്തോ.. ഒരു മൂന്നു ബുൾസൈ .പിന്നെ കപ്പ .. ചാറ് ന്താ ഒള്ളത് ? '
'ദിപ്പൊ വരാം . '
കുപ്പിയുടെ മുകളറ്റം കൈവിരലാൽ തൂത്തിട്ട് ഒറ്റ പിടി .
ഇതവളാണോ ? .. കെട്ടാമെന്നൊക്കെ വാക്കുകൊടുത്തിരുന്നതാ . അതിനിടയ്ക്കണവൾ പെട്ടെന്ന് മുങ്ങിയത് .. ഏതോ ചെക്ക് കേസിൽ കുടുങ്ങിയെന്നോ . ഒക്കെയൊരു ജനസംസാരം കേട്ടിരുന്നു . പോലീസ് കേസ് ആയെന്നൊക്കെ . . പ്ലംബർ മണി അവളുടെ പതിവുകാരനായിരുന്നകാര്യം അധികമാർക്കും അറിയില്ലായിരുന്നല്ലോ ? അതുകൊണ്ടു രക്ഷപെട്ടു . പിന്നെ അന്നത്തെ എസ് ഐ യ്ക്ക്ക് ഒരു രൂപയാ എടുത്തിട്ടുകൊടുത്തത് .. പ്രാകിക്കൊണ്ടായിരുന്നു . മൂന്നാം ദിവസം ആയിരത്തിന്റെ നോട്ട് നിരോധിച്ചു . അയാളെ വേറെങ്ങോട്ടോ സ്ഥലം മാറ്റുകയും ചെയ്തു .
കൊഴുവ തീർന്നു . കുപ്പി കാലിയായി . കപ്പ തീർന്നു . മധുരക്കള്ളിന്റെ സ്റ്റോക്കും തീർന്നു . രാത്രി മണി പത്തായെന്നു ശംഭു വന്നുപറഞ്ഞപ്പോഴാണ് എണീറ്റത് .
കാറിൽ കയറി ഇരിക്കുമ്പോഴും . കാർ മുന്നോട്ടെടുക്കുമ്പോഴും . ശാരികതന്നെയായിരുന്നു കണ്മുന്നിൽ . അവളുടെ ഫോൺ നമ്പർ എടുത്തുനോക്കി . സേവ് ചെയ്തിട്ടില്ലായിരുന്നു . സേവ് ചെയ്തു . അപ്പോൾത്തന്നെ ഒന്നുകൂടെ വിളിച്ചാലോ എന്നൊരു തോന്നൽ . വേണ്ടാ . വേറെ ഏതെങ്കിലും പത്രിവ്രതയാണെങ്കിൽ ഇനി അതുമതി . സുബിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. രാവിലെ പോയി വർക്ക് നോക്കി എസ്റ്റിമേറ്റ് എടുക്കാനും പറഞ്ഞു .
കിടന്നിട്ടുറക്കം വരുന്നില്ല . ആരൊക്കെയാ ഈ മുറിയിലുള്ളത് . ശ്രീദേവി ............ശാന്തി . അനിതാ .. രോഹിണി .... രാജശ്രീ ആഹാ എല്ലാരുമുണ്ടല്ലോ ? ഇവരൊക്കെ വെറും കാമുകിൽമാരായിരുന്നല്ലോ ? ഭാര്യമാരായിരുന്നവളുമാരൊക്കെ എവിടെപ്പോയി . ? ഓ . അവർക്ക് വരാൻ കഴിയില്ലല്ലോ ? ഇഹലോകവാസം വെടിഞ്ഞവർ തിരികെ വരാറില്ലല്ലോ ?
ചന്ദ്ര .............. കുഞ്ഞമ്മിണി ........... ആമിന.................. ആനി .............ആനിയുടെ മരണം വല്ലാതെ തളർത്തിയിരുന്നു . ഇവരൊക്കെ എന്താ ഇങ്ങനെയൊന്നു പലപ്പോഴും തോന്നിയിരുന്നു . മണിക്ക് പെണ്ണുവാഴില്ല എന്നൊരു ശ്രുതി നാട്ടിൽ പരന്നിരുന്നു.. എന്നിട്ടും ആരും നേരിട്ട് ചോദിച്ചിട്ടില്ല . പണം തന്നെ കാരണം . പ്ലംബർ മണി പ്ലംബിങ്ങിനുവേണ്ടി കുഴിച്ചപ്പോൾ എന്തോ നിധികിട്ടിയെന്നു പറഞ്ഞുപരത്തുന്ന തെണ്ടികളും നാട്ടിലില്ലാതില്ല . ഇടയ്ക്കു കുറേക്കാലം മുംബൈയിൽ ആയിരുന്നതുകൊണ്ട് ഹവാല കൊണ്ടുവന്നതാണെന്നും പറയാറുണ്ട് .ആരും നേരേ മുഖത്തുനോക്കി ചോദിക്കാത്തത് അവന്റെയൊക്കെ ഭാഗ്യം . കത്തി അവന്റെ പള്ളയ്ക്ക് കേറുമെന്നവനറിയാം . ..
ഏതോ സർപ്പക്കാവിലെ നിധിയാണ് കിട്ടിയതെന്നും . അതുകൊണ്ടാണ് മണിക്ക് പെണ്ണുവാഴാത്തതെന്നും പറഞ്ഞുപരത്തിയിരുന്നു . എങ്കിലും നാട്ടിൽ എന്തിനും ഏതിനും പ്ലംബർ മണി വേണം . ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അമ്മൂമ്മേടെ വാഴയ്ക്കാ ഉത്സവത്തിനും . അമ്പലത്തിലും, പള്ളിയിലും വെടിക്കെട്ട് പൊട്ടണമെങ്കിലും . മണിയുടെ കാശുവേണം . അനാഥർക്കത്താഴക്കഞ്ഞി . വന്നു നക്കിയിട്ടുപോകുന്നതോ . മേലനങ്ങാതെ സീരിയലും കണ്ടോണ്ടിരിക്കുന്ന പിത്തം പിടിച്ച കൊച്ചമ്മമാർ മുതൽ കെട്ടിയവന്റെ വാക്കനുസരിക്കാതെ നടക്കുന്ന കറവക്കാരി ചിന്നമ്മവരെ . . അതിൽ ഒന്നുരണ്ടവളുമാരെ ഇടയ്ക്കൊന്നു വിശദമായി കണ്ടതാ . പക്ഷേ . പല പോക്കുകേസുകളും ഇതിനേക്കാൾ ഭേദമെന്നെ തോന്നിയുള്ളൂ . പ്ലംബർ മണിയൊന്നു ഞൊടിച്ചാൽ അവളൊക്കെ ഇറങ്ങിപ്പോരും . അപ്പൊ ഭർത്താവ് ഉപേക്ഷിച്ചുപോയതിന്റെ കൂലിയും പ്ലംബർ മണിതന്നെ കൊടുക്കേണ്ടിവരും . ഭർത്താക്കന്മാർ ഗൾഫിലുള്ള . സദാസമയവും സ്കൂട്ടിയേലൊക്കെ ചെത്തിനടക്കുന്ന രണ്ടുമൂന്നവളുമാരുമുണ്ട് ... അവർക്കൊക്കെ ഇടയ്ക്കൊരു സുഖം . അതുമാത്രം മതി . മതിയെങ്കിൽ മതി . നമുക്കും മതി .
പക്ഷേ ഇവൾ . ശാരിക ............ അന്നും ഇന്നും എന്നും ഒരു മരീചികയായിരുന്നു . ഭർത്താവുണ്ടെന്നും പറയുന്നു . ഇല്ലെന്നും .. മക്കളുണ്ടെന്നും പറയുന്നു . ഇല്ലെന്നും . ഈ നാട്ടുകാരിയല്ല . പഞ്ചായത്തിന്റെ ഏതോ പ്രോജെക്ടിനോനുബന്ധിച്ച് ഇവിടെ വന്നതാണ് . പതിയെ വാടകയ്ക്ക് താമസം തുടങ്ങി . ജസ്റ്റ് ബിഹൈൻഡ് ഓഫ് ഗവണ്മെന്റ് ഹോസ്പിറ്റൽ .................... അവൾ പോകുന്നതിനുമുന്നെ ഉണ്ടായതിനെ അലസിപ്പിച്ചതും അവിടെത്തന്നെയായിരുന്നു . ഇപ്പോഴത്തെ അഡ്രസ് അതില്നിന്നൊക്കെ ഒത്തിരി മാറിയാണ് .
ആ ശബ്ദം . അതെവിടെയോ കേട്ടുമറന്നതുപോലെയുണ്ട് . അതെ . ഇതവൾ തന്നെ . സുബിന് ഡീറ്റെയിൽസ് കൊടുക്കണ്ടായിരുന്നു. നാളെ സ്വയംപോയാൽ മതിയായിരുന്നു .
പന്ത്രണ്ടേ മുക്കാൽ ..........
'സുബിനെ .............. നീ ഉറങ്ങിയോ ?'
'അണ്ണാ.. നല്ല ഉറക്കത്തിലായിരുന്നു . എന്താ അണ്ണാ . ? '
'നാളെ അവിടെ പോകണ്ടാ . ആ വർക്ക് ക്യാൻസൽ ആയി . അവര് വിളിച്ചുപറഞ്ഞിരുന്നു . '
'ഈ ഒരുമണിക്കോ . ?'
'അല്ലടാ............. നേരത്തെ . .. പിന്നെ ഇങ്ങോട്ടാധികം ഉണ്ടാക്കാൻ വരല്ലേ .. കഴിഞ്ഞു എന്നുപറഞ്ഞാൽ കഴിഞ്ഞു . കിടന്നുറങ്ങാൻ നോക്കടാ .. '
 
പ്ലംബർ മണിയുടെ ഇരുപത്തിയാറാമത്തെ കാമുകി . ശാരിക . അതവൾ തന്നെ . ഉറപ്പിച്ചു . പ്ലംബർ മണിക്ക് ഭാര്യമാർ വാഴില്ല . അതും ഉറപ്പിച്ചു .
...............................................................................................
ഇൻസ്പെക്ടറുടെ മുഖം ചെമന്നിരുന്നു .
'മിസ്റ്റർ മണി അവർ അവസാനമായിട്ട് വിളിച്ചത് താങ്കളുടെ നമ്പറിലേക്കാണ് . അതായത് തൂങ്ങി മരിക്കുന്നതിന് ഏകദേശം . ഏഴുമണിക്കൂറിനു മുന്നേ . അതായത് അഞ്ച് പതിനെട്ടിന് . അതുകഴിഞ്ഞവർക്കൊരു കാൾ വരികയോ അവരൊട്ടൊരു കാൾ ചെയ്യുകയോ ചെയ്തിട്ടില്ല . '
പ്ലംബർ മണിയുടെ കണ്ണുകളിൽ മുത്തുമണികൾ ഉറഞ്ഞുകൂടി . സാർ ഇതുവരെ വാട്ട്സ് ആപ്പിൽ വന്ന മെസ്സേജിന്റെ കാര്യം ചോദിച്ചിട്ടില്ല . അതുംകൂടി ചോദിച്ചാൽ പിന്നെ . ..
'സർ ദുഖമുണ്ട് . നല്ലൊരു വർക്ക് കാണും.. നാളെ വന്നു എസ്റ്റിമേറ്റ് എടുക്കണം എന്നൊക്കെയാണ് ആ മാഡം പറഞ്ഞതെന്നോട് . അതില്കൂടുതലൊന്നുമില്ല .. ഇല്ലെങ്കിൽ സാറ് സുബിനോട് ചോദിച്ചുനോക്ക് . ഞാൻ ഇവനെ വിളിച്ചു പറഞ്ഞതുമാ .. പണി നോക്കിയിട്ടുവരണമെന്ന് . ചോദിക്ക് .
എസ് ഐ സുബിനെ നോക്കി .
'അതെ സർ ................ '
പക്ഷേ അണ്ണൻ പറഞ്ഞത് അവർ വിളിച്ചു പണി ക്യാൻസൽ ചെയ്തന്നല്ലേ ?
 
വേണു 'നൈമിഷിക'

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ . വേണു നൈമിഷിക.. കുറച്ചൊക്കെ എഴുത്തും.. കഥ, കവിത നോവൽ.. ഹിന്ദിയിൽനിന്നു മലയാളത്തിലേക്കും തിരിച്ചും തർജ്ജുമ ചെയ്യാറുണ്ട് . ഇപ്പോൾ ചില സീരിയലുകൾ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു . ഫേസ്‌ബുക്കിലൂടെ പ്രശസ്തമായ എന്റെ കൃതികൾ നോവൽ : പ്രേതം, വാട്സ് ആപ്പ്, കണക്കുകൾ കഥപറയുമ്പോൾ, എന്റെ സ്വന്തം യക്ഷി , നദി, പത്തൊൻപത്.. കവിതകളുടെയും കഥയുടെയും എണ്ണം എടുത്തിട്ടില്ല . ലിങ്ക് ചെയ്തിരിക്കുന്നത് ഫേസ്‌ബുക്കിന്റെ പുതിയ പ്രൊഫൈൽ ആ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ