പേരുദോഷം

പേരുദോഷം

പേരുദോഷം

ഓഫീസ് വിട്ട് ഹേമലത വീട്ടിലെത്തുമ്പോള്‍ രാമചന്ദ്രന്‍ കസേരയിലിരുപ്പുണ്ട്. ആ ഇരിപ്പ് അത്ര പന്തിയായി ഹേമലതയ്ക്ക് തോന്നിയില്ല. രാവിലെ താന്‍ വഴക്കു പറഞ്ഞതിന്റെ വിഷമത്തില്‍ രണ്ടു വീശിയോ? എങ്ങനെ വഴക്കു പറയാതിരിക്കും ഭക്ഷണം നിയന്ത്രിക്കണെമെന്ന് ഗൗരവമായി ഡോക്ടര്‍ പറഞ്ഞിട്ടും ഒരു കാര്യമില്ല. കിട്ടിയതെല്ലാം വാരി വലിച്ചുകഴിക്കും. രാവിലെ തന്നെ രണ്ട് പഴുത്ത മാങ്ങ ചെത്തിത്തിന്നുന്നത് കണ്ട് കലിയിളകി പറഞ്ഞുപോയതാണ്. അതിത്തിരി കൂടിപ്പോയെന്ന് അന്നേരം തോന്നിയതുമാണ്. ഹേമലത അടുത്തെത്തിയപ്പോള്‍ രാമചന്ദ്രന്‍ വല്ലാത്ത ഒരു കുഴച്ചിലിലോടെ ഇങ്ങനെ പറഞ്ഞു. 'മറ്റൊന്നും ആലോചിച്ചില്ലെടി. എന്നോട് ക്ഷമിക്കണം' പിന്നെ, ചക്ക വെട്ടിയിട്ടതുപോലെ താഴേക്ക് മറിഞ്ഞുവീഴുകയായിരുന്നു ഹേമലതയുടെ കരച്ചില്‍ കേട്ട് അടുത്ത വീട്ടിലെ നാരായണന്‍ പാഞ്ഞത്തി. 'ചേട്ടന്‍ വിഷം കഴിച്ചൂന്നോ തേന്നണേ..' അതുകേട്ടയുടന്‍ നാരായണന്‍ മകനെ വിളിച്ചു. മകന്‍ കാറുമായി കുതിച്ചെത്തി. 'എന്താ പറ്റ്യേ?' ക്വാഷ്വാലിറ്റിയിലെ ഡോക്ടര്‍ തിരക്കി. 'ഞാനൊത്തിരി വഴക്കു പറഞ്ഞു. അതിന്റെ വിഷമത്തില്‍ ചേട്ടന്‍ വിഷം കഴിച്ചുന്നൊരു സംശയം' ഹേമലത പറഞ്ഞു. 'പേടിക്കാനൊന്നുമില്ല ബോധം പോയതാ.' വിദഗ്ദനായ ഡോക്ടര്‍ എത്തി പരിശോധിച്ചിട്ട് ഹേമലതയോട് പറഞ്ഞു. പിന്നെ ബോധം തെളിയാനൊരു ഇഞ്ചക്ഷനും കൊടുത്തു. എഴുതിക്കൊടുത്ത ടെസ്റ്റുകളുടെ റിസല്‍റ്റുകളില്‍ ഷുഗറിന്റെ റിസല്‍റ്റ് കണ്ട് ഡോക്ടര്‍ക്ക് തന്നെ ബോധം നഷ്ടപ്പെടുമോ എന്നു തോന്നിപ്പോയി. 'പിന്നെ വെറുതെയല്ല നിങ്ങടെ ഭര്‍ത്താവിന്റെ ബോധം പോയത്.' ഡോക്ടര്‍ പറഞ്ഞു. അപ്പോഴേക്കും രാമചന്ദ്രന്റെ ബോധം തെളിഞ്ഞിരുന്നു. നിരീക്ഷണത്തിനായി അന്നു രാത്രി അവിടെ അഡിമിറ്റ് ചെയ്ത് പിറ്റേന്ന് വീട്ടിലെത്തിയപ്പോഴാണ് ചക്കയുടെ മടലും ഞവിണിയും കുരുവും പോളയുമെല്ലാം മേശപ്പുറത്ത് പരന്നുകിടക്കുന്നത് ഹേമലത കാണുന്നത്. ഹേമലതയ്ക്ക് കാര്യം മനസ്സിലായി. 'നീ പോയതിനു ശേഷം വടക്കേ വീട്ടീന്ന് പഴുത്ത ചക്കയുടെ പകുതി കൊണ്ടുവന്നെടീ.' രാമചന്ദ്രന്‍ ദയനീയമായി ഭാര്യയെ നോക്കി. 'ഷുഗറുള്ള നിങ്ങളെന്തിനാ മനുഷ്യാ അത് മുഴുവനും തിന്നുതീര്‍ത്തത്. ചക്ക~ഒട്ടും തിന്നാന്‍ പാടില്ലാന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ളതല്ലേ?' ഹേമലത അലറി. 'അത് പണ്ടല്ലേ..ഇപ്പോള്‍ ചക്കയ്ക്ക് ഔദ്യോഗിക ഫലമെന്ന പദവി വന്നില്ലേ..അതുകൊണ്ട് ചക്കയുടെ പഴയ പേരുദോഷം മാറിയെന്ന് കരുതിപ്പോയെടീ?' അയാള്‍ പറഞ്ഞു.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഇ.ജി. വസന്തന്‍ തൃശൂര്‍ ജില്ലയിലെ മതിലകത്ത് ജനനം. പാപ്പിനിവട്ടം എ.എം.എല്‍.പി സ്‌കൂള്‍, മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, നാട്ടിക എസ്.എന്‍. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പനങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍. ബാലയുഗം, മലര്‍വാടി എന്നിവയില്‍ ചിത്രകഥകള്‍ വരച്ചു. വീക്ഷണം, കേരളശബ്ദം, കുങ്കുമം, നാന, മലയാളനാട്, നര്‍മദ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ