പോക്കർ ഹാജിയുടെ കല്യാണം

പോക്കർ ഹാജിയുടെ കല്യാണം

പോക്കർ ഹാജിയുടെ കല്യാണം

വയസ്സ് അമ്പത്തിയഞ്ച് ആയപ്പോയാണ് പോക്കർ ഹാജിക്ക് ഒരു വിവാഹം കൂടി കഴിച്ചാൽ കൊള്ളാമെന്ന് തോന്നിയത്.
ചാരുകസേരയിലിരുന്ന് മുറുക്കി കൊണ്ടിരിക്കെയാണ് മജീദ് മുസ് ലിയാരുടെ പുര നിറഞ്ഞ് നിൽക്കുന്ന മകൾ ബീപാത്തു വീട്ടിലേക്ക് കയറി വന്നത്.ലക്ഷണമൊത്ത സുന്ദരി.
അള്ളോ ,പോക്കറാജിയുടെ കണ്ണ് തള്ളി പോയി.ന്താപ്പാ ഇത് കഥ. ഇങ്ങനെയൊരു മൊഞ്ചത്തി മജീദിനോ? ഹാജിയാരുടെ മനസ്സിലൊരു ഇളക്കം.
"
ഹാജീ ക്കാ ഉപ്പ പറഞ്ഞീന് ഒരു അഞ്ഞൂറ് രൂപ തര്യാന്?" ആ കിളിനാദം മൊഴിഞു.
പോക്കറാജി ആകെ ഷോക്കായി നിൽക്കുകയായിരുന്നു. . തന്റെ ഭാര്യ ഉണക്ക മത്തി പോലെയുള്ള അസ്മാബീവിയേയും മജീദ് മുസ്ല്യാരുടെ മകൾ സിനിമാ നടിയെ പോലുള്ള ബീഫാത്തു വിനെയും ഹാജിയാർ താരതമ്യം ചെയ്ത് നോക്കി..ഹാജിയാർക്ക് അസ്മാബീവിയോട് പുച്ഛം തോന്നി.

ബീഫാത്തു കുട്ടി ആയിരിക്കുന്ന സമയത്ത് കണ്ടതാണ് ഹാജിയാർ .അവളങ്ങനെ വീട്ടിനു പുറത്തിറങ്ങാറില്ല. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ഒരു പർദയും ധരിച്ച് കുടയും ചൂടി പുറത്തേക്കിറങ്ങും. എവിടെയും നിൽക്കില്ല.തന്റെ ആവശ്യം പൂർത്തീകരിച്ച് കഴിഞ്ഞാൽ ഉടനെ വീട്ടിൽ തിരിച്ചെത്തും. വീട്ടിനു പുറത്തേക്കിറങ്ങുമ്പോൾ മിക്ക സമയത്തും മുഖം മറച്ചിരിക്കും. ഇപ്പോൾ പോക്കറാജി ആയതു കൊണ്ടാണ് മുഖംമറയ്ക്കാതെ വന്നിരിക്കുന്നത്. ഹാജിയാർ നാട്ടുപ്രമാണിയും വലിയ തറവാട്ടുകാരനും ആണല്ലോ? കൊയിലാണ്ടിയിലെ അധികാരി ആയിരുന്ന സുലൈമാൻ അധികാരിയുടെ പിൻ തലമുറക്കാരനാണ് പോക്കറാജി.അധികാരി പദവി നഷ്ടപെട്ടെങ്കിലും പഴയകാലത്തെ പ്രതാപം വിളിച്ചോതുന്ന വീട് അതേ പോലെ നിറുത്തിയിട്ടുണ്ട്.
പണ്ട് മജിസ്ട്രേറ്റിന്റെ പദവി കൂടി അധികാരികൾക്ക് ആയിരുന്നുവത്രെ. പ്രതിയെ പിടികൂടിയാൽ ആദ്യം അധികാരിയുടെ വീട്ടിലെത്തിച്ച് അവിടുത്തെ ജയിൽ മുറിയിൽ അടയ്ക്കും.പോക്കറാജിയുടെ വീട്ടിലും ജയിൽ മുറികൾ ഉണ്ടായിരുന്നു. ഹാജിയാർ അതിപ്പോഴും അതേപടി നിലനിറുത്തിയിരിക്കുന്നു.ഉമ്മറത്തെ ചാരുകസേരകൾക്ക് പോലും പഴമയുടെ കഥകൾ ഒരുപാട് പറയുവാനുണ്ട്.. എത്രയോ അധികാരികളുടെ ആസനം താങ്ങി മടുത്തതിന്റെ തേങ്ങൽ ചാരുകസേര ഇടയ്ക്കിടെ പുറപ്പെടുവിക്കും. അധികാരത്തിന്റെയും ഹുങ്കിന്റെയും എത്രയെത്ര മുഖങ്ങൾ താൻ കണ്ടിരിക്കുന്നുവെന്ന് പോക്കറാജിയെ ഓർമിപ്പിക്കാറുണ്ട്.
അതെല്ലാം പഴയ കഥ. പക്ഷെ നാട്ടുകാർ പോക്കറാജിയെ ഇന്നും കാണുന്നത് അവരുടെ അധികാരി ആയിട്ടു തന്നെയാണ്. മാത്രമല്ല ഇത്തിരി കറാമത്തുള്ള ആളും കൂടിയാണ് അദ്ദേഹം. അദ്ദേഹം.പോക്കറാജി മന്ത്രിച്ചൂതി കൊടുക്കുന്ന വെള്ളം കുടിച്ചാൽ മാറാത്ത രോഗമില്ല. ജിന്ന് ബാധിക്കുക, സിഹ്റ് ചെയ്യുക, എന്തും പോക്കറാജിക്ക് നിസ്സാരമാണ്.. തനിക്ക് സിദ്ധി കൂടി കിട്ടിയ അറബി മാന്ത്രികം കൊണ്ട് ഹാജിയാർ അതെല്ലാം സുഖപെടുത്തും.എന്ത് പ്രശ്നം വന്നാലും പണത്തിന് ബുദ്ധിമുട്ടുകൾ വന്നാലും അവർ ആദ്യം ഓടുക പോക്കറാജിയുടെ അടുത്താണ്.അങ്ങനെ ഒരു പ്രശ്നം വന്ന നേരത്താണ് മജീദ് മുസ്ല്യാർ ഹാജിയാരുടെ അടുത്തേക്ക് തന്റെ മകളെ അയച്ചത്.
നട്ടുച്ച നേരത്ത് മുറുക്കുകയായിരുന്നല്ലോ പോക്കറാജി. അപ്പോഴാണ് ഹാജിയാരുടെ കണ്ണിന് കുളിർമയേകി കൊണ്ട് പർദ ധാരിയായ ആ യുവതി കടന്ന് വന്നത്. അരയിലെ പച്ച ബെൽട്ടിൽ നിന്നും അവൾക്ക് അഞ്ഞു റിന്റെ പുതിയ നോട്ടെടുത്ത് കൊടുക്കുകയും ചെയ്തു. അതും വാങ്ങി ബീഫാത്തു തിരിഞ്ഞു നടന്നു. ആ നടത്തത്തിനുമുണ്ട് ഒരു ചന്തം. പാദസരങ്ങൾ അവളുടെ കാലുകളിൽ സംഗീതം പൊഴിക്കുന്നു. ഹാജിയാർ ഇമവെട്ടാതെ അത് നോക്കി നിന്നു. പടിപ്പുരവാതിലും കടന്ന് അവൾ അകന്നകന്നു പോയി.
ഹാജിയാർക്ക് അവൾ പോയതിൽ പിന്നെ ഇരിക്ക പൊറുതി ഇല്ലാതെ ആയി.കോഴി മുട്ട ഇടാൻ നടക്കുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഹാജിയാരുടെ വെപ്രാളം കണ്ട് ജയിലറകൾ പോലും കുലുങ്ങി ചിരിച്ചു. തേങ്ങ കൂട്ടി ഇട്ടിരിക്കുന്ന പടിപ്പുരയുടെ അടുത്ത് വന്ന് പുറത്തേക്ക് നോക്കി ഹാജിയാർ.വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന അസ്മാബീവി ഹാജിയാരുടെ കളി കണ്ട് അന്തം വിട്ടു.
ഇങ്ങളെന്തെ ഏറ് കൊണ്ട പന്നീ ന പോലെ നടക്കണ്.. പി രാന്തായോ? കഴുത്തിലെ വിയർപ്പുതുള്ളികൾ തുണിയുടെ കോന്തല ' കൊണ്ട് തുടച്ച് അസ്മാബി ചോദിച്ചു.
ഇസ്ലാമിലെ നിയമം അനുസരിക്കണമല്ലോ? ഇത് തന്നെ തക്കം എന്ന് പോക്കറാജിയും കരുതി. തമാശ രൂപേണ ബീടറെ നോക്കി പറഞ്ഞു. "മ്മള് ഒരു നിക്കാഹ് കൂടി കഴിക്കാനകൊണ്ട് തീരുമാനിച്ചിരിക്കുന്ന് എന്തെ യ് ക്ക് സമ്മതാ ല്ലെ?
ഹാജിയാരുടെ ചോദ്യം കേട്ട് ബീവിക്ക് ചിരിക്കാനാണ് തോന്നിയത്.അവർ പറഞ്ഞു. ഇങ്ങള് പത്തോ പന്ത്രണ്ടോ കെട്ടി കോളീൻ.ഇമ്മക്കെന്താ.വയസ്സുകാലത്ത് ഓരോരോ പിരാന്ത്.
ബീവിയുടെ സമ്മതം കിട്ടി കഴിഞ്ഞു. അങ്ങനെ ആ കടമ്പ കഴിഞ്ഞു.ഇനിയിപ്പം എന്താ. ഓള വീട്ടിലേക്ക് ആളെ പറഞ്ഞ് വിടണം.
നീളൻ കുപ്പായവും എടുത്തിട്ട് എച്ച്എംടിയുടെ വാച്ചും ധരിച്ച് ഹാജിയാർ കൊയിലാണ്ടി പഴയ സ്റ്റാൻഡിലേക്ക് വച്ച് പിടിച്ചു.സ്റ്റാൻഡിന് പിറകിലുള്ള ജുമുഅത്ത് പള്ളിയിൽ ഹൈദ്രു ഉണ്ടാവും. അവനോട് വിവരം പറയണം.അവൻ കുറച്ച് സങ്കടത്തിലൊക്കെ ഇരിക്കുന്ന സമയമാണ്. ഒരു പാട് പോരിശാക്കപെട്ട സൈനുൽ ആബിദീൻ വലിയുസ്താ തി ന്റെ അനുയായി ആയിരുന്നു ഹൈദ്രു.ഉസ്താ തി ന്റെ കറാ മത്തുകൾ അത്യുന്നതങ്ങളിൽ എത്തുകയും മരിച്ചവരെ വരെ ജീവിപ്പിക്കുവാൻ കഴിവുള്ള ആളായി ഉസ്താദ് മാറുകയും ചെയ്തപ്പോൾ കൊയിലാണ്ടിയിൽ ഏറ്റവും അധികം സന്തോഷിച്ചതും ഹൈദ്രുതന്നെ ആയിരുന്നു.
ആ ഹൈദ്രു വിനാണ് ഈ പോക്കണം കേട് പറ്റിയത്. വേറൊന്നുമല്ല ആകെ ഉണ്ടായിരുന്ന മോൻ വഴി പിഴച്ച് പോയി. കുറച്ച് ആയി അവൻ ഹൈദ്രു പറയുന്നത് കേൾക്കുകയോ അനുസരിക്കുകയോ ചെയ്യാറില്ലായിരുന്നു. എന്തൊക്കെയോ പിരാന്തുകൾ അവൻ ബാപ്പയോട് പറയും.
വല്യു സ്താദിനെ കളിയാക്കി ചിരിക്കുക.ഉസ്താദിന്റെ കറാമത്തുകളെ നിഷേധിക്കുക. വഴിപിഴച്ച ആളുകളുടെ പുസ്തകങ്ങൾ വായിക്കുക. അങ്ങനെ ആകെ ഗുലുമാല് തന്നെ. വേറെന്തും ഹൈദ്രുസഹിക്കും.തന്റെ ഉസ്താദിനെ പറഞ്ഞാ മാത്രം ഹൈദ്രുസഹിക്കൂല്ലാ.
ഒരു ദിവസം കൺട്രോൾ പോയ ഹൈദ്രു ചെക്കനെ തല്ലി. ഒരു പരുവമാക്കി.അവസാനം ചെക്കൻ ഒരൊറ്റ അലർച്ച.ഇന്റെ വിശ്വാസം അനുസരിച്ച് ഇന്നെ ഇങ്ങള് ജീവിക്കാൻ സമ്മതിക്കൂലെങ്കില് ഞാൻ ഹിജ്റ പോവേണ്.ചെക്കന്റെ വാക്ക് കേട്ട് ഹൈദ്രു ന് കൂടുതൽ ദേഷ്യം വന്നു. ഹൈദ്രു ഒരു കണ്ടാമൃഗമായി മാറി.

ഇയ്യ് എനി കുടുംബത്ത് നിക്കേണ്ട എങ്ങോട്ടാ ന്ന് ച്ചാൽ പോയി കോളിൻ. പരമ്പര പരമ്പര ആയി മ്മള് വിശ്വസിച്ച് വന്ന വിശ്വാസത്തെ കളിയാക്കാൻ ഇയ്യ് വളർന്നോഹിമാറെ?
കളി കാര്യമായി.ചെക്കൻ ഇറങ്ങി ഒരൊറ്റ പോക്ക്. കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ ചെക്കൻ ഇരിക്കുന്നത് കണ്ടവരുണ്ട്. പിന്നെ അവൻ എങ്ങോട്ട് പോയി എന്നാർക്കും അറിയില്ല. ആട്ടിനെ മേയ്ക്കാൻ യമനിലേക്ക് പോയിട്ടുണ്ടാവും എന്ന് ചിലർ.ഒറ്റയ്ക്ക് നിന്നപ്പോൾ ഭൗതികലോക കാഴ്ചകൾ കാണാൻ വന്ന ജിന്നുകൾ അവനെ കൂട്ടികൊണ്ട് പോയിട്ടുണ്ടാവും എന്ന് മറ്റ് ചിലർ. എന്തായാലും ചെക്കനെ കാണാനില്ല.അതിന്റെ ഒരു ബേജാറിലായിരുന്നു ഹൈദ്രു.പുകഞ കൊള്ളി പുറത്ത് എന്ന് സമാധാനിച്ച് ബേജാറ് കുറെശ്ശെ കുറഞ് വരുന്നു.
പോക്കറാജിയുടെ സംസാരം കേട്ട് ഹൈദ്രു ആദ്യമൊന്ന് ഞെട്ടി. പിന്നെ പറഞ്ഞു.ഇസ്ലാം നാല് കെട്ടാൻ അനുവാദം തന്നിട്ടുണ്ടല്ലോ? പുരനിറഞ്ഞ് നിൽക്കുന്ന പെണ്ണുങ്ങക്ക് ഒരു ആൺതുണ വേണ്ടെ. അപ്പൊ പിന്നെ നമ്മള് രണ്ടും മൂന്നുമൊക്കെ കെട്ടേണ്ടി വരില്ലെ. മുൻവരിയിലെ കേട് വന്ന പല്ല് കാണിച്ച് കൊണ്ട് ഹൈദ്രു ചിരിച്ചു.പിന്നെ കുറെ ഹദീസുകളും ഹൈദ്രു ചൊല്ലി കേൾപ്പിച്ചു. എല്ലാം വല്ല്യു സ്താദ് പഠിപ്പിച്ചവ.എന്നാൽ ഒന്നിലധികം വിവാഹം കഴിക്കണമെങ്കിൽ എന്തൊക്കെ കഠിനമായ നിബന്ധനകൾ ഉണ്ട് എന്നത് മാത്രം ഹൈദ്രുപറഞ്ഞ് കൊടുത്തില്ല.
മജീദ് മുസ്ല്യാരെ താൻ പോയി കണ്ട് സംസാരിക്കാം എന്ന് ഹൈദ്രു പോക്കറാജിക്ക് വാക്ക് കൊടുത്തു.തന്റെ കമ്മീഷൻ കൂടി ഓർമിപ്പിക്കാൻ ഹൈദ്രു മറന്നില്ല.
വിവരം കേട്ടതും മജീദ് മുസ്ല്യാർക്ക് സന്തോഷം കൊണ്ട് ഇരിക്ക പൊറുതി ഇല്ലാതെ ആയി. ബീഫാത്തു വിന് ഇത്രയും നല്ല ആലോചനവരുമെന്ന് മുസ്ല്യാർ സ്വപ്നത്തിൽ പോലും കരുതാത്തതാണ്. രണ്ടാം കെട്ടാണെങ്കിലെന്ത്.പോക്കറാജിയെ പോലെ പരമ യോഗ്യനായ ഒരാളെ ഈ കൊയിലാണ്ടി അങ്ങാടിയിൽ കാണുവാൻ കിട്ടുമോ?
"അൽ ഹംദുലില്ലാഹ്"
മജീദ് മുസ്ല്യാർ അല്ലാഹു വിനെ സ്തുതിച്ചു.പിന്നെ സൈദലവി തങ്ങളുപ്പാപ്പാന്റെ ജാറത്തിൽ നോക്കി സഹായത്തിനായി തേടുകയും ചെയ്തു. സൈദലവി ഉപ്പാപ്പ ജാറത്തിൽ നിന്നും ഇറങ്ങി വന്ന് ഉസ്താദിന്റെ തലയിൽ കൈ വെച്ച് പറഞ്ഞു.

എന്റെ ഖിറാമത്ത് കൊണ്ട് എല്ലാം മംഗളമായി കലാശിക്കും."
അതും പറഞ് മജീദ് മുസ് ലിയാരുടെ തലയിൽ രണ്ട് ഊത്തും വെച്ച് കൊടുത്തു സൈദലവി ഉസ്താദ് .എന്നിട്ട് ജാറത്തിൽ പോയി കിടന്നു.

കാര്യം കേട്ടതോടെ ബീഫാത്തു വിന് സങ്കടം സഹിക്കുവാൻ പറ്റാതെയായി. കണ്ണുനീർ ധാരധാരയായി അവളുടെ കവിൾ തടങ്ങളിലേക്ക് ഒലിച്ചിറങ്ങി. കടലിലേക്ക് ഇറങ്ങി പോയി കൊണ്ടിരുന്ന അസ്തമന സൂര്യനെ നോക്കി അവൾ തേങ്ങി തേങ്ങി കരഞ്ഞു. സങ്കടം സഹിക്കുവാൻ വയ്യാതെ സൂര്യൻ ധൃതിപ്പെട്ട കടലിലേക്കിറങ്ങി എങ്ങോ പോയി മറഞ്ഞു.
ലോകത്തുള്ള സകലമാനജാറങ്ങളെയും ബദ് രീങ്ങളെയും വിളിച്ചവൾ സഹായത്തിനായി പ്രാർത്ഥിച്ചു. ആരും അവളുടെ പ്രാർത്വന കേട്ടില.അവരൊക്കെയും തിരക്കിലായിരുന്നു.
അപ്പുറത്തെ കദീശിത്താത്തയാണ് അസ്മാബീവിയോട് കാര്യങ്ങൾ പറഞ്ഞത്. സംഗതി കേട്ടതും ബീവി തലകറങ്ങി താഴെക്കിരുന്ന് പോയി. ഒന്നും പറയുവാൻ അവർക്ക് ശക്തി ഉണ്ടായിരുന്നില്ല.

അങ്ങനെ വിവാഹം അടുത്തു .പോക്കറാജി മുടിയും താടിയും കറുപ്പിച്ചു. നീളൻ കുപ്പായത്തിന് പകരം നല്ല ഒന്നാന്തരം വിലയുള്ള ലിന ന്റെ ഹാഫ് കൈ ഷർട്ട് വാങ്ങി ധരിക്കുവാൻ തുടങ്ങി.എച്ച്എംടി വാച്ചിന് പകരം ടിസ്സോട്ടിന്റെ വാച്ച് വാങ്ങി കൈയ്യിൽ കെട്ടി.
ഒടുക്കം ബീഫാത്തു വിന്റെ മനസ്സ് കല്യാണവുമായി ഏറെകുറെ പൊരുത്തപെട്ടു. കല്യാണദിവസം അടുക്കും തോറും അവൾ സന്തോഷവതി ആയി കാണപെടുവാൻ തുടങ്ങി. സൂര്യൻ ത ന്റെ മുഖം ചുളിച്ചു തന്നെ ഇരുന്നു.
അങ്ങനെ രണ്ട് വീടുകളിലും പന്തലുകൾ ഉയർന്നു. പള്ളികളിൽ നിന്നും പിരിച്ച് കൊണ്ട് വന്ന പണം ഉപയോഗിച്ച് മജീദ് മുസ്ല്യാർ മകൾക്ക് ആഭരണങ്ങൾ വാങ്ങി. അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ പണം കടം വാങ്ങി കല്യാണത്തിനുള്ള ഒരുക്കങ്ങളും തയ്യാറാക്കി.

"രാജാക്കൊ റാണീ സെ പ്യാർ ഹോ ഗയാ ".പോക്കറാജിയുടെ വീട്ടിൽ നിന്നും ഉദിത് നാരായൺപാടുന്നത് മജീദ് മുസ്ല്യാരുടെ ചെവികൾ പിടിച്ചെടുത്തു .
സാധാരണ ഉണ്ടാകുന്ന അത്ര ജഗപൊകയൊന്നും പോക്കറാജിയുടെ വീട്ടിൽ ഉണ്ടായില്ല.
കുത്തീബ് റാത്തീബ് ഒരു വശത്ത് നിന്നും നടക്കുന്നു. വെളുത്ത തുണി മാത്രം ഉടുത്ത് ചെറുവാല്യക്കാർ തങ്ങളുടെ നാവും വയറും കൈകളും മുഖവുമൊക്കെ മുറിക്കുകയും ആ മുറിവ് തേഞ് മാഞ് പോവുകയും ചെയ്ത് കൊണ്ടിരുന്നു.ഇരുപത്തിനാലിനം ഭക്ഷ്യവസ്തുക്കൾ മാത്രമേ ടേബിളിൽ നിരന്നിട്ടുള്ളു. ആട് വേണ്ടവർക്ക് ആട്.പോത്തും കോഴിയും വേണ്ടവർക്ക് അത്.അങ്ങനെ ഒരു വിധം അഡ്ജസ്റ്റ് ചെയ്തിട്ടേ ഭക്ഷണ സാധനങ്ങൾ വിളമ്പിയിട്ടുള്ളു. സാദാരണ ഗതിയിൽ അറുപതും എഴുപതും തരം ഭക്ഷണങ്ങൾ ബുഫെ ആയി കൊടുക്കുക ആണ് ചെയ്യാറുള്ളത്.പോക്കറാജിയുടെ കർശന നിർദേശം ഉണ്ടായിരുന്നു വിവാഹത്തിന് ധൂർത്തൊന്നും പാടില്ലാ എന്ന്. കുത്തീബ് റാത്തീബ് നടത്തിയിരുന്നവർ അത് നിറുത്തി ആടിനും പോത്തിനും പിറകെ പോയി. ഉദിത് നാരായണ നാവട്ടെ എപ്പോഴോ കിടന്നുറങ്ങു വാൻ പോയിരുന്നു.
അങ്ങനെ കല്യാണദിവസം നേരം പുലർന്നു.കക്കൂസുകളിൽ ബിരിയാണിയുടെ മണമടിച്ചു.
പോക്കറാജി വെളുത്തലിനൻ ഷർട്ടും കറുത്ത പാന്റ്സും എടുത്ത് ധരിച്ചു.പുറത്ത് വലിയ ഉസ്താദ് നിക്കാഹ് കർമം നടത്തുവാൻ കാത്ത് നിൽക്കുന്നു.

ബീഫാത്തു ബാപ്പ വാങ്ങി കൊണ്ട് വന്ന സാരിയും സ്വർണവും ധരിച്ച് ഒരു മാലാഖയെ പോലെ കല്യാണ പന്തലിൽ നിന്നു.
അങ്ങനെ ചടങ്ങുകൾ കഴിഞ്ഞു. ബീഫാത്തു പോക്കറാജിയുടെ രണ്ടാം മണവാട്ടി ആയി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറി വന്നു. ശേഷമുള്ള കാര്യങ്ങൾ നിങ്ങൾക്ക് തരം പോലെ ഊഹിക്കാം. അസ്മാബീവിയും ബീഫാത്തുവും സ3ഹാർദത്തിൽ കഴിഞ്ഞുവെന്നോ അല്ലെങ്കിൽ ......

- ഫസൽമരയ്ക്കാർ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

എന്റെ പേര് ഫസൽ റഹ്മാൻ.ഫസൽമരയ്ക്കാർ എന്നാണ് തൂലികാനാമം. ഞാൻ ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ തറവാട്ടിലാണ് ജനിച്ചത്.ചെറുപ്പത്തിൽ സ്ക്കൂളിലും കോളേജിലുമൊക്കെ കഥാ മത്സരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്റെ കഥയായ ൈഎഡന്റിറ്റി ക്രൈസിസിന് DYFI നടത്തിയ കഥാമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മതനിരപേക്ഷതയെ മുറുക്കെ പിടിക്കുവാൻ ഉതകുന്ന രചനകളും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള രചനകളുമാണ് ഞാൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ