കിലുക്കാംപെട്ടി_നന്ദൂട്ടി

കിലുക്കാംപെട്ടി_നന്ദൂട്ടി

കിലുക്കാംപെട്ടി_നന്ദൂട്ടി

ചിലങ്കയുടെ നൂപുരധ്വനി ശ്രവിച്ച് നിദ്രയിൽ നിന്നുണരുമ്പോൾ മിഴികളിൽ ആലസ്യം തളംകെട്ടി നിന്നിരുന്നു.

കിഴക്കേ തൊടിക്ക് നേർക്കുള്ള ജാലകവാതിൽ തുറക്കുമ്പോൾ സൂര്യന്റെ പൊൻരശ്മികൾ മുഖത്തേക്ക് ഓടിയലച്ചെത്തി.

ഇരുകൈകൊണ്ടും മിഴികൾ ഇറുകെ തിരുമ്മി ജാലകത്തിലൂടെ ചിലങ്കയുടെ ശബ്ദമുയർന്ന ഭാഗത്തേക്ക് മിഴികൾ പായിച്ചു.

വെള്ളനിറത്തിലെ ചുരിദാറണിഞ്ഞ പെൺകുട്ടിയുടെ പിൻഭാഗമാണ് കണ്ടത്. മെടഞ്ഞിട്ടിരിക്കുന്ന നിതംബം മറയ്ക്കുന്ന കേശഭാരം. വെളുത്ത കണംകാലിൽ പറ്റിച്ചേർന്നു കിടക്കുന്ന സ്വർണ്ണമണികൾ പതിപ്പിച്ച ചിലങ്ക.

കൈയിലെ മുദ്രയോടെ പെട്ടെന്നവൾ തിരിഞ്ഞു. വിടർന്ന അല്ലിയാമ്പൽ മിഴികളിൽ കടുപ്പിച്ചെഴുതിയ കണ്മഷി. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾക്കൊപ്പം വടിവൊത്ത പുരികത്തിന് മധ്യത്തിലൂടെ മത്സരിച്ചൊഴുകുന്ന കുങ്കുമപ്പൊട്ട്. സ്വർണ്ണരാജി മയങ്ങുന്ന കൈകളിൽ നിറയെ കരിവള.

രാവിലത്തെ കണി ഉഗ്രൻ...മനസ്സിൽ പറഞ്ഞുകൊണ്ട് ആ കാഴ്ചയിൽ ലയിച്ചങ്ങ് നിന്നു.

നൃത്തം പൂർത്തിയാക്കി തളർന്നിരുന്ന് കാലിലെ ചിലങ്കകൾ ശ്രദ്ധാപൂർവ്വം അഴിച്ച് ഭക്തിയോടെ അതവൾ കണ്ണിൽ ചേർത്തത് കണ്ടപ്പോൾ മനസ്സിലായി നൃത്തം അവൾക്കെത്രമാത്രം പ്രിയപ്പെട്ടതാണെന്ന്.

രുദ്രാ...
അമ്മയുടെ ശബ്ദം കേട്ട് മനസ്സില്ലാ മനസ്സോടെ തടികൊണ്ടുള്ള പടവുകൾ ഇറങ്ങി താഴേക്ക് പോരുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് അവളായിരുന്നു... ചെവികളിൽ മുഴങ്ങിയത് ആ നൂപുരധ്വനിയായിരുന്നു.

'കിഴക്കേത്തൊടിയിലെ ആ വീട്ടിൽനിന്നും ബഹളം കേട്ടല്ലോ അമ്മേ.. പുതിയ കൂട്ടരാരേലും വന്നോ താമസത്തിന്.. ? ' ഒന്നുമറിയാത്ത നിഷ്കളങ്കനെപ്പോലെ അമ്മയോട് ചോദിക്കുമ്പോൾ എന്റെ അടവറിയാത്ത 'അമ്മ കാര്യം പറഞ്ഞു.

'നിന്നോട് പറയാൻ മറന്നു. ഒരൂട്ടര് വന്നു. ഒരു ഭാഗവതരും കുടുംബവുമാണ്. നല്ല ഐശ്വര്യമുള്ള സ്ത്രീ. പിന്നെ രണ്ടു കുഞ്ഞുങ്ങളും. '

'ദൈവമേ.. അപ്പോൾ നൃത്തം ചവിട്ടിയത് ഭാഗവതരുടെ ഭാര്യയായിരുന്നോ.. ? ഷേയ്‌.. വെറുതെ മോഹിച്ചു. 'നിരാശയോട് കൂടി അമ്മ ചുട്ടുവച്ച ദോശയിൽനിന്നുമൊരല്പം വായയിലാക്കി കൈലി മടക്കിക്കുത്തി അവിടെനിന്നും വലിഞ്ഞു.

പിന്നീടുള്ള നാലഞ്ച് ദിവസങ്ങളിലും ആ ചിലങ്കയുടെ മധുരനാദം എന്നെത്തേടിയെത്തിയെങ്കിലും അന്യന്റെ ഭാര്യയെ മറ്റൊരു കണ്ണ് കൊണ്ട് കാണരുതെന്ന് അറിയാവുന്നതുകൊണ്ട് ആ ഭാഗത്തേക്ക് നോക്കിയതേയില്ല.

ഒരു ദിവസം വൈകുന്നേരം പറമ്പിൽനിന്നും കയറി വന്നപ്പോഴാണ് അകത്തുനിന്നും കുപ്പിവള പൊട്ടിച്ചിതറുംപോലെ ചിരിയുടെ അലകൾ ഉയർന്നത്.

ഇതാരാ പതിവില്ലാത്തൊരു അതിഥി എന്ന് മനസ്സിൽ നിനച്ച് അകത്തേക്ക് കയറിയതും ഭാഗവതരുടെ ഭാര്യ ഓടിയിറങ്ങിയതും ഒരുമിച്ചായിരുന്നു.

പ്രതീക്ഷിക്കാതെ എന്നെ കണ്ടതിന്റെ ജാള്യത ആ മുഖത്ത് പ്രകടമായിരുന്നു.

അവരെക്കണ്ട് മന്ദഹസിക്കാൻ ശ്രമിച്ചുകൊണ്ട് തുടർന്നു - 'കുഞ്ഞുങ്ങളെ കൊണ്ടുവന്നില്ലേ ചേച്ചീ.. ? '
നിലാവുദിച്ചതുപോലുള്ള ആ മുഖത്ത് തെളിഞ്ഞ അമ്പരപ്പ് പൊട്ടിച്ചിരിയായി മാറി.

ചുരിദാറിന്റെ ഷാൾ കൊണ്ട് വായപൊത്തി ചിരിച്ചുകൊണ്ട് അവർ പോകുന്നത് നോക്കി ഒന്നും മനസ്സിലാകാതെ ഞാൻ നിന്നു.

'കണ്ടാൽ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് പറയില്ല അല്ലേ അമ്മേ. പതിനെട്ട് പത്തൊൻപത് വയസ്സേ തോന്നുള്ളൂ കണ്ടാൽ. '

'നീയാരുടെ കാര്യമാ രുദ്രാ പറയുന്നത്. ?' അമ്മ ചോദിച്ചു.

'ഇപ്പോൾ അങ്ങട് പോയ കുട്ടി.. ഭാഗവതരുടെ ഭാര്യ.. അവരുടെ കാര്യമാ അമ്മേ.. '
അമ്മയോട് പറഞ്ഞപ്പോൾ ചിരിയുയർന്നു.

'എടാ മണ്ടാ.. അതാ ഞാൻ പറഞ്ഞ കുഞ്ഞുങ്ങളിലൊരാൾ. ഭാഗവതരുടെ മകളാണ് ആ പോയത്. വല്യ കാര്യാ എന്നോട്. വായാടിക്കുട്ടി. എന്ത് രസാന്നറിയോ അവളോട് സംസാരിച്ചിരിക്കാൻ. കിലുക്കാംപെട്ടീന്നാ ഞാൻ വിളിക്കുന്നത്. അവൾക്കുമിഷ്ടാ ആ വിളി കേൾക്കാൻ. ' -വാതോരാതെ 'അമ്മ അവളെക്കുറിച്ച് പറയുന്നത് സന്തുഷ്ടമായ മനസ്സോടെയാണ് ഞാൻ കേട്ടിരുന്നത്.

പിറ്റേന്ന് മുതൽ ജാലകവാതിലിലൂടെ അവളുടെ നൃത്തം കണികണ്ട് ഞാനുണർന്നു.

ആദ്യമായി ഒരു പെൺകുട്ടിയോട് തോന്നിയ ഇഷ്ടം.. അതാണ് പ്രണയമെന്ന് എന്റെ മനസ്സെന്നോട് വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

അമ്മ പറഞ്ഞത് ശരിയായിരുന്നു. ശരിക്കും അവളൊരു കിലുക്കാംപെട്ടി തന്നെ.

അവളുടെ പഴയ നാടിനെപ്പറ്റിയും കൂട്ടുകാരെപ്പറ്റിയും വിരുന്നെത്തുന്ന കാക്കകളെപ്പറ്റിയും തെങ്ങിൻ പൊത്തിലെ തത്തമ്മയെപ്പറ്റിയും അവൾ വാചാലയായി.

പതിവ് തെറ്റിച്ച് അവൾ വരാതെയായി. അമ്മയോട് ചോദിച്ചപ്പോൾ 'അമ്മ പറഞ്ഞു - അവൾക്ക് വിവാഹം നിശ്ചയിച്ചു മോനേ അതാ മുൻപത്തെപ്പോലെയവൾ വരാത്തത്. എന്തോ ഉദ്യോഗമുള്ള ചെറുക്കനാ. നല്ല ബന്ധമാണെന്ന് പറഞ്ഞ് ഭാഗവതർ ഉറപ്പിച്ചതാ. അതിന് അശേഷം ഇഷ്ടമില്ല.

പിന്നെയവളുടെ ചിലങ്കയുടെ നാദം എനിക്ക് കണികാണാനായില്ല. പുറത്തുപോലും അവളെ കാണാൻ ഇല്ല. മനസ്സിലെന്തോ ഒരു വിങ്ങൽപോലെ. പാടത്തും പറമ്പിലും പണിയെടുക്കുന്ന എന്നേക്കാൾ അവൾക്ക് ചേരുന്നത് ഉദ്യോഗമുള്ള ചെക്കൻ തന്നെയാകും . എത്രയൊക്കെ അടക്കിയിട്ടും ഉള്ളിൽനിന്നും തേങ്ങൽ ഉയർന്നു.

പന്തലുയർന്നു. പ്രകാശം മങ്ങിയ മുഖത്തോടെയവൾ കല്യാണപ്പെണ്ണായി ഒരുങ്ങി. കിലുക്കാംപെട്ടിപോലെ പാറിനടന്നവൾ മൂകയായി. നഷ്ടബോധം വേട്ടയാടിയതുകൊണ്ട് ആർക്കും മുഖം കൊടുക്കാതെ തിരികെ വീട്ടിലെത്തി.

കൂട്ടക്കരച്ചിൽ കേട്ടാണ് ഞെട്ടിയുണർന്നത്. സമയം രാത്രി ഒൻപതായതേയുള്ളൂ. അവളുടെ വീട്ടിൽ നിന്നാണ് ശബ്ദം.

തലച്ചോറിൽ വെള്ളിടി വെട്ടി. അവളെങ്ങാനും എന്തെങ്കിലും കടുംകൈ... ദൈവമേ..

അവളുടെ വീട്ടിൽ കയറി ' എന്താ പറ്റിയത് എന്റെ നന്ദൂട്ടിക്ക്.. എല്ലാവരും കൂടി കൊന്നോ അവളെ.. ഇഷ്ടമല്ലാത്ത വിവാഹത്തിന് നിർബന്ധിച്ചതല്ലേ നിങ്ങളവളെ.. തന്നൂടായിരുന്നോ എനിക്കവളെ.. വലിയ ഉദ്യോഗമൊന്നുമില്ലെങ്കിലും പൊന്നുപോലെ നോക്കുമായിരുന്നല്ലോ ഞാൻ.. ' പതം പറഞ്ഞ് കരയുന്നതിനിടയിലാണ് നിറഞ്ഞൊഴുകുന്ന മിഴികളുമായി നിൽക്കുന്ന നന്ദൂട്ടിയെ കണ്ടത്.

മഞ്ഞുവീണതുപോലെ മനം കുളിർന്നുവെങ്കിലും അപ്പോഴാണ് വെളിവില്ലാതെ വിളിച്ചു പറഞ്ഞ സത്യങ്ങളിൽ അമ്പരന്നു നിൽക്കുന്ന മുഖങ്ങൾ കണ്ടത്.

കല്യാണച്ചെക്കൻ അവന്റെ കാമുകിയോടൊപ്പം നാടുവിട്ടെന്ന വാർത്ത കേട്ട് ബോധം പോയ ഭാഗവതർക്കുവേണ്ടി നടത്തിയ കൂട്ടക്കരച്ചിലായിരുന്നു അതെന്ന് പിന്നീടാണ് അറിഞ്ഞത്.

നിശ്ശബ്ദനായി പടിയിറങ്ങുമ്പോൾ രുദ്രേട്ടാ.. എന്ന നന്ദൂട്ടിയുടെ വിളി കേട്ടു.

' അച്ഛന് വേണ്ടത് എന്റെ സന്തോഷമാണെങ്കിൽ എന്നെ രുദ്രേട്ടന് കൊടുക്കണം. വലിയ ഉദ്യോഗമുള്ള പൊള്ളയായ ഒരു മനസ്സിനുടമയെ അല്ല എനിക്കുവേണ്ടത്. എന്നെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന ഒരാളെയാണ്. ഈ മിഴികളിൽ തിരതല്ലുന്നത് എന്നോടുള്ള യഥാർത്ഥ പ്രണയമാണ്. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഈ മനുഷ്യന്റെ ഭാര്യയായി.. ആ അമ്മയുടെ കിലുക്കാംപെട്ടിയായി ജീവിക്കാനാ എനിക്കിഷ്ടം. നൃത്തം ജീവവായുവാണെനിക്ക്. എന്നും രാവിലെ ആ കിളിവാതിലിലൂടെ എന്റെ നൃത്തം കണികാണുന്ന എന്റെ ചിലങ്കയോടുള്ള പ്രണയം അറിയുന്ന ഈ രുദ്രേട്ടനെ മതി അച്ഛാ എനിക്ക്.. ' തേങ്ങിക്കരഞ്ഞുകൊണ്ട് നന്ദൂട്ടി കേണപേക്ഷിച്ചു.

ജ്യോൽസ്യൻ കുറിച്ച അതേ മുഹൂർത്തത്തിൽ അവളുടെ കഴുത്തിൽ മിന്നുചാർത്തുമ്പോൾ എഴുതിരിയിട്ട നിലവിളക്കിന് മുൻപിൽ വച്ച് ഞാനുറപ്പിച്ചു.. കരിമഷിയെഴുതിയ ഈ മിഴികൾ സന്തോഷം കൊണ്ടല്ലാതെ ഇനി നിറയില്ലെന്ന്.... എന്റെ നന്ദൂട്ടിയായി എന്റമ്മയുടെ കിലുക്കാംപെട്ടിയായി അവൾ വേണം എന്നും കൂടെ...

- സിമിഅനീഷ്അഭി 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ