മെർമെയ്‌ഡ്‌

മെർമെയ്‌ഡ്‌

മെർമെയ്‌ഡ്‌

നീല സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും അവൾ ഉയർന്നുവന്നു.. മെർമെയ്‌ഡ്‌.

ആദ്യമായി കാണുന്ന ഭൂമിയിലെ പച്ചപ്പ് അവളിൽ അത്ഭുതമുളവാക്കി. പഞ്ചസാര പോലുള്ള വെളുത്ത മണൽത്തരികളിൽ തന്റെ വാലിട്ടിഴച്ചുകൊണ്ട് അവൾ ഭൂമിയിലേക്ക് കടന്നു.

പകൽ തെളിഞ്ഞു വരുന്നതേയുള്ളൂ. അതിനാൽത്തന്നെ കടൽത്തീരം വിജനമായിരുന്നു.

സ്വർണ്ണനിറത്തിലെ ചുരുളൻ മുടിയിഴകളും റോസാദളങ്ങൾ പോലെ മൃദുലമായ മേനിയും നീലനിറത്തിൽ സ്വർണ്ണവർണ്ണത്തോട് കൂടിയ മൽസ്യസമാനമായ വാലുകളോടും കൂടിയവൾ.

പതിയെ വാലുകളുടെ സ്ഥാനത്ത് കാലുകൾ രൂപപ്പെട്ടു. മേനിയുടെ നഗ്നത മറച്ചുകൊണ്ട് രൂപപ്പെട്ട തൂവെള്ള നിറത്തിലെ മൃദുലമാർന്ന വസ്ത്രങ്ങൾ അവളുടെ അഴകിന് മാറ്റുകൂട്ടി.

താനിപ്പോൾ മൽസ്യകന്യകയല്ല.. മനുഷ്യസ്ത്രീ. കടലിന്റെ അടിത്തട്ടിലെ മെർമെയ്‌ഡുകളുടെ ലോകത്തെ അതിസുന്ദരിയായ മെർമെയ്‌ഡ്‌ കടലുപേക്ഷിച്ച് കരയുടെ മകളായിരിക്കുന്നു. ഈ ഭൂമിയിൽ ബന്ധനങ്ങളിൽനിന്നും വിമുക്തയായി സ്വതന്ത്രയായി തനിക്കിനി ജീവിക്കാം.

ഇഷ്ടപ്പെട്ട ഇണയോടൊപ്പം ഒരു ജീവിതം തനിക്കിനി തിരഞ്ഞെടുക്കാം. അല്ലെങ്കിൽ തന്നെ കടലിലിന്റെ അടിത്തട്ടിലെ ബന്ധങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.

മനുഷ്യരെന്നാൽ ഭയമാണ് മെർമെയ്‌ഡുകൾക്ക്. നിറച്ചാർത്തണിഞ്ഞ ഈ ഭൂമിയിൽ ഏവരുടെയും എതിർപ്പിനെ മറികടന്നാണ് താനിവിടെ എത്തിയത്.

അത്ഭുതമത്സ്യത്തിൽ നിന്നുമാണ് കരയെപ്പറ്റി കേട്ടറിഞ്ഞത്. പ്രണയവും വിവാഹവും ഇണചേരലും കുടുംബവും മാതൃത്വം എന്ന അനുഭൂതിയുമൊക്കെ വർണ്ണിച്ചപ്പോൾ മോഹിച്ചുപോയി ഒരുപാട്. പ്രണയം... വല്ലാത്തൊരു അനുഭൂതിയായിരുന്നു അത് കേട്ടതുമുതൽ. അതെന്താണെന്നറിയാനുള്ള ആകാംഷ.

മെർമെയ്‌ഡുകളുടെ ലോകത്തിൽ അറിഞ്ഞപ്പോൾ വിലക്കി. എന്നാൽ അതിനൊന്നും ചെവികൊടുക്കാതെ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

തന്റെ ആഗ്രഹം തെറ്റാണെന്ന് ബോധ്യമാകുമ്പോൾ മടങ്ങി വരാമെന്നായിരുന്നു അവരുടെ കല്പന. എന്നാൽ മനുഷ്യജന്മം കൈവരിച്ച പുരുഷനുമായി ഇണചേർന്ന് കഴിഞ്ഞാൽ ഒരിക്കലും മെർമെയ്‌ഡുകളുടെ ലോകത്തിലേക്ക് മടങ്ങാനാകില്ലെന്നും അവർ ഓർമ്മിപ്പിച്ചു.

അല്ലെങ്കിൽത്തന്നെ എന്തിന് മടങ്ങണം. ഈ സുന്ദരമായ..ശാന്തമായ ഭൂമിയുപേക്ഷിച്ച്.

ഓർമ്മകളിൽനിന്നും മോചിതയായി അവൾ ചുറ്റും നോക്കി. മൽസ്യബന്ധനക്കാരുടെ ബഹളം. വള്ളവും വലയുമായി അവർ പോകുകയായാണ് ഉൾക്കടലിലേക്ക് വള്ളം നിറയെ മീൻ കൊണ്ടുവരാൻ.

സ്വർണ്ണതലമുടിയോട് കൂടിയ അവളുടെ വെള്ളാരംകണ്ണുകൾ സൂര്യപ്രകാശമേറ്റ് വജ്രം പോലെ തിളങ്ങി.

അല്പസമയത്തിനകം കടപ്പുറം കാഴ്ചക്കാരെക്കൊണ്ട് നിറഞ്ഞു.

ഒരു കുടക്കീഴിൽ പ്രണയബദ്ധരായി നിൽക്കുന്നവർ. മുട്ടിയുരുമ്മി തിരമാലകൾ കണ്ട് രസിക്കുമ്പോഴും അവരുടെ കൈകൾ പരസ്പരം ശരീരത്തിലൂടെ ഇഴയുന്നത് കണ്ട് അവൾക്ക് നാണം വന്നു. ഇതാണോ പ്രണയം അവൾ അമ്പരന്നു.

മണൽത്തരികളിൽ ഒരു കുടക്കീഴിൽ അതുപോലെ രണ്ടുപേർ.. നീണ്ട ചുംബനത്തിലാണ് അവരെന്ന് അവൾ കണ്ടുപിടിച്ചു.

ഇതൊക്കെയാണോ പ്രണയം.അത്ഭുതമൽസ്യത്തിൽനിന്നും കേട്ടറിഞ്ഞ പ്രണയം ഇതല്ലായിരുന്നല്ലോ.. അവൾ ആലോചിച്ചു.

കാഴ്ചകൾ കണ്ടിരിക്കുന്നതിനിടയിലാണ് വിശപ്പ് അനുഭവപ്പെട്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം നിന്നു.

കുറച്ചകലേക്ക് മാറിയിരുന്ന് കടല വിറ്റുകൊണ്ടിരുന്ന വൃദ്ധനോട് വിശക്കുന്നെന്ന് പറഞ്ഞപ്പോൾ അയാളവളെ അത്ഭുതത്തോടെ നോക്കി.

അതിസുന്ദരിയായ മനോഹര വേഷധാരിയായ യുവതി തന്നോട് ഭക്ഷണം ചോദിക്കുന്നു.

കൈയിരുന്ന കടലപ്പൊതികൾ നീട്ടിയപ്പോൾ ആർത്തിയോടെയവൾ അത് വാങ്ങി. വളരെ പതിയെ അത് ഭക്ഷിക്കുമ്പോൾ അപരിചിതമായ ആ രുചിയെ അവൾ ഇഷ്ടപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഒടുവിൽ എഴുന്നേറ്റ് പോകാനൊരുങ്ങിയ അവളോടയാൾ പണം ആവശ്യപ്പെട്ടു. അതെന്താണെന്ന് ചോദിക്കുമ്പോൾ വെള്ളാരം മിഴികളിൽ അമ്പരപ്പായിരുന്നു നിറഞ്ഞത്.

അവൾക്കുനേരെ ശകാരവർഷങ്ങൾ ചൊരിയുമ്പോൾ അവൾ നിശ്ശബ്ദയായിരുന്നു. മിഴികളിലൂടെ ഒഴുകിയ ജലബിന്ദുക്കൾ അവൾ സ്പർശിച്ചു. ആദ്യമായാണ് മിഴികൾ നിറയുന്നത്. അപമാനിതയാകുന്നത്.

നിരാശയോട് കൂടി പൊരിവെയിലത്തവൾ അലഞ്ഞു. ദാഹം കൊണ്ട് തൊണ്ട വരളുന്നതുപോലെ. വഴിയരികിലെ പൈപ്പിൻചുവട്ടിൽനിന്നും ആർത്തിയോടെ വെള്ളം കുടിച്ചു.

അത്ഭുതമൽസ്യത്തിൽ നിന്നും കേട്ടറിഞ്ഞ ലോകമാണോ ഇതെന്നവൾ അതിശയപ്പെട്ടു.

കുഞ്ഞുങ്ങളുടെ കൈപിടിച്ചുകൊണ്ട് വരുന്ന അമ്മമാർ. പരസ്പരം കളിച്ചു ചിരിച്ച് നടന്നകലുന്നവർ. ഇത് മനുഷ്യരുടെ മാത്രം ലോകമാണോ.

അസ്തമയസൂര്യൻ കടലിന്റെ മടിത്തട്ടിൽ ചാഞ്ഞുറങ്ങി.

എല്ലാവരും അവരവരുടെ വീടുകളിൽ അഭയം പ്രാപിച്ചപ്പോൾ എവിടെ പോകണമെന്നറിയാതെ അവൾ അമ്പരന്നു.

തീക്കനൽ കണ്ണുകൾ തെളിയിച്ച് കുതിച്ചുപായുന്ന വാഹനങ്ങൾ. ഭയമെന്ന വികാരം അവളിലുണർന്നു.

എന്ത് ചെയ്യണമെന്നറിയാതെ ഏകയായവൾ അലഞ്ഞു. തനിക്ക് പ്രിയപ്പെട്ടവനാകേണ്ടവൻ എപ്പോൾ മുൻപിൽ വരും.

അറബിക്കഥകളിലെ രാജകുമാരനെപ്പോലെ തിളങ്ങുന്ന വസ്ത്രങ്ങളുമായി കുതിരപ്പുറത്ത് ആയിരിക്കുമോ അവനെത്തുക. കൈയിൽ ഊരിപ്പിടിച്ച വാൾത്തല തിളങ്ങും അപ്പോൾ. അവനോട് ചേർന്നിരുന്ന് താനും മനുഷ്യസ്ത്രീയാകും.

'എന്താ പേര്.. ?' അപരിചിതനായൊരാൾ ചോദിക്കുന്നു.

ഇതായിരിക്കുമോ തന്റെ പ്രിയപ്പെട്ടവൻ. എങ്കിൽ കുതിരയെവിടെ.. ? ആയിരം ചോദ്യങ്ങൾ അവൾക്ക് മുൻപിൽ തെളിഞ്ഞു.

ഞാൻ മെർമെയ്‌ഡ്‌. താങ്കൾ എന്റെ പ്രിയപ്പെട്ടവനാണോ. ? എന്നെ പ്രണയിക്കാൻ വന്ന പുരുഷനാണോ.. ?അത്ഭുതത്തോടെയവൾ ചോദിച്ചു.

ചുണ്ടിൽ തെളിഞ്ഞ വൃത്തികെട്ട ചിരിയോടെ അവൻ തുടർന്നു.
ഇന്നെന്റെ പ്രിയപ്പെട്ടവൾ നീയാണ്. നാളെ മറ്റൊരുവൾ. പ്രണയം അതെനിക്ക് പലരോടുമുണ്ട്. ഓരോ ദിവസവും പല പേരുകളിൽ ഞാൻ ഓരോരുത്തർക്കും പ്രണയഭാജനമാകുന്നു. ഒടുവിൽ എനിക്ക് മടുക്കുമ്പോൾ വലിച്ചെറിയുന്നു.

ഇങ്ങോട്ട് വാടീ പെണ്ണേ.. മൃദുലമായ അവളുടെ കൈത്തണ്ടയിൽ അവന്റെ പിടി മുറുകി. മദ്യത്തിന്റെ രൂക്ഷഗന്ധം മുഖത്തടിച്ചപ്പോൾ അവൾക്ക് മനംപുരട്ടി. അവന്റെയുള്ളിലെ വൃത്തികെട്ടവനെ അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

"ഇതെന്ത് ലോകം. സ്നേഹമെന്ന വികാരം ഈ ലോകത്ത് അന്യമാണോ. സ്നേഹമെന്നാൽ ശരീരസുഖം മാത്രമാണോ.. ? പെണ്ണുടൽ ലക്ഷ്യമിട്ട് കറങ്ങുന്ന കഴുകന്മാരാണോ ഇവിടുള്ളത്. ശാന്തമായ ഈ ഭൂമിയിൽ പതിയിരിക്കുന്നത് ഇത്രയും ഭീകരമായ അവസ്ഥയാണോ.. സംഹാരതാണ്ഡവമാടുന്ന സമുദ്രത്തിൽപ്പോലും ഇത്രയും ഭയാനകമായ കാഴ്ചകളില്ല. കടലിന്റെ അടിത്തട്ടിലെ കളങ്കമറ്റ സ്നേഹമാണോ തനിക്ക് ബന്ധനമായി തോന്നിയത്. യാത്ര പറയാൻ നേരം മെർമെയ്‌ഡുകളുടെ രാഞ്ജി പറഞ്ഞത് അവളോർത്തു. "പുരുഷനുമായി ഇണചേർന്ന് കഴിഞ്ഞാൽ പിന്നൊരിക്കലും നിനക്ക് മെർമെയ്‌ഡുകളുടെ ലോകത്തേക്ക് കടക്കാനാവില്ല.. അല്ലാതെ കന്യകയായി നിനക്കെപ്പോഴും ഇവിടേക്ക് തിരികെയെത്താo."

എന്തോ ഒരു ശക്തി ശരീരമാകെ പടരുന്നതുപോലെ. വൃത്തികെട്ട ചിരിയുമായി തന്നെ ആലിംഗനം ചെയ്യാനൊരുങ്ങുന്നവനെ കുതറിയെറിഞ്ഞ് അവളോടി. പിന്നാലെ അവനും.

രൗദ്രഭാവത്തോടെ തിരമാലകൾ ആഞ്ഞടിക്കുന്ന കടപ്പുറത്തേക്കവളോടി.

"കടലമ്മേ... തെറ്റ് മനസ്സിലാക്കി തിരിച്ചുവന്ന എന്നെ കൈയേല്ക്കൂ. ഭൂമിയിലെ കപടത കാണാൻ എനിക്കിനിയുമാകില്ല. ഒരു മാറ്റം അനിവാര്യമാണ് ഭൂമിയിൽ. കഴുകൻ കണ്ണുകളോടെ പെണ്ണുടലിനുചുറ്റും വട്ടമിട്ടു പറക്കുന്ന ചില പുരുഷജന്മങ്ങളുണ്ടിവിടെ.. അതുപോലെ തന്നെ സ്നേഹബന്ധങ്ങളെ തട്ടിയെറിഞ്ഞ് സ്വതന്ത്രമായി വിഹരിക്കാനായി പ്രണയം തേടിയിറങ്ങുന്ന എന്നെപ്പോലുള്ള ചില പെൺകുട്ടികളും ഉണ്ടിവിടെ.മാറണം.. അതെല്ലാം മാറണം. ഞാൻ പോകുകയാണ് എന്റെ ലോകത്തേക്ക്.. എന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ്.. "

മണൽത്തരികളിലൂടെ നടന്ന അവളുടെ കാലുകൾ അപ്രത്യക്ഷമായി. മൽസ്യസമാനമായ വാലുകൾ പ്രത്യക്ഷപ്പെട്ടു.

കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് മെർമെയ്‌ഡ്‌ മടങ്ങി. ഭൂമിയിലെ കപടതകൾ തിരിച്ചറിഞ്ഞ്...

സിമിഅനീഷ്‌

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ