അന്ധവിശ്വാസം

അന്ധവിശ്വാസം

അന്ധവിശ്വാസം

ചിലങ്കമണികളുടെ കാതടപ്പിക്കുന്ന ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു. കണ്ണുകൾ തുറിച്ച് ചുവന്ന നാവ് കടിച്ചുപിടിച്ച് രൗദ്രഭാവം പൂണ്ട് തുള്ളുന്ന ദേവി ആവേശിച്ച വല്യച്ഛൻ.

"ഒഴിഞ്ഞു പോകില്ലേ... പോ.. പോകാനാ പറഞ്ഞത്.. എന്റെ ക്ടാവിന്റെ ശരീരത്തിൽ നീയെന്തിന് വന്നൂ.. "
അലറിക്കൊണ്ടുള്ള ആ ചോദ്യത്തിനൊപ്പം വീണ്ടും ചിലങ്കമണികൾ കിലുങ്ങി.

നിതംബം മറയ്ക്കുന്ന അഴിഞ്ഞുലഞ്ഞ കേശഭാരവുമായി വല്യച്ഛന്റെ മുൻപിൽ ഇരിക്കുന്ന ഭാമേടത്തി. ഭാമേടത്തിയുടെ ക്രോധത്തിന്റെ കനലെരിയുന്ന മിഴികൾ തീപ്പന്തത്തിന്റെ വെളിച്ചത്തിൽ ഒന്നുകൂടി തിളങ്ങി. ഇടുപ്പിൽ കൈകളൂന്നി ചമ്രംപടഞ്ഞിരുന്ന് വലതുകാലിന്റെ പാദം വിറപ്പിക്കുന്നതിനിടെ കൂർപ്പിച്ച അധരങ്ങൾക്കിടയിൽനിന്നും കടിച്ചുപിടിച്ച മാതിരി വാക്കുകൾ ഉടഞ്ഞുവീണു..

"ഇല്ല.. പോവില്ല.. ഞാൻ സ്നേഹിച്ച പുരുഷനെ വേളി ചെയ്യാനനുവദിക്കാതെ എന്നെ നരകിപ്പിച്ചില്ലേ.. ഈ മുല്ലയ്ക്കൽ തറവാട്ടിലെ മൂത്ത സന്തതി ആണെന്ന പരിഗണന പോലും തന്നില്ലെനിക്ക്.. തെക്കേ തൊടിയിലെ തറവാട്ടുകുളത്തിൽ തീർത്തതാ ഞാനെന്റെ ജീവൻ. എന്റെ ശരീരമേ മണ്ണോട് ചേർന്നിട്ടുള്ളൂ.. ആത്മാവിപ്പോഴും ഇവിടുണ്ട്. ഉള്ളിലെരിയുന്ന പകയെ കെടുത്താൻ കഴിയില്ല ആർക്കും.. അനുവദിക്കില്ല ഞാൻ ഈ തറവാട്ടിലെ ഒരു പെൺകുട്ടിയുടെ വേളി നടത്താൻ.. "

ഉയർന്നുപൊങ്ങിയ ചൂരൽവടിയുടെ സീൽക്കാരം. ഭാമേടത്തിയുടെ അലർച്ചയെ തോൽപ്പിക്കാനെന്നവണ്ണം ചിലങ്കമണികളുടെ കാതടപ്പിക്കുന്ന മുഴക്കം..

ശ്രീയേട്ടാ.. നിലവിളിയോടെ എഴുന്നേറ്റ ഗായത്രി കിതച്ചു. സ്വപ്നമായിരുന്നോ എല്ലാം. കൂജയിലിരുന്ന തണുത്ത വെള്ളം ആർത്തിയോടെ വായയിലേക്ക് കമഴ്ത്തുമ്പോഴും അവൾ വിറകൊള്ളുന്നുണ്ടായിരുന്നു. വിയർപ്പുചാലുകൾ മത്സരിച്ചൊഴുകുന്ന ശരീരത്തിന് മരവിച്ച തണുപ്പ്.

ചെറിയൊരു പരിഭ്രമത്തോടെ ജാലകവിരികൾ മാറ്റി കാടുപിടിച്ച് കിടക്കുന്ന തെക്കേത്തൊടിയിലെ കുളക്കടവിലേക്ക് മിഴികൾ പായിക്കുമ്പോഴും ഗായത്രി വിറകൊള്ളുകയായിരുന്നു.

മന്ത്രങ്ങളും പൂജയും കണ്ടും കേട്ടും വളർന്ന അന്നത്തെ ഏഴുവയസ്സുകാരിയിൽ നിന്നും ഇന്നത്തെ ഇരുപത്തിരണ്ടുകാരിയിലെത്തി നിൽക്കുമ്പോഴും ഇപ്പോഴും മായാതെ കിടപ്പുണ്ട് മനസ്സിൽ അന്നത്തെ ഭാമേടത്തിയുടെ വാക്കുകൾ.

മുല്ലയ്ക്കൽ തറവാട്. പ്രതാപത്തോടെ തലയുയത്തിനിന്നിരുന്ന തറവാട്ടിൽ നിന്നുയർന്നിരുന്നത് യക്ഷിക്കഥകളും പുള്ളുവൻപാട്ടുകളും ബാധയാവേശിച്ചവരിൽ നിന്നുമുള്ള ബാധയൊഴിപ്പിക്കലുമൊക്കെയായിരുന്നു. അതെല്ലാം ഒരിക്കലും മനസ്സിൽനിന്നും മായില്ല. അന്ന് ഭാമേടത്തിയുടെ ശരീരത്തിലാവേശിച്ച നന്ദിനിയോപ്പോളുടെ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നുണ്ട് -"ഈ തറവാട്ടിലെ ഒരു പെൺതരിയുടെയും വേളി നടത്താൻ അനുവദിക്കില്ലെന്ന് "..

നന്ദിയോപ്പോളും ഭാമേടത്തിയും കഴിഞ്ഞാൽ പെൺജന്മങ്ങളായി താനും ചേച്ചി ഗംഗയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആറുവർഷം മുൻപ് ഗംഗേച്ചിയുടെ വേളി ഉറപ്പിച്ചു. വേളിക്ക് ഏതാനും ദിനങ്ങൾ ശേഷിക്കെ തെക്കേത്തൊടിയിലെ കുളത്തിൽ വീണ് ഗംഗേച്ചി പോയി. നന്ദിനിയോപ്പോളാണ് അത് ചെയ്തതെന്ന് വല്യച്ഛനും പണിക്കരുടെ കവടിയും വിധിയെഴുതി.

ഭാമേടത്തി ഇന്നുമുണ്ട് ഇരുട്ടുമൂടിയ തെക്കേത്തളത്തിൽ.. അന്നത്തെ ചിലങ്കമണികളുടെ ശബ്ദത്തിന് പകരം ഇന്ന് മുഴങ്ങുന്നത് ചങ്ങലയുടെ കിലുക്കമാണ്.

''ആ അസത്തിന്റെ അടുക്കൽ പോകരുത്.. അത് ഉപദ്രവിക്കും.. ന്റെ പൊന്നുമോളെ ഇല്ലാതാക്കിയതുപോലും ആ നശിച്ചവളാ.. '' അമ്മയുടെ വാക്കുകൾ പേടിയുണർത്തിയതുകൊണ്ടാകാം ആകാംഷയും ഭയവും നിറഞ്ഞ മിഴികളോടെ തെക്കേത്തളത്തിന്റെ വാതിൽപ്പടിയിൽ നിന്നുമൊരു എത്തിനോട്ടം അത്രേയുണ്ടായിട്ടുള്ളൂ ഇതുവരെ.

തന്നെയേറെ സ്നേഹിച്ചിരുന്ന പുഴയിലെ തെളിഞ്ഞ വെള്ളത്തിനടിയിൽനിന്നും വെള്ളാരംകല്ലുകൾ പെറുക്കിത്തന്നിരുന്ന.. തൊടിയിൽനിന്നും ശേഖരിക്കുന്ന കുന്നിക്കുരു കൊണ്ട് മാലയുണ്ടാക്കി തന്നിരുന്ന.. അപ്പൂപ്പൻതാടിയുടെ പിന്നാലെ കുഞ്ഞുഗായത്രിയുടെ കൈപിടിച്ച് പാഞ്ഞിരുന്ന ന്റെ.. ഭാമേടത്തിക്ക് കഴിയുമോ.. ന്നെ ഉപദ്രവിക്കാൻ.

പക്ഷേ മനസ്സിലിന്ന് ആധിയാണ്. പ്രണയിക്കില്ലെന്ന് മനസ്സിനെ ആയിരംവട്ടം പറഞ്ഞുപഠിപ്പിച്ചിട്ടും ആ ചിരിയിൽ വീണുപോയി. ശ്രീകാന്ത്.. തന്റെ ശ്രീയേട്ടൻ..

ആരോടും മിണ്ടാതെ എല്ലാവരിൽ നിന്നും അകന്ന് തലകുനിച്ച് നടന്നിരുന്ന ദാവണിക്കാരിയുടെ ഹൃദയത്തിൽ കയറിക്കൂടിയത് ശ്രീയേട്ടൻ മാത്രമായിരുന്നു. ഭാമേടത്തിയില്ലാതെ മനസ്സിലൊളിപ്പിച്ചുവച്ച കൗതുകങ്ങൾ പൊടിതട്ടിയെടുത്തതും ശ്രീയേട്ടനായിരുന്നു. ഒരിക്കൽ കുന്നിക്കുരുക്കളും മഞ്ചാടിയും അപ്പൂപ്പൻതാടികളും ഉള്ളംകൈയിലേക്ക് വെച്ചുതന്നിട്ടൊന്നെ പറഞ്ഞുള്ളൂ.. "എന്നോ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കേവലം അന്ധവിശ്വാസങ്ങളുടെ പേരിൽ സ്നേഹിക്കാതിരിക്കരുതെന്നെ.. ". അന്ധവിശ്വാസം ആണെന്ന് കരുതി സ്നേഹിച്ചു പരസ്പരം ഒരുപാട്.

എന്നാലിപ്പോൾ ഭയമാണ്. ശ്രീയേട്ടനിൽനിന്നും അകലുമോയെന്ന ഭയം. തെക്കേത്തളത്തിലെ ചങ്ങലക്കിലുക്കം പലതും ഓർമിപ്പിക്കുകയാണിന്ന്. നന്ദിനിയോപ്പോളുടെ ഉഗ്രശാപം തന്നിലും പതിക്കുമോ എന്നുള്ള ഉത്കണ്ഠ. അനുസരണയില്ലാതെ മിഴികൾ തെക്കേത്തൊടിയിലെ തറവാട്ടുകുളത്തിൽ സഞ്ചരിക്കുമ്പോൾ ഉള്ളിലൊരു നീറ്റലാണ്.. ഗായത്രിയെന്ന ജന്മവും അതിലടങ്ങിത്തീരുമോ എന്നുള്ള നീറ്റൽ.

പിറ്റേന്ന് രാവിലെ പടിപ്പുര കടന്നെത്തിയ ആളിനെക്കണ്ട് സ്തബ്ധയായിപ്പോയി.. ശ്രീയേട്ടൻ. തന്റെ കൈയില്പിടിച്ച് തെക്കേത്തളം ലക്ഷ്യമാക്കി നീങ്ങുമ്പോൾ പരിഭ്രാന്തിയെക്കാൾ അധികമായി നന്ദിനിയോപ്പോളുടെ വാക്കുകൾ മുഴങ്ങിക്കേട്ടു.

അകത്തളത്തിലെ ഭാമേടത്തിയുടെ അരികിലേക്ക് വർഷങ്ങൾക്കുശേഷം ചെന്നു.ചങ്ങലയിട്ട കാലുകളിലെ വ്രണങ്ങളിൽ ഈച്ചയരിക്കുന്നു. ചുമരിൽ ചാരിയിരിക്കുന്നത് ഭാമേടത്തി തന്നെയാണോയെന്ന് സംശയിച്ചു. അന്നത്തെ സുന്ദരിയായ കുപ്പിവളപോലെ പൊട്ടിച്ചിരിക്കുന്ന ഭാമേടത്തിയല്ല പകരം നരബാധിച്ച ജടപിടിച്ച മുടിയും കറുത്ത വളയങ്ങൾ ആവരണം തീർത്ത വാടിയ മിഴികളോടെ ഒരാൾ. ആ പാദങ്ങളിൽ ഇറ്റുവീണ കണ്ണുനീർത്തുള്ളികൾ എന്റേതാണെന്ന തിരിച്ചറിവിൽ ആ പാദങ്ങൾ ഒന്നനങ്ങി.

മിഴികൾ വേറെയെങ്ങോ പായിച്ച് മരവിച്ചപോലെ ഇരിക്കുന്ന ഭാമേടത്തിയുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കിയ ശ്രീയേട്ടനെ അത്ഭുതത്തോടെ നോക്കിനിൽക്കെ ശ്രീയേട്ടൻ പറഞ്ഞു..

" മന്ത്രവാദവും ബാധയൊഴിപ്പിക്കലുമെല്ലാം അന്ധവിശ്വാസം എന്ന് കരുതുന്ന ഒരാളാണ് ഞാൻ. നന്ദിനിയോപ്പോളുടെ ശാപം സത്യമാണോയെന്നും അറിയില്ല. പക്ഷേ ഒന്നറിയാം അതിവരൊക്കെ പറഞ്ഞു നടക്കുന്ന ഭാമേടത്തിയെപ്പറ്റിയല്ല. കുഞ്ഞികൃഷ്‌ണനെന്ന താഴ്ന്ന ജാതിക്കാരനെ സ്നേഹിച്ചുവെന്ന കുറ്റത്തിന് എല്ലാവരും ഉപദ്രവിച്ചപ്പോൾ കുഞ്ഞികൃഷ്ണനെ രക്ഷിക്കാനായി നന്ദിനിയോപ്പോളെന്ന വ്യാജേന തുള്ളിയുറഞ്ഞ ഭാമേടത്തിയെ..

ഭാമേടത്തിയുടെ കണ്ണിൽനിന്നും ഇറ്റുവീഴുന്ന കണ്ണുനീർതുള്ളികൾ അതെല്ലാം സത്യമാണെന്ന് വിളിച്ചോതി.

ശ്രീയേട്ടൻ തുടർന്നു - ഇതെല്ലാം അറിഞ്ഞിട്ട് പലപ്രാവശ്യം ഇവിടേക്ക് വന്നതാ അദ്ദേഹം ഭാമേടത്തിയെ കൂട്ടിക്കൊണ്ടുപോകാൻ. ഒടുവിൽ മുല്ലയ്ക്കൽ തറവാട്ടിലെ കാരണവർ മന്ത്രവാദമെന്ന പേരിൽ ഭാമേടത്തിയെ ചങ്ങലയ്ക്കിട്ട സ്വന്തം അച്ഛൻ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു അദ്ധേഹത്തെ. ഇന്നീ ഭൂമുഖത്ത് അദ്ദേഹമില്ലെന്ന് വിശ്വസിക്കുന്ന ഭാമേടത്തിയുൾപ്പെടെ ഉള്ളവർ അറിയണം ആ മനുഷ്യൻ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന്.

ഭാമേടത്തിയുടെ മിഴികൾ ശ്രീയ്ക്ക് നേരെ തിരിഞ്ഞു. വർഷങ്ങൾക്കുശേഷം അവർ മന്ത്രിച്ചു
"ആരാ.. ആരാ നീ.. എനിക്ക് കാണണം എന്റെ... കുഞ്ഞേട്ടനെ.. "

"അരയ്ക്കുകീഴെ തളർന്നുകിടക്കുന്ന ആ പാവം ഇന്നും നീറുന്നത് ഭാമക്കുട്ടിയെ ഓർത്തുമാത്രമാ. ശ്രീയെന്ന എന്നെ മറന്നോ ഭാമേടത്തി. ഇളയച്ഛന്റെ കൈയുംപിടിച്ച് അമ്പലത്തിൽ എത്തിയിരുന്ന പന്ത്രണ്ടുവയസ്സുകാരനെ. ഇളയമ്മയായി കൊണ്ടുപോകാൻ വന്നതാ ഞാൻ ഇന്ന്. ഭാമേടത്തിയെ മാത്രമല്ല ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെ ഗായത്രിയെയും..

ഭാമേടത്തിയുടെ ഇരുവശങ്ങളിലായി മുല്ലയ്ക്കൽ തറവാടിന്റെ പടിയിറങ്ങുമ്പോൾ തടയാനെത്തിയ വല്യച്ഛനുനേർക്ക് കത്തുന്ന നോട്ടമെറിഞ്ഞു ശ്രീ. പണ്ട് കൊല്ലാക്കൊല ചെയ്ത കുഞ്ഞികൃഷ്ണനല്ല ശ്രീ.. സ്വന്തം മകളെന്ന പരിഗണനപോലും കൊടുക്കാതെ തളച്ചിട്ടില്ലേ വർഷങ്ങളായി ഈ പാവത്തിനെ. കൊണ്ടുപോകുവാ ഞാൻ എന്റെ ഇളയമ്മയായി.. അവരെ മാത്രമല്ല എന്റെ പെണ്ണിനെയും..

പടിപ്പുരയിറങ്ങുമ്പോൾ അറിഞ്ഞുകൊണ്ടെന്റെ നോട്ടം ഇത്തവണ തെക്കേത്തൊടിയിലെ കുളത്തിലേക്ക് നീണ്ടു.

അന്ധവിശ്വാസങ്ങളെ മുറുകെപ്പിടിച്ച കുറേ വ്യക്തികൾ. അവരുടെ കൈയിലെ കളിപ്പാട്ടമായിരുന്നു ഭാമേടത്തി. ഇഷ്ടപ്പെട്ട പുരുഷനുവേണ്ടി ഭാമേടത്തി നടത്തിയ അഭിനയം. ഗംഗേച്ചി കാൽവഴുതി വീണതാകും. അടിയിൽ ചേറുനിറഞ്ഞുകിടക്കുന്ന കുളത്തിൽനിന്നും ആ പാവത്തിന് രക്ഷപ്പെടാനായില്ല. കേവലം അന്ധവിശ്വാസങ്ങളുടെ പേരിൽ ആ കുറ്റവും ഭാമേടത്തിയിലെ നന്ദിനിയോപ്പോളുടെ മേലിൽ പതിച്ചു. അന്ധവിശ്വാസങ്ങളിൽ അടിയുറച്ച് വിശ്വസിച്ചിട്ടും മുല്ലയ്ക്കൽ തറവാട്ടിന് ഒന്നും നേടാനായില്ല.

പെട്ടെന്ന് ഭാമേടത്തി നിന്നു. അവസാനമായി ഒരിക്കൽക്കൂടി തറവാട്ടിലേക്ക് നോക്കുമ്പോൾ വരണ്ട അധരത്തിന്റെ കോണിൽ ഒരു ചിരി വിടർന്നു അന്ധവിശ്വാസങ്ങളെ പുച്‌ഛിച്ചുകൊണ്ടൊരു ചിരി....

- സിമി അനീഷ്  

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ