വെള്ള ആമ്പൽ

വെള്ള ആമ്പൽ

വെള്ള ആമ്പൽ

മഴയുടെ നനുത്ത സ്പർശം മുഖത്തേക്ക് അടിച്ചപ്പോഴാണ് ഹരിനന്ദൻ കണ്ണുതുറന്നത്. പുറത്തെ അന്ധകാരത്തിൽ വെള്ളിനൂലുകളെന്നപോലെ മഴ പെയ്യുന്നുണ്ടായിരുന്നു.

കാറിൽ നിന്നും കൈ പുറത്തേക്കിട്ട് മഴയുടെ കൊഞ്ചലേറ്റ് വാങ്ങിയപ്പോൾ ഹരിനന്ദന്റെ ഹൃദയം കുളിർന്നു. കാറിന്റെ ഗ്ലാസ് ഉയർത്തിയ ശേഷം ഹരിനന്ദൻ സീറ്റിലേക്ക് ചാരിയിരുന്നു. മഴയുടെ നനുത്ത സംഗീതത്തോടൊപ്പം ഹരിനന്ദന്റെ മനസ്സിൽ ഓർമ്മകൾ തുടികൊട്ടിയുയർന്നു.

സുഖമുള്ളൊരോർമയായി കുമുദ് ഹരിനന്ദന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ഇതുപോലൊരു മഴയത്താണ് കുമുദിനെ ആദ്യമായി കാണുന്നത്.

മഴക്കാറ് കണ്ട് തൊടിയിൽ കെട്ടിയിരുന്ന പശുക്കളെ തൊഴുത്തിലേക്ക് മാറ്റിക്കെട്ടിയശേഷം മഴയുടെ ഭംഗി ആസ്വദിക്കുന്നതിന് വേണ്ടിയാണ് തറവാട്ടിലെ മുകളിലത്തെ മാടിയിലെ തന്റെ അറയിലേക്ക് വന്നത്. അച്ഛന്റെ മരണശേഷം അമ്മയും താനും മാത്രമേ വീട്ടിലുള്ളൂ.

വായിക്കാനേറെ ഇഷ്ടമുള്ളതുകൊണ്ടാണ് ആ അറ തന്നെ തിരഞ്ഞെടുത്തതും. ജാലകവാതിലിനോട് ചേർന്ന് മൂവാണ്ടൻമാവിന്റെ ചില്ലകളും മാമ്പൂക്കളും തൊട്ടുരുമ്മി നില്ക്കുന്നു. ഏറെ ഓമനിച്ചുവളർത്തുന്ന ചെമ്പകമരം തഴച്ചുവളർന്ന് പൂക്കൾ നിറഞ്ഞുനിൽപ്പുണ്ട്. ആ മഴയ്ക്കൊപ്പം ചെമ്പകപ്പൂക്കളുടെ മാസ്മരിക സുഗന്ധവും നുകർന്ന് നിൽക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.

തറവാടിനെതിർവശത്തായി പുതുതായി താമസിക്കാനെത്തിയ കുടുംബത്തെപ്പറ്റി കേട്ടറിവുണ്ടായിരുന്നു. ആ വീടിന് മുറ്റത്തായി മഴയുടെ സൗന്ദര്യം ആവോളം ആസ്വദിച്ച് മഴയെ തന്നിലേക്ക് ഏറ്റുവാങ്ങുന്ന മൂന്ന് പെൺകുട്ടികൾ. അതിലേറ്റവും മുതിർന്നതെന്ന് തോന്നിക്കുന്ന പെൺകുട്ടിയിൽ ഹരിനന്ദന്റെ മിഴികളുടക്കി. തൂവെള്ള നിറത്തിലെ ചുരിദാറണിഞ്ഞ സുന്ദരിയായ പെൺകുട്ടി. അരയോളമെത്തുന്ന കേശഭാരം. തലയിൽ ചൂടിയിരിക്കുന്ന മുല്ലമാല ഇരു ചുമലിലും തട്ടിയിളകുന്നു. മഴയുടെ താളത്തിനനുസരിച്ച് അവളുടെ കാതിൽ തൂങ്ങുന്ന ജിമിക്കി താളം തുള്ളുന്നു. മെലിഞ്ഞു നീണ്ട ഇരുകൈകളിലും വെള്ള നിറത്തിലെ കുപ്പിവളകൾ. കുറുവിയ പാലിന്റെ നിറം. ഇമ ചിമ്മാതെ അവളെത്തന്നെ നോക്കിയിരുന്നുപോയി ഹരിനന്ദൻ.

അന്ന് രാത്രി മുഴുവൻ ഹരിനന്ദന്റെ മനസ്സിൽ അവളായിരുന്നു. പിന്നീട് പലപ്രാവശ്യം ആ വീട്ടിലേക്ക് മിഴികൾ പാഞ്ഞുവെങ്കിലും അവളെ കാണാനായില്ല.
പിറ്റേന്ന് സൊസൈറ്റിയിൽ പാൽ കൊടുത്തിട്ട് വീട്ടിലേക്ക് വന്നപ്പോൾ കണ്ട കാഴ്ച ഹരിയിൽ അരിശമുണർത്തി.

താനോമനിച്ച് വളർത്തുന്നത് ചെമ്പകത്തിൽ നിന്നും പൂക്കൾ പൊട്ടിക്കുന്ന അമ്മ. ദേഷ്യം കാരണം അമ്മേ.. എന്നുറക്കെ വിളിച്ചുകൊണ്ട് അമ്മയുടെ അരികിലേക്ക് പാഞ്ഞെത്തി.

"അമ്മയോടാരാ എന്റെ ചെമ്പകത്തിൽനിന്നും പൂക്കൾ പൊട്ടിക്കാൻ പറഞ്ഞത്.. "?

'എനിക്കുവേണ്ടിയല്ലെടാ.. ദേ ഈ മോൾക്ക് വേണ്ടിയാ അമ്പലത്തിലേക്കായിട്ട്.. ' അമ്മ ചൂണ്ടിക്കാണിച്ച പെൺകുട്ടിയെ കണ്ടതും ദേഷ്യമെല്ലാം ആവിയായിപ്പോയി.

മുന്നിൽ ഏഴുതിരിയിട്ട നിലവിളക്കിന്റെ പൊൻപ്രഭപോൽ അവൾ. എന്റെ ഉറക്കം കെടുത്തിയ മാലാഖ. അവളുടെ കരിങ്കൂവള മിഴികളിൽ ഭയം കലർന്നിരുന്നു. ഇളിച്ച ചിരിയോടുകൂടി അമ്മയെ നോക്കി

"അമ്പലത്തിലേക്കാണെന്ന് അമ്മ പറയാത്തതെന്താ "

എന്നുചോദിച്ചതും രൂക്ഷമായ ഭാവത്തോടെ 'നീ പോടാർക്കാ 'എന്ന പുച്ഛത്തോടെ അമ്മ വീട്ടിലേക്ക് കയറിപ്പോയി. പോകുന്നതിനിടയ്ക്ക് "നീ തന്നെ പൊട്ടിച്ചു കൊടുക്ക്... അവന്റെയൊരു ചെമ്പകം.. 'എന്ന ഡയലോഗ് അടിക്കാനും അമ്മ മറന്നില്ല.

പരിഭ്രമിച്ചുനിന്ന അവളോടായി "ഈ അമ്മ അല്ലേലും അങ്ങനെയാ ഞാൻ പൊട്ടിച്ചു തരാട്ടോ പൂക്കൾ "എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

എന്റെ ജീവനായിരുന്ന ചെമ്പകത്തിനെ ആദ്യമായി വേദന നൽകി ഞാൻ പൂക്കൾ പൊട്ടിച്ചു.

കൈക്കുടന്ന നിറയെ ചെമ്പകപ്പൂക്കൾ അവൾക്കുനേരെ നീട്ടുമ്പോൾ നിലാവുദിച്ചപോലെ അവളുടെ മുഖം വിടർന്നു.

''എന്താ പേര്.. ?"

തന്റെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു.

"കുമുദ് "..

'എന്താണെന്നാ' താനൊരിക്കൽ കൂടി ചോദിച്ചു.

'കുമുദ് ഹിന്ദിപ്പേരാ ' അവൾ കൂട്ടിച്ചേർത്തു.

"കുമുദെന്നാൽ വെള്ള ആമ്പൽ ".

നീ ശരിക്കുമൊരു വെള്ള ആമ്പൽ തന്നെ..

ഇതെന്താ ഇങ്ങനൊരു പേര്..

തന്റെ ചോദ്യം കേട്ടവളുടെ പുരികം വില്ലുപോലെ വളഞ്ഞു.

അല്ലാ.. ഇതിന് മുന്പിങ്ങനൊരു പേര് കേട്ടിട്ടില്ല.. അതുകൊണ്ടാ..

ഉം...

മറുപടി പറയാതെ അവൾ തിരിഞ്ഞുനടന്നു.

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ചെമ്പകപ്പൂക്കൾ പൊട്ടിച്ചുനൽകാൻ രാവിലെ തന്നെ ഞാൻ ഹാജരായിക്കൊണ്ടിരുന്നു. അതുപോലെതന്നെ ജാലകത്തിലൂടെയുള്ള വായിനോട്ടവും തകൃതിയായി നടന്നുപോന്നു.

ഒരുദിവസം പൂക്കൾ പൊട്ടിക്കുന്നതിനിടയി­ലാണ് ആ അപ്രതീക്ഷിത ചോദ്യമവൾ തൊടുത്തുവിട്ടത്.

'അല്ല ഹരിയേട്ടാ.. ഈ വായിനോട്ടം പതിവാണല്ലേ.. എന്നും കാണാമല്ലോ ഞങ്ങളുടെ വീടിനുനേർക്കുള്ള നോട്ടം.

എന്ത് പറയണമെന്നറിയാതെ അമ്പരന്നുനിന്ന തന്നെ നോക്കി ആക്കിയൊരു ചിരിയും പാസ്സാക്കി അവൾ തിരിഞ്ഞുനടന്നു.

അന്ന് മിഴികൾ അവളുടെ വീടിനുനേർക്ക് പാഞ്ഞുവെങ്കിലും അവൾ ശ്രദ്ധിക്കുമെന്ന കാരണത്താൽ നോട്ടം മാറ്റി.
അടുത്ത ദിവസം ചെമ്പകപ്പൂക്കൾക്കായി അവളെ കണ്ടില്ല. വീട്ടിലേക്ക് കയറി അമ്മയെ വിളിച്ചുവെങ്കിലും കണ്ടില്ല.

മേശമേലിരുന്ന പഴങ്കഞ്ഞിയും മോരും നല്ല എരിവുള്ള കാന്താരിമുളകും ചേർത്തൊരു പിടിപിടിച്ചിട്ട് ഏമ്പക്കവും വിട്ടിരുന്നപ്പോഴാണ് വീടിന് മുൻപിലായി ഒരു ഓട്ടോ വന്നുനിന്നത്.

ഇതാരാ ഇങ്ങോട്ട് വരനെന്ന മട്ടിൽ നോക്കിയപ്പോഴാണ് അതിൽനിന്നും കുമുദിറങ്ങിയത്. അടുത്തതായി അമ്മയെ അതിൽനിന്നും പിടിച്ചിറക്കിയതും ഞെട്ടിപ്പോയി അമ്മയുടെ വലംകൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.

അയ്യോ... എന്തുപറ്റിയതാ അമ്മേ എന്നു ചൊല്ലി ഓടിച്ചെന്നതും രൂക്ഷമായ നോട്ടമായിരുന്നു കുമുദ്.

'ഈ പാവത്തിനെക്കൊണ്ടുതന്നെ പശുക്കൾക്ക് പുല്ല് ചെത്തണമല്ലേ '.. ?

ഒന്നും മനസ്സിലാകാതെ അന്തംവിട്ട് നിന്ന തന്നെക്കണ്ട് അമ്മ പറഞ്ഞു.

"അവനൊന്നും പറഞ്ഞിട്ടില്ല മോളേ. കിട്ടിയ ഗവണ്മെന്റ് ജോലി വേണ്ടെന്ന് വച്ചിട്ടാ എന്റെ കുട്ടി ഇവിടെ നിൽക്കുന്നത്. എന്നെപ്പിരിയാൻ മേലാഞ്ഞിട്ട്. പുലർകാലത്ത് തുടങ്ങുന്നതാ ഇവന്റെ ജോലി. പശുക്കളെ കുളിപ്പിച്ച് പുല്ലിട്ടശേഷം പാൽ കറന്നെടുത്ത് സൊസൈറ്റിയിൽ കൊണ്ടുകൊടുത്തിട്ടാ അവൻ വരുന്നത്. അതിനുശേഷം കഴിച്ച പാട് കഴിക്കാത്ത പാട് പുല്ല് ചെത്താനിറങ്ങും. എന്നിട്ട് വയലിലേക്കിറങ്ങും. എന്നിട്ടോ വീണ്ടും പശുക്കളുടെ അടുക്കലേക്ക്. ഇതിനിടയിൽ എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കാതെ പാചകവും അവൻ തന്നെയാ. അവനൊരു സഹായമായിക്കോട്ടെയെന്ന് കരുതിയാ പുല്ല് ചെത്താനിറങ്ങിയത്.' നിറകണ്ണുകളോടുകൂടി അമ്മയിത് പറഞ്ഞപ്പോൾ തന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

അമ്മയെയും തന്നെയും ഒന്നുനോക്കിയ ശേഷം നിറഞ്ഞ മിഴികൾ തുടച്ച് കുമുദ് അമ്മയെ കൊണ്ടുകിടത്തി. താനും പിന്നാലെ ചെന്നു.

അല്ല താനെങ്ങനെയാ അമ്മയെ കണ്ടത്.. ?

ഞാൻ പൂക്കൾക്കുവേണ്ടി വന്നതാ. ആരെയും കണ്ടില്ലായിരുന്നു നോക്കിയപ്പോൾ കിണറ്റുവക്കത്ത് അമ്മ വീണുകിടക്കുന്നു. നല്ല മഴയല്ലായിരുന്നോ കുറച്ചു ദിവസമായിട്ട് അതിന്റെ വഴുക്കളുണ്ടായിരുന്നല്ലോ അവിടെ അതാ കുമുദ് പറഞ്ഞു.

നന്ദി.. താൻ പറഞ്ഞു.

പൊടിയരി ഇരിപ്പുണ്ടോ എങ്കിൽ കഞ്ഞിയാക്കാം ഞാൻ..

എന്നവൾ പറഞ്ഞപ്പോൾ താനത് നിരസിച്ചു.

അത് കേൾക്കാതെന്നവണ്ണം അധികാരഭാവത്തിൽ അവൾ അടുക്കളയിലേക്ക് കയറി.

നിമിഷനേരം കൊണ്ട് ചൂട് പൊടിയരിക്കഞ്ഞിയും ചുട്ടപപ്പടവും തേങ്ങാച്ചമ്മന്തിയും അമ്മയുടെ അടുക്കൽ കൊണ്ടുവന്നു. കൊച്ചുകുഞ്ഞിനെന്നവണ്ണം അവൾ അമ്മയ്ക്ക് കഞ്ഞി നല്കുന്നത് നോക്കി ഞാൻ നിന്നു.

പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടർന്നു. ഇവൾ ശരിക്കും ഈ വീട്ടിലുള്ളതാണോ ഇന്നുവരെ തോന്നിപ്പോയ നിമിഷങ്ങൾ. കുമുദിന്റെ അച്ഛനുമമ്മയും അനിയത്തിമാരും ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാൻ തുടങ്ങി.

ഒരു സുപ്രഭാതത്തിൽ ചെമ്പകപ്പൂക്കൾ പൊട്ടിച്ചുനല്കുന്നതിനിടെ സകലധൈര്യവും സംഭരിച്ച് കുമുദിന്റെ മിഴികളിൽ നോക്കി താൻ ചോദിച്ചു -

"എന്റെ ചെമ്പകത്തിൽ നിന്നും പൂവിറുക്കാനുള്ള അവകാശം ഞാൻ നിനക്ക് നൽകട്ടെ. വരുമോ ഈ വീട്ടിലേക്ക് എന്റെ അമ്മയുടെ മരുമകളായി ഈ ഹരിനന്ദന്റെ ഭാര്യയായി എന്റെ മാത്രം വെള്ള ആമ്പലായ്...

പെട്ടെന്നവൾ തിരിഞ്ഞു നടന്നു. നിസ്സഹായനായി നോക്കിനിൽക്കെ കുമുദ് തിരിഞ്ഞ് നിന്നു. എന്നിട്ടവൾ പറഞ്ഞു..

അമ്മയ്ക്ക് വേണ്ടി ഗവണ്മെന്റ് ജോലിയുപേക്ഷിച്ച അമ്മയെ പൊന്നുപോലെ നോക്കുന്ന പശുക്കളെയും കൃഷിയെയും പൂക്കളെയും അതിരുകവിഞ്ഞ് സ്നേഹിക്കുന്ന ഈ തനി നാട്ടുമ്പുറത്തുകാരനെ എനിക്കിഷ്ടമാ. അതുപോലെ ഒരു മകനില്ലാത്ത എന്റെ അച്ഛനെയും അമ്മയെയും സ്വന്തം മകനെപ്പോലെ സ്നേഹിക്കാനും എന്റനിയത്തിമാർക്ക് നല്ലൊരു ഏട്ടനാകാനും കഴിയുമെങ്കിൽ ആ അമ്മയോടൊപ്പം വന്ന് പെണ്ണുചോദിക്ക്. ഹരിനന്ദന്റെ വെള്ള ആമ്പലായ് ആ സ്നേഹനിധിയായ അമ്മയുടെ മകളായി ഈ വീട്ടിലേക്ക് വലംകാൽ വച്ചുകയറാൻ എനിക്കും സമ്മതം.

ഒരു നിമിഷം സ്വപ്നമാണോയെന്ന് ചിന്തിച്ചുപോയി.

അന്നുതന്നെ അമ്മയെയും കൂട്ടി കുമുദിന്റെ വീട്ടിൽപ്പോയി പെണ്ണുചോദിക്കാൻ. കുമുദിന്റെ അച്ഛന്റെ കൈപിടിച്ച്

"ഇനിയുള്ളകാലം അച്ഛനൊരു നല്ല മകനാകാനും എന്റെ ഈ അനിയത്തിമാർക്ക് നല്ലൊരു ഏട്ടനാകാനും അമ്മയെ എന്റെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കാനും എനിക്ക് കഴിയും. തരുമോ എനിക്ക് ഭാര്യയായിട്ട് എന്റമ്മയ്ക്ക് മരുമകളായല്ല മകളായിട്ട് എന്റെ വീടിന്റെ നിലവിളക്കായിട്ട് കുമുദിനെ എന്ന് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ നിറഞ്ഞ മിഴികൾ അനുവാദം തന്നുകഴിഞ്ഞിരുന്നു.

അന്നവളുടെ മിഴികൾ നിറഞ്ഞത് സന്തോഷം കാരണമായിരുന്നു.അതിനുശേഷം എന്റെ ആ വീട്ടിൽ സന്തോഷത്തിന്റെ അലകളുയർത്തിയത് അവളായിരുന്നു.

എന്റെ അമ്മയ്ക്ക് നല്ലൊരു മകളായും വയലിൽ നിന്നെത്തുന്ന എന്റെ നെറ്റിയിലെ വിയർപ്പ് സാരിത്തുമ്പാൽ ഒപ്പിയെടുക്കാനും എന്റെ കണ്ണനെയും ഉണ്ണിയെയും എനിക്ക് സമ്മാനിക്കാനും ഞങ്ങളുടെ അമ്മമാർക്ക് മുത്തശ്ശിമാരിലേക്കുള്ള പ്രമോഷൻ നല്കാനും അവളുണ്ടായിരുന്നു

ഹോസ്പിറ്റലിന് മുൻപിൽ കാറ് നിന്നപ്പോൾ ബാഗുമെടുത്ത് ഹരിനന്ദനിറങ്ങി. അച്ഛനും അമ്മമാരും എന്റെ അനിയത്തിമാരും മക്കളുമുണ്ടായിരുന്നു.

പേടിക്കണ്ടാട്ടോ വേറൊന്നുമല്ല സംഭവം. ഞങ്ങൾക്ക് രണ്ട് ആൺകുട്ടികളാണല്ലോ.. അപ്പോൾ ഒരു പെൺകുഞ്ഞ് കൂടിയാലോ എന്ന് വിചാരിച്ചു... മനസ്സിലായോ..

എന്റെ വെള്ളാമ്പൽ വീണ്ടും പ്രസവിച്ചു. അതും ഇരട്ട പെൺകുഞ്ഞുങ്ങളെ.. ഹരിനന്ദന്റെ ദേവൂട്ടിയും മീനൂട്ടിയും എന്റെ വെള്ളാമ്പലിനെപോലെ മാലാഖമാർ. കണ്ണന്റെയും ഉണ്ണിയുടെയും അനിയത്തിമാർ.

നാല് മക്കളെയും ചേർത്തുപിടിച്ച് ഞാനവളെ നോക്കി. അവളും പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.

ഹരിനന്ദന്റെ വെള്ളാമ്പലിന്റെ നെറുകയിൽ അയാളുടെ അധരമമർന്നു.

അതേയ്... ഹരിയേട്ടാ ഇപ്പോൾ ഞങ്ങളെ ചിറ്റയെന്ന് വിളിക്കാൻ നാലുപേരായി. ഇത്രേയുള്ളോ.. അതോ ഇനിയുമുണ്ടോ....

ഞങ്ങളുടെ അനിയത്തിമാരുടെ വക കളിയാക്കലുകളാണേ..

"നമ്മളൊന്ന് നമുക്ക് നാല് " അല്ലെടീ വെള്ളാമ്പലേ....

ഹരിയുടെ വാക്കുകൾ കേട്ട് കുമുദിന്റെ മുഖം താമരപോൽ കൂമ്പി..

- സിമി അനീഷ് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ