പണത്തിനും മേൽ പ്രണയം

പണത്തിനും മേൽ പ്രണയം

പണത്തിനും മേൽ പ്രണയം

ഇന്നുമവനെന്റെ പിന്നാലെ കൂടുകയാണെങ്കിൽ സത്യമായിട്ടും ഞാനവന്റെ കവിളടിച്ചുപൊട്ടിക്കും ഞാൻ.. ഈർഷ്യയോടുകൂടിയ ആരണ്യയുടെ സ്വരം ഹോസ്റ്റൽമുറിയിൽ അലയടിച്ചു.

അവനെന്താടീ കുഴപ്പം.. കോളേജ് ടോപ്പർ പിന്നെ കാണാനും ഹാൻസം.. ബുക്കുകൾ ബാഗിൽ വയ്ക്കുന്നതിനിടയിൽ ആഗ്നേയ പറഞ്ഞു.

അതൊക്കെ ശരിയാ.. പക്ഷേ ഇല്ലാത്ത ഒന്നുണ്ട് പണം. പണത്തിന് പകരം പണം തന്നെ വേണം മോളേ.. അഹങ്കാരത്തോടെ ആരണ്യ പറയുമ്പോൾ ആഗ്നേയയുടെ അധരത്തിലൊരു പുച്‌ഛിച്ച ചിരി വിരിഞ്ഞു.

രണ്ടുവർഷം മുൻപ് ഈ ഹോസ്റ്റലിലേക്ക് നാട്ടിൻപുറത്തുകാരി പാവം പെൺകുട്ടി വന്നു. ദിവസങ്ങൾ കൊഴിഞ്ഞുവീഴുന്തോറും അവളൊരുപാട് മാറി. രൂപവും വേഷവും മാത്രമല്ല സ്വഭാവം കൂടി മാറിപ്പോയി. മറ്റാരുമല്ല ആരണ്യയെന്ന നീ. ഇക്കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ എത്രപേരോടാ നീ പ്രണയം നടിച്ചതെന്ന് എന്തെങ്കിലും കണക്കുണ്ടോ.. ? പണത്തിന് പിന്നാലെ പായുമ്പോൾ നീ നിന്റെ ഭാവി മറക്കുകയാ ആരണ്യേ..

ദേ.. ആഗ്നേയാ.. നീ ഇതെന്നും പറയാറുള്ളതാണ്.. എനിക്കാരുടെയും ഉപദേശം കേൾക്കേണ്ട. എന്റെ ജീവിതമാണ്‌.. എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയാം. ധാർഷ്ട്യത്തോടെ ബാഗുമെടുത്ത് ഒരു കൈകൊണ്ട് മുടി മാടിയൊതുക്കി ആരണ്യ ഇറങ്ങിപ്പോയി.

"അറിയുന്നില്ലല്ലോ ന്റെ കൃഷ്ണാ ഇവൾ.. പോകുന്നത് നാശത്തിലേക്കാണെന്ന് "സങ്കടത്തോടെ ആഗ്നേയ സ്വയം പറഞ്ഞു.

കോളേജിലെ മഞ്ഞവാകപ്പൂക്കൾ പൊഴിച്ചുനിൽക്കുന്ന വാകമരച്ചുവട്ടിൽ ആരണ്യ. അവളുടെ മുൻപിലായി കോളേജ് ടോപ്പർ ഋഷികേശ്.

നിറഞ്ഞ ഭയത്തോടെ ഓടിയവർക്കരികിലേക്ക് എത്തിയപ്പോഴേക്കും ഋഷികേശ് നീട്ടിയ റോസാപ്പൂവ് ആരണ്യയുടെ ഹൈഹീലിൽ നെരിഞ്ഞമരുകയും അവന്റെ കവിൾത്തടത്തിൽ അവളുടെ കൈവിരലുകൾ ചിത്രം വരയ്ക്കുകയും ചെയ്തു കഴിഞ്ഞിരുന്നു.

"ഇഷ്ടമല്ലെന്ന് എത്രപ്രാവശ്യം പറഞ്ഞാലും വീണ്ടും വീണ്ടും പിന്നാലെ കൂടിക്കോളും. തനിക്കൊന്നും നാണവുമില്ലേ. തന്നെപ്പോലൊരു ദരിദ്രവാസിയെ സ്നേഹിച്ച് തന്റെ വീട്ടിൽ വന്ന് കഞ്ഞിയും കുടിച്ച് പട്ടിണി കിടക്കാനൊന്നും എന്നെക്കിട്ടില്ല. ഗെറ്റ് ലോസ്റ്റ്‌.." കോളേജിനെയും കൂടിനിന്ന കുട്ടികളെയും സാക്ഷി നിർത്തി അഹങ്കാരത്തോടെയവൾ പറയുമ്പോൾ നിറഞ്ഞ മിഴികൾ അമർത്തി തുടച്ചവൻ നിശബ്ദനായി നീങ്ങി.

നീറുന്നത് ഋഷികേശിന്റെ മാത്രം ഹൃദയമല്ലെന്നും അത് തന്റേതുകൂടിയാണെന്നും അവൾ മനസ്സിലാക്കി.

കണ്ട നാൾ മുതൽ കയറിക്കൂടിയതാണവൻ മനസ്സിലേക്ക്. നിർധനകുടുംബമാണവന്റേത്. രാത്രികാലങ്ങളിൽ തട്ടുകടകളിൽ ജോലി നോക്കിയും കല്ല് ചുമക്കാൻ പോയുമൊക്കെയാണവൻ കുടുംബം പുലർത്തുന്നതെന്നറിഞ്ഞപ്പോൾ അവനോടുള്ള ഇഷ്ടം കൂടിയതേയുള്ളൂ. അവനോടുള്ള ഇഷ്ടം തുറന്നുപറയാൻ പോയനാൾ
"തനിക്ക് ആരണ്യയെ ഇഷ്ടമാണെന്നും ആഗ്നേയ സഹായിക്കണമെന്നും "അവൻ പറഞ്ഞനിമിഷം നിറഞ്ഞ മിഴികൾ അവൻ കാണാതെ തുടച്ച് അധരത്തിൽ പുഞ്ചിരി വിടർത്താൻ ശ്രമിച്ചപ്പോഴും നീറിപ്പിടയുന്ന മനസ്സ് ആരും കാണാതെ താഴിട്ടുപൂട്ടി.

പക്ഷേ ഇന്നവനോടുള്ള ആരണ്യയുടെ പ്രവൃത്തി പരിധി കടന്നു.

ഉള്ളിൽ നിറഞ്ഞ രോഷത്തോടെ വിജയീഭാവത്തിൽ നിന്നിരുന്ന ആരണ്യയുടെ കവിളടക്കം ഒന്ന് കൊടുത്തപ്പോഴും "നശിച്ചുപോയ ജന്മമാണെടീ നിന്റേത്.. നരകിക്കാൻ കിടക്കുവാ നീയെന്ന് " പറയുമ്പോഴും കുറ്റബോധം തെല്ലും തോന്നിയില്ല.

പിന്നീട് ആരണ്യയിൽ നിന്നുമകന്നു . കോളേജ് ഡേയുടെ അന്ന് "പഠിച്ച് നല്ല നിലയിലെത്താൻ പ്രാർത്ഥിക്കാം. അത് മാത്രമേയുണ്ടായിരുന്നുള്ളൂ പ്രാർത്ഥനയിലെന്നും.. നീയറിയാതെ അങ്ങനെയെത്രയോ രഹസ്യങ്ങൾ.. " പുഞ്ചിരിയോടെ ഋഷികേശിന്റെ മിഴികളിൽ ഉറ്റുനോക്കിയത്രയും പറഞ്ഞിട്ട് നടക്കുമ്പോൾ മിഴിച്ചു നിൽക്കുകയായിരുന്നു അപ്പോഴും അവൻ.

ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ വർഷങ്ങൾ കടന്നുപോയി.

ഷോപ്പിംഗ്‌ കഴിഞ്ഞ് പാർക്ക്‌ ചെയ്‌തിരുന്ന കാറിൽ കയറാൻ തുനിഞ്ഞപ്പോഴാണ് പിന്നിൽ നിന്നുമൊരു സ്ത്രീസ്വരം കേട്ടത്.

ചേച്ചീ.. കടല വാങ്ങൂ ചേച്ചീ.. ചൂടുകടലയാ.. ഒരു പായ്ക്കറ്റ് വാങ്ങൂ ചേച്ചീ..

വേണ്ടെന്ന് പറയാനായി ആഗ്നേയ തിരിഞ്ഞു.
പരിചിതമായ മുഖം.. അവളുടെ മനസ്സിലൂടൊരു മിന്നൽപ്പിണർ കടന്നുപോയി.
ആരണ്യ.. മുഷിഞ്ഞ വേഷത്തിൽ കടലക്കച്ചവടക്കാരിയുടെ വേഷത്തിൽ.. കൂടെ രണ്ടുവയസ്സ് പ്രായം തോന്നിക്കുന്നൊരു പെൺകുഞ്ഞും.

ആ നിമിഷം ആരണ്യയും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു മുന്നിൽ തിളങ്ങി നിൽക്കുന്ന ആഗ്നേയയെ.

കുറ്റബോധം കൊണ്ടവളുടെ മിഴികൾ നിറഞ്ഞൊഴുകി.
എന്താടീ ഇത്.. എന്തുപറ്റി.. ഇടർച്ചയോടെ ആഗ്നേയ ചോദിച്ചു.

"എന്റെ പണത്തോടുള്ള ആർത്തിയാടീ എല്ലാത്തിനും കാരണം. പലപ്രാവശ്യം നിന്റെ വാക്കുകൾ തട്ടിക്കളഞ്ഞതിനുള്ള ശിക്ഷ. പണത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം സ്നേഹിച്ചവന്റെ കൂടെ പോയപ്പോഴും ഒരു താലിയുടെ ബലമില്ലാതെ ജീവിതം ആഘോഷകരമാക്കിയപ്പോൾ സ്വയം മറന്നു. അവന്റെ ജീവിതത്തിൽ കടന്നുവന്ന പല പെൺകുട്ടികളിലൊരാളാണ് ഞാനുമെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും തുടച്ചുമാറ്റാൻ കഴിയാത്തവിധം ഈ കുഞ്ഞെന്റെയുള്ളിൽ വേരുറപ്പിച്ചിരുന്നു. ആരുമില്ലാത്ത ആർക്കും വേണ്ടാത്തവളായി ഞാൻ മാറി. പിഴച്ചവളെന്ന് വീട്ടുകാരും നാട്ടുകാരും മുദ്രകുത്തിയപ്പോൾ എന്റെ മോളുടെ വിശപ്പടക്കാൻ എനിക്ക് തെറ്റിലേക്കിറങ്ങേണ്ടിവന്നു. ഇന്ന് ഞാൻ കടലക്കച്ചവടക്കാരി മാത്രമല്ല.. പല പകൽമാന്യന്മാരുടെയും വിശപ്പടക്കാനുള്ള വസ്തു കൂടിയാണ്. "
പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആരണ്യയത് പറഞ്ഞപ്പോൾ അവൾക്കായി ദൈവം കരുതിവച്ച വിധിയിൽ പകച്ചുനിൽക്കാനേ ആഗ്നേയക്കായുള്ളൂ.

ഒരു വയസ്സ് തോന്നിക്കുന്നൊരു പെൺകുഞ്ഞിനെയും കൈയിലെടുത്ത് ആഗ്നേയക്കരികിലെത്തിയയാളെ കണ്ട്‌ ആരണ്യ പിന്നെയും ഞെട്ടി.

പലപ്രാവശ്യം താൻ അധിക്ഷേപിച്ച് കൈവീശിയടിച്ചവൻ ഋഷികേശ്.

വിശ്വാസം വരാതെ ആഗ്നേയയുടെ മുഖത്തേക്കവൾ നോക്കി.

ഇതാണെന്റെ ഭർത്താവ്.. ഞങ്ങളുടെ മകൾ ഋതുനന്ദ.

"ഒരിക്കൽ നിന്നെയീ രൂപത്തിൽ കാണേണ്ടി വരുമെന്നെനിക്ക് അറിയാമായിരുന്നു. നിന്റെ തൊലിവെളുപ്പ് കണ്ടിട്ടൊന്നുമല്ല പിന്നാലെ നടന്നത്. തെറ്റിൽ നിന്നുമൊരു പെൺകുട്ടിയെ രക്ഷിക്കാനായിട്ടാണ്. ആത്മാർഥമായി തന്നെയാ സ്നേഹിച്ചതും.

ഏത് പുരുഷന്റെയും ജീവിതവിജയത്തിന് പിന്നിലൊരു സ്ത്രീയുണ്ടാകുമെന്നല്ലേ... എന്റെ ജീവിതവിജയത്തിന് പിന്നിലുള്ളത് ഇവളാണ്‌. നീയന്നുപറഞ്ഞ ദരിദ്രവാസിയിൽ നിന്നും ഇന്ന് ഞാൻ ഉയരങ്ങളിലെത്തി നിൽക്കുന്നുവെങ്കിൽ അതിനുപിന്നിൽ ആഗ്നേയ എന്ന എന്റെ പ്രിയഭാര്യ മാത്രമാണ്.

ഇഷ്ടമാണെന്ന് അവളെന്നോട് പറയാതെ പറഞ്ഞപ്പോഴും എനിക്ക് വേണ്ടിയുള്ള മനസ്സുരുകിയുള്ള പ്രാർത്ഥനയിലും ഞാൻ അനുഭവിക്കുകയായിരുന്നു ഒരു പെണ്ണിന്റെ മനസ്സ്. ഇന്നെനിക്കൊരു ജോലിയുണ്ട്.. അതും ഇവളുടെ മിടുക്കാണ് . വാടിത്തളർന്നു നിന്നിരുന്ന ഒരു ചെടിക്ക് പുതുജീവനേകിയവൾ. പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത ഒന്നാണ് സ്നേഹം. സ്നേഹത്തിന്റെ തുലാസിൽ പണമെപ്പൊഴും താഴ്‌ന്നേ നിൽക്കുള്ളൂ. നിന്നെപ്പോലുള്ള പണത്തിനു പിന്നാലെ കുതിച്ചു പായുന്ന പെൺകുട്ടികൾ പഠിക്കേണ്ടതും അതാണ്.
പകച്ചുനിന്ന ആരണ്യയോടായി പറഞ്ഞിട്ട് ആഗ്നേയയും മോളുമായി കാറിനരികിലേക്ക് ഋഷികേശ് നടന്നു.

അപ്പോഴും അവൻ മുറുകെ പിടിച്ചിരുന്നു ആഗ്നേയയുടെ കൈയിൽ.

ഋതുനന്ദയും ആഗ്നേയയും ഋഷികേശും കാറിൽ കയറി മറയുന്നത് കണ്ണുനീർപ്പാടകൾക്കിടയിലൂടെ കണ്ടുനിന്നു ആരണ്യ.

- സിമി അനീഷ് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ