എന്റെ ഏട്ടൻ

എന്റെ ഏട്ടൻ

എന്റെ ഏട്ടൻ

ഏട്ടനുവേണ്ടി പെണ്ണ് നോക്കുന്നുവെന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ്‌.. എനിക്കൊരു ഏടത്തിയമ്മയെ കിട്ടുമല്ലോ. ഇരുപത്തിയെട്ടു വയസ്സിൽ വിവാഹം കഴിഞ്ഞില്ലെങ്കിൽ പിന്നെയിനി മുപ്പത്തിയഞ്ച് വയസ്സിലേ മംഗല്യ ഭാഗ്യമുള്ളൂ എന്നുള്ള ജ്യോത്സ്യന്റെ വാക്കിൽ ഏട്ടനുവേണ്ടി പെണ്ണുകാണൽ തകൃതിയായി നടന്നു. എന്നാലീക്കണ്ട പെണ്ണുകാണലിലൊന്നും തന്നെ ഏട്ടന്റെ സങ്കൽപ്പത്തിലുള്ള നാടൻ ശാലീനസുന്ദരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഒടുവിൽ ഒരു മാസത്തിനു ശേഷം ആ സന്തോഷവാർത്ത എന്റെ കാതിൽ അലയടിച്ചു. ഏടത്തിയമ്മയുടെ ഫോട്ടോ അയച്ചുതരാമെന്ന് ഏട്ടൻ പറഞ്ഞുവെങ്കിലും ഏടത്തിയമ്മയെ ഇനി കതിർമണ്ഡപത്തിൽ വച്ച് ഏട്ടന്റെ അരികിൽവച്ചുതന്നെ കണ്ടാൽ മതിയെന്ന് ഞാൻ നിർബന്ധം പിടിച്ചു. ഏട്ടന്റെ വാക്കുകളിൽ അലതല്ലിയ സന്തോഷം മാത്രം മതിയായിരുന്നു ആ ഹൃദയത്തെ ശ്വേത എന്ന എന്റെ ഏടത്തി എത്രമാത്രം സ്വാധീനിച്ചു എന്ന് മനസ്സിലാക്കുവാൻ.

കുട്ടിക്കാലം മുതൽക്കേ എന്റെ എല്ലാ ആഗ്രഹങ്ങളും കണ്ടറിഞ്ഞ് നടത്തിത്തന്നിരുന്ന അനിയൻകുട്ടനെ ഹൃദയത്തിൽ കൊണ്ടുനടന്ന എന്റെ ഏട്ടന്റെ സന്തോഷമായിരുന്നു എനിക്കും വലുത്.

വിവാഹത്തിന് ഒരാഴ്ച ശേഷിക്കെ എനിക്ക് അവധി കിട്ടി. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. കുട്ടിക്കാലത്തെ അച്ഛൻ നഷ്ട്ടമായതുകൊണ്ട് എല്ലാ കാര്യത്തിനും ഓടിനടക്കുന്നതും ഏട്ടൻ തന്നെയായിരുന്നു. ബാഗും തൂക്കി വരുന്ന എന്നെ കൊച്ചുകുഞ്ഞിനെപ്പോലെ നെഞ്ചോട്‌ ചേർത്തപ്പോഴും ആ വിയർപ്പുമണികൾ എന്നിലേക്ക്‌ പറ്റിച്ചേർന്നപ്പോഴും ഒരച്ഛന്റെ സാമീപ്യമാണ് എനിക്കനുഭവപ്പെട്ടത്. പെയിന്റടിക്കാർക്ക് നിർദേശം നല്കിക്കൊണ്ടുനിന്ന അമ്മയും ബന്ധുക്കൾക്ക് പുത്തൻ വസ്ത്രങ്ങൾ എടുത്തു കാട്ടിക്കൊണ്ടുനിന്ന അനിയത്തിയും വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകാറായെന്നും ഇപ്പോഴാണോ വരുന്നതെന്നുമുള്ള പരിഭവം പ്രകടിപ്പിച്ചു.

പാന്റിൽനിന്നും ലുങ്കിയിലേക്ക് മാറി തോർത്തുകൊണ്ട് തലയിലൊരു വട്ടക്കെട്ടും കെട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഞാനും ഇറങ്ങി. ഇടയ്ക്ക് ഏട്ടന്റെ ഫോണിൽ കാൾ വരുമ്പോൾ ആ മുഖത്ത് വിരിയുന്ന നാണത്തിൽനിന്നും അതെന്റെ ഏടത്തിയാണെന്ന് ഞാനുറപ്പിച്ചു. എപ്പോഴും പക്വതയോടെ നടന്നിരുന്ന ഏട്ടന് ഇങ്ങനെയുമൊരു ഭാവമുണ്ടോയെന്ന് ഞാൻ അത്ഭുതം കൂറി.

രാത്രി അത്താഴത്തിനിരിക്കുമ്പോഴും ശ്വേത ഏടത്തിയെ പറ്റിയായിരുന്നു ചർച്ചയും. ഏടത്തിയമ്മയുടെ ശാലീന സൗന്ദര്യത്തെപ്പറ്റി അനിയത്തി പുകഴ്ത്തിയപ്പോഴും സ്വഭാവമേന്മയെപ്പറ്റി അമ്മ ആശ്ചര്യപ്പെട്ടപ്പോഴുമെല്ലാം ഏട്ടന്റെ മുഖം നാണം കൊണ്ട് തുടുത്തു. അടുത്തത് അനിയൻകുട്ടന്റെ വിവാഹമാണെന്നും മനസ്സിൽ ആരെങ്കിലുമുണ്ടോയെന്നുമുള്ള ഏട്ടന്റെ ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരിയിലൊതുക്കി കഴിച്ചെഴുന്നേറ്റു. കൈകഴുകി കിടക്കയിലേക്ക് ചായുമ്പോൾ എന്റെ മനസ്സിലൊരു മുഖം മിന്നിമറഞ്ഞു.

ഹിമകണം പതിച്ച പുൽനാമ്പുപോലെ ആർദ്രമാകുകയായിരുന്നു എന്റെ ഹൃദയം. ഡയറിയ്ക്കകത്തുനിന്നുമൊരു ഫോട്ടോ എടുത്ത്‌ അതിലേക്ക് നോക്കി. പകുതിയടഞ്ഞ മിഴികളോടെ കൂപ്പുകൈയുമായി നിൽക്കുന്നവൾ. തുളസിക്കതിരിന്റെ നൈർമല്യമുള്ളവൾ. ഹൃദയത്തെ അനുരാഗ പുളകിതനാക്കിയ പേരറിയാത്തൊരു പെൺകുട്ടി. ദാവണിയിൽ നിറഞ്ഞുനിൽക്കുന്ന.. ജലബിന്ദുക്കൾ ഇറ്റുവീഴുന്ന അരയൊപ്പം വളർന്നിറങ്ങിയ വാർമുടിത്തുമ്പിൽ തുളസിക്കതിർ ചൂടിയവൾ. ഭക്തിസാന്ദ്രമായി ദേവീവിഗ്രഹത്തിന് മുൻപിൽ പകുതിയടഞ്ഞ മിഴികളുമായി കൈകൂപ്പി നിൽക്കുന്നവൾ.. ആ നിമിഷം ആരും കാണാതെ താൻ മൊബൈലിൽ ഒപ്പിയെടുത്ത ചിത്രം. ആ ഒരൊറ്റ കാഴ്ചയിലാണവൾ മനം കവർന്നത്. കൂട്ടുകാരന്റെ പെങ്ങളുടെ വിവാഹത്തിനായി അവന്റെ നാട്ടിൽ പോയപ്പോഴാണ് അവളെ കാണുന്നത്.

അതിനുശേഷവും രണ്ടു പ്രാവശ്യം അവളെ കണ്ടു. മാറോടടക്കിയ പുസ്തകങ്ങളുമായി പുസ്തകക്കടയിൽ നിന്നുമിറങ്ങുന്നവൾ. കൂട്ടുകാരോട് വാതോരാതെ സംസാരിച്ചുകൊണ്ട് പോകുന്നത് നോക്കി നിന്നപ്പോഴേക്കും അവൾ കാഴ്ചയിൽ നിന്നുമകന്നു. പിന്നീടവളെ കാണുന്നത് ബസ്സിൽ വച്ചാണ്. നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ മാടിയൊതുക്കുമ്പോൾ കാതിലൂയലാടുന്ന ജിമിക്കി തെളിഞ്ഞു. വിടർന്ന താമരമിഴികൾ.

അന്നുമുതലിന്നുവരെ അവളാണ് മനസ്സിൽ. പേരറിയാതെ.. അവളെക്കുറിച്ചൊന്നുമറിയാതെ.. ഒരു വാക്കുപോലും ഉരിയാടാതെ.. ഒന്ന് പുഞ്ചിരിക്കുകയോ.. എന്തിന് അവൾ പോലുമറിയാതെ അവളെ പ്രണയിക്കുകയാണ് ഈ നിമിഷവും..

ഏട്ടന്റെ വിവാഹശേഷം പറയണം ഏട്ടന്റെ അനിയൻകുട്ടന്റെ മനസ്സ് കീഴടക്കിയ പെണ്ണിനെപ്പറ്റി. ആഗ്രഹിച്ചതെല്ലാം കൈവെള്ളയിൽ വച്ചുതന്നിട്ടുള്ള ഏട്ടൻ ലോകത്തെവിടെയായാലും അവളെയും കണ്ടുപിടിച്ചു തരുമെന്നുള്ള വിശ്വാസം അതാണ് മുന്നോട്ട് നയിക്കുന്നതും. ചിന്തകൾക്ക് വിരാമമിട്ട് നിദ്രാദേവി അവനെ പുൽകി.

ഏട്ടന്റെ വിവാഹനാൾ. കതിർമണ്ഡപത്തിൽ അച്ഛന്റെ സ്ഥാനത്തുനിന്നും അമ്മാവനാണ് ഏട്ടനെ വലംവയ്പ്പിച്ചത്. നിറഞ്ഞ സദസ്സിനെ വണങ്ങി നറുപുഞ്ചിരിയുമായി ഏട്ടൻ ഇരുന്നു.

---ഒരുനിമിഷം ഏട്ടന്റെ സ്ഥാനത്ത് കതിർമണ്ഡപത്തിൽ താനായി മാറി. അരികിൽ നമ്രശിരസ്കയായി തന്റെ പെണ്ണ്. അവളുടെ വലംകൈ തന്റെ വലംകൈയിൽ വച്ചുതരുന്ന ഏട്ടൻ. നാദസ്വരമേളമാണ് പകൽ സ്വപ്നത്തിൽനിന്നും മുക്തനാക്കിയത്----

ഊറിയ ചിരി അധരത്തിലൊളിപ്പിച്ച് ഏടത്തിയുടെ വരവിനായി മിഴികൾ പായിച്ചു. താലപ്പൊലിയേന്തിയ പെൺകുട്ടികൾക്ക് നടുവിൽ സ്വർണാഭരണ വിഭൂഷിതയായി ഏടത്തിയമ്മ. കാണുന്നത് സ്വപ്നമാണോയെന്നറിയാൻ മിഴികൾ ചിമ്മിത്തുറന്നു. അല്ല.. പകലുപോലെ സത്യം.

ആരെയാണോ സ്വന്തം പെണ്ണെന്ന് കരുതി ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് അവൾ. ദൈവമേ... എന്ത് പരീക്ഷണമാ. എന്റേതെന്ന് കരുതിയവളെ എങ്ങനെ ഏടത്തിയമ്മയായി കാണും. കൈയെത്തും ദൂരത്തുകൊണ്ടു തന്നത് നഷ്ടപ്പെടുത്തിയിട്ടായിരുന്നോ.. മനസ്സിൽ പടുത്തുയർത്തിയ മോഹങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്നു.

"അവളെന്റെ പെണ്ണാണ്‌... ഞാൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവൾ.. " എന്നുറക്കെ വിളിച്ചുപറയണമെന്നുണ്ടായിരുന്നു... പക്ഷേ.. ഏട്ടന്റെ മുഖം ഓർത്തിട്ട്.. കഴിയില്ല തനിക്കിനി ഒന്നിനും..

കുട്ടിക്കാലം മുതൽക്കേ ഏട്ടൻ മാത്രമായിരുന്നില്ല അച്ഛനും കൂടിയായിരുന്നു തനിക്കേട്ടൻ. ആഗ്രഹിച്ചതെല്ലാം നേടിതന്നയാൾ.. ഇന്നുവരെയും സ്വന്തം ആഗ്രഹങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഇക്കഴിഞ്ഞ ദിവസങ്ങൾകൊണ്ട് ഏട്ടൻ എത്രയോ സ്വപ്നം കണ്ടിരിക്കുന്നു. ഇപ്പോൾ തനിക്ക് മാത്രമേ നൊമ്പരമുള്ളൂ.. ഇത് നടന്നില്ലെങ്കിൽ എല്ലാവരും ദുഃഖിക്കും. ഏട്ടന്റെ സന്തോഷം മാത്രം മതി തനിക്ക്..

ഉള്ളിലെ വേദന കടിച്ചമർത്തി അധരത്തിൽ പുഞ്ചിരി വിരിയിക്കുമ്പോഴും മിഴിനീർ പാടകൾക്കിടയിലൂടെ കണ്ടു -സ്വർണ്ണത്തിൽ തീർത്ത മാലയിൽ തിളങ്ങുന്ന ആലിലത്താലി.. ഉയർന്നുപൊങ്ങുന്ന നാദസ്വരമേളം.. സീമന്തരേഖയിലെ സിന്ദൂരച്ചുവപ്പ്. നിറമിഴികളുമായി പതിയെ പിന്തിരിഞ്ഞു.

വാഷ്‌റൂമിൽ കയറി ശബ്ദമില്ലാതെ കരഞ്ഞപ്പോഴേക്കും വല്യേട്ടൻ വിളിക്കുന്നെന്ന അനിയത്തിയുടെ സ്വരം തേടിയെത്തി. മുഖം നന്നായി കഴുകി ഏട്ടന്റെ അടുത്ത് നിന്ന് ഫോട്ടോയെടുക്കുമ്പോഴും മനസാന്നിധ്യം കൈവിടല്ലേയെന്ന് നെഞ്ചുരുകി പ്രാർത്ഥിച്ചു. പൊള്ളിപ്പിടയുന്ന ഹൃദയവുമായി ഏട്ടന് മുഖം നൽകാതെ പിന്തിരിഞ്ഞപ്പോഴേക്ക് കൈത്തണ്ടയിൽ പിടി വീണിരുന്നു.

അനിയൻകുട്ടാ.. നിന്റെ എടത്തിയാ. ഇന്നല്ലേ നീ കാണുന്നത്. ഒന്നും പറയാനില്ലേ നിനക്കിവളോട്. പുഞ്ചിരി വിടർന്ന ആ മുഖത്ത് നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി.

കണ്ടിട്ടുണ്ടോ നീയിവളെ എപ്പോഴെങ്കിലും.. ഏട്ടന്റെ അപ്രതീക്ഷിത ചോദ്യത്തിന് മുൻപിൽ ഒന്ന് പതറിയെങ്കിലും ഇല്ലെന്ന് തലയനക്കി.

ദേ.. ഇവളെയോ.. ? ഏട്ടൻ മുൻപിലേക്ക് നീക്കിനിർത്തിയ പെൺകുട്ടിയിൽ ഒരുനിമിഷം മിഴികൾ തങ്ങി. ആശ്ചര്യത്തോടെ ഏടത്തിയെയും അവളെയും മാറിമാറി നോക്കി. അമ്പരന്ന് ഏട്ടനെ നോക്കിയപ്പോൾ ഏട്ടൻ മന്ദഹസിച്ചു.

"നിന്റെ ആഗ്രഹങ്ങളെല്ലാം കണ്ടറിഞ്ഞ് നടത്തിത്തന്ന നിന്റെയീ ഏട്ടന് തെറ്റുപറ്റുമോടാ.നീ എനിക്ക് വേണ്ടി വിട്ടുതരാമെന്ന് കരുതി അല്ലേടാ. ഡയറിത്താളിലെ ഫോട്ടോയിലെ മുഖം തേടിയുള്ള അലച്ചിലിലാ ഇവളെ കണ്ടുമുട്ടുന്നത്. ഇരട്ടകളാ ഇവർ. നല്ലൊരു മുഹൂർത്തം നോക്കി നിങ്ങളുടെ വിവാഹം. ശ്വേത നിന്റെ ഏടത്തിയമ്മയായി വരുമ്പോൾ ശിഖ എന്റെ അനിയത്തിക്കുട്ടിയായി വരട്ടെ അല്ലേ.. " അരികിൽ നാണിച്ചുനിന്ന ശിഖയുടെ കൈ പിടിച്ച് എന്റെ വലംകൈയിൽ വച്ചു ഏട്ടൻ.

നനഞ്ഞ മിഴികളോടെ ഏട്ടന്റെ മാറിലേക്ക് വീഴുമ്പോൾ ഞാനറിയുകയായിരുന്നു വീണ്ടുമാ സ്നേഹസാഗരത്തെ..ഏട്ടനെന്ന നന്മ മരത്തെ.. ഏട്ടന്റെയും ഏടത്തിയുടെയും പാദങ്ങളിലേക്ക് വീഴുമ്പോൾ 'എന്റെ അനിയൻകുട്ടന്റെ മിഴികളിനി നനയരുതെന്ന് പറഞ്ഞ് എന്റെ മിഴികൾ ഏടത്തി തുടയ്ക്കുമ്പോൾ ഞാൻ കണ്ടു ഏടത്തിയിലെന്റെ അമ്മയെ..

അപ്പോഴും ശിഖയുടെ കൈകൾ എന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു.

- സിമി അനീഷ്   

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ