പ്രതികാരം

പ്രതികാരം

പ്രതികാരം

അർദ്ധരാത്രിയിലെ നിർത്താതെയുള്ള കോളിംഗ്ബെൽ ശബ്ദം കേട്ടാണ് മായ ഞെട്ടിയുനർന്നത്. ക്ലോക്കിൽ 1. 10 കാണിച്ചു. അരികിൽ സുഖനിദ്രയിലായിരുന്ന ഭർത്താവ് ശങ്കർദേവിനെ തട്ടിയുണർത്തി വാതിൽ തുറന്നപ്പോൾ മുൻപിൽ നിൽക്കുന്ന വ്യക്തിയെ കണ്ടവർ ഞെട്ടി. തങ്ങളുടെ ഏകമകൾ പരിണയ.

അർദ്ധരാത്രി തനിയെ വന്നതിനെച്ചൊല്ലി ശകാരിക്കുമ്പോഴും പരിണയ അശ്രദ്ധയായി നിൽക്കുകയായിരുന്നു. കോളേജ് ഹോസ്‌റ്റലിൽ ആയിരുന്ന പരിണയ എന്തിന് ഒന്നും പറയാതെ ഈ നേരത്ത് ഇവിടെയെത്തി. ? എന്ന ചോദ്യത്തിനും അവൾ മറുപടി നല്കിയില്ല.

കിലുക്കാംപെട്ടിപോലെ നടന്ന മകളുടെ ഭാവവ്യത്യാസം മായയിൽ പരിഭ്രമമുണർത്തി. പിന്നൊന്നും അറിയാൻ നിൽക്കാതെ അവർ മുറിയിലേക്ക് നടന്നു.

പിറ്റേന്ന് രാവിലെ ചായയുമായി പരിണയയെ അന്വേഷിച്ചപ്പോൾ കാണാനായില്ല. മൊബൈൽ മുറിയിലിരിക്കുന്നു. പത്രവായനയിൽ മുഴുകിയിരുന്ന ശങ്കർദേവിനോട്‌ വിവരം പറഞ്ഞപ്പോൾ അയാളും അമ്പരന്നു.

പെട്ടെന്ന് ഗേറ്റ് കടന്നുവരുന്ന പരിണയയെ കണ്ടതും അവരുടെ മുഖം വിസ്മയം കൊണ്ട് വിടർന്നു.

ദാവണി ചുറ്റി ഈറൻമുടി വിതിർത്തിട്ട് പരിണയ കടന്നു വരുന്നു. ആദ്യമായി മകളെ ഇങ്ങനൊരു വേഷത്തിലും ഭാവത്തിലും കാണുന്നതിന്റെ ആശ്ചര്യം ആ മുഖങ്ങളിലുണ്ടായിരുന്നു.


ഒൻപത് മണിയായാലും എഴുന്നേൽക്കാത്തവളാണ് അതിരാവിലെ എഴുന്നേറ്റു വരുന്നത്.

നീയെവിടെ പോയതാ മോളേ.. ?

വെറുതെയൊന്ന് നടന്നിട്ട് വാരികയാ അച്ഛാ.. വെറുതെയിരിക്കുകയല്ലേ അതാ... അവൾ പുഞ്ചിരിച്ചു.

എതായാലും ഇന്നെന്റെ മോൾ സുന്ദരിയായിട്ടുണ്ട്. നിനക്കാ ജീൻസിനേക്കാളുമൊക്കെ നന്നായി ചേരുന്നത് ഈ വേഷം തന്നെയാ... മായയുടെ വാക്കുകൾ ശരിവച്ചു ശങ്കർദേവും.

ലജ്ജയോടെ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവളകത്തേക്ക് കയറി.

കുളി കഴിഞ്ഞ് മായ വന്നപ്പോഴേക്കും ടേബിളിൽ ആവിപറക്കുന്ന പുട്ടും പയറും. അമ്പരന്നുകൊണ്ട് അടുക്കളയിലേക്ക് കയറിയപ്പോൾ ധൃതിയിൽ പാചകം ചെയ്യുന്ന പരിണയയെയാണ് കണ്ടത്. അവിയലിൽ ഒഴിച്ച പച്ചവെളിച്ചെണ്ണയുടെ നറുമണം വായുവിൽ തങ്ങിനിൽക്കുന്നു.

ആഹാ.. നീയിതൊക്കെ എങ്ങനെ പഠിച്ചു. ഇന്നുവരെ അടുക്കളയിലേക്ക് കാലുകുത്താത്ത എന്റെ മോൾക്കിതെന്താ പറ്റിയത്.

ഞാൻ പോലും ഇത്ര നന്നായി വയ്ക്കില്ല... സമ്മതിച്ചു മോളേ.. അവിയലിൽ നിന്നും ഒരൽപം രുചിച്ചുകൊണ്ട് മായ പറഞ്ഞു.

കെട്ടിക്കാറായ പെണ്ണാണ്‌ പാചകമൊക്കെ പഠിക്കണമെന്ന് അമ്മയല്ലേ പറയുന്നത്.. കഷ്ടപ്പെട്ട് കുക്കറിഷോ കണ്ട്‌ പഠിച്ചതാ അമ്മേ..
അവളെ ചേർത്തുനിർത്തി നെറുകയിൽ അധരമമർത്തി മായ.

പ്രാതൽ സമയത്താണ് പ്രോജെക്ടിനെ പറ്റി അവൾ പറഞ്ഞത്. നാട്ടുവൈദ്യന്മാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നെന്നും അതിനായി ഗ്രൂപ്പുകളായി തിരിച്ചുവെന്നും അനുവാദം ചോദിക്കാനാണ് വന്നതെന്നുമവൾ പറഞ്ഞത്.

പരിണയയുടെ പ്രൊഫസറെ വിളിച്ച് കാര്യം അന്വേഷിച്ചശേഷം ശങ്കർദേവ് സമ്മതം മൂളി.

വെള്ളിക്കുന്ന്.. ദൈവം കനിഞ്ഞനുഗ്രഹിച്ച നാട്. നേരം പുലർന്നു വരുന്നതേയുള്ളൂ.. എന്നിട്ടും നാട്ടുവഴികളിൽ ആളുകൾ സജീവമാണ്.

തട്ടുകടയുടെ മുൻപിൽ കാർ നിന്നതും നഗ്നപാദയായി പരിണയ ഇറങ്ങി. പിന്നാലെ കൂട്ടുകാരും.

മാധവേട്ടാ...അഞ്ചു ചായ... പെട്ടെന്ന് പരിണയ പറഞ്ഞു.

താനിതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരു പെൺകുട്ടി സ്വാതന്ത്ര്യത്തോടെ തന്റെ പേര് വിളിക്കുന്നത് കേട്ടയാൾ അമ്പരന്നു.അഞ്ചു പെൺകുട്ടികൾ ചായക്കടയിലേക്ക് കയറിവന്നതിന്റെ അത്ഭുതം അവിടിരുന്നവരുടെ മുഖത്തും പ്രകടമായി.

പരിചയപ്പെടലും ചായകുടിയും കഴിഞ്ഞിറങ്ങിയപ്പോൾ ദയ അവളെ തടഞ്ഞു.

"നിനക്കെങ്ങനെ അയാളെ അറിയാം. "

അതൊക്കെ അറിയാമെടീ... തൽക്കാലം എന്റെ മോൾ വണ്ടിയെടുക്ക്.. നറുപുഞ്ചിരിയോടെ പരിണയ പറയുമ്പോഴും അവരുടെ മുഖത്ത് സംശയം തങ്ങിനിൽപ്പുണ്ടായിരുന്നു.
അപ്പോൾ ഇനി നമ്മൾ പോകുന്നത് ഇന്നാട്ടിലെ പ്രമാണിയായ കൃഷ്ണമേനോന്റെ വീട്ടിലേക്കാണ്... നമ്മുടെ പ്രൊഫെസ്സറിന്റെ ഫ്രണ്ട് ആയതുകൊണ്ട് പ്രോജക്ടിന്റെ എല്ലാ സഹായവും ചെയ്തുതരുന്നത് അദ്ദേഹമാണ്...കാർ സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് ദയ പറഞ്ഞപ്പോൾ പരിണയയുടെ അധരത്തിലൊരു പുഞ്ചിരി വിടർന്നു.

ഹോ... എന്ത് ഭംഗിയാ അല്ലേ... വയലുകളും കുളവും കൽപ്പടവും ആമ്പൽപ്പൊയ്കയും അല്ലേ... ദയയുടെ അതിശയം കലർന്ന സ്വരം കേട്ട് പരിണയ തുടർന്നു -പിന്നല്ലാതെ... ഇനിയും നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ഉണ്ട്... ക്ഷേത്രവും കാവുകളും പുഴയുമൊക്കെ..

അത് നിനക്കെങ്ങനെ അറിയാം... ആശ്ചര്യത്തോടെ കൂട്ടുകാർ ചോദിച്ചു.

ഞാൻ നേരത്തെ തന്നെ ഇവിടുത്തെ വിവരങ്ങൾ ശേഖരിച്ചെടി.. പരിണയ പറഞ്ഞു.

നീ നിർബന്ധം പിടിച്ചതുകൊണ്ടാണ് ഞങ്ങൾ വന്നത്.ഭംഗിയൊക്കെ ഉണ്ടെങ്കിലും എനിക്കിവിടുത്തെ ക്ലൈമറ്റ് പിടിക്കില്ല...അതുകൊണ്ട് പത്തുദിവസം കൊണ്ട് തീർക്കണം. എല്ലാം ദയ പറഞ്ഞു.

മം.. പോകാം.. പെട്ടെന്നുതന്നെ എല്ലാം തീർക്കാം... പരിണയയുടെ പല്ലുകൾ ഞെരിഞ്ഞത് ആരും ശ്രദ്ധിച്ചില്ല.

പിറ്റേദിവസം കുളക്കടവിൽ ഇരിക്കുമ്പോഴാണ് ഒരാൾ കടന്നുവന്നത്.

ഞാൻ ധീരവ്..കൃഷ്ണൻമേനോന്റെ മകനാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കുന്നു. കൂടുതൽ പരിചയപ്പെടുമ്പോഴും ധീരവിന്റെ കണ്ണുകൾ ദാവണിയിൽ നിറഞ്ഞുനിൽക്കുന്ന പരിണയയിലായിരുന്നു. അതറിഞ്ഞെന്നവണ്ണം അവളുടെ മുഖം തുടുത്തു.

പെട്ടെന്നുതന്നെ ധീരവ് പരിണയയുമായി അടുത്തു. അഞ്ചാംനാൾ തന്റെ പ്രണയം അവളോടവൻ തുറന്നുപറഞ്ഞപ്പോൾ നാണം കൊണ്ടാ മുഖം കൂമ്പിയടഞ്ഞു.

* * * * *

മോളെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ ഏട്ടാ.. എനിക്കാകെ പേടിയാകുന്നു... മായ പരിഭ്രാന്തിയോടെ പറഞ്ഞു. ദയയെയും കൂട്ടുകാരെയും വിളിച്ചിട്ട് കിട്ടുന്നില്ല.
ഇരുവരിലും ഭയം അരിച്ചുകയറി.

* * * *

വെള്ളിക്കുന്നെന്ന പ്രദേശത്ത് പരിണയ മുൻപ് ഫോൺ ചെയ്തപ്പോൾ പറഞ്ഞ അടയാളം അനുസരിച്ച് എത്തുമ്പോൾ അവരുടെ ഹൃദയം പിടയുകയായിരുന്നു.

എന്നാൽ കൃഷ്ണൻമേനോന്റെ ഗസ്റ്റ്‌ ഹൌസിൽ മകളെ കണ്ടപ്പോൾ തന്നെ ആ സങ്കടങ്ങൾ അലിഞ്ഞില്ലാതായി.

വന്നതിനെച്ചൊല്ലി പരിണയ മുഖം വീർപ്പിക്കുമ്പോൾ അവർക്ക് ചിരിയാണ് വന്നത്. മനസ്സില്ലാമനസ്സോടെ ഇരുവരെയും ഗസ്റ്റ്‌ ഹൗസിൽ കൊണ്ടുപോകുമ്പോൾ ആ മിഴികൾ എരിയുകയായിരുന്നു.

ധീരവിന്റെയും പരിണയയുടെയും സംസാരവും പെരുമാറ്റവും അവരുടെ ഉള്ളിൽ സംശയത്തിന്റെ അലകളുയർത്തി. തിരിച്ചുപോകാമെന്ന് ആവശ്യപ്പെട്ടപ്പോൾ അവൾ പൊട്ടിത്തെറിച്ചു.

"എന്റെ കാര്യം നോക്കാൻ എനിക്കറിയാം.. നിങ്ങളാരാ അതൊക്കെ നോക്കാൻ "

ആ ചോദ്യം അവരുടെ ഹൃദയങ്ങളിൽ തുളച്ചുകയറി.

ധീരവിന്റെ മുൻപിൽ അവൾ കരയുകയായിരുന്നു.

"നീയെന്റെ പെണ്ണല്ലേടീ... നിന്നെ മാത്രമേ ഞാൻ വിവാഹം ചെയ്യുള്ളൂ.. പക്ഷേ ഇപ്പോൾ നീ അവരുടെ കൂടെ പോകണം. അച്ഛനോട് കാര്യങ്ങൾ അവതരിപ്പിച്ചശേഷം നിന്നെ കൊണ്ടുപോകാൻ ഞാൻ വരും. ഇന്നുരാത്രി ഇതേ കുളക്കടവിൽ വച്ച് നമുക്ക് കാണാം.. ധീരവ് അവളെ ആശ്വസിപ്പിച്ചു.

ഇതേസമയം ശങ്കർദേവിന്റെ മുൻപിലിരുന്ന് മായ കരയുകയായിരുന്നു.

നമ്മുടെ മോൾക്കെന്താ ഏട്ടാ പറ്റിയത്. മോഡേൺ ആയി നടന്നിരുന്നവൾ നാടൻ പെണ്ണായി മാറുന്നു. പാചകം അറിഞ്ഞു കൂടാത്തവൾ നന്നായി പാചകം ചെയ്യുന്നു. അർദ്ധരാത്രിയിൽ വരുന്നു. ഇപ്പോൾ അവളുടെ കൂട്ടുകാർ പറഞ്ഞത് കേട്ടില്ലേ.. ഇതുവരെ കണ്ടിട്ടില്ലാത്ത ആളെ പേരെടുത്ത് വിളിക്കുന്നു. ഈ നാട്ടിലേക്ക് വന്നതുപോലും അവളുടെ നിർബന്ധം കൊണ്ടാണെന്ന്. ഇന്നാട്ടിലെ മുക്കും മൂലയും അവൾക്ക് പരിചിതമാണെന്ന്. ഇതിനെല്ലാം എന്താ അർഥം.
മായയെ ചേർത്തുപിടിച്ച് നിസ്സഹായനായി നിൽക്കുവാനെ അയാൾക്കായുള്ളൂ.

രാത്രി കുളക്കടവിലേക്ക് അവൾ പതിയെ നടന്നടുത്തു. ധീരവ് അവളെ കാത്തിരിപ്പുണ്ടായിരുന്നു. ആവേശത്തോടെ അവളെ ചേർത്തണച്ചവൻ മന്ത്രിച്ചു "എന്റെ ജീവിതത്തിലെ ഏകപെണ്ണ് . എന്റെ സ്വന്തം പരിണയാ.."

"ഇതുപോലെ തന്നെയല്ലേടാ നീയെന്നോടും പറഞ്ഞത്.
കടപ്പല്ലുകൾ ഞെരിയുന്ന ശബ്ദം കേട്ടവൻ കുതറിമാറി.

ദീപിക.... ധീരവ് ശക്തമായി ഞെട്ടി.

"അതേ ദീപിക.. നിന്റെ വീട്ടിലെ വേലക്കാരി അനാഥയായ ദീപിക. എന്താ പേടിച്ചുപോയോ.. നിന്റെ വാക്കിൽ വിശ്വസിച്ച് ഞാൻ തന്നതല്ലേ എന്നെത്തന്നെ.. അന്ന് നീയിതു തന്നെയല്ലേ എന്നോടും പറഞ്ഞത്. ഒടുവിൽ എന്റെ ഉദരത്തിൽ നിന്റെ ജീവൻ തുടിക്കുന്നെന്ന് ഞാൻ പറഞ്ഞ നിമിഷം നീയെന്താ പറഞ്ഞതെന്നോർമ്മയുണ്ടോ അതിനെ അബോർട്ട് ചെയ്യാൻ.. എത്ര നിസാരമായിട്ടാ നീയെന്നോടത് പറഞ്ഞത്..
അതിന് സമ്മതിക്കില്ലെന്നും എല്ലാവരെയും എല്ലാം അറിയിക്കുമെന്ന് പറഞ്ഞതിനാ നീയന്നു എന്നെ ഇവിടെ വച്ച് അടിച്ചിട്ടത്. മരിച്ചെന്നു കരുതി നീ എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഉള്ളിൽ ജീവന്റെ ഒരിത്തിരി കനൽ ദൈവം ബാക്കിവച്ചത് പരിണയ എന്ന ജൂനിയർ ഡോക്ടറെ എല്ലാം അറിയിക്കാനായിട്ടാകും. ഞാനും എന്റെ ഉള്ളിൽ നാമ്പെടുത്ത ആ കുരുന്നു ജീവനും ഈ ഭൂമിയിൽ നിന്നും മാഞ്ഞപ്പോൾ എനിക്കുവേണ്ടി മിഴിനീരിറ്റിച്ചതും അവരാണ്.

നിന്റെ അച്ഛന്റെ കാശിന്റെ മഞ്ഞളിപ്പിൽ കുളപ്പടവിൽ കാലുതെറ്റി വീണുള്ള സാധാരണ മരണമായി ഈ അനാഥപെണ്ണിനെ നീ മായ്ച്ചുകളഞ്ഞു.

മോക്ഷം കിട്ടാതെ പോകാനാകുമോടാ എന്റെ ആത്മാവിന്.. മനഃസാക്ഷിയുള്ള പരിണയയിൽ ഞാൻ പ്രവേശിച്ചത് നിന്നോട് പ്രതികാരം ചെയ്യാനാണ്. നീ കൂട്ടുപിടിച്ച അതേ ഡോക്ടർ തന്നെയാണ് എന്നെ അറിയാതെയെങ്കിലും നിന്റെ മുൻപിൽ എത്തിച്ചത്.

ഇനിയൊരു പെൺകുട്ടിക്കും ഈയൊരു അവസ്ഥയുണ്ടാകരുത്. നിന്നെപ്പോലുള്ള കാട്ടാളന്മാർ ഇനിയിവിടെ വേണ്ട ധീരവേ "..

"ദീപികേ.. നോ.. ഞാ...ഞാൻ.. " പാതിവഴിയിൽ ആ ശബ്ദം മുറിഞ്ഞുപോയി.
കുളത്തിലെ ചതുപ്പിലേക്കവനെ ചവിട്ടിത്താഴ്ത്തുമ്പോൾ ദീപിക അട്ടഹസിക്കുകയായിരുന്നു.

എല്ലാം കണ്ട്‌ ഞെട്ടി വിറച്ചുകൊണ്ടുനിന്ന ശങ്കറിന്റെയും മായയുടെയും അടുക്കലേക്കവൾ നടന്നു.

"ക്ഷമിക്കണം.. ഈ നീചൻ ജീവനോടെയുള്ളപ്പോൾ മോക്ഷം ലഭിക്കില്ല എനിക്ക്. ചുറ്റിലും എത്ര നടന്നാലും പഠിക്കില്ല എന്നെപ്പോലുള്ള പെൺകുട്ടികൾ. യഥാർത്ഥ പ്രണയത്തിൽ ശരീരത്തിനല്ല മനസ്സുകൾക്കാണ് പ്രാധാന്യം എന്ന് തിരിച്ചറിയുന്നുവോ അന്നേ ചതിയിൽപ്പെടുന്ന പെൺകുട്ടികൾ കുറയുള്ളൂ. ഒരാപത്തും സംഭവിക്കില്ല അമ്മയുടെ മകൾക്ക്..

പുകമഞ്ഞുപോലെ പ്രതികാരദാഹം തീർത്ത് ദീപിക മാഞ്ഞുപോയി.

മയങ്ങിവീണ പരിണയയെ താങ്ങിപ്പിടിച്ചു കൊണ്ടവർ നടന്നപ്പോൾ ദീപിക ഒരു നക്ഷത്രമായി അവരെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.

- സിമി അനീഷ്  

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ