ദീപ്തിയുടെ സ്വന്തം മനു

ദീപ്തിയുടെ സ്വന്തം മനു

ദീപ്തിയുടെ സ്വന്തം മനു

വേണ്ട ദീപ്തി.. നിന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണ് നനയിപ്പിച്ചിട്ട് നമുക്കൊരു ജീവിതം വേണ്ട. നമുക്ക് പിരിയാം മോളേ... അവരു പറഞ്ഞത് ശരിയാ നിനക്ക് താഴെയുള്ള അനിയത്തിമാരുടെ ഭാവി നശിക്കില്ലേ. ചേച്ചി ഒളിച്ചോടി പോയതാണെന്ന് അറിഞ്ഞാൽ അവർക്ക് നല്ലൊരു ജീവിതമുണ്ടാകുമോ. ?നമുക്ക് പിരിയാം. നമ്മൾ കണ്ട സ്വപ്നങ്ങളും ജീവിതവുമെല്ലാം നമ്മുടെ ഓർമയിൽ സൂക്ഷിക്കാം. ഞാൻ പൊയ്‌ക്കോട്ടെ ദീപ്തി...!

പറഞ്ഞു നിർത്തിയപ്പോൾ മാനുവിന്റെ കണ്ഠമിടറി.. കണ്ണുകൾ നനഞ്ഞു..!

മനുവേട്ടാ... ദീപ്തി മനുവിനെ ഉറുമ്പടക്കം പിടിച്ചു കരഞ്ഞു...!

ഏയ്‌.. വിധിച്ചിട്ടില്ലെടി.. നിന്നെ എനിക്ക് . ദീപ്തിയെ തന്നിൽ നിന്നുമടർത്തി മാറ്റി നിറകണ്ണുകളോടെ മനു നടന്നകലുന്നത് ഒരു പ്രതിമയെപ്പോലെ നോക്കിനിൽക്കാനേ ദീപ്തിക്കായുള്ളൂ..!

തിരികെ ഓട്ടോയിൽ വീട്ടിൽ വന്നിറങ്ങുമ്പോൾ മുറ്റത്തിരുന്ന അച്ഛനും അമ്മയും അവളെ നോക്കി. നിയന്ത്രിക്കാനാവാത്ത കണ്ണുനീരിനിടയിൽ ദീപ്തി പറഞ്ഞു -മനുവേട്ടൻ പോയച്ഛാ... അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ ഇനി ഞങ്ങൾ കാരണം നിറയേണ്ട, ദീപികമോളുടെയും ദൃശ്യമോളുടെയും ഭാവി ഞങ്ങളായിട്ട്‌ നശിക്കില്ല. അച്ഛൻ തീരുമാനിക്കുന്ന ആർക്കുമുൻപിലും ഞാൻ തലകുനിയ്ക്കാം. പക്ഷേ മനുവേട്ടനെപ്പോലെ നല്ലൊരു മകനാകാൻ ആർക്കും കഴിയില്ലച്ഛാ.. കരഞ്ഞുകൊണ്ട്‌ ദീപ്തി അകത്തേക്ക് കയറിപ്പോയി..!

ഹും.. പ്രേമം പോലും ഇപ്പോൾ ഇതൊക്കെ തോന്നും.. പിന്നീടവൾക്ക് മനസ്സിലാകും ഞാൻ ചെയ്തതാ ശരിയെന്ന്.. ദീപ്തിയുടെ അച്ഛൻ പറഞ്ഞു..!

എന്നാലും ദീപ്തിമോൾക്ക് നല്ല വിഷമമുണ്ട് ദീപ്തിയുടെ അമ്മ ഭദ്ര പറഞ്ഞു..!

മിണ്ടരുത് നീ... മൂന്ന് പെണ്മക്കളാ.. അമ്മമാരാ മക്കളെ മനസ്സിലാക്കേണ്ടത്, നിനക്കതിന് കഴിഞ്ഞില്ല. എന്നിട്ടിപ്പോൾ ഇളയതുങ്ങളുടെ ഭാവി നശിപ്പിക്കാനായിട്ട് അവളുടെ പ്രേമം.. മണ്ണാങ്കട്ട. അതും നക്കിത്തിന്നാൻ നല്ലുപ്പില്ലാത്ത വീട്ടിലെ ഓട്ടോക്കാരനുമായിട്ട്. കയറിപ്പോടി.. ദീപ്തിയുടെ അച്ഛൻ ദേവരാജൻ അലറി. .!

ഒന്നും മിണ്ടാതെ ഭദ്ര അകത്തേക്ക് കയറിപ്പോയി..!

കട്ടിലിൽ മുഖം പൂഴ്ത്തി കരയുകയായിരുന്ന ദീപ്തി ആദ്യമായി മനുവേട്ടനെ കണ്ട ദിനമോർത്തു...!

സ്കൂട്ടി ഓടിക്കാൻ പഠിച്ചതേയുണ്ടായിരുന്നുള്ളു. അന്ന് കോളേജിലെ ആദ്യത്തെ ദിനവും. സ്കൂട്ടിയിൽ പോയി ഷൈൻ ചെയ്യാനായി സ്കൂട്ടി എടുത്തു. അരുതെന്ന് വിലക്കിയ അമ്മയോട് കെഞ്ചിപ്പറഞ്ഞിട്ടാണ് പോയത്‌. പോകുന്നവഴിയിൽ പാടവരമ്പിന് സമീപം വച്ച് എതിരെ വന്ന കാറിന് സൈഡ് കൊടുത്തതാണ്. നിയന്ത്രണംവിട്ട് സ്കൂട്ടി മറിഞ്ഞതേ ഓർമ്മയുള്ളൂ. ഓർമ്മ തെളിയുമ്പോൾ ഇറ്റുവീഴുന്ന ഡ്രിപ് ബോട്ടിലാണ് ആദ്യം കണ്ടത്...!

ബെഡിനരികിൽ കസേരയിൽ ഒരു യുവാവ്‌. മിഴിച്ചുകിടന്ന തന്നോട് അലസമായി കിടന്ന മുടി മാടിയൊതുക്കി ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു -പേടിക്കാനൊന്നുമില്ല.. സ്കൂട്ടി മറിഞ്ഞപ്പോൾ പേടിച്ചു ബോധം പോയതാണെന്നാ ഡോക്ടർ പറഞ്ഞത്. ഞാനും എന്റെ കൂട്ടുകാരനുമാ ഇവിടെയെത്തിച്ചത്. വീട്ടിലെ നമ്പർ തന്നാൽ ഞാൻ വിളിച്ചുപറയാം..!

ഞാൻ നമ്പർ പറഞ്ഞുകൊടുത്തു. കൈയിലിരുന്ന മൊബൈലിൽനിന്നും അവൻ വീട്ടിൽ അറിയിച്ചു. ശേഷം വീണ്ടും എതിരെയുള്ള കസേരയിൽ വന്നിരുന്നു.

'എന്താ പേര് . ?'ഞാൻ ചോദിച്ചു.

മനു.. ! .

തിളക്കമുള്ള ആ കണ്ണുകളിലേക്ക് താൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

'എന്താ നോക്കുന്നത്'.. ?അവൻ ചോദിച്ചു. !

ഒന്നുമില്ല ചെറുതായൊന്ന് ചമ്മിയെങ്കിലും താൻ പറഞ്ഞൊപ്പിച്ചു...!

കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും അച്ഛനുമമ്മയും പാഞ്ഞെത്തി. 'ഞാനപ്പോഴേ പറഞ്ഞതാ.. സ്കൂട്ടി എടുക്കരുതെന്ന്, അതെങ്ങനാ അനുസരണയില്ലല്ലോ. മകളുടെ താളത്തിനൊത്തു തുള്ളാൻ ഒരമ്മയും..'!

പൊതുവേ കർക്കശക്കാരനായ അച്ഛൻ ചൂടായി. അമ്മ പിന്നിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നില്ക്കുന്നു. തന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി..!

സാരമില്ല.. ശരിയാകും ഞാൻ പോട്ടേടോ.. മനു പറഞ്ഞു...!

തൊഴുകൈകളുമായി അമ്മ അവനെ നോക്കി. തൊഴുത്തുനിന്ന അമ്മയുടെ കൈകൾ താഴ്ത്തിയിട്ട് അമ്മയെ നോക്കി ചിരിച്ചുകൊണ്ടവൻ പറഞ്ഞു -'ഒന്നുമില്ല അമ്മയുടെ മോൾക്ക്‌.. പേടിച്ചിട്ടു ബോധം പോയതാ, എന്നാൽ ഞാൻ പൊയ്‌ക്കോട്ടെ '...!

തന്നെ ഇത്രയും സമയം സാന്ത്വനിപ്പിച്ച തിളക്കമേറിയ കണ്ണുകളും പുഞ്ചിരിയും അകന്നു പോകുന്നത് നോക്കിക്കൊണ്ട് ഞാൻ കിടന്നു..!
രണ്ടുദിവസത്തിനുശേഷമാണ് കോളേജിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ അവിടൊക്കെ ഒരുപാടിഷ്ട്ടവുമായി. ഒരുച്ചസമയത്തു ലൈബ്രറിയിൽ 'ഷേക്‌സ്‌പിയറിന്റെ ദി ടെംപെസ്റ്റ് 'നോക്കുന്നതിടയിലാണ് വീണ്ടുമാ കണ്ണുകൾ കണ്ടത്. വിശ്വാസം വരാതെ ഞാനൊന്നുകൂടി നോക്കി അതവൻ തന്നെ മനു. എന്നെക്കണ്ട് അടുത്തുവന്നവൻ ചോദിച്ചു -'താനിവിടാനോ പഠിക്കുന്നത്.. ?ഇപ്പോഴെങ്ങനെയുണ്ട്.. ?

അതെ.. ഞാൻ ലിറ്ററേച്ചർ ഫസ്റ്റ് ഇയർ, ഇപ്പോൾ കുഴപ്പമില്ല '.

അപ്പോൾ ശരി.. പിന്നെക്കാണാം.. ഞാൻ സെക്കന്റ്‌ ഇയർ മലയാളം... അല്ല എന്താ തന്റെ പേര്.. ?.

ദീപ്തി ...!

പിന്നീട് മിക്ക ദിവസങ്ങളും കണ്ട്‌ സംസാരിക്കുമായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ അവനെപ്പറ്റി എല്ലാമറിഞ്ഞു. 'പാവപ്പെട്ട കുടുംബത്തിലെ ആദ്യത്തെ മകൻ. താഴെയുള്ള അനിയത്തി പ്ലസ്‌ ടുവിനു പഠിക്കുന്നു. അച്ഛൻ നഷ്ടപ്പെട്ടു. അമ്മ മാത്രമേയുള്ളൂ. കോളേജ് കഴിഞ്ഞാൽ ഓട്ടോ ഓടിക്കാറുണ്ട്.

പതിയെ പതിയെ എനിക്ക്‌ മനസ്സിലായി ആ പുഞ്ചിരിക്കുന്ന മുഖം താൻ തന്റെ ഹൃദയത്തോട് ചേർത്തുവച്ചുകഴിഞ്ഞുവെന്ന്. അതുകൊണ്ടുതന്നെ ഒരുനാൾ ധൈര്യം സംഭരിച്ചു മനുവിനോട് ഞാൻ ചോദിച്ചു -'പ്രാരാബ്ധങ്ങളിൽ ഒരു താങ്ങാകാൻ കൂട്ടാമോയെന്ന് '?

എന്നാൽ അതിനുശേഷം അവൻ ഒഴിഞ്ഞുമാറിനടന്നു. കുറച്ചുനാൾ കഴിഞ്ഞു ഒരു ദിവസം രാവിലെ അമ്പലത്തിൽ പോയിവരുമ്പോൾ കണ്ടു കസവുമുണ്ടുടുത്തു നീലനിറത്തിൽ ഷർട്ട്‌ അണിഞ്ഞ ചന്ദനം ചാർത്തി മനുവേട്ടൻ.

ഓടിവന്ന് അവന്റെ മുൻപിൽനിന്ന് ഞാൻ ചോദിച്ചു 'ഇഷ്ടമല്ലെങ്കിൽ പറഞ്ഞാൽ പോരേ.. അതിനിങ്ങനെ ഒഴിഞ്ഞുമാറി നടക്കണോ..' നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഞാൻ നിന്ന് കിതച്ചു.

"കുറച്ചുമാസങ്ങൾക്ക് മുൻപ് പാടവരമ്പിൽ ബോധമറ്റുകിടന്ന ഈ പെണ്ണിനെ കോരിയെടുത്തു നെഞ്ചോടുചേർത്ത് ആശുപത്രിയിലേക്ക് പോയനാൾമുതൽ ഇനിയങ്ങോട്ട് ജീവനുള്ള കാലംവരെ എന്റെ നെഞ്ചോടുചേർക്കുന്നത് നിന്നെ മാത്രമാണെന്ന് അന്നേ ഞാനുറപ്പിച്ചതാ. നീ പറഞ്ഞതുപോലെ വരുന്നോ ഈ പ്രാരാബ്ധക്കാരന്റെ കൂടെ ''ഇന്നെന്റെ ജന്മനാളാ ഇന്ന്‌ നിന്നോടുള്ള എന്റെ ഇഷ്ട്ടം പറയാനാ വന്നതും...!

അടിമുടി പൂത്തുലഞ്ഞുപോയി ഞാൻ. പിന്നീടങ്ങോട്ട് പ്രണയത്തിന്റെ നാളുകളായിരുന്നു. 3 വർഷം ആരുമറിയാതെ പ്രണയിച്ചു...!

ഒരുനാൾ തന്റെ നിർബന്ധത്തിന് വഴങ്ങിയാണ് കടൽതീരത്തേക്കുവരാമെന്ന് മനുവേട്ടൻ സമ്മതിച്ചത് ..!

കൂട്ടുകാരന്റെ ബൈക്കിൽ മനുവേട്ടനോട് ചേർന്നിരുന്ന് പോകുമ്പോൾ ഈ ലോകംതന്നെ പിടിച്ചടക്കിയ പ്രതീതിയായിരുന്നു. എന്നാൽ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. വീട്ടിലേക്കുതിരിച്ചെത്തിയ തന്നെ വരവേറ്റത് കരഞ്ഞുകലങ്ങിയ അമ്മയുടെ കണ്ണുകളും കവിളിൽ തിണർത്തുകിടന്ന അടിയുടെ പാടുകളുമാണ്...!

എന്തുപറ്റിയമ്മേ... എന്നുചോദിച്ചുകൊണ്ട് ഓടിയടുത്തപ്പോഴേക്കും അച്ഛന്റെ ആദ്യത്തെ അടിയിൽ താൻ നിലത്തുവീണുകഴിഞ്ഞിരുന്നു...!

ഭീതിയോടുകൂടി അച്ഛനെ നോക്കിയതും അച്ഛനൊരലർച്ചയായിരുന്നു -'ഏതവന്റെ കൂടെ ബൈക്കിലിരുന്ന് അഴിഞ്ഞാടാനാടി രാവിലെ ഒരുങ്ങിയിറങ്ങിപ്പോയത്...!

'വിറച്ചുപോയി താൻ. പ്രണയത്തെ വെറുത്തിരുന്ന പണത്തെ സ്നേഹിച്ചിരുന്ന അച്ഛന് തന്റെ പ്രണയവും ഉൾക്കൊള്ളാനാകാതെ പോയി...!

എന്നാൽ മനുവേട്ടനും അമ്മയും അമ്മാവന്മാരും വന്ന് മുറപ്പടി പെണ്ണ് ചോദിച്ചുവെങ്കിലും 'ദരിദ്രനാരായണന്‌ കൊടുക്കാൻ ഇവിടെ പെണ്ണില്ലെന്നു 'പറഞ്ഞച്ഛൻ അവരെ അപമാനിച്ചു...!

അമ്മയെയും ചേർത്തുപിടിച്ചു മനംതകർന്നിറങ്ങുന്ന മനുവേട്ടനെ താൻ കണ്ടു. അതിനുശേഷം ഇറങ്ങിപ്പോകാൻ തയ്യാറാണെന്ന് പറയാനാണ് ഇന്നുപോയത്‌. അതിന് മനുവേട്ടൻ പറഞ്ഞത് ആരുടെയും കണ്ണ് നനയിപ്പിച്ചിട്ടൊരു ജീവിതം വേണ്ടെന്നും...!

ഓർക്കുംതോറും ദീപ്തിക്ക് സഹിക്കാൻ കഴിഞ്ഞില്ല. നെഞ്ചുപൊട്ടി കരഞ്ഞതൊന്നും ആരും കണ്ടില്ല. പട്ടിണിയും ആത്മഹത്യ ശ്രമവുമൊന്നും വിജയിച്ചില്ല. അമ്മയും അനിയത്തിമാരും കാവലായി എപ്പോഴുമുണ്ടായിരുന്നു അരികിൽ.

ദിവസങ്ങൾ കടന്നുപോയി..!

ഒരു ദിവസം രാത്രി നിശബ്ദമായി അത്താഴം കഴിക്കുന്നതിനിടയിലാണ് നാളെ പെണ്ണുകാണാൻ ഒരുകൂട്ടർ വരുന്നുണ്ടെന്നു അച്ഛൻ പ്രഖ്യാപിച്ചത്..!

അത്താഴം മതിയാക്കി എഴുന്നേറ്റ് കണ്ണുനീര്തുള്ളികളോടുകൂടി ദീപ്തി കട്ടിലിലേക്കമർന്നു...!

പെണ്ണുകാണൽ കഴിഞ്ഞു. അമ്പത് പവനും പത്തുലക്ഷം രൂപയിലും ദീപ്തിയെ കച്ചവടമുറപ്പിക്കപ്പെട്ടു...!

പിന്നീട് വിവാഹഒരുക്കങ്ങൾ തകൃതിയായി നടന്നു. വിവാഹത്തിനുവേണ്ട ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കുമ്പോഴും ഒക്കെ അവൾ ഒരു ജീവച്ഛവമായിരുന്നു കൊടുത്തു...!

കല്യാണദിവസം താലപ്പൊലിയേന്തിയ ബാലികമാർക്കിടയിലൂടെ വരുമ്പോൾ ദീപ്തി തിരഞ്ഞു ആ തിളക്കമുള്ള കണ്ണുകൾക്ക്‌ വേണ്ടി...!

മനസ്സില്ലാ മനസ്സോടേ കതിർമണ്ഡപത്തിൽ കയറിയിരുന്നതും ദീപ്തിയുടെ ശരീരത്തിലൂടൊരു കൊള്ളിയാൻ മിന്നി. താൻ കാണുന്നത് സ്വപ്നമാണോയെന്ന് തോന്നിപ്പോയി. അവൾ കണ്ണുകൾ ചിമ്മിത്തുറന്നു. അല്ല... സത്യം... പകലുപോലെ സത്യം.. വരന്റെ സ്ഥാനത്തു മനുവേട്ടൻ. ഇതെങ്ങനെ സംഭവിച്ചു. ?

സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു. ദീപ്തി പെട്ടെന്ന് അച്ഛനെനോക്കി ചെറുപുഞ്ചിരിയോടെ അച്ഛൻ നില്ക്കുന്നു...!

മനുവേട്ടനുമുന്പിൽ താലിക്കായി തലകുനിക്കുമ്പോൾ ദീപ്തിയുടെ മനസ് സന്തോഷത്തിന്റെ ലഹരിയിലായിരുന്നു. അച്ഛനുമുന്പിൽ അനുഗ്രഹത്തിനായി നിൽക്കുമ്പോൾ ദീപ്തി ചോദിച്ചു -എന്താ അച്ഛാ ഇതൊക്കെ.

"അച്ഛന് തെറ്റിപ്പോയി മോളേ. നീ കണ്ടുപിടിച്ചത് മാണിക്യമാണെന്നു തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി. പൊന്നിനും പണത്തിനുമല്ല പ്രാധാന്യമെന്ന് ഞാൻ മനസ്സിലാക്കിയത്‌ വൈകിയാ. കൊടുക്കാമെന്നുപറഞ്ഞ പത്തുലക്ഷത്തിൽ അഞ്ചുലക്ഷം കുറഞ്ഞുപോയതിനെച്ചൊല്ലി അവർ പിന്മാറുമെന്ന ഘട്ടം വന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച എന്റെ മുന്നിലേക്ക്‌ ദീപ്തിയും അച്ഛനും വിവാഹപ്പന്തലിൽ വച്ചു അപമാനപ്പെടരുതെന്നും പറഞ്ഞു രണ്ടുലക്ഷം രൂപയുമായി മനു വന്നു. അവൻ ഓട്ടോ ഓടിച്ചു സ്വരുക്കൂട്ടിയ ആകെ സമ്പാദ്യവുമായി..!

നീ പറഞ്ഞത് ശരിയാ മോളേ ഇവനെപ്പോലൊരു മകനെ എനിക്കിനി കിട്ടില്ല. പണം കൊടുത്തുവാങ്ങാൻ കഴിയുന്ന ഒന്നല്ല മനസ്സെന്ന് ഞാൻ തിരിച്ചറിഞ്ഞു. എത്ര ദാരിദ്രത്തിലായാലും നിനക്കൊരു കുറവും വരാതെ ഇവൻ നോക്കും നിന്നെ. സ്നേഹത്തിന്റെ അളവുകോൽ പണമല്ലെന്നു മനസ്സിലാക്കാൻ ഞാൻ താമസിച്ചുപോയി. പണത്തിനുവേണ്ടി നിന്നെ തഴഞ്ഞ അവരെക്കാൾ എത്രയോ ഉയരത്തിലാ മറ്റൊരുത്തനുള്ളതാണെന്ന് അറിഞ്ഞിട്ടും നിന്റെ അഭിമാനം കാത്ത മനു "...

അച്ഛാ... തേങ്ങലോടെ ദീപ്തി അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു. മനുവിന്റെ മുഖത്തേക്ക് നോക്കിയ ദീപ്തി കണ്ടു -നഷ്ടമായെന്ന് താൻ കരുതിയ പുഞ്ചിരിക്കും തിളക്കമാർന്ന കണ്ണുകൾക്കും ഇന്ന്‌ മാറ്റുകൂടുതലാണെന്ന്.

അന്ന് രാത്രി തന്റെ നെഞ്ചിലേക്ക് ദീപ്തിയെ ചേർത്തുപിടിച്ച്‌ മനു പറഞ്ഞു -"ഞാൻ അന്നേ പറഞ്ഞില്ലേ നിന്നെ മാത്രമേ ഞാനീ ജന്മം നെഞ്ചോട് ചേർക്കുള്ളുവെന്ന്"..!

ശുഭം

- സിമി അനീഷ് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ