പുനർജന്മം

പുനർജന്മം

പുനർജന്മം

മഴവെള്ളം ചീറ്റിത്തെറിപ്പിച്ച് ചീറിപ്പായുന്ന ബുള്ളറ്റിനൊപ്പമെത്താനെന്നവണ്ണം മഴയും മത്സരിച്ചുകൊണ്ടേയിരുന്നു.

രോഹിത്തിനെ ചുറ്റിപ്പിടിച്ച് മഴ ആസ്വദിച്ചുകൊണ്ട് ശിവാംഗി പിന്നിലിരുന്നു.

മൂടിക്കെട്ടിയ അന്തരീക്ഷത്തിന് ഒരാശ്വാസമെന്നവണ്ണം വർഷബിന്ദുക്കൾ കിന്നരിച്ചോടിയെത്തുമ്പോൾ ആരും കൊതിച്ചുപോകും ഇതുപോലൊരു നിമിഷം.

ചാനലിന് വേണ്ടി പുനർജന്മത്തിന്റെ ചുരുളുകളഴിക്കുവാൻ ഇറങ്ങുമ്പോൾ മഴ ഐശ്വര്യം തന്നെയാണ്.

ഇല്ലാത്ത ഒരു കാര്യത്തെപ്പറ്റി എന്ത് തയ്യാറാക്കാൻ.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ പുനർജന്മം. മാഡത്തിന്റെ ഓരോ തമാശകൾ.. മനസ്സിൽ പുഛിച്ചുകൊണ്ടവൾ ചിരിച്ചു.

ഇരുവശത്തും മുള നിറഞ്ഞുനിൽക്കുന്ന കാട്ടുവഴികളിലൂടെ രോഹിത്തിന്റെ ബുള്ളറ്റ് പാഞ്ഞു.

കുളിർമഴയിൽ സുഗന്ധം വാരിവിതറി നിൽക്കുന്ന ഇലഞ്ഞിമരത്തിനു കീഴിൽ ബുള്ളറ്റൊതുക്കുമ്പോൾ അവരുടെ മിഴികൾ ചുറ്റും പാഞ്ഞു.

നൂറ്റാണ്ടുകളുടെ പഴക്കംചെന്ന മന. ആരും തിരി കൊളുത്തുവാനില്ലാതെ തകർന്നു കിടക്കുന്ന സർപ്പക്കാവ്.

വിരുന്നെത്തിയ അതിഥികളെ കാണാനെന്നവണ്ണം ഇഴഞ്ഞെത്തിയ സ്വർണ്ണ നിറമാർന്ന നാഗം.

ഭയന്നിട്ടെന്നവണ്ണം ശിവാംഗിയുടെ കൈകൾ രോഹിത്തിന്റെ കൈയിലമർന്നു.

ഇരുവരെയും അൽപ്പനേരം തലയുയർത്തി നോക്കിയശേഷം പുറ്റിലേക്ക് ഇഴഞ്ഞുപോയി ആ സ്വർണ്ണനാഗം.
നനഞ്ഞുകുതിർന്ന കരിയിലകളിൽ കാലമർത്തിയവർ മനയ്ക്കകത്തേക്ക് കയറി.

ഉഗ്രമാന്ത്രികനായ ശംഖേശ്വരൻ തമ്പുരാന്റെ പൂവരശ്ശേരി മന. ശംഖേശ്വരൻ തമ്പുരാന്റെ തലമുറയിലെ അവസാനത്തെ കണ്ണി ബ്രഹ്മചാരിയായ ദേവദേവേശ്വരൻ തമ്പുരാനാണ് ഇപ്പോൾ മനയിലുള്ളത്. ഇന്നത്തെ തലമുറ പുഛിച്ചു തള്ളുന്നവ. നിശബ്ദത തളംകെട്ടി നിൽക്കുന്ന മന.

ആരാ.. എവിടുന്നാ.. ഉഗ്രശബ്ദം കേട്ടവർ ഞെട്ടിത്തിരിഞ്ഞു.
രോഹിത്തിന്റെയും ശിവാംഗിയുടെയും മിഴികളിലെ പരിഭ്രമം മനസ്സിലാക്കിയെന്നവണ്ണം ആ ശബ്ദത്തിനുടമ ചുണ്ടനക്കി.

ഞാൻ കൃഷ്ണവാര്യർ.. കാര്യസ്ഥനാണ്. തിരുമേനി അകത്തുണ്ട്. പൊയ്ക്കോളൂ അകത്തേക്ക്..

നന്ദിപൂർവ്വം അദ്ദേഹത്തെ നോക്കി അകത്തേക്ക് കയറുമ്പോൾ അന്തരീക്ഷത്തിൽ മഞ്ഞളിന്റെയും ചന്ദനത്തിന്റെയും സമ്മിശ്രഗന്ധം ഉയരുന്നുണ്ടായിരുന്നു.

കൊളുത്തിവച്ചിരിക്കുന്ന നിലവിളക്കുകൾ. പുകച്ചട്ടിയിൽ നിന്നുയരുന്ന കുന്തിരിക്കത്തിന്റെ ആസ്വാദ്യകരമായ ഗന്ധം. എല്ലാത്തിനും നടുവിൽ ധ്യാനനിരതനായി ദേവദേവേശ്വരൻ തമ്പുരാൻ. വെള്ളിനൂലുപോലുള്ള നരച്ച മുടിയിഴകളും താടിരോമങ്ങളും നിറഞ്ഞ തേജസ്സാർന്ന വദനം.

പതിയെ ആ മിഴികൾ തുറന്നു. ആ ദിവ്യതേജസ്സിന് മുൻപിൽ അറിയാതെ കൈകൂപ്പിപ്പോയി ഇരുവരും.

ഒരുനിമിഷം അദ്ദേഹത്തിന്റെ മിഴികൾ രോഹിത്തിലും ശിവാംഗിയിലും ആഴ്ന്നിറങ്ങി.

പുഞ്ചിരി തൂകിയ വദനത്തോടെ തറയിലെ പുൽപ്പായയിലിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഞങ്ങൾ ചാനലിൽ നിന്നാണ്.. ഞങ്ങൾ വന്നത്.. തുടർന്ന് പറയാനനുവദിക്കാതെ അദ്ദേഹം കൈകളുയർത്തി തടഞ്ഞു.
അറിയാം.. പുനർജന്മത്തെക്കുറിച്ചറിയാൻ വന്ന കുട്ടികൾ..

അമ്പരന്നവർ പരസ്പരം നോക്കി.

അദ്ദേഹം തുടർന്നു -കുട്ടിക്ക് വിശ്വാസമുണ്ടോ പുനർജന്മത്തെപ്പറ്റി.. ?
ഇല്ലെന്നവൾ തലയനക്കി.

പിന്നെന്തിനാ അന്വേഷിക്കുന്നത്.. നാം ചെയ്യാൻ പോകുന്ന കർമ്മത്തിൽ വിശ്വാസമില്ലെങ്കിൽ ഒരിക്കലും നിങ്ങൾക്ക് ആ കർമ്മം ചെയ്യാൻ കഴിയില്ല. വിശ്വാസം അതാണ് മനുഷ്യഗണത്തിന് വേണ്ടതും.

ശിവാംഗി. അശ്വതി നക്ഷത്രജാത.. മീനത്തിലെ അശ്വതി നാളിൽ ജനനം. പാർവതിദേവി തന്നെ.
രോഹിത്.. തിരുവാതിര നക്ഷത്രജാതൻ.. ശ്രീമഹാദേവന്റെ അംശം.

അത്ഭുതത്തോടെ രോഹിത്തും ശിവാംഗിയും പരസ്പരം നോക്കി.

അവരെയൊന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം തുടർന്നു.. പുനർജന്മം.. അതായത് വീണ്ടും ജന്മമെടുക്കുക. അതിശക്തമായ ആഗ്രഹങ്ങളും മോഹങ്ങളും സഫലീകരിക്കാനാകാതെ മരണപ്പെട്ടവർ വീണ്ടും ജനിക്കും. മുന്നൂറ് വർഷങ്ങൾക്കുമുൻപ് മരണപ്പെട്ട രണ്ടുപേർ പുനർജന്മമെടുത്തുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..
എങ്കിൽ അങ്ങനെയൊരു ജന്മമാണ് എന്റെ മുൻപിലിരിക്കുന്ന രോഹിത്തും ശിവാംഗിയും.

ശക്തമായ നടുക്കത്തിനിടയിലും രണ്ടുപേരും കണ്ടു ദേവദേവേശ്വരൻ തിരുമേനിയുടെ മുഖത്തെ ഉറച്ചഭാവം.

പരസ്പരം ഒരുപാട് സ്നേഹിച്ചിട്ടും ഒന്നിക്കാൻ വിധി അനുവദിക്കാത്ത രണ്ടു മനുഷ്യജന്മങ്ങൾ. ഇതേ പൂവരശ്ശേരി മനയിലെ നാഥനും ദേവിയും. വിവാഹത്തിന് ദിനങ്ങൾ ശേഷിക്കെ സ്വത്തിനുവേണ്ടി അത്യാഗ്രഹം പൂണ്ട ചില മനുഷ്യജന്മങ്ങളുടെ തന്നെ കരങ്ങളാൽ ഈ സർപ്പക്കാവിൽ വച്ച് ജീവിതം അവസാനിച്ചവർ.

ചതിച്ചുകൊന്ന നാഥന്റെ ശരീരത്തിന് മുൻപിൽ സ്വപ്നങ്ങളും മോഹങ്ങളും തകർന്നിരുന്ന മൃതപ്രായയായ കന്യകയായ ദേവി ഒന്നേ ആവശ്യപ്പെട്ടുള്ളൂ പുനർജന്മത്തിൽ ചേർത്തുവയ്ക്കണമെന്ന്. ബാക്കിനിന്ന ജീവൻ ബലിക്കല്ലിൽ തലയടിച്ച് മരിക്കുമ്പോഴും ദേവിയുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നത് പുനർജന്മമെടുക്കുന്ന നാഥനും ദേവിയുമായിരുന്നു.

ഈ ലോകത്തിന്റെ ഏത് കോണിലായിരുന്നാലും നിങ്ങളൊന്നിക്കുക തന്നെ ചെയ്യും. നിങ്ങൾ പോലുമറിയാതെ നിങ്ങളെ ബന്ധിപ്പിക്കുകയാണ് ഒരദൃശ്യകണ്ണി.അതിന് കാരണക്കാരാകാൻ ചില ജന്മങ്ങളും.. അത് മനുഷ്യരാകാം അല്ലെങ്കിൽ ആത്മാക്കളുമാകാം. തങ്ങളിൽ നിഷിപ്തമായിരിക്കുന്ന കർമ്മം ചെയ്തിട്ടുമാത്രമേ ആത്മാക്കൾക്ക് മോക്ഷം പ്രാപ്തിയാകുകയുള്ളൂ.

അതിന് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.. അതിൽ കവിഞ്ഞൊന്നും തന്നെ ഞങ്ങൾക്കിടയിൽ ഇല്ല..വെപ്രാളത്തോടെ ശിവാംഗിയത് പറയുമ്പോൾ ദേവദേവേശ്വരന്റെ ചിരി ഉച്ചത്തിലായി.

കാത്തിരിക്കൂ ശിവാംഗീ.. നീ കഴിഞ്ഞ ജന്മത്തിൽ ചോദിച്ചു വാങ്ങിയതാണ് ആ വരം. എല്ലാത്തിനും അതിന്റെതായ സമയമുണ്ട്.

ഇന്നേക്ക് രണ്ടാംവർഷം പൗർണ്ണമിനാൾ സ്വർഗ്ഗവാതിൽ ഏകാദശിയുടെ അന്ന് നിങ്ങൾ ഒരിക്കൽക്കൂടി പൂവരശ്ശേരി മനയിൽ എത്തിച്ചേരും. പുറ്റിലെ സ്വർണ്ണനാഗത്തിന്റെ മുൻപിൽ നീ വിളക്ക് തെളിയിക്കണം. പക്ഷേ അന്ന് നീ കന്യകയായ ശിവാംഗി ആയിരിക്കില്ല.. തിരുവാതിര നക്ഷത്രജാതനായ നാഥനെന്ന പുനർജന്മത്തിന്റെ സഹധർമ്മിണിയായിരിക്കും.

നിങ്ങൾക്ക് ലഭിക്കേണ്ട മറുപടി കിട്ടിക്കാണുമല്ലോ.. പോകാം നിങ്ങൾക്ക്.. വീണ്ടുമാ മിഴികൾ അടഞ്ഞു.

മരവിച്ച കാൽച്ചുവടുകളുമായി പുറത്തേക്കിറങ്ങുമ്പോൾ അവർ കണ്ടു -പുറ്റിലെ പൊത്തിൽനിന്നും തങ്ങളുടെ നേർക്ക്‌ പത്തിവിടർത്തി നിൽക്കുന്ന സ്വർണ്ണനാഗത്തെ.

ബുള്ളറ്റിൽ തിരിക്കുമ്പോൾ ഇരുവരും മൗനമായിരുന്നു. വഴിയിൽ നാട്ടുകാർ ഉയർത്തിയ ഫ്ളക്സിൽ പുഞ്ചിരിക്കുന്ന തേജസ്സാർന്ന മുഖം..ദേവദേവേശ്വരൻ തമ്പുരാൻ.. തൊണ്ട വരളുന്നതുപോലെ.. രോഹിത്തും ശിവാംഗിയും പകച്ചുനിന്നു യാഥാർഥ്യത്തിന് മുൻപിൽ.

അഞ്ചാം ചരമവാർഷികം. ഇരുവരും ശക്തമായി ഞെട്ടി. അപ്പോൾ ഇതുവരെയും തങ്ങളുടെ മുൻപിലിരുന്നത്...
കാര്യസ്ഥൻ കൃഷ്ണൻ വാരിയർ... ഇവരൊക്കെ..

മനസ്സിൽ നൂറുചോദ്യം തിരതല്ലി വരുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിൽ തെളിഞ്ഞു -"വിശ്വാസം.. അതാണ് വേണ്ടത്.. തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർമ്മം ചെയ്ത് തീർത്താൽ മാത്രമേ ആത്മാവിനു പോലും മോക്ഷമുണ്ടാകൂ.. "

പുനർജന്മത്തെ പറ്റിയുള്ള അന്വേഷണം എവിടെനിന്നും തുടങ്ങും എന്ന് പകച്ചുനിന്ന ദിനം മുൻപിൽ പറന്നുവീണ പഴകിയ കടലാസ്സിൽ നിന്നുമാണ് പൂവരശ്ശേരി മനയിലെ ദേവദേവേശ്വരനെപ്പറ്റി അറിയുന്നത്.

അതെ.. ഞങ്ങൾ വിശ്വസിക്കുന്നു. കണ്മുന്നിൽ അരങ്ങേറിയതൊന്നും അവിശ്വസിക്കേണ്ടതല്ല. കാത്തിരിക്കാം ദേവിയും നാഥനും ഒത്തുചേരുമോ എന്നറിയാൻ.

അപ്പോഴും മഴപെയ്തുകൊണ്ടിരുന്നു.. നാഥന്റെയും ദേവിയുടെയും പുനർജന്മങ്ങൾക്കുമേൽ

- സിമി അനീഷ് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ