ചൊവ്വാദോഷം

ചൊവ്വാദോഷം

ചൊവ്വാദോഷം

സർപ്പക്കാവിൽ വിളക്ക് തെളിയിച്ച് നാഗത്താന്മാരുടെ മുൻപിൽ കൈകൂപ്പി പ്രാർത്ഥിച്ച് മഞ്ഞൾപ്പൊടി നെറ്റിയിൽ ചാർത്തി അരയാലിന്റെ മറവിൽ നിന്നുമിറങ്ങി വന്നപ്പോൾ അരണ്ട വെളിച്ചത്തിലും വൈഷ്ണവിയുടെ മുഖം തിളങ്ങുകയായിരുന്നു .

മുറ്റത്തെ തുളസിത്തറയിൽ തെളിയിച്ച വിളക്കിലെ അഗ്നിയിൽ വലംകൈ തൊട്ട് നെറുകയിൽ വച്ചവൾ അകത്തേക്ക് കയറ്റി .ഉമ്മറത്ത് പ്രകാശിക്കുന്ന നിലവിളക്കിന്റെ മുൻപിലിരുന്ന് മുത്തശ്ശിയോടൊപ്പം ഭക്തിസാന്ദ്രമായി നാമജപം ഉരുവിടുന്ന വൈഷ്ണവിയുടെ മുഖത്തുനോക്കി ദീർഘനിശ്വാസമുതിർത്തു വൈഷ്ണവിയുടെ അമ്മ വരുണ .

കാച്ചിക്കുറുക്കിയ പാലിൽ കുങ്കുമപ്പൂവ് കലർന്നതുപോലുള്ള പരിശുദ്ധ നിറമാണ് വൈഷ്ണവിക്ക് .അഞ്ജനക്കറുപ്പാർന്ന കരിങ്കൂവളമിഴികൾ .നീണ്ടുയർന്ന ഭംഗിയാർന്ന നാസികയിലെ പച്ചക്കല്ലു പതിച്ച മൂക്കുത്തി നിലവിളക്കിന്റെ അഗ്നിയുടെ പ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു .രക്തനിറമാർന്ന അധരങ്ങൾ .ഉയരത്തിനൊത്ത ശരീരപ്രകൃതി .പുളിയിലക്കര നേര്യതിലും അതിസുന്ദരിയാണ് തന്റെ മകളെന്ന് അവർക്ക് തോന്നി .എന്നിട്ടും ആ അമ്മയുടെ മിഴികൾ സജ്ജലങ്ങളായി .

ഏകമകൾ .പ്രസവവേദനയുടെ ആലസ്യത്തിൽ നിന്നുണരുമ്പോൾ വയറ്റാട്ടി നാണിത്തള്ള പഴന്തുണിയിൽ പൊതിഞ്ഞ് കൈയിൽ വച്ചുതന്ന ആ കുരുന്നുമുഖമാണ് മനസ്സുനിറയെ .കുഞ്ഞുവിരലുകൾ നുണഞ്ഞ് റോസാപ്പൂവിന്റെ നിറത്തിലൊരു സുന്ദരിക്കുഞ്ഞ് .എല്ലാവരുടെയും കണ്ണുകൾ വൈഷ്ണവിയുടെ സൗന്ദര്യത്തിലായിരുന്നു .വളരുംതോറും ആ സൗന്ദര്യം ഏറിയതേയുള്ളൂ .വയസ്സറിയിച്ചതിനുശേഷം കൂടുതൽ കരുതലേകി .സ്വർണ്ണാഭരണവിഭൂഷിതയായി കതിർമണ്ഡപത്തിൽ വലംവയ്ക്കുന്ന മകളെ എത്രയോ പ്രാവശ്യം സ്വപ്നം കണ്ടിരിക്കുന്നു .പക്ഷേ ...എല്ലാം അവസാനിച്ചല്ലോ എന്റീശ്വരാ .

അമ്മയുടെ നിറഞ്ഞൊഴുകുന്ന മിഴികൾ കണ്ട് നാമജപം മതിയാക്കി വൈഷ്‌ണവി എഴുന്നേറ്റ് അവർക്കരികിലെത്തി .

''ഇനിയും നിർത്താറായില്ലേ അമ്മയ്ക്കീ കണ്ണുനീർ .." ആർദ്രമായവൾ ചോദിച്ചു .

അങ്ങനെ തീരുമോ മോളേ ..ഒരമ്മയായിപ്പോയില്ലേ ഞാൻ .കണ്മുൻപിൽ സ്വന്തം മകളുടെ ജീവിതം എരിഞ്ഞുതീരുമ്പോൾ ഏതൊരമ്മയ്ക്കാ മോളേ കണ്ണുനീരടക്കാൻ കഴിയുന്നത് .ഇരുപത്തിനാല് വയസ്സേ ആയിട്ടുള്ളൂ നിനക്ക് .. നിന്റെ അച്ഛൻ നേരത്തെ പോയി .എന്റെയും നിന്റെ മുത്തശ്ശിയുടെയും കാലം കഴിഞ്ഞാൽ പിന്നെ നിനക്കാരാ ഒരു തുണ .ഒരാൺതുണയില്ലാതെ ഒരു പെൺകുട്ടിയ്ക്ക് ഒറ്റയ്ക്കീ സമൂഹത്തിൽ ജീവിക്കാനാകുമോ ...ഇരുട്ടിന്റെ മറപറ്റി പെണ്ണുടലിൽ നോട്ടമിട്ടു കറങ്ങുന്ന കഴുകന്മാരുണ്ടിവിടെ ....ആ കഴുകൻകണ്ണുകൾ നിന്നിൽ പതിക്കാതിരിക്കണമെങ്കിൽ നിനക്കൊരു തുണ വേണം മോളേ ..

എല്ലാം ദൈവം നിശ്ചയിച്ചിട്ടുണ്ട് അമ്മേ ..അതുപോലെയല്ലേ നടക്കുള്ളൂ .പിന്നെ എനിക്കിനിയൊരു ജീവിതം അതിനിയുണ്ടാകുമോ അമ്മേ .ചൊവ്വാദോഷക്കാരിയായ ഒരു പെണ്ണാണെന്നും പിന്നെ പലതും അമ്മ മറക്കുവാണോ ..വേണ്ടമ്മേ എനിക്ക് വിവാഹം വേണ്ട .നേര്യതിന്റെ തുമ്പാൽ മിഴികളൊപ്പി അവൾ അകത്തേക്ക് കയറിപ്പോയി .

"ത്രിസന്ധ്യാസമയത്ത് നിലവിളക്കിന്റെ മുൻപിലിരുന്നാണോടീ അസത്തെ കരയുന്നത് " മുത്തശ്ശിയുടെ ശബ്ദമുയർന്നതും വരുണ നിശ്ശബ്ദയായി മിഴികൾ തുടച്ചു .

രാവിലെ പതിവുപോലെ കുളത്തിലെ തണുത്തജലത്തിലെ കുളികഴിഞ്ഞ് ഈറനുടുത്ത് ഇലക്കീറിൽ റോസാപുഷ്പ്പങ്ങളുമായി അമ്പലനടയിലെ കൃഷ്ണവിഗ്രഹത്തിന് മുൻപിൽ കൈകൂപ്പി നിൽക്കുമ്പോൾ അവളുടെ മിഴിക്കോണിൽ നനവ് പൊടിഞ്ഞു .പ്രദക്ഷിണം പൂർത്തിയാക്കി തിരുമേനി നൽകിയ പ്രസാദവും വാങ്ങിയവൾ പുറത്തേയ്ക്കിറങ്ങി .ഇലക്കീറിലെ ചന്ദനം നെറ്റിയിൽ തൊട്ട് തുളസിയില മുടിത്തുമ്പിൽ തിരുകി നടക്കുമ്പോൾ വഴിയരികിൽ രണ്ടുസ്ത്രീകൾ തന്നെക്കുറിച്ച് അടക്കം പറയുന്നത് കേട്ടില്ലെന്ന് നടിച്ചവൾ നടന്നു .കേട്ടുകേട്ടു ശീലമായവയാണ് .ധൃതിയിൽ നടക്കുന്നതിനിടയിൽ പിന്നിൽനിന്നും "വൈഷൂ ''എന്ന വിളി കേട്ടവൾ ഞെട്ടിത്തിരിഞ്ഞു .

കാണുന്നത് സ്വപ്നമാണോയെന്നറിയാൻ മിഴികൾ ചിമ്മിത്തുറന്നു .മുൻപിൽ തൂമന്ദഹാസവുമായി സായൂജ് .

ഏയ് ..വൈഷൂ ..എടോ ...പകച്ചുനിന്നവളെ അതിൽനിന്നും മുക്തയാക്കി സായൂജ് .

വളരെയേറെ ബദ്ധപ്പെട്ട് അധരത്തിൽ പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചുകൊണ്ടവൾ തുടർന്നു -നീയെന്താ ഇവിടെ .?

ഞാൻ രണ്ടുദിവസമായി ഇവിടെ വന്നിട്ട് പുഴയോരത്ത് ഒരു ചെറിയ വീട് പണിതിട്ടുണ്ട് .അച്ഛനും അമ്മയുമുണ്ട് അവിടെ .സായൂജത് പറയുമ്പോൾ എന്തുകൊണ്ടോ വീണ്ടുമവളുടെ മിഴികൾ പെയ്യുവാൻ വീർപ്പുമുട്ടി .

വിവാഹം ...അറച്ചുകൊണ്ടവൾ ചോദിച്ചപ്പോൾ സായൂജ് ഒന്ന് പുഞ്ചിരിച്ചു .ഇല്ല ..എന്റെയിഷ്ടങ്ങളൊന്നും ഒത്തുചേരുന്നൊരു പെൺകുട്ടിയെ കണ്ടെത്താനെനിക്കായില്ല .ഇരുവരുടെയും മിഴികൾ പരസ്പരമൊന്നിടഞ്ഞു .

പാദത്തിൽ നിന്നുമൊരു വിറയൽ ശരീരമാകെ പടരുന്നതുപോലെ അവൾക്കനുഭവപ്പെട്ടു .വീശിയെത്തിയ കുളിർക്കാറ്റിലവൾ വിറകൊണ്ടു .

സായൂജിന്റെ മിഴികൾ അവളുടെ കഴുത്തിലും സീമന്തരേഖയിലും തട്ടിത്തടഞ്ഞു .എന്തുകൊണ്ടോ ഒരാശ്വാസം അവനിലുണ്ടായി .

താനൊരുപാട് മാറി .കോളേജിലൊക്കെ എന്തൊരു കാന്താരിയായിരുന്നു .സീനിയറായിരുന്ന എന്നെപ്പോലും വിറപ്പിച്ചിട്ടുള്ളയാളാണ് ഇപ്പോൾ നനഞ്ഞ പൂച്ചക്കുഞ്ഞിനെപ്പോലെ ചൂളി നിൽക്കുന്നത് .ഒന്നുംപറയാതെ ആരോടും പറയാതെ പഠനം മതിയാക്കി പോയി .അന്വേഷിവന്നപ്പോഴൊക്കെ കണ്ടത് ആളൊഴിഞ്ഞ വീടും പറമ്പും .എന്ത് മാറ്റമാടോ ഇത് .അത്ഭുതത്തോടെ അവൻ ചോദിച്ചപ്പോൾ വാടിയ ഒരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി .

വീട്ടിലെത്തി കിടക്കയിലേക്ക് ചായുമ്പോൾ അവൾ പൊട്ടിക്കരയുകയായിരുന്നു .ആദ്യമായി പ്രണയം തോന്നിയ പുരുഷൻ .റാഗിംഗിനെതിരെ ഒരമ്പലവാസി പെൺകിടാവ് ശബ്ദമുയത്തിയപ്പോൾ എല്ലാവരും അമ്പരന്നു .ഇഷ്ടമാണെന്ന് ഇതുവരെയും പരസ്പരം പറഞ്ഞിട്ടില്ല .സായൂജിനോടുള്ള പ്രണയം തുറന്നുപറയണമെന്ന് ആഗ്രഹിച്ചപ്പോഴൊക്കെ വിലങ്ങുതടിയായത് ചൊവ്വാദോഷം തന്നെയായിരുന്നു .അവനറിയാമായിരുന്നോ അവനെ ഹൃദയത്തിൽ കൊണ്ടുനടന്നവളാണ് താനെന്ന് ..അവനുമായുള്ള ജീവിതം സ്വപ്നം കണ്ടവളാണെന്നും ആരുമറിയാതെ താഴിട്ടുപൂട്ടിയ ഹൃദയത്തിന്റെ ഒരു കോണിൽ അവനാണെന്നും ആർക്കുമറിയില്ല .വർഷങ്ങളായി അണകെട്ടി നിർത്തിയ കണ്ണുനീർ പേമാരിപോലെ പെയ്തിറങ്ങുകയായിരുന്നു അപ്പോൾ .

കാവിലും ഉമ്മറത്തുമൊക്കെയായി ഏറെനേരം ചിലവഴിക്കാറുള്ള മകൾ എല്ലാത്തിൽനിന്നും ഉൾവലിയാൻ ശ്രമിക്കുന്നു .വിദൂരതയിലേക്ക് മിഴികൾ പായിച്ച് ഒരേയിരിപ്പാണ് .സദാസമയം കലങ്ങിക്കിടക്കുന്ന മിഴികൾ .ദിവസങ്ങൾ കടന്നുപോയി .

ഞായറാഴ്ച വീട്ടിലേക്ക് കടന്നുവന്നയാളെ കണ്ടവൾ അമ്പരന്നു .എല്ലാവരെയും പരിചയപ്പെട്ടശേഷം മുഖവുരയില്ലാതെ സായൂജ് വിഷയത്തിലേക്ക് കടന്നു .അമ്മേ ..എനിക്ക് വൈഷുവിനെ ഇഷ്ടമാണ് .കഴിഞ്ഞ ആറുവർഷമായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുകയാണ് ഇവളെ .ചൊവ്വാദോഷത്തിലൊന്നും എനിക്ക് വിശ്വാസമില്ല .മനസ്സുകൾ തമ്മിലുള്ള പൊരുത്തമല്ലേ ദാമ്പത്യത്തിൽ വേണ്ടത് .സന്തോഷം കൊണ്ടല്ലാതെ സങ്കടം കൊണ്ടാ മിഴികൾ നനയില്ലെന്ന് ഞാൻ ഉറപ്പുതരികയാ ..കൈപിടിച്ചുതരുമോ എനിക്കിവളെ .അവൻ പറഞ്ഞുനിർത്തിയതും മുളചീന്തും പോലെ പൊട്ടിക്കരഞ്ഞുകൊണ്ടവൾ അകത്തേക്കോടി .

കരച്ചിലിന്റെ ചീളുകൾ കടിച്ചമർത്തി വരുണ തുടർന്നു -നല്ല മനസ്സാണ് മോന്റേത് .ഒരമ്മയെന്ന നിലയിൽ ഞാനേറ്റവും കൂടുതൽ സന്തോഷിക്കേണ്ട നിമിഷം .പക്ഷേ ഞാൻ സമ്മതിച്ചാലും അവളൊരിക്കലും സമ്മതം മൂളില്ല .എല്ലാം ഉള്ളിലൊതുക്കി നീറുകയാ എന്റെ മോൾ .മോനറിയാത്ത സത്യമുണ്ട് .വൈഷ്ണവിയുടെ വിവാഹം കഴിഞ്ഞതാണ് .

ഭൂമി കീഴ്മേൽ മറിയുന്നതുപോലെ അവനുതോന്നി .

വരുണ തുടർന്നു -ചൊവ്വാദോഷം കാരണം പതിനെട്ടുവയസ്സ് തികഞ്ഞപ്പോഴേ അവൾക്ക് വിവാഹാലോചനകൾ തുടങ്ങി .ഈ നാട്ടിൽനിന്നും മാത്രമല്ല അവളുടെ അച്ഛന്റെ നാട്ടിൽനിന്നും .അങ്ങനെയാണ് പെട്ടെന്ന് ഒത്തുവന്ന വിവാഹം ഉറപ്പിച്ചതും .പഠിത്തം നിർത്തിപ്പിച്ചതും അവളെ വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തത് ഞാനാണ് .നിശ്ശബ്ദയായി എല്ലാത്തിനും നിന്നുതന്നു എന്റെ മോൾ .വിവാഹം കഴിഞ്ഞ ആദ്യത്തെ ദിവസം രാത്രി തന്നെ വിഷംതീണ്ടി അവൻ മരിച്ചു .ചൊവ്വാദോഷം കാരണമാണെന്ന് പറഞ്ഞ് അവന്റെ വീട്ടുകാർ അവളെ കുത്തിനോവിച്ചു .ഒടുവിൽ ആർക്കും വേണ്ടാതെ അവളെ ഇറക്കിവിട്ടു .പത്തൊൻപതു വയസ്സായ ..കഴുത്തിലൊരു താലിച്ചരടുവീണിട്ടും കന്യകയായ ഒരു പെണ്ണ് ജീവിതത്തിനു മുൻപിൽ പകച്ചുനിന്നു .പ്രസരിപ്പ് നഷ്ടമായി ജീവിക്കുകയാണെന്റെ മോൾ .എനിക്കറിയാം ആ മനസ്സ് .അവളുടെ മനസ്സിൽ മോനുണ്ട് .പക്ഷേ തന്റെ ചൊവ്വാദോഷത്തിന്റെ പേരിൽ മോന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോയെന്നുള്ള ഭയം ആണവൾക്ക് .

നിശ്ശബ്ദത തളംകെട്ടി നിന്ന നിമിഷങ്ങൾ .പകപ്പിൽനിന്നും മോചിതനായവൻ എഴുന്നേറ്റു നടന്നു .

ജാലകഅഴികളിൽ മുഖം ചേർത്ത് പൊട്ടിക്കരയുകയായിരുന്നു അപ്പോൾ വൈഷ്ണവി .

ചൊവ്വാദോഷത്തിൽ എനിക്ക് വിശ്വാസമില്ല .കളങ്കമറ്റ സ്നേഹമാണ് നിന്റേത് .ഇതുവരെ നീയല്ലാതെ മറ്റൊരു പെണ്ണും എന്റെ മനസ്സിൽ സ്പർശിച്ചിട്ടില്ല .മനസ്സുകൾ തമ്മിൽ ഐക്യമുണ്ടെങ്കിൽ പിന്നെന്താടോ ദാമ്പത്യത്തിന് വേണ്ടത് .തന്റെ ചൊവ്വാദോഷം കാരണമല്ല ആയുസ്സ് അത്രയേ ഉണ്ടായിരുന്നതുകൊണ്ടാ അയാൾ മരിച്ചത് .ജീവിക്കുന്നെങ്കിൽ ഒരു ദിവസമെങ്കിലും ഒന്നിച്ചുജീവിക്കാം .വരുമോ എന്റെ ജീവിതത്തിലേക്ക് ...

ഇല്ലെന്നവൾ തലയനക്കി .

അതുകണ്ടുകൊണ്ടവൻ തുടർന്നു .എനിക്കറിയാം നിന്റെ മനസ്സ് .താൻ കാരണം ഒരുറുമ്പ് പോലും വേദനിക്കരുതെന്ന് ആഗ്രഹിക്കുന്നവളാണ് താൻ .ചൊവ്വാദോഷവും ജാതകവുമെല്ലാം വിശ്വാസമായിരിക്കാം പക്ഷേ അത് അന്ധവിശ്വാസമാകരുത് .ഞാൻ കണ്ടതാണന്ന് എന്റെ മിഴികളുമായി കോർത്തപ്പോൾ നിനക്കുണ്ടായ പിടപ്പ് .കഴിഞ്ഞ ആറുവർഷക്കാലമായി താൻ വിളക്ക് തെളിയിക്കുന്ന നാഗത്താന്മാരെ വിശ്വാസമില്ലേ തനിക്ക് ..അവരെന്നെ കാത്തുകൊള്ളും .ഈ സായൂജിന്റെ കൈകൊണ്ടൊരു താലിച്ചരട് കഴുത്തിൽ വീണിരിക്കും വൈഷ്ണവിയുടെ കഴുത്തിൽ .നിനക്ക് ചാർത്താനായി ഇന്നുതന്നെ ഞാൻ പണിയിപ്പിക്കുകയാണ് ആലിലത്താലി ..സീമന്തരേഖയിൽ തൊടീക്കാനായി സിന്ദൂരവും കൊണ്ട് ഞാൻ വരും .അന്നെന്റെ വലംകൈയിൽ നിന്റെ വലംകൈ ഉണ്ടാകും .. കാത്തിരിക്കും ഞാൻ നിന്റെ മറുപടിക്കായി ..നിനക്കേറെ പ്രിയപ്പെട്ട പുഴയോരത്തെ വീട്ടിൽ ..

ജാലകഅഴികളിലൂടെ സായൂജ് പോകുന്നതവൾ നോക്കിനിന്നു .അപ്പോൾ അവളിലുണരുകയായിരുന്നു സായൂജിന്റെ പ്രിയതമയായി പുഴയോരത്തെ വീട്ടിലെ ജീവിതം .

അവളുടെ ഹൃദയം തുടിച്ചു .നിലക്കണ്ണാടിക്ക് മുൻപിൽനിന്നും അവളൊന്ന് പുഞ്ചിരിച്ചു .ചുവന്ന സിന്ദൂരം കൊണ്ട് വർഷങ്ങൾക്കുശേഷം അവൾ പൊട്ടുകുത്തി .അലമാരയിൽ നിന്നെടുത്ത മയിൽനീല നിറത്തിലെ സാരിയെടുത്ത് വച്ചുനോക്കിയപ്പോൾ എന്തുകൊണ്ടോ ഒരു നാണം ഒളിമിന്നി .കണ്ടുനിന്ന വരുണയുടെ മിഴികളപ്പോൾ സജ്ജലമായത് സന്തോഷം കൊണ്ടായിരുന്നു .

- സിമി അനീഷ് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ