കർപ്പൂരം പോലൊരു പെണ്ണ്

കർപ്പൂരം പോലൊരു പെണ്ണ്

കർപ്പൂരം പോലൊരു പെണ്ണ്

തല്ലുകൊള്ളിയെന്നും തലതെറിച്ചവളെന്നും ഓമനപ്പേരവൾക്ക് ചാർത്തുമ്പോൾ മനപ്പൂർവം ഏവരും മറന്നു ആ പെണ്ണിനും ഒരു മനസ്സുണ്ടെന്ന്.

ചിത്രശലഭത്തെപോലെ പറന്നുനടന്നവൾ... കുഞ്ഞുമിഴികൾ ചിമ്മി മുത്തശ്ശിക്കഥകൾക്ക് കാതോർത്തിരുന്നവൾ. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ആശ്ചര്യത്തോടെ ചൊല്ലി നടന്നിരുന്ന വായാടിപ്പെണ്ണ്.

പെണ്ണായി പിറന്നതിൽ അഭിമാനിച്ചിരുന്നവൾ. കണ്ണാരംപൊത്തിയും പച്ചിലയൂതിയും ഉപ്പിനു പോകുന്ന വഴിയും കളിച്ചുകൊണ്ടുനടന്നപ്പോഴൊന്നും തന്നെ അവളോർത്തില്ല കാലം അവളിലും മാറ്റങ്ങൾ തീർക്കുമെന്ന്.

തൊടിയിലെ പച്ചിലകൾക്കിടയിൽ മഞ്ചാടിക്കുരു ശേഖരിച്ചുനിന്നവളെ പിടിച്ചു കൊണ്ടുവന്ന് മുറിക്കുള്ളിലിരുത്തുമ്പോൾ ഉള്ളംകൈയിൽ നിന്നും തെറിച്ചുപോയ മഞ്ചാടിമണികളെക്കുറിച്ചുള്ള വേവലാതിയായിരുന്നു പന്ത്രണ്ടു വയസ്സുകാരിയിൽ നിറഞ്ഞുനിന്നത്.

വലിയ പെൺകുട്ടിയായെന്നും ഇനിയങ്ങനെ പുറത്തേക്ക് പോകരുതെന്നും മുതിർന്നവർ വിലക്കിയപ്പോൾ കാര്യമെന്തെന്ന് അറിയാതെ ആ മിഴികളിൽ അമ്പരപ്പ് നിറഞ്ഞു.

കുറച്ചുനാളത്തെ വാസം കഴിഞ്ഞാ മുറിയിൽ നിന്നുമിറങ്ങിയപ്പോൾ മനസ്സുനിറയെ തൊടിയിലെ മഞ്ചാടിമണികളും കണ്ണാരം പൊത്തിക്കളിയുമായിരുന്നു.

കളിച്ചുതിമിർക്കുന്ന കൂട്ടുകാർക്കൊപ്പം ഓടാനൊരുമ്പെട്ട അവളെ ചുള്ളിക്കമ്പെടുത്ത് തല്ലുമ്പോൾ കാലിൽ വീണ ചുവന്നവരകൾ അവളെ നോക്കി പിന്നെ പലപ്പോഴും കൊഞ്ഞനംകുത്തി.

തൊടിയിൽനിന്നും വീട്ടിലേക്ക് മാത്രമായി പറിച്ചുനടപ്പെട്ടു അവൾ.

സന്ധ്യാസമയം പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന് വിലക്കിടുമ്പോഴും 'നീ വലിയ പെണ്ണായി എന്നല്ലാതെ ' മറ്റൊന്നും അവർ പറഞ്ഞില്ല.പിന്നെയവൾ ചങ്ങാത്തം കൂടിയത് അക്ഷരങ്ങളോടായിരുന്നു. പുരാണങ്ങളോട് കൂട്ടുകൂടിയപ്പോൾ 'രാമനും സീതയും 'ഇഷ്ടകഥാപാത്രങ്ങളായി. 'ദുർഗാദേവി'യുടെ വീരതകൾ മനസ്സിൽ നിറഞ്ഞുനിന്നു. പഞ്ചതന്ത്രക്കഥകളും സിൻഡ്രലയും അത്ഭുതലോകത്തെ ആലീസും സിൻബാഗുമെല്ലാം അവളുടെ മനസ്സിൽ നിറഞ്ഞു. വായന ഒരു ഹരമായി പെയ്തിറങ്ങുകയായിരുന്നു അവളിൽ.

പഠിക്കേണ്ട പ്രായത്തിൽ പഠിച്ചാൽ മതിയെന്നും കഥ വായന വേണ്ടെന്നും പ്രഖ്യാപിച്ചപ്പോൾ തോർന്നിരുന്ന മിഴികൾ വീണ്ടും പെയ്തുതുടങ്ങി.

ഏട്ടൻ ചെയ്യുന്ന കുരുത്തക്കേടുകൾക്ക് കാരണമില്ലാതെ പലപ്പോഴും ആ കാലുകൾ തിണർത്തു കിടന്നു.

ആൺകുട്ടികൾക്ക് പ്രാധാന്യം കൊടുക്കണമെന്നും സ്ത്രീ എന്നാൽ പുരുഷന്റെ അടിമയാണെന്നും പലവുരു എല്ലാവരും ഓർമ്മിപ്പിച്ചപ്പോഴും 'ഇന്ത്യയുടെ രാഷ്‌ട്രപതി ഒരു സ്ത്രീ ആയിരുന്നില്ലേ 'എന്നവൾ വാദിച്ചു. അതുകൊണ്ടാകാം തലതെറിച്ചവൾ എന്ന് അവരിടയ്ക്കിടെ അവളെ വിളിച്ചതും.

പത്താംക്‌ളാസ്സ്‌ കഴിഞ്ഞ് മാർക്ക്‌ലിസ്റ്റുമായി തുടർന്നു പഠിക്കണമെന്ന ആവേശത്തോടെയെത്തിയ അവൾക്കുനേരെ 'പഠിത്തം മതി'യെന്ന് മുത്തശ്ശി ആജ്ഞാപിച്ചപ്പോൾ അവളുലഞ്ഞു.

ഒടുവിൽ അവളുടെ കളങ്കമറ്റ പ്രാർത്ഥനയുടെ ഫലമാകാം തുടർന്നു പഠിക്കാൻ അനുവാദം നൽകിയപ്പോൾ അവളേറെ സന്തോഷിച്ചു.

നന്നായി പഠിച്ചൊരു തൊഴിൽ സമ്പാദിക്കണമെന്ന ആഗ്രഹം ദിനംപ്രതി അവളിൽ കൂടി വന്നു.

മറ്റൊരു വീട്ടിലെ അടുക്കളപ്പണിയെടുക്കേണ്ടവൾക്ക് പഠിത്തത്തിന്റെ ആവശ്യമില്ലെന്നും കരിയും പുകയും കൊള്ളേണ്ടവളാണ് പെണ്ണെന്നും വീട്ടുകാർ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.

ഏട്ടന്റെ മുന്നിലെ ചോറുപാത്രത്തിൽ മുഴുത്ത മീൻ കഷ്ണങ്ങൾ കടന്നുകൂടിയപ്പോൾ തന്റെ പാത്രത്തിൽ മീനിന്റെ മുഴുപ്പ് കാണാൻ കഴിഞ്ഞില്ല. അതിനെ ചോദ്യം ചെയ്തതിന് അവൾക്കവർ അഹങ്കാരിയെന്ന പേര് നൽകി.

വിവാഹാലോചനകൾ മുറുകി. പഠിപ്പ് പെണ്ണിന് അഹങ്കാരമാണെന്നും പെണ്ണ് വീട്ടിനൊരു ബാധ്യതയാണെന്നും അവർ ആവർത്തിച്ചു.

പതിനെട്ട് തികയുംമുൻപേ അന്യപുരുഷന്റേതായി മാറിയപ്പോൾ പഠിച്ചുനേടിയ മാർക്കുകൾ അലമാരയിലിരുന്ന് ശ്വാസം കിട്ടാതെ പിടഞ്ഞു.

ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയരാൻ നിന്ന അവളുടെ ചിറകുകൾ തളർന്നു. പെണ്ണായി പിറന്നതിനെ ശപിച്ച നിമിഷങ്ങൾ.എത്രയൊക്കെ ജോലികൾ ചെയ്താലും ശകാരവർഷം ചൊരിയുന്ന അമ്മായി. മരുഭൂമിയിലെ ചുട്ടുപഴുത്ത മണലാരണ്യത്തിൽ പൊടിഞ്ഞ നീരുറവ പോലെ ആശ്വാസമായത് അവളുടെ ഭർത്താവായിരുന്നു.

ഒടുവിൽ മാതൃത്വം നൽകി ദൈവം അവളെ അനുഗ്രഹിച്ചു.ഒൻപതുമാസത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കുഞ്ഞുമാലാഖയ്ക്കവൾ ജന്മം നൽകി.

മോളുടെ മുഖം അവൾക്ക് പുത്തൻ ഊര്ജ്ജം നൽകി.

ഇതിനിടയിൽ വന്ന സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം ഭർത്താവിനെ പ്രവാസലോകത്തേക്ക് പറിച്ചു നടേണ്ടതായി വന്നപ്പോൾ അവൾ ഉള്ളിൽ കരഞ്ഞു.

എന്നാൽ പതിയെപ്പതിയെ ഭർത്താവിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങൾ അവളെ പാടേതളർത്തി.

ഭർത്യവീട്ടുകാർ പറഞ്ഞു കേൾപ്പിക്കുന്ന ഇല്ലാക്കഥകൾ അപ്പാടെ വിശ്വസിച്ചുകൊണ്ട് അയാൾ അവളിൽനിന്നും അകലുകയായിരുന്നു.

വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾക്കിടയിലും ഭർത്താവിന്റെ അവഗണനയ്ക്കിടയിലും അവൾ മോളുടെ മുഖമോർത്ത് പിടിച്ചുനിന്നു.

കൂടെ പഠിച്ചൊരു സുഹൃത്തിനെ വഴിയിൽ വച്ച് യാദൃച്ഛികമായി കണ്ട് സംസാരിച്ചനാൾ ഏവരുടെയും കണ്ണിൽ അതവളുടെ ജാരനായി മാറുകയായിരുന്നു.

ഭർത്താവിന്റെ ഫോണിലൂടെയുള്ള അസഭ്യവർഷവും വീട്ടുകാരുടെ കുത്തുവാക്കുകളും വഴിപിഴച്ചവളെന്ന പരിഹാസവും സഹിക്കാതായപ്പോൾ അവൾ പൊട്ടിത്തെറിച്ചു. ഇനിയിങ്ങനൊരു ഭാര്യയെ വേണ്ടെന്ന് ഭർത്താവ് ഉറപ്പിച്ചു പറഞ്ഞപ്പോൾ ഏവരും ചേർന്നവളെയും കുഞ്ഞിനെയും ആ വീടിന്റെ പടിയിറക്കി.

സ്വന്തം വീട്ടിലേക്ക് പോയപ്പോൾ പേരുദോഷം കേൾപ്പിച്ചവൾക്കുള്ള സ്ഥാനം ഇതല്ലെന്നും പറഞ്ഞവൾക്ക് അവിടെയും അഭയം നല്കിയില്ല.

മതിയായ വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാതെ പെരുവഴിയിൽ ഇരുപതാം വയസ്സിൽ പകച്ചുനിൽക്കാനേ ആ പെൺകുട്ടിക്കായുള്ളൂ.

ഇന്നവൾ ആർക്കും വേണ്ടാതെ എല്ലാവരാലും തിരസ്കരിക്കപ്പെട്ടവളാണ്. പെൺകുട്ടികൾ ബാധ്യയാണെന്ന് കരുതി അവർക്ക് മതിയായ വിദ്യാഭ്യാസംപോലും നൽകാതെ വിവാഹം കഴിപ്പിച്ചയക്കുന്നവർ ഇന്നുമുണ്ട്. ഒരാണും പെണ്ണും ഒന്ന് സംസാരിച്ചാലോ ഒന്നിച്ചു നടന്നാലോ നെറ്റി ചുളിക്കുന്നവരും ചുറ്റുമുണ്ട്. തന്റെ കുഞ്ഞുമായി എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ആ പെൺകുട്ടിയുടെ ഇനിയുള്ള ഭാവി എന്തായിത്തീരും... ?കർപ്പൂരം പോലെ പത്തിയടയുന്ന പെൺകുട്ടികൾ നമുക്ക് ചുറ്റുമുണ്ട്.
പെൺകുട്ടികൾ ഒരിക്കലും ഒരു ബാധ്യതയല്ല.. അവർക്കും വിദ്യാഭ്യാസം നല്കൂ... അവരും കുതിക്കട്ടെ.. ഫീനിക്സ് പക്ഷിയെപ്പോലെ ഉയരത്തിൽ.. തളരാത്ത ചിറകുകളുമായി.

- സിമി അനീഷ് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ