ഇന്ദ്രനീലം

ഇന്ദ്രനീലം

ഇന്ദ്രനീലം

പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന ബ്രഹ്മമംഗലം തറവാട്. തറവാട്ടിനുള്ളിലെ ഇടനാഴിക്കരികിലെ അറയ്ക്ക് മുൻപിൽ കൊത്തുപണികൾ ചെയ്ത് മനോഹരമായ ഇരിപ്പിടത്തിൽ ഉപവിഷ്ടനായ ഉപേന്ദ്രവർമ്മ. ഇരിപ്പിടത്തിൽ കൊത്തിച്ചേർത്ത വ്യാളീമുഖത്തിൽ നടുവിരൽ കൊണ്ട് താളം പിടിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

അരികിൽ അക്ഷമരായി ഉലാത്തുന്ന ഉപേന്ദ്രവർമ്മയുടെ അഞ്ചാൺമക്കളിൽ രണ്ടുപേർ മഹേശ്വരവർമ്മയും മഹേന്ദ്രവർമ്മയും. ഇരുവരുടെയും മുഖത്ത് ഉരുണ്ടുകൂടിയ വിയർപ്പുമണികൾ അവർ ആശങ്കാകുലരാണെന്ന് വ്യക്തമാക്കി. അറയ്ക്കുള്ളിൽ നിന്നുമുയർന്നു കേൾക്കുന്ന സ്വരങ്ങൾ അവരിൽ പരിഭ്രമമുണർത്തിക്കൊണ്ടേയിരുന്നു. ഇടയ്ക്കിടെ മുഖമമർത്തിത്തുടച്ചുകൊണ്ട് മഹേശ്വരവർമ്മ വാതിൽക്കൽ നിന്നു.

വിജാഗിരി തിരിയുന്ന ശബ്ദം കേട്ട് വർദ്ധിച്ച നെഞ്ചിടിപ്പോടെ ഏവരും ഓടിയെത്തി.

ഉദ്വേഗഭരിതരായി നിൽക്കുന്ന ആ മുഖങ്ങളിലേക്ക് പരിഭ്രമത്തോടെ നോക്കിക്കൊണ്ട് വയറ്റാട്ടി കല്യാണി തുടർന്നു - തമ്പുരാട്ടിമാർ പ്രസവിച്ചു. മഹേശ്വരൻ തമ്പുരാന് ആൺകുഞ്ഞ്... മഹേന്ദ്രൻ തമ്പുരാന് പെൺകുഞ്ഞ്..

ആശ്വാസഭാവത്തോടെ ഏവരും നെഞ്ചിൽ കൈവച്ചു.പൂനിലാവുദിച്ചതുപോലെ വിടർന്ന മുഖവുമായി മഹേന്ദ്രവർമ്മ കുഞ്ഞിനെ ഏറ്റുവാങ്ങി.

പത്തുപവനോളം തൂക്കം വരുന്നൊരു സ്വർണ്ണമാല തികഞ്ഞ സന്തോഷത്തോടെയാണ് വയറ്റാട്ടി കല്യാണി മഹേന്ദ്രവർമ്മയിൽ നിന്നും ഏറ്റുവാങ്ങിയത്.

തന്റെ ആൺകുഞ്ഞിനെ വാങ്ങി നെഞ്ചോടടുപ്പിക്കുമ്പോൾ മഹേശ്വരവർമ്മ കുഞ്ഞിന്റെ മുഖത്ത് വാത്സല്യപൂർവ്വം തഴുകി.

അത്രയും നേരം ഉപവിഷ്ടനായിരുന്ന ഉപേന്ദ്രവർമ്മ എഴുന്നേറ്റു. മം.. രോഹിണി നക്ഷത്രജാതർ.

റോസാപ്പൂവുപോലെ മാർദ്ദവമേറിയ കൈവിരലുകൾ നുണഞ്ഞ് പളുങ്കുപോലുള്ള മിഴികൾ ചിമ്മിത്തുറന്നുകിടന്ന പെൺകുഞ്ഞിന്റെ മൂർദ്ധാവിൽ അധമമർത്തി അദ്ദേഹം.

ബ്രഹ്മമംഗലത്തെ പരദേവതകൾ കനിഞ്ഞു. എട്ടുതലമുറയ്ക്കുശേഷം ബ്രഹ്മമംഗലം തറവാട്ടിൽ പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. തലമുറകളായി കുടുംബത്തിലെ ആദ്യ പെൺതരിക്കായി കരുതിവച്ചിരിക്കുന്ന അമൂല്യനിധിയുടെ അവകാശി. ബ്രഹ്മമംഗലത്തെ മഹേന്ദ്രവർമ്മയുടെയും ദുർഗ്ഗാലക്ഷ്മിയുടെയും മകൾ... ബ്രഹ്മദ..

മഹേശ്വരന് ഇത്രയും വർഷത്തെ കാത്തിരിപ്പിന് പരദേവത നൽകിയ വരമാണിവൻ... മയൂഖ് വർമ്മ.. മഹേശ്വരവർമ്മയുടെ കൈയിൽ ചൂടേറ്റ് ഉറങ്ങുന്ന കുഞ്ഞിനെ തഴുകി ഉപേന്ദ്രവർമ്മ പറഞ്ഞു.

കുടുംബത്തിലെ ആദ്യ പെൺതരിക്ക് ചുറ്റുമായിരുന്നു ഏവരും. തന്റെ കുഞ്ഞിനെയും മാറോടടക്കി മഹേശ്വരവർമ്മ ഒഴിഞ്ഞുനിന്നു.

ഇരുപത്തിയെട്ടാംനാൾ പൊന്നരഞ്ഞാണം മുറുക്കുമ്പോഴും പൊന്നുരച്ച് നാവിൽ തൊടുമ്പോഴും മയൂഖിനേക്കാൾ തിളങ്ങിയത് ബ്രഹ്മദയായിരുന്നു.

ഒരേ ദിനത്തിൽ ഒരേ നക്ഷത്രത്തിൽ ജനിച്ച കുഞ്ഞുങ്ങളായിട്ടും മയൂഖിനേക്കാൾ വാത്സല്യം കൂടുതൽ ലഭിച്ചത് ബ്രഹ്മദയ്ക്കായിരുന്നു.

മഹേശ്വരവർമ്മയുടെ ഭാര്യ കാവേരിയും അവളെയാണ് ഏറെ സ്നേഹിച്ചതും. മാമ്പഴപ്പുളിശ്ശേരി കൂട്ടിക്കുഴച്ച ഉരുളയുടെ ആദ്യ അവകാശിയും അവളായിരുന്നു.

വർഷങ്ങൾ കടന്നുപോകെ സമർത്ഥരായി അവർ വളർന്നു. വീണയുടെ തന്ത്രികൾ മീട്ടി സ്വയം മറന്നവൾ പാടി. അസാമാന്യ മെയ്വഴക്കത്തോടെ നൃത്തം ചവിട്ടുമ്പോൾ ചിലങ്കയുടെ നൂപുരധ്വനി ബ്രഹ്മമംഗലത്ത് താളമായി മുഴങ്ങി. ബ്രഹ്മദ കലകളിൽ നൈപുണ്യം പുലർത്തിയപ്പോൾ മയൂഖ് പാഠ്യവിഷയങ്ങളിൽ സമർത്ഥനായി.

മയൂഖിന്റെയും ബ്രഹ്മദയുടെയും പിണക്കങ്ങളിൽ മഹേന്ദ്രവർമ്മ പലപ്പോഴും മയൂഖിന്റെ പക്ഷം ചേർന്നു.അപ്പോഴെല്ലാം മുഖം വീർപ്പിച്ചിരിക്കുന്ന ബ്രഹ്മദയെ ഇരുവരും ചേർന്ന് കളിയാക്കിപ്പോന്നു.
പക്ഷികളുടെ കളകളാരവം പോലെ ബ്രഹ്മമംഗലം സദാസമയം ശബ്ദമുഖരിതമായി.

വളരുംതോറും അവളുടെ വാശിയുടെ ആക്കവും കൂടിവന്നു. തന്റെ ആഗ്രഹങ്ങൾ എന്തുതന്നെയായാലും അത് പൂർത്തീകരിക്കാൻ ഏവരും സന്നദ്ധരാണെന്ന വിശ്വാസം അവളിൽ അഹങ്കാരം നിറച്ചു.

ഇരുവരുടെയും പതിനെട്ടാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കുന്നതിനിടയിലാണ് ഉപേന്ദ്രവർമ്മ പ്രധാനപ്പെട്ട കാര്യം സംസാരിച്ചതും.

"ബ്രഹ്മമംഗലം തറവാട്ടിലെ ഓരോ തലമുറയിലെയും ആദ്യ പെൺതരിക്കായി പാരമ്പര്യമായി കൈമാറി വരുന്ന ഒരു അമൂല്യനിധിയുണ്ട്.എട്ടുതലമുറയ്ക്കുശേഷം ജനിച്ച ആദ്യപെൺതരിയാണ് ബ്രഹ്മദ വർമ്മ. മോളുടെ ഇരുപതാം പിറന്നാൾ ദിനം ആ അമൂല്യനിധി അവൾക്ക് സ്വന്തമാകും. കാരണം അപ്പോഴേക്കും അവൾക്ക് വിവാഹപ്രായമാകും. അമൂല്യനിധി കൈമാറിയശേഷം കെങ്കേമമായി അവളുടെ വിവാഹവും നടത്തും. "

തെല്ലൊരഹങ്കാരത്തോടെ അവൾ ഒന്നിളകിനിന്നു. പരിഹാസധ്വനി പുറപ്പെടുവിച്ചുകൊണ്ട് മയൂഖ് അവളെയൊന്ന് നോക്കി. അപ്പോഴും അവരാരും കണ്ടില്ല കത്തിയെരിയുന്ന രണ്ടു മിഴികൾ.

ചിത്രരചന കൂടി സ്വായത്തമാക്കണമെന്ന അവളുടെ ആഗ്രഹം ഉപേന്ദ്രവർമ്മ നടപ്പിലാക്കി. ചിത്രരചന പകർന്നു നൽകാനെത്തിയ അധ്യാപകനെ വിസ്മയത്തോടെയാണ് അവൾ നോക്കിയത്.

ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന സുമുഖനായ യുവാവ്‌. വകുന്നു ചീകിയ തിളങ്ങുന്ന മുടിയും കറുത്ത കട്ടിമീശയും ദൃഢമായ ശരീരവും കൂടിയ ലക്ഷണമൊത്ത പുരുഷൻ.

ചിത്രരചനയെപ്പറ്റി ആദ്യമായി അദ്ദേഹം നല്കിയത് ഒരാമുഖമായിരുന്നു.

"എനിക്ക് ആമുഖം കേൾക്കേണ്ട.. വരയ്ക്കാൻ മാത്രം പഠിച്ചാൽ മതി.. അതും എണ്ണച്ചായ ചിത്രങ്ങൾ. "

എടുത്തടിച്ചതുപോലെ പറഞ്ഞ ബ്രഹ്മദയെ ഒന്നിരുത്തി നോക്കിക്കൊണ്ടദ്ദേഹം തുടർന്നു - "നേരെ ചെന്ന് ചിത്രരചന പഠിപ്പിക്കാനല്ല ഞാൻ വന്നത്. പഠിക്കുമ്പോൾ ആദ്യം വേണ്ടത് ക്ഷമയാണ്. മഹാന്മാരായ ചിത്രകാരന്മാരെപ്പറ്റിയും ചിത്രങ്ങളെപ്പറ്റിയും ബ്രഷുകളെയും നിറക്കൂട്ടുകളെപ്പറ്റിയും മനസ്സിലാക്കിയാൽ മാത്രമേ വരയ്ക്കാൻ കഴിയുള്ളൂ. ചെറു ചിത്രങ്ങളിൽ നിന്നും വരച്ചു തുടങ്ങി വേണം എണ്ണച്ചായ ചിത്രങ്ങളിലേക്ക് കടക്കുവാനും. "

ദേഷ്യം കൊണ്ടവളുടെ മുഖം ചുവന്നുതുടുത്തു. ഇരിപ്പിടത്തിൽനിന്നും ചാടിയെഴുന്നേറ്റു ബ്രഹ്മദ.

ബ്രഹ്മമംഗലം തറവാട്ടിലെ ഏകപെൺതരിയാണ് ഞാൻ. എന്റെ ഇഷ്ടങ്ങളാണ് ഇവിടെ പ്രധാനം. തന്നെപ്പോലൊരാൾ എന്നെ പഠിപ്പിക്കേണ്ട. കടക്ക് പുറത്ത്..

ദേഷ്യം കൊണ്ട് വിറയ്ക്കുന്നവളെ കടുപ്പിച്ചൊന്ന് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "ഇവിടുത്തെ തമ്പുരാന്റെ അഭ്യർത്ഥനപ്രകാരമാണ് ഞാനിവിടെ എത്തിയത്. മാതാ പിതാ ഗുരു ദൈവം എന്നാണ്. ഗുരുനിന്ദ പാടില്ല. നീ ഏത് കൊടിപിടിച്ച തറവാട്ടിലെ തമ്പുരാട്ടിയായാലും ഞാൻ എന്റെ കർത്തവ്യം പൂർത്തിയാക്കിയശേഷം മാത്രമേ ഈ പ്രയാഗ് പോകുള്ളൂ. ഇരിക്കെടീ അവിടെ".. ആ ആജ്ഞയിൽ അറിയാതെ ഇരുന്നുപോയി ബ്രഹ്മദ.

അപമാനഭാരം നിറഞ്ഞ മനസ്സുമായി ഇരിക്കുമ്പോഴും ആദ്യമായി തന്നോട് ശബ്ദമുയർത്തിയ പുരുഷനോട് എന്തോ ഒരു വികാരം അവളിൽ നിറഞ്ഞു.മാസങ്ങൾ കടന്നുപോയി. ഒരുനാൾ ചിത്രരചനാപഠനം കഴിഞ്ഞു പോകുന്നതിനിടയിലാണ് മുറിയിൽനിന്നും അടക്കിപ്പിടിച്ച സംസാരം പ്രയാഗ് കേട്ടത്. കേട്ടത് വിശ്വസിക്കനാകാതെ നടുക്കംപൂണ്ട് നിൽക്കാനേ അയാൾക്കായുള്ളൂ.

പിറ്റേന്ന് വരുമ്പോൾ ചിത്രം ചെയ്യുന്ന ബ്രഹ്മദയെ അയാൾ ഉറ്റുനോക്കി. പട്ടുദാവണിയിൽ നിറഞ്ഞുനിൽക്കുന്ന പെൺകുട്ടി. വാശിക്കാരിയാണെങ്കിലും അവൾ പാവമാണെന്ന് മനസ്സിലായി.

കാവേരിയുടെ ശബ്ദമാണ് അയാളെ ഓർമകളിൽ നിന്നുണർത്തിയത്.

മോളൊന്നും കഴിച്ചില്ല.. ഈ പാലൊന്ന് കൊടുത്തോട്ടെ..

കൈയിലിരുന്ന പാൽ നിർബന്ധപൂർവ്വം കൊടുപ്പിക്കുന്ന കാവേരിയേയും അവരുടെ മുൻപിൽ അനുസരണയോടെ ഇരിക്കുന്ന ബ്രഹ്മദയെയും അയാൾ കൗതുകപൂർവ്വം നോക്കി. കാവേരി സന്തോഷത്തോടെ പോയി.

"തനിക്ക് അവരെ വല്യ കാര്യമാണല്ലേ".. അയാൾ ചോദിച്ചു.

"പിന്നില്ലേ.. എനിക്കെന്റെ അമ്മയേക്കാൾ കാര്യമാ വല്യമ്മയെ ...മയൂഖിനേക്കാൾ ഇഷ്ടമാണ് എന്നോട്. "

"എനിക്ക് തന്നോട് കുറച്ചു സംസാരിക്കണം.." ഗൗരവത്തോടെയുള്ള അയാളുടെ സംസാരം അവളിൽ അതിശയമുണർത്തി.

ഇരുപതാം പിറന്നാൾ. ബ്രഹ്മമംഗലം ഉണർന്നു.ക്ഷണിക്കപ്പെട്ട അതിഥികളിൽ പ്രയാഗുമുണ്ടായിരുന്നു.

"ഇന്നാണ് ബ്രഹ്മമംഗലത്തെ പാരമ്പര്യമുതൽ ഇന്ദ്രനീലമാല കൈമാറുന്നത്. "

കൊത്തുപണികളുള്ള ആമാടപ്പെട്ടിയിൽ നിന്നും വെട്ടിത്തിളങ്ങുന്ന ഇന്ദ്രനീലക്കല്ല് പതിച്ച വർഷങ്ങൾ പഴക്കമുള്ള മാല ഉപേന്ദ്രവർമ്മ ബ്രഹ്മദയുടെ കൈകളിലേക്ക് വച്ചു.

ഒരുനിമിഷത്തിനുശേഷം അവൾ അത് സന്തോഷത്തോടെ നിൽക്കുന്ന മഹേന്ദ്രവർമ്മയ്ക്കുനേരെ നീട്ടി.

"ഇതിനായല്ലേ അച്ഛൻ കാത്തിരുന്നത്. ഇതിനുവേണ്ടിയല്ലേ കൊടുംക്രൂരതകൾ കാട്ടിക്കൂട്ടിയത്. "അവളുടെ വാക്കുകൾ ഏവരിലും അമ്പരപ്പുണർത്തി.

വീണ്ടുമവൾ തുടർന്നു -"നിങ്ങൾക്കറിയോ ഈ നിൽക്കുന്ന മനുഷ്യന്റെ യഥാർത്ഥ മുഖം. സ്വന്തം ജ്യേഷ്ഠന് ജനിച്ച രണ്ടു പെൺകുഞ്ഞുങ്ങളെ ഈ ഇന്ദ്രനീലത്തിനുവേണ്ടി കൊന്നുകളഞ്ഞ ദുഷ്ടനാ ഇയാൾ. വയറ്റാട്ടി കല്യാണിയെ അതിനിയാൾ കരുവാക്കി. ജനിച്ചയുടൻ ഒതളങ്ങാനീര് കൊടുത്ത് കുഞ്ഞുങ്ങളെ നശിപ്പിച്ചു.നെഞ്ചിൽ കൈവച്ചുകൊണ്ട് ചുമരിലൂടെ കാവേരി ഊർന്നുവീണു.
മഹേശ്വരവർമ്മ അവരെ താങ്ങി.

കണ്ണുനീർ തുടച്ചുകൊണ്ട് അവൾ തുടർന്നു. ഒടുവിൽ ഞങ്ങൾ ജനിക്കുന്നതിന്റെയന്ന് ഇയാൾ കല്യാണിയെ ചട്ടംകെട്ടി.. ഇത്തവണയും മഹേശ്വരവർമ്മയ്ക്ക് പെൺകുഞ്ഞ് ജനിച്ചാൽ അതിനെ കൊല്ലാനായി.അല്ലേ മഹേന്ദ്രവർമ്മേ.. വിരൽചൂണ്ടി വിറച്ചുകൊണ്ടുനിൽക്കുന്ന ബ്രഹ്മദയെ തീഷ്ണമായി നോക്കി മഹേന്ദ്രവർമ്മ..

നീയിതെന്തൊക്കെ കള്ളങ്ങളാണ് വിളിച്ചു കൂവുന്നതെന്നു ബോധമുണ്ടോടീ... സ്വന്തം അച്ഛനെയാണ് പ്രതിയാക്കുന്നതെന്ന് ഓർക്കണം... ശബ്ദമുയർത്തിക്കൊണ്ട് അവൾക്കുനേരെ അയാൾ പാഞ്ഞടുത്തപ്പോൾ ബ്രഹ്മദയ്ക്ക് മുൻപിലേക്ക് പ്രയാഗ് നീങ്ങിനിന്നു.

ഒരുനിമിഷം അയാൾ നിശ്ചലനായി.

ബ്രഹ്മദ പറയുന്നതെല്ലാം സത്യമാണ്. ഞാൻ കേട്ടതാണ് മഹേന്ദ്രവർമ്മയെന്ന നിങ്ങളും വയറ്റാട്ടി കല്യാണിയും തമ്മിലുള്ള സംഭാക്ഷണം.

ഈ നിൽക്കുന്ന മഹേന്ദ്രവർമ്മയുടെ മകളല്ല ബ്രഹ്മദാവർമ്മ.. ബ്രഹ്മമംഗലത്തെ മഹേശ്വരവർമ്മയുടെയും കാവേരിയുടെയും മകളാണിവൾ. മയൂഖ് ആണ് നിങ്ങളുടെ മകൻ.

ഇനിയുമൊരു കുഞ്ഞിനെ കൊല്ലാൻ കഴിയാതെ വയറ്റാട്ടി കല്യാണി മഹേന്ദ്രവർമ്മയുടെ അറിവോടെ മാറ്റിയതാണിവരെ. കോടിക്കണക്കിനു വിലവരുന്ന ഇന്ദ്രനീലം കൈക്കലാക്കിയശേഷം ബ്രഹ്മദയെ ഇല്ലാതാക്കാനായിരുന്നു ഇയാളുടെ തീരുമാനം.

മുളചീന്തുംപോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ദുർഗ്ഗാലക്ഷ്മി തളർന്നിരുന്നു.

വിറകൊള്ളുള്ള കൈകളാൽ കാവേരി ബ്രഹ്മദയുടെ മുഖം കോരിയെടുത്തു. കൊച്ചുകുഞ്ഞിനെപ്പോലെ മഹേശ്വരവർമ്മയെയും കാവേരിയേയും ചേർത്തുപിടിച്ചവൾ തേങ്ങി.

മുഖം കുനിച്ചുനിന്ന മഹേന്ദ്രവർമ്മയുടെ കവിളടക്കം ഉപേന്ദ്രവർമ്മയുടെ അടിവീണു.

"തെറ്റ് ചെയ്തവനാണ് നീ. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനേക്കാൾ വലുതായിരുന്നോടാ നിനക്കീ ഇന്ദ്രനീലം. നിനക്ക് നിയമം അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കണം."ഉപേന്ദ്രവർമ്മ ഉറപ്പിച്ചു പറഞ്ഞു.

നിറഞ്ഞ മിഴികളോടെ പകച്ചുനിന്ന മയൂഖിനെ തങ്ങളിലേക്ക് അടുപ്പിച്ചുനിർത്തി കാവേരി.

രണ്ടുപേരും എന്റെ മക്കൾ തന്നെയാ.. വിതുമ്പിക്കൊണ്ട് ആ അമ്മയുടെ മാറിൽ വീണു മയൂഖ്.

പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന പ്രയാഗ് കണ്ടു ഇരുവരെയും ചേർത്തുപിടിച്ചു നിൽക്കുന്ന മഹേശ്വരവർമ്മയേയും കാവേരിയേയും. നിറഞ്ഞ മിഴികളുയർത്തി അവൾ പ്രയാഗിനെ നോക്കി. പ്രണയാർദ്രമായ ആ നോട്ടത്തിന് മറുപടിയെന്നവണ്ണം അവനും മന്ദഹസിച്ചു. അപ്പോഴും ബ്രഹ്മദയുടെ കൈകളിൽ ഭദ്രമായിരുന്നു ബ്രഹ്മമംഗലത്തെ പാരമ്പര്യനിധി.

- സിമി അനീഷ്  

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ