നമുക്ക് ചുറ്റും

നമുക്ക് ചുറ്റും

നമുക്ക് ചുറ്റും

ഓർമ്മവച്ച നാൾ മുതൽ വീട്ടിലെ കലഹം കണ്ടും കേട്ടും വളർന്നതുകൊണ്ടാകാം ഒരിത്തിരി സ്നേഹത്തിനായി കൊതിച്ചതും.

തിരക്കേറിയ ജീവിതം ആസ്വദിക്കാനുള്ള തത്രപ്പാടിനിടയിൽ താൻ ജന്മം നൽകിയ പൈതലിന്റെ കുരുന്നുമുഖം അവരുടെ മനസ്സിൽ വന്നിട്ടുണ്ടാകില്ല.

കെട്ടിപ്പടുത്തുയർത്തിയ ഇരുനിലവീട്ടിലെ സുഖസൗകര്യങ്ങൾ മാത്രമല്ല ഒരു പെൺകുഞ്ഞിന് വേണ്ടതെന്ന് ജന്മം നൽകിയവർ മനപ്പൂർവം മറന്നതോ.. അതോ മറന്നതായി നടിച്ചതോ..

അമ്മയുടെ വാത്സല്യചൂടേൽക്കാതെ അച്ഛന്റെ സ്നേഹമനുഭവിക്കാതെ എല്ലാവരുമുണ്ടായിട്ടും അനാഥയെപ്പോലെ വളരാനായിരുന്നു വിധി.

വീട്ടിലെ തിരക്കുപിടിച്ച ജോലിക്കിടയിലും തന്റെ കുഞ്ഞൊന്ന് കരഞ്ഞാൽ ഓടിയെത്തി അമൃത് കൊടുക്കുന്ന വേലക്കാരിയിൽ ഞാനൊരമ്മയെ കണ്ടു.

അമ്മിഞ്ഞപ്പാൽ നുണഞ്ഞ് നിർവൃതി കൊള്ളുന്ന ഓമനപ്പൈതലിനെ കാണുമ്പോൾ വെറുതെയെങ്കിലും പലവട്ടം ഞാൻ ആ കുഞ്ഞിന്റെ സ്ഥാനത്ത് എന്നെത്തന്നെ കണ്ടു.

വളരുംതോറും എന്റെ മനസ്സ് സ്നേഹത്തിനായി അലയുകയായിരുന്നു.

എനിക്ക് സ്നേഹം വച്ചുനീട്ടിയ മുഖങ്ങളിലൊന്നും ആത്മാർത്ഥതയ്ക്ക് പകരം കാമം മാത്രമേ ദർശിക്കാനായുള്ളൂ. കഴുകന്മാരെപ്പോലെ പച്ചമാംസം കൊത്തിവലിക്കാൻ തക്കം പാർത്തിരിക്കുന്ന ചില മനുഷ്യരുള്ള ലോകത്തിൽ തന്നെയാണ് ഞാൻ ജനിച്ചതെന്ന ബോധം എന്തുകൊണ്ടോ എനിക്ക് കൈവന്നിരുന്നു.

സമ്പത്തിന്റെ മടിത്തട്ടിൽ വളർന്നിട്ടും എന്തുകൊണ്ടോ സാധാരണ ജീവിതം സ്വപ്നം കാണാനായിരുന്നു എനിക്കിഷ്ടം.

അതുകൊണ്ടുതന്നെയാകാം പറയത്തക്ക സൗന്ദര്യമൊന്നുമില്ലാത്ത കൂലിപ്പണിക്കാരനെ ഞാനിഷ്ടപ്പെട്ടതും.

പണക്കാരി പെൺപിള്ളേരുടെ നേരംപോക്ക് മാത്രമാണിതെന്ന് പറഞ്ഞവൻ എന്റെ ഇഷ്ടത്തെ തള്ളിക്കളഞ്ഞപ്പോൾ തകർന്നടിഞ്ഞതെന്റെ ഹൃദയമായിരുന്നു.

പണത്തിന്റെയും പ്രതാപത്തിന്റെയും സൗന്ദര്യത്തിന്റെയും പേരുപറഞ്ഞ് കൂട്ടുകാരെന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴും അടിപതറാതെ നിന്നത് എനിക്കവനോടുള്ള പ്രണയം ആത്മാർത്ഥമായത് കൊണ്ടുതന്നെയായിരുന്നു.

ഒടുവിൽ എല്ലാവരുമുണ്ടായിട്ടും അനാഥയായിപ്പോയ പെണ്ണിന്റെ കഥയറിഞ്ഞതുകൊണ്ടാവാം അവനെന്നെ തേടിയെത്തിയതും.

സഹതാപമല്ല എനിക്ക് വേണ്ടതെന്ന എന്റെ തുറന്നുപറച്ചിൽ അവന്റെ ഹൃദയത്തിൽ കൊണ്ടിരിക്കാം.

കഴിഞ്ഞ 19 വർഷക്കാലം മറന്നിരുന്ന മകളെ ജന്മംനൽകിയവർ ഓർത്തത്‌ അവരുടെ അന്തസ്സിന് ചേരാത്ത യുവാവിനെ പ്രണയിച്ചപ്പോഴായിരുന്നു. അവരുടെ അന്തസ്സിനേക്കാൾ വലുതായി ഞാനെന്റെ പ്രണയത്തെ കണ്ടത് തെറ്റായിരുന്നോ... ??

എന്റെ വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ മഞ്ഞച്ചരടിൽ കോർത്തൊരു താലി എന്റെ കഴുത്തിൽ മുറുകുമ്പോൾ എനിക്കീ ലോകത്തിൽ സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഒരാളാകുകയായിരുന്നു.

നിറയെ അംഗങ്ങളുള്ള അവന്റെ ചെറിയ വീട്ടിൽ ആരതിയുഴിഞ്ഞ് അമ്മ നൽകിയ ഏഴുതിരിയിട്ട നിലവിളക്കുമായി വലംകാൽ വച്ചു കയറുമ്പോൾ മനസ്സ് നിറയുകയായിരുന്നു.

പെറ്റമ്മയിൽ നിന്നും ലഭിക്കാത്ത സ്നേഹവാത്സല്യങ്ങൾ എനിക്ക് നല്കിയത് ആ അമ്മയായിരുന്നു. കൂടപ്പിറപ്പിന്റെ സ്നേഹമറിഞ്ഞത് അവന്റെ പെങ്ങമ്മാരിൽ നിന്നുമായിരുന്നു. ഒരച്ഛന്റെ കരുതൽ ഞാനറിഞ്ഞത് മണ്ണിന്റെ മണമുള്ള ആ അച്ഛനിൽ നിന്നുമായിരുന്നു.

ഇതെന്റെ മോളാണെന്ന് ചൊല്ലി അവരെന്നെ ചേർത്തുപിടിക്കുമ്പോൾ എന്റെ മിഴികൾ നിറയുന്നത് ഞാനിപ്പോൾ സനാഥയാണെന്ന തിരിച്ചറിവ് കൊണ്ടായിരുന്നു.

നിറമില്ലാത്ത ബാല്യത്തിന് പകരം നിറച്ചാർത്തുള്ള ഒട്ടേറെ ഓർമ്മകൾ എനിക്ക് സമ്മാനിച്ചത് എന്റെ കുടുംബമാണ്.

വാഴത്തോട്ടത്തിന്റെ ഇടയിൽകൂടി നടന്ന് കൂമ്പിൽനിന്നും തേൻ നുകരാനും കൈത്തോടിൽനിന്നും തോർത്തുപയോഗിച്ച് മാനത്തുകണ്ണിയെ പിടിക്കാനും കണ്ണിമാങ്ങ ഉപ്പ് തൊട്ട് കഴിക്കുവാനും പശുക്കിടാവിന്റെ പിന്നാലെ തുള്ളിച്ചാടി നടക്കാനും എനിക്ക് സാധിച്ചു. എന്നോ നഷ്ടമായ ബാല്യകാലം എനിക്ക് സമ്മാനിച്ചപ്പോൾ അങ്ങനൊരു കുടുംബത്തെ നൽകിയതിന് ഞാൻ നന്ദി ചൊല്ലിയത് സർവ്വേശ്വരനോടാണ്.

മാതൃത്വം അനുഗ്രഹിച്ച് ഒരമ്മയാകാൻ പോകുന്നുവെന്ന വാർത്തയറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു. നിറച്ചാർത്തണിഞ്ഞ ഈ കുടുംബത്തിലേക്കവൾ വരട്ടെ.. സ്നേഹവും കരുതലും അറിഞ്ഞവൾ വളരട്ടെ... മണ്ണിലും മഴയത്തും കളിച്ചവൾ വളരട്ടെ.. എനിക്ക് ലഭിക്കാത്ത സ്നേഹം അവൾക്ക് കൊടുക്കണം.സ്നേഹമറിഞ്ഞ് കുടുംബബന്ധത്തിന്റെ മനോഹാരിത അറിഞ്ഞവൾ വളരണം..

- സിമി അനീഷ് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ