അപൂർണ്ണതകൾ തളം കെട്ടിക്കിടക്കുന്ന എഴുത്തുകാരി

അപൂർണ്ണതകൾ തളം കെട്ടിക്കിടക്കുന്ന എഴുത്തുകാരി

അപൂർണ്ണതകൾ തളം കെട്ടിക്കിടക്കുന്ന എഴുത്തുകാരി

ഈയിടെക്കെപ്പോഴോ എന്നെക്കുറിച്ചാരോ പറഞ്ഞു കേട്ടതാണ് “അപൂർണ്ണതകൾ തളം കെട്ടിക്കിടക്കുന്ന എഴുത്തുകാരി!.” എന്താണങ്ങനെ ഒരു വിശേഷണം? തന്റെ കഥകളിലെല്ലാം പൂർണ്ണമാവാത്ത ചില ഏടുകൾ വായിച്ചെടുക്കാൻ വായനക്കാർക്ക് സാധിച്ചിരുന്നുവൊ? അറിയില്ല. 

മുകളിലെ ബാൽക്കണിയിലിരുന്ന് ആകാശത്തേക്ക് ഉറ്റുനോക്കുമ്പോഴും എന്റെ ഉള്ളിലെ കടൽ കൂടുതൽ കലുഷിതമാവുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ഒരാഴ്ചയായി എടുത്തുവച്ചിരുന്ന വെള്ള പേപ്പർ ശൂന്യമായി തന്നെ കാണപ്പെടുന്നത് കൊണ്ടാണോ ഇനി? പെട്ടെന്നടിച്ച് ശക്തമായ കാറ്റിൽ പേപ്പർ പറന്നു തറയിൽ വീഴുമ്പോഴും, ഒരു ദീർഘ നിശ്വാസമല്ലാതെ മറ്റൊന്നും പുറത്തേക്ക് വന്നില്ല. 

“മോളെ ദാ, ആ മാസികയുടെ ആൾക്കാർ വീണ്ടും പുറത്ത് വന്നിരിക്കുന്നു. നിന്നെ കാണണം എന്ന് നിർബന്ധം പിടിക്കുന്നുണ്ട്''

അമ്മയുടെ വാക്കുകൾ തന്റെ ഉള്ളിലെ കടലിനെ കൂടുതൽ ക്ഷോഭിതമാക്കുകയാണ്.


“എനിക്കൊന്നിനും ആവുന്നില്ലെന്ന് ഞാൻ പറഞ്ഞതല്ലേ? പിന്നെന്തിനാ വീണ്ടും വീണ്ടും എന്നെയിങ്ങനെ ശല്യം ചെയ്യുന്നെ? ഇതാ ഈ വെള്ള പേപ്പർ മാത്രമാണോ അവർക്ക് വേണ്ടത്? കൊണ്ടുപോകാൻ പറ.”

വരാന്തയിലെ ഒരു മൂലയിൽ വീണുകിടക്കുന്ന പേപ്പർ ചൂണ്ടി ഞാൻ അമ്മയോട് ആക്രോശിച്ചു. അപ്പോഴേക്കും കണ്ണുനീർത്തുള്ളികൾ പുറത്തെ ബഹളം കേട്ട് ഓടിവന്ന് കൺപീലികൾക്കിടയിൽ ഒളിച്ചു നിന്നിരുന്നു! 

എന്റെ പേനകൾ എന്നെ ഉറ്റുനോക്കുകയാണോ? അവയ്ക്കും ദയനീതയാണോ? ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്, എന്നെയവ മനസ്സിലാക്കിയിട്ടുണ്ടെന്ന്. കാരണം എന്റെ വാക്കുകൾ തുടങ്ങുന്നതും, അവസാനിക്കുന്നതും, സൗമ്യമാകുന്നതും, സമ്മർദ്ധമേറുന്നതും, കുരുങ്ങിക്കിടക്കുന്നതും, ലളിതമാകുന്നതും, കഠിനമാവുന്നതും എല്ലാം അവ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണവ തന്റെ കൈകളിൽ കൂടുതൽ ഇഴുകിച്ചേർന്ന് നിൽക്കുന്നതും. 

“നീയെന്തിനാ അരുന്ധതി അതിന് അമ്മയോട് ദേഷ്യപ്പെടുന്നേ? അമ്മ പോയി അവരോട് ഇപ്പോൾ ഇവളെ കാണാൻ പറ്റില്ലാന്ന് പറ. ഞാൻ ഇവളോടൊന്ന് സംസാരിക്കട്ടെ.”

കിരണിന്റെ ശബ്ദം. ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു. അമ്മ താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുന്ന ശബ്ദം നേർത്ത് നേർത്ത് വന്നു. 

“ഹലോ മിസ്സിസ് അരുന്ധതി മാഡം, എന്തുപറ്റിയെടോ തനിക്ക്? ഞാനിവിടുന്ന് പോവുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ!”

കിരൺ, എന്റെ ജീവിതപങ്കാളിയെന്ന് വിശേഷിപ്പിക്കാം. എന്നെക്കൂടാതെ എന്നെ ഞാനായി മനസ്സിലാക്കിയ വ്യക്തി. കൊച്ചിയിലാണ് ജോലി. ഇടയ്ക്കിടെ പോയി വരും. യാത്രയെ സ്നേഹിക്കുന്നവൻ അതും ആസ്വദിച്ചിരുന്നു എന്നൊരു ഭംഗിക്ക് വേണമെങ്കിൽ പറയാം.

“താൻ എന്താടോ ഒന്നും മിണ്ടാത്തത് ?”


അയാൾ കുറച്ചുകൂടെ അടുത്തേക്ക് വരുന്നു.. യാതൊന്നും കണ്ടതായോ കേട്ടതായോ ഭാവിക്കാതെ ഞാൻ വീണ്ടും ബാൽക്കണിയിൽ ചാരിയിരുന്ന് ദൂരെയങ്ങാകാശത്തേക്ക് നോട്ടം പായിച്ചു.


“തന്റെ പാരിജാതം ചർച്ച ചെയ്യപ്പെടുന്നത് മുതലാണ് മാസികകളും വാരികകളുമൊക്കെ വീടിന്റെ ഉമ്മറത്ത് വന്ന് കഥകൾക്കായി പിടിവലി കൂട്ടാൻ തുടങ്ങിയത്. ‘പാരിജാത’ത്തിലെ നായിക, അത് താൻ തന്നെ ആയിരുന്നില്ലേടോ?”


പൊട്ടിയൊഴുകാൻ കാത്ത കണ്ണുകളോടെ ആശ്ചര്യം കലർന്ന ഒരുതരം തുറിച്ചുനോട്ടം ഞാൻ കിരണിന്റെ മുഖത്തേക്ക് എറിഞ്ഞു. എന്റെ കഥകളുടെയെല്ലാം പ്രഥമവായനക്കാരൻ. കഥകൾക്കുള്ളിൽ ഞാൻ ഒളിപ്പിച്ചതെല്ലാം അനായാസമായി കണ്ടെടുക്കാൻ എന്നുമുതലാണ് അവൻ പഠിച്ചത്? ഇത് മനസ്സിലാക്കാൻ ഞാനുമിത്ര വൈകിയതെന്തേ? എന്റെ കണ്ണുകൾ അവന്റെ കണ്ണുകളോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. എന്റെ കണ്ണുകളിലേക്ക് ഇത്തിരി നേരം നോക്കി നിന്ന് കിരൺ അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് പോയി. മൗനം വീണ്ടുമെനിക്ക് ചുറ്റും കനത്തു. വീണ്ടും കണ്ണുകൾ ആകാശത്തേക്ക് മടങ്ങി. അവിടെയെവിടെയോ കണ്ണുകൾ കഥകൾ തിരഞ്ഞു സമയം തള്ളി നീക്കി. 

ആകാശമിരുണ്ടു, നക്ഷത്രങ്ങൾ ഉറങ്ങാൻ കിടന്നു, ഞങ്ങളും.

“എടൊ, തന്റെയീ മൗനം എന്നെ വല്ലാതെ പേടിപ്പെടുത്തുന്നുണ്ട്. ജീവിതമെന്നുമുതലാണ് ഇത്ര അസ്വസ്ഥമാകാൻ തുടങ്ങിയത്?”

ഉത്തരമൊന്നും എന്റെ പക്കൽ ഇല്ലെന്നറിയാവുന്നത് കൊണ്ടാകണം മറുപടി കാക്കാതെ അവൻ കണ്ണുകൾ അടച്ചു. 

രാത്രിയേറെ വൈകിയപ്പോൾ, എപ്പോഴോ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി, മനസ്സ് ശരീരത്തിനൊരു ഭാരമാകുന്നത് പോലെ. അലമാരയുടെ മുകളിലെ തട്ടിൽ ആശിച്ചു മോഹിച്ചു വാങ്ങിയ സാരി തപ്പിയെടുക്കുമ്പോൾ അറിയാതെപോലും ശബ്ദമുണ്ടായി ആരും എഴുന്നേൽക്കാതിരിക്കാൻ ഞാൻ ഓരോ നിമിഷവും ശ്രദ്ധിച്ചു. കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ പേപ്പർ പോലെ തന്നെ എന്റെ മനസ്സും ശൂന്യമായിരുന്നു. കുരുക്ക് മുറുകുന്നതിനനുസരിച്ച് കണ്ണുകൾ മലർക്കെ തുറന്നു വന്നു, കൈകാലുകൾ നിർത്താതെ പിടയുന്നു. സിരകൾ വലിഞ്ഞമരുന്നു. മലവും മൂത്രവും ആർത്തവ രക്തത്തിൽ കലർന്ന് ഒരുമിച്ചൊഴുകുന്നു. കണ്ണിലിരുട്ടു കയറുകയും, നാക്ക് പുറത്തേക്ക് നീളുകയും ചെയ്തു. ഹൃദയമിടിപ്പ് അവസാനിക്കാനൊരുങ്ങുന്നു. ഒരു നിമിഷം ജീവിക്കണമെന്ന് തോന്നിയെങ്കിലും ഇനി എനിക്ക് രക്ഷപ്പെടാനാകില്ല. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്. ശ്വാസമെടുക്കാൻ കഴിയുന്നില്ല. ഒന്ന് ഒച്ചയെടുക്കാൻ കഴിയാതെ ശബ്ദം കഴുത്തിലെ കുരുക്കിൽ കുരുങ്ങി കിടക്കുന്നു. പെട്ടെന്നാണ് ഉറക്കം ഞെട്ടിയത്. ഉടൻ എന്റെ കൈകൾ കഴുത്തിന് ചുറ്റും പരതി. ഇല്ല, കുരുക്കുകളൊന്നുമില്ല. ഞാനൊരു ദീർഘനിശ്വാസമെടുത്തു ചുറ്റിലും നോക്കിയപ്പോൾ കൂടെകിടന്ന കണ്ണുകൾ എന്നെ ഉറ്റുനോക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. മൊബൈൽ എടുത്ത് നോക്കി. സമയം രാത്രിയുടെ അവസാന യാമങ്ങളും താണ്ടിയിരിക്കുന്നു.

 

“കിരൺ.. നീ..”


എന്റെ ശബ്ദം ഇടറി. എന്റെ പതിഞ്ഞ സ്വരത്തിന് മറുപടിയായി ഒരു ചെറു പുഞ്ചിരിയോടെ അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു. 


“ഇനിയും ഉറങ്ങിയില്ലേ?”


എന്റെ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നത് പോലെ ഇല്ല, എന്നർത്ഥമാക്കും വിധത്തിൽ അയാൾ തലയാട്ടി. പകൽ വർത്തമാനങ്ങൾക്ക് ഇടയിൽ എപ്പോഴോ ഞാൻ ആത്മഹത്യയെ കുറിച്ച് സംസാരിച്ചിരുന്നുവത്രെ! അൽപ്പം വെള്ളമെടുത്ത് കുടിച്ച് വീണ്ടും ഞങ്ങൾ കണ്ണുകളെ പരസ്പരം കഥ പറയാൻ അനുവദിച്ച് കിടന്നു. 

രാവിലെ ഒരു കപ്പ് കാപ്പിയുമായി കിരൺ വന്നു വിളിച്ചപ്പോഴാണ് ഉറങ്ങിപ്പോയതറിഞ്ഞത്. പുറത്തേക്കിറങ്ങാൻ മടിച്ചിരുന്ന എന്നെ നിർബന്ധിച്ച് പാർക്കിലേക്ക് കൂട്ടിക്കൊണ്ട് പോയി മൗനത്തെ കീറി മുറിച്ചു കൊണ്ട് കിരൺ സംസാരിച്ചു തുടങ്ങി.

“നിന്നെ ഈ അവസ്ഥയിൽ ഇവിടെ വിട്ടിട്ട് കൊച്ചിയിലേക്ക് തിരിച്ചു പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആശയ ദാരിദ്ര്യം കൊലകുറ്റമൊന്നും അല്ലെടോ!''

കിരണിനെ മുഴുവിപ്പിക്കാൻ അനുവദിക്കാതെ ഞാൻ സംസാരിച്ചു തുടങ്ങി.

“തനിക്കതറിയാഞ്ഞിട്ടാണ്, എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു. എന്റെ അക്ഷരങ്ങൾ എനിക്ക് കളിതമാശകൾ ആയിരുന്നില്ല. എന്റെ മനസ്സായിരുന്നു. എന്നിലെ സംഘർഷങ്ങളായിരുന്നു. എന്റെ ചോദ്യങ്ങളും, അതിന് എന്റെ തന്നെ ഉത്തരങ്ങളുമായിരുന്നു. എന്റെ വികാരങ്ങളും, വിചാരങ്ങളുമായിരുന്നു. എന്റെ കഥകൾ.. താൻ പറഞ്ഞില്ലേ പാരിജാതത്തിൽ എന്നെ കണ്ടുവെന്ന്. അതിൽ മാത്രമല്ല, എന്റെ പാദസരത്തിലും, അമ്മിണിക്കുട്ടിയിലും ഒക്കെ ഞാനുണ്ടായിരുന്നെടൊ. അതെ എന്റെ അക്ഷരങ്ങൾ എന്റെ ശ്വാസമാണ്, ഹൃദയത്തിന്റെ താളമാണ്..”

പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും എന്റെ ശ്വാസോച്ഛ്വാസം ദ്രുതഗതിയിലായി. 


“കിരൺ.. എന്റെ കഴുത്തിൽ ആരോ മുറുക്കിപ്പിടിച്ചിരിക്കുന്നു.''


അവൻ പതിയെ എന്നെ ചേർത്തുപിടിച്ചു. 

“അവസാനത്തെ കഥയ്ക്ക് ഞാൻ ഒരു പൂർണ്ണവിരാമം ഇടേണ്ടതില്ലായിരുന്നു എന്ന് തോന്നി പോകുന്നു. എഴുത്തുകാരിയുടെ കൈകൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് എന്റെ തൂലിക പിടിച്ച കൈ നോക്കി പണ്ട് നീ പറഞ്ഞത് ഓർക്കുന്നോ? ശരിയാണ്, തൂലിക എന്റെ കൈകൾക്കു മാറ്റുകൂട്ടുന്നുണ്ട്, പക്ഷെ എവിടെ അക്ഷരങ്ങൾ?”

കിരൺ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,

“നിനക്ക് ചുറ്റും ഇവിടെ ഒരുപാട് ജീവിതങ്ങൾ ഞാൻ കാണിച്ചുതരാം. ബാൽക്കണിയിലെ ആകാശം വിട്ട് നീ ഭൂമിയിലേക്കിറങ്ങണം. നിനക്ക് കളഞ്ഞുപോയ അക്ഷരങ്ങൾ അവിടെയുണ്ട്. എന്നുമുതലാണ് നീ ബാൽക്കണിയിൽ ഒതുങ്ങിപ്പോയത്?”

ഒരുനിമിഷം ഞാൻ ചിന്തിച്ചു. ശരിയാണ്, ബാൽക്കണിയിലെ ആകാശമല്ലാതെ ഞാൻ മറ്റൊന്നും ഈ ദിവസങ്ങളിൽ ശ്രദ്ധിച്ചിരുന്നില്ല. 

 പാർക്കിലൂടെ ചുറ്റും കടന്നു പോകുന്ന അപരിചിതമായ മുഖങ്ങളെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഞാൻ നോക്കി കണ്ടു. ഓരോ മുഖങ്ങളും ഓരോ ജീവിതങ്ങളുടെ അടയാളങ്ങളാണ്. ചില മുഖങ്ങൾ അതിന് പുറകിൽ അവർക്കുമാത്രം അറിയാവുന്ന രഹസ്യങ്ങൾ ഒളിച്ചു വച്ചിട്ടുണ്ടെന്ന് തോന്നി. അകത്ത് നോവൊഴുകുന്നത് മറച്ചു വെക്കാൻ ശ്രമിച്ച് തോറ്റുപോകുന്ന മുഖങ്ങൾ. പേമാരിയും കൊടുങ്കാറ്റും ശമിച്ചു ശാന്തമായ തീരത്ത് വിരുന്നെത്തിയ വെയിലിഴകൾ പോലെ ചെറു ചിരി ചൂടിയ മുഖങ്ങൾ. പുതിയ സ്വപ്നങ്ങൾ കണ്ണ് തുറന്നു കാണുന്ന ചിലരുടെ പ്രത്യാശ പടർന്ന മുഖങ്ങൾ. പ്രണയം ചുവന്നൊലിക്കുന്ന പ്രണയിതാക്കളുടെ മുഖങ്ങൾ, ഇവയ്ക്കോരോന്നിനും പറയാൻ കഥകളൊരുപാടുണ്ട്. എന്റെ പ്രഥമ വായനക്കാരൻ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. ഏറെയായി ചിരി മറന്നു തുടങ്ങിയിരുന്ന ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ഉള്ളം നിറഞ്ഞൊന്ന് പുഞ്ചിരിച്ചു. 

അന്ന് രാത്രി, മുറിക്ക് പുറത്ത് തകർത്ത് പെയ്യുന്ന രാമഴ എന്റെ പെയ്തൊഴിയുന്ന കണ്ണുനീരാണെന്ന് കരുതി ഞാൻ കിരണിനോട് നന്ദി പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും മനസ്സിൽ കഥാതന്തുക്കൾ, തികട്ടി തികട്ടി വരുന്നതിന്റെ സുഖം ഞാനറിഞ്ഞു. ഞാനത് വല്ലാതെ ആസ്വദിച്ചു. ഇപ്പോൾ അകത്തും പുറത്തും രാമഴ തോർന്നിരിക്കുന്നു.


- സ്നിഗ വസന്ത്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ചുറ്റും കാറ് മൂടുമ്പോൾ, പറയാനൊരുകൂട്ടം ഉള്ളിലൂറുമ്പോൾ, എഴുതിയും വരച്ചും കടലാസ്സിനോടും ക്യാൻവാസിനോടും പറഞ്ഞു തീർക്കുന്നവൾ. ശിശിരവും, ഹേമന്തവും, ശരത് കാലവും, വർഷ കാലവും, ഗ്രീഷ്മവും കടന്ന് വസന്തകാലത്തെ മുടിയിൽ ചൂടാൻ കൊതിച്ചവൾ. സ്നേഹത്തെ തഴുകാനും, കാപട്ട്യത്തെ ചൂണ്ടാനും, തെറ്റുകളെ വെട്ടി തിരുത്താനും, സങ്കൽപ്പത്തെ നെയ്യാനും, നെറികേടിനും നീതികേടിനും നേരെ പടവെട്ടാനും തൂലിക തുമ്പിലെന്നും മഷി കാത്തവൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ