ശരണ്യ

ശരണ്യ

(NB: ഇതിൽ പരാമർശിച്ചിരിക്കുന്ന കഥയും കഥാപാത്രങ്ങളും ഭാവനയിൽ സൃഷ്ടിക്കുന്നതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല. #smoking_is_injurious_to_health) അവന്റെ മുറി മുഴുവൻ ആ മാസ്മരിക ഗന്ധം പരന്നു. ഒരു തവണ ശ്വസിക്കപ്പെട്ടാൽ വീണ്ടും വീണ്ടും ആ ഗന്ധം തേടി നാസിക അലഞ്ഞു നടക്കും. എന്താണ് അതിനിത്ര പ്രത്യേകത. അവൻ അവനോടു തന്നെ ആ ചോദ്യം നൂറു തവണ ചോദിച്ചിട്ടുണ്ടാകണം. ആരാണതിനു കാരണം.അതുമറിയില്ല അവന്. ആരൊക്കെയോ കാരണക്കാരായി എങ്ങനെയൊക്കെയോ കാരണമായി ആ ഉത്തമ ഔഷധം ശിവമൂലി അവന്റെ കൈകളിലെത്തി. അതില്ലാത്ത ദിവസങ്ങൾ അവനുണ്ടായിരുന്നില്ല. അവസാനത്തെ ആഗ്രഹങ്ങൾക്കുവേണ്ടി അവനു പ്രിയപ്പെട്ട പുസ്തകങ്ങൾ പകുതി വിലയ്ക്കു വിൽക്കേണ്ടി വന്നു. അത്രമാത്രം ആഴത്തിൽ അവനതിനെ ആസ്വദിക്കുന്നു. കടലാസു പൊതി തുറന്നപ്പോൾ അവന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നീളത്തിലുള്ള ഉണങ്ങിയ ഒരു ഇലയെടുത്ത് അവൻ ഒന്നു മണത്തുനോക്കി. "ആഹാ... നല്ല അടിപൊളി സാധനം..നീലചടയൻ...". അതിൽ പകുതിയോളം കൈയിലെടുത്തു നന്നായി പൊടിച്ചു. സൂക്ഷ്മതയോടെ അതിലെ വിത്തുകൾ കളഞ്ഞു. നേരംപോക്കിന് പുകയ്ക്കുന്ന സിഗരറ്റിലെ പുകയില പകുതിയോളം അതിൽ ചേർത്തു. എന്നിട്ട് നന്നായിട്ടൊന്നു കൂട്ടി തിരുമ്മി. വെള്ളകാജയുടെ നൂലഴിച്ചു ബീഡിയിലെ പുകയില മാറ്റി അതിൽ നിറയെ കഞ്ചാവു നിറച്ചു ആ ബീഡിയൊന്നു ചുരുട്ടി. ഖസാക്കിന്റെ ഇതിഹാസത്തിലെ വിജയന്റെ കഥാപാത്രമായ നൈസാമലി ബീഡി തിരയ്ക്കുന്നതിനോട് സാമ്യപ്പെട്ടു അവന്റെ അഭേദ്യമായ ആ കഴിവ്. നീളത്തിൽ ചുരുട്ടിയ കഞ്ചാവുബീഡി കത്തിച്ചു പുകയൊന്നാഞ്ഞു വലിച്ചു. ശ്വാസം വിടാതെ നിർത്തി അവനതിന്റെ തീവ്രത കൂട്ടി. അത് വീണ്ടും വീണ്ടും ആവർത്തിച്ചു. പുകയുടെ ആസ്വാദനത്തിൽ മുഴുകിയിരിക്കുമ്പോഴാണ് ആ മെസേജ് വന്നത്. "ശരണ്യയുമായുള്ള രഹസ്യബന്ധം എന്നോടെങ്കിലും പറയാമായിരുന്നു". അവന്റെ കാമുകിയുടെ നമ്പറിൽ നിന്നുമുള്ള മെസേജ് ആയിരുന്നു അത്. ഒന്നുകൂടി പുക നീട്ടിയെടുത്തു വിട്ടു. ആ വിരലുകൾ ഫോണിൽ ടൈപ്പ് ചെയ്തു. "നീ എഴുതാപുറം വായിക്കരുത്. ആ ചേച്ചി എന്റെയൊരു വായനക്കാരി മാത്രമാണ്". നിമിഷനേരം കൊണ്ട് മറുപടി വന്നു. "എനിക്കൊന്നും കേൾകണ്ട, ഇത്രനാൾ എന്നോട് കള്ളം പറഞ്ഞു. ഇനി പുതിയൊരു കള്ളം കൂടി കേൾകണ്ട എനിക്ക്". കൂടുതലൊന്നും അവൻ പറയാൻ നിന്നില്ല. അല്ലെങ്കിൽ കഞ്ചാവ് അവനെ പറയാൻ അനുവദിച്ചില്ല. "ഓക്കേ,ബൈ". എന്നൊരു യാത്ര പറച്ചിൽ മാത്രമാക്കി ഫോൺ മേശപുറത്തേക്കെറിഞ്ഞു. മേശയുടെ മൂലയ്ക്ക് അത് വിശ്രമം കൊണ്ടു പുതിയ മെസേജുകൾ കാത്ത്..... അവൻ സ്വയം ചോദിച്ചു, ശരണ്യ തനിക്ക് ആരായിരുന്നു. അവളുമായി യഥാർത്ഥത്തിൽ എന്താണ് ബന്ധം. എങ്ങനെ പരിചയപ്പെട്ടു. ഉത്തരമില്ലാത്തതും മറവി സംഭവിച്ചതുമായ ഒരുപാട് ചോദ്യങ്ങൾ സ്വയം ചോദിച്ചു കൊണ്ടേയിരുന്നു. ഇന്ന് ഒരു പ്രണയ ബന്ധം തകരാനും ആ പേര് കാരണമായി തീർന്നു. ചിന്തകളിൽ കെട്ടുപോയ ബീഡിയിൽ ഒന്നുകൂടി തീ കൊടുത്തു ആഞ്ഞു വലിച്ചു. അതിന്റെ പുകയ്ക്കു കാഠിന്യം കൂടുതലായിരുന്നു. അത് ആത്മാവിനെ അനന്തതയിലേക്ക് കൊണ്ടുപോയി മുകളിലെ ഫാനിലേയ്ക്കൊന്നു നോക്കി. അതിനോടൊപ്പം താൻ കറങ്ങുന്നതായി അവനു തോന്നി. പേടിച്ചു പെട്ടെന്ന് തല താഴ്ത്തി ജനലിലൂടെ പുറത്തേക്ക് നോക്കി. മരങ്ങളുടെ ഇലകൾക്ക് ഒരു പ്രത്യേക ചലനം. നല്ല രസമുണ്ട് അതങ്ങനെ നോക്കി നിൽക്കാൻ. കൈവിരൽ പൊള്ളിച്ച ബീഡി അവൻ നിലത്തിട്ടു. അവന്റെ ആദ്യത്തെ ചെറുകഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഇൻബോക്സിൽ ഓടിവന്നതാണവൾ. അവനു ലഭിച്ച ആദ്യത്തെ അഭിപ്രായമായിരുന്നു അത്. അതും ഇൻബോക്സിൽ. മറ്റൊരു പോസ്റ്റിലും കമന്റ് പറയാത്തവൾ തന്റെ കഥ വായിച്ചു കമന്റ് പറഞ്ഞതിൽ അവനു ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു. അവയൊന്നും അവൻ ചോദിച്ചില്ല. തുടർച്ചയായി എഴുതുന്ന ചെറുകഥകളും നോവലുകളും അവരുടെ ബന്ധത്തെ അടുപ്പിച്ചു. പ്രായവ്യത്യാസത്തെ അവൻ ബഹുമാനിച്ചു. ഒരു ചേച്ചിയുടെ സ്നേഹം അറിയാത്ത അവനു അന്ന് മുതൽ ഒരു ചേച്ചിയായി മാറി അവൾ. അവളെക്കുറിച്ചറിയാൻ അവൻ ശ്രമിച്ചിട്ടില്ല. അവളും അതിനു ശ്രമിക്കാൻ വഴിയില്ല. കഥാകാരന്റെ കഥകളുടെ എണ്ണത്തേക്കാൾ കാമുകിമാർ വന്നു. അവരെകുറിച്ചെല്ലാം അവനവളോട് പറഞ്ഞു. അതിൽ പലതും ഇന്ന് അവന്റെ മനസിലില്ല. ആ പ്രണയങ്ങൾ ആരാധന മാത്രമായിത്തീർന്നു. അതിന്റെ മടുപ്പുമാറാൻ അവനാ തന്ത്രം തന്നെ പ്രയോഗിച്ചു. ശ്രീ പാർവതി പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് ശിവന്റെ മനസിളക്കാൻ പറ്റാത്തതിനൊരു മൂലകാരണമുണ്ട്. അതാണ് ശിവമൂലി. അല്പം അലഞ്ഞിട്ടാണെങ്കിലും അവനതു നേടി, അതിന്റെ അനന്തതയിൽ നീരാടി. അതിനൊരു സുഖമുണ്ട്, അതിനൊരു രസമുണ്ട്. അതിന്റേതായ ചിന്തകളുണ്ട്. കുറെ നാളുകൾ കഴിഞ്ഞാണ് ശരണ്യയിതറിഞ്ഞത്. അവൾക്കതിഷ്ടമായില്ല എന്നുമാത്രമല്ല അതിയായ ദേഷ്യവും വന്നു. അവളെന്തൊക്കെയോ പറഞ്ഞു. അനിയനേക്കാളേറെ എന്തോ ഒന്നാണെന്നപോലെ ദേഷ്യം അവൾ പ്രകടിപ്പിച്ചു. അതൊന്നും എഴുത്തുകാരനെ ലവലേശം ഏറ്റില്ല. ഒടുവിൽ ആ ബന്ധം അവിടെ നിന്നു. അവനാലോചിച്ചു,അവളാരാണ്. അറിയില്ല. ക്ഷണിക്കപ്പെടാതെ വന്ന ഒരു അതിഥിയാണവൾ. "അവളെന്തിന് എന്റെ ജീവിതത്തിൽ ഇത്രയും സ്വാധീനം ചെലുത്തി". അവൻ സ്വയം ചിന്തിച്ചു. "അവളെ ഇനി കാര്യമാക്കുന്നില്ല.പോണേൽ പോട്ടെ പുല്ല്. കാമുകിമാരെ നെയ്‌സായിട്ട് ഒഴിവാക്കുന്നു. തേപ്പ് നമുക്ക് പുത്തരിയല്ല,തേക്കുന്നതും പുത്തരിയല്ല. പിന്നെയാണ് ഒരു ചേച്ചി. ഒരു ബ്ലോക്കടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ". അവൻ ഫോണെടുത്തു, എന്നിട്ടൊന്നാലോചിച്ചു. "അല്ലേൽ വേണ്ട. അവളെകുറിച്ചൊരു കഥയെഴുതി പോസ്റ്റ് ചെയ്യാം. പുതിയ കഥകളെവിടെയെന്ന ആളുകളുടെ ചോദ്യത്തിന് ഇതൊരു മറുപടിയാകും". അവൻ പേപ്പറും പേനയുമെടുത്ത് എഴുതാനിരുന്നു. അവന്റെ കൈകൾക്ക് പേനപിടിക്കാനാവുന്നില്ല. കണ്ണുകൾക്ക് ഒരു തിരിയൽ. ഇരിക്കുന്ന കസേര ചെരിഞ്ഞു പോകുന്നു. വെള്ളപേപ്പറിൽ എഴുതുന്ന പ്രതലത്തിൽ ശരണ്യയുടെ മുഖമാണ് കാണുന്നത്. അവളെ അക്ഷരമാക്കി എഴുതാൻ സാധിക്കുന്നില്ല. പെട്ടെന്ന് ഫോണിൽ വീണ്ടും മെസേജ് വന്നു. "നീ ശരണ്യയെ കെട്ടിക്കോ, എനിക്ക് വേണ്ട ഇങ്ങനെ ഒരു ചെക്കനെ. ഇനി എന്നെ തേടി വരണ്ട, അന്നു വന്ന കല്യാണാലോചനയ്ക്കു ഞാനിന്നു സമ്മതം മൂളി. ബൈ".... അക്ഷരങ്ങൾ രണ്ടും മൂന്നും ആയിട്ടാണ് കാണുന്നതെങ്കിലും അവനാ മെസേജ് വായിച്ചെടുത്തു. കസേരയിലിരുന്ന് മുകളിലത്തെ ഫാനിലേക്ക് നോക്കി. അതിന്റെ കറക്കത്തോടൊപ്പം അവനും കറങ്ങുന്നു. അനന്തതയിൽ അവനവളെ കണ്ടു. അവന്റെ ചേച്ചിയെ........ #sreejith_k_mayannur ശ്രീജിത്ത് കെ മായന്നൂർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ