അടുക്കളരഹസ്യം

അടുക്കളരഹസ്യം

അടുക്കളരഹസ്യം

 

പതിവുപോലെ ഞാനിന്നലെയും വാതിലുകളെല്ലാം അടച്ചിട്ടുണ്ടോ എന്നു സാക്ഷ്യപ്പെടുത്താന്‍ അടുക്കളയില്‍ കയറി...

ലെെറ്റണയ്ക്കുന്നതിനു മുമ്പേ അടച്ചുവച്ച പാത്രങ്ങളെല്ലാം തുറന്നു വച്ച് വിശദമായൊന്നു നിരീക്ഷിച്ചു.....

ശേഷം അവള്‍ കഴുകി വച്ചൊരു പ്ളെയിറ്റെടുത്ത് ദോശക്കല്ലിലെ രാവിലത്തെ ബാക്കിയുള്ള അഞ്ചു ദോശയില്‍ രണ്ടെണ്ണമെടുത്തു....

അതിനു കാരണം ബാല്യകാലത്ത് കുടുംബത്തിലെ പരിധിവിട്ട അംഗസംഖ്യ മൂലം രണ്ടു ദോശയ്ക്കപ്പുറം ചിന്തിച്ചാല്‍ ശിക്ഷയുറപ്പാണെന്ന അവസ്ഥ ബലപ്പെട്ടതുകൊണ്ടായിരുന്നു ...

അടുത്ത പാത്രത്തിലെ ഇഷ്ടുകറി ഒരു കുമ്പിളേയെടുത്തുള്ളൂ....

ഒരു പക്ഷേ..അത് പുളിയ്ക്കാനും സാധ്യതയുണ്ടല്ലോ..

പിന്നെയുള്ളത് കൂര്‍ക്കയുപ്പേരിയാണ്...

എണ്ണിയാലൊരു നൂറു കഷ്ണമുണ്ടാവും....

അത് ചട്ടിയാലെ കമിഴ്ത്തിയത് അടിയിലുള്ള കടുക്ചാറിന്റെ രുചികൂടി അറിയുന്നതിനാലാണ്....

തുമ്പപ്പൂ പോലുള്ള ചോറ് രണ്ടു പേര്‍ക്കുള്ളതുണ്ട്...

ഒരു പക്ഷേ പെട്ടന്നാരെങ്കിലും വന്നാലോ എന്നുവച്ചുണ്ടാക്കിയതാവാം...

പട്ടാളച്ചിട്ടയുള്ള അമ്മച്ഛന്റെ കൂടെയിരുന്ന് പട്ടട്രൗസറിട്ടുണ്ണുമ്പോള്‍ ഒരു വറ്റ് നിലത്തുപോയാല്‍ അഞ്ചുവിരലും മുഖത്തു പതിയുമെന്നതിനാല്‍ ആദ്യം വായിലിടുക ചാണകത്തറയില്‍ വീണതായിരുന്നു....

ഇടയ്ക്കതും മനസില്‍ തികട്ടി..

ഈ നേരത്തിനി ആരു വരാനാ ?

ഉള്ള ചോറിന്റെ പകുതി ദോശയ്ക്കും കൂര്‍ക്കയ്ക്കും നടുവിലായി വിളമ്പി...

മണ്‍ചട്ടിയിലേയ്ക്ക് കണ്ണു പായിച്ചപ്പോള്‍ ചുവന്ന കുഞ്ഞുകടലില്‍ ചെകിളയെടുത്ത മത്തിയുടെ ചാകര....

ബഹുമാനാര്‍ത്ഥം കരണ്ടിയൊഴിവാക്കി വലത്തേ കെെകൊണ്ടെണ്ണിയിട്ടപ്പോഴൊമ്പത്...

ഒരു കഷ്ണം മത്തിയേ ഭരണാധിപയായ അമ്മായിയ്ക്ക് പണ്ട് തരുവാനാവുമായിരുന്നുള്ളുവെങ്കിലും ചോറിനുള്ളില്‍ രണ്ടു കഷ്ണം അമ്മ ഒളിപ്പിച്ചതും മുള്ള് തെളിവാകാതിരിയ്ക്കാന്‍ ചവച്ചു തിന്നതും ഈ സമയം തമാശയോടെ ഓര്‍ത്തുപോയി....

അടച്ചുവയ്ക്കാന്‍ മറന്ന കുഴഞ്ഞ പപ്പടം എടുക്കുമ്പോള്‍ ഒരു കഥയോര്‍മ്മിപ്പിച്ചു....

പൊന്നാനിയിലെ അമ്മാവന്റെ കടയിലേയ്ക്ക് നട്ടുച്ചയ്ക്ക് ഊണ്‌ കൊടുത്ത് വന്നപ്പോഴേയ്ക്കും മാസത്തിരൊരിയ്ക്കലെന്നപോലെ കിട്ടിയിരുന്ന പാതിമുറിച്ച അമ്പിളിക്കലപോലുള്ള പപ്പടക്കഷ്ണം തീര്‍ന്നിരുന്നു...

രണ്ടു കിലോമീറ്റര്‍ നടന്നു വന്നതിന്റെ നന്ദികാണിച്ചില്ലെന്ന് പറഞ്ഞ് നാലില്‍ പഠിയ്ക്കുന്ന ഞാനന്ന് സങ്കടം വാശിയില്‍ കലാശിച്ച് ഊണു കഴിച്ചില്ല...

അവധിക്കാലത്ത് വിരുന്നുപോയ അച്ഛന്‍വീട്ടില്‍ നിന്നും അന്നു രാത്രി തെറ്റു മനസിലാക്കി അച്ഛമ്മ എനിയ്ക്ക് തന്ന പൂര്‍ണ്ണപപ്പടം അഞ്ചെണ്ണമായിരുന്നു.....

അല്ലിയുടെ ഉള്ളിക്കറിയും അച്ചുവിന്റെ സൊയാബീന്‍ ഉപ്പേരിയും കൂടിച്ചേര്‍ന്നപ്പോള്‍ കയ്യിലുള്ള പാത്രം ഹനുമാന്റെ മൃതസഞ്ജീവനി മലപോലെ....

ഒരു ഗ്ളാസ് വെള്ളവും തുണയ്ക്കെടുത്ത് ഉമ്മറത്തെ തിണ്ണയിലിരുന്ന് കൂട്ടിക്കുഴച്ച് കഴിയ്ക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു...

തടി കുറയ്ക്കുന്നതിന്റെ പേരില്‍ ഉച്ചയ്ക്കൊരു നാലുരുള ചോറും രാത്രി രണ്ടു ചപ്പാത്തിയും മാത്രം കഴിയ്ക്കുന്ന ഞാനീ ചെയ്യുന്നത് ശരിയാണോ ?

ഭൂതകാലത്തെ ദുരിതങ്ങളും കഷ്ടപ്പാടുകളുമോര്‍ത്ത്, ഈശ്വരാ ഇവളിതെല്ലാം രാവിലെ രമണിയേച്ചിയുടെ കാടിബക്കറ്റില്‍ തള്ളുമല്ലോയെന്ന സങ്കടം കൊണ്ടുമാത്രമാണ് വിശപ്പില്ലെങ്കിലും പരമാവധിയെടുത്തെല്ലാം കഴിയ്ക്കുന്നത്....

പരാതിയെങ്ങാനും പറഞ്ഞാല്‍ അമ്പലത്തില്‍ മുതല്‍ അങ്ങാടിയില്‍ വരെ ഞാന്‍ ചെയ്യുന്ന ദാനധര്‍മ്മത്തിന്റെ കണക്കുകളെല്ലാം ധൂര്‍ത്തിന്റെ പട്ടികയില്‍പ്പെടുത്തി പപ്പടം പൊരിയ്ക്കുന്നതുപോലെ വാക്കുകളുടെ തിളച്ച എണ്ണയില്‍ മുക്കും....

അതുമല്ലെങ്കില്‍ ഹംസാക്കയുടെ കടയിലെ ആ ത്രാസ് കൊടുന്ന് അഞ്ചു പേര്‍ക്കുള്ള സാധനം അളന്ന് തിട്ടപ്പെടുത്തി ദിവസവും തന്നോളൂ എന്ന പ്രതിഷേധധ്വനി.....

എന്നെക്കൊണ്ടിങ്ങനെയൊക്കെയേ പറ്റത്തുള്ളൂ മോനേ എന്ന കഥകളിരസം കണ്ടുമടുത്തിട്ടുള്ളതിനാല്‍ ഞാനിപ്പോള്‍ വളഞ്ഞവാല് നിവര്‍ത്താന്‍ മെനക്കെടാറില്ല....

ആയതിനാല്‍ ഇതിങ്ങനെ ജീവിതാന്ത്യം വരെ തുടരേണ്ടിയിരിയ്ക്കുന്നു....
***********
അടുക്കളരഹസ്യം അങ്ങാടിപ്പാട്ടാക്കിയത് കഥയുടെ വിഷയദാരിദ്ര്യമായി കാണരുത്...

മനസിലുറച്ചുപോയ ബാല്യകാലത്തെ ഭക്ഷണശോഷണത്തിന്റെ കയ്പ്പുനീരൊന്നിറക്കിയെന്നുമാത്രം.....
നന്ദി.....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ