ദീർഘസുമംഗലി ഭവ

ദീർഘസുമംഗലി ഭവ

ദീർഘസുമംഗലി ഭവ

 "വെയിറ്റർ നാലു പൊറോട്ടയും ഒരു കാടഫ്രൈയും..രണ്ട് പാഴ്സൽ വേണം"

ഹോട്ടലിൽ രണ്ടു പാഴ്സലിനു ഓഡർ ചെയ്തിട്ടു അക്ഷമനായി ഞാൻ കാത്തിരുന്നു.ശമ്പളം കിട്ടുന്ന ദിവസം ഇതൊരു പതിവാണ്. അല്ലെങ്കിൽ കെട്ടിയോളും പെങ്ങളൂട്ടിയും പിണങ്ങും.പതിവു തെറ്റിയാൽ പിന്നെത്തെ പുകിലു വേറയാണ്..

"ഏട്ടനോടല്ലാതെ എന്റെയിഷ്ടം ഞാനോരോടു പറയും.എനിക്കു വേറെ ഏട്ടന്മാരൊന്നുമില്ല"

നമ്മുടെ സ്നേഹമെന്ന ദൗർബല്യത്തിൽ പിടിച്ചാലെന്റെ മനസ്സ് അലിയും.പിന്നെ സെന്റിയാണ്.എത്ര ദേഷ്യത്തിലിരുന്നാലും സെന്റി കേട്ടാൽ ഞാൻ വണ്ടറാവും.എന്റെയീ ദൗർബല്യം പെങ്ങളൂട്ടിക്കും കെട്ടിയോൾക്കും നന്നായി അറിയാം.അല്ലെങ്കിലും എനിക്കാകെയുളളത് എന്റെ കൂടപ്പിറപ്പും കെട്ടിയോളും മാത്രമേയുളളൂ.

ചെറുപ്പത്തിലേ മരണം കാർന്നു തിന്നതാണ് മാതാപിതാക്കളെ.അന്നുമുതൽ കൂടപിറപ്പിനായാണു ജീവിച്ചതു മുഴുവൻ.കൂലിപ്പണി ചെയ്തു പെങ്ങളൂട്ടിയെ നല്ല രീതിയിൽ തന്നെ വളർത്തി പഠിപ്പിച്ചു. കാക്കയും പരുന്തും റാഞ്ചാതെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുരക്ഷിച്ചു.ഇനിയവളെ നല്ലൊരു ചെറുപ്പക്കാരന്റെ കയ്യിലേൽപ്പിക്കണം.നല്ലവരായ നാട്ടുകാരുടെ സഹായം കൂടിയുളളതിനാൽ ഞാനും പഠിച്ചു ചെറിയൊരു ജോലി നേടിയെടുത്തു.

പെങ്ങളൂട്ടിയുടെ നിർബന്ധത്തിലാണു ഒരു പെണ്ണ് കെട്ടിയത്.അവളുടെ സെലക്ഷനായിരുന്നു പെൺകുട്ടി.

- സുധി മുട്ടം 

"" ഏട്ടാ ഞാനിവിടെ തനിച്ചല്ലേ.പഠിപ്പും കഴിഞ്ഞു. ഏട്ടന്റെ കാര്യങ്ങൾ നോക്കാനും എനിക്കൊരു കൂട്ടുകാരി യുമായി ഒരു നാത്തൂനും വേണം "

അങ്ങനെയാണ് സമയ എന്റെ ഭാര്യയാകുന്നത്.പാവപ്പെട്ട വീട്ടിലെ കുട്ടിയാണു.അഹങ്കാരമൊന്നും ഇല്ലാത്ത അത്ര പാവമല്ലാത്തൊരു പെണ്ണാണ് സമയ.എന്തായാലും നാത്തൂന്മാർ തമ്മിൽ നല്ല സ്നേഹത്തിലാണു.പോരൊന്നുമില്ലാത്തത് എന്റെ ഭാഗ്യം.അല്ലെങ്കിൽ ഞാൻ കഷ്ടത്തിലായേനെ..

പാഴ്സലും വാങ്ങി വീട്ടിലേക്ക് ബൈക്ക് വിട്ടു.ലിക്കർഷോപ്പിന്റെ അടുത്ത് ചെന്നപ്പോൾ ആക്സിലേറ്റർ ഉപയോഗിക്കുന്ന വലതു കൈക്ക് ചെറിയൊരു വിറയൽ.മനസ് വല്ലാതെ തുടികൊട്ടുന്നു.തിരക്കു കുറവാണ്. ആകെയുള്ള ചെറിയൊരു ദുഃശീലമിതു മാത്രം.അവിടെ കയറി രണ്ടു ചെറുതും വാങ്ങി വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്തു വിട്ടു..

രണ്ടു ലാർജ്ജ് അകത്തു ചെന്നപ്പോഴാണു ഭാര്യയെ ഒന്നുകൂടി പ്രേമിക്കണമെന്ന് മോഹമുദിച്ചത്.ഒരു ചെറുതും വാങ്ങി കൂട്ടുകാരന്റെ വീട്ടിൽ കയറി വെളളം മിക്സ് ചെയ്തെന്നു വിചാരിച്ചിട്ട് ഒറ്റവലിക്കായി മോന്തി വീട്ടിൽ ചെന്നപ്പോളവിടെ രണ്ട് ഭദ്രകാളികൾ ഉറഞ്ഞു തുളളുന്നു

ഒന്ന് ഭാര്യയും മറ്റേത് പെങ്ങളൂട്ടിയും

കുടിച്ച മദ്യം ആവിയായി പോകുന്നതറിഞ്ഞ് ഞാനൊന്നു പകച്ചു"

"ഞങ്ങളു രണ്ട് പെണ്ണുങ്ങൾ മാത്രമേ വീട്ടിലുളളൂ എന്ന് ഏട്ടനൊരു വിചാരവുമില്ല.കുടിച്ചിട്ടു നാലുകാലിൽ വരരുതെന്ന് പറഞ്ഞട്ടില്ലേ"

പെങ്ങളൂട്ടി അലറിയപ്പോൾ ഭാര്യ മുഖം വീർപ്പിച്ചു.ഈശ്വരാ ഇന്നും എല്ലാം തകിടം മറിഞ്ഞു.

പതിയെ വീട്ടിനകത്തു കയറി പാഴ്സൽ അവരെ ഏൽപ്പിച്ചു.കാടഫ്രൈയുടെ മണമടിച്ചപ്പോൾ രണ്ടിന്റെയും മുഖമൊന്നു വിടർന്നു.കൊതിച്ചികൾ

"കുടിച്ചാലും നിങ്ങൾക്ക് ഇഷ്ടമുളളത് വാങ്ങീട്ടുണ്ട്.രണ്ടും കൂടി തട്ടീട്ടു വാ"

"ഏട്ടനും കൂടി വാ.നിങ്ങൾ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്ന് ഞങ്ങൾക്കറിയാം"

ഭാര്യയുടെ പറച്ചിൽ കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. പെങ്ങളൂടെ നിർബന്ധിച്ചപ്പോൾ ഞാനും കൂടി ചെന്നു..

രണ്ടുപേരും കൂടി കുറച്ചു പൊറോട്ടയും കാടഫ്രൈയും എനിക്കു വായിൽ വെച്ചു തന്നു.പിന്നീട് എന്റെ വീതത്തിനായി രണ്ടും കൂടി വായ്പൊളിച്ചു.ആർക്കാദ്യം കൊടുക്കണമെന്നറിയാതെ ഞാനാകെ വട്ടം കറങ്ങി.ഒരാൾക്കു കൊടുത്താൽ മറ്റൊരാൾ പിണങ്ങിയാലോ.എന്റെ ധർമ്മസങ്കടം കണ്ടിട്ടാകാം പെങ്ങളൂട്ടി പറഞ്ഞത്..

"ഏട്ടൻ നാത്തൂനാദ്യം കൊടുക്ക്.എനിക്കു ചെറുപ്പം മുതൽ വാരി തരണതല്ലെ.കെട്ടിക്കഴിഞ്ഞാൽ ഭാര്യക്കാണാദ്യം കൊടുക്കണ്ടത്"

അവളുടെ മറുപടി എന്റെയും ഭാര്യയുടെയും മനസ്സു നിറച്ചു.ശരിക്കും വീടായാൽ ഇങ്ങനെ വേണം. കുഞ്ഞ് പിണക്കങ്ങളും പരിഭവങ്ങളുമായി മുന്നോട്ട് പോകണം.

രാത്രിയിൽ കിടക്കാൻ നേരം ചെറുത് പൊട്ടിച്ചില്ല.എന്തിനെ അവരെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത്.കിടന്നയെന്റെ നെഞ്ചിലേക്ക് ഭാര്യ തലയെടുത്തുവെച്ചു..

"എന്തേ ചെറുത് പൊട്ടിക്കുന്നില്ലേ"

"" അത് നീയെങ്ങനെ അറിഞ്ഞു സമയേ"

"ഞാൻ നിങ്ങളുടെ കൂടെ പൊറുതി തുടങ്ങീട്ട് വർഷമൊന്നായി.നിങ്ങളുടെ സ്വഭാവം എനിക്കു നന്നായി അറിയാം"

"നീയാളു കൊളളാമല്ലോ സമയക്കുട്ടീ"

"" ഏട്ടാ ..."

"സോപ്പിടാനാണോ പെണ്ണേ ഏട്ടാന്നു വിളി"

"അല്ല..ഏട്ടനു പെണ്ണുങ്ങളുടെ മനസ്സ് അറിയാത്തോണ്ടാ.സ്നേഹിച്ചാൽ അവളെന്തും ചെയ്യും.ഭൂമിയോളം ക്ഷമിക്കും സഹിക്കും.പക്ഷേ അതിനപ്പുറം ക്ഷമ കെട്ടാൽ പിന്നെ സ്ത്രീകളുടെ മനസിലെ വിചാരങ്ങൾ എന്താണെന്ന് പറയാൻ കഴിയില്ല.എല്ലാവരും പറയും സ്ത്രീയാണു ഒരു വീടിന്റെ നിലവിളക്കും കരിന്തിരിയുമെന്ന്.പക്ഷേ അതിനു പിന്നിൽ ആണൊരുത്തന്റെ നിഴലു കൂടിയുണ്ടെന്ന് പലരും സൗകര്യപൂർവ്വം വിസ്മരിക്കുന്നു"

"എന്തിനാടീ പെണ്ണെ ഉറങ്ങാൻ നേരം സാഹിത്യം പറയുന്നത്"

"ചുമ്മാ വെറുതെ.ചെറുത് കളയണ്ട.കഴിച്ചോ.ഏട്ടൻ കുടിച്ചാൽ തന്നെ ബഹളമൊന്നുമില്ലല്ലോ"

"അത് കുടിച്ചിട്ട് വരുന്ന പെണ്ണുങ്ങളുടെ പെരുമാറ്റം പോലിരിക്കും"

"ആഹാ നിങ്ങളു ആളു കൊളളാമല്ലോ"

"ഹ ഹാ ഹാ..കൊളളാമല്ലേ"

"ചുമ്മാ ഇളിക്കാതെ അതെടുത്ത് കഴിച്ചിട്ട് ഉറങ്ങാൻ നോക്ക് മനുഷ്യാ"

"നിനക്കു വിരോധമൊന്നുമില്ലേ"

"എനിക്കു നിങ്ങളുടെ ഈ മദ്യത്തിന്റെ മണമൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നെ കഴിക്കണമെന്ന് തോന്നിയാൽ ഇവിടെ കൊണ്ടുവന്നു കഴിച്ചാൽ മതി.വാളു വെച്ചാലും ഞങ്ങളു മാത്രമേ അറിയൂ"

"ആഹാ..നീയാണെടീ നല്ല ഭാര്യ"

ചെറുത് പൊട്ടിച്ച് ഞാൻ രണ്ടെണ്ണം അകത്താക്കി

ചെന്നു കിടന്നു കഴിഞ്ഞപ്പോൾ വീണ്ടും ഭാര്യയുടെ വിളി

"ഏട്ടാ..ഉറങ്ങിയോ"

"ഇല്ല"

"ഞാനൊരു കൂട്ടം പറയട്ടെ"

"പറയെടീ"

"അതേ അക്ഷരക്കു വിവാഹ പ്രായമായി.അവളെ നമ്മുക്ക് നല്ലൊരുത്തന്റെ കയ്യിലേൽപ്പിക്കണം"

"ഞാനും അതാലോചിക്കുന്നുണ്ട്"

"ആലോചിച്ചാൽ പോരാ പെട്ടന്നു നടത്തണം.വിവാഹപ്രായമായ പെണ്ണിനെ സമയത്ത് കെട്ടിച്ചയച്ചില്ലെങ്കിൽ അവൾക്കു പേരുദോഷമാകും"

"ശരിയാണ്"

"എനിക്കു കിട്ടിയ സ്വർണം തരാം.പിന്നെ അവിടുത്തെ എന്റെ വീതം കിട്ടിയ സ്ഥലം വിൽക്കാൻ നാളെത്തന്നെ ഏട്ടൻ ഏർപ്പാട് ചെയ്യണം.പൈസ തികയുന്നില്ലെങ്കിൽ ഈ വീടും പറമ്പു കാണിച്ചു ബാങ്കിൽ നിന്നും ലോണെടുക്കണം"

"നാളെത്തന്നെ ബ്രോക്കറോട് പറയാം. ബാങ്കിലും ചെന്നു കാണാം"

പിറ്റേന്ന് രാവിലെ തന്നെ വേണ്ട കാര്യങ്ങൾ ഏർപ്പാടാക്കി. പെങ്ങളൂട്ടിക്കു നല്ലൊരു ആലോചന വന്നപ്പോൾ നടത്താമെന്നു തീരുമാനമായി

"അക്ഷരേ ഇന്നൊരു കൂട്ടരു വരണുണ്ട് .വേഗം കുളിച്ചു റെഡിയാക്"

സമയയുടെ സംസാരം കേട്ടപ്പോൾ അക്ഷര മുഖം വീർപ്പിച്ചു

"ഏട്ടനും നാത്തൂനും എന്നെ പെട്ടന്നു കെട്ടിച്ചു വിടാൻ ധൃതിയായല്ലേ.കുറച്ചു നാളുകൂടി ഞാനിവിടെ നിന്നോട്ടെ.സ്നേഹം നുകർന്നു കൊതി തീർന്നട്ടില്ല"

"ഒരു വർഷം കഴിഞ്ഞേ കെട്ടു നടത്തൂ.നീയിവിടെ നിന്നു പോയാലും എപ്പോൾ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും വരാലോ"

"ഏട്ടാ...അത്"

"എന്റെ കുട്ടീ.ഞങ്ങളുടെ നെഞ്ചിലെ തീ നിനക്കറിയില്ല.നിന്നെയൊരു നല്ല പയ്യന്റെ കയ്യിലേൽപ്പിക്കണം ഏട്ടന്റെ ആഗ്രഹം അതാണ്. നിനക്ക് ഇഷ്ടപ്പെടുന്നവന്റെ കൂടെ നിന്നെ കെട്ടിച്ചു അയക്കൂ.ന്റെ മോൾടെ സമ്മതമില്ലാതെ ഒന്നും നടത്തില്ല"

ഏട്ടാന്നും വിളിച്ചു കരഞ്ഞുകൊണ്ട് പെങ്ങളൂട്ടി എന്റെ ചുമലിലേക്കു ചാഞ്ഞു

"എനിക്കറിയാം എന്റെ ഏട്ടനും ഏട്ടത്തിയമ്മക്കും എന്നോടുളള സ്നേഹത്തിന്റെ ആഴം.നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നത് തീരുമാനിച്ചോ.എനിക്കറിയാം നിങ്ങൾ എനിക്കു മോശമായി വരുന്നതൊന്നും ചെയ്യില്ലാന്നു."

സന്തോഷത്താൽ ഞങ്ങളുടെ മിഴികൾ ആർദ്രമായി

വന്ന ആലോചന നല്ലതായതുകൊണ്ട് അതങ്ങു നടത്തി

അക്ഷരയെ ചെക്കന്റെ കയ്യിൽ ചേർത്തു വെച്ചു കൊടുത്തപ്പോൾ വീശിയ മന്ദമാരുതനിൽ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ലഭിച്ചതുപോലെ ഞങ്ങൾക്കു അനുഭവപ്പെട്ടു

"ദീർഘ സുമംഗലീ ഭവ"

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ചൊരിയുന്ന ശബ്ദം കാതിൽ മുഴങ്ങുന്നതു പോലെയൊരു തോന്നൽ എനിക്കു അനുഭവപ്പെട്ടു"

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ