നീന

നീന

നീന

കിട്ടിയ ആദ്യ ശമ്പളവുമായി നീന നേരെ നടന്നു നീങ്ങിയത് നഗരത്തിലെ മുന്തിയ തുണിത്തരങ്ങൾ മാത്രം കിട്ടുന്ന വലിയ ഷോപ്പിലേക്കായിരുന്നു. ഓരോന്നും അനിഷ്ടത്തോടെ വാരിവലിച്ചിട്ടവൾ ഒടുവിൽ കിട്ടിയ തുണിത്തരങ്ങളുമായി അത്യന്തം ആഹ്ലാദത്തോടെ നേരെ വീട്ടിലേക്ക് നടന്നു.

വീട്ടിലേക്ക് കാലെടുത്തു വച്ചതും അസഹ്യമായ നാറ്റത്താൽ അവൾ മൂക്കുപൊത്തി ...
അമ്മേ ഞാനെത്ര തവണ പറഞ്ഞതാ ഈ ചാണകവെള്ളം കലക്കിയതിങ്ങനെ മുറ്റത്ത് ഒഴിക്കല്ലെയെന്ന് ...

എന്തൊരു നാറ്റാമായിത്?

അത് മോളേ...കണ്ടില്ലേ മണ്ണൊക്കെ ഇളകി പൊടിഞ്ഞു വരുന്നത്?

ഹും എന്റെ ഭാഗ്യക്കേട് അല്ലാതെന്ത് പറയാനാ?
എത്രയോ ഗവ.ജോലിക്കാരും ബംഗ്ലാവ് പോലുള്ള വീട്ടിലെ ആണുങ്ങളും എന്നെ പെണ്ണ് ചോദിക്കാൻ വന്നതാ..

എന്നിട്ട് അച്ഛന് ഇഷ്ടപ്പെട്ടതോ ഈ അമ്മേടെ മോനേം...... എന്റെ വിധി
അല്ലാതെന്തു പറയാനാ?

പിറുപിറുത്തു കൊണ്ടവൾ ബെഡ് റൂമിലെക്ക് നടന്നു ..
കൈയിൽ കിടന്ന തുണിത്തരങ്ങൾ തട്ടിനു മുകളിൽ വച്ചു.
വേഗം കുളിച്ചൊരുങ്ങി റെഡിയായി സന്തോഷത്തോടെ കട്ടിലിൽ കയറി കിടന്ന യവൾ ക്ഷീണത്താൽ അങ്ങു മയങ്ങി പോയി.

രാത്രിയിൽ ഭർത്താവായ രാജന്റെ വിളി കേട്ടാണ് അവളുണർന്നത്.
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നവൾ ഭർത്താവിന്നെ കെട്ടിപ്പിച്ചൊരുമ്മ നൽകി.
തട്ടിൻപുറത്തെ കവറെടുത്തു രാജന്റെ കൈയിൽ വച്ചു കൊടുത്തു.

നാളത്തെ ഫംഗ്ഷനു വേണ്ടിയുള്ളതാ എന്റെ വക.
ആദ്യ ശമ്പളത്തിൽ നിന്നുള്ളത് ഏട്ടനു തന്നെ ആവട്ടെ എന്നു കരുതി.

അപ്രതീക്ഷിതമായി കിട്ടിയ ചുടുചുംബനങ്ങളാൽ പൊള്ളിയ കവിളുകളിൽ മെല്ലെ തടവിക്കൊണ്ട് കവറുകളിലൊന്നിൽ പൊട്ടിച്ചതും രാജന്റെ നെഞ്ചകം പൊട്ടി.

അവിടവിടം കീറിയതും പാതി നരച്ചതും ഇറക്കം കുറഞ്ഞതും താഴെ ഇറുകിയതുമായ ജീൻസും.. കടുത്ത വർണങ്ങളാൽ നെയ്തുകൂട്ടിയൊരു ടീ ഷർട്ടും ...

അടുത്ത ദിവസം രാവിലെ തൊട്ട് അവൾ അവനെ അണിയിച്ചൊരുക്കാൻ തുടങ്ങിയിരുന്നു.
ഏട്ടാ ജീൻസ് അൽപ്പം ഇറക്കിയിറക്കിയിട്ടാൽ മതി ..
കൂടെ വർക്ക് ചെയ്യുന്ന ഫിദലിൽ നിന്നും ഒരു ദിവസത്തേക്ക് വാങ്ങിയ വിദേശ നിർമിതവാച്ച് അവൾ രാജന്റെ കൈയിൽ കെട്ടി കൊടുത്തു...
മുടിയൊക്കെ അൽപ്പം ഉയർത്തി ചികികൊടുത്തവൾ,
കടുംനിറത്തിലുള്ള ചുവന്ന ഗൗണിൽ മുങ്ങി കുളിച്ചവൾ മാലാഖയെ പോലെ മുന്നിലും തൊട്ടുപിറകെ ഏന്തിയും വലിഞ്ഞും അസ്വ സ്ഥതയോടെ രാജനും നടന്നു പോകുന്നത് കണ്ട് ദേവകിയമ്മ അമ്പരന്നു.

ഫംഗ്ഷൻ ഹാളിനു ചുറ്റിലും നടന്നപ്പോഴും രാജന്റെ മനസിൽ നിറയെ ഡബിൾ വെള്ളമുണ്ടിനെക്കുറിച്ചായിരുന്നു.

യാതൊരു തടസവുമില്ലാതെ എത്രയോ കാലം മുണ്ടുടുത്ത വേഷത്തിൽ നടന്നപ്പോഴൊന്നും കണ്ട് ചിരിക്കാത്തവർ ,ഇന്ന് ഒരു കോമാളിയെപ്പോലെ എല്ലാവരും എന്നെ നോക്കി കാണുന്നു.

ചുറ്റും കൂടി നിന്നവവരുടെ ഇടയിൽ നിന്നും അൽപ്പം മാറി നിൽക്കാൻ ശ്രമിക്കുമ്പോഴൊക്കെയും നീന പിടിച്ച് വലിച്ച് മുന്നിൽ കൊണ്ടുവന്ന് ഓരോ ആൾക്കാർക്കും രോഹൻരാജ് എന്നു പറഞ്ഞ് പരിചയപ്പെടുത്തി കൊടുക്കും.

രാജൻ എന്ന ഞാനെങ്ങനെ നിമിഷ നേരം കൊണ്ട് രോഹൻ രാജ് ആയി മാറിയെന്ന ചിന്ത അയ്യാളിലും ഞെട്ടലുളവാക്കിയിരുന്നു.

എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ കൊള്ളാമെന്ന ചിന്തയിൽ രാജൻ ഫംഗ്ഷൻ കഴിയും മുന്നേ ഒരു വിധത്തിൽ അവിടെ നിന്നും രക്ഷപ്പെട്ടിറങ്ങി നടന്നു.

പല ചിന്തകളും അയ്യാളുടെ മനസിലൂടെ കടന്നു പോയി.

ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ മതിയെന്നാഗ്രഹിച്ചതും അങ്ങനെയൊരു കുട്ടിയായ നീനയെ കണ്ടു കിട്ടിയതും വിവാഹം കഴിച്ചതും ഒക്കെ ....

ആദ്യമൊക്കെ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ അയ്യാളുടെ ഇഷ്ടങ്ങൾക്കു കീഴെ ജീവിച്ചവൾ ..

പെട്ടെന്ന് കുറച്ച് ദിവസങ്ങൾ കൊണ്ട് അവളാകെ മാറി പോയി.നഗരത്തിലെ ബാങ്കിൽ സ്റ്റാഫായി ജോലി കിട്ടിയതു മുതൽ അവളുടെ ചിന്തകൾക്കും മാറ്റം വന്നു തുടങ്ങി.
അന്നുവരെ പൊട്ടും പൗഡറും തൊടാത്ത ശീലമായിരുന്നു അവളിലുണ്ടായത്.പതിയെ അവളുടെ ബാഗിൽ ചുവന്ന ലിപ്സ്റ്റിക്കും പല തരത്തിലുള്ള സ്പ്രേകളും ഇടം പിടിച്ചത്.

ഓരോ ദിവസവും ഓരോ തരത്തിലുള്ള മുടിക്കെട്ടലും അണിഞ്ഞൊരുങ്ങലും അയ്യാളിൽ ഞെട്ടലുളവാക്കിയിരുന്നു.

ചോദിച്ചപ്പോഴൊക്കെയും ആദ്യ ശമ്പളം അഡ്വാൻസ് ആയി കിട്ടിയെന്ന അവളുടെ മറുപടി അയ്യാളിൽ ചെറിയൊരു സംശയമുളവാക്കിയിരുന്നു.

എല്ലാം കൂടെ ചിന്തിച്ചങ്ങനെ വീട്ടിലെത്തിയതും മുറ്റത്തിരുന്ന് ഓലമെടയുന്ന ദേവകിയമ്മ അയ്യാളെ കലിപ്പോടെ നോക്കി കാർക്കിച്ചു തുപ്പിയതും ഒരുമിച്ചായിരുന്നു.
അയ്യാൾ നേരെ ബെഡ് റൂമിലേക്ക് കയറി വാതിലടച്ചു.

ഏട്ടനിന്ന് നേരത്തെ കിടന്നോ?
ചുവന്ന ലിപ്പ് സ്റ്റിക്ക് പതിഞ്ഞ അധരങ്ങൾ രാജന്റെ കഴുത്തിലും കവിളിലും പതിഞ്ഞു.

നീനയുടെ കഴുത്തിൽ കൂടി കിടന്ന ഇയർഫോൺ ചെവിയിൽ നിന്നും മാറ്റിയവൾ രാജന്റെ ചെവിയിൽ വച്ചു കൊടുത്തു.
കാതടപ്പിക്കുന്ന ഏതോ ഇംഗ്ലീഷ് സിനിമാ പാട്ടിന്റെ വരികൾ രാജനിൽ കോരിത്തരിപ്പൊന്നും സൃഷ്ടിച്ചില്ല.

ഉടനവൾ രാജന്റെ അരയിൽ ചുറ്റി കിടന്ന കാവി മുണ്ട് വലിച്ചൂരി ഫാനിന്റെ കീഴെ കളഞ്ഞു. നാണത്താൽ രാജന്റെ ശബ്ദം പുറത്തുവന്നതേയില്ല.

ഇവൾക്ക് ഭ്രാന്തായോ?

തട്ടിൻപുറത്തെ കവറിൽ നിന്നും ഹാഫ് ബർമുഡ ട്രൗസർ വലിച്ചെടുത്ത് അവന്റെ കാലുകളിലൂടെ കയറ്റി അരയ്ക്കു മുകളിൽ വച്ചു. മറ്റൊരു വർണങ്ങളാൽ നിറഞ്ഞ ടീഷർട്ടും ധരിപ്പിച്ചു .

ബാഗിൽ നിന്നും കറുത്ത ഫ്രെയിമുള്ള കൂളിം ഗ്ലാസവൾ അവന്റെ കണ്ണിനു മുകളിൽ വച്ചു കൊടുത്തു.

ഇനി ഒരു ബുള്ളറ്റ് യാത്രയും.

എങ്ങനെയുണ്ട് രോഹൻരാജ്?

ആ പേര് കേട്ടതും രാജനാകെ അടിമുറി വിറച്ചു.
ഏതവനാടീ നിന്റെ രോഹൻരാജ് ?

ഞാൻ രാജനാണ്.
രാമന്റെ മോൻ രാജൻ.

പിന്നീടുള്ള രാജന്റെ വാക്കുകൾ മുറിയിൽ നിന്നും പുറത്തേക്ക് കേട്ടതും അറപ്പോടെ ദേവകിയമ്മ കാതുകൾ രണ്ടും പൊത്തിപ്പിടിച്ചു.

വലിയൊരു യുദ്ധം കഴിഞ്ഞ പ്രതീതിയോടെ രാജൻ മുറി വിട്ടിറങ്ങിയതും നീന കവിളിൽ തടവി കരച്ചിലോടു കരച്ചിലായിരുന്നു.

 

പിന്നീട് വർഷം പത്തു പതിനഞ്ചു കഴിഞ്ഞെങ്കിലും നീനയിൽ പുതിയ രൂപത്തിലുള്ള മാറ്റങ്ങൾ ഒരിക്കലും പുറത്തുവന്നതേയില്ല .

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ