ഇസബെല്ല

ഇസബെല്ല

ഇസബെല്ല

Part 01

മാഡം....ഇതിപ്പോള്‍ യാത്രയുടെ മൂന്നാം ദിവസമാണ്‌...ഇത്‌ വരെ എങ്ങോട്ടാണ്‌ നമ്മുടെ യാത്ര എന്ന്‌ പറഞ്ഞില്ല.....നോക്കൂ മാഡം...എന്റെ ലൂസിഫറും ഹർഷയും അങ്ങേയറ്റം ക്ഷീണിതരാണ്‌....എന്റെ പ്രിയപ്പെട്ട കുതിരകളാണ്‌ അവർ....അവരുടെ കാര്യത്തില്‍ എനിക്ക്‌ ആശങ്കയുണ്ട്‌......

എഡ്ഡി....അതാണ്‌ താങ്കളുടെ പേരെന്ന്‌ ഞാന്‍ ഓർക്കുന്നു.....യാത്രയുടെ ലക്ഷ്യസ്ഥാനത്തെ കുറിച്ച്‌ താങ്കള്‍ ആശങ്കപ്പെടേണ്ടതില്ല......ഇപ്പോള്‍ മുന്നോട്ട്‌ പോകുക.....ഇടക്കിടക്കുള്ള താങ്കളുടെ ചോദ്യങ്ങള്‍ ഒഴിവാക്കി കുതിരകളെ മുന്നോട്ട്‌ തെളീക്കുക......വിഷമിക്കേണ്ട താങ്കളുടെ ലൂസിഫറും ഹർഷയും ഈ യാത്രയുടെ അവസാനം വരെ ക്ഷീണിതരാവുകയില്ല......

ഇവർ ആരാണ്‌....എത്തിചേരേണ്ട സ്ഥലത്ത്‌ കുറിച്ച്‌ ഒരു സൂചന പോലും
തരാത്ത ഈ യാത്ര എങ്ങോട്ടാണ്‌....എന്താണ്‌ ഇവരുടെ ലക്ഷ്യം.....എഡ്ഡിയെന്ന കുതിരവണ്ടിക്കാരന്റെ മനസ്സ്‌ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടത്താനാവാതെ വലഞ്ഞു......

ലൂസിയാനോ തെരവുകളില്‍ വർഷങ്ങളായി ഞാന്‍ കുതിരവണ്ടിയുമായി ജീവിക്കുന്നു...ഇന്ന്‌ വരെ ഇത്‌ പോലെ ഒരു അഥിതിയെ എനിക്ക്‌ സ്വീകരിക്കേണ്ടി വന്നിട്ടില്ല.......എന്റെ നാശമേ.....ഇതൊന്ന്‌ പെട്ടൊന്ന്‌ അവസാനിച്ചിരുന്നെങ്കില്‍......പ്ലാബറുടെ ആ ഇടുങ്ങിയ പബ്ബില്‍ ബിയർ ഌകർന്ന്‌ ഇരിക്കേണ്ട സമയത്ത്‌ ഈ നാശത്തിന്റെ കൂടെയുള്ള യാത്ര അസഹനീയം തന്നെ......

ഡിസംബറിലെ മഞ്ഞ്‌ പെയ്‌ത്‌ നനഞ്ഞ നിരത്തിലൂടെ എഡ്ഡി തന്റെ കുതിരകളെ പായിച്ചു.....നേരം സന്ധ്യയോടടുത്ത്‌ വരുന്നു.....ഇരുട്ട്‌ പരന്ന്‌ കഴിഞ്ഞാല്‍ പിന്നെ യാത്ര ദുഷ്‌കരമാവും.....ചോദ്യങ്ങളെ വിലക്കിയ ഇവരോട്‌ ഇനിയൊരു ചോദ്യം ....കാര്യമുണ്ടാകുമെന്ന്‌ തോഌന്നില്ല.....പക്ഷെ ഇതിങ്ങനെ തുടർന്ന്‌ പോകുന്നത്‌ ഉചിതമല്ലെന്ന്‌ കരുതുന്നു.....

മാഡം.....നോക്കൂ.....മുന്നോട്ടുള്ള വഴികളിലേക്ക്‌ രാവിന്റെ ഇരുട്ട്‌ വന്നെത്താന്‍ തുടങ്ങിയിരിക്കുന്നു.....മഞ്ഞിന്റെ വീഴ്‌ച്ച നമ്മുടെ യാത്ര തടസ്സപ്പെടുത്തിയേക്കാം......താങ്കള്‍ ഇനിയെങ്കിലും എന്നോട്‌ പറയുക ....എവിടെയാണ്‌ ഞാന്‍ താങ്കളെ എത്തിക്കേണ്ടത്‌.......

കുതിരവണ്ടിയിലെ ചെറിയ ജാലകത്തിലൂടെ പുറത്തുള്ള കാഴ്‌ച്ചകളിലേക്കുള്ള തന്റെ നോട്ടം പിന്‍വലിക്കാതെ തന്നെ അവർ ഒന്ന്‌ അമർത്തി മൂളി......ഈ നിരത്ത്‌ കഴിഞ്ഞാല്‍ ഇടതൂർന്ന്‌ നില്‍ക്കുന്ന വനമാണ്‌ ....അതിനിടയിലൂടെ ഒരു ഒറ്റയടിപാതയും.....അവിടെ ആ പാതയുടെ അവസാനം നമ്മുടെ യാത്രക്ക്‌ അർദ്ധവിരാമമിടാം....

അർദ്ധവിരാമം...??....അപ്പോ യാത്ര അവിടെയും അവസാനിക്കില്ലേ.....

ഇല്ല.....അവിടെ അവസാനിക്കില്ല....പകരം അവിടെ തുടങ്ങാന്‍ പോകുന്നത്‌....മറ്റൊന്നാണ്‌.......

..........(തുടരും)........

 

 

Part 02

 

 

രാവ്‌ പൂർണ്ണ വളർച്ചയിലെത്തിച്ച ഇരുട്ടിലൂടെ കുതിരവണ്ടി നീങ്ങി.... കാബില്‍ ഇരിക്കുന്ന പെണ്‍കുട്ടി പറഞ്ഞ വനത്തിലേക്ക്‌ ലൂസിഫറും ഹർഷയും തന്റെ യാതൊരു മുന്നറിയിപ്പും കൂടാതെ പ്രവേശിച്ചു.....ദൈവമേ എന്താണ്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്നത്‌....എന്റെ കുതിരകള്‍ക്ക്‌ ആര്‌ പറഞ്ഞ്‌ കൊടുത്തതാണ്‌ ഈ വഴി....വനത്തിലേക്കുള്ള ഒറ്റയടിപാതയിലേക്ക്‌ ലൂസിഫറും ഹർഷയും എന്റെ ആജ്ഞകള്‍ക്ക്‌ മുമ്പേ യാത്ര ആരംഭിച്ചിരിക്കുന്നു......

ഇരുണ്ട്‌ മൂടിയ കാർമേഘം പോലെ ഭയം തന്റെയുള്ളില്‍ ഇരച്ച്‌ കയറുന്നത്‌ എഡ്ഡി തിരിച്ചറിഞ്ഞു......ഭയം കലർന്ന അത്ഭുതത്തോടെ എഡ്ഡി ആ പെണ്‍കുട്ടിയെ നോക്കി......ഏതോ ഒരു ശില്‍പ്പിയുടെ അതിമനോഹരമായ ഒരു ശില്‍പ്പം പോലെ ചലനങ്ങള്‍ മറന്ന്‌ പുറത്തേക്ക്‌ നോക്കിയിരിക്കുന്നു അവള്‍.......

തിരിഞ്ഞ്‌ നോക്കരുത്‌....ഇനി താങ്കളുടെ കുതിരകള്‍ ചലിക്കുന്നത്‌ എന്റെ ആജ്ഞകള്‍ക്കൊപ്പമായിരിക്കും.....കുതിരകള്‍ മാത്രമല്ല താങ്കളും......

ഭയം കൊണ്ട്‌ മരവിച്ച മനസ്സുമായി എഡ്ഡി ഇരുന്നു.....നിരാശയും ഭയവും മറച്ച്‌ പിടിക്കാനാവാതെ എഡ്ഡിയുടെ കണ്ണുകള്‍ നിറഞ്ഞു.....തന്റെ പ്രിയപ്പെട്ട കുതിരകള്‍ ഇപ്പോള്‍ ഗ്രീക്കിലെ സ്‌പാർട്ട ഒരുക്കിയ ചതി നിറച്ച മരകുതിരകളായി മാറിയിരിക്കുന്നു......അതെ ട്രോജന്‍ പടയാളികളെ ഇരുട്ടിന്റെ മറവില്‍ കൊന്നൊടുക്കിയ മരക്കുതിരകളുടെ മറ്റൊരു രൂപം പോലെ ലൂസിഫറും ഹർഷയും ഈ ഇരുട്ടില്‍ എന്നെ എങ്ങോട്ടാണ്‌ കൊണ്ട്‌ പോകുന്നത്‌.........

നിഗൂഡതയുടെ ജീവഌള്ള രൂപമായി ഈ പെണ്‍കുട്ടി തന്റെ തലക്ക ്‌മുകളില്‍ ഡമോക്ലസിന്റെ വാള്‍ കെട്ടിതൂക്കിയത്‌ പോലെ തോഌന്നു....ഇവരുമായി യാത്ര പുറപ്പെടാന്‍ തോന്നിയ നിമിഷത്തെ ശപിച്ച്‌ കൊണ്ട്‌ എഡ്ഡി കെണിയിലകപ്പെട്ട ഇരയെ പോലെ ഇരുന്നു........

കനത്ത ഇരുട്ടിനെ വകഞ്ഞ്‌ മാറ്റി ലൂസിഫറും ഹർഷയും മുന്നോട്ട്‌ നീങ്ങി കൊണ്ടിരുന്നു.......കുതിരവണ്ടിയുടെ ഇരു വശത്തും കെട്ടിതൂക്കിയ ചെറിയ റാന്തല്‍ വിളക്കുകള്‍ നില്‍ക്കാന്‍ ഭാവമില്ലാതെ ചലിച്ച്‌ കൊണ്ടിരുന്നു....എഡ്ഡിക്ക്‌ തന്റെ ദൗർഭാഗ്യ ഘടികാരത്തിലെ പെന്‍ഡുലം പോലെ തോന്നി അവയുടെ ചലനം ......

ഒരല്‍പ്പം മുന്നോട്ട്‌ പോയ ലൂസിഫറും ഹർഷയും ആരുടേയോ ആജ്ഞക്ക്‌ ചെവി കൊടുത്തത്‌ പോലെ ഒരു മുരള്‍ച്ചയോടെ നിശ്ചലമായി.......

എഡ്ഡി....താങ്കള്‍ ഇവിടെ ഇറങ്ങുക....വലത്‌ വശത്ത്‌ ആ യൂക്കാലിപ്‌സ്‌ മരങ്ങള്‍ കാണുന്നില്ലേ....അവിടെ നിന്ന്‌ തെല്ലകലേക്ക്‌ നീങ്ങുക.......ഈ പെയ്യുന്ന മഞ്ഞിലും എനിക്ക്‌ വേണ്ടി മാത്രം വിരിഞ്ഞ ലില്ലിപൂക്കള്‍ ഉണ്ട്‌ അവിടെ....താങ്കള്‍ക്ക്‌ കഴിയാവുന്നത്ര ലില്ലിപൂക്കളള്‍ അറുത്തെടുത്ത്‌ ഉടനെ തിരിച്ച്‌ വരിക.....അവിടേക്കുള്ള യാത്രയില്‍ ഒരിക്കലും താങ്കള്‍ തിരിഞ്ഞ്‌ നോക്കരുത്‌.......ഈ ഇരുട്ട്‌ താങ്കളുടെ കാഴ്‌ച്ചയെ മറച്ച്‌ പിടിക്കില്ല...ഭയപ്പെടേണ്ട താങ്കള്‍ തിരിച്ച്‌ വരുന്നത്‌ വരെ ലൂസിഫറും ഹർഷയും ഇവിടെ സുരക്ഷിതരായിക്കും.......

എഡ്ഡി യാന്ത്രികമായി നടന്ന്‌ തുടങ്ങി....കഠിനമായ തണുപ്പ്‌, അണിഞ്ഞിരിക്കുന്ന ജാക്കറ്റിനെ തുളച്ച്‌ തന്റെ ശരീരത്തെ മരവിപ്പിക്കുന്നത്‌ പോലെ തോന്നി.....ഇതെന്തൊരു അത്ഭുതമാണ്‌....ഈ കനത്ത ഇരുട്ടിലും കാലില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ആരാണ്‌ എന്നെ മുന്നോട്ട്‌ നയിക്കുന്നത്‌......ഒരു കാര്യം തീർച്ചയാണ്‌.... ആ പെണ്‍കുട്ടി ഒരു അസാധാരണമായ സത്യം തന്നെ.....

തന്റെ വലിയ തുകല്‍ തൊപ്പി നിറയെ ലില്ലിപൂക്കളുമായി എഡ്ഡി തിരിച്ച്‌ വന്നു....ഇനി എന്ത്‌ എന്ന ഭാവത്തില്‍ ആ പെണ്‍കുട്ടിയെ നോക്കി......

വരൂ .....നമുക്ക്‌ യാത്ര തുടരാം.....

അവളുടെ ശബ്ദത്തിന്‌ ഒരു മാറ്റം വന്നത്‌ പോലെ തോന്നി എഡ്ഡിക്ക്‌.....തന്റെ വിധിയെ പഴിച്ച്‌ കൊണ്ട്‌ വീണ്ടും യാത്ര തുടർന്നു.....മഞ്ഞ്‌ പെയ്യുന്ന രാത്രിയില്‍ ആ കുതിരവണ്ടി മുന്നോട്ട്‌ നീങ്ങി.....

എഡ്ഡി....ഈ ഒറ്റയടിപാതയുടെ അവസാനം ചെറിയ മൊട്ടക്കുന്നകള്‍ കാണാം.....അതില്‍ ആദ്യം കാണുന്ന മൊട്ടക്കുന്നിലേക്കാണ്‌ ഇനി നമ്മുടെ യാത്ര.......

വനത്തിലൂടെയുള്ള ഒറ്റയടിപാത അവസാനിക്കുന്തോറും കുതിരവണ്ടിയുടെ വേഗതയും കൂടി കൊണ്ടിരുന്നു.....തന്റെ കുതിരകളെ നിയന്ത്രിക്കാനാവാതെ എഡ്ഡി ഒരു മരപാവയെ പോലെ ഇരുന്നു.......

ആ പെണ്‍കുട്ടി പറഞ്ഞ മൊട്ടക്കുന്ന്‌ ഇപ്പോള്‍ വ്യക്തമായി കാണുന്നുണ്ട്‌....ഈ ഇരുട്ടിലും കാഴ്‌ച്ചകള്‍ക്ക്‌ ഒരു മറയുമില്ലാതെ തന്നെ.....ഇവർ ഇനി വല്ല ദുർമന്ത്രവാദിയും ആയിരിക്കുമോ.....എഡ്ഡിയുടെ മനസ്സില്‍ ഉത്തരം കിട്ടാത്ത ഒരുപാട്‌ ചോദ്യങ്ങള്‍ ഉയർന്ന്‌ വന്നു.......

മൊട്ടക്കുന്നിന്‌ മുകളില്‍ ഒരു മരകുരിശ്‌ ആരോ തറച്ച്‌ വെച്ചിരിക്കുന്നു.....ആ കുരിശ്‌ രൂപത്തെ ലക്ഷ്യം വെച്ച്‌ ലൂസിഫറും ഹർഷയും നീങ്ങി കൊണ്ടിരുന്നു........

 

......(തുടരും)......

 

 

Part 03

 

 

മഞ്ഞിനാല്‍ മൂടിയ മരകുരിശിന്‌ തെല്ലകലെ മാറി ഒരു കിതപ്പോടെ ലൂസിഫറും ഹർഷയും നിന്നു....അപരിചിതമായ ഒരു കാഴ്‌ച്ച കണ്ടു എന്നോളം ലൂസിഫർ ഒന്ന്‌ അമറി.....എന്നാല്‍ ശാന്തമായി തല കുനിച്ച്‌ മൊട്ടകുന്നിലെ പുല്‍മേടില്‍ വീണ മഞ്ഞിനെ ചുംബിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു ഹർഷ ....

കാബില്‍ നിന്ന്‌ മഞ്ഞിന്റെ തണുപ്പുള്ള ആ പുല്‍മേടിലേക്ക്‌ അവള്‍ ഇറങ്ങി....ലൂസിഫറിന്റെ അസാധാരണമായ ചലനങ്ങളില്‍ അവള്‍ അനിഷ്‌ടം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.....തന്റെ ചൂണ്ട്‌ വിരല്‍ ലൂസിഫറിനെ നേരെ ഉയർത്തി കൊണ്ട്‌ എന്തോ പറഞ്ഞു.....ഒരു ആജ്ഞാസ്വരം കേട്ടു എന്നോണം ലൂസിഫർ ശാന്തനായി അവള്‍ക്ക്‌ മുമ്പില്‍ തല കുനിച്ച്‌ നിന്നു......

എന്റെ നാശമേ .....എന്റെ പ്രിയപ്പെട്ട കുതിരകള്‍ ഇപ്പോള്‍ പൂർണ്ണമായും അവളുടെ അടിമകളായിരിക്കുന്നു....

എഡ്ഡി...താങ്കള്‍ ശേഖരിച്ച ലില്ലിപൂക്കള്‍ ആ മരകുരിശിന്‌ താഴെ വെച്ച്‌ മുട്ട്‌കുത്തി പ്രാർത്ഥിക്കുക......

പ്രാർത്ഥന....പക്ഷെ ആർക്ക്‌ വേണ്ടി....ഞാന്‍ എന്തിന്‌......ചോദിക്കണമെന്നുണ്ടായിരുന്നു എഡ്ഡിക്ക്‌.....നാവിനെ ചലിപ്പിക്കാനാവാതെ യാന്ത്രികമായി ആ പെണ്‍കുട്ടി പറഞ്ഞതെല്ലാം ഏറ്റവും അഌസരണശീലമുള്ള ഒരു അടിമയെ പോലെ ചെയ്‌തു......

എഡ്ഡി തിരിഞ്ഞ്‌ നോക്കുമ്പോള്‍ നിഗൂഡമായ ,ആയിരം അർത്ഥങ്ങള്‍ ഒളച്ചിരിക്കുന്ന ഒരു ചിരി തന്റെ ,മഞ്ഞ്‌ കൊണ്ട്‌ വിളറി വെളുത്ത അധരങ്ങളില്‍ നിറച്ച,്‌ മരകുരിശിലേക്ക്‌ തന്നെ നോക്കി അവള്‍ നില്‍പ്പുണ്ടായിരുന്നു........

മാഡം ഇനി.......?

ആ....ഇനി....വരൂ നമുക്ക്‌ തിരിച്ച്‌ പോകാം....ഇത്‌ വരെ നമ്മള്‍ വന്ന വഴികളിലൂടെ.....പെയ്യുന്ന ഈ മഞ്ഞിലൂടെ ......ഇരുട്ട്‌ നിറഞ്ഞ ആ വനത്തിലെ ഒറ്റയടി പാതയിലൂടെ ലൂസിയാന പട്ടണത്തിലേക്ക്‌........

യാത്ര പറയാന്‍ എന്നോണം അവള്‍ ആ മരകുരിശിന്‌ നേരെ കൈകളുയർത്തി വീശുകയും പുഞ്ചിരിക്കുകയും ചെയ്‌തു.......

എന്താണ്‌ ഇതിന്റെയെല്ലാം അർത്ഥം,എന്താണ്‌ അവള്‍ ഉദ്ദേശിക്കുന്നത്‌ .....ഒന്നും മനസ്സിലാവാതെ ജീവഌള്ള ഒരു പാവ കണക്കെ എഡ്ഡി തന്റെ കുതിരവണ്ടി തെളീച്ചു......

എഡ്ഡി....താങ്കളും താങ്കളുടെ കുതിരകളിലെ ഹർഷയും മറവിയുടെ കാര്യത്തില്‍ ഒരു പോലെയാണ്‌.....നിങ്ങളുടെ ഓർമ്മക്ക്‌ നേർത്ത ഒരു ചരടിന്റെ ഉറപ്പ്‌ മാത്രമാണുള്ളത്‌....ദൗർഭാഗ്യം എന്ന്‌ പറയട്ടെ നിങ്ങളുടെ ഓർമ്മകള്‍ പൊട്ടി പോയ ചരടുകള്‍ മാത്രമാണിന്ന്‌.....പക്ഷെ ലൂസിഫർ അങ്ങിനെയല്ല....അവന്‍ പിന്നിട്ട വഴികളെ കുറിച്ച്‌,കണ്ട കാഴ്‌ച്ചകളെ കുറിച്ച്‌ നല്ല ബോധമുള്ളവഌം മറവിയെ ഓർമ്മ കൊണ്ട്‌ കീഴടക്കിയവഌമാണ്‌.....മരകുരിശിന്‌ സമീപം അവന്റെ ചലനങ്ങള്‍ അതെന്നോട്‌ പറഞ്ഞ്‌ കൊണ്ടേയിരുന്നു......

നിങ്ങള്‍ എന്താണ്‌ പറഞ്ഞ്‌ വരുന്നത്‌ മാഡം.....എന്റെ ഓർമ്മകള്‍ ഇന്നും വളരെ ശക്തമാണ്‌.......

ഡയൊണീഷ്യസ്‌....സത്യത്തില്‍ അദ്ദേഹമല്ലേ ഈ കുതിരവണ്ടിയുടെ യഥാർത്ഥ ഉടമസ്ഥന്‍.....താങ്കള്‍ വെറും അദ്ദേഹത്തിന്റെ ജോലിക്കാരന്‍ മാത്രം അല്ലേ......വിശ്വസ്ഥനായ ഒരു ജോലിക്കാരന്‍ മാത്രം.......

അമ്പരപ്പ്‌ വിട്ട്‌മാറാത്ത കണ്ണുകളുമായി എഡ്ഡി അവളെ നോക്കി.....

അതെ ,മാഡം പറഞ്ഞത്‌ സത്യമാണ്‌....ഇത്‌ ഡയൊണീഷ്യസിന്റെ കുതിരവണ്ടിയാണ്‌.....കഴിഞ്ഞ ഇരുപത്‌ വർഷമായി ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ട്‌.....പക്ഷെ മാഡത്തിനെങ്ങിനെ ഇതൊക്കെ.......

പറയാം.....അതിന്ന്‌ മുമ്പ്‌ എഡ്ഡി താങ്കള്‍ പറയൂ ......വർഷങ്ങള്‍ക്ക്‌ മുമ്പ്‌ ഡയൊണീഷ്യസുമായി ഇത്‌ വഴി വന്നിട്ടില്ലേ.....ഇതേ കുതിര വണ്ടിയില്‍....

സത്യമാണ്‌ മാഡം പറഞ്ഞത്‌.....എനിക്കിപ്പോള്‍ എല്ലാം ഓർമ്മയില്‍ വരുന്നുണ്ട്‌.....അഞ്ച്‌ വർഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇത്‌ പോലെ ഒരു ഡിസംബറില്‍ ഞാഌം ഡയൊണീഷ്യസും ഇത്‌ വഴി വന്നിട്ടുണ്ട്‌......

നിങ്ങള്‍ മാത്രമല്ല എഡ്ഡീ .....നിങ്ങളുടെ കൂടെ, ഈ കുതിരവണ്ടിയില്‍ മറ്റൊന്ന്‌ കൂടി ഉണ്ടായിരുന്നു.....എന്താ അത്‌ മറന്ന്‌ പോയതാണോ അതോ.......

സത്യം പറയൂ .....മാഡം ആരാണ്‌....എനിക്കും ഡയൊണീഷ്യസിഌം മാത്രം അറിയുന്ന ഈ രഹസ്യം മാഡത്തിന്‌ എങ്ങിനെ അറിയാം......

കുതിരവണ്ടി ഒന്ന്‌ ആടിയുലയുന്ന തരത്തിലുള്ള പൊട്ടിച്ചിരിയായിരുന്നു മറുപടി.....രൂക്ഷമായി അവള്‍ എഡ്ഡിയെ നോക്കി......തിളങ്ങുന്ന അവളുടെ വെള്ളാരം കണ്ണുകള്‍ ഒന്ന്‌ കൂടി വികസിച്ചു......

എഡ്ഡീ....എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രമാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.....താങ്കള്‍ക്ക്‌ മനസ്സിലായി കാണും എന്ന്‌ ഞാന്‍ വിശ്വസിക്കട്ടെ......

മാഡം പറഞ്ഞ്‌ ശരിയാണ്‌ ,അന്ന്‌ ഞങ്ങളുടെ കൂടെ ഈ കുതിരവണ്ടിയില്‍ മറ്റൊന്ന്‌ കൂടി ഉണ്ടായിരുന്നു.....ഡയൊണീഷ്യസ്‌ അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ നിന്നും എടുത്ത സ്വർണ്ണനിറമുള്ള ഒരു വലിയ പെട്ടിയായിരുന്നു അത്‌......അദ്ദേഹം ആവശ്യപ്പെട്ടത്‌ പ്രകാരം ഞാനാണ്‌ അത്‌ എടുത്ത്‌ കുതിരവണ്ടിയില്‍ വെച്ചത്‌......

എന്തായിരുന്നു ആ പെട്ടിയില്‍...?

മാഡം....അത്‌ പിന്നെ.......

 

.......(തുടരും)..........

 

 

Part 04

 

 

കുതിരവണ്ടിയില്‍ ഇരുവശത്തായി കത്തിച്ച്‌ വെച്ച റാന്തല്‍ വിളക്കുകള്‍ മെല്ലെ തിരി താഴ്‌ത്തുവാന്‍ തുടങ്ങി....കാബിന്നുള്ളില്‍ നിശ്ശബ്ദ്‌ത തളം കെട്ടി നിന്നു....കുതിരവണ്ടിയിലെ ചെറിയ ജാലകത്തിലൂടെ പുറത്തേക്ക്‌ കണ്ണും നട്ടിരിക്കുകയാണ്‌ അവള്‍....തന്റെ നോട്ടം പിന്‍വലിക്കാതെ തന്നെ തന്റെ ചോദ്യം ആവർത്തിച്ചു.....

പറയൂ എഡ്ഡീ ....എന്തായിരുന്നു ആ പെട്ടിയില്‍......തുടരുന്ന ഈ മൗനം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു.....താങ്കള്‍ അത്‌ എന്നോട്‌ പറഞ്ഞേ തീരൂ.....

കാബിന്നുള്ളിലെ നിശ്ലബ്ദ്‌തയെ തീർത്തും അവഗണിച്ച്‌ അവള്‍ ആ ചോദ്യം ആവർത്തിച്ച്‌ കൊണ്ടേയിരുന്നു.....ഓരോ തവണയും അവളുടെ ശബ്ദദം കനപ്പെടാഌം എഡ്ഡിയുടെ മനസ്സില്‍ ഭയം ഌരഞ്ഞ്‌ പൊങ്ങാഌം തുടങ്ങി.......

നീണ്ട മൗനത്തിന്‌ ശേഷം എഡ്ഡി പറഞ്ഞ്‌ തുടങ്ങി.....

മാഡം .....താങ്കള്‍ ഓർക്കുന്നുണ്ടാകും എന്ന്‌ ഞാന്‍ വിശ്വസിക്കട്ടെ.....അഞ്ച്‌ വർഷങ്ങള്‍ക്ക്‌ മുമ്പ്‌ ലൂസിയാനോ പട്ടണത്തില്‍ സംഭവിച്ച അതിഭയാനകരമായ തീ പിടിത്തത്തെ കുറിച്ച്‌....സർവ്വതും നഷ്‌ടപ്പെട്ട ലൂസിയാനോയിലെ ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിന്‌ പോലും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു......അവരുടെ കുഞ്ഞുങ്ങള്‍ മരിച്ച്‌ വീണു......തീ പിടിത്തം അവസാനിച്ചെങ്കിലും അവരുടെ ദുരവസ്ഥ കറുത്ത പുകമേഘം പോലെ അവരുടെ തലക്ക്‌ മുകളില്‍ ഇരുണ്ട്‌ കൂടി കൊണ്ടേയിരുന്നു.....പക്ഷെ തികച്ചും ഏകാധിപതിയായ രാജാവ്‌ അവർക്ക്‌ വേണ്ടി ഒന്നും ചെയ്‌തില്ല, പകരം തന്റെ തല്‍പ്പര കക്ഷികളുടെ ജീവഌം സ്വത്തിഌം സംരക്ഷണം നല്‍കുകയാണുണ്ടായത്‌.....എന്നാല്‍ ഇതില്‍ ക്ഷുഭിതരായ ചിലർ കൊട്ടാരത്തില്‍ തന്നെയുണ്ടായിരുന്നു...
അതില്‍ പ്രധാനിയായിരുന്നു മാർക്ക്യൂസ്‌....രാജാവിന്റെ സെനറ്റർമാരില്‍ പെട്ട മാർക്ക്യൂസ്‌ ഒരു പറ്റം ചെറുപ്പക്കാരെ സംഘടിപ്പിച്ച്‌ ജനങ്ങള്‍ക്ക്‌ വേണ്ടി രഹസ്യമായി പ്രവർത്തിച്ച്‌ തുടങ്ങി.....അതിന്‌ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളില്‍ ഒന്ന്‌ രാജാവിന്റെ ഇഷ്‌ടക്കാരായ പ്രഭുക്കന്‍മാരുടെ ബംഗ്ലാവുകള്‍ കൊള്ളയടിക്കുക എന്നതായിരുന്നു......പക്ഷെ ചില ചാരന്‍മാർ വഴി മാർക്യൂസിന്റെ ഈ നീക്കം രാജാവ്‌ അറിയുകയും തന്റെ ഇഷ്‌ടക്കാരായ പ്രഭുക്കന്‍മാർക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു....കൊട്ടാരത്തില്‍ നിന്ന്‌ രക്ഷപ്പെട്ട മാർക്യൂസിന്‌ വേണ്ടി രാജാവ്‌ രാജ്യത്ത്‌ ഉടനീളം തന്റെ പടയാളികളെ നിയമിച്ചു.....എങ്കിലും പ്രഭുക്കന്‍മാരുടെ സ്വത്തുക്കള്‍ നിരന്തരം കൊള്ളയടിക്കപ്പെട്ടു.......

എഡ്ഡീ....ഇതൊക്കെ താങ്കളേക്കാള്‍ കൂടുതല്‍ എനിക്ക്‌ അറിയാവുന്ന കാര്യങ്ങളാണ്‌......ഡയൊണീഷ്യസ്‌ അന്ന്‌ കുതിരവണ്ടിയില്‍ വെച്ച പെട്ടിയെ കുറിച്ച്‌ താങ്കള്‍ ഇനിയും പറഞ്ഞു തുടങ്ങിയില്ല.......

പറയാം....അന്നത്തെ ഡിസംബറിലെ മഞ്ഞ്‌ പെയ്യുന്ന ഒരു രാത്രിയില്‍ പ്ലാബറുടെ ബിയർപബ്ബിലേക്ക്‌ എന്നെ തേടി ഡയൊണീഷ്യസിന്റെ ഒരു ദൂതന്‍ വന്നു.....

എഡ്ഡി...താങ്കള്‍ ഉടന്‍ ഡയൊണീഷ്യസിന്റെ ബംഗ്ലാവില്‍ എത്തിചേരണം, അദ്ദേഹം താങ്കളെ കാണാന്‍ ആഗ്രഹിക്കുന്നു.....വേഗം പുറപ്പെടുക....

ബംഗ്ലാവിന്റെ മട്ടുപ്പാവില്‍ വളരെ അസ്വസ്ഥനായി കാണപ്പെട്ടു ഡയൊണീഷ്യസിനെ....സ്വയം എന്തെക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു അദ്ദേഹം......

ബഹുമാനപ്പെട്ട ഡയൊണീഷ്യസ്‌...ഞാന്‍ താങ്കള്‍ക്ക്‌ വേണ്ടി എത്തി ചേർന്നിട്ടുണ്ട്‌.....

എഡ്ഡീ....താങ്കള്‍ക്ക്‌ നന്ദി.....മാർക്ക്യൂസിന്റെ പരാക്രമം താങ്കള്‍ക്ക്‌ അറിയാമായിരിക്കും എന്ന്‌ ഞാന്‍ കരുതട്ടെ......ഏത്‌ നിമിഷവും അവന്റെ കഴുകന്‍ കണ്ണുകള്‍ എന്റെ സ്വത്തുക്കളുടെ മേല്‍ പതിക്കും....ഞാന്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം......

അങ്ങിനെ ഒന്നും സംഭവിക്കില്ല ബഹുമാനപ്പെട്ട ഡയൊണീഷ്യസ്‌.....

സംഭവിക്കില്ല എന്നത്‌ നമ്മുടെ വെറും വിശ്വാസമോ ആഗ്രഹമോ ആണ്‌....പക്ഷെ യാഥാർത്ഥ്യം മറ്റൊന്നായിരിക്കാം....മാർക്ക്യൂസിന്റെ കരുത്തുറ്റ ചിറകുകള്‍ എന്റെ സ്വത്തുക്കള്‍ റാഞ്ചുന്നതിന്ന്‌ മുമ്പ്‌ എന്തെങ്കിലും ചെയ്‌തേ പറ്റൂ......എഡ്ഡി ആ പെട്ടി കാണുന്നില്ലേ....ഞാന്‍ എന്റെ സ്വത്തുക്കളില്‍ ഏറ്റവും മൂല്യമേറിയ രത്‌നങ്ങളും സ്വർണ്ണവും അതില്‍ വെച്ചിട്ടുണ്ട്‌....ഏറ്റവും നിഗൂഡവും ,ആരും അത്ര പെട്ടൊന്ന്‌ കടന്ന്‌ ചെല്ലാത്തതുമായ ഒരു സ്ഥലത്ത്‌ നമുക്കത്‌ ഒളിപ്പിച്ച്‌ വെക്കണം.....അതിനാണ്‌ ഞാന്‍ എഡ്ഡിയെ ഈ രാത്രി തന്നെ വിളിപ്പിച്ചത്‌......ഈ രഹസ്യം നമുക്കിടയില്‍ മാത്രം നിലനില്‍ക്കേണ്ട ഒന്നായത്‌ കൊണ്ടാണ്‌ എന്റെ ഏറ്റവും വിശ്വസ്ഥനായ താങ്കളെ തന്നെ വിളിപ്പിച്ചത്‌.....ആ വിശ്വാസം എന്നും നിലനില്‍ക്കുമെന്ന്‌ ഞാന്‍ കരുതട്ടെ.....

താങ്കള്‍ക്ക്‌ എന്നെ വിശ്വസിക്കാം ബഹുമാനപ്പെട്ട ഡയൊണീഷ്യസ്‌.....പക്ഷെ , ക്ഷമിക്കണം.....എന്താണ്‌ താങ്കളുടെ വസ്‌ത്രത്തിന്റെ വലത്‌ ഭാഗത്ത്‌ രക്തം പുരണ്ടിരിക്കുന്നത്‌.......

ഓ...അതോ.....ധൃതിയില്‍ രത്‌നങ്ങളും സ്വർണ്ണവും പെട്ടിയില്‍ വെക്കുമ്പോള്‍ എന്തിലോ തട്ടി കൈ മുറിഞ്ഞതാവാം...എഡ്ഡി ഇതിനെ കുറിച്ച്‌ സംസാരിച്ച്‌ സമയം കളയാതെ വേഗം ലൂസിഫറിനേയും ഹർഷയേയും തെയ്യാറാക്കി കൊള്ളുക...നമുക്ക്‌ ഈ രാത്രി തന്നെ പുറപ്പെടണം.....എത്തി ച്ചേരേണ്ട സ്ഥലത്ത്‌ കുറിച്ച്‌ തീർച്ചയായിട്ടും എനിക്ക്‌ വ്യക്തമായ അറിവുണ്ട്‌......

അങ്ങിനെ അന്ന്‌ രാത്രി ഞങ്ങള്‍ പുറപ്പെട്ടു .....ഇന്ന്‌ നമ്മള്‍ സഞ്ചരിച്ച ഇതേ വഴികളിലൂടെ....വനത്തിലെ ഒറ്റയടിപാതയും കഴിഞ്ഞ്‌ ആ മൊട്ടക്കുന്നില്‍ ഞങ്ങള്‍ ആ പെട്ടി കുഴിച്ചിട്ടു.....പിന്നീട്‌ ഞങ്ങള്‍ക്ക്‌ മാത്രം തിരിച്ചറിയാന്‍ വേണ്ടിയും മറ്റുള്ളവുടെ ശ്രദ്ധ വഴി തിരിച്ചിടാഌം അവിടെ ഒരു മരകുരിശ്‌ ഡയൊണീഷ്യസ്‌ ആവിശ്യപ്പെട്ട പ്രകാരം ഞാന്‍ തന്നെയാണ്‌ വെച്ചത്‌........

എഡ്ഡി പറഞ്ഞല്ലൊം കേട്ട്‌ അവള്‍ ഒന്ന്‌ പൊട്ടിചിരിച്ചു.....പെയ്യുന്ന മഞ്ഞ്‌ പോലും നിശ്ചലമാവുന്ന തരത്തിലുള്ള പൊട്ടിച്ചിരി ആയിരുന്നു അത്‌......

എഡ്ഡി താങ്കള്‍ വെറുമൊരു ദുർബ്ബല ഹൃദയത്തിഌടമയാണെന്ന്‌ ഡയൊണീഷ്യസിന്‌ വളരെ വ്യക്തമായി അറിയാമായിരുന്നു.....എത്ര സമർത്ഥമായിട്ടാണ്‌ അദ്ദേഹം താങ്കളെ വഞ്ചിച്ചത്‌......പെട്ടിക്കുള്ളിലെ അമൂല്യമായ സ്വത്ത്‌ , അത്‌ ഒരിക്കലും ഡയൊണീഷ്യസിന്റേതായിരുന്നില്ല....അത്‌ താങ്കളുടേതായിരുന്നു.....താങ്കളുടെ മാത്രം......

ഒന്നും മനസ്സിലാവാതെ എഡ്ഡി അവളുടെ കണ്ണുകളിലേക്ക്‌ നോക്കി....മാഡം എന്താണ്‌ പറഞ്ഞ്‌ വരുന്നത്‌.....വെറുമൊരു കുതിരവണ്ടിക്കാരനായ എനിക്ക്‌ എവിടെ നിന്നാണ്‌ അമൂല്യമായ സ്വത്ത്‌......

പറയാം .....അതിന്‌ മുമ്പ്‌ ഒരു കാര്യം കൂടി താങ്കള്‍ അറിഞ്ഞിരിക്കണം.....ഡയൊണീഷ്യസിന്റെ വസ്‌ത്രത്തില്‍ അന്ന്‌ രാത്രി എഡ്ഡ കണ്ട രക്തതുള്ളികള്‍ ....അത്‌.....അതൊരിക്കലും ഡയൊണീഷ്യസിന്റേതല്ലായിരുന്നു........

പിന്നെ.....പിന്നെ ആരുടെ രക്തതുള്ളികളാണ്‌ ഞാന്‍ അന്ന്‌ കണ്ടത്‌.....

പറയാം.........

 

......(തുടരും)

 

 

Part 05

 

 

ഡയൊണീഷ്യസിന്റെ ബംഗ്ലാവില്‍ നിന്നും ആ മൊട്ടക്കുന്നിലേക്കുള്ള യാത്രക്കിടയില്‍ നിങ്ങള്‍ എന്തായിരുന്നു സംസാരിച്ചിരുന്നത്‌......

ഞാന്‍ അത്‌ ഓർക്കുന്നില്ല മാഡം ,എന്നോട്‌ ക്ഷമിച്ചാലും .....

പെയ്യുന്ന മഞ്ഞിലേക്ക്‌ അവള്‍ തന്റെ കൈകള്‍ കാബിന്നുള്ളിലെ ജാലകത്തിലൂടെ പുറത്തേക്കിട്ടു.....

എഡ്ഡി .....ഈ മഞ്ഞ്‌ പോലെ തണുത്തുറഞ്ഞതാണ്‌ താങ്കളുടെ ഓർമ്മകളും.....വെയിലില്‍ ഉരുകിയൊലിക്കുന്ന മഞ്ഞ്‌ പോലെ കാലത്തിന്റെ വേഗതയുടെ ചൂടില്‍ നിങ്ങളുടെ ഓർമ്മകളും ഏറെ കുറെ ഉരുകി തീർന്നിട്ടുണ്ട്‌.......

ആ രാത്രിയില്‍ നിങ്ങളുടെ യാത്രക്കിടയില്‍ നിങ്ങള്‍ സംസാരിച്ചത്‌ ഒളിപ്പിക്കാന്‍ കൊണ്ട്‌ പോകുന്ന ഡയൊണീഷ്യസിന്റെ പെട്ടിയെ കുറിച്ചല്ലായിരുന്നു.....പകരം മറ്റൊരാളെ കുറിച്ചായിരുന്നു.....

സെർജിയോ......

ആ പേര്‌ കേട്ടതും അത്‌ വരെ ശാന്തമായി നീങ്ങി കൊണ്ടിരുന്ന ലൂസിഫർ ഒരു നിമിഷത്തേക്ക്‌ നിശ്ചലമായി ......തന്റെ മുന്‍കാലുകള്‍ ഉയർത്തി ശക്തമായി ഒന്ന്‌ അമറി.....നിയന്ത്രണം നഷ്‌ടമായ കുതിരവണ്ടിയെ നേരെയാക്കാന്‍ എഡ്ഡി ശ്രമിച്ച്‌ കൊണ്ടിരിക്കുമ്പഴും ഒന്നും സംഭവിക്കാത്ത മട്ടില്‍ നിഗൂഡമായ ഒരു ചിരിയുമായി അവള്‍ ഇരുന്നു......

സെർജിയോ .....!!!

അതെ .....സെർജിയോ.....താങ്കളുടെയും ഹെലന്റേയും ഒരോയൊരു മകന്‍ .......താങ്കളുടെ വിലമതിക്കാനാവാത്ത സ്വത്ത്‌ .....ഒരർത്ഥത്തില്‍ അതായിരുന്നു താങ്കള്‍ക്ക്‌ താങ്കളുടെ മകന്‍ സെർജിയോ......

അമ്പരപ്പോടെ എഡ്ഡി അവളെ നോക്കി...മാഡം പറഞ്ഞത്‌ സത്യമാണ്‌ ....സെർജിയോ...എന്റെ ഒരേയൊരു മകന്‍.....അവന്‍ തന്നെയായിരുന്നു എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും വിലമതിക്കാനാവാത്ത സ്വത്തും......മാഡം ശരിയാണ്‌....ഞാനിപ്പോള്‍ ഓർക്കുന്നു യാത്രയിലുടനീളം ഡയൊണീഷ്യസ്‌ സെർജിയോയെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്‌.....അവന്റെ പപ്പ എന്ന നിലയില്‍ ഞാന്‍ ഏറെ അഭിമാനം കൊണ്ട നിമിഷങ്ങളായിരുന്നു അത്‌......

സെർജിയോ ഇപ്പോ എവിടെ ഉണ്ട്‌....?

ലൂസിയാനോ പട്ടണത്തിലെ ആ തീപിടുത്തത്തില്‍ സർവ്വതും നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തില്‍ എന്റെ മകന്‍ സെർജിയോയും ഉണ്ടായിരുന്നു....പക്ഷെ നല്ലവനായ ഡയൊണീഷ്യസ്‌ അവനെ സഹായിച്ചു....സമ്പന്നർ മാത്രം താമസിക്കുന്ന സിറാക്യൂസ്‌ എന്ന പട്ടണത്തിലേക്ക്‌ കച്ചവടം ചെയ്യാനായി പോയിരിക്കുകയാണ്‌.....

ഇത്‌ ഡയൊണീഷ്യസ്‌ താങ്കളോട്‌ പറഞ്ഞതല്ലേ......

അതെ....അന്ന്‌ ആ യാത്രക്കിടയില്‍ എന്നോട്‌ പറഞ്ഞതാണ്‌......സിറാക്യൂസിലേക്ക്‌ പോയ സെർജിയോയെ പറ്റി ഇനി വേവലാതി വേണ്ട എന്നും, അവനെ അവിടെ പോയി കാണാന്‍ ശ്രമിക്കരുതെന്നും പറഞ്ഞു......

എന്ത്‌ കൊണ്ടാണ്‌ അവനെ കാണാന്‍ ശ്രമിക്കാതിരുന്നത്‌......

കച്ചവടത്തിലുള്ള അവന്റെ താല്‍പ്പര്യം ഇല്ലാതായേക്കുമെന്ന്‌ എനിക്ക്‌ ഭയമുണ്ടായിരുന്നു.....കാരണം അവന്‍ ഒരിക്കലും എന്നെ പോലെ വെറും ഒരു കുതിരവണ്ടിക്കാരന്‍ ആവരുതെന്ന്‌ ഞാന്‍ ആഗ്രഹിച്ചിരുന്നു......കഴിഞ്ഞ അഞ്ച്‌ വർഷവും അവനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഡയൊണീഷ്യസ്‌ എന്നോട്‌ പറയുമായിരുന്നു........എനിക്കുറപ്പാണ്‌ കൈ നിറയെ പണവുമായി അവന്‍ തിരിച്ച്‌ വരും എന്നെ , അവന്റെ മമ്മ ഹെലനെ , അവന്‌ പ്രിയപ്പെട്ട ലൂസിഫറിനെ കാണാന്‍......

നിങ്ങള്‍ ശരിക്കും ദുർബ്ബലനായ ഒരു വിഡ്ഡി തന്നെയാണ്‌ എഡ്ഡി......

മാഡം....സെർജിയോയുടെ പപ്പ എന്ന നിലയില്‍ അവന്റെ വിജയം കാത്തിരിക്കുന്നത്‌ എങ്ങിനെ ഒരു വിഡ്ഡിത്വം ആകും.....

മകന്റെ വിജയം ആഗ്രഹിക്കുന്നത്‌ ഒരിക്കലും ഒരു വിഡ്ഡിത്വമല്ല എഡ്ഡീ.....പക്ഷെ ഡയൊണീഷ്യസിന്റെ വാക്കുകളെ ,പ്ലാബറുടെ പബ്ബിലെ ബിയർ ഌകരുന്നത്‌ പോലെ കണ്ണുമടച്ച്‌ ഌകർന്നത്‌ ശരിക്കുമൊരു വിഡ്ഡത്വമാണ്‌.......

മാഡം എന്താണ്‌ പറഞ്ഞു വരുന്നത്‌.....

നിരത്തിന്റെ ഒരു വശത്ത്‌ എഡ്ഡിയുടെ ആജ്ഞ ഇല്ലാതെ തന്നെ ലൂസിഫറും ഹർഷയും നടത്തം അവസാനിപ്പിച്ചു....കാബില്‍ നിന്ന്‌ പുറത്തിറങ്ങിയ അവള്‍ ലൂസിഫറിന്റെ തലയില്‍ തലോടി കൊണ്ട്‌ എഡ്ഡിയെ നോക്കി......

എഡ്ഡീ.....സെർജിയോ ഇനി തിരിച്ച്‌ വരില്ല....ഡയൊണീഷ്യസ്‌ അഞ്ച്‌ വർഷം മുമ്പേ അവനെ യാത്രയാക്കിയിട്ടുണ്ട്‌.....ഒരിക്കലും തിരിച്ച്‌ വരാത്ത ലോകത്തേക്ക്‌......എത്ര ക്രൂരനാണ്‌ അയാള്‍.....വെട്ടി ഌറുക്കിയ സെർജിയോയുടെ ശരീരം അവന്റെ പപ്പയായ നിങ്ങളെ കൊണ്ട്‌ തന്നെ......

മാഡം......അതൊരു അലർച്ചയായിരുന്നു....ഞാനിത്‌ വിശ്വസിക്കില്ല...'ഡയൊണീഷ്യസ്‌ ഒരിക്കലും അവനെ......

പൊട്ടികരഞ്ഞ്‌ കൊണ്ടിരിക്കുന്ന എഡ്ഡിയുടെ ചുമലില്‍ മഞ്ഞു പോലെ തണുത്ത അവളുടെ കൈകള്‍ അമർന്നു......

എഡ്ഡീ.....കഴിഞ്ഞ അഞ്ച്‌ വർഷത്തെ സംഭവങ്ങള്‍,നിങ്ങള്‍ മറന്ന്‌ പോയ കാര്യങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞത്‌ സത്യമായിരുന്നില്ലേ.....ഇതും സത്യമാണ്‌ ......അവന്‍ ഇനി തിരിച്ച്‌ വരില്ല ...

കരഞ്ഞ്‌ കലങ്ങിയ കണ്ണുകള്‍ തുടക്കാന്‍ വല്ലാതെ പാട്‌പ്പെട്ടു എഡ്ഡി....

എന്തിനായിരുന്നു എന്റെ മകനെ ഡയൊണീഷ്യസ്‌......

സെർജീയോയുടെ ജീവിതത്തില്‍ താങ്കള്‍ അറിയാത്ത ഒരു സംഭവം ഉണ്ടായിരുന്നു...അത്‌ അവളായിരുന്നു.....ഒരു മാലാഖ പോലെ സുന്ദരിയായ ഡയൊണീഷ്യസിന്റെ മകള്‍......അവർ തമ്മിലുള്ള പ്രണയം അറിഞ്ഞത്‌ മുതല്‍ ഡയൊണീഷ്യസ്‌ അസ്വസ്ഥനായിരുന്നു.....തന്റെ കീഴിലെ വെറും ഒരു കുതിരവണ്ടിക്കാരന്റെ മകഌമായുള്ള അവളുടെ പ്രണയം അയാള്‍ക്ക്‌ അംഗീകരിക്കാന്‍ പറ്റുന്നതേ അല്ലായിരുന്നു.....അത്‌ ഇല്ലാതാക്കാന്‍ സെർജിയോ ഈ ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന്‌ അയാള്‍ തീരുമാനിച്ചു......അന്ന്‌ രാത്രയില്‍ താങ്കളെ വിളിക്കാന്‍ ദൂതനെ അയക്കുന്നതിന്ന്‌ മുമ്പ്‌ തന്നെ അയാള്‍ സെർജിയോയെ വകവരുത്തിയിരുന്നു....തന്റെ സ്വത്തുക്കളാണന്ന്‌ താങ്കളെ തെറ്റ്‌ധരിപ്പിച്ചിരുന്ന ആ പെട്ടിയില്‍ സത്യത്തില്‍ ചോരയുണങ്ങാത്ത സെർജിയോയുടെ ശരീരമായിരുന്നു.....മൊട്ടക്കുന്നിലെ ആ മരകുരിശിന്‌ താഴെ ലില്ലി പൂക്കള്‍ അർപ്പിച്ചതും മുട്ടുക്കുത്തി പ്രാർത്ഥിച്ചതും താങ്കളുടെ മകന്‌ വേണ്ടി തന്നെയാണ്‌......

എഡ്ഡീ കുതിരവണ്ടിയുടെ വേഗം കൂട്ടുക ....സെർജിയോയെ ഇല്ലാതാക്കിയത്‌ പേലെ ക്രൂരനായ ഡയൊണീഷ്യസിനെയും ഇല്ലാതാക്കണം.....എന്നിട്ട്‌ താങ്കള്‍ ഒരു കാര്യം കൂടി ചെയ്യണം.....സെർജിയോയുടെ മരണം നേരില്‍ കണ്ട ഡയൊണീഷ്യസിന്റെ മകളെ അയാള്‍ തന്നെ ആ വലിയ ബംഗ്ലാവിന്റെ ഇരുട്ടറയില്‍ ബന്ധിച്ചിട്ടുണ്ട്‌.....അവള്‍ക്ക്‌ വേണ്ടി ഇനി ബാക്കിയുള്ളത്‌ ഒരയൊരു കാര്യമാണ്‌ ....അത്‌ താങ്കള്‍ ചെയ്‌ത്‌ കൊടുക്കണം......

ഡയൊണീഷ്യസിനോട്‌ പകരം വീട്ടാന്‍ ആ കുതിരവണ്ടി ലൂസിയാനോ പട്ടണം ലക്ഷ്യം വെച്ച്‌ കുതിച്ച്‌ പാഞ്ഞു.......

എഡ്ഡി.....താങ്കള്‍ ഇവിടെ ഇറങ്ങുക....ഡയൊണീഷ്യസിന്റെ അവസാന ശ്വാസത്തിന്‌ വേണ്ടിയുള്ള അലർച്ച എനിക്ക്‌ ഇവിടെ നിന്ന്‌ കേള്‍ക്കണം......ആ ഇരുട്ടറയില്‍ ഉള്ള ഡയൊണീഷ്യസിന്റെ മകളെ കണ്ടെത്തുക ......ഞാന്‍ പറഞ്ഞത്‌ പോലെ അവള്‍ക്ക്‌ ഇനി ചെയ്‌ത്‌ കൊടുക്കാന്‍ ഒരു കാര്യം മാത്രമേ ബാക്കിയുള്ളൂ.....അത്‌ താങ്കള്‍ ചെയ്‌ത്‌ കൊടുക്കണമെന്ന്‌ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.......

ഡയൊണീഷ്യസിന്റെ ബംഗ്ലാവില്‍ കടന്ന്‌ ചെന്ന എഡ്ഡി ഉറങ്ങി കിടക്കുകയായിരുന്ന ഡയൊണീഷ്യസിനെ ആഞ്ഞ്‌ വെട്ടി....തന്റെ മകനെ ഇല്ലാതാക്കിയത്‌ പോലെ അയാളേയും വെട്ടി ഌറുക്കി....

ചങ്ങല കൊണ്ട്‌ ബന്ധിച്ച ഇരുട്ടറയുടെ മുമ്പില്‍ എഡ്ഡി എത്തി.....അകത്ത്‌ നിന്ന്‌ ആരോ തുറക്കുന്ന രൂപത്തില്‍ എഡ്ഡിക്ക്‌ മുമ്പില്‍ ആ വലിയ ഇരുമ്പ്‌ വാതില്‍ മലർക്കെ തുറക്കപ്പെട്ടു.....അകത്ത്‌ കയറിയ എഡ്ഡി കണ്ട കാഴ്‌ച്ച തിരിച്ചറിയാന്‍ പറ്റാത്ത ഡയൊണീഷ്യസിന്റെ മകളുടെ പാതി അഴുകിയ മൃതശരീരമായിരുന്നു......

കാബിന്നുള്ളില്‍ കണ്ണുകളടച്ച്‌ ലക്ഷ്യങ്ങള്‍ പൂർത്തിയായ മട്ടില്‍ അവള്‍ പുഞ്ചിരി തൂകി ഇരുന്നു.......

മാഡം .....നമ്മള്‍ വൈകി എന്ന്‌ തോഌന്നു.....ഈ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ നമ്മള്‍ക്കായില്ല.....മരിച്ച്‌ പോയ ഇവള്‍ക്ക്‌ വേണ്ടി ഇനി എന്ത്‌ ചെയ്യാനാണ്‌ ബാക്കി.......

അവള്‍ മരിച്ചിട്ട്‌ ഇന്നേക്ക്‌ ആറ്‌ ദിവസമായി ......ശരിക്കും പറഞ്ഞാല്‍ ഞാന്‍ താങ്കളുടെ കുതിരവണ്ടിയില്‍ കയറുന്നതിന്റെ തൊട്ട്‌ മുമ്പ്‌.......നമ്മുടെ ഈ യാത്ര ആരംഭിക്കുന്നിന്റെ തൊട്ട്‌ മുമ്പ്‌.......

മാഡം ഇനി ഇവള്‍ക്ക്‌ വേണ്ടി ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌......

എഡ്ഡി ഒരിക്കല്‍ കൂടി ആ മൊട്ടക്കുന്നിലേക്ക്‌ പോകണം....സെർജിയോയുടെ കുഴിമാടത്തിന്നരികില്‍ ഇവള്‍ക്കും ഒരു കുഴിമാടം ഒരുക്കണം.....അത്‌ തന്നെയാണ്‌ അവളും ആഗ്രഹിക്കുന്നത്‌......എഡ്ഡീ ഇനിയുള്ള എന്റെ യാത്രയില്‍ താങ്കള്‍ എന്റെ കൂടെ വേണ്ട.....നമുക്ക്‌ പിരിയാന്‍ സമയമായിരിക്കുന്നു......

മാഡം ഇനയെങ്കിലും പറയൂ....താങ്കള്‍ ആരാണ്‌.....'

ഞാന്‍....ഡയൊണീഷ്യസിന്റെ മകളും താങ്കളുടെ മകന്‍ സെർജിയോയുടെ കാമുകിയുമായിരുന്ന ഇസബെല്ല......

വിശ്വസിക്കാനാവാതെ എഡ്ഡി മരവിച്ചത്‌ പോലെ നിന്നു.....

അപ്പോഴേക്കും ഒരു പുകചുരുള്‍ മാത്രമായി ഇസബെല്ല അന്തരീക്ഷത്തില്‍ മാഞ്ഞു.......

 

അവളെ യാത്ര അയക്കാന്‍ എന്നോണം ലൂസിഫറും ഹർഷയും തങ്ങളുടെ മുന്‍കലുകള്‍ ഉയർത്തി നിന്നു...........

 

 

(അവസാനിച്ചു )

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ