മദിമേ.

മദിമേ.

മദിമേ.

കഥ

 

മദിമേ

 

   "ഒരുവിധത്തിലും പൊരുത്തപ്പെടാൻ കഴിയുന്നില്ലെങ്കിൽ മഹീ.. പിന്നെയൊട്ടും അമാന്തിക്കേണ്ടാ.. പിരിയുന്നതാണ് നല്ലത്."

  കൂട്ടംചേർന്നുള്ള കുശുകുശുപ്പിന്നിടയിൽ തിരികെ ഇരിപ്പിടത്തിലേക്കുവരുമ്പോൾ ഹേമ സ്വകാര്യമായിപ്പറഞ്ഞു. ഒളിച്ചോട്ടമെന്ന ലളിതമായപദമാണ് ഓഫീസിൽ മഹീന്ദ്രന്റെ സ്ഥലംമാറ്റത്തെക്കുറിച്ച് സഹപ്രവർത്തകർ വിശേഷിപ്പിച്ചത്. അതല്ലെങ്കിൽ വീട്ടിൽനിന്ന് ഏതാനും കിലോമീറ്ററുകൾമാത്രം ദൂരമുള്ള ജോലിസ്ഥലംവിട്ട് അങ്ങ് വടക്കൊരുദേശത്ത് അതും തുളുസംസാരിക്കുന്നവരേറെയുള്ള നാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങിയത് എന്തിനെന്ന ചോദ്യം അവശേഷിക്കുന്നു.

  ഉത്തരവിന്റെപകർപ്പ് ഉയർത്തിപ്പിടിച്ച് സൂപ്രണ്ട് പ്രേമരാജൻസാറാണ് പ്രഖ്യാപിച്ചത്, 'മഹീന്ദ്രൻ പോകുന്നു.. ബദിയടുക്കയിലേക്ക്.'

   ചുറ്റും അവിശ്വസനീയത തിരതല്ലിയനോട്ടം. തുറിച്ചുനോട്ടങ്ങളിൽനിന്ന് മുഖംതിരിച്ച് അയാൾ ഫയലുകളിലേക്ക് നൂണ്ടിറങ്ങി. മാറ്റപ്പെടാനുള്ള കാരണങ്ങളുടെ കോളത്തിൽ 'റിക്വസ്റ്റ്' എന്ന് കണ്ടതായിരുന്നു ഏവരേയും ആശ്ചര്യപ്പെടുത്തിയത്.പൊടുന്നനെ ഇരിപ്പിടങ്ങൾ ആളൊഴിയുന്നതും കൂട്ടംകൂടി സംസാരിക്കുന്നതും അയാൾ കണ്ടു.

    സത്യത്തിൽ അയാൾക്ക് അതിലൊട്ടും അതിശയോക്തി തോന്നിയില്ല. എന്നാൽ ഒളിച്ചോട്ടമെന്ന് ധരിച്ചുവശായതിൽ ആരയും കുറ്റപ്പെടുത്താനും വയ്യാ. അടുത്തകാലത്ത് വിവാഹജീവിതത്തിലേക്ക് കടന്നുവന്നൊരാൾ അതിന്റെചൂരും ചൊടിയും പൂർണ്ണമായും അണയുംമുൻപേ അകന്നുമാറാൻവെമ്പുന്നത് തീർച്ചയായും അസാധാരണത്വംതന്നെ!

  ''ആട്ടേ.. ഡൈവോർസ് പേപ്പർ സബ്മിറ്റ് ചെയ്തോ? അതോ.?'' കസേര നീക്കിയടുപ്പിച്ച് ചോദ്യം അർദ്ധോക്തിയിൽനിറുത്തി ഹേമ വീണ്ടും. ഈ നേരമത്രയും ട്രാൻസ്ഫറിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ച് ഉത്തരങ്ങൾ തേടുയായിരുന്നുവെന്ന് അയാൾക്ക് വ്യക്തമായി. അവളുടെ മിഴികളിലെ തിരയിളക്കംകണ്ട് മഹീന്ദ്രൻ ചിരിയടക്കി. അയാളും പ്രവീണയും വിവാഹിതരാവുന്നതിനുമുമ്പേ ഡൈവോഴ്സ് നേടിയിരുന്നു ഹേമ. അന്നുമുണ്ടായിരുന്നു കൂട്ടംകൂടിയുള്ള ചർച്ചകളും ഗവേഷണങ്ങളും. 'പരമാവധി ഒത്തുപോകാൻ ശ്രമിച്ചു.ഒടുവിൽ ഗത്യന്തരമില്ലാതെ പിരിഞ്ഞു' എന്നുമാത്രം പറഞ്ഞൊഴിഞ്ഞ് കൂസലില്ലാതെ അവൾ പതിവുപോലെ ജോലിതുടർന്നു.

  മുമ്പും അവൾ അങ്ങനെയായിരുന്നു. കുടുംബത്തിലുണ്ടാവുന്ന പ്രശ്നങ്ങളൊന്നും പുറമേ കാണിക്കാതെ കളിചിരിയുമായി ഉല്ലാസവതിയായിരിക്കും. പക്ഷേ ഡെസ്പാച്ച് സെക്ഷനിലെ സുഭദ്രയ്ക്കുമാത്രം അതൊട്ടും രസിക്കാറില്ല. അവളുടെ അണിഞ്ഞൊരുങ്ങിയുള്ള നടത്തവും ആരോടും അടുത്തിടപെഴകുന്ന സ്വാഭാവവുമാണ് പിരിയാൻ കാരണമെന്ന് അവളില്ലാത്ത തക്കംനോക്കി ഉറപ്പിച്ചുപറയും. 


  ''വിധിയുടനെയുണ്ടാവും." അയാൾ പതിയെ ചുണ്ടനക്കി.

  ഹേമ ദീർഘനിശ്വാസംവിട്ടു. മനസ്സുകളിലാണ് വിധിയുണ്ടാവുന്നതെന്നും ശേഷമുള്ളതെല്ലാം ഉപരിപ്ലവങ്ങൾമാത്രമല്ലേ എന്നും പറയാനോങ്ങിയെങ്കിലും പറഞ്ഞില്ല. മനംമടുപ്പിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ ഒരുമാറ്റമാവശ്യമെന്നുതോന്നി. ഒരുകണക്കിന് ശരിയാണ്. ഒളിച്ചോട്ടംതന്നെ! പരിഹാസ്യമായ കൂർത്തനോട്ടങ്ങളിൽനിന്ന്.! ആവർത്തിക്കപ്പെടേണ്ട ഉത്തരങ്ങളിൽനിന്ന്‌.! 
   എത്തിപ്പെടേണ്ട ഇടങ്ങളെക്കുറിച്ച് ഒട്ടും അലോസരപ്പെടാത്ത ഒരുദീർഘയാത്രയിൽ പൊടുന്നനെ വണ്ടി ബ്രേക്ക്ഡൗണാവുന്നു. ഇനിയെന്തെന്ന് വഴിമുട്ടിയ യാത്രക്കാരന് വേണമെങ്കിൽ, മറ്റൊരുവാഹനം തേടിപ്പിടിച്ച് യാത്രതുടരാം. അല്ലെങ്കിൽ തിരിച്ചുപോകാം. 'ഈ വാഹനം ഇനി മുന്നോട്ടുപോവില്ല.. ഓരോരുത്തർക്കും മറ്റുമാർഗ്ഗങ്ങൾ തേടാം' എന്ന അറിയിപ്പിനായി കാതോർത്തിരിക്കുന്ന യാത്രികനെപ്പോലെ അനിശ്ചിതത്വത്തിലാണ് അയാളും.

   ആഘോഷപൂർവ്വംതന്നെയാണ് മഹിയും പ്രവീണയും ഒരുമിച്ചുള്ള യാത്രതുടങ്ങിയത്. ഒറ്റമകളുടെ അതിരുകവിഞ്ഞശാഠ്യങ്ങൾക്കും സ്വൈര്യത്തിനും വന്നുപെട്ട വിലക്കുകളെ ഉൾക്കൊള്ളാൻ അത്രപെട്ടെന്നൊന്നും കഴിയില്ലെന്ന കരുതലോടെയാണ് അമ്മയും മഞ്ജിമയും പ്രവീണയോട് ഇടപെഴകിയത്. പക്ഷേ അവരെത്രമാത്രം സ്നേഹംകാട്ടിയിട്ടും ശത്രുതമുളപൊട്ടിയത് പങ്കുവെക്കപ്പെടുന്ന സ്നേഹത്തെച്ചൊല്ലിയെന്ന് പറയാതെ പറഞ്ഞിരുന്നു അവൾ. വേലിയേറ്റം കണക്കെ അപസ്വരങ്ങൾ ഏറിക്കൊണ്ടിരിരുന്നു. നിസ്സാരകാര്യങ്ങളെച്ചൊല്ലി രാവുകളിൽ പരാതികളും കണ്ണീരും പതിവുകാഴ്ചകൾ.

   ഒടുവിൽ അവൾതന്നെയാണ് പരിഹാരവും നിർദ്ദേശിച്ചത്. ഒന്നുകിൽ വാടകവീട്ടിലേക്ക്..! അല്ലെങ്കിൽ അവളുടെവീട്ടിലേക്ക്..! തനിക്ക് അവയൊന്നുംതന്നെ സ്വീകാര്യമായിരുന്നില്ല. ആയകാലംമുഴുക്കെ തനിക്കുവേണ്ടിജീവിച്ച, തന്നെമാത്രം ആശ്രയിച്ചുകഴിയുന്ന അച്ഛനും അമ്മയും. വിവാഹപ്രായമായ അനിയത്തി. എങ്ങോട്ടുമില്ലെന്ന് തീർത്തുപറഞ്ഞതോടെ പ്രവീണ തിരിച്ചുപോയി. അപ്പോൾ കാലയളവ് ഒരുവർഷവും രണ്ടുമാസവും.

   പലവട്ടംനടന്ന ചർച്ചകൾ വഴിമുട്ടി. മകളുടെ വാശിക്കുമുന്നിൽ അച്ഛനും ബന്ധുക്കളും നിസ്സഹായതയോടെ വഴങ്ങിയെന്നറിഞ്ഞത് പിന്നെപ്പോഴോ ഒരുകുറിമാനം വന്നപ്പോഴാണ്. കോടതിയിലേക്ക് അങ്കത്തിന് ക്ഷണിക്കുന്ന ക്ഷണപത്രികയായിരുന്നു അത്.

  പുതിയ ഓഫീസിൽ തദ്ദേശീയരാണേറെയും. മലയാളവും തുളുവും കലർന്ന സങ്കരഭാഷ. ആദ്യത്തെ അമ്പരപ്പ് പിന്നീട് കൗതുകമായി. അടുത്തൂൺപറ്റാൻ മാസങ്ങൾമാത്രമുള്ള അക്കൗണ്ടൻറ് അപ്പുനായ്ക്ക് സാറാണ് താമസമൊരുക്കിത്തന്നത്. അദ്ദേഹത്തിന്റെ ഒരകന്നബന്ധു പുതിയവീടെടുത്ത് താമസംമാറിയത്രേ. ചെറുതെങ്കിലും സൗകര്യമുള്ള വീട്.

    കോടതി.. പ്രതീക്ഷിച്ചവിധി ഏറ്റുവാങ്ങാൻ മനസ്സ് പാകപ്പെടുത്തിയിരുന്നു. എന്നിട്ടും തിരിച്ചുവരുമ്പോൾ നെഞ്ചിലൊരുവിങ്ങൽ. അകാലത്തിൽ പൊലിഞ്ഞ ദാമ്പത്യത്തിനു് അന്ത്യകൂദാശനല്കാൻ അവളുടെ അച്ഛനും ബന്ധുക്കളുമുണ്ടായിരുന്നു. അയാളാരെയും കണ്ടില്ല..ഒന്നുമറിഞ്ഞില്ല.. ഒന്നുംകേട്ടുമില്ല. കോടതിപ്പടിയിറങ്ങവേ വിളറിയചിരിയോടെ യാത്രചോദിക്കുന്ന, നനുത്ത ചുണ്ടുകളും വിടർന്ന കണ്ണുകളുമുള്ള മുഖം കണ്ടുവോ? ഓർമ്മയില്ല. ധിറുതിയായിരുന്നു.. ഘനീഭവിച്ച ജലമാത്രകൾ നെഞ്ചിൽ തളംകെട്ടിനിന്നു. ഒറ്റപ്പെട്ടുപോയ

വന്റെ വെപ്രാളമായിരുന്നു. അവൾ ഇനിയെന്റെ ആരുമല്ലല്ലോ എന്നചിന്ത കുമിളകളായി മുളച്ചുവന്നുകൊണ്ടിരുന്നു.

   രാത്രി.. ഉറക്കമില്ലാതെ തിരിഞ്ഞുംമറിഞ്ഞും കിടക്കുന്നനേരത്താണ് ഹേമയുടെ വിളി. പോന്നതിൽപ്പിന്നെ ഒന്നുവിളിച്ചില്ലല്ലോ എന്ന പരിഭവം. മനസ്സ് വിഷമിക്കരുതെന്ന ഉപദേശം. സഹയാത്രികയുടെ സ്നേഹസാന്ത്വനമെന്നേ കരുതിയുള്ളൂ. പക്ഷേ.. ''എന്തിനും ഞാൻ കൂടെയുണ്ട്" എന്നമന്ത്രണത്തിൽ മോഹങ്ങൾ വല്ലതും ഒളിഞ്ഞിരിപ്പുണ്ടോഎന്ന് സംശയിച്ചു. ഒന്നോർത്താൽ ചേർച്ചക്കുറവൊന്നുമില്ല. കാണാനും സുന്ദരിയാണ്. ഛെ.. ചിന്തകൾ കാടുകയറുന്നു. മഹീന്ദ്രൻ തല കുടഞ്ഞു.

 അവധിദിവസത്തിന്റെ ആലസ്യത്തിൽ കണ്ണുമിഴിച്ചുകിടക്കുമ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. പുഞ്ചിരിയോടെ അപ്പുനായ്ക്ക് മുന്നിൽ.

''പോകാം."പതിവുപോലെ ഇൻസർട്ട്ചെയ്ത തൂവെള്ള മുറിക്കൈയൻ ഷർട്ടും പാൻറും.

''എങ്ങോട്ട്..?" മിഴിച്ചുനോക്കി.

''മറന്നുപോയോ? ഇന്നല്ലേ മദിമേ..?

  ഓ.. മറന്നു. മദിമേ.. പരേതരുടെ കല്യാണം. മോഗേർ സമുദായക്കാരുടെയിടയിൽ ഇന്നും നിലനിന്നുപോരുന്ന ആചാരം. മുമ്പെപ്പോഴോ അതിനെക്കുറിച്ച് ആർട്ടിക്കിൾ വായിച്ചത് ഓർമ്മയുണ്ട്. അപ്പുസാറിന്റെ അടുത്ത പരിയക്കാരനാണ്, വധുവിന്റെ അച്ഛൻ. വധൂവരന്മാരെ മദിമാൾ, മദിമായ് എന്നാണ് തുളുവിലറിയപ്പെടുന്നത്. അടുത്തബന്ധുക്കളും പ്രിയപ്പെട്ടവരും മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്ക്, ഒരവധിദിവസം അപ്പുസാറിന്റെ വീട്ടിലേക്കു ചെന്നപ്പോഴാണ് അദ്ദേഹത്തോടൊപ്പം തന്നെയും ക്ഷണിച്ചത്.

   ചാണകംമെഴുകിവെടുപ്പാക്കിയ മുറ്റത്ത് നിവർത്തിയിട്ടപായയിൽ വധൂവരന്മാരുടെ പിതാക്കൾ അഭിമുഖമായിരുന്നു. അരികിൽ തലപ്പാവും ജുബ്ബയും സ്വർണ്ണക്കസവുനെയ്ത മുണ്ടും നെറ്റിയിൽ കുറിയുമണിഞ്ഞ് വരൻ.. സ്വർണ്ണവർണ്ണമാർന്ന പ്ലാവിന്റെ കാതലിൽ ചെത്തിമിനുക്കിയ മദിമായ്. വധൂപിതാവ് സമ്മതമറിയിച്ചതോടെ വരന്റെ ബന്ധുക്കൾ ഇലക്കീറിൽ പണവും വെററിലടക്കയും കാഴ്ചവച്ചു. കർപ്പൂരത്തിന്റെ ധൂമഗന്ധമേറ്റ് നിലവിളക്കിന്റെ ദീപനാളത്തിനുമുന്നിൽ ധ്യാനത്തിലാണ്ട ദൈവത്തിന് മദ്യംകൊണ്ട് കലശമർപ്പിച്ചു. ടാർപോളിൻ വലിച്ചുകെട്ടി തണലൊരുക്കി, വീടിന്റെ മറ്റൊരുകോണിൽ സദ്യവട്ടങ്ങളൊരുങ്ങുന്നു.

   അപ്പുസാറിനോടൊപ്പം വിശിഷ്ടാതിഥിയായി പ്രത്യേകം പരിഗണിക്കപ്പെട്ടു. ചടങ്ങുകൾ സൂക്ഷ്മമായി, അതിലേറെ കൗതുകത്തോടെ അയാൾ നോക്കിനിന്നു.

   ചെളിയിൽ പുതച്ചുനാട്ടിയ പാലമരത്തിന്റെ ശിഖരം വിവാഹപ്പന്തലൊരുക്കി. അവിടേക്ക് അണിഞ്ഞൊരുങ്ങിയ വധു ആനയിക്കപ്പെട്ടു. മദിമായുടെയരികിലായി മദിമാളെയിരുത്തി. പരികർമി മുന്നോട്ടുവന്നു. താലിചാർത്തലും മാലയിടീക്കലും നടക്കുമ്പോൾ അരിയും ചെത്തിപ്പൂവുമെറിഞ്ഞ് ആശീർവ്വദിക്കാൻ അയാളും ചേർന്നു. അപ്പോൾ പരികർമിയുടെ കണ്ഠത്തിൽനിന്ന് ശ്ലോകങ്ങളുയർന്നു.

''മാംഗല്യം തന്തുനാനേന.. മമജീവന ഹേതുന,
കണ്ഠേ ബധ്നാമി സുഭഗേ.. ത്വം ജീവ ശരദാം ശതം.''

   ഒരുമാത്ര കാലം തിരിഞ്ഞുനടന്നു. അകലെയൊരുക്ഷേത്രനടയിലേക്ക്. മുറ്റത്ത് അരയാലില കൾ പുതച്ചുനില്ക്കുന്ന കൽമണ്ഡപത്തിൽ അണിഞ്ഞൊരുങ്ങിയ നവവധുവിനെക്കണ്ടു. നിറഞ്ഞുകത്തുന്ന നിലവിളക്കിന്റെ പ്രഭാപൂരം. നാണംകൊണ്ട് കുനിഞ്ഞമുഖം ഇടയ്ക്കുയർത്തി ഒളികണ്ണിട്ടുനോക്കുന്ന പെൺകൊടി.നനുത്തുമെലിഞ്ഞകഴുത്തിൽ താലിച്ചരട് കെട്ടുന്ന യുവാവ്.

  സുഭഗേ.. നിന്റെകഴുത്തിൽ ഞാൻ ഈ ചരട് കെട്ടുന്നു. നീ എന്നെന്നും ദീർഘായുസ്സോടെ ജീവിക്കുക..!

   പൊടുന്നനെയുണ്ടായ മൂകത ചിന്തകളെ ഞെട്ടറ്റുവീഴ്ത്തി. പരികർമി കൈയുയർത്തി എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നു. കൂട്ടംകൂടിനിന്നവർ നിശ്ശബ്ദരായി. മുരടനക്കി സാവകാശം അയാൾ പറഞ്ഞുതുടങ്ങി.

   "പള്ളത്തടുക്കദേശത്തെ കൃഷ്ണന്റെയും സീതയുടെയും മകൻ ഒമ്പതുവർഷംമുമ്പ് പതിനാറാം വയസ്സിൽ മരണപ്പെട്ട ശരത്തും ഉക്കിനടുക്കദേശത്തെ ഗോപാലന്റെയും സത്യഭാമയുടെയും മകൾ ഏഴുവർഷംമുമ്പ് പന്ത്രണ്ടാംവയസ്സിൽ മരണപ്പെട്ട സതിയും അതീതലോകത്ത് വളർന്ന് വിവാഹപ്രായം കവിഞ്ഞിരിക്കുന്നു. അവരുടെ 'മദിമേ' നടത്തേണ്ടത് നമ്മുടെ കടമയും അതുവഴി ശ്രേയസ്സ് കൈവരുന്നതാണെന്നും ഏവർക്കും അറിവുള്ളതാണല്ലോ? ആയതിനാൽ മദിമായുടെ പിതാവ് മദിമാളെ സ്വീകരിച്ച് നിശ്ചയിച്ച മുഹൂർത്തത്തിൽത്തന്നെ വിധിപ്രകാരം കുടിയിരുത്തേണ്ടതാണ്."

   സദ്യയും കഴിഞ്ഞ് നവബന്ധുത്വത്തിന്റെ ഹർഷവായ്പോടെ അവർ മദിമായെയും മദിമാളെയും ആനയിച്ച് പടിയിറങ്ങി. സന്തോഷാശ്രുപൊഴിക്കുന്ന വധുവിന്റെ വീട്ടുകാർ.

   അത്യന്തം ആശ്ചര്യമുളവാക്കുന്ന ആചാരങ്ങളെക്കുറിച്ചായിരുന്നു വഴിനീളെ അയാൾ ചിന്തിച്ചുകൊണ്ടിരുന്നത്. ജീവിതം വച്ചുനീട്ടിയ സൗഭാഗ്യങ്ങളെ ചിലർ വാശിയും വൈരാഗ്യവുംമൂലം നഷ്ടപ്പെടുത്തുമ്പോൾ മറ്റുചിലർ നഷ്ടമായ ജീവിതങ്ങൾക്ക് അവ സങ്കല്പത്തിലെങ്കിലും തിരിച്ചുകൊടുക്കാൻ ശ്രമിക്കുന്നു. നഷ്ടപ്പെടുത്തിയവരുടെ കൂട്ടത്തിൽ താനുമുണ്ടല്ലോ എന്നസത്യം മഹീന്ദ്രനിൽ നോവുപടർത്തി.

   പകലകന്ന് ഇരുൾപരന്നപ്പോഴും അയാൾ വാടകക്കെട്ടിടത്തിന്റെ വരാന്തയിൽ സത്യയും മിഥ്യയും ഇഴചേർന്ന പകൽക്കാഴ്ചകളിൽ ചിക്കിച്ചികയുകയായിരുന്നു. പൊടുന്നനെ അയാളിലേക്ക് പ്രവീണ പ്രത്യക്ഷമാവുന്നതും കാണെക്കാണെ അവളുടെമുഖം മങ്ങുന്നതും ഒരുവിഭ്രമക്കാഴ്ചയായി അയാൾക്കുതോന്നി. കൃത്യം അതേസമയത്തുതന്നെയാണ് ഫോൺ ശബ്ദിച്ചത്. മുഴുവനായും മാഞ്ഞുപോവാത്ത പ്രവീണ ഡിസ്പ്ലേയിൽ തെളിഞ്ഞുവന്നപ്പോൾ അയാൾക്ക് ആശ്ചര്യംതോന്നി.

 " ഹലോ..'' നേർത്തശബ്ദത്തിൽ പതർച്ച.

 ''പറയൂ പ്രവീണാ.. ഇത് മഹീന്ദ്രൻ."

  മറുവശത്ത് ഒരുതേങ്ങൽ കേട്ടു. തുടർന്ന് നീണ്ടമൗനവും. എന്തിനായിരിക്കും വിളിച്ചത്? ഇനിയെന്തെങ്കിലും കൊടുത്തുതീർക്കാൻ ബാക്കിയുണ്ടോ? അയാൾ ഓർത്തുനോക്കി. ഇല്ല..ഒന്നുമില്ല.!

  "സഹിക്കാൻകഴിയണില്ല മഹിയേട്ടാ! അന്ന് കോടതിയിൽവച്ച് ഞാൻ കണ്ടു, ക്ഷീണിച്ച് കരുവാളിച്ച ആ മുഖം. ഉന്തിയ കവിളെല്ലുകൾ കാണാതിരിക്കാനാവും താടിവളർത്തിയത് അല്ലേ? കണ്ടപ്പോൾ എന്റെ നെഞ്ചുപിടഞ്ഞു. എന്റെ മഹിയേട്ടൻ..സോറീ..അറിയാതങ്ങനെ വിളിച്ചുപോവുന്നതാ, എട്ടനെന്താ പറ്റിയത്? എന്തിനേയും കൂസാതെ നേരിടുന്നയാളല്ലേ? അതില്പിന്നെ എനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ല. കണ്ണടച്ചാൽ എങ്ങോട്ടോ ഓടിയൊളിക്കാൻ വെമ്പുന്ന മഹിയേട്ടന്റെരൂപം മാത്രം.'' അവൾ ഒറ്റശ്വാസത്തിന് പറഞ്ഞുനിറുത്തി.

  ''ഇനി അതൊക്കെ പറയുന്നതെന്തിനാ..? നിന്റെ ആഗ്രഹംപോലെ നടന്നില്ലേ?''

  ''ശരിയാ.. എന്റെവാശി ജയിച്ചുവെന്ന് എല്ലാവരും പറയുന്നു. പക്ഷേ തോറ്റുപോയത് ഞാനാണെന്ന് എനിക്കല്ലേ അറിയൂ.''

  ''നീയെന്താണു് പ്രവീ.. പറഞ്ഞുവരുന്നത്?
ഒന്നും മനസ്സിലാവാതെ അയാൾ കുഴങ്ങി.

   ''ഒരിക്കലെങ്കിലും എന്നെക്കാണാനോ ആശ്വസിപ്പിക്കാനോ മഹിയേട്ടൻ മുതിർന്നോ? വന്നാൽത്തന്നെ അച്ഛനോടല്ലാതെ..? ശരിയാണ് ഞാനൊത്തിരി കുറുമ്പുപറഞ്ഞിട്ടുണ്ട്. ഒരുപൊട്ടിപ്പെണ്ണിന്റെ ദുശ്ശാഠ്യമെന്നോ അഹങ്കാരമെന്നോ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ.. അമ്മയും മഞ്ജിമയും കാണിച്ച സഹിഷ്ണുതയെങ്കിലും മഹിയേട്ടൻ എന്നോട് കാട്ടിയിരുന്നോ? ഓർത്തുനോക്കൂ?''

   ഒന്നോർത്താൽ ശരിയാണ്. തന്റെഭാഗത്തും പിഴവുകളുണ്ടായിട്ടുണ്ട്. അവളുടെഭാഗത്ത് ചിന്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെയൊന്നുമാവില്ലായിരിക്കാം.

  ''ആട്ടേ.. കഴിഞ്ഞതു കഴിഞ്ഞു. ഇനിയും ഒരുപോസ്റ്റുമോർട്ടത്തിന്റെ ആവശ്യമെന്ത്?

അയാൾ വിരസത ഭാവിച്ചു.

  ''ആവശ്യകതയുണ്ട് മനസ്സുവച്ചാൽ. പക്ഷേ.. മനസ്സുവെക്കണം.''

  ''തെളിച്ചുപറയൂ..'' ഇവളെന്തുഭാവിച്ചാണെന്ന് അയാളുഴറി.

  ''ഒരിക്കൽക്കൂടി മഹിയേട്ടനുമുന്നിൽ തലകുനിക്കാൻ ഞാനൊരുക്കമാണ്..''

   പതിഞ്ഞശബ്ദത്തിൽ അവൾ പറഞ്ഞു. 'പെൺമനസ്സ് ഒരുപ്രഹേളിക'എന്നുപറഞ്ഞത് ആരാണെന്ന് ഓർത്തുനോക്കി. ആരായാലും അതു സത്യംതന്നെ. കടുത്ത മകരച്ചൂടിന് ആശ്വാസമേകി തണുത്തകാറ്റ് അയാളെ തഴുകി.

  ''എന്താണിപ്പോഴൊരു പുനർവിചിന്തനം?'' സ്വാഭാവികമായ സംശയം.

  "ഇനിയുമൊരു പോസ്റ്റുമോർട്ടത്തിന്റെ ആവശ്യമുണ്ടോ?'' തന്റെചോദ്യം കടമെടുത്ത് പ്രവീണ തിരിച്ചടിച്ചു. അയാൾ ചിരിച്ചു,അവളും.

    മകരച്ചൂടിന് ആശ്വാസമേകി തണുത്തകാറ്റ് വീശി. ഉള്ളിൽ ചാരംപുതഞ്ഞ കനലുകൾ കാറ്റേറ്റ് വീണ്ടും ജ്വലിച്ചുതുടങ്ങി. പാലമരച്ചുവട്ടിലൊരുക്കിയ മൺതറയിൽ കുടിയിരുത്തിയ മാദിമായെയും മദിമാളെയും അയാളോർത്തു. അകാലത്തിൽപ്പൊലിഞ്ഞ ദാമ്പത്യത്തിന്റെ മദിമേയ്ക്കായി മഹീന്ദ്രനും ഒരുക്കം തുടങ്ങി.

 

                                                                           ബാലകൃഷ്ണൻ ഏരുവേശ്ശി.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

കഥകളാണ് പ്രിയം. എഴുതിയ കുറേക്കഥകൾ ആനുകാലികങ്ങളിലും ആകാശവാണിയിലും സിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ