ട്രോഫി

ട്രോഫി

ട്രോഫി

നിന്റെ അപ്പന് കിട്ടിയ ട്രോഫിയല്ലേടി നീയും ..

ഇന്നിപ്പോ നിനക്കും അതുപോലൊരെണ്ണം കിട്ടി.
അന്ന് നിന്റെയപ്പന് നിന്നെ ഫ്രീയായിട്ട് കിട്ടി...

ഇന്ന് നീയെന്നെ പാടി തോൽപ്പിച്ചു വാങ്ങി ... അത്രേ ഉള്ളൂ...

കൂടി നിന്നവരുടെ ഇടയിൽ നിന്നും അച്ഛൻ പെങ്ങളുടെ മകൻ വിവേക് അത് പറയുമ്പോൾ എന്റെ ഉള്ളംകൈ ആകെ പെരുത്തു തുടങ്ങിയിരുന്നു.
അന്നാദ്യമായിട്ടാണ് അവനിൽ നിന്നും ഞാനത് കേട്ടത്.

എന്നു ചെയ്യണമെന്നറിയാതെ മനസും ശരീരവും ഒരു പോലെ തളരാൻ തുടങ്ങിയിരുന്നു. നിന്ന നിൽപ്പിലങ്ങ് ഉരുകി ഇല്ലാതായാൽ മതിയായിരുന്നു.

ലളിതഗാനത്തിനും കവിതാപാരായണത്തിനും പ്രസംഗത്തിനും കിട്ടിയ ട്രോഫികൾ വലിച്ചെറിഞ്ഞ് വീട്ടിലേക്ക് ഒറ്റ നടത്തമായിരുന്നു.

കേട്ടത് സത്യമാകല്ലെയെന്ന് പ്രാർത്ഥിച്ച് ഞാനാ ചോദ്യവുമായി അമ്മയുടെ അടുക്കലെത്തി.
എന്റെ ഓരോ ചോദ്യങ്ങളും അമ്മയുടെ മനസിലും ഓരോ കൊള്ളിയാൻ മിന്നുന്നതു പോലായിരുന്നു...
തപ്പി തടഞ്ഞും എങ്ങും തൊടാതെയുമുള്ള അമ്മയുടെ മറുപടികൾ എന്നെ കൂടുതൽ കരയിപ്പിച്ചു.

അമ്മയേക്കാളും വിശ്വസ്തൻ എനിക്കെന്റെ അച്ഛനാണല്ലോ എന്ന തോന്നലിൽ ഞാൻ നേരെ ചെന്നത് അച്ഛന്റെ മുറിയിലേക്കായിരുന്നു.

മുകളിലത്തെ മുറിയിലെ കാലു പൊട്ടിയ മേശ ശരിയാക്കലിന്റെ തിരക്കിലായിരുന്നു അച്ഛൻ.

യാതൊരു മുഖവുരയുമില്ലാതെ ആ ചെക്കൻ പറഞ്ഞതൊക്കെ നേരു തന്നെയാ എന്നച്ഛൻ പറഞ്ഞപ്പോഴും ഒരാശ്വാസ വാക്കിനു വേണ്ടിയും തലോടലിനുമായി കൊതിച്ച എന്റെ കൈക്കാലുകളും മനസും തളർന്നുതുടങ്ങിയിരുന്നു.

അന്നുവരെ ഞാൻ ബഹുമാനിച്ചിരുന്ന, സ്വന്തമെന്ന് കരുതിയ അച്ഛൻ എന്റെ സ്വന്തമായിരുന്നില്ലെന്ന സത്യം തിരിച്ചറിയുവാൻ പിന്നേം സമയമെടുത്തു ..

എന്റെ കാലുകൾക്ക് വേഗത കുറഞ്ഞു വന്നു. മനസ് അതിവേഗത്തിൽ എന്നെക്കാൾ മുൻ പേ തന്നെ പലയിടത്തും സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.

ഡാൻസ് പഠിക്കണം എന്ന വാശിക്കു മുന്നിലും ചെണ്ട പഠിക്കണമെന്ന ആഗ്രഹത്തിനും എതിരില്ലാതെ എന്നെ പ്രോത്സാഹിപ്പിച്ചതും അച്ഛനായിരുന്നു.

എന്റെ അരങ്ങേറ്റ സമയത്ത് അമ്മ അച്ഛന്റെ പിന്നിൽ മാറി നിന്നപ്പോൾ പൂജിച്ച ചിലങ്കകൾ എന്റെ കാലിൽ അണിയിച്ച് തന്നതും അച്ഛനായിരുന്നു..... അതു കണ്ട് കഴുത്തിൽ കിടന്ന ഓങ്കാര മുദ്രയിലെ താലി നെഞ്ചോട് ചേർത്ത് പിടിച്ച് അമ്മ കരഞ്ഞപ്പോൾ 
അന്നാദ്യമായി അമ്മയുടെ കഴുത്തിലെ ഇരട്ടത്താലി ഞാൻ കാണാനിടയായതും...

ചോദിക്കാൻ മറന്ന ആ ചോദ്യം ഇന്നെന്റെ ഉറക്കം കെടുത്തി തുടങ്ങിയിരുന്നു.

പല തീരുമാനങ്ങളും അമ്മ കൈകൊണ്ടത് അച്ഛനിൽ നിന്നായിരുന്നു.

ഒരു സ്ത്രീക്ക് ആദ്യം വേണ്ടത് സ്വന്തം തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള കഴിവാണെന്ന് പല തവണ ഞാൻ അമ്മയോട് പറയുമ്പോഴും അച്ഛന്റെ തീരുമാനങ്ങൾ തന്നെയാ എന്റേതും എന്ന നിലപാടിൽ അമ്മ ഉറച്ച് നിൽക്കുകയായിരുന്നു.

ഓരോ ഓർമ്മകളും എന്നെ കൂടുതൽ വേദനിപ്പിച്ചു.
അവിടുന്ന് നേരെ ഇറങ്ങിപ്പോയത് വടക്കേ വളപ്പിലെ തണൽ മരമായ വളർന്നു മാനംമുട്ടെ നിൽക്കുന്ന മുത്തശ്ശിമാവിൻ ചുവട്ടിലേക്കായിരുന്നു ...

മിക്ക ദിവസങ്ങളിലും ഒത്തൊരുമയോടെയുള്ള ഞങ്ങളുടെ സന്തോഷങ്ങൾക്ക് സാക്ഷിയായതും ഈ മുത്തശ്ശിമാവായിരുന്നു.
അതിനു താഴെയായി വിശാലമായിനീണ്ടു നിവർന്നു കിടക്കുന്ന വയലോരവും ...

ഈ കാണുന്ന വയലൊക്കെ എന്റെ മോൾക്കുംഅവരുടെ കുഞ്ഞുമക്കൾക്കും വേണ്ടിയുള്ളതാ....
മറ്റൊരു അവകാശിയും വരില്ലയെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുകയും വീട് കഴിഞ്ഞാൽ ബാക്കി വരുന്ന നേരങ്ങളിലൊക്കെയും വയലിൽ മാത്രം അച്ഛൻ സമയം ചെലവഴിച്ചിരുന്നതും എന്റെ മനസിലങ്ങനെ തെളിഞ്ഞു വന്നു..

അവിടെ മൂരാനായതും വിളഞ്ഞ് നിൽക്കുന്നതുമായ പാടത്തിലെ നെൽക്കതിരുകൾ കൂട്ടത്തോടെ പിഴുത് അപ്പുറത്തെ തോട്ടിലേക്കൊരേറായിരുന്നു ...
ഉള്ള ദേഷ്യം മുഴുവനും ആ വിളഞ്ഞു തുടങ്ങിയ കതിരുകളോട് ഞാൻ ചെയ്തപ്പോൾ കരിഞ്ഞുണങ്ങിയ ഈ വെയിലും സഹിച്ച് ഇതൊക്കെനട്ടുപിടിപ്പിച്ചത് അച്ഛനായിരുന്നുവെന്ന സത്യം മറന്നു പോയിരുന്നു ഞാൻ.

ഓരോ ദിവസവും അച്ഛനു മുഖം കൊടുക്കാതെ പകൽനേരങ്ങളിൽ സ്കൂളിലും വൈകീട്ട് ട്യൂഷൻ സെന്ററിലും അധിക സമയം ചെലവഴിച്ച് എന്നും ഞാൻ ഒരു മണിക്കൂർ വൈകിയെത്താൻതുടങ്ങി .
പത്താം ക്ലാസുക്കാരിയെന്ന ഓർമ്മ പോലും എനിക്കില്ലാതായി ..

വല്ലതും കഴിച്ചെന്ന മട്ടിൽ അമ്മയുടെ ചോദ്യങ്ങളെ ഭയന്ന് അന്നുവരെ കതകു കുറ്റിയിടാതെ കിടന്നിരുന്ന ഞാൻ പിന്നീട് നേരത്തെ കതക് കുറ്റിയിട്ട് ഉറങ്ങാൻ തുടങ്ങി.

കുറച്ച് മാസങ്ങൾക്കു മുൻപുവരെ ഇരുട്ടിനെ പേടിയോടെയായിരുന്നു ഞാൻ നോക്കി കണ്ടിരുന്നത്. രാത്രി കാലങ്ങളിൽ അപ്പുറത്തെ മുറിയിൽ നിന്നും അച്ഛൻ വന്ന് ലൈറ്റ് ഓഫ് ചെയ്ത് പുതപ്പൊക്കെ പുതപ്പിച്ച് എന്റെ നെറുകയിൽ ഒരു ഉമ്മ ഒക്കെ തന്നിരുന്നത് ഒരു പതിവുശീലമായിരുന്നു .
പതിയെ ആ ശീലങ്ങൾക്ക് മാറ്റം വരുത്താനായിരുന്നു ഞാൻ കതക് കുറ്റിയിട്ട് ഉറങ്ങാൻ തീരുമാനിച്ചത് .

എവിടെന്നോ കിട്ടിയ ധൈര്യം .... അതെന്റെ ഉറക്കം കെടുത്തിക്കൊണ്ട് എന്നോട് തന്നെ പല ചോദ്യങ്ങളും ഉന്നയിക്കാൻ തുടങ്ങിയിരുന്നു .

കോലായിലും വരാന്തയിലുമൊക്കെ അമ്മയ്ക്ക് ആശ്വാസവാക്കുകളുമായ് അച്ഛൻ പിറകെ നടക്കുന്ന കാഴ്ച്ചകൾ എന്നിൽ കൂടുതൽ രോഷം ജനിപ്പിച്ചു....

എങ്ങും എവിടെയം പീഡനങ്ങൾ ...

സ്കൂളിലെ കൗൺസിലിംഗ് ക്ലാസിൽ നിന്നും കിട്ടിയ അറിവിൽ നിന്നും രക്ത ബന്ധങ്ങൾ പോലും ഒന്നിനും മടിക്കില്ലയെന്ന അറിവിൽ നിന്നും അച്ഛനല്ലാത്ത ഒരാളുടെ സാമീപ്യം എന്നിലും വെറുപ്പ് സമ്പാദിച്ചു. 
കൗൺസിലർ ആയ കവിത മാഡത്തിന്റെ മുന്നിൽ അന്നുവരെ ഞാനനുഭവിച്ച സൗഭാഗ്യങ്ങളെല്ലാം ഒറ്റനിമിഷത്തിൽ തകർന്നടിയാനുണ്ടായ സാഹചര്യവും തുടർന്നുള്ള മാനസിക പ്രയാസങ്ങളും വിവരിച്ചു ഞാൻ ..

നിന്റെ അച്ഛന്റെ മരണത്തോടെ അമ്മ ഒരിക്കലും രണ്ടാമതൊരു വിവാഹം പോലും കഴിക്കില്ലെന്ന നിർബന്ധത്തിലിരിക്കയായിരുന്നു.
നാട്ടുക്കാരുടെ പരിഹാസങ്ങളെ ഭയന്ന് മൂന്നു വയസുള്ള നിന്നേം കൊണ്ട് മരിക്കാൻ വരെ തയ്യാറായിരുന്നു നിന്റെയമ്മ.

രണ്ടാനച്ഛൻ സ്വമേധയ നിന്റെ അമ്മയെ വിവാഹം കഴിക്കുമ്പോൾ ആ ചെറിയ മണ്ഡപത്തിനു മുന്നിലൂടെ ഓടിച്ചാടി നടന്ന നിനക്കന്ന് പ്രായം മൂന്ന് വയസായിരുന്നു.
പെണ്ണിനൊപ്പം ഒരു ട്രോഫിയും സമ്മാനമായി ലഭിച്ച മഹാനെന്ന പേര് നിന്റെയ്യച്ഛന് എല്ലാവരും ചാർത്തിക്കൊടുത്തു.
കൂടുതലും പരിഹസിച്ചത് ബന്ധുക്കൾ തന്നെയായിരുന്നു ...

ആൾക്കാർ കൂടി നിന്നിടത്തു നിന്നും പരിഹാസം കലർന്ന വാക്കുകൾക്ക് മറുപടി പറയാതെ എന്നും പുഞ്ചിരിച്ചു നടന്നു നീങ്ങുകയായിരുന്നു ആ മനുഷ്യൻ.
ഇന്നു കാണുന്ന നീ അനുഭവിക്കുന്ന സൗഭാഗ്യങ്ങളെല്ലാം നേടി തന്ന വലിയ മനുഷ്യനാണദ്ദേഹം.
ഇന്നുവരെ യാതൊരു കുറവും വരുത്താതെ തന്നെ വളർത്തിയതല്ലേ നിന്നെ...
ആ അച്ഛന്റെ കരുതലിൽ വളർന്ന നീയാണിന്ന് ആ മനസിനെ കുത്തിനോവിക്കുന്നത് ...

എന്റെയച്ഛൻ?....

വിവാഹം കഴിഞ്ഞ് നിന്റെ അമ്മയോടൊപ്പം രണ്ടു മാസം വരെ ഒന്നിച്ചു ജീവിക്കാനുള്ള അവസരം മാത്രേ ദൈവം തന്നുള്ളൂ...
വിവാഹ ശേഷം രണ്ടു മാസത്തെ അവധി കഴിഞ്ഞ് പോയതാ. 
ഒരച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തോടെ
ഒരുപാടു സ്വപ്നങ്ങളുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കൊതിയുമായി.....

പക് ഷേ രണ്ടര വർഷത്തെ അവധിക്കു തിരികെ നാട്ടിലെത്തിയത് ജീവനറ്റ ശരീരവുമായാണ് ....

രണ്ടു മാസക്കാലം മാത്രം ഭർത്താവുമായി ഒന്നിച്ച് ജീവിക്കേണ്ടി വന്ന ഹതഭാഗ്യയായ ഒരു പെണ്ണിന്റെ മാനത്തിനും അവളുടെ ഉടയാത്ത ശരീരത്തിനും വിലയുറപ്പിക്കാൻ നിരവധി പേർ വരിവരിയായി വന്നു നിന്നു...
വന്നവർക്കെല്ലാം അന്ന് നീയൊരു തടസമായിരുന്നു.
ഒരു പക് ഷേ നിന്റെ അമ്മയും അതുപോലെ ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് നീ ...........

മതീ .......
രണ്ടു കൈകളിൽ ഞാനെന്റെ ചെവി പൊത്തി ....

സ്കൂളിൽ നിന്നും അന്നുച്ചയ്ക്ക് തിരികെ വരുമ്പോൾ അനുസരണയില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
വടക്കേ വളപ്പിലൂടെ ഓരോന്ന് ചിന്തിച്ച് നടന്നതും പൊരിയുന്ന ആ വെയിലിൽ വരമ്പിലൂടെ തൂമ്പയുമേന്തി നടക്കുന്ന അച്ഛനെക്കണ്ടു ഞാൻ.

ഓടിച്ചെന്നാ കൈകൾ രണ്ടും മുറുകെ കൂട്ടിപ്പിടിച്ചു ഞാൻ.

 

അപ്പടി അഴുക്കാണല്ലോ പൊന്നേയെന്നു വിളിച്ച് അച്ഛൻ ചേർത്തു നിർത്തുമ്പോൾ വയലിന്റെ തെക്കെയറ്റത്തുള്ള വളർന്നു പന്തലിച്ച മാവിൻ ചുവട്ടിലെ തണലിൽ ആശ്വാസത്തോടെ എന്റെയമ്മയും നിൽപ്പുണ്ടായിരുന്നു ...

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ