ഫാമിലിഗ്രൂപ്പ്‌

ഫാമിലിഗ്രൂപ്പ്‌

ഫാമിലിഗ്രൂപ്പ്‌

നീണ്ട ഇടവേളക്ക്‌ ശേഷം, ഒരവധികാലത്ത്‌ എല്ലാവരും ഒരുമിച്ച്‌ കൂടി , മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളും ചേർന്ന്‌ ആകെയൊരു ഉത്സവമേളം തീർത്തു അവിടെ.......

റിട്ടയേർട്‌ ഹെഡ്‌മാസ്‌റ്റർ ചാക്കോയും പ്രിയപത്‌നി അന്നമ്മാ ചാക്കോയും മാത്രം താമസിക്കുന്ന ആ വലിയ തറവാട്‌....മുറ്റത്തെ കരിയിലകളുടെ മാത്രം ശബ്‌ദം കേട്ടിരുന്ന ആ തറവാട്ടില്‍ ഇന്ന്‌ സന്തോഷത്തിന്റെ ദിവസമാണ്‌......

എടീ...അന്നാമ്മേ....

എന്നതാ ഇച്ചായാ....

നീ ഒന്നിങ്ങ്‌ വന്നേ....ഇത്‌ ആരക്കൊയാ വന്നിരിക്കുന്നത്‌ എന്ന്‌ നോക്കിയേ.....

ആഹാ....ഇത്‌ ആരൊക്കെയാ.....സ്വന്തം മക്കളാന്ന്‌ പറഞ്ഞിട്ട്‌ എന്തുവാ കാര്യം...ഈ അപ്പനേയും അമ്മച്ചിയേയും കുറിച്ച്‌ വല്ല വിചാരണ്ടോന്ന്‌ നോക്കിക്കേ.....

മക്കളെ കണ്ടപ്പാട്‌ അന്നാമ്മ പരിഭവം പറച്ചില്‍ തുടങ്ങി....അല്ലാ...അവരെ പറഞ്ഞിട്ടും കാര്യമില്ല....എട്ട്‌ മക്കളുണ്ടായിട്ടും വളർന്ന്‌ ഒരോരുത്തരും അവരുടേതായ ലോകത്ത്‌ എത്തിയപ്പോഴേക്കും തറവാട്ടിലേക്കുള്ള അവരുടെ വരവ്‌ നന്നേ ചുരുക്കമായിരുന്നു.....

അത്‌ എന്നാ വർത്താനാ അമ്മച്ചീ പറയുന്നത്‌.....ഇവിടെ ഓരോ തിരക്കല്ലായോ....എന്നാലും അപ്പായുടേയും അമ്മച്ചീടേയും കാര്യത്തില്‍ എന്തേലും കുറവ്‌ വരിത്തീണ്ടോ ഞങ്ങള്‌......

മാസം മാസം നിങ്ങള്‍ അയച്ച്‌ തരുന്ന പണത്തില്‍ തീരുന്നതാണോ ജോണിക്കുട്ടീ ഞങ്ങളും നിങ്ങളും തമ്മിലുള്ള ബന്ധം......

അപ്പച്ചാ ....അപ്പച്ചന്റെ കാല്‍മുട്ട്‌ വേദനയൊക്കെ കുറവുണ്ടോ....ഉണ്ടെന്ന്‌ പറഞ്ഞാ അത്‌ കള്ളമാണന്ന്‌ ഈ മാത്തുക്കുട്ടിക്ക്‌ അറിയാം...അതെങ്ങനാ ഒരു നേരം അപ്പച്ചന്‍ ഒരിടത്ത്‌ ഇരിക്കത്തില്ലല്ലോ......ഞാന്‍ എത്ര തവണ പറഞ്ഞതാ ആ പശുക്കളേയും തൊടിയിലെ റബറുമെല്ലാം കിട്ടുന്ന പൈസക്ക്‌ വിറ്റ്‌ ഒഴിവാക്കാന്‍.....

മോനെ മാത്തുക്കുട്ടി അത്‌ങ്ങളെ വിറ്റിട്ട്‌ പിന്നെ ഞാന്‍ എന്ത്‌ ചെയ്യാനാടാ ഉവ്വെ....നിങ്ങള്‍ എല്ലാവരും ഇവിടെന്ന്‌ പോയതില്‍ പിന്നെ എന്റെയും പിന്നെ നിന്റെ അമ്മച്ചീടെയും കൊച്ചുവർത്താനവും സങ്കടവുമൊക്കെ കേള്‍ക്കാന്‍ ആ പശുക്കളും തൊടീലെ ആ നാല്‌ മൂട്‌ റബറും മാത്രയുള്ളടാ.....അത്‌ങ്ങളെ വിറ്റ്‌ റിട്ടയേർട്‌ ഹെഡ്‌മാസ്‌റ്റർ ഒറ്റപ്ലാമൂട്ടില്‍ ചാക്കോയും ഭാര്യ അന്നമ്മാചാക്കോയും ഇവിടെ ജീവിച്ചിരിക്കുന്നണ്ട്‌ എന്ന ബോർഡും എഴുതി തൂക്കി അടങ്ങി ഒതുങ്ങി കഴിയാനാണോ നീ പറയുന്നത്‌....

പഴയ നക്‌സലൈറ്റ്‌ വിപ്ലവകാരിയുടെ കെടാ കനല്‍ അപ്പച്ചന്റെ ഉള്ളില്‍ ഇപ്പഴും ഉണ്ടന്നറിയാമായിരുന്ന മാത്തുക്കുട്ടി പിന്നെ ഒന്നും പറയാന്‍ പോയില്ല......

മോളി കുട്ടി നിന്റെ ഇളയതിനെ ഞാന്‍ ഇത്‌വരെ ഒന്ന്‌ കണ്ടിട്ട്‌ പോലുമില്ല....

അതെന്നാ അമ്മച്ചീ അവനല്ലേ ഇത്‌....

തന്റെ കൊച്ചുമോനെ കണ്‍കുളിർക്കെ കണ്ട്‌ അന്നാമ്മ ഒന്ന്‌ നെടുവീർപ്പിട്ടു....

പരിഭവം പറച്ചിലും വിശേഷങ്ങളുമൊക്കെയായി സമയം പോയത്‌ അറിഞ്ഞില്ല.....

ആ....അപ്പച്ചാ എന്നാ പിന്നെ ഞങ്ങള്‍ ഇറങ്ങുവാന്നേ....ഇവിടെ സമയം ഒരുപാട്‌ ആയി....ആന്‍സിമോള്‍ക്ക്‌ നാളെ എക്‌സാം ഉള്ളതാ.....ഇനി പിന്നീടൊരിക്കല്‍ ഓണ്‍ലൈനില്‍ വരാം.....

ഒറ്റപ്ലാമൂട്ടില്‍ ഫാമിലി വാട്ട്‌സപ്പ്‌ ഗ്രൂപ്പിന്റെ അഡ്‌മിന്‍ എന്ന നിലയില്‍ ഈ ജോണിക്കുട്ടി ഗ്രൂപ്പിലെ എല്ലാ മെമ്പേഴ്‌സിനോടും പറയുന്നു....ഇന്ന്‌ ഒരുമിച്ച്‌ ഓണ്‍ലൈനില്‍ കൂടിയത്‌ പോലെ മാസത്തിലൊരിക്കലെങ്കിലും ഒരുമിച്ച്‌ കൂടുവാന്‍ എല്ലാവരും ശ്രദ്ധ കാണിക്കണം.....ഇനി എല്ലാവരും അപ്പച്ചഌം അമ്മച്ചിക്കും ക്രിസ്‌തുമസ്‌ വിഷ്‌ പറഞ്ഞു ഉറങ്ങിക്കോളൂ.......

ഗ്രൂപ്പിലെ അവസാന വരികളും വായിച്ചെടുത്ത്‌ ഒന്ന്‌ നെടുവീർപ്പിട്ടു ചാക്കോ മാഷും അന്നമ്മയും.....

അന്നാമ്മേ.....ഈ വാട്ട്‌സപ്പ്‌ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ മക്കള്‍ നമ്മളെ മറക്കുവായിരിക്കും അല്ലിയോ....

അമർത്തിയൊന്ന്‌ മൂളുക മാത്രം ചെയ്‌തു അന്നാമ്മ.....അതിലെല്ലാം ഉണ്ടായിരുന്നു.....

 

എല്ലാവരുമുണ്ടായിട്ടും അഌഭവിക്കേണ്ടിവന്ന ഒറ്റപെടലിന്റെ നൊമ്പരത്തില്‍ അവരിരുപേരും മുഖത്തോട്‌ മുഖം നോക്കിയിരുന്നു.....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ