ചില ബന്ധങ്ങൾ

ചില ബന്ധങ്ങൾ

ചില ബന്ധങ്ങൾ

ആ കല്യാണപ്പെണ്ണിന് ഇച്ചിരി കൂടി ചോറു വിളമ്പിക്കേ .....

കുറച്ചൂടി വണ്ണം വെയ്ക്കട്ടെ ....

ദിനേശേട്ടാ നിങ്ങള് ഇങ്ങനെ വാരിവലിച്ചു കഴിക്കല്ലേ,....

ഇനി അതിനേം കൂടി പരിഗണിച്ചേക്കണേ...

കൂട്ടച്ചിരികൾക്കിടയിൽ നിന്നും ശബ്ദം കേട്ടിടത്തേക്ക് ഒരു ചമ്മലോടെയാണ് ഞാൻ തിരിഞ്ഞു നോക്കിയത്.
കല്യാണം കഴിഞ്ഞ് വന്ന ദിവസം രാത്രിയിൽ
വിശാലമായ മുറ്റത്തിരുന്ന് എല്ലാവർക്കുമൊപ്പം ചേർന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു പത്തൊൻപതോ ഇരുപതോ വയസിനോടടുത്ത അവൻ ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.

ഓരോ ചെറിയ ചെറിയ തമാശകൾ പറഞ്ഞ് ഞങ്ങൾക്കിടയിൽ അവൻ സ്വയം കോമാളിയാവുകയായിരുന്നു. 
എല്ലാം കേൾക്കുന്ന എനിക്ക് മാത്രം ചിരി വരുന്നു എന്നല്ലാതെ കുടുംബാംഗങ്ങൾ ആരും തന്നെ അവന്റെ തമാശ ആസ്വദിക്കുന്നില്ല ..

പിന്നീടുള്ള ഓരോ ദിവസവും
രാവിലത്തെ ചായയ്ക്കും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണ സമയങ്ങളിൽ അവൻ കൃത്യത പാലിച്ചു വീട്ടിലെത്തി.
ക്രമേണ അവൻ എന്നോടും അടുത്തു.

രാഷ്ട്രീയപരമായും സാംസ്ക്കാരികപരമായുള്ള പല കാര്യങ്ങൾ ചർച്ച ചെയ്ത് ഒടുക്കം ഞങ്ങൾ ഇന്ത്യയും പാക്കിസ്ഥാനുമായി മാറും .... ആ പിണക്കം മാറുന്നത് രണ്ടു ദിവസം കഴിഞ്ഞുള്ള മറ്റൊരു ചർച്ചയുടെ തുടക്കത്തിലൂടെയാവും .

അവനോട് കൂടുതൽ അടുക്കാൻ നിക്കണ്ട ... കുടുംബം മൊത്തം ഭ്രാന്തന്മാരായെന്ന് അച്ഛൻ പറഞ്ഞപ്പോൾ അച്ഛനോട് അന്നാദ്യമായി ദേഷ്യം തോന്നിപോയി...

ചേച്ചി നമുക്ക് കുറച്ച് കുട്ടികൾക്ക് ട്യൂഷൻ തുടങ്ങിയാലോ ....മാത് സും
ഇംഗ്ലീഷും ചേച്ചി കൈകാര്യം ചെയ്തോളൂ.... ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം....

ദിനേശേട്ടനോട് ഞാനിക്കാര്യം പറഞ്ഞപ്പോൾ പരിഹാസവും പുച്ഛവും കലർന്നൊരു ചിരി മാത്രമേ മറുപടിയായി കിട്ടിയുള്ളൂ ...

പിന്നെ മൂന്നു നാലു ദിവസത്തേക്ക് അവന്റെ വിവരമൊന്നും ഇല്ലായിരുന്നു .

കുറച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു അവൻ വീണ്ടും വന്നത്..

ചേച്ചീ ഇവിടെ പുതുതായി തുടങ്ങിയ അക്ഷയ സെന്ററിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനറിയാവുന്ന ഒരാളെ വേണം.
ചേച്ചിക്ക് സമ്മതമാണെങ്കിൽ നാളെത്തന്നെ പോകാം ....
അതു കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ വരെ പിന്നേം അവൻ വീട്ടിലെക്കൊന്നും വന്നതേയില്ല.

രണ്ടാം തവണയും പറ്റിക്കപ്പെട്ടപ്പോൾ ഉറഞ്ഞു തുള്ളി ഞാൻ.
നീ പ്രാന്തൻ തന്നെയാ .....
ഒന്നു രണ്ടു സ്ക്രൂ നിനക്ക് ലൂസാണെന്നും പറഞ്ഞ് കളിയാക്കി ...

കളിയാക്കലിനെതിരെ ഒരു വാക്കു പോലും പറയാതെ മുഖം വീർപ്പിച്ച് അവൻ നടന്നപ്പോൾ ഉള്ളിന്റെയുള്ളിൽ എനിക്കും വേദന തോന്നിപോയി.

കാർത്തിയേട്ടന്റെ അച്ഛൻ വലിയ ഉദ്യോഗസ്ഥനാ... അവർക്ക് മറ്റൊരിടത്ത് വേറെ ഭാര്യേം കുട്ടികളും ഒക്കെ ഉണ്ട് ...
കാർത്തിയേട്ടന്റെ അമ്മയ്ക്ക് മാനസികമായി ചെറിയ പ്രശ്നം.. ഒന്നു രണ്ടു കൊല്ലായിട്ട് ദൂരെ ഏതോ ആശുപത്രിലാ .. ഒരു ചേച്ചിയുണ്ട് വീട്ടിൽ .. 
ആ അച്ഛൻ ഇവരെ നോക്കാറൊന്നുമില്ല ..

ദിനേശേട്ടന്റെ ചേച്ചീടെ മോള് അച്ചൂസ് അതു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഒറ്റ മോളായി വളർന്നതുകൊണ്ടും സഹോദരങ്ങളായി ആരും ഇല്ലാത്തതിന്റെ വേദനയും അവഗണനയും ഒരുപാടനുഭവിച്ചിട്ടുള്ളതുകൊണ്ടും ഞാനെന്റെ അനിയന്റെ സ്ഥാനത്ത് അവനെ പ്രതിഷ്ഠിച്ചു...

ഹിമേ നീയറിഞ്ഞില്ലേ നിന്റെ അനിയനൊരുത്തൻ ഇല്ലേ ... അവനിപ്പോ സ്വന്തംപെങ്ങളെ കൂടി തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു.

ഇനി നീ അധികം കൂട്ടുകൂടണ്ടയെന്ന് ദിനേശേട്ടൻ പറഞ്ഞപ്പോൾ വല്ലാത്തൊരു നീറ്റലനുഭവപ്പെട്ടു .

പിന്നീടങ്ങോട്ട് കാർത്തികിനോട് ഞാനും അകലം കാണിച്ചു ..

പെങ്ങളെ മറ്റൊരുവന്റെ കൂടെ കിടപ്പുമുറിയിൽ രാത്രി ഒരുമിച്ച് കണ്ടതിന് എനിക്കാണ് ഭ്രാന്തെന്നും പറഞ്ഞ് അലറി വിളിച്ച് നാട്ടുക്കാരെ കൂട്ടിയ അവളെ ഞാൻ കൊല്ലണ്ടേ എന്റെ ഹിമേച്ചിയേ എന്നവൻ പറഞ്ഞപ്പോൾ ഉത്തരം മുട്ടി ഞാനും നിന്നു പോയി ..

കുറച്ച് ദിവസത്തിനു ശേഷം അവന്റെ ചേച്ചി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ഇവൻ കാരണമാണെന്നും നാട്ടിൽ ഊഹം പടർന്നു. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

അവളൊക്കെ ഭൂമിക്ക് ഭാരമാണെന്ന് ഉള്ളാലെ ഞാനും പറഞ്ഞു.

ഒരു വൈകുന്നേരം മഴയുള്ളൊരാ ദിവസം
ഹിമേച്ചി വാതിലടച്ച് കുറ്റിയിട്ടോ കാർത്തി ഇറങ്ങിട്ടുണ്ട് അവന് പ്രാന്താണെന്നും അച്ചുസ് വിളിച്ചു പറഞ്ഞപ്പോൾ തളർന്നു പോയി ഞാൻ ..
പഴഞ്ചൻ ഫുൾ കൈ ഷർട്ടും നിലത്തേക്കിട്ടു വലിച്ച നീളൻ പാൻറും ധരിച്ച് റോഡിലൂടെ ഓടി പോകുന്ന രൂപം ഒരു മിന്നായം പോലെ ഞാനും കണ്ടു ..

രാത്രിയിലെ ശക്തമായ ഇടിമുട്ടലിൽ ജനൽ ഇളകി മറിയും പോലൊരു തോന്നൽ.ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ജനലടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മഴയിൽ കുതിർന്ന അവനെ ഞാൻ കണ്ടത്.

കാർത്തീ .... എന്തായിത്?

അവൻ വായയുടെ മുകളിൽ കൈവച്ച് ഒച്ചയുണ്ടാക്കല്ലേ എന്നൊരംഗ്യം കാണിച്ചു ..

ചേച്ചി ഇത്തിരി കഞ്ഞി വെള്ളം തരുമോ?
വിശന്നിട്ട് വയ്യ ...

മറ്റാരേം വിളിക്കല്ലേ....

ദിനേശേട്ടനാന്നെങ്കിൽ ജോലിയാവശ്യത്തിനായി കാലിക്കറ്റ് വരെ പോയ ദിവസവും. ഞാനും മോളും മാത്രം മുറിയിൽ .

അൽപ്പം പേടി തോന്നിയെങ്കിലും അതു പുറത്തു കാണിക്കാതെ അൽപ്പം ചോറും കറിയും പാത്രത്തിലാക്കി അടുക്കുവശത്തിലൂടെ എടുത്തു കൊടുത്തു ഞാൻ. ചായ്പ്പിനോടു ചേർന്ന വിറകുപുരയുടെ അടുത്തായി മഴയിൽ നനഞ്ഞ് നിലത്തിരുന്ന് ഒരു പിടി കഴിക്കും മുന്നേ കള്ളൻ .... കള്ളൻ....എന്ന ശബ്ദവുമായി നിരവധി പേർ ഓടി വന്നു. ചോറടങ്ങിയ പാത്രം തട്ടിയെറിഞ്ഞ് അവൻ ഇരുളിന്റെ, മറവിലേക്ക് ഓടിയകന്നു .

ആ ചെക്കനു ഭ്രാന്താ.... ഇപ്പോ പിടിച്ചുപറിയും മോഷണവും ഒക്കെ തുടങ്ങിയെന്ന്.... ഓടി വന്നവർക്കിടയിൽ നിന്നും ദാമുവേട്ടൻ അച്ഛനോടത് പറയുമ്പോൾ കുത്തിയൊലിച്ച മഴവെള്ളത്തിലൂടെ ഒഴുകി പോകുന്ന ഓരോ മണിവറ്റിനേയും പാത്രത്തേയും ഞാൻ മാറി മാറി നോക്കി നിന്നു.

എന്നെ ദഹിപ്പിക്കും പോലുള്ള നോട്ടം അച്ഛനിൽ നിന്നുണ്ടായി..

അച്ചൂസേ എന്താ ഇന്നലെ സംഭവിച്ചത്.?
രണ്ട് ദിവസം മുൻപേ കറന്റ് പോയ നേരത്ത് രമേച്ചിന്റെ വീട്ടിലെ അടുക്കളയിൽ കാർത്തി കയറിപ്പോലും....
പെട്ടെന്ന് കറൻറ് വന്നപ്പോ അവനെ കൈയോടെ എല്ലാവരും ചേർന്ന് പിടിച്ചടിച്ചു.

ആരുടെയും ബെഡ് റൂമിനകത്തൊന്നും അവൻ കയറിയില്ലാല്ലോ?

പിന്നെയെന്തിനാണ് ..?

ചേച്ചി എന്തിനാ അവന്റെ ഓരം ചേർന്ന് സംസാരിക്കുന്നത്?

ഞാനാരേം പിൻതാങ്ങിയതൊന്നുമല്ല.
നമ്മളെപ്പോഴും സത്യത്തിന്റെ കൂടെയല്ലേ നിൽക്കേണ്ടത്.

പിന്നേ...... ഇനിയുമുണ്ട് കാര്യങ്ങൾ.

ഇന്നലെ വൈകീട്ട് രവിയേട്ടന്റെ കടയിൽ നിന്നും ടോർച്ചും കുറച്ച് ബേക്കറിയും എടുത്ത് അവൻ ഓടിയെന്ന്..

അതിനാണോ ഇന്നലെ രാത്രീല് ആൾക്കാര് അവനേം അന്വേഷിച്ച് ഇവിടെയൊക്കെയെത്തിയത്.

ഹിമേ എന്താ ഇങ്ങനെ ചിന്തിച്ചോണ്ടിരിക്കുന്നത്?
അന്ന് വൈകീട്ടത്തെ കുടുംബശ്രീ മീറ്റിംഗിനിടയിൽ സരളേച്ചിയാണ് അത് ചോദിച്ചത്.
നമ്മുടെ കാർത്തികിന്റെ കാര്യം തന്നെയാ.... അല്ലാതെന്ത്?

തർക്കിച്ചു വാദിച്ചു നിന്ന എന്റെ നേരെ എല്ലാവരും ചേർന്ന് മുനയുള്ള അസ്ത്രങ്ങൾ തൊടുതുവിട്ടു. എന്റെ നേരെ പഴികൾ ഉയർന്നു വന്നു.

നാട്ടുക്കാരൊക്കെ പറയണപോലെ അവനും നീയും തമ്മിൽ .....

നിന്റെ വീടിന്റെ അകം വരെ കയറാനുള്ള ലൈസൻസ് അവനു മാത്രമല്ലേയുള്ളൂ...

പ്രായവും ബഹുമാനവും മറന്ന് സരളേച്ചിയുടെ മുഖത്ത് എന്റെ കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

ആങ്ങളെയെ ആങ്ങളയുടെ സ്ഥാനത്തും അച്ഛനെ അച്ഛന്റ സ്ഥാനത്തു കാണാനുമുള്ള സാമാന്യ മര്യാദ എനിക്കുണ്ട്... ആണും പെണ്ണും കെട്ടതിനോട് തർക്കിച്ച് കാര്യമില്ലാലോ..... ഞാൻ തിരിഞ്ഞു നടന്നു.

പിന്നീട് നാട്ടിലെ കുറെ പേർ ചേർന്ന് കാർത്തികിന് എന്റെ ജാരന്റെ സ്ഥാനം നൽകി .. എല്ലാം കേട്ടറിഞ്ഞിട്ടും ഞാനെന്റെ ശരിയിൽ തന്നെ ഉറച്ചു നിന്നു.
എന്റെ തെറ്റുകളും ശരികളും എല്ലാം എനിക്ക് ബോധ്യപ്പെടുത്തേണ്ടിയിരുന്നത് ദിനേശേട്ടന്റെ മുൻപിൽ മാത്രമായിരുന്നു .

പിന്നീടുള്ള കുറച്ചു മാസക്കാലം കാർത്തി കിന്റെ വിവരമൊന്നും ഇല്ലായിരുന്നു .
അമ്മയുടെ കൂടെ ചികിത്സയിലാണെന്നും ഏതോ ആശ്രമത്തിലാണെന്നും ആരൊക്കെയോ പറയുന്നതായി ഞാനും അറിഞ്ഞു...

ഒരിക്കൽ മോളേം കൂട്ടി നാട്ടിലെ ആശുപത്രിയിൽ ചെന്നപ്പോൾ ടോക്കൺ വൈകീട്ടു മാത്രേ ഉള്ളൂവെന്നറിഞ്ഞിട്ട് ഞങ്ങൾ നേരെ ഗുരുകുലാശ്രമം വരെ ചെന്നു ...
ശാന്തമായ അന്തരീക്ഷത്തിലിരുന്ന് പലതും സംസാരിച്ചോണ്ടിരിക്കുന്ന നേരത്താണ് ദിനേശേട്ടൻ എന്നെ വിളിച്ചത്.
ഹിമേ.... അങ്ങു ദൂരെ നോക്കിയേ ...
നിന്റെ അനിയനാണോ?

മുടിയും താടിയും നീട്ടി വളർത്തി ഒരു കാഷായ വസ്ത്രധാരി,...
സംശയത്തോടെ ഞാനവന്റെ സമീപം ചെന്ന് ഉറക്കെ വിളിച്ചൂ ....

കാർത്തീ ....

കാർത്തീ.....

ആശ്രമത്തിലെ അന്തേവാസികൾ ചുറ്റും കൂടി ... 
സ്നേഹബന്ധങ്ങൾ ഉപേക്ഷിച്ചു വന്ന് ആശ്രമ ജീവിതം നയിക്കുന്നവരെ പ്രലോഭിപ്പിക്കരുത് ...
സ്വാമിമാരത് പറയുമ്പോൾ അവന്റെ കൺകോണിലൂടെ കണ്ണുനീർ തുള്ളികൾ ഉതിർന്നു വീഴുന്നത് ഞാനും കണ്ടു...

 

നാട്ടുക്കാരുടെ ഭ്രാന്തനെന്ന വിളിയില്ലാതെ ഒരു നേരത്തെ ഭക്ഷണം കഴിച്ച് അവനവിടെ കഴിയുന്നത് നല്ലതു തന്നെയാ.... ദിനേശേട്ടൻ അതു പറയുമ്പോൾ രക്തബന്ധമില്ലാതെ സ്നേഹബന്ധം കൊണ്ടു മാത്രം കുറച്ചു നാളായി കിട്ടിയ സഹോദരനെ നഷ്ടമായി പോയ വിങ്ങലിലായിരുന്നു ഞാൻ....

 

 

-Shalini Vijayan

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ