നേർവഴി

നേർവഴി

നേർവഴി

നേർവഴിക്ക്

തലേന്ന് രാത്രി ക്രിക്കറ്റ്  മത്സരം കണ്ടുകൊണ്ടിരുന്നതിനാൽ ഉണരാൻ
വൈകി.എട്ടു മണിയോളം ആയിക്കാണണം.ചായ ഫ്ലാസ്ക് റെഡിയാക്കി ഭാര്യ സുമ വന്നു
പോയിരിക്കുന്നു .ഒന്നും അറിഞ്ഞില്ല. ശ്രദ്ധിച്ചപ്പോൾ അടുത്ത വീട്ടിലെ
ടീവിയിൽ ഇഷ്ടഗാനം കേൾക്കുന്നു .ഗൈഡിൽ റാഫി സാബ് പാടിയ അനശ്വര ഗാനം  -തേരേ
മേരേ സപ്നേ .....എഴുന്നേറ്റു ഫ്ലാസ്കിൽ നിന്ന് ചായ പകരുമ്പോളേക്ക് അടുത്ത
വരി  വന്നു -തേരേ  സുഖ് അബ് മേരേ.. ....സ്വന്തം ഭാര്യയെ  ഇതിലും നന്നായി
എങ്ങിനെ സമാധാനിപ്പിക്കും  ?ഇതെഴുതിയ കവി  ഒരു ഉത്തമ ദാമ്പത്യ ബന്ധം
നല്ലതു പോലെ വിലയിരുത്തുന്നതുപോലെ തോന്നി.പെട്ടെന്ന് സുമ കടന്നു വന്നു
ചോദിച്ചു-ചായ ഇനീം കഴിച്ചില്ലേ ?മധു റെഡിയായി ഇരിക്കുന്നു .

ഓ,മറന്നു പോയി.അവനു രാവിലെ എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു .രാത്രി
അവൻ അല്പം മുഷിഞ്ഞു സംസാരിച്ചിരുന്നു.അവൻ എത്തിയിട്ട് നാലു നാളായി
.അച്ഛനെ സമാധാനമായി കിട്ടുന്നില്ല .പെൻഷൻ ആയാലും അച്ഛന് ഇങ്ങിനെ തിരക്കോ
?

ഒട്ടു മുഷിയാതെ തന്നെ അവനോടു പറയേണ്ടി വന്നു-ഡാ മധു ഞാൻ നിന്റെ അച്ഛനാണ്
എന്നത് സത്യം.നീ വല്ലപ്പോഴും വരുമ്പോൾ നിന്നോട് അല്പം സംസാരിക്കണം
എന്നതും സത്യം.പക്ഷ ഞാൻ നിന്റെ അച്ഛൻ മാത്രമല്ല മോനെ ,ഞാൻ ഒരു സമൂഹ ജീവി
കൂടിയാണ്.ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ എന്റെ കൂട്ടുകാരൻ ജോണിനൊപ്പം
ആയിരുന്നു .അയാളുടെ ഭാര്യ ആസ്പത്രിയിൽ സർജറി കഴിഞ്ഞു കിടക്കയാണ്.അവനു
ഇവിടെ വേറെ ബന്ധുക്കൾ ആരുമില്ല എന്ന് നിനക്കറിയാമല്ലോ.എനിക്ക് ജോണിനെ
മറക്കാൻ കഴിയില്ല.നീ കുഞ്ഞായിരുന്നപ്പോൾ അയാളുടെ കുടുംബം ഞങ്ങളെ ഒത്തിരി
സഹായിച്ചിട്ടുണ്ട്.നിന്റെ  അമ്മയോട്  ചോദിച്ചാൽ കഥകൾ പറഞ്ഞു തരും

അതോടെ അവൻ പത്തി താഴ്ത്തി.നാളെ രാവിലെ സംസാരിക്കാം എന്ന് പറഞ്ഞു അവൻ
കിടക്കാൻ പോയി.കളി കാണാൻ  പോലും കൂട്ടാക്കാതെ.ഓരോരുത്തനും അവനവന്റെ
കാര്യം മാത്രം എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് തോന്നിപ്പോയി .ഒരു
അമേരിക്കൻ കമ്പനിയിൽ ഒരു ലക്ഷത്തിനടുപ്പിച്ചു മാസ ശമ്പളം വാങ്ങുന്നവൻ
.കുട്ടിക്കാലം മുതൽ സാമൂഹ്യ പ്രതിബദ്ധത എന്തെന്ന് പറഞ്ഞുകൊടുത്തു
വളർത്തിക്കൊണ്ടു വന്നവൻ.

ചായ കഴിച്ചു താഴെ എത്തുമ്പോൾ മധു പത്രം വായിക്കുന്നു.അച്ഛനെ കണ്ട പാടെ
എഴുന്നേറ്റു ആദരവ് കട്ടി.നന്ന് , അത് മറന്നിട്ടില്ല.

അവൻ തന്നെ തുടങ്ങി -അച്ഛാ ഞാൻ ഇന്നലെ തെറ്റ് വല്ലതും പറഞ്ഞുപോയെങ്കിൽ
മാപ്പാക്കണം എന്റെ പ്രയാസം കൊണ്ട് പറഞ്ഞു പോയതാണ്.ഇന്നേക്ക് നാലാം
ദിവസമാണ് ഞാൻ എത്തീട്ട് .ഇനി രണ്ടീസം കൂടിയല്ലേ എനിക്കുള്ളൂ എന്ന്
അച്ഛനും അറിയുന്നതാണല്ലോ.മറ്റെന്നാൾ രാത്രിയാണല്ലോ ഫ്ലൈറ്റ്.ഉച്ച കഴിഞ്ഞു
പോയാലല്ലേ സമയത്തു കൊച്ചീലെത്തൂ ..

ശരിയെടാ നീയ് തെറ്റൊന്നും പറഞ്ഞില്ലല്ലോ.വിട്ടുകള .ഇന്നും നാളെയും ഞാൻ
നിനക്കായി മാറ്റിവച്ചിരിക്കുന്നു .മാത്രമല്ല , നിനക്കിപ്പോൾ ഇരുപത്തി
എട്ടു നടപ്പാണ്.ഇനി നിന്നെ ഇങ്ങിനെ വിടാൻ ഞാനും സുമയും
തീരുമാനിച്ചിട്ടില്ല
അതേപ്പറ്റി പറയാനും കൂടിയാണ് ഞാനിപ്പോൾ വന്നത് അച്ഛാ .എന്റെ കൂടെ
പണിയെടുക്കുന്ന ഒരു കുട്ടിയുണ്ട് .ഒറ്റപ്പാലത്താണ് വീട് .ഞങ്ങൾ രണ്ടു
പേരും പരസ്പരം ഇഷ്ടപ്പെട്ടു .എല്ലാർക്കും ഇഷ്ടമായാൽ അത് മതി അച്ഛാ.ഞാൻ
അമ്മയോട് പറഞ്ഞിട്ടുണ്ട് .'അമ്മ പറഞ്ഞു അച്ഛന്റെ അനുവാദം വേണമെന്ന്.

സുമയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ണിറുക്കി കട്ടി തല
കുലുക്കി-തനിക്കു സമ്മതമാണ് എന്ന ഭാവത്തോടെ.

അല്ല മോനെ, ഞാൻ എതിർത്താൽ നീയ് അവളെ വേണ്ട എന്ന് വെക്കുമോ?

അച്ഛാ , അതിപ്പോ ...

അപ്പൊ എന്റെ എതിർപ്പിൽ കാര്യമില്ല എന്ന്.ആയിക്കോട്ടെ മോനെ , നീ  ഞങ്ങടെ
പണി എളുപ്പമാക്കി .പക്ഷെ ഒരു കാര്യം ഇതിന്റെ നല്ലതും ചീത്തയും എല്ലാം
നിന്റെ അക്കൗണ്ടിലെ പോകൂ .ഞങ്ങളെ ഒന്നിനും കൂട്ട് പിടിക്കരുത്.ആട്ടെ ,
വിവാഹം പാരമ്പര്യ രീതിയിൽ വേണോ അതോ രജിസ്റ്റർ കല്യാണം മതിയോ ?

അച്ഛാ അവളുടെ അച്ഛനും അമ്മയും പറയുന്നത് കല്യാണം ആഘോഷമായി തന്നെ വേണമെന്നാ .

അപ്പൊ പുരോഗമനം സ്വന്തമായി ആളെ കണ്ടുപിടിക്കുന്നത് വരെയെന്നു സാരം .

ഞാൻ പറയേണ്ടത് പറഞ്ഞു.ബാക്കി അച്ഛന്റെ ഇഷ്ടം ..

ശരി .നമുക്ക് ഒരു കാര്യം ചെയ്യാം.നീ ഇനി രണ്ടു ദിവസം കൂടിയല്ലേ ഉള്ളൂ
.നമുക്ക് ഇന്ന് തന്നെ അങ്ങോട്ടു പോയാലോ ?കുട്ടിയുടെ അച്ഛന്റെ പേരെന്താ ?

അതൊന്നും എനിക്കറിയില്ല അച്ഛാ .എന്റെ പക്കൽ അവളുടെ നമ്പർ മാത്രമേ
ഉള്ളൂ.അവൾ ഇപ്പോൾ വീട്ടിൽ ഉണ്ടാവും

എന്നാൽ അവളെ വിളിച്ചു ചോദിക്കു.
മധു  മുകളിലേക്ക് പോയി.ഫോൺ അവിടെയാവും .കുറെ കഴിഞ്ഞു തിരികെ എത്തി പറഞ്ഞു
-അവർ അവിടെ ഉണ്ട്  അച്ഛാ.

അപ്പൊ സുമേ  , കാപ്പി എടുത്തുവക്കു , നമുക്ക് മൂന്നാൾക്കും കൂടി അവിടം
വരെ ഒന്ന് പോയി വരം...

ഞാൻ വേണോ?സുമയുടെ സംശയം.

അല്ല, നീയ് അവന്റെ 'അമ്മ തന്നെയല്ലേ ?എന്റെ ഭാര്യയല്ലേ ?അങ്ങിനെയെങ്കിൽ
നീയ്യ് കൂടി ഉണ്ടാവണം .

അയ്യോ വരാമേ ..അവൾ ഭക്ഷണം  എടുത്തു വക്കാൻ  പോയി.

ഏതാണ്ട് പത്തു മണിയോടെ മധു വണ്ടിയെടുത്തു .  ഷൊർനൂർ വഴി ഒറ്റപ്പാലം
ഭാഗത്തേക്ക് തിരിഞ്ഞു .ലക്കിടി ജംഗ്ഷനിൽ നിന്ന് തിരുവില്ല്വാമലക്ക്
പോകുന്ന വഴിയിലേക്ക് കാർ  തിരിഞ്ഞു.വഴി എന്തോ പരിചയം തോന്നി.

വീട്ടുനടയിൽ വണ്ടിനിറുത്തിയപ്പോൾ ഒരു പരിചിത മുഖം കണ്ടു.ശിവശങ്കരനല്ലേ
അത്?ഉവ്വ് ,അവൻ തന്നെ.തന്നോടൊപ്പം പ്രീ ഡിഗ്രിക്ക് പട്ടാമ്പി കോളേജിൽ
പഠിച്ചവൻ .

കാറിൽ നിന്ന് ഇറങ്ങേണ്ട താമസം, ശിവശങ്കരൻ ഓടി തന്റെ അടുക്കലേക്കു വന്നു
ചോദിച്ചു-ടോ  വാസു , എത്ര കൊല്ലമായെടോ നാം കണ്ടിട്ട്?താൻ ഡിഗ്രിക്ക്
പട്ടാമ്പിയിൽ തുടർന്നപ്പോൾ ഞാൻ ഒറ്റപ്പാലം കോളേജിൽ ചേർന്നു.അതോടെ നമ്മുടെ
ബന്ധം മുറിഞ്ഞു .ആട്ടെ താൻ പണ്ട് ഒരീസം വന്നു ഇവിടെ കൂടിയത്
ഓർക്കുന്നുണ്ടോ ?
പിന്നല്ലാണ്ടു് ?അന്ന് കഴിച്ച കറികളുടെ സ്വാദ് ഇപ്പോഴും നാക്കിൻ
തുമ്പത്തുണ്ട് .ആട്ടെ , 'അമ്മ സുഖമായിരിക്കുന്നോ ?
ആഹാ , അമ്മയുണ്ടെങ്കിൽ ഇപ്പോൾ തൊണ്ണൂറു കഴിഞ്ഞിരിക്കും.കഴിഞ്ഞ കൊല്ലം
പാവം കടന്നു  പോയെടോ .അധികം കഷ്ടപ്പെടുത്തിയില്ല .കയറി വാ.മോള് പറയുമ്പോൾ
ആരോ ആണെന്ന് ഞാൻ നിരീച്ചു.നിന്റെ പേര് അവൾക്കറിയില്ല.

മധുവിന്റെ സ്ഥിതിയും അത് തന്നെയാണെടോ .കുട്ടിയുടെ കുടുംബത്തെ പറ്റി അവൻ
ഒന്നും മനസ്സിലാക്കിയിട്ടില്ല.എന്തായാലും ദൈവം കല്പിച്ചു തന്ന ഒരു
അനുഗ്രഹമായി കരുതാം അല്ലേ ?

ഉവ്വെടോ , അതന്നെ ഞാനും ഇപ്പൊ കരുതുന്നത് .നിങ്ങൾ മൂന്നാളും
കയറിയിരിക്കു.നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം .

എന്ത് കാര്യം നമ്മൾ തമ്മിൽ?കുട്ടികൾ ഇഷ്ടപ്പെട്ടു .ഇനി എന്ത് കാര്യം
നമുക്ക് ചെയ്യാനുണ്ട് ?തീയതി നിശ്ചയിക്കുക , ചടങ്ങു അങ്ങട് നടത്തുക
എന്നതല്ലാതെ .

ജാതകം നോക്കണ്ടെടോ ?

എന്തിനാ ശിവാ ?ഇനി നോക്കി എന്തെങ്കിലും ചേർച്ചക്കുറവ് കണ്ടാൽ നമുക്ക്
ഒഴിവാക്കാൻ പറ്റോ?
ഇല്ലില്ല , എന്നാലും ഒരു നാട്ടു നടപ്പ് , അത്രേള്ളൂ ..

അതൊക്കെ താ ൻ നോക്കിക്കോ.

മിണ്ടാട്ടമില്ലാതിരുന്ന സുമ ഒന്ന് മുരടനക്കി.ഒരു നോട്ടത്തിലൂടെ അവളെ
മെരുക്കി .ഒരു അമ്മയുടെ വികാരം മനസ്സിലാക്കാതെ അല്ല , അവസരത്തിനൊത്തു
ഉയരണം എന്നല്ലേ പ്രമാണം?

ഇതിനിടെ കുട്ടി വന്നു -ശ്യാമ എന്നാണ് അവളുടെ പേര്.നല്ല വിനയം ഉള്ള
പെരുമാറ്റമായി തോന്നി.ആരംഭ ശൂരത്വം ആകാം , അല്ലാതെയും ആകാം .

ശിവശങ്കരൻ പറഞ്ഞു -വാസ്തവത്തിൽ ഈ ജാതകപ്പൊരുത്തത്തിലൊന്നും വലിയ
കാര്യമില്ല.താൻ നമ്മുടെ കൂടെയുണ്ടായിരുന്ന വിനയനെ ഓർക്കുന്നുണ്ടോ ?

പിന്നില്ലേ? ആ സുന്ദരക്കുട്ടപ്പൻ .അവനെ മറക്കാൻ പറ്റുമോ?
അവന്റെ കഥ രസമാണ് .ജാതകപ്പൊരുത്തുവും, അതും പത്തിൽ പത്തും , പെണ്ണിന്
നല്ല മുടി വേണം , നല്ല സൗന്ദര്യം വേണം ഇതൊക്കെ ആയിരുന്നു അവന്റെ
ഡിമാൻഡ്.അവന്റെ അച്ഛൻ അതെല്ലാം സാധിച്ചുകൊടുത്തു .കിം ഫലം ?രണ്ടു കൊല്ലം
കഴിയുന്നതിനു മുമ്പേ അടി വച്ച് പിരിഞ്ഞു.ഒരു കുട്ടി ഉണ്ടായിരുന്നത് അവൾ
കൊണ്ടുപോയി.അവനാകട്ടെ എന്തോ പോയ അണ്ണനെ പോലെ ഇളിഭ്യനായി
ജീവിക്കുന്നു.സെർവിസിൽ  നിന്ന് വിരമിച്ചു , ഇപ്പോൾ ഭക്തി മാർഗം.അല്ലേലും
നിരാശ ബാധിക്കുന്ന ചില എഭ്യന്മാരുടെ താവളമാണല്ലോ ഭക്തി .ബുദ്ധിയുള്ളവർ
യുക്തി കൊണ്ട് കാര്യങ്ങളെ നേരിടുന്നു.അത് പോട്ടെ.നമുക്ക് നമ്മുടെ കാര്യം
ഭംഗിയായി
നടത്താം. ജാതകം ഞാൻ നോക്കാം.അല്ലേലും  ജാതക ചേർച്ചയല്ലല്ലോ , മനസ്സിന്റെ
ചേർച്ചയല്ലേ മുഖ്യം , നമ്മുടെ കുഞ്ഞുങ്ങൾക്കു അതുണ്ടല്ലോ.

അതന്നെ.....

അങ്ങിനെ പ്രാഥമിക  ചർച്ചകൾക്കും അനന്തരം നടന്ന കൂടിച്ചേരലുകൾക്കും   ശേഷം
വിവാഹത്തീയതി ഉറപ്പിച്ചു .

വിവാഹദിനം അടുത്തുവരുമ്പോളേക്കും വിളികളുടെ എണ്ണവും കൂടി.മധുവും ശ്യാമയും
കൂടി  ബംഗളുരുവിൽ ഒരു വാടകവീടിനു അഡ്വാൻസ് കൊടുത്തു .കല്യാണച്ചടങ്ങുകൾ
പൂർത്തിയാകുന്ന മുറക്ക് അങ്ങട് താമസം മാറാൻ .

കാര്യങ്ങൾ ഭംഗിയായി നടന്നു.എല്ലാവരും കൂടി ബംഗളുരുവിൽ പോയി മധു-ശ്യാമ
ദമ്പതിമാരുടെ വീടുകൂടൽ ആഘോഷിച്ചു.ശ്യാമയുടെ അമ്മയെ രണ്ടീസം അവിടെ
താമസത്തിനു വിട്ടു മറ്റുള്ളവർ തിരികെ വന്നു.ശ്യാമ പുതിയ അടുക്കളയുമായി
പൊരുത്തപ്പെടണമല്ലോ അതും കഴിഞ്ഞു അവർ മടങ്ങി.മധുവും ശ്യാമയും ജീവിതം
തുടങ്ങി.
മൂന്നു മാസത്തോളം അങ്ങിനെ കടന്നുപോയി.ഫോണിലും സ്കൈപ്പിലും ഒക്കെയായി
എല്ലാവരും അങ്ങോട്ടും  ഇങ്ങോട്ടുമൊക്കെ സംസാരം തുടർന്നു . അത് കഴിഞ്ഞു
ക്രമേണ ബന്ധങ്ങളുടെ ഊഷ്മളത കുറഞ്ഞതുപോലെ തോന്നി .

ഒരു നാൾ പതിവ് സമയം തെറ്റിച്ചു മധുവിന്റെ ഫോൺ വന്നു .ശ്യാമ എവിടെ എന്ന
ചോദ്യത്തിന് ഒറ്റപ്പാലത്തേക്കു പോയി എന്ന ഒഴുക്കൻ മറുപടി വന്നു.നീ പിന്നെ
എന്താ  വരാഞ്ഞത് എന്ന ചോദ്യത്തിന് ലീവ് കിട്ടിയില്ല എന്ന മറുപടി.അവന്റെ
ഫോൺ കട്ട് ചെയ്ത ഉടനെ ശിവശങ്കരനെ വിളിച്ചു.അവനും അത്ര സന്തോഷത്തിലല്ല
.ശ്യാമ ഒന്നും പറയുന്നില്ല , എന്തെങ്കിലും ചോദിച്ചാൽ കരച്ചിലാണ് മറുപടി
എന്ന് പറഞ്ഞു .

എന്തായാലും ഒറ്റപ്പാലം വരെ ഒന്ന് പോകാമെന്നു തീരുമാനിച്ചു.സുമയോട്
പറഞ്ഞപ്പോൾ അവളും റെഡി.ബസ്സിൽ പോകാമെന്നു തീരുമാനിച്ചു.റിട്ടയർ ആയതിനു
ശേഷം കാർ അങ്ങിനെ  എടുക്കാറില്ല .ഒരു  വിശ്വാസക്കുറവ് .കാഴ്ച ശരിയല്ലേ
എന്നൊരു സംശയം .

ഒരു മണിക്കൂറിനു ശേഷം ബസ് ലക്കിടി ജംഗ്ഷനിൽ എത്തി.ഒരു ഓട്ടോ എടുത്തു
ശ്യാമയുടെ വീടെത്തി.
ഭാഗ്യം ,ശിവശങ്കരൻ ഉണ്ടായിരുന്നു.അറിയിക്കാതെ ചെന്നതിൽ കക്ഷിക്ക്
അദ്ഭുതം.സന്തോഷത്തോടെ അതിഥികളെ  സ്വീകരിച്ചു് ഇരുത്തിയ ശേഷം ശ്യാമയെയും
അമ്മയെയും വിളിച്ചു.ശ്യാമയുടെ മുഖത്തെ  തെളിച്ചക്കുറവ്
ശ്രദ്ധിച്ചു.സുമയും മനസിലാക്കിയിട്ടുണ്ടാവും.അവൾ സുമയുടെ അടുത്ത് വന്നു
നിന്ന് കരയാൻ തുടങ്ങി.സുമ ചോദിച്ചു- എന്ത് പറ്റി  മോളെ?അവൻ ഒന്നും
പറഞ്ഞില്ല.
കണ്ണീർ തുടച്ചു അവൾ പറഞ്ഞു -ഒന്നുമില്ലമ്മേ.മധുവിന് ഒന്നിനും
ഉത്തരവാദിത്വം എടുക്കാൻ വയ്യ.രണ്ടു പേരും ജോലിക്കു പോകുമ്പോൾ അങ്ങോട്ടും
ഇങ്ങോട്ടും സഹകരിക്കണ്ടേ?എനിക്ക് ജോലി ചെയ്യാൻ ഒരു മടിയുമില്ല.പക്ഷേ
രാവിലെ എട്ടു മണിക്ക് ഓഫീസിൽ പഞ്ച് ചെയ്യണം.വൈകുന്നേരം അഞ്ചു  മണി വരെ
ഒരു വിശ്രമം ഇല്ലാത്ത പണി .ഞാൻ ജോലി വിടാമെന്ന് ഒന്ന് രണ്ടു തവണ
പറഞ്ഞു.അതിനും മധു തയ്യാറല്ല .

സുമ ഇടപെട്ടു -പഴേ കാലമല്ല .സ്ത്രീകൾ ജോലിക്കു പോകുന്ന വീടുകളിൽ
പുരുഷന്മാർ സഹകരിച്ചില്ലെങ്കിൽ ബുദ്ധിമുട്ടല്ലേ ?നിങ്ങൾ എത്ര മണിക്ക്
ഉറങ്ങാൻ കിടക്കും?

ശ്യാമ പറഞ്ഞു -അതെങ്ങിനെ അമ്മെ?മധു ആറു മണിയോടെ വീട്ടിലെത്തും.പിന്നെ
ടീവി യുടെ മുന്നിലാണ്.എന്നെയും പിടിച്ചിരുത്തും .ചപ്പാത്തി മാവ് കുഴക്കാൻ
സഹായത്തിനു  വിളിച്ചാൽ പോലും വരില്ല.രാവിലെ ഞാൻ ആറു മണിയോടെ
ഉണരും.ഏഴുമണിയോടെ ജോലി തീർത്തില്ലെങ്കിൽ എനിക്ക് എട്ടു മണിക്ക് ഓഫീസിൽ
കയറാൻ പറ്റില്ല.മിക്കവാറും ബ്രേക്ക് ഫാസ്റ്റ് റൊട്ടിയാവും .അതിനു മധുവിന്
പരിഭവം.

എന്റെ ക്ഷമ കെട്ടു ചോദിച്ചുപോയി-ബംഗളുരുവിൽ അടുക്കള പണിക്കു ആരെയും കിട്ടൂലെ ?

ശ്യാമ  പറഞ്ഞു- ഇത്തിരി മിനക്കെട്ടൽ കിട്ടും അച്ഛാ .ശമ്പളം പതിനായിരം
രൂപ.അത് കൊടുക്കാനും മധുവിന് ഇഷ്ടമില്ല.അതിനു  കക്ഷി
കണ്ടുപിടിച്ചിരിക്കുന്നു സൂത്രം അടുക്കള പണിക്ക് വല്ലവരെയും  നിറുത്തിയാൽ
വൃത്തി കുറയുമെന്നാണ് .

ഇത്രയും നേരിൽ മിണ്ടാട്ടമില്ലാതിരുന്ന ശിവശങ്കരൻ ചാടി വീണു-ഇപ്പൊ തനിക്കു
മനസ്സിലായല്ലോ.ഇനി താൻ പറയ് എന്ത് ചെയ്യണമെന്ന് .ഞങ്ങൾ എന്ത്
വേണമെങ്കിലും ചെയ്യാൻ റെഡി .ഒരു പത്തീസം അവിടെ പോയി നിൽക്കണമോ , ചെയ്യാം.

അത് വേണ്ടടോ .എനിക്ക് കാര്യം പിടി കിട്ടി.നമുക്ക് കടിച്ച പാമ്പിനെ കൊണ്ട്
തന്നെ വിഷം മാറ്റാം .

വീട്ടിൽ തിരികെ എത്തിയ ഉടനെ മധുവിനെ ഫോണിൽ വിളിച്ചു , അച്ഛന് അസുഖം
കൂടിയതിനാൽ അടിയന്തിരമായി നാലു ദിവസം ലീവ് എടുത്തു വരൻ പറഞ്ഞു.അവൻ
ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും
ശക്തമായി തന്നെ അനുസരിക്കണമെന്നു ആവശ്യപ്പെട്ടപ്പോൾ  അവന്  വഴങ്ങേണ്ടി വന്നു.
പിറ്റേന്ന് വെളുപ്പിന് തന്നെ കാളിങ് ബെൽ ശബ്ദം കേട്ട് നോക്കിയപ്പോൾ മധു
വെളുക്കെ ചിരിച്ചു നിൽക്കുന്നു .
അകത്തേക്ക് വിളിച്ചു കുളിച്ചു വരാൻ പറഞ്ഞു.പത്തു മിനിറ്റ് കൊണ്ട് അവൻ
റെഡി.സുമയും  മൂന്നു ചായയുമായി  റെഡി.

അവൻ ഇരിക്കുന്നതിന് മുമ്പ് തന്നെ വിചാരണ തുടങ്ങി.
അല്ലെടാ , നീയ് ഞങ്ങളെ കരി വാരി തേക്കാൻ തന്നെയാണോ പുറപ്പാട് ?

അവനു എന്തോ ഒരു നിമിഷം നിയന്ത്രണം വിട്ടത് പോലെ തോന്നി.അവന്റെ ചോദ്യം
വന്നു -അല്ല ,അച്ഛൻ എന്റെ ഭാഗത്താണോ അതോ അച്ഛന്റെ കൂട്ടുകാരനോടൊപ്പമാണോ?
തന്റെ നിയന്ത്രണവും അല്പം നഷ്ടപ്പെട്ടു .അവനോടു പറഞ്ഞു -ഡാ മധു , ഞാൻ
ശിവശങ്കരനെ നേരത്തെ അറിയും എന്ന് നിനക്ക് ബോധ്യമായ ആ നിമിഷം തന്നെ
നിനക്ക് ഈ ബന്ധത്തിൽ നിന്ന് പിന്മാറാമായിരുന്നല്ലോ .പിന്നെ ,ഞാൻ ഇവിടെ
ആരുടെയും ആളല്ല.ഒരു കുടുംബം നേരെ ചൊവ്വേ പോകണം എന്ന് കരുതുന്ന അനേകം
പേരിൽ ഒരാൾ മാത്രമാണ് ഞാൻ.ഞങ്ങളെ നോക്ക് ,ഞാൻ വിവാഹശേഷമാണ് സുമയെ
പരിചയപ്പെട്ടത് .ഞങ്ങളുടെ ജീവിതത്തിൽ  ഒരു  ഘട്ടത്തിലും  ഞങ്ങൾ
രണ്ടുപേരും തമ്മിൽ ഒരു ദിവസം പോലും ഈഗോയുടെ പേരിൽ പിരിഞ്ഞിരുന്നിട്ടില്ല
.അത് എന്റെ മാത്രം മിടുക്കല്ല , അവളുടെയും കൂടിയാണ്.നീയ്  ഇതെല്ലാം
കണ്ടല്ലേ ഞങ്ങളോടൊപ്പം വളർന്നത് .എന്നിട്ടു നീ എവിടുന്നു പഠിച്ചു ഇത്തരം
കാര്യങ്ങൾ ?

ഞാൻ എന്ത് ചെയ്തു എന്നാണ് അച്ഛൻ പറഞ്ഞു വരുന്നത് ?
ഡാ , ഒരു കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോൾ പക്വത പുലർത്തണം .അന്ന്
വരെ ഉണ്ടായിരുന്ന ചില നിലപാടുകൾ മാറ്റേണ്ടിവരും.വീട്ടിനുള്ളിൽ എന്തൊക്കെ
ചെയ്യാനുണ്ട് , ആരാണ് അതിന്റെ ഉത്തരവാദിത്വം എടുക്കേണ്ടത് ഇങ്ങിനെയുള്ള
കാര്യങ്ങൾ.നിനക്ക് എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറയ്.

മധു പറഞ്ഞു-എന്റെ അച്ഛാ , അവൾക്കു വീട്ടിലെ കാര്യങ്ങൾ നോക്കാൻ
താല്പര്യമില്ല.എട്ടു മണിയാകുമ്പോൾ ഓഫീസിൽ പഞ്ച് ചെയ്യണം -അത് മാത്രമേ
അവൾക്കു  ചിന്തയുള്ളു.ബ്രേക്ഫാസ്റ്റിനു റൊട്ടി തിന്നു ഞാൻ മടുത്തു.

സഹി കെട്ട് ചോദിച്ചുപോയി -അപ്പോൾ കല്യാണത്തിന് മുമ്പ് നിന്റെ ആഹാരം
വഴിയിൽ കണ്ട  ഹോട്ടലുകളിൽ ആയിരുന്നില്ലേ ?അപ്പോഴൊന്നും ഇല്ലാത്ത
രുചികേട് ഇപ്പോൾ എങ്ങിനെ വന്നു ?മാത്രമല്ല , രാവിലെ ഇങ്ങള് രണ്ടാളും
രാവിലെ അഞ്ചു മണിയോടെ എഴുന്നേറ്റാൽ  ജോലികൾ ഒരുമിച്ചു ചെയ്തു
തീർക്കാമല്ലോ .

അതിനു അച്ഛൻ അങ്ങിനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ .

അതിനു നിന്റെ അമ്മക്ക് ജോലി ഇല്ലായിരുന്നല്ലോ .നീ വേണമെങ്കിൽ
ശ്യാമയെക്കൊണ്ട് ജോലി രാജി വയ്പ്പിച്ചു ഒരു വീട്ടമ്മയായി വീട്ടിൽ നിർതു
.അവൾക്കു സമയം കിട്ടട്ടെ .

അയ്യോ അച്ഛാ അതെങ്ങിനെ ശരിയാകും ?ബംഗളുരുവിൽ വീട്ടു വാടക വളരെ ജാസ്തിയാണ്
.ഒരു ഫ്ലാറ്റ് വാങ്ങാൻ ചുരുങ്ങിയത് ഒരു കോ ടിയെങ്കിലും  വേണം.ലോൺ
എടുക്കാതെ പറ്റില്ല .അതിന്റെ അടവ് ചുരുങ്ങിയത് ഒരു ലക്ഷത്തോളം വരും മാസം
തോറും .രണ്ടു പേർക്കും വരുമാനമില്ലെങ്കിൽ ഇത് നടക്കില്ല.

കിട്ടിയ പിടിവള്ളി പാഴാക്കിയില്ല.ഞാൻ ചാടി വീണു -ഹ ഹ അങ്ങിനെ വരട്ടെ
.അവളുടെ പൈസയും വേണം നീയ്യ് അവളെ ഒന്നും സഹായിക്കാൻ തയ്യാറുമല്ല.ഡാ മധു ,
ഞങ്ങൾ രണ്ടു പേരും നിന്നെ ഇത്തരം ചീത്ത ചിന്താഗതികൾ പഠിപ്പിച്ചിട്ടില്ല
.നീ എവിടുന്നു ഇതൊക്കെ പഠിചു പൊന്നുമോനെ ?

അവൻ ഒരു കരച്ചിലിന്റെ വക്കത്തു എത്തിയപ്പോൾ തോന്നി .മിണ്ടാതിരുന്ന സുമ
അപ്പോൾ ഇടപെട്ടു -കഴിഞ്ഞത് കഴിഞ്ഞു  .നാം നാലുപേരും-ഞങ്ങൾ രണ്ടുപേരും,
നീയും ശ്യാമയും കൂടി നാളെ തന്നെ ബെംഗളുരുവിലേക്ക് പോകുന്നു പത്തു ദിവസം
ഞങ്ങൾ ഉണ്ടാവും.അതിനിടയിൽ നീ കാര്യങ്ങളെല്ലാം  ശരിയാക്കി
എടുത്തോണം.ഇല്ലെങ്കിൽ, നീ ഒരു മകൻ ഞങ്ങൾക്കില്ല എന്ന്
കരുതേണ്ടിവരും.മനസ്സിലായോ ?

ഇതിൽ അവനു ഉത്തരം മുട്ടി .ഞാൻ റെഡി എന്ന മട്ടിൽ ചിരിച്ചു എഴുനേറ്റു പോയി.

പിറ്റേന്ന് വെളുപ്പിന് മൂന്നാളും കൂടി കാറിൽ ഒറ്റപ്പാലം, അവിടുന്ന്
ശ്യാമയെയും കൂട്ടി ബെംഗളൂരു.സന്ധ്യ അടുപ്പിച്ചാണ് അവിടെ എത്തിപ്പെട്ടത്
.അത് കാരണം അന്നത്തെ ആഹാരം പുറത്തുനിന്ന് .

രാത്രി ശ്യാമയെയും കൂടെ ഇരുത്തി  മധുവിനോട് പറഞ്ഞ കാര്യങ്ങൾ മുഴുവൻ
പറഞ്ഞു.സുമ ഒരു ചോദ്യം കൂടി എറിഞ്ഞുകൊടുത്തു .ഇപ്പോഴേ ഇങ്ങിനെ ആയാൽ നാളെ
കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ എന്ത് ചെയ്യും ?

ശ്യാമ യാണ് അതിനു മറുപടി പറഞ്ഞത് -ഞങ്ങൾ കുറേക്കൂടി പരസ്പരം
മനസ്സിലാക്കിയതിനു ശേഷമേ കുട്ടികളുടെ കാര്യം ചിന്തിക്കൂ എന്ന് ഞങ്ങൾ ആദ്യ
ദിവസം തന്നെ തീരുമാനിച്ചു .

എന്നിട്ടു ഇങ്ങിനെയാണോ പരസ്പരം മനസ്സിലാക്കുന്നത് ?-സുമക്കു അക്ഷമയായി.

എല്ലാവരും ചിരിച്ചുപോയി.മധുവും ശ്യാമയും പങ്കു ചേർന്നു .കാര്യങ്ങൾ നേരെ
പോകുമെന്ന് തോന്നിത്തുടങ്ങി.അങ്ങിനെത്തന്നെയാകട്ടെ അല്ലെ? 

സി.പി.വി.നായർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ