ഉപകാരസ്മരണ

ഉപകാരസ്മരണ

ഉപകാരസ്മരണ

തിരക്കിട്ടു റയിൽവേ സ്റ്റേഷനിലത്തുമ്പോൾ വാസുവേട്ടന്റെ കോള്‍....

എന്താ വാസുവേട്ടാ...?

അതേ...

എന്റെയൊരു സഞ്ചിയുണ്ട് വണ്ടിയില്‍.. 

കുറച്ച് കാശും ഒരു റേഷന്‍കാര്‍ഡും അതിലുണ്ട് ..

ഒന്നിങ്ങട് തന്നെ  തിരിയ്ക്കാവോ ?

 

വീണ്ടും അരക്കിലോമീറ്റര്‍  പുറകോട്ട് പോയപ്പോള്‍ ആ പാവം  റോഡില്‍ തരിച്ചു നില്‍ക്കുന്നു...

 

നിര്‍ത്തിയ പാടേ ചാടിക്കയറി സകല മുക്കിലും മൂലയിലും അരിച്ചുപെറുക്കിയെങ്കിലും  വാസുവേട്ടന്റെ സഞ്ചി അതിലുണ്ടായിരുന്നില്ല...

 

നൂറുവട്ടം അയാള്‍  ഉറപ്പിച്ചു പറഞ്ഞു....

 

ഞാനിതില്‍ കയറുമ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്നു...

 

പതിനായിരം ഉറുപ്പികയും റേഷന്‍കാര്‍ഡും പോയല്ലോ ഭഗവാനേ..

 

തലയില്‍ കെെവച്ച ഇരുപ്പ് കണ്ട് വാസുവേട്ടനെ വണ്ടിയില്‍ കയറ്റിയ അതേ സ്ഥലത്തേയ്ക്ക്  ഞാന്‍ ചീറിപ്പാഞ്ഞു...

 

ദീര്‍ഘദൂരമോടി  അങ്ങാടിയിലെത്തിയപ്പോള്‍  വാസുവേട്ടനിറങ്ങി തൊട്ടടുത്ത കടയില്‍ ചോദിച്ചു...

 

ഒരു വെള്ള സഞ്ചി കണ്ടിരുന്നോ ?

 

ഏയ് ഇല്ലല്ലോ....

 

വണ്ടിയില്‍ കയറിയ വാസുവേട്ടന്‍ വീണ്ടും പറഞ്ഞു...

ഞാനീ കാറില്‍ കയറുമ്പോള്‍ സഞ്ചിയെന്റെ കയ്യിലുണ്ടായിരുന്നു...

പിന്നെയെങ്ങിനെ ആ സഞ്ചി ഇവിടെയുണ്ടാവും ?

 

ഞാന്‍ സംശയാലുവാകുന്ന തരത്തിലാണോ വാസുവേട്ടന്റെ ചോദ്യശരമെന്ന ചിന്തയില്‍ 

എന്തു മറുപടി പറയണമെന്നറിയാതെ വണ്ടി തിരിയ്ക്കുമ്പോള്‍ പിന്നിലേയ്ക്ക് നോക്കിയപ്പോള്‍ കണ്ണിലൊരു വല്ലാത്ത  തിളക്കം...

 

വാസുവേട്ടാ ആ മതിലിലിരിയ്ക്കുന്ന സഞ്ചിയാണോ ?

 

അതെ...

 

അയ്യോ ഞാന്‍ മൂത്രമൊഴിയ്ക്കുമ്പോള്‍ അറിയാതെ സഞ്ചിയതിന്റെ മുകളില്‍ വച്ചതാണ്.

 

വേഗമെടുത്ത് തുറന്നപ്പോള്‍ പറഞ്ഞകാശും പഞ്ചാര വാങ്ങാനുള്ള കാര്‍ഡും റെഡി ..

 

വീണ്ടും റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍ തീവണ്ടിയുടെ പിന്നാമ്പുറം ഒരു വിളിപ്പാടകലെ....

 

റിസര്‍വേഷന്‍ കേന്‍സലുചെയ്ത് വീട്ടിലേയ്ക്ക് പോരുമ്പോള്‍ കഴിഞ്ഞ കാര്യങ്ങളൊന്നുകൂടി വിശകലനം ചെയ്തു...

 

ടൗണില്‍ നിന്നു വരുമ്പോഴാണ് നാട്ടിലേയ്ക്ക് ബസ് കാത്തുനില്‍ക്കുന്ന വാസുവേട്ടനെ കണ്ടത്..

 

വണ്ടി പിറകോട്ട് തിരിച്ച് നിര്‍ബന്ധിച്ച്  കയറ്റിയതും ഞാന്‍ തന്നെ...

 

തെറ്റാരുടേതാണ് ?

 

വിളിച്ചുകയറ്റിയ ഞാനോ ?

 

മറന്നുവച്ച വാസുവേട്ടനോ ?

 

കഥ വീട്ടില്‍ പറഞ്ഞില്ല...

 

കാരണം വാസുവേട്ടന്‍  സഞ്ചിമറന്നതും ഞാന്‍ വിളിച്ചുകയറ്റിയതുകൊണ്ടാണെന്ന് അവള്‍ വാദിച്ചു ജയിയ്ക്കും....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ