സൈന്ധവി

സൈന്ധവി

സൈന്ധവി

കാറ്റടിച്ചു പൊഴിഞ്ഞു വീണ,  പഴുത്ത ഇലകൾ മുറ്റത്തു പരവതാനി തീർത്തു. രണ്ടു ദിവസങ്ങളിലായി കാറ്റിന്റെ സംഗീതവും മഴയുടെ താളവും കേട്ട്‌ ഭൂമി കോരിത്തരിച്ചു കിടക്കുന്നു. ഇന്ന് മഴ പെയ്തില്ല. ജനലിൽ കൂടി അരിച്ചിറങ്ങുന്ന നേർത്ത വെയിലിന്റെ ചൂടേറ്റ് കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ഹരി നിർബന്ധിതനായി. തിരുവനന്തപുരം ആണ് സ്വദേശം എങ്കിലും ജോലി സംബന്ധമായി മലപ്പുറത്തെ ഈ വാടക വീട്ടിൽ താമസിച്ചു വരികയാണ് ഈ ചെറുപ്പക്കാരൻ. ഓഫീസിൽ അത്യാവശ്യം സുഹൃത്തുക്കലുണ്ടെങ്കിലും ഏകാകിയായി കഴിയുന്നതിൽ ആയിരുന്നു അയാൾക്ക് താല്പര്യം. മൂർത്തി സർ ട്രാൻസ്ഫർ ആയി വന്നതിനു ശേഷം ആണെന്ന് പറയാം,  ഹരിയുടെ പ്യുപ്പായിൽ വിള്ളലുകൾ വീണു തുടങ്ങിയത്. അവിവാഹിതനായ ചെറുപ്പക്കാരന്റെ മൗനത്തിന്റെ പുറന്തോട് പൊട്ടിച്ചു കളഞ്ഞ്,  അവനെ ഒരു പൂമ്പാറ്റയായി പറത്താൻ അയാൾ ശ്രമിച്ചു. അതിൽ മൂർത്തി ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. അതിന്റെ തെളിവ്,  ഹരിയുടെ കണ്ണിൽ ഈയിടെ കണ്ടു തുടങ്ങിയ വെളിച്ചത്തിന്റെ കിരണങ്ങൾ. 

 

              ഓഫീസിൽ അന്ന് നല്ല തിരക്കായിരുന്നു. മഴ ദിവസങ്ങളിൽ ഉറഞ്ഞു കൂടിയ ആലസ്യം,  വെയിൽ ചൂടിൽ ഉരുകി തുടങ്ങി. ഹരിയുടെ നെറ്റിയിൽ പറ്റിപ്പിടിച്ച വിയർപ്പു മണികൾ മുകളിൽ കറങ്ങുന്ന ഫാനിനെ നോക്കി ചിരിച്ചു. മേശപ്പുറത്തു ചിതറി കിടന്ന അപേക്ഷ ഫോറങ്ങളിൽ ഒരെണ്ണം പെട്ടന്ന് അവന്റെ ശ്രദ്ധയിൽ പെട്ടു. വൃത്തിയുള്ള  കൈപ്പടയിലെ ഉരുണ്ട അക്ഷരങ്ങളിൽകൂടി സഞ്ചരിച്ച അവന്റെ കണ്ണുകൾ മുകളിൽ പതിച്ച ഫോട്ടോയിൽ ഉടക്കി. നെറ്റിൽ ചുവന്ന വട്ട പൊട്ടിട്ട ഒരു യുവതി. സെക്സ് കോളത്തിൽ എഴുതിയിരിക്കുന്നത് വായിച്ചു അവൻ അമ്പരന്നു.ആൺ- പെൺ വേർ തിരിവിനപ്പുറം കെട്ടു പിണഞ്ഞു കിടക്കുന്ന അഴിയാ കുരുക്ക് ഹരിയുടെ മനസ്സിൽ ഒന്നു കൂടി മുറുകി. 

 

              അവധി ദിനം. ഉച്ച തിരിഞ്ഞു,  കുട്ടികൾ

മാവിൻ ചുവട്ടിൽ കളിക്കുന്നത്തിനായി എത്തിച്ചേർന്നു. അവർ അഞ്ചു പേർ. ഹരി,  അപ്പു,  വിഷ്ണു,  പിന്നെ പ്രിയയും അനുവും. കൂട്ടത്തിൽ പൊക്കം കൂടിയ ഹരി,  നേതാവിന്റെ ഗർവിൽ ചാഞ്ഞ കൊമ്പിൽ കയറിഇരുന്നു. അന്നത്തെ കളിയിൽ രാജാവാകൻ അപ്പു മുന്നോട്ടു വന്നു. തടിച്ച പിൻഭാഗം കുലുക്കിയുള്ള അവന്റെ വരവും തുടുത്ത അധരം കടിച്ചുള്ള സംസാരവും കണ്ടു ബാക്കിയുള്ളവരിൽ ചിരി പടർന്നു. ചിരി പൊട്ടിച്ചിരിയായി മാറി. അത് ഹരിയിൽ തുടങ്ങി അനുവിൽ അവസാനിച്ചു. കൂട്ടുകാരുടെ നടുവിൽ അപമാനത്താൽ അപ്പുവിന്റെ മുഖം കുനിഞ്ഞു. അവരുടെ കളിയാക്കലുകൾ അവനിലെ ആൺകുട്ടിക്ക് സഹിക്കുന്നതിലും അപ്പുറത്തായിരുന്നു. 

 

        " താനെന്താടോ അപേക്ഷ ഫോം കയ്യിൽ പിടിച്ചു സ്വപ്നം കാണുന്നോ " മൂർത്തി സാറിന്റെ ശബ്ദം ഹരിയെ ഉണർത്തി

 മറുപടി ഒരു വിളറിയ ചിരിയിൽ ഒതുക്കി അവൻ ജോലി തുടർന്നു. 

 

         അവധി ദിനങ്ങൾ വീണ്ടും വന്നു കൊണ്ടിരുന്നു. മനസിനോട് പരിഭവിച്ചു വളരുന്ന ശരീരം നോക്കി നിസ്സഹായനായി,  അപ്പു വർഷങ്ങൾ തള്ളി നീക്കി. ഒറ്റ പെടലിന്റെ നീരാളി കൈകൾ ശ്വാസം മുട്ടിക്കാൻ തുടങ്ങിയപ്പോൾ അവൻ ഗ്രാമം വിട്ടു. പിന്നെ അവനെ ആരും കണ്ടില്ല. കൂട്ടുകാരുടെ മനസ്സിൽ നിന്നും അവൻ പതുക്കെ മാഞ്ഞു മാഞ്ഞു പോയി. 

 

        വൈകുന്നേരത്തെ സാഹിത്യ സദസ്സ് പതിവ് പോലെ മൂർത്തി സാറിന്റെ വീടിന്റെ ടെറസ്സിൽ ഒരുങ്ങി. ഹരി എത്തിയപ്പോൾ സ്വീകരിക്കാൻ  നിറഞ്ഞ ചിരിയോടെ സാറും മായ ടീച്ചറും വീട്ടു മുറ്റത്തുണ്ടായിരുന്നു.

 അവരുടെ ബന്ധം അവനു പിടി കിട്ടാത്ത വിധം സങ്കീർണ്ണമായിരുന്നു.ഒരു കൂരക്കു കീഴിൽ താലി ചരടിന്റെ പിൻ ബലമില്ലാതെ,  വർഷങ്ങൾ കഴിഞ്ഞിട്ടും അനസ്യൂതം ഒഴുകി കൊണ്ടിരിക്കുന്നു. വിധവയായ മായ ടീച്ചറെ,  അവരുടെ ഏക മകന്റെ അനുവാദത്തോടെ മൂർത്തി സർ ജീവിതത്തിൽ കൂട്ടിയിട്ടു ഒരു ദശാബ്ദതോളമായി.

 ഭാര്യ ഭർത്താക്കന്മാരേക്കാൾ ഉപരി അവർ കൂട്ടുകാരെ പോലെ ആയിരുന്നു. " എന്താ വലിയ ആലോചന.. ഓഫീസിൽ വച്ചേ ഞാൻ ശ്രദ്ധിച്ചു. തനിക്കു എന്താടോ പറ്റിയത് ?"... മറുപടിക്കായി വാക്കുകൾ കിട്ടാതെ വിഷമിച്ചു നിന്നപ്പോൾ രക്ഷകരുടെ രൂപത്തിൽ ജോൺ സാറും അഭിലാഷും പ്രത്യക്ഷപ്പെട്ടു. അറിയപ്പെടുന്ന അഭിഭാഷകനാണ് ജോൺ. അഭിലാഷ് പ്രമുഖ പത്രത്തിൽ ജേർണലിസ്റ്റ് ട്രെയിനിയും. അവർ മുകളിലെക്കുള്ള പടികൾ കയറിപോയി. കൂടെ ഹരിയും. മഴവെള്ളം വീണു കുതിർന്ന തറയിൽ അവിടവിടെ വഴുക്കലുകൾ,  ജീവിതത്തിൽ തെന്നി മാറിയ വർഷങ്ങളെ ഓർമിപ്പിച്ചു. അവന്റെ നോട്ടം ആകാശത്തിൽ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു കളിക്കുന്ന സൂര്യന്റെ നേരെയായി. കൂട്ടത്തിൽ ഒറ്റപ്പെട്ട സൂര്യൻ കരയുന്നോ ? ഇല്ല തന്റെ തോന്നൽ മാത്രം.... അതാ തെമ്മാടി കാറ്റിന്റെ കുസൃതിയിൽ കാർമേഘങ്ങൾ അകലേക്ക്‌........ സൂര്യൻ പുറത്ത് തന്നെ....... സമയം കടന്നു പോയി. തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരും എത്തിയിട്ടുണ്ട്.

മൂർത്തി സാറിന്റെ സൗഹൃദവലയം വിശാലമായിരുന്നു. പല തരത്തിൽ ഉള്ള ആളുകളെ പരിചയപ്പെടാനും സാഹിത്യ അഭിരുചി വളർത്താനും ഹരിക്കു ഈ കൂട്ടായ്മ സാഹചര്യം ഒരുക്കി. 

 

       തണുത്ത കാറ്റിൽ പല്ലുകൾ കൂട്ടിയിടിച്ചു. ഹരിയുടെ ചുണ്ടിൽ ഏതോ സിനിമ ഗാനം തത്തി കളിച്ചു. " ഇന്നത്തെ നമ്മുടെ സദസ്സിൽ ഒരു വിശിഷ്ട അതിഥി ഉണ്ട്. നിങ്ങൾക്ക് ഒരു പക്ഷെ അറിയുമായിരിക്കും. പരിസ്ഥിതി പ്രവർത്തനതിന് ഈ വർഷത്തെ സർക്കാർ അവാർഡ് നേടിയ സൈന്ധവി ആണ് നമ്മുടെ ആ മഹത് വ്യക്തി " മൂർത്തി സാർ എല്ലാവരോടുമായി പറഞ്ഞു. പത്രവായന ശീലം അല്ലാത്തത് കൊണ്ടു ആ പേര് മനസ്സിൽ പ്രത്യേകിച്ച് ഓർമ ഒന്നും ഉണർത്തിയില്ല എങ്കിലും വരാൻ പോകുന്ന അതിഥിയെ കാണാൻ കൗതുകത്തോടെ അവനിരുന്നു. ചർച്ചകൾ തുടങ്ങി.നേരം ഇരുട്ടി തുടങ്ങി. ഒടുവിലത്തെ സൽക്കാരം ആരംഭിക്കാൻ ജോൺ മേശപ്പുറത്തു ഗ്ലാസ്സുകൾ നിരത്തി തുടങ്ങി.ആരോ അതിഥിയുടെ കാര്യം എടുത്തിട്ടു. " ഇപ്പോൾ വരും.... അതാ എത്തിക്കഴിഞ്ഞു ".  ഫോൺ ചെവിയിൽ നിന്നും മാറ്റാതെ,  മൂർത്തി പടിക്കെട്ടുകൾ കയറി വരുന്ന രൂപത്തിന്റെ നേർക്കു നടന്നു അകന്നു.

 

      അഞ്ചര അടി പൊക്കത്തിൽ,  കാഞ്ചി പുരം സാരിയിൽ ഞൊറിഞ്ഞു ഉടുത്ത ദേഹം. നെറ്റിയിൽ വലിയ  സിന്ദൂരപൊട്ട്,  കണ്ണിൽ നിറയെ കൺമഷി. ലൈറ്റിന്റെ വെട്ടത്തിൽ പച്ചക്കൽ മൂക്കുത്തി വെട്ടി തിളങ്ങി. സൈന്ധവി പുഞ്ചിരിച്ചു കൊണ്ടു കസേരയിൽ ഇരുന്നു. ഹരിയുടെ കൈകൾ അറിയാതെ മദ്യം നിറഞ്ഞ ഗ്ലാസ്‌ മറയ്ക്കുന്ന തിരക്കിൽ ആയിരുന്നു.

മൂർത്തി സാർ എല്ലാവരെയും സൈന്ധവിക്കു  പരിചയപ്പെടുത്തി. ശേഷം അവരുടെ ഊഴം ആയിരുന്നു. സ്വന്തം കഥ പറയാൻ തുടങ്ങുന്നതിനു മുൻപ് മേശയിൽ ഒഴിച്ച് വച്ചിരുന്ന ഗ്ലാസ്‌ കൈയ്യിൽ എടുത്തു പതുക്കെ ചുണ്ടോട് ചേർത്തു. ഇത്തവണ ഹരിയുടെ ഞെട്ടൽ തൊണ്ടയിലെ നീളൻ പാതയിൽക്കൂടി നേർത്ത ശബ്ദം ഉണ്ടാക്കി കൊണ്ടു കടന്നു പോയി. കാരണം അവരുടെ ശബ്ദം തടവിലാക്കപ്പെട്ട പുരുഷന്റെ അപമാനം പോലെ മൂർച്ചയേറിയതായിരുന്നു. 

 

            കഥ,  കടം കഥ പോലെ ഒഴുകി ഓരോ കാതുകളിൽ..... ഇന്നലെകൾ സമ്മാനിച്ച ദുരിതങ്ങൾ,  അവ തന്ന കരുത്തിൽ തളരാത്ത മനസ്സ് ഒക്കെ സൈന്ധവിയയുടെ നാവിൽ നിന്നും പുറത്തേക്കു വന്നു. ഒടുവിൽ തന്നെ ഇതു വരെ എത്തിച്ച ഇന്നലെകൾക്ക് നന്ദി പറഞ്ഞു കൊണ്ടു അവർ സംഭാഷണം അവസാനിപ്പിച്ചു. 

 

        പോകാൻ നേരം ഇരുട്ടിന്റെ മറ പറ്റി മാറി നിൽക്കുന്ന ഹരിയുടെ നേർക്കു അവർ നടന്നു. ഹരിയെ ചേർത്തു നിർത്തി ആശ്ലേഷിച്ചു. പിന്നെ ചെവിയിൽ മന്ത്രിച്ചു " രാജാവും റാണിയും എപ്പോഴും ഞാനായിരിക്കും ".... ഞെട്ടി തരിച്ചു നിൽക്കുന്ന ഹരിയുടെ നേർക്കു കണ്ണിറുക്കി കൊണ്ടു സൈന്ധവി തിരിഞ്ഞു മുന്നോട്ടു നടന്നു........ 

 

പ്രിയങ്ക ബിനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ