റിബൺ (കഥ 3)

റിബൺ (കഥ 3)

റിബൺ (കഥ 3)

ഷംസുവിന്റെ പുരതാമസമാണ്. 

"പുര പൊറുതിയാകുമ്പോൾ കൊച്ചാപ്പയും ഉണ്ടാകണം" 

അദ്രുമാനോട് അവൻ പറഞ്ഞ വാക്കുകൾ, അതു പെള്ളയല്ലെന്ന് അയാൾക്കറിയാം..

ശരിക്ക് അദ്രുമാൻ ഷംസൂന്റ  കൊച്ചാപ്പയല്ല. കരീമിന്റെ അനുജനുമല്ല. പക്ഷെ ചെറുപ്പം മുതൽ അയാളവന്റെ കൊച്ചാപ്പയാണ്, അത് അയിഷാ താത്ത പറഞ്ഞ് പഠിപ്പിച്ചതാകാം.

 

ആയിഷതാത്തയുടെ ഇളയ മകനാണ് ഷംസു. അവൻ കുട്ടിയായിരിക്കുമ്പോൾ എടുത്തു കൊണ്ട് നടന്നിട്ടുണ്ട് അദ്രുമാൻ. അവന് മിഠായി വാങ്ങി കൊടുത്തിട്ടുമുണ്ട്. കരീം ചെയ്യേണ്ടതാണത്. അവന് അതാകാതെ പോയി. മിഠായി വാങ്ങി കൊടുത്തതിന്റെ സ്നേഹമല്ല ഷംസുവിന്. 

 

ആയിഷയ്ക്ക് അദ്രുമാനോട്  സഹതാപമുണ്ടായിരുന്നു. അയാളുടെ ജീവിതത്തിന്റെ ഗ്രാഫ് കുത്തനെ താഴുന്നത് കണ്ടു നിന്നവളാണവൾ - അതു കൊണ്ടു തന്നെ കാരുണ്യത്തോടെ അവൾ അയാളെ നോക്കി. അവളുടെ ഒക്കത്തിരുന്ന ഷംസുവും അതിൽ പങ്കുചേർന്നിട്ടുണ്ടാകണം.

 

ആയിഷയ്ക്ക് ഏറെ വൈകി പിറന്നവനാണവൻ. അവൾ  പെഴച്ച പെണ്ണാണെന്ന് ഒരു പിറുപിറുപ്പ് നാട്ടിലുണ്ടായിരുന്നു. അവളോട് സംസാരിക്കാൻ ജനം മടിച്ചു. ഷംസുവിനെ പരിഹാസപൂർവ്വം നോക്കി. പള്ളിക്കമ്മിറ്റിക്കാരെ മറികടന്ന് പടച്ചവനെപ്പോലും സ്നേഹിക്കാൻ കഴിയാത്ത കാലം. അന്ന് ക്ഷയം ബാധിച്ച് വീട്ടിൽ ചുമച്ചും  തുപ്പിയും കഴിച്ചുകൂട്ടുന്ന കരീമിനെ കാണാൻ അദ്രുമാൻ വരുമായിരുന്നു. 

 

അദ്രുമാന് പള്ളിയില്ല. പള്ളിക്കമ്മിറ്റിയില്ല. പടച്ചവൻ മാത്രം. എല്ലാവർക്കും കീഴെയാണെന്ന് ലോകം തള്ളിയ അദ്രുമാൻ എല്ലാവർക്കും മീതെയായിരുന്നും

 

ഇന്ന് ഷംസു നല്ല നിലയിലാണ്. വലിയ പുരയുണ്ട്. കാറുണ്ടു്.  പണം അപമാനമെല്ലാം മായ്ച്ചു. ആദ്യം ഗതികെട്ടവനെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിക്കും: അതു സഹിച്ച് അവൻ നേടുമെന്നായാൽ പിന്നെ കസേരയിട്ട് വാഴിക്കും പാദസേവയും ചെയ്യും

 

അദ്രുമാൻ അവിടെ ചെന്നു. വിശിഷ്ട ഭോജ്യത്തിൽ ഈച്ചയിരിക്കുന്നതു പോലെ എല്ലാവരും നെറ്റി ചുളിച്ചു പക്ഷെ, ഷംസു അയാളെ നെഞ്ചോട് ചേർത്തു, ആ ഒരു പ്രവർത്തി കൊണ്ട് ഷംസു തന്നോടും കുടുംബത്തോടും ലോകം ചെയ്ത അനീതികൾക്ക് ഒക്കെ പ്രതികാരം ചെയ്തു.

 

ആരുടെ നോട്ടത്തിന്റെ മുന്നിലും അദ്രുമാന്റെ ശിരസ് താണില്ല. മുഖം വാടിയില്ല ചിരി മായ്ഞ്ഞില്ല - അദ്രുമാന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു അത്.

അയാൾ തിരികെ പോകാൻ നേരം ഷംസു കയ്യിൽ പിടിച്ചു.

"കൊച്ചാപ്പാ പിന്നെ പോകാം"

അദ്രുമാൻ  പറഞ്ഞു.

"ശെടാ പഹയാ .. പോയല്ലേ തീരൂ.... പിന്നെയായാലും പോണം. പിന്നെ പോകാൻ കഴിയൂന്ന് എന്താ ഒറപ്പ്: എന്നാപ്പിന്നെ ഇപ്പോഴെ പോയേക്കാം ...." ചിരിച്ചു കൊണ്ട് അയാൾ വിരലുകൾ ചലിപ്പിച്ചു. റിബൺ ചുറ്റുന്നതു പോലെ. പിന്നെ തിരിഞ്ഞു നോക്കാതെ നടന്നു.

- MP. തൃപ്പൂണിത്തുറ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മാർട്ടിൻ പാലക്കാപ്പിള്ളിൽ, തൂലികാ നാമം എംപി. തൃപ്പൂണിത്തുറ. കലയുമായും പ്രഭാഷണങ്ങളുമായും അഭേദ്യമായ ബന്ധം. എഴുത്തും വരയും പ്രഭാഷണങ്ങളുമായി ജനങ്ങളുമായി സംവദിക്കുന്നു. താമസം എറണാകുളം തൃപ്പൂണിത്തുറയിൽ. ഭാര്യയും 3 മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ