ജമന്തി

ജമന്തി

ജമന്തി

ജമന്തി

 

പുന്താറ ഗ്രാമത്തിന്റെ അരികിലൂടൊഴുകുന്ന പുഴ. വെള്ളിക്കൊലുസണിഞ്ഞ് തുള്ളിയോടിക്കൊണ്ടിരിക്കുന്നു. പുഴവക്കത്തെ കടവിനരുകിലാണ് ജമന്തിയുടെ വീട്.വീട്ടിലിരുന്ന് പുഴയെ നോക്കി കിന്നാരം പറയുന്ന ജമന്തി. അതൊരു പൂവല്ല... കൊല്ലുന്നനേയുള്ള മുടിയും, മെലിഞ്ഞു നീണ്ട് അഴകുള്ളൊരു കറുമ്പിക്കുട്ടി. കറുപ്പി നേഴഴക് എന്നത് അവളുടെ മുഖശ്രീ കണ്ടാൽ മനസ്സിലാവും.

 

പുഴയോരത്തെ പൊരിമണലിലൂടെ പട്ടം പറത്തിക്കളിക്കുന്ന കുട്ടികളെ നോക്കിയവൾ ഇരുന്നു. അച്ഛനെ കണ്ട ഓർമ്മയില്ല., പലപ്പോഴും ചിറ്റമാരോട് ചോദിച്ചിട്ടുണ്ട്... അച്ഛൻ വരുമെന്നല്ലാതെ ആരും ഒന്നും പറയാറില്ല. വീട്ടിൽ തന്നെ മാറിമാറി കളിപ്പിക്കാനും സന്തോഷിപ്പിക്കാനും ചിറ്റമാർ മൂന്നു പേർ അതു കൊണ്ടു തന്നെ അച്ഛനെക്കുറിച്ചുള്ള ചിന്ത അവളിലേക്ക് ഇടക്കേ കടന്നുവരാറുള്ളൂ. എങ്കിലും ഏകാന്തതയിൽ പുഴവക്കിലിരിക്കുമ്പോൾ അവൾ ചിന്തിക്കാറുണ്ട് എവിടെയായിരിക്കും എന്റെ അച്ഛൻ, എന്തിനാണ് ഞാൻ അമ്മയെ മണിച്ചി റ്റയെന്ന് വിളിക്കുന്നത്?

 

അന്ന് ആറാം തരത്തിൽ പഠിക്കുമ്പോഴാണ് ജമന്തി സ്ക്കൂളിൽ നിന്നും കരഞ്ഞു കൊണ്ടുവന്നത്, ചിറ്റമാർ മാറി മാറി ചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല ഏങ്ങലടിച്ചു മുഖം പൊത്തിക്കരഞ്ഞുകൊണ്ടേയിരുന്നു.. പുഴവക്കിൽ പോയി സങ്കടം തീരും വരെ കരഞ്ഞു.വളർന്നു വരുന്തോറും ഏകാന്തതയെ കൂട്ടുകൂടി അവൾ നടന്നു.സ്ക്കൂളിൽ ആരുമായും ചങ്ങാത്തം കൂടാത്ത ഒരു കുട്ടിയെപ്പോലെ,

 

മണിച്ചിറ്റയെയായിരുന്നു കുഞ്ഞുനാളിലേ തൊട്ട് അമ്മേയെന്നു വിളിച്ചിരുന്നത്, അങ്ങനെ ആരും പറഞ്ഞു തന്നതൊന്നുമല്ല, ഒരമ്മയെപ്പോലെ തന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മണിച്ചിറ്റയാണ് .അതുകൊണ്ട് മണിച്ചിറ്റ തന്നെയാണ് തന്റെ അമ്മ എന്നവൾ ഉറച്ചു വിശ്വസിച്ചു പോയിരുന്നു. അത് തിരുത്താനും ആരും മുതിർന്നില്ല. അമ്മൂമ്മ ജാനുവിനോടൊത്ത് കടയിൽ പോയി വരുമ്പോൾ ധാരാളം മിഠായി വാങ്ങി വരും .പല്ലുപുഴു തിന്നും ജമന്തി.... മണിച്ചിറ്റ തന്നെയായിരുന്നു ഇങ്ങനെ ശാസിക്കുന്നതും, ഉപദേശിക്കുന്നതും, കഥകൾ പറഞ്ഞ് ഉറക്കിയിരുന്നതും, അങ്കണവാടിയിലും, സ്കൂളിലുമെല്ലാം മണിച്ചിറ്റ തന്നെയാണ് ജമന്തിയെ കൊണ്ടു പോകുന്നതും കൊണ്ടുവരുന്നതും. അതിനാൽ തന്നെ ഒരമ്മയുടെ സ്നേഹവും ലാളനയും മണിച്ചിറ്റയിൽ നിന്ന് അവൾ അറിഞ്ഞിരുന്നു. രതിച്ചിറ്റയും ,സരസ ചിറ്റയും അമ്മൂമ്മയും അടങ്ങുന്ന കൊച്ചു വീട്ടിലെ കളി ചിരികൾ ജമന്തിയായി മാറി.

ഇന്നെന്താണാവോ ജമന്തിക്കു പറ്റിയത്? ഈയിടെയായിട്ട് ജമന്തിയുടെ സ്വഭാവത്തിലും ,വാശിയിലും ഒക്കെ മാറ്റം വരുന്നുണ്ടല്ലോ? മണി എത്ര ചോദിച്ചിട്ടും ജമന്തി കാര്യം പറയുന്നില്ല കണ്ണീരു തിർന്ന മിഴികളുമായി അവൾ പുഴയെ നോക്കിയിരിപ്പു തന്നെ

ജമന്തീ എന്താ കാര്യമെന്ന് പറയൂ നീ 'മണി നല്ല ദേഷ്യത്തോടെ ചോദിച്ചു?

 

അമൾ മുഖമുയർത്തി മണിയെ നോക്കി

എന്റെ അമ്മ മണിച്ചിറ്റയാണോ?

ഇടിവെട്ടേറ്റതുപോലെ മണി തല കുമ്പിട്ടു അല്പ നേരമങ്ങനെ ഇരുന്നു പോയി, പിന്നെ എഴുന്നേറ്റ് അടുക്കളയിലേക്ക് കയറിപ്പോയി.

പിന്നാലെ ചെന്ന ജെമന്തി കണ്ടത് അമ്മൂമ്മയും മണിച്ചിറ്റയും കെട്ടിപ്പിടിച്ചിരുന്ന് കരയുന്നതാണ്.

 

എങ്കിലും അവൾ ഗൗരവം വിടാതെ തന്നെ ചോദിച്ചു എന്റെ അച്ഛൻ ആരാണെന്ന് ഞാനിതേവരേ കണ്ടിട്ടില്ല. ഒരു ഫോട്ടോ പോലും ആരും എന്നെ കാണിച്ചിട്ടില്ല. ഒരു ദിവസം വരും എന്നു പറയുന്നതല്ലാതെ ഇതേവരേയും ആരും എന്നെക്കാണാൻ വന്നിട്ടില്ല. ഇന്നെനിക്കറിയണം' എന്റെ അമ്മ ആരാണെന്ന്. എന്റെ കൂട്ടുകാരി തുളസി ഇന്ന് എല്ലാരുടേയും മുന്നിൽ വച്ചു പറയുകയാണ്, എന്റെ അമ്മ മണിച്ചിറ്റയല്ലയെന്ന്. അവൾ കൂട്ടുകാരികളുടെ ചെവിയിൽ എന്തൊക്കെയോരഹസ്യം പറഞ്ഞ് ചിരിക്കുന്നു. എല്ലാവരും എന്നെ കാണുമ്പോൾ എന്തൊക്കെയോ അടക്കം പറയുന്നു .എന്നെ ആരും കൂട്ടുകൂടുന്നില്ല. എന്താ അമ്മൂമ്മേ ഞാൻ ചെയ്ത തെറ്റ്? അവൾ പൊട്ടിക്കരഞ്ഞു.

 

എന്തിനാ മണിച്ചിറ്റ കരയുന്നത്? ഞാൻ ചോദിച്ചത് ശരിയല്ലേ? സ്ക്കൂളിലെ കുട്ടികളെല്ലാം എന്നോടു പറയാതെ പറയുന്ന കാര്യം എന്താണെന്ന് എനിക്കറിയണം.എങ്കിലേ ഇനി ഞാൻ സ്കൂളിലേക്ക് പോവൂ.

അമ്മമ്മയെന്താ ഒന്നും പറയാത്തത്.അമ്മുമ്മയെ കുലുക്കി കുലുക്കി അവൾ കരഞ്ഞു എനിക്ക് അച്ഛനും അമ്മയും ഇല്ലേ? ഞാൻ അനാഥയാണോ?

 

ജമന്തിയുടെ ചോദ്യങ്ങൾക്കൊന്നും ആരും ഉത്തരം പറഞ്ഞില്ല കലങ്ങി മറിഞ്ഞ മിഴികളുമായി എല്ലാവരും ഓരോ മൂലകളിലേക്ക് ചാഞ്ഞിരുന്നു, തലയിൽ കൈവച്ച് ഈശ്വരാ! എന്ന നെടുവീർപ്പോടെ ജാനു പിന്നാമ്പുറത്തേക്ക് ഇറങ്ങി.

ഇതിപ്പോൾ വീട്ടിൽ പതിവായിരിക്കുന്നു. ഇനിയും ഒന്നും ഒളിക്കാനാവില്ല ജാനു തീരുമാനിച്ചു.

കുറെ കരച്ചിലും പിഴിച്ചിലിനുമൊടുവിൽ പട്ടിണി കിടന്ന് ജമന്തി ഉറങ്ങി. രാവിലെ സ്ക്കൂളിൽ പോവാനൊന്നും അവൾ കൂട്ടാക്കിയില്ല, അയൽ വീടുകളിലൊന്നും പോവാൻ ജാനുവവളെ സമ്മതിച്ചിരുന്നില്ല. അധികമാരുമായും അടുപ്പം ഉണ്ടാവാതെ അവർ അവളെ നയിച്ചിരുന്നത്.

 

ദിവസങ്ങൾ കടന്നു പോയിട്ടും സ്ക്കൂളിൽ പോവാൻ കൂട്ടാക്കാതെ ജമന്തി വീട്ടിൽ തന്നെ കഴിഞ്ഞു കൂടി.മണി അവളുടെ ടീച്ചറെക്കണ്ട് കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തി.അതനുസരിച്ച് ടീച്ചറും കുട്ടികളും വീട്ടിൽ വന്ന് അവളോട് സ്കൂളിൽ വരുവാൻ ആവശ്യപ്പെട്ടു. ജമന്തിക്ക് ഒരു പാടിഷ്ടമുള്ള ആനി ടീച്ചർ വന്ന് വിളിച്ചതുകൊണ്ട് അവൾ അനുസരിച്ചു. അവൾ സ്ക്കൂളിൽ പോയ്ത്തുടങ്ങി. എല്ലാ കൂട്ടുകാരും ടീച്ചറും അവളോട് വല്യ സ്നേഹത്തിൽ പെരുമാറി.

എങ്കിലും അവളിലെ സങ്കട മങ്ങനെ പുതഞ്ഞു കിടന്നു.

ഇടക്കിടക്ക് കാർമേഘങ്ങൾ വാനിലുരുണ്ടുകൂടുന്ന പോലെ അവളുടെ മുഖം ഇരുളും ചിന്തകളിൽ നിന്ന് വിഷാദത്തിലേക്ക് കടന്നു പോകും. അച്ഛനും അമ്മയും ഒക്കെയായുള്ള യാത്രകളും, സിനിമാക്കു പോകും അവളും സ്വപ്നം കാണും.

 

പoനത്തിൽ പിന്നോട്ടു പോയിത്തുടങ്ങി ഇനി ഇങ്ങനെയായാൽ പറ്റില്ല ആനി ടീച്ചർ അവളെ കൂടുതൽ പ്രോത്സാഹിപ്പിച്ചു.

 

ഹൈസ്ക്കൂൾ ക്ലാസുകളിലേക്ക് കയറിയതോടെ ജമന്തി നന്നായി പഠനത്തിൽ ശ്രദ്ധിച്ചു തുടങ്ങി. ആനി ടീച്ചറുടെ ഇടപെടലും, മണിച്ചിറ്റയുടെ സ്നേഹവും അവളെ പനത്തിലേക്ക് നയിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ കാൽ തെറ്റി വീണു കാൽ പ്ലാസ്റ്റർ ഇട്ടുവെങ്കിലും അമ്മൂമ്മ കിടപ്പിലായി. വീഴ്ചയുടെ ആഘാതവും, പ്രായാധിക്യവും അമ്മൂമ്മയെ തളർത്തി.അടുത്ത വാവു ദിനം തികയും മുമ്പേ അമ്മൂമ്മ അവരെ തനിച്ചാക്കി കടന്നു പോയി.

അമ്മൂമ്മ മരിച്ചതോടെ മണിച്ചിറ്റ ഉണ്ടായിരുന്ന തുണിക്കടയിലെ ജോലി വേണ്ടാന്നു വച്ചു. തൻെറ പ0നവും മറ്റുമായി വീട്ടിലൊതുങ്ങി. രതിയും,സരസയും ചെമ്മീൻ കമ്പനികളിൽ ജോലിക്കു പോയ്ത്തുടങ്ങി എല്ലാവരുടേയും ലക്ഷ്യം ജമന്തിയെ പഠിപ്പിക്കുക മാത്രമായിരുന്നു.

കല്യാണപ്രായം കഴിഞ്ഞു നിൽക്കുന്ന മൂന്നു ചിറ്റമാരേയും ഇടക്കവൾ ശ്രദ്ധിക്കും നിരാശ മുറ്റിയ മുഖവും, ഭീതി നിറഞ്ഞ നോട്ടവും, സംസാരം തീരെയില്ലാത്ത ഒരു സ്മൃതികുടീരം പോലെയായി ആ വീട്.

 

ജമന്തിയുടെ പത്താംതരം പരീക്ഷ കഴിഞ്ഞു മണ്ണെണ്ണ വെളിച്ചത്തിലും അവൾ ഫസ്റ്റ് ക്ലാസ് മാർക്കോടെ പാസ്സായി.എങ്കിലും തുടർന്നു പഠിക്കുവാൻ അവൾ കൂട്ടാക്കിയില്ല. കാരണം അച്ഛനാരെന്നോ, അമ്മയാരെന്നോ അറിയില്ല, ചിറ്റമാരുടെ കാരുണ്യത്തിൽ ഇങ്ങനെ, ഇനിയും അവരെ കഷ്ടപ്പെടുത്തിക്കൂട. ഒരു ജോലിക്കായി അവളും ശ്രമിച്ചു തുടങ്ങി.

എങ്കിലും ചിറ്റമാരൊന്നും അതിനു സമ്മതിച്ചില്ല.ഞങ്ങൾക്കൊന്നും പഠിക്കാൻ കഴിഞ്ഞില്ല. നീയെങ്കിലും പഠിക്കണം. പഠിച്ച് ജോലിയൊക്കെ നേടണം ചിറ്റമാരേപ്പോലെ മുരടിച്ചു പോവരുത്.'

പല തവണ ചിറ്റയെക്കാണാൻ ഓരോ ചെറുക്കൻമാർ വരുന്നതും കല്യാണമടുക്കുമ്പോൾ ആ കാര്യം ഒഴിഞ്ഞു പോകുന്നതും ജമന്തി മനസ്സിലാക്കിയിരുന്നു .നല്ല ചന്തമുണ്ടായിരുന്നിട്ടും തന്റെ മൂന്നു ചിറ്റമാരും അവിവാഹിതരായി കഴിയുന്നല്ലോ എന്ന ചിന്ത അവളെയും വല്ലാതെ വേദനിപ്പിച്ചിരുന്നുഅങ്ങനെ ഒരോണക്കാലത്ത് ജമന്തിക്ക് കുറെ ഉടുപ്പുകളുമായി ഒരു സ്ത്രീ കയറി വന്നു. ചിറ്റമാരെല്ലാരും കൂടെ ചേച്ചീയെന്ന് വിളിച്ച് ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു. ജമന്തി അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. ഇതേ വരെ കണ്ടിട്ടില്ലാത്ത ഈ സ്ത്രീയെങ്ങിനെ ഇവരുടെ ചേച്ചിയായി? പല ചിന്തകളാൽ അവൾ അകത്തേക്ക് കയറിപ്പോയി. നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് രമണി ആ വീട്ടിൽ കാലുകുത്തുന്നത്.

 

ജമന്തി ഇങ്ങു വാ...മണിച്ചിറ്റ വളരെ സന്തോഷത്തോടെ വിളിച്ചു കൂവുന്ന കേട്ടവൾ പുറത്തേക്ക്, വരാന്തയിലേക്ക് ഇറങ്ങി വന്നു.

നോക്കൂ മോളുടെ രമണിച്ചിറ്റയാ. അതാരാമണിച്ചിറ്റേ ഇതേ വരെ ഇങ്ങനൊരു പേ രിവിടെ ആരും പറഞ്ഞു കേട്ടിട്ടില്ലല്ലോ. അവളുടെ ചോദ്യം കേട്ട് രമണി അമ്പരന്നു. അവളെത്തന്നെ തുറിച്ചു നോക്കിയിരുന്നു. ആ കണ്ണുകൾ ഈറനണിയുന്ന കണ്ട് മണി ഓടി വന്ന് അവളോടായി പറഞ്ഞു. ഇതു നിന്റെ രമണിച്ചിറ്റ,ഞങ്ങളുടെ മുത്ത ചേച്ചിയാ ഒരുപാടു ദൂരെയാ ചേച്ചിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത്.

അതാ ഇത്രനാളും ഇങ്ങോട്ടൊന്നും വരാതിരുന്നത്. 

അതെവിടെയാ ഇത്ര ദൂരെ? അമ്മുമ്മ മരിച്ചപ്പോഴും ഇവരെ കണ്ടില്ലല്ലോ?

ജമന്തിയുടെ ചോദ്യങ്ങൾക്കു മുന്നിൽ നാലുപേരും മൗനമവലംബിച്ചു.

രമണി കൈ നീട്ടി അവളെ തന്നിലേക്ക് അടുപ്പിച്ചു. കെട്ടി'പ്പിടിച്ച് ആ നെറുകയിലൊന്നു ചുംബിച്ചു. എന്നിട്ട് പറഞ്ഞൂ

എല്ലാം പറയാം ജമന്തിനീ നല്ല സുന്ദരിയായിട്ടുണ്ട്. അവർ കൊണ്ടുവന്ന വസ്ത്രങ്ങൾ അവർക്ക് നൽകിയിട്ട് പറഞ്ഞു ഇതൊക്കെ ഒന്നു നോക്ക് നിനക്ക് പാകമാകുമോയെന്ന് ചിറ്റയാദ്യമായല്ലേ നിന്നെ കാണുന്നത് ഉദ്ദേശം വച്ച് വാങ്ങിയതാ. വസ്ത്രങ്ങളുമായി അകത്തേക്കു പോകുമ്പോഴും ജമന്തി ചിന്തയിലാണ്ടു.. അതിൽ നിന്നും ഒരു ചുവന്ന പാട്ടുപാവാടയും ബ്ലൗസും അവളെടുത്തണിഞ്ഞു.. നല്ല ഭംഗി എല്ലാവരേയും ആ ,ഡ്രസ് കാണിച്ചു നല്ല കൃത്യമായ അളവാണ് ചിറ്റേ ഇതെങ്ങനെ? ഇത്ര കൃത്യമായി വാങ്ങി?

രമണിയുടെ കണ്ണുകൾ വിടർന്നു. മോൾക്കിഷ്ടമായോ?

ഇഷ്ടായി ചിറ്റേ.ചിറ്റയുടെ ഭർത്താവ് എവിടെ? 

രവിച്ചേട്ടൻ വന്നിട്ടില്ല കുട്ട്യേ

അങ്കിൾ വരില്ലേ?

വരും... രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് അവർ ഡൽഹിക്ക് പോയേക്കുവാ കുട്ടൂസിന് അവിടെ ഒരു 'മത്സരം അറ്റൻന്റ് ചെയ്യാനുണ്ട് തിരിച്ച് ഇങ്ങോട്ടു വരാമെന്നാണ് പറഞ്ഞേക്കുന്നത്.

രമണി ജമന്തിയെ അടുത്തു വിളിച്ചിരുത്തി

അവളുടെ ചുരുണ്ട മുടിയിലും, മുഖത്തും തലോടി, ചേർത്തു പിടിച്ചങ്ങനെയിരുന്നു കണ്ണു നിറഞ്ഞൊഴുകുന്നത് അവർ അറിയുന്നേയില്ല എന്തിനാ ചിറ്റേ കരയുന്നത്?

ഒന്നുമില്ല ജമന്തി നിന്നെയൊക്കെ കാണാനായല്ലോ എത്ര കാലമായി ഞാനിതിനു ശ്രമിക്കുന്നു...രവിച്ചേട്ടന് ഞാനിവിടേക്ക് പോരുന്നതേ ഇഷ്ടമല്ല..

ചിറ്റയുടെ മകന് എത്ര വയസുണ്ട്? അവൻ എട്ടാം തരം പഠിക്കുകയാ.

 

മഴത്തുള്ളികൾ ചിണുങ്ങി ച്ചിണുങ്ങിയെത്തി.മറ്റോണക്കോടികളുടെ ഭംഗി നോക്കാൻ ജമന്തി അകത്തേക്ക് കടന്നു.

വന്നിട്ട് വീട്ടിനുള്ളിലേക്കു കൂടിക്കയറാതെ വരാന്തയിലെ തൂണിൽച്ചാരി രമണി അങ്ങനെയിരുന്നു....

 

മഴ കനത്തു തുടങ്ങി.... ഇതുപോലൊരു മഴയുള്ള ദിവസം മേഘങ്ങളെല്ലാം ഒന്നിച്ചു ഭൂമിയിലേക്ക് പതിക്കുന്ന പോലെ ശക്തമായ മഴയായിരുന്നു അന്ന്... അച്ഛനും അമ്മയും ഇളയ സഹോദരിമാരും അമ്മയുടെ അനുജത്തിയുടെ പുരതാമസത്തിന് പങ്കെടുക്കാൻ പോയി. നല്ല പനിയും തലവേദനയും, അതാണ് രമണി ആ യാത്രയ്ക്ക് മുതിരാതിരുന്നത്. അത് ഇത്രമേൽ ശാപമായിപ്പോകുമെന്ന് കരുതിയേയില്ല. ഉച്ചയൂണു കഴിഞ്ഞ് അല്പമൊന്നു മയങ്ങാൻ തുടങ്ങുകയായിരുന്നു.പുറത്ത് കോരിച്ചൊരിയുന്ന മഴ വീണ്ടും എഴുന്നേറ്റ് വാതിലൊക്കെ അടച്ച് കിടന്നു. നല്ല ക്ഷീണം കിടന്നതും ഉറക്കത്തിന്റെ കടവിലേക്ക് അറിയാതവൾ തുഴഞ്ഞു നീങ്ങി.

 

പെട്ടെന്നാണ് വാതിലിൽ ഒരു തട്ട് കേട്ടത് ആരാണാവോ? ഈ നേരത്ത് രാമു പുറത്തു പോയിരിക്കുകയാണ്. രണ്ടാഴ്ചയായി അവന് പണിയില്ല. നല്ല മരപ്പണിക്കാരനാണ് രാമു .നാലു പേർക്കും കൂടിയുള്ള ഒരു പുന്നാര അനുജൻ.മഴക്കാലമായാൽ അവന് പണി കറവാണ്.പിന്നെ പണിക്കുപോയിട്ടും വലിയ കാര്യമൊന്നുമില്ല അവനു കിട്ടുന്നതു മുഴുവൻ കുടിച്ചും വലിച്ചും തീർക്കും പോരാഞ്ഞിട്ട് മോശം കൂട്ടുകെട്ടും... നാലു പെങ്ങന്മാരുണ്ടെന്ന ഒരു ചിന്തയും അവനില്ല.

 

രമണിവാതിൽ തുറന്നു രാമുവാണ്., വാതിൽപ്പടിയിൽ തല കുമ്പിട്ടാണ് നിൽപ്പ്, നിൽപ്പുകണ്ടപ്പോഴെ തോന്നി നല്ലവണ്ണം കുടിച്ചിട്ടാണ് വന്നിരിക്കുന്നത്.ദേഷ്യത്തോടെ വാതിൽ തുറന്നു കൊടുത്ത് രമണി അപ്പുറത്തെ മുറിയിൽ പോയി കിടന്നു... നല്ല പനിയുണ്ട്. കൈയ്യും കാലും തണുത്തു വിറയ്ക്കുന്നു. മൂടിപ്പുതച്ചവൾ കിടന്നു പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീണു.

 

മനോഹരമായ സ്വപ്നങ്ങളിലൂടെ സഞ്ചാരം തുടങ്ങി. കാലുകളിലേക്ക് തണുത്തതെന്തോ ഇഴഞ്ഞു കയറുന്ന പോലെ തോന്നി പെട്ടെന്ന് കണ്ണു തുറന്നതും, കട്ടിലിനടുത്തിരിക്കുന്ന രാമുവിനെ കണ്ട് അവൾ ഞെട്ടി

'എന്താടാ... രാമൂ?

ഒന്നുമില്ലേച്ചീ ,ചേച്ചി കിടന്നോളൂ

അവന്റെ നോട്ടത്തിലെന്തോ പന്തികേട് തോന്നി അവൾ കട്ടിലിൽ നിന്നും ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചൂ ,എന്നാൽ മദ്യലഹരിയിൽ അവനവളെ കടന്ന പിടിച്ചു.

രാമൂ നീയെന്തായീ കാട്ടുന്നത്?

അവൾ അലറി വിളിച്ചിട്ടും ചൊരിയുന്ന മഴയുടെ ശീല്ക്കാരങ്ങളിൽ തട്ടി ആ നിലവിളി നേർത്തു പോയിരുന്നു... എത്ര കുതറി മാറിയിട്ടും അവനവളെ കീഴ്പ്പെടുത്തി

കാറ്റു ശമിച്ചൊരു പായ് വഞ്ചി പോലെ അവൻ നിശ്ചലനായി കുറേ നേരം അങ്ങനെ കിടന്നു, ബോധരഹിതയായ രമണിയെ അവൻ തട്ടി വിളിച്ചു അനക്കമില്ല. ഭയം അവനിലേക്ക് ഇരച്ചു കയറി ഊരിയെറിഞ്ഞ ഷർട്ടട്ടെടുത്തിട്ട് അവൻ മഴയിലേക്ക് ഇറങ്ങി നടന്നു...

മണിക്കൂറുകൾ കടന്നു പോയപ്പോൾ രമണിക്ക്, ബോധം തിരിച്ചുകിട്ടി... ശരീരമാകെ വെട്ടിപ്പൊളിയുന്ന വേദന കടുത്ത പനിയും... അച്ഛനുമമ്മയും വരുന്നതിൻ മുന്നേ മരിച്ചു കളയാം അവൾ തീരുമാനിച്ചു. സ്വന്തം സഹോദരൻ തന്നെ ഇത്രയും ക്രൂരത കാട്ടുമ്പോൾ ഇനിയെന്തിന് ജീവിക്കണം? ഇഴഞ്ഞിഴഞ്ഞവൾ അടുക്കളയിലെത്തി. കത്തിയെടുത്ത് കൈയ്യിലെ ഞരമ്പു നോക്കി അങ്ങ് മുറിച്ചു.

 

കണ്ണു തുറക്കുമ്പോൾ അവൾ കണ്ടത് ഏതോ ആസ്പത്രിക്കിടക്കയിൽ. നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അതറിഞ്ഞതും അച്ഛൻ കുഴഞ്ഞു വീണു... ആ കിടപ്പ് കാണാനാവാത്തതായിരുന്നു.

എങ്കിലും അമ്മയുടെ സാന്ത്വനത്തിൽ ജീവിതത്തിലേക്ക് കൈപിടിക്കവേ സ്വന്തം സഹോദരൻ കാട്ടിയ ക്രൂരതയുടെ വിത്തുകൾ രൂപം പ്രാപിച്ചു തുടങ്ങിയിരുന്നു... ഇതറിഞ്ഞതോടെ അച്ഛൻ ഞങ്ങളെ വിട്ട് യാത്രയായി, ഈ സങ്കടക്കടലാഴങ്ങളിലേക്ക് കുടുംബമൊന്നായി വീണു.

ദിവസങ്ങൾ കടന്നു പോവുന്തോറും ഉദര രഹസ്യം വളർന്നുതുടങ്ങി. അമ്മ ജാനു അവളെ പെരുമ്പളത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് മാറ്റി പിന്നെ പ്രസവം വരെ അവിടെ കഴിഞ്ഞു.രാമു പിന്നീടൊരിക്കലും അങ്ങോട്ടേക്ക് തിരികെ വന്നില്ല. ജീവിച്ചിരിപ്പുണ്ടോ?'മരിച്ചോ? ആരും അന്വേഷിച്ചതുമില്ല.

 

വീട്ടിലേക്ക് കുഞ്ഞില്ലാതെയാണ് തിരിച്ചെത്തിയത്, അമ്മയുടെ അനുജത്തിക്ക് മക്കളില്ലാതിരുന്നതിനാൽ കുഞ്ഞിനെ അവർ എടുത്തു. എങ്കിലും ആളുകളുടെ അടക്കം പറച്ചിലും ചിരിയും, പുറത്തേക്കിറങ്ങാതെ നാളുകൾ കഴിച്ചുകൂട്ടി.

ഒരു പെൺകുഞ്ഞിനു ജന്മം കൊടുത്തെങ്കിലും ആ കുഞ്ഞിനോടവൾക്ക് വെറുപ്പായിരുന്നു, ഒരിക്കലും അതിനോട് സ്നേഹം കാണിച്ചില്ല. മനസ്സു മരവിച്ചു പോയാൽ പിന്നെയെങ്ങിനെ സ്നേഹിക്കാനാവും?

 

അമ്മാവൻ കൊണ്ടുവന്ന ഒരാലോചന ചെറുക്കൻ ബോംബെയിൽ ഒരു കമ്പനിയിലാണ്. ഉള്ളതെല്ലാം പെറുക്കിക്കൂട്ടി എല്ലാവരും കൂടെ ആ കല്യാണ മങ്ങു നടത്തി, നാട്ടുകാരിൽ നിന്ന് രക്ഷപെടാമല്ലോയെന്ന ചിന്ത മാത്രമായിരുന്നു അവൾക്കീ കല്യാണം. കല്യാണം കഴിഞ്ഞതും അയാളെ അറിയിക്കേണ്ട കാര്യങ്ങളൊക്കെ ആളുകൾ എത്തിച്ചു കൊടുക്കാൻ മറന്നില്ല. പിന്നെയങ്ങോട്ട് നരകതുല്യമായിരുന്നു നാളുകൾ. എങ്ങനേയും പിടിച്ചു നിൽക്കണം മനസ്സിനെ കരിങ്കല്ലാക്കി ജീവിതം തുടങ്ങി. പിന്നീട് വീടിന്റെ പടിവാതിൽ കാണാനനുവദിച്ചിട്ടില്ലെങ്കിലും അയാൾ എന്നെ നന്നായി നോക്കി, അമ്മയുടെ അനുജത്തി പാമ്പുകടിയേറ്റ് മരിക്കുമ്പോൾ ജമന്തിക്ക് രണ്ടു വയസ്സ് അന്ന് അമ്മ മോളെ ഇങ്ങോട്ടു കൊണ്ടുവന്നതാണ്. സ്വന്തം മോളെ ഒന്നു കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും അദ്ദേഹത്തോട് പറഞ്ഞില്ല ഒന്നും.

ചിന്തകളിലൂടെ കടന്നുപോയ കാലത്തിനു പിന്നാലെയുള്ള ഓട്ടത്തിനിടയ്ക്ക് ജമന്തി രമണിയുടെ കൈകളിൽ വന്നു പിടിച്ചു. എന്താ ചിറ്റേ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത് അകത്തേക്ക് വാ എന്തേലും കഴിക്കാം.

വരാംമോളേ, നിന്നെയൊന്നു ചേർത്തു നിർത്താനുള്ള ഒരമ്മയുടെ ആഗ്രഹം നിനക്കെങ്ങിനെ ഞാൻ പറഞ്ഞു തരുവാനാണ് ,കണ്ണുകൾ നിറഞ്ഞൊഴുകാതിരിക്കാൻ രമണി പാടുപെടുന്നുണ്ടായിരുന്നു. അന്നും ആകാശത്തിനു അതേ കറുപ്പായിരുന്നു.....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ