അഭിമന്യു

അഭിമന്യു

അഭിമന്യു

എൻ മകനേ, നാൻ പെറ്റ മകനേ

അൻപുടലാർന്ന നോവുകൾ

പേറുമൊരു കാർമുകിൽ 

ഉരുകിയൊലിക്കയാണിന്നിൻ നെറുകയിൽ .

 

ചങ്കുപിളർന്ന നിലവിളി കൊണ്ടേ

ഊരുചുറ്റുന്നോരു കാറ്റിനലകളിൽ 

ശേഷിപ്പു ചോദ്യമിതെന്തിനീ പാതകം 

നീറിപ്പടരുന്നതുത്തരമില്ലാതെ

 

തരുണരക്തം കുടിക്കും നിശാചരർ

ഇരുളിൽ ചമയ്ക്കുന്ന പത്മവ്യൂഹങ്ങളിൽ

ആരാണടുത്തയിരയെന്നു കാത്ത്

വലമേലിരിയ്ക്കും ചിലന്തിപ്പിശാചുകൾ

 

രക്തം നുണയുമിതിഹാസഭൂതത്തിൻ

ചരിതമിതെത്ര പുരാതനീയം മന്നിൽ

കൊല്ലും കൊലവിളിയെന്നും സ്മൃതികൾ തൻ

ഇതളിതിലായ് രക്തക്കറ പുരട്ടീടുന്നു 

 

അടിമനുകം തകർത്ത നാളിൽ മുതൽ

മുന്നമല്ലെത്രയോ ആവർത്തനങ്ങളിൽ

ഇന്നോളമെത്തുന്ന രക്തപ്പുഴകളിൽ

വീണടിഞ്ഞെത്രയോ പൂക്കളതായിരം

 

പഴിചാരിയൊഴിയാമിതെങ്കിലും തീരാത്ത

നോവിൻ ചിതയെന്നണഞ്ഞു തീരും.

പതിവുപോലെല്ലാം പറഞ്ഞു തള്ളി 

പാതിമയക്കമിനിയെത്ര നാൾ?

 

മുന്നിലിരുളാണു നീളെ നമുക്കു സ്വന്തം

മുന്നിലടയുന്നു നേരിന്റെ  നേർവഴികൾ

ചരിത്രം തിരുത്തി ചതിയാൽ നിറച്ച്

ചാവിൻ പകിടയെറിയുന്നവർ

 

ധർമ്മപുരാണങ്ങളേറ്റു പാടി

വർണ്ണാശ്രമത്തിന്റെ ചുട്ടി കുത്തി

പൈതൃകപ്പെരുമകൾ ചൊല്ലിയാടും

ആധിപത്യങ്ങൾ തൻ ശംഖൊലികൾ

 

സത്യവാക്കായ് നാം പരിചയിക്കെ

സത്യം മറന്നു ചിരം ചരിക്കേ

ചുറ്റിലുമുയരും ഗതിയറ്റ രോദനം

മന്ത്രങ്ങളാലെ മറച്ചുവക്കേ

 

കൊലവിളി തിങ്ങും തെരുവുകൾ തോറും

ഭക്തിയാം ലഹരിയാൽ തീപടർത്തി

ആചാരഭൂതങ്ങളാർത്തു പാടും

ദേശീയവാദപ്പെരും നുണകൾ

 

പേരുമാറാം പിന്നെയാളുമാറാം 

മാറാത്തതീച്ചതി ചക്രവ്യൂഹം

അഭിമന്യുവെത്രനാളഭിനവം മണ്ണിതിൽ 

പൊരുതിയും കരുതിയായ് മാറിടുന്നു

 

നിന്നിടനെഞ്ചിലെ വാരിയെല്പ്ഴുതിലൂടാ

ഴ്ന്നിറങ്ങുന്നോരു വായ്ത്തലയാലവർ

കീറി മുറിച്ചീ ജനാധിപത്യത്തിന്റെ

പ്രാണൻ തടിക്കും ഹൃദയ ഞരമ്പുകൾ 

 

തൻ മതമല്ലാത്തതെല്ലാരോചകം

തങ്ങളല്ലാത്തവരെല്ലാം കളകളും

മതമൊരു രാജ്യത്തിനതിരായ് ഗണിക്കുന്ന

മതിഭ്രമയീമ്പിക്കുടിപ്പൂ ചൂടു നിണം.

 

ദിവ്യയാകാമവൾ ആസിഫയാകാം

സൗമ്യയാകാമവൾ ഗൗരിയാകാം

അപമൃത്യുവിൻ നിഴൽ വീണയീ മണ്ണിന്റെ

കറ കഴുകാനേതു പുണ്യതീർത്ഥം

 

രാവേറെ വൈകി നടക്കാനിറങ്ങരുത് 

തെരുവിൽ നിനക്കിനി മൗനമേ ഉത്തമം

മതഭ്രാന്തിനെതിരായി നിന്റെ മിഴികളിൽ 

കനലൊന്നു മെരിയരുത് മരമായുറയുക.

 

കലി കൊണ്ട വൈര്യങ്ങളുടലാർന്ന ഭൂമിയിൽ 

ശിരസറ്റ സ്നേഹത്തിനാർത്തനാദം

എതിരായ തൊക്കയും പിഴുതു നീക്കും

നീചാധിപത്യങ്ങൾ വാഴ്‌വതിന്നും

 

ശേഷിപ്പു പിന്നെയും ശപ്തമീ ഭൂമിയിൽ

പേറ്റു നോവേറ്റോരുദര പുകച്ചിലും

പെയ്തെത്രയെങ്കിലും പെയ്തൊഴിയാതുള്ള

മാതൃ വിലാപപ്പെരുമഴയും.

 

ചുറ്റുമുയരമൊരു പത്മവ്യൂഹത്തിന്റെ

നടുവിലാണിന്നു നാമറിയാതെ പോകലാ

ഏതു നേരത്തും തേടിയെത്താമൊരു

വായ്ത്തലയെങ്ങോ മറഞ്ഞിരിപ്പൂ .

 

ഭയമുയർത്തും മതിൽ ഭേദിക്കവേണമീ

മനുജസ്നേഹത്തിന്റെയഗ്നിയാലെ

ചേർന്നു നിൽക്കേണമീ മതരാഷ്ട്ര വാദങ്ങൾ

സ്നേഹപ്രമാണത്തിനാൽ ചെറുക്കാം

 

അഭിമന്യുവൊരു തിര മാത്രമാണോർമ്മയിൽ 

തീരത്തിരുന്നു നാം എണ്ണും തിരകളെ 

പിന്നെ തിരികെ നടക്കും മറന്നു നാം

ഇതെത്രയോ നാളായ് തുടരും പഴക്കങ്ങൾ.

 

പറയാതെ വയ്യിനി പറയാതെ പോകുവാൻ ആകില്ലനിയുമൊരുമാത്ര പോലും

പാതിവാക്കുള്ളിൽ കടിച്ചൊതുക്കി

കണ്ണടച്ചിനിയുമേ  പോക വയ്യ.

 

പറയുമ്പൊഴറിയാം ഇരുളിലായെന്നെയും 

പക പൂണ്ടു കാത്തിരിപ്പാണവരെങ്കിലും

കൈപ്പത്തിയാകാം  ഹൃദയമാകാം

ചൂഴ്ന്നെടുക്കാമെന്റെ രസനയെന്നാൽ

 

പറയാതെ വയ്യ പൊലിയുന്നതിൻ മുമ്പു

പറയാതെ വയ്യ വിരൽ ചൂണ്ടാതെ വയ്യ

ശിരസ്സുയർത്തുന്നു ഞാൻ നിർഭയമെന്നെയും

യജ്ഞമൃഗമായ് സ്വയം നൽകുന്നു

കൊന്നു ഭക്ഷിയ്ക്കുകയെന്റെ മാംസം

എൻ ഹൃദയരക്തം കുടിച്ചുകൊൾക.

 

കാതിൽ മുഴങ്ങയാണിപ്പൊഴും 

കേഴുന്നവളമ്മ ഭാരതമാണവൾ

എൻ മകനേ, നാൻ പെറ്റ മകനേ

അൻപുടലാർന്ന നോവുകൾ

പേറുമൊരു കാർമുകിൽ ഉരുകി - യൊലിക്കയാണിന്നിൻ നെറുകയിൽ .

- എംപി. തൃപ്പൂണിത്തുറ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മാർട്ടിൻ പാലക്കാപ്പിള്ളിൽ, തൂലികാ നാമം എംപി. തൃപ്പൂണിത്തുറ. കലയുമായും പ്രഭാഷണങ്ങളുമായും അഭേദ്യമായ ബന്ധം. എഴുത്തും വരയും പ്രഭാഷണങ്ങളുമായി ജനങ്ങളുമായി സംവദിക്കുന്നു. താമസം എറണാകുളം തൃപ്പൂണിത്തുറയിൽ. ഭാര്യയും 3 മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ