കാവൽ

കാവൽ

കാവൽ

'ദേ നിങ്ങളിങ്ങോട്ടൊന്ന് വന്നേ'  'എന്താ?'  'ഇങ്ങോട്ട് വാ, നിങ്ങൾടെ സീമന്തപുത്രൻ ആരെയാ കൊണ്ടുവന്നിരിക്കുന്നതെന്ന് നോക്കിയേ...'  കുരുമുളകിന്റെ വള്ളി പിടിച്ചുകെട്ടുകയായിരുന്ന കൃഷ്ണൻ ഏണിയിൽ നിന്ന് താഴേക്കിറങ്ങി, തലയിൽ കെട്ടിയിരുന്ന തോർത്ത്മുണ്ടെടുത്ത് മുഖം തുടച്ച് ഉമ്മറത്തേക്ക് വന്നു  'എന്താ ഉമേ, എന്താ അവിടെ?'  'ഇതൊന്ന് നോക്കിയേ, ഇവിടെ ഇതിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു'  അപ്പോഴാണ് കൃഷ്ണൻ ശ്രദ്ധിച്ചത്, അപ്പുവും അവന്റെ കയ്യിൽ ഒരു നായക്കുട്ടിയും. തവിട്ടുനിറത്തിലുള്ള നല്ലൊരു നായക്കുട്ടി, നാടൻ ആണ്. അപ്പുവിന്റെ മുഖത്ത് വലിയ സന്തോഷം.   'എന്തിനാ അപ്പൂ നീയിതിനെ കൊണ്ടുവന്നിരിക്കുന്നത്?'  'അമ്മയല്ലേ ഇന്നലെ പറഞ്ഞത് പാടത്ത് പന്നിയിറങ്ങുന്നുണ്ട് ഒരു നായയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന്?'  'അതിനാ നീയീ കുട്ടീനെ കൊണ്ടുവന്നിരിക്കുന്നത്? ഇത് ചെറിയ കുട്ടിയല്ലേ അപ്പൂ? എവിടുന്ന് കിട്ടി നിനക്കിതിനെ?'  'ഇവൻ മിടുക്കനാ അമ്മാ, ശരത്തിന്റെ വീട്ടിലേയാ, അവിടെ രണ്ടെണ്ണമുണ്ട്. ഇവൻ രാത്രി നല്ല കുരയാണത്രെ'  'ഇനി ഇവിടെയുള്ളവരുടെ ഉറക്കം കളയാനാ നീയിതിനെ കൊണ്ടുവന്നത്?'  കൃഷ്‌ണൻ നായക്കുട്ടിയെ ഒന്ന് നോക്കി. നാടൻ ആണെങ്കിലും നല്ല ഉശിരുണ്ട്, കുറച്ച് ആട്ടിൻപാൽ കൊടുത്താൽ ഒന്ന്കൂടി ഉഷാറാകും.   'അപ്പൂ, നീയിതിനെ അവർക്ക് തിരിച്ച് കൊടുത്തേ, അച്ഛൻ ശിവശങ്കരൻ മാമനോട് ഒരെണ്ണത്തിനെ കൊണ്ടുതരാൻ പറഞ്ഞിട്ടുണ്ട്'  'ഉമേ, ഇത് ഇവിടെ നിന്നോട്ടെ, നോക്കിയാൽ നന്നാവുന്ന ജാതി ആണ്. ചെറിയ കുട്ടി ആയത് കൊണ്ട് പെട്ടന്ന് ഇണങ്ങിക്കോളും'  'അപ്പൊ ശിവനോട് പറഞ്ഞതോ? വലുതിനെ കിട്ടിയാലല്ലേ പന്നിവന്നാൽ എന്തെങ്കിലും ചെയ്യാൻ പറ്റൂ?'  'അതും ഇരുന്നോട്ടെ'  'ആ, നിങ്ങൾക്ക് അത് പറയാം , ഈ രണ്ടെണ്ണത്തിനും തിന്നാൻ കൊടുക്കണ്ടേ, ഇവിടെ മനുഷ്യന്മാർക്ക് തിന്നാൻപോലും തികയുന്നില്ല. പയ്യിന്റേം ആടിന്റേം കാര്യങ്ങൾ നോക്കാൻ പോലും എനിക്ക് സമയം തികയുന്നില്ല അതിന്റിടയ്ക്കാ ഇതും കൂടി'  'കുട്ടൂന്റെ കാര്യം ഞാൻ നോക്കാം അമ്മേ'  'കുട്ടുവോ? ഇതിനും അതാ പേര്?'  നായ്ക്കൾ മനുഷ്യരുടെ കൂടെക്കൂടിയത് എന്നുമുതലാണെന്ന് അറിയില്ല, പക്ഷെ ഒരു കാർഷിക കുടുംബത്തിലെ ഒഴിച്ച് കൂടാനാവാത്ത അംഗമാണ് നായ. കൃഷ്ണൻ വീട് വച്ചത് മുതൽ ഒരു നായയെ വളർത്തി, അന്ന് ഉമയാണ് അതിന് കുട്ടുവെന്ന് പേരിട്ടത്, അപ്പുവിന്റെ കളിപ്പാവയായിരുന്നു കുട്ടു, ആറേഴ് വർഷത്തെ വീട് കാവലിനൊടുവിൽ അവൻ എങ്ങോട്ടോ പോയി, ചത്തതാണോ കൊന്നതാണോ എന്നൊന്നും അറിഞ്ഞില്ല.  അവൻ വെറുമൊരു നായയല്ല ആ വീട്ടിലെ ഒരു അംഗമായിരുന്നു എന്ന് മനസിലായത് ഒഴിഞ്ഞ പാത്രവും തുരുമ്പെടുക്കാൻ തുടങ്ങുന്ന ചങ്ങലയും കണ്ടപ്പോഴാണ്. അവനെ ചങ്ങലയിൽ ഇടുന്ന പതിവില്ലായിരുന്നു, അവൻ എപ്പോഴും അവന്റെ സ്ഥലത്തുണ്ടാകും.   ഒരു നായയില്ലാതെ പറ്റില്ല എന്ന് തോന്നിയതോടെ കൃഷ്ണൻ എവിടെ നിന്നോ ഒരു നായക്കുട്ടിയെ കൊണ്ടുവന്നു, വർഷങ്ങളോളം കുട്ടു എന്ന് വിളിച്ച് ശീലിച്ചത് കൊണ്ട് അവർക്ക് ആ പേര് മാറ്റാനായില്ല. പഴയ കുട്ടുവിന്റെ സ്ഥാനത്തേക്ക് അവൻ കയറി വന്നു. വീടിന്റെ തെക്കേമൂലയിൽ അവനുള്ള ചാക്കും പാത്രവും ചങ്ങലയും കാത്തിരിക്കുന്നുണ്ടായിരുന്നു.  വീട്ടിലെ പശുക്കൾക്കും ആടിനും കോഴിക്കുമൊപ്പം ആ വീട്ടുകാരുടെ സ്നേഹങ്ങളേറ്റുകൊണ്ട് അവനും വളർന്നു. നായയും പൂച്ചയും ശത്രുക്കളാണെങ്കിലും ചിന്നു അവന് കൂടെപ്പിറപ്പായിരുന്നു. അവൾ ഒഴികെയുള്ള എല്ലാ പൂച്ചകളെയും അവൻ അതിർത്തി കടക്കാതെ തടഞ്ഞു. പകൽ മുഴുവൻ ചങ്ങലയിലാണെങ്കിലും രാത്രി കോഴിക്കൂട് അടയ്ക്കുന്നതിനൊപ്പം അവനെ അഴിച്ച് വിടും. പിന്നെ രാവിലെ ഏഴ് മണി വരെ സ്വതന്ത്രമായി നടക്കാം.  തനിക്കുള്ള സമയം അവസാനിച്ചെന്ന് മനസ്സിലായാൽ അവൻ  തന്റെ സ്ഥാനത്ത് വന്ന്കിടക്കും. അന്ന് പതിവ് സമയം കഴിഞ്ഞിട്ടും കുട്ടു വന്നില്ല, അപ്പു സ്‌കൂളിലേക്ക് പോകാൻ ഇറങ്ങി, എന്നിട്ടും അവനെ കണ്ടില്ല. അവൻ തൊടിയിലൂടെ കുട്ടുവിനെ തിരഞ്ഞ് നടന്നു, പാടത്ത് കിളയ്ക്കുകയായിരുന്ന കൃഷ്ണനോട് കുട്ടുവിനെ കാണാനില്ലെന്ന് അവൻ പറഞ്ഞു.  എന്തോ പന്തികേട് തോന്നിയ കൃഷ്ണനും കുട്ടുവിനെ തിരഞ്ഞിറങ്ങി.   കുട്ടുവിനെ കാണാതെ സ്‌കൂളിൽ പോകാൻ മനസ്സില്ലാതെ നിൽക്കുകയായിരുന്ന അപ്പുവിനെ ഉമ പുളിവാറൽ കാണിച്ച് പേടിപ്പിച്ച് ഒരുക്കിനിർത്തി. മനസില്ലാമനസോടെ സ്‌കൂളിലേക്ക് ഇറങ്ങിയ അപ്പുവിന്റെ അടുത്തേക്ക് ഒരു ചാക്കിൽ പൊതിഞ്ഞ കുട്ടുവിന്റെ ശരീരവുമായി കൃഷ്ണൻ വന്നു.  അയാൾ ആ ചാക്ക് നിലത്ത് വച്ച് അരയിൽ കൈകുത്തി നെടുവീർപ്പിട്ടു.  'ഏതോ വണ്ടി ഇടിച്ചതാ....' അയാൾ ഉമ്മറത്തെ പാടത്തേക്ക് അലക്ഷ്യമായി നോക്കി നിന്നു. അപ്പു കരയാൻ തുടങ്ങിയിരുന്നു, ഉമ അവനെ ആശ്വസിപ്പിക്കാനും.  കുട്ടുവിന്റെ വായിലൂടെ ഒലിച്ചിറങ്ങിയ ചോരയിൽ ഈച്ച വന്നിരിക്കാൻ തുടങ്ങി. അവന്റെ കണ്ണുകൾ തന്നെ നോക്കുന്നതായി അപ്പുവിന് തോന്നി.   കൃഷ്ണൻ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ പാടത്തേക്കിറങ്ങി. അപ്പു കുട്ടുവിന്റെ അരികിലിരുന്നു അവന്റെ കഴുത്തിൽ ഒന്ന് തടവി. അത് കുട്ടുവിന് ഇഷ്ടമായിരുന്നു. കഴുത്തിൽ തടവുമ്പോൾ അവൻ തല ഉയർത്തിപ്പിടിച്ച് കഴുത്തിന്റെ കീഴ്ഭാഗം കാണിക്കുമായിരുന്നു.  പാടത്തേക്ക് പോയ കൃഷ്ണൻ കൈക്കോട്ട് എടുത്ത് വടക്കേ തൊടിയിലേക്ക് പോയി, അവിടെ പറങ്കിമൂച്ചിയുടെ താഴെ കുഴിയെടുക്കാൻ തുടങ്ങി.  കുട്ടുവിനെ ചാക്ക് കൊണ്ട് പുതപ്പിച്ച് അപ്പുവും അങ്ങോട്ട് വന്നു. അവൻ ആ കുഴിയുടെ അരികിൽ തലയിൽ കൈയും കൊടുത്ത് ഇരുന്നു. കൃഷ്ണൻ ഒന്നും മിണ്ടാതെ കുഴി വെട്ടുകയാണ്. ഒരുപക്ഷെ അയാൾക്ക് ഉള്ളിലെ വിഷമം കാണിക്കാൻ അറിയാത്തത് കൊണ്ടാവും. കുഴി കുറച്ച് വെട്ടിക്കഴിഞ്ഞ് അയാൾ കുറച്ച് നേരം ഇരുന്നു, അപ്പു പതുക്കെ കൈക്കോട്ട് എടുത്ത് കുഴിയിലേക്ക് ഇറങ്ങി. അവൻ പതുക്കെ കുഴിയെടുക്കാൻ തുടങ്ങി. അവൻ ചെയ്യുന്നത് കണ്ട് കൃഷ്ണൻ വീണ്ടും കുഴിയെടുക്കാൻ തുടങ്ങി. അവസാനം കുട്ടുവിന്റെ ശരീരം കുഴിയിലേക്കിറക്കിവച്ച് മണ്ണിട്ടു. മണ്ണിടൽ കഴിഞ്ഞിട്ടും അപ്പു കുറച്ച് നേരം അവിടെത്തന്നെയിരുന്നു. കുട്ടുവിന് ശേഷം പിന്നെയൊരു നായ അവിടെ ഉണ്ടായില്ല.   'ഇതിനും കുട്ടു മതി അമ്മാ'  'നീ എന്തെങ്കിലുമൊക്കെ ചെയ്യ്'  'അപ്പൂ, നീ ഇവനെ ഒന്ന് കുളിപ്പിക്ക്'  'ഉം'  കൃഷ്ണൻ കൈക്കോട്ട് എടുത്ത്  പാടത്തേക്ക് ഇറങ്ങി. ഇത്തവണ പാടത്ത് പൂളക്കിഴങ്ങ് ആണ് നട്ടിരിക്കുന്നത്. താഴേപാടത്ത് നെല്ല് ഉണ്ട് അത് മതി ഉണ്ണാൻ. നെല്ലിന് ഇപ്പൊ വിലയും ഇല്ല, സപ്ലൈക്കോയിൽ കൊടുത്താൽ പൈസ കൃത്യസമയത്ത് കിട്ടുകയുമില്ല. ഇത്തവണയെങ്കിലും വീടൊന്ന് ഇറക്കിമേയണം, പട്ടിക മുഴുവൻ ചിതലെടുത്തു, കുറേ മരം ചിലവാകും. അമ്മുപ്പെണ്ണിന് ഒരു ഫ്രിഡ്ജ് വാങ്ങിക്കൊടുക്കണം, പെറ്റിട്ട് പോകുമ്പോൾ അവൾക്ക് ഒന്നും കൊടുത്തിട്ടില്ല.  വാസുവാണ് പറഞ്ഞത് പൂളകിഴങ്ങകൃഷിയാണ് നല്ലതെന്ന്. ചിലവ് കുറവാണ്, തറി പറച്ച് കഴിഞ്ഞാൽ ഒരു വിളയെടുക്കാം. കിഴങ്ങുകൾ പാടത്ത് നടുന്നത് നെല്ലിനും നല്ലതാത്രേ.   മൂന്ന് കണ്ടത്തിലും കൂടി ആയിരത്തിമുന്നൂറ്‍ തറി നട്ടിട്ടുണ്ട്, ദൈവം സഹായിച്ച് ഇതുവരെയും നല്ല കാലാവസ്‌ഥ ആയിരുന്നു, ആവശ്യമുള്ള സമയത്ത് നല്ല മഴ കിട്ടി. എല്ലാവരും പറയുന്നത് രണ്ട് മാസം കൂടി കഴിഞ്ഞാൽ ഒരു ഉറുപ്പിക കയ്യിൽ കിട്ടുമെന്നാ, എത്രയായാലും കിട്ടുന്നത് ലാഭം.  അയാൾ പൂളത്തറിയുടെ ചുവട്ടിലെ പുല്ലുപറച്ച് മണ്ണുവെട്ടിയിടാൻ തുടങ്ങി.  കുറച്ച് കഴിഞ്ഞപ്പോഴേക്കും അപ്പുവും അങ്ങോട്ട് വന്നു.  ചെക്കന് പഠിപ്പിനേക്കാളും താല്പര്യം പാടത്ത് എന്തെങ്കിലും പണിയെടുക്കുന്നതിലാ. മണ്ണ് മനുഷ്യനെ ചതിക്കില്ല എന്നറിയാം. ലതയെ കെട്ടിച്ച് വിട്ടതും ഒരു വീട് വച്ചതും അമ്മുനേം അപ്പൂനേം പഠിപ്പിച്ചതും അമ്മുവിനെ കെട്ടിച്ചതും എല്ലാം ഈ മണ്ണിൽ നിന്ന് കിട്ടിയത്കൊണ്ടാണ്. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതിലൊന്നും താല്പര്യമില്ലെങ്കിലും അപ്പുവിന് അങ്ങനെയല്ല. ചോരയുടെ ഗുണം അവൻ കാണിക്കാതിരിക്കില്ലല്ലോ. അപ്പു കൈക്കോട്ട് എടുത്ത് കൃഷ്ണനെ സഹായിച്ചു, കൂടെ ഒരാളുള്ളത് കൃഷ്ണനും ഒരാശ്വാസമാണ്, എന്തെങ്കിലും മിണ്ടിയും പറഞ്ഞും പണിയെടുക്കാമല്ലോ. പത്ത് മണി കഴിഞ്ഞപ്പോൾ രണ്ടാളും ചായകുടിക്കാൻ കയറി. ഉമ അപ്പോഴേക്കും കട്ടൻ ചായയും കപ്പ പുഴുങ്ങിയതും കൊണ്ടുവന്നു, ഒപ്പം കാന്താരിമുളക് ഇട്ട ചമ്മന്തിയും.  ഭാവിയുടെ ഓരോ പ്രതീക്ഷയും പങ്ക് വച്ചുകൊണ്ട് മൂന്നാളും ചായ കുടിച്ചു. പ്ളേറ്റിൽ രണ്ട് കഷ്ണം കപ്പയുമെടുത്ത് അപ്പു കുട്ടുവിന്റെ അടുത്തേക്ക് ചെന്നു,  ഒരു ചെറിയ കഷ്ണം അവന്റെ വായിൽ വച്ച് കൊടുത്തെങ്കിലും അവൻ കഴിച്ചില്ല. അപ്പു അടുക്കളയിൽ പോയി ഇന്നലത്തെ മത്തിക്കറിയിൽ നിന്ന് കുറച്ച് ചാറെടുത്ത് കപ്പയിൽ ഒഴിച്ചു. മീൻ കറിയുടെ മണം അടിച്ചത്കൊണ്ടാവും കുട്ടു ആർത്തിയോടെ ആ കപ്പ തിന്നു. കഴിച്ചത് മതിയവാത്തത് കൊണ്ട് അവൻ അപ്പുവിന്റെ കൈ നക്കിത്തുടച്ചു.   അപ്പോഴേക്കും കൈയ്യിൽ നല്ലൊരു നായയെയും കൊണ്ട് ശിവൻ അങ്ങോട്ട് വന്നു. വലിയ ഒരു നായ, പക്ഷെ നല്ല അനുസരണയോടെ അത് ശിവന്റെ പിന്നിൽ വാലാട്ടി  നിന്നു.   'ചായകുടി കഴിഞ്ഞോ?'  'ആ ഇപ്പൊ കഴിഞ്ഞേ ഉള്ളൂ'  'ഔ,, ഞാനിത്തിരി വൈകി ലേ?'  'നീ ഇരിക്കടാ, ഞാൻ ചായ വെക്കാം'  'എന്നാ ആയിക്കോട്ടെ, കൃഷ്‌ണേട്ടാ ദാ നിങ്ങൾ ചോദിച്ച സാധനം'  'ഇത് എവിടുത്തെയാടാ?' കൃഷ്‌ണൻ നായയെ നോക്കി ചോദിച്ചു   'മ്മടെ കാർന്നൊരുടെ വീട്ടിലെയാ. അവിടെ വേറെ ഒന്ന് ണ്ട്'  'കണ്ടിട്ട് ഒരു കൊണിച്ചിപ്പട്ടി ആണെന്നാലോ തോന്നാണത്?'  'ആ അത് തോന്നാലാ  മനുഷ്യന്മാരോട് നല്ലപോലെയാണ് വേറെ നായ്ക്കളെ കണ്ടാൽ അടുപ്പിക്കില്ല. ഇവൻ അവിടെയുള്ളത് കൊണ്ടാ ഏട്ടൻ തൊടിയിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കുന്നത് . ഇപ്പൊ മറ്റേത് വലുതായി അപ്പൊ രണ്ടിനേം കൂടി നോക്കാൻ പറ്റുന്നില്ല'  ചായയുമായി ഉമ വന്നു 'ന്റെ ശിവാ നീയിത് കണ്ടോ ഈ ചെക്കൻ ചെയ്തത്, എവിടുന്നോ ഒരു നായക്കുട്ടിയെ കൊണ്ടുവന്നിരുന്നു. ഇനിയിപ്പോ രണ്ടിനേം ഞാൻ എങ്ങനെയാ നോക്കാ?'  അപ്പോഴാണ് ശിവൻ കുട്ടുവിനെ കണ്ടത്. അയാൾ കുട്ടുവിന്റെ അടുത്ത് ചെന്ന് ആകെ ഒന്ന് നോക്കി.   'കൃഷ്‌ണേട്ടാ ഇത് നാടൻ ജാതി ആണല്ലോ, നല്ല ഉശിരുണ്ട്. നോക്കിയാൽ നന്നാവും'  'അതന്നെയാ ഞാനും ആലോചിച്ചത്. ന്നാലും രണ്ടെന്നതിനെ നോക്കണ്ടേ ശിവാ?'  'അതൊന്നും സാരല്ല്യ. പൂളത്തറി പറച്ച് കഴിഞ്ഞാൽ ഞാൻ ഇതിനെ കൊണ്ടുപോകാം. വീട്ടിലും ഒരെണ്ണം ഇല്ല'  'ന്നാ രണ്ടും നിന്നോട്ടെ ലെ?'  'അതന്നെ അതിന്റെ ശരി. ന്നാ ഞാൻ നടക്കട്ടെ, കുറച്ച് വിറക് പൊളിക്കാൻ ണ്ട്'  'ശരി'  കൊണ്ടുവന്ന നായയെ കൃഷ്ണനെ ഏൽപ്പിച്ച് ശിവൻ പോയി. എല്ലാവരും പുതിയ അതിഥിയെ ഒന്ന് നോക്കി, കുട്ടു അവനെ നോക്കി ഒന്ന് കുറച്ചു. പിന്നെ വാലാട്ടാൻ തുടങ്ങി.   ഇവന് എന്ത് പേരിടും എന്നായിരുന്നു അപ്പുവിന്റെ ആലോചന. വീട്ടിലെ എല്ലാ ജീവികൾക്കും പേരുണ്ട്. പശുക്കൾ അമ്മുവും മാളുവും, അമ്മുവിന്റെ കുട്ടി കണ്ണൻ.  ടിപ്പു, ടോമി, ടോബി, ഇതൊന്നും വേണ്ട. മുത്തു, അത് മതി.   പുതിയ അംഗം ആയത് കൊണ്ട് അപ്പു മുത്തുവിനെ തോട്ടിൽ കൊണ്ടുപോയി കുളിപ്പിച്ചു. കുട്ടുവിന്റെ അടുത്തായി ഒരു കുറ്റി അടിച്ച് അവനെ കെട്ടിയിട്ട് അവൻ വീണ്ടും പാടത്തേക്കിറങ്ങി.  ഇത്തവണ പ്ലസ് ടു ആണ്, കഴിഞ്ഞ കൊല്ലം എങ്ങനെയൊക്കെയോ പാസ്സായി, ഏതിലും നല്ല മാർക്കൊന്നുമില്ല. ഇതുവരെയും ഒരു പരീക്ഷയിലും തോറ്റിട്ടില്ല,  ഇത്തവണ ഒരു പേടിയുണ്ട്. ജയിച്ചിട്ട് കാര്യമുണ്ടായിട്ടല്ല, ഇനിയും പഠിക്കലൊന്നും നടക്കില്ല. പക്ഷെ തോൽക്കാൻ വയ്യ. ചേച്ചിയെ കെട്ടിച്ചപ്പോൾ മുതൽ കടം ഇത്തിരി കൂടുതലാണ്, അച്ഛനെകൊണ്ട് ഒറ്റയ്ക്ക് എല്ലാം നടക്കുമെന്ന് തോന്നുന്നില്ല.  സന്തോഷേട്ടനോട് വർക്ഷോപ്പിലേക്ക് വരട്ടെ എന്ന് ചോദിച്ചിട്ടുണ്ട്,  പ്ലസ്‌ടു കഴിഞ്ഞാൽ അവിടെ കൂടണം. പറ്റുമെങ്കിൽ പാരലൽ ആയി ഏതെങ്കിലും ഡിഗ്രി എടുക്കണം.  ഇത്തവണത്തെ വിളവ് കൊണ്ട് കടങ്ങൾ വീടുമെന്നാണ് അച്ഛൻ പറയുന്നത്, അങ്ങനെയാണെങ്കിൽ ഡിഗ്രിക്ക് ചേരാം. അപ്പോഴും എന്തെങ്കിലും ജോലി കൂടി ഒപ്പം നോക്കണം. എന്തെങ്കിലും ഒരു കൈപ്പണി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മനോജേട്ടന് രാത്രിയിലും പണി ഉണ്ടെന്നാണ് വിനോദ് പറഞ്ഞത് അങ്ങനെയാണെങ്കിൽ വയറിങ്ങും പ്ലംബിങ്ങും പഠിക്കാം. ഇനി ഒന്നും ശരിയായില്ലെങ്കിൽ ബഷീർക്കാന്റെ പാടം പാട്ടത്തിനെടുക്കാം , അവര് ഇപ്പൊ കൃഷിയൊന്നും ചെയ്യുന്നില്ല. അതിൽ എന്തെങ്കിലും ഉണ്ടാക്കാം.   ഉച്ചയായപ്പോഴേക്കും ഒരു കണ്ടത്തിലെ പണി കഴിഞ്ഞു. പാടത്തെ കിണറ്റിൽ നിന്ന് ഒരു ബക്കറ്റ് വെള്ളമെടുത്ത് കൃഷ്ണൻ തലയിലൂടെ ഒഴിച്ചു. ഹൊ, എന്തൊരു തണുപ്പ്. മഴക്കാലമാണെങ്കിലും പാലക്കാടൻ ചൂട് ഒട്ടും കുറഞ്ഞിട്ടില്ല പക്ഷെ കിണറ്റിലെ വെള്ളത്തിന് നല്ല തണുപ്പാണ്. തൊടിയിൽ ഉണ്ടായിരുന്ന കിണറ്റിലെ വെള്ളം വറ്റിയപ്പോഴാണ് പാടത്ത് ഒരെണ്ണം കുത്തിയത്. എങ്ങനെയാ വറ്റാതിരിക്കുന്നത്‌ അങ്ങനത്തെ ചൂടാണ്, മഴയും കുറവ്. മഴ പെയ്തിട്ടും  കാര്യമില്ല വെള്ളം മുഴുവൻ ഒലിച്ച് പോവുകയല്ലേ, മണ്ണിലേക്ക് ഒന്നും ഇറങ്ങുന്നില്ല.  ഇവിടെ അടുത്ത് മാത്രം ഇരുപത്തിയഞ്ച് കുഴൽകിണറാണ് ഒരു കൊല്ലത്തിനുള്ളിൽ കുത്തിയത്. മണ്ണിനെ ഇങ്ങനെ ദ്രോഹിക്കുമ്പോൾ എങ്ങനെയാ പ്രകൃതി പ്രതികരിക്കാ ആവോ? രണ്ട് ബക്കറ്റ് വെള്ളം കൂടി അയാൾ തലവഴി ഒഴിച്ചു, ആ ക്ഷീണമങ്ങോട്ട് മാറി. ഒരു ബക്കറ്റ് വെള്ളം കൂടി മുക്കിയെടുത്ത് ഒരു കൈ കൊണ്ട് ചരിച്ച് മറ്റേ കൈയിലൂടെ കുടിച്ചു. തണുത്ത വെള്ളം ഉള്ളിൽ ചെന്നപ്പോൾ ആകെ ഒരു ഉന്മേഷം തോന്നി. നല്ല മധുരം.  അപ്പോഴേക്കും അപ്പുവും അങ്ങോട്ട് വന്നു. അച്ഛന്റെ ശീലങ്ങൾ കണ്ട് വളർന്നത് കൊണ്ടാവണം അവനും വെള്ളമെടുത്ത് കുളിച്ച് കുറച്ച് വെള്ളം കുടിച്ചു.   ഉച്ചയ്ക്ക് എല്ലാവരും ചോറ് കഴിച്ചുകഴിഞ് ഉമ ഒരുപാത്രത്തിൽ ചോറെടുത്ത് കുട്ടുവിന്റെ  അടുത്തേക്ക് ചെന്നു, അപ്പോഴാണ് ഇന്ന് പുതിയ ആളുകൂടി ഉണ്ടെന്ന് അവൾക്ക് ഓർമ വന്നത്. മുത്തുവിനുകൂടി  ചോറ് കൊടുക്കാൻ അവൾ പഴയ ഏതെങ്കിലും പാത്രം കിട്ടുമോ എന്ന് തിരയാൻ പോയി. അപ്പോഴേക്കും കൃഷ്ണനും അങ്ങോട്ട് വന്നു  'എന്താ നീ തിരയുന്നത്?'  'ഇതിനും കൂടി ഒരു പാത്രം വേണ്ടേ?'  'എന്തിന്? രണ്ടിനും കൂടി ഒന്ന് മതി '  'അതുങ്ങള് കടികൂടും'  'അതൊന്നും ഉണ്ടാവില്ല, മനുഷ്യരെപോലെയല്ല മൃഗങ്ങൾ. അവറ്റകൾക്ക് പരസ്പരം സ്നേഹമുണ്ട്. നമ്മൾക്കല്ലേ അഭിമാനക്കുറവും കപടവൃത്തിയുമൊക്കെയുള്ളു. മുൻപൊക്കെ ഭർത്താവ് കഴിച്ച പാത്രത്തിൽ ഭാര്യ ചോറ് കഴിക്കും, ഇന്നത്തെ ആളുകൾ അങ്ങനെ ചെയ്യോ?'  'ന്നാ ഒരു പാത്രം മതീച്ചാ മതി. ഇതുങ്ങള് കടികൂടാതെ നിങ്ങൾ നോക്കിയാൽ മതി'  ചോറ്റുപാത്രം കുട്ടുവിനും മുത്തുവിനും മുന്നിൽ വച്ച് ഉമ അകത്തേക്ക് പോയി. ഭക്ഷണം കണ്ടതും മുത്തു ആദ്യം പോയി കഴിക്കാൻ തുടങ്ങി, കുട്ടുവിനും കഴിക്കണമെന്നുണ്ടായിരുന്നെങ്കിലും പേടി കൊണ്ട് അവൻ വിട്ടുനിന്നു. ചോറ് ഏകദേശം പകുതിയായപ്പോൾ അവൻ മുത്തുവിന്റെ അടുത്തേക്ക് ചെന്നു, മുത്തു ഒന്നും ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ പതുക്കെ ചോറ്റുപാത്രത്തിൽ തലയിട്ടു. അത് കണ്ടതും മുത്തു ഒന്ന് മുരണ്ടു. അത് കേട്ടതും അവൻ ഓടിമാറി കുറച്ചപ്പുറം നിന്ന് മുത്തുകഴിക്കുന്നത് നോക്കി.  മുത്തു കുട്ടുവിനെ അടുപ്പിക്കുന്നില്ലെന്ന് കണ്ടപ്പോൾ കൃഷ്ണൻ അവരുടെ അടുത്തേക്ക് വന്നു , അയാൾ മുത്തുവിന്റെ തലയിൽ ഒന്ന് തലോടി. അപ്പോൾ അവൻ മുഖമുയർത്തി കൃഷ്ണനെ നോക്കി വാലാട്ടൻ തുടങ്ങി. കൃഷ്ണൻ അടുത്തുള്ള ധൈര്യത്തിൽ കുട്ടു പതുക്കെ പാത്രത്തിൽ വന്ന് ചോറ് തിന്നാൻ തുടങ്ങി. മുത്തുവും അവന്റെയൊപ്പം തിന്നാൻ തുടങ്ങി. അവർ തിന്ന് തീർക്കുന്നത് വരെ കൃഷ്ണൻ അവിടെത്തന്നെ നിന്നു.  ഒന്ന് രണ്ട് ദിവസം കൂടി അപ്പൂവോ കൃഷ്ണനോ നായ്ക്കളുടെ അടുത്ത് നിന്നത് കൊണ്ട് രണ്ടാളുംകൂടി ഒരു പാത്രത്തിൽ നിന്ന് കഴിക്കാൻ പഠിച്ചു.   അധികം വൈകാതെതന്നെ മുത്തുവും കുട്ടുവും നല്ല കൂട്ടായി, വൈകുന്നേരം അഴിച്ച് വിടുമ്പോൾ രണ്ടാളും കൂടിയാണ് കറങ്ങാൻ പോവുക.   മിഥുനം കഴിയാറായി, മഴക്കാലം പതുക്കെ തുടങ്ങി. കൃഷ്‌ണന്റെ വാഴകൾ കുലച്ചു, പൂളത്തറിയും വലുതായി. ഒന്ന് രണ്ട് തറികളിൽ കിഴങ്ങ് വലുതായി. മഴവെള്ളം ഒഴുക്കിവിടാനായി പാടത്തിന്റെ നടുവിലൂടെ നല്ലൊരു ചാല് കീറി. കർക്കിടകം തുടങ്ങിയതോടെ മഴയ്ക്ക് ശക്തികൂടി. പകൽ മുഴുവൻ മഴയായത് കൊണ്ട് കൃഷ്‌ണന് പണിക്കൊന്നും പോകാൻ പറ്റാതായി. വീട്ടിലാണെങ്കിൽ അങ്ങിങ്ങായി ചോരാൻ തുടങ്ങിയിട്ടുണ്ട്. ഈ കൊല്ലമെങ്കിലും വീടൊന്ന് ഇറക്കിമേയണം. തൊഴുത്തിന് മുകളിലേക്ക് രണ്ട് തകരഷീറ്റ് വാങ്ങിയിടണം. രണ്ട് ചാക്ക് കൂടി അരിയുണ്ട് അത് കഴിയുമ്പോഴേക്കും കൊയ്ത്ത് തുടങ്ങും, കൈയിൽ പൈസയാണ് ഇല്ലാത്തത്. ഉള്ളത് മുഴുവൻ പാടത്ത് ഇറക്കിക്കഴിഞ്ഞു.   കാറ്റത്ത് ഏതാനും വാഴകൾ ഒടിഞ്ഞു വീണു. ഉടൻതന്നെ ബാക്കിയുള്ള വാഴകൾക്ക് മുളകൊണ്ട് താങ്ങ് കൊടുത്തു.    രണ്ട് ദിവസമായി മഴ ഒന്ന് കുറഞ്ഞു, അപ്പോഴാണ് അടുത്ത പ്രശ്നം വന്നത്. പന്നി, രാത്രി പണിയിറങ്ങുന്നുണ്ട്. ഇത്രയും ദിവസവും വലിയ പ്രശ്നമില്ലായിരുന്നു, ഇന്നലെ ഒരു ഏരി മുഴുവൻ കുത്തിമറിച്ചിട്ടിരിക്കുന്നു. രാത്രി മുത്തു നന്നായി കുരച്ചിരുന്നു അപ്പൊ എഴുന്നേറ്റ് നോക്കിയതാണ് പക്ഷെ ഒന്നും കണ്ടില്ല, രാവിലെ നോക്കിയപ്പോഴാണ് തറികൾ മറിഞ്ഞ് കിടക്കുന്നത് കണ്ടത്. കിഴങ്ങൊക്കെ മൂപ്പത്തിയിരിക്കുന്നു. രണ്ടാഴ്ച്ച കൂടി കഴിഞ്ഞാൽ പറയ്ക്കാം.   അന്ന് രാത്രി കൃഷ്ണൻ വീടിന്റെ ഉമ്മറത്ത് ഉറങ്ങാതിരുന്നു. നേരം പുലരായപ്പോഴാണ് ഒന്ന് കണ്ണടച്ചത്, പക്ഷെ ആ നേരം കൊണ്ട് ഒരു ഏരി കൂടി പന്നി നശിപ്പിച്ചിരുന്നു. രാത്രി മഴ ഉള്ളത് കൊണ്ട് മുത്തുവിനേം കുട്ടുവിനേം അഴിച്ച് വിടാറില്ല, രണ്ടാളും കോലായിൽ മുഴുവൻ ചളി ചവിട്ടിക്കയറ്റും. പാടവും ഉമ്മറവും കണ്ടാൽ മനസിലാവില്ല. മാത്രമല്ല ചായ്പ്പിലാണ് രണ്ടാളുടേം ഉറക്കം ഉണ്ടാവാ, അവിടെ കിടക്കുന്നത്കൊണ്ട് കുഴപ്പമില്ല പക്ഷേ നിലം മാന്തിപ്പൊളിക്കുന്നുണ്ട്. ഉമ ചാണകം മെഴുകിയതിന്റെ പിറ്റേ ദിവസം അടുപ്പിന്റെ കണി മാന്തിപ്പൊളിച്ചിരിക്കുന്നു. അന്ന് അവളുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടിട്ടുണ്ട്, അവറ്റങ്ങൾക്ക് നല്ല തല്ലും കിട്ടി.  ചിലസമയത്ത് ആടും കോഴിയും നായയുമൊക്കെ ശല്യമായി തോന്നും പക്ഷെ അതുങ്ങൾ ഇല്ലാതെ പറ്റുകയുമില്ല.  കുട്ടുവിന് ഒരു കൂട് പണിയണമെന്നുണ്ട്, ഇരുമ്പിന്റെ കൂടിന് അയ്യായിരവും ആറായിരവുമൊക്കെയാണ് പറയുന്നത് അതൊന്നും ഇപ്പൊ താങ്ങില്ല. എന്തായാലും ഈ കൊല്ലം വീടൊന്ന് ഇറക്കിമേയണം അപ്പൊ ബാക്കിയുള്ള പട്ടിക വച്ച് ഒരു കൂട് പണിയിക്കാം.   വാഴയും പൂളത്തറിയും മൂപ്പെത്തി, ഇനി നല്ലപോലെ നോക്കിയില്ലെങ്കിൽ പടിക്കൽ ചെന്ന് കലമുടച്ചപോലെയാവും. പന്നിയാണ് വലിയ പ്രശ്നം, ഒരു വഴിയുമില്ലെങ്കിൽ ഷോക്ക് കൊടുക്കണം.   പാടത്ത് പന്നിയിറങ്ങുന്ന കാര്യം കൃഷ്ണൻ അയൽവാസിയായ സുകുവിനോടും പാടത്ത് പണിക്ക് വരുന്ന  സജിയോടും പറഞ്ഞു. പന്നിയെ പിടിയ്ക്കുന്നത് നിയമവിരുദ്ധമാണ് അത് കൊണ്ട് എല്ലാവരോടും പറയാൻ പറ്റില്ലല്ലോ. മൃഗങ്ങളോടുള്ള സ്നേഹം കൂടുമ്പോൾ മനുഷ്യരുടെ നെഞ്ചിലെ തീയ് ആരും കാണുന്നില്ല. പന്നി, മയിൽ, പാമ്പ്, കുറുക്കൻ തുടങ്ങി ഒരുപാട് ജീവികളുടെ ശല്യമുണ്ട്, ഇതൊക്കെ മറികടന്ന് വേണം പാടത്ത് എന്തെങ്കിലും ഉണ്ടാക്കിയെടുക്കാൻ. എന്നിട്ട് അതിനോ നല്ല വിലയും കിട്ടില്ല, തമിഴ് നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമൊക്കെ വരുന്ന വിഷം കലർന്ന പച്ചക്കറിയാണ് ആളുകൾക്ക് വേണ്ടത്. ബാക്കി എന്തിനൊക്കെ പണം ധൂർത്തടിച്ചാലും നല്ല ഭക്ഷണസാധനങ്ങൾക്ക് പൈസ ചെലവാക്കാൻ മടിയാണ്. അതിന്റെയൊക്കെ ബാക്കിപത്രമാണല്ലോ പുതിയ പുതിയ രോഗങ്ങളും ആശുപത്രിയിലെ നീണ്ട നിരയും. പിശുക്കിയുണ്ടാക്കുന്ന കാശ് മുഴുവൻ ആശുപത്രിയിൽ കൊടുക്കും.   അന്ന് വൈകുന്നേരം സുകുവും സജിയും കൃഷ്ണന്റെ വീട്ടിലെത്തി. എല്ലാവരും തൊടിയും പാടത്ത് പന്നി ചെയ്ത് വച്ചതുമൊക്കെ  നടന്നു നോക്കി. 'ന്റെ കൃഷ്‌ണേട്ടാ ത് പ്പോ കൊറേ പോയല്ലോ, ങ്ങള് എന്താ ആദ്യം പറയാഞ്ഞത്?'സജി ചോദിച്ചു.  'അല്ല സജിയെ ആരെങ്കിലും അറിഞ്ഞാൽ ജയിലിൽ പോയി കെടക്കണ്ടി വരും. ഒരാള് നന്നാവുന്നത് ആർക്കും ഇഷ്ടാവില്ല, കാലം അതാണ്. നായ്ക്കളെ വിട്ടാക്കുന്ന ദിവസം പന്നി വരില്ല. ഇപ്പൊ രണ്ടീസം നല്ല മഴ പെയ്തില്ലേ അപ്പൊ അവറ്റകളെ വിട്ടില്ല അത്കൊണ്ട് പറ്റിയതാണ്'  'കൃഷ്ണാ, അവൻ ഇത് ശീലിച്ചു ഇനി ഇവിടം വിട്ട് പോകില്ല. എന്തെങ്കിലും പണി കൊടുത്തില്ലെങ്കിൽ നിന്റെ അധ്വാനം മുഴുവൻ വെള്ളത്തിലാവും'  'അതന്നെയാ ഞാനും ആലോചിച്ചത്. എനിക്ക് ഇതിനെപ്പറ്റി അറിയില്ല. നിങ്ങൾക്ക് രണ്ടാൾക്കുമല്ലേ നന്നായി അറിയാ. നിങ്ങള് തന്നെ ഒരു വഴി പറയ്'  'സുകുവേട്ടാ ഇനി വൈകിപ്പിക്കണ്ട നമുക്ക് ഇന്ന് തന്നെ ഒരു കമ്പി കെട്ടാം?'  'ന്നാ സജീ നീ നിന്റെ കമ്പി എടുക്ക് എന്റേത് തോട്ടത്തിൽ ആണ്'  'കൃഷ്‌ണേട്ടാ ഞാൻ പോയി സാധനങ്ങൾ എടുത്ത് വരാം നിങ്ങൾ ഇവിടെയിരിക്ക്'  സജി ഷോക്ക് കൊടുക്കാനുള്ള കമ്പിയും സാധനങ്ങളും എടുക്കാൻ വീട്ടിൽ പോയി.  മുൻപ് പന്നിയെ വേട്ടയാടിപ്പിടിക്കൽ ഒരു രസമായിരുന്നു. ഞായറാഴ്ചയിൽ എല്ലാവരും കൂടി കമ്പിയും കുന്തവും വാളുമൊക്കെയായി വേട്ടയ്ക്ക് ഇറങ്ങും. മണിയന്റെ വീട്ടിൽ നല്ല രണ്ട് വേട്ടപ്പട്ടികൾ ഉണ്ടായിരുന്നു.  പൊന്തക്കാട്ടിലേക്ക് അവറ്റങ്ങളെ കയറ്റിവിട്ടാൽ എന്തായാലും പന്നിയെ പുറത്ത് ചാടിക്കും. പിന്നെ അതിനെ കൊല്ലാനുള്ള പരിപാടി ആണ്. വാരിക്കുന്തം വച്ച് നല്ല ഏറാ. ഓരോ തവണ കുന്തം തുളച്ച് കയറുമ്പോഴും പന്നിയുടെ ശൗര്യം കൂടുകയാണ് ചെയ്യുക. വെടികൊണ്ട പന്നി എന്ന് പറയുന്നത് വെറുതെയല്ല. ശരീരത്തിൽ തുളഞ്ഞ് കയറിയ കുന്തവുമായി പന്നി തല താഴ്ത്തിയൊരു പോക്കുണ്ട് , പിന്നാലെ വേട്ടക്കാരും. ഒടുവിൽ അവനെ വാള് കൊണ്ട് വെട്ടി വീഴ്ത്തും. നല്ലൊരു മൂരിക്കുട്ടിയുടെ വലുപ്പമുണ്ടാകും ചില പന്നികൾ. ചില ദിവസം രണ്ടും മൂന്നും പന്നിയെ കിട്ടും, അവിടെ വച്ച് തന്നെ അതിനെ വെട്ടി വൃത്തിയാക്കി എല്ലാവരും കൂടെ വീതിച്ചെടുക്കും.  അതൊക്കെ ഒരു കാലം, ഇന്നിപ്പോ മനുഷ്യജീവനേക്കാൾ വിലയുണ്ട് ഒരു പന്നിയുടെ ജീവന്.   അധികം വൈകാതെ സജി വന്നു  'കൃഷ്‌ണേട്ടാ ആ നായ്ക്കളെ കെട്ടിക്കോളും, അവറ്റ വന്ന് ചാടണ്ട'  കൃഷ്ണൻ അപ്പുവിനെ നോക്കി'ഉണ്ണീ...'  അച്ഛന്റെ നോട്ടം മനസിലായത് കൊണ്ട് അവൻ പോയി മുത്തുവിനേം കുട്ടുവിനേം കെട്ടിയിട്ടു 'ഇനി രണ്ടീസം രണ്ടാളും ഇവിടെ കിടന്നോട്ടോ' അവൻ രണ്ടാളുടെയും തലയിൽ തലോടി അച്ഛന്റെ അടുത്തേക്ക് ചെന്നു. എങ്ങനെയാ ഷോക്ക് കൊടുക്കുന്നത് എന്ന് അവനും അറിയണമായിരുന്നു.  ഇനി അച്ഛൻ ചീത്ത പറയോ? മടിച്ച് മടിച്ചാണ് അവൻ കെണി ഉണ്ടാക്കുന്നിടത്തേക്ക് പോയത്.  'നീയെന്തിനാടാ ഇവിടെ നിക്കണത്, പോയി കിടന്നൂടെ?' കൃഷ്ണൻ ചോദിച്ചു  'അവൻ ഇതൊക്കെ കണ്ട് പഠിക്കട്ടെ കൃഷ്‌ണേട്ടാ, നമ്മുടെയൊക്കെ കാലം കഴിഞ്ഞാലും ആരെങ്കിലും ഇതൊക്കെ ചെയ്യണ്ടേ' സജി അത് പറഞ്ഞപ്പോൾ സുകുവും ശരിവച്ചു. അതോടെ അപ്പുവിന് ധൈര്യമായി.   പന്നി വരുന്ന വഴിയിൽ , കഴിഞ്ഞതവണ കുത്തിയിളക്കിയ ഏരിയുടെ അടുത്തായി കമ്പി കെട്ടി.  'സജീ, രണ്ട് കമ്പി ഇട്ടോ'  'ഏയ് അതൊന്നും വേണ്ട ഒന്ന് മതി സുകുവേട്ടാ'  'ഡാ ഒന്നാണെങ്കിൽ ചിലപ്പോൾ പൊട്ടും നീ ഒരെണ്ണം കൂടി വലിക്ക്'  'ഒന്ന് മതീന്ന്. ഞങ്ങൾ ഒന്നാണ് ഇടാറ്'  'നിങ്ങള് അതിന്റെ വട്ടം പോലെ ചെയ്യ്. നിങ്ങൾക്കൊക്കെ അല്ലേ ഇത് നല്ല പരിചയം' കൃഷ്ണൻ അവർക്കിടയിൽ ഇടപെട്ടു.   കമ്പി നന്നായി വലിച്ച് കെട്ടി എല്ലാവരും മുറ്റത്തേക്ക് കയറി, മെയിൻ ബോക്സിൽ നിന്ന് കറന്റ് കൊടുത്ത് കെണി പൂർത്തിയാക്കി.   'കൃഷ്ണാ, നീ ഒരു അഞ്ച് മണിക്ക് എണീറ്റ് ലൈൻ വലിച്ചിട് ട്ടോ. ആരെങ്കിലും അതുവഴി വന്നാൽ പ്രശ്‌നാവും'  'അത് ഞാൻ നോക്കാം'  'കൃഷ്‌ണേട്ടാ ഞാൻ ഇന്ന് നിൽക്കണോ?'  'വേണ്ടടാ , നീ പൊയ്ക്കോ. എന്തെങ്കിലും ഉണ്ടായാൽ ഞാൻ വിളിക്കാം. അത്യാവശ്യം എന്തെങ്കിലും ഉണ്ടായാൽ സുകുവേട്ടൻ ഉണ്ടല്ലോ'  'നീ പൊയ്ക്കോ സജീ. ഞാൻ നോക്കിക്കോളാം'  സുകുവേട്ടനും കൃഷ്ണനും രാത്രി കാവലിരിക്കാം എന്ന് പറഞ്ഞപ്പോൾ സജി വീട്ടിലേക്ക് പോയി.  അപ്പുവിന് അന്ന് എന്തോ ഉറക്കം വന്നില്ല, അവൻ കൃഷ്ണന്റെ അടുത്ത് ഇരുന്നു. അവന് കഥകൾ ഒരുപാട് ഇഷ്ടമായിരുന്നു. അച്ഛമ്മ എപ്പോഴും എന്തെങ്കിലുമൊക്കെ കഥ പറയും, അത്പോലെ ആര് എന്ത് പറഞ്ഞാലും അവൻ കേട്ടിരുന്നുപോകും.   കാവൽക്കാർക്ക് കട്ടൻ ചായ ഒരു തൂക്ക്പാത്രത്തിൽ വച്ചിട്ട് ഉമ കിടക്കാൻ പോയി. പോകുമ്പോൾ അവൾ അപ്പുവിനെ വിളിച്ചെങ്കിലും അവൻ പോയില്ല.  കുറച്ച് നേരത്തിനുശേഷം സുകുവേട്ടൻ പഴയകാലത്തെ കഥകൾ പറയാൻ തുടങ്ങി. അവരുടെ കുട്ടിക്കാലവും അന്നത്തെ സാമൂഹിക അന്തരീക്ഷവും ഓരോരോ കഥകളിലൂടെ വന്നു. പഴയകലത്തെപ്പറ്റി അവർ അഭിമാനം കൊള്ളുമ്പോൾ അപ്പുവിന് തോന്നി ആ കാലത്ത് ജനിച്ചാൽ മതിയായിരുന്നു എന്ന്. അവൻ ഇഷ്ടപ്പെടുകയായിരുന്നു കഴിഞ്ഞുപോയ ആ കാലത്തെ. ആദ്യമായി ടാർ ഇട്ട റോഡ്, റോഡിലൂടെ ആദ്യമായി ഓടിയ ബസ്സ്, ആദ്യമായി ടി വി വാങ്ങിയ വീട്, ടെലിഫോൺ ഉണ്ടായിരുന്ന വീട് അങ്ങനെ പല പല കാര്യങ്ങളും അവർ അവരുടേതായ രീതിയിൽ പറഞ്ഞു. മുതിർന്ന ആളുകളുടെ സംസാരത്തിന് ഒരു പ്രത്യേക രീതിയുണ്ട് അപ്പുവിന് അത് വലിയ ഇഷ്ടമാണ്. അച്ഛന്റെയും മാമന്റെയും വായിൽനിന്നും വരുന്ന ഓരോ വാക്കും അവൻ ശ്രദ്ധയോടെ ശ്രവിച്ചു.  സമയം പാതിരാത്രിയായി, മഴ ചെറുതായി ചാറാൻ തുടങ്ങി.   മഴയോടൊപ്പം ചെറുതായി കാറ്റും വീശാൻ തുടങ്ങി. കോലായിൽ ഇരുന്ന അപ്പുവിന് ചെറുതായി തണുക്കാൻ തുടങ്ങി, അവൻ അയയിൽ കിടന്നിരുന്ന ഒരു മുണ്ടെടുത്ത് പുതച്ചു. അച്ഛനും മാമനും ഒരു ഭാവമാറ്റവുമില്ല, അവർ കഥകൾ പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ അപ്പു ഇരുന്നിടത്ത് തന്നെ കിടന്നു, കാലുകൾ ചുരുട്ടി ചെറിയൊരു തുണിക്കെട്ടുപോലെ കിടന്നു. തണുപ്പ് കൂടി കൂടി വന്നു, കണ്ണുകൾ അടയാൻ തുടങ്ങി. അവൻ അധികം വൈകാതെ ഗാഢ നിദ്രയിലേക്ക് വഴുതിവീണു.   മഴ ശക്തിയില്ലാതെ പെയ്യുകയാണ്, ഇടയ്ക്ക് വരുന്ന മിന്നലിന്റെ വെളിച്ചത്തിൽ കൃഷ്ണൻ തന്റെ കൃഷിയിടത്തിലേക്ക് നോക്കി, മാസങ്ങളുടെ അധ്വാനമാണ് ഈ കിടക്കുന്നത് ഒപ്പം ഒരുപാട് പ്രതീക്ഷയും.  'കൃഷ്ണാ നേരം വെളുക്കാറായി ഇനി അവൻ വരുമെന്ന് തോന്നുന്നില്ല, എന്താ വേണ്ടത്?'  'ന്നാ ഏട്ടൻ പൊയ്ക്കോ'  'ഉം, ഞാൻ കറന്റ് വലിച്ചിടാം നീ പോയി നായ്ക്കളെ വിട്ടാക്കിക്കോ'  'അപ്പൂ... ഉണ്ണീ... ഡാ...'  അപ്പു ഞെട്ടിയുണർന്നു ചുറ്റും നോക്കി  'വന്നോ?'  'ഇല്ല, നീ ഉള്ളിൽ പോയി കിടന്നോ. ഇനി ഇന്ന് വരുമെന്ന് തോന്നുന്നില്ല. അച്ഛൻ നായകുട്ടികളെ വിട്ടാക്കട്ടെ'  'ഞാൻ അഴിച്ച് വിടാം, അച്ഛൻ കമ്പി വലിച്ച് വിട്ടോ'  അപ്പു എഴുന്നേറ്റ് വീടിന്റെ തെക്കേ മൂലയിൽ കെട്ടിയിരുന്ന നായ്ക്കളുടെ അടുത്തെത്തി. രണ്ടാളും നല്ല ഉറക്കമാണ് എങ്കിലും കാലപ്പെരുമാറ്റം കേട്ടപ്പോൾ മുത്തു എണീറ്റു. അവൻ അപ്പുവിന്റെ നോക്കി ഒന്ന് ശബ്ദമുണ്ടാക്കി, അപ്പോഴേക്കും കുട്ടുവും എണീറ്റു. രണ്ടാളുടെയും പിൻകഴുത്തിൽ കുറച്ച് നേരം തടവിയശേഷം ചങ്ങലയുടെ കൊളുത്ത് അവൻ അഴിച്ചുവിട്ടു.   'ഠോ...'  ശബ്ദം കേട്ട് അപ്പു ഞെട്ടിതരിച്ചപ്പോഴേക്കും കുട്ടുവും മുത്തുവും അങ്ങോട്ട് കുരച്ചുകൊണ്ടു കുതിച്ചിരുന്നു. അവനും അവർക്ക് പിന്നാലെ പാഞ്ഞു.   

'ഉണ്ണി വിളിക്കാൻ പറ അമ്മയോട്, പന്നി പെട്ടു

അപ്പുവിനോട് പറഞ്ഞുകൊണ്ട്കൃ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ