രാ രം ചരിതം

രാ രം ചരിതം

രാ രം  ചരിതം

തലക്കെട്ടു കാണുന്ന മാന്യ വായനക്കാർ ഇത് ഏതോ പുരാണ കഥയാണെന്ന് തെറ്റിദ്ധരിച്ചേക്കാം .അല്ലേ അല്ല .

ഇത് ഒരു സൗഹൃദത്തിന്റെ ഭാഗികമായ വിവരണം മാത്രം .ഇതിൽ രണ്ടു പ്രധാന കക്ഷികൾ മാത്രമേ ഉള്ളൂ .ബാക്കിയുള്ളവർ ഇവരെ പിന്താങ്ങുന്നവർ .ആ രണ്ടു പേർ രാംദാസും റംലയും .പ്രാസം ഒപ്പിച്ചു ഇവരെ നമുക്ക് രാ എന്നും രം എന്നും വിളിക്കാം .

 

രാമൻ കണക്ക് എന്ന ബാലികേറാമലയിൽ ഡിഗ്രി എടുത്തു വീടിനു അടുത്തുള്ള ഒരു ബാങ്ക് ശാഖയിൽ ജോലി ചെയ്യുന്നു .റംലയാകട്ടെ പത്താം ക്ലാസ്സ് തോറ്റു തന്റെ സതീർഥ്യനായ രാമന് പ്ലസ് ടൂവിന് സസന്തോഷം വഴി മാറി കൊടുത്തു .അഞ്ചു വീടിന്റെ അകലം മാത്രം ഉള്ളവരായതു കൊണ്ട് ചങ്ങാത്തം അഭംഗുരം തുടർന്നു .വിശദമായി ഓരോ വിഷയവും പഠിച്ചു പഠിച്ചു റംല പ്ലസ് ടൂ പാസ്സായി അപ്പോഴേക്കും രാമൻ ഡിഗ്രി ഒന്നാം ക്ലാസ്സിൽ പാസ്സായിരുന്നു .ജോലികൾക്കു അപേക്ഷകൾ അയക്കാനും അയാൾ മറന്നില്ല വാശിയോടെ റംല ഡിഗ്രിക്ക് ചേർന്നു .കണക്ക് തന്നെ എടുക്കുകയും ചെയ്തു .പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ റംലക്ക് ഉമ്മച്ചിയെ നഷ്ടപ്പെട്ടു .പിന്നെ വാപ്പച്ചിയായി അവൾക്കു എല്ലാം .രാമനാകട്ടെ എട്ടാം ക്ലാസ്സിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു .അമ്മക്ക് ജോലി ഉണ്ടായിരുന്നതിനാൽ രാമന്റെ കാര്യങ്ങൾ അല്ലലില്ലാതെ കഴിഞ്ഞു .

ഇപ്പോൾ ജോലിയുമായി .

ഒരു നാൾ റംല രാമന്റെ അമ്മയെ കണ്ട് തനിക്ക് കണക്ക് പഠിക്കാൻ രാമന്റെ സഹായം വേണമെന്ന് പറഞ്ഞു .അമ്മക്ക് സന്തോഷം തന്റെ മരിച്ചുപോയ ഭർത്താവിന്റെ സഹപാഠിയും അടുത്ത കൂട്ടുകാരനുമായിരുന്ന റഹ്മാനിക്കയുടെ മോളാണ് റംല .അവളുടെ ഉമ്മയും തന്റെ അടുപ്പക്കാരിയുമായിരുന്നു .റഹ്മാനിക്ക ഡിഗ്രി എടുത്ത ആളാണെങ്കിലും ഒരു പൊതു കാര്യ പ്രസക്തൻ എന്ന നിലയിൽ റേഷൻ കട നടത്താനാണ് തീരുമാനിച്ചത് .പരമ കാരുണികനായ അല്ലാഹുവിന്റെ ശരിയായ ഭക്തനും നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ ഇക്ക റേഷൻ കച്ചവടത്തിൽ പാവങ്ങളോടൊപ്പം നിന്നു .നല്ല അരിയും ഗോതമ്പുമെല്ലാം വഴക്കടിച്ചു കൊണ്ടുവന്ന് പാവങ്ങൾക്ക് വിതരണം നടത്തുമായിരുന്നു .

അന്ന് രാമൻ ബാങ്കിൽ നിന്ന് വന്നപ്പോൾ റംലയുടെ കാര്യം അവതരിപ്പിച്ചു സമ്മതിപ്പിച്ചു .

 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ റംല വൈകുന്നേരങ്ങളിൽ വരാനും തുടങ്ങി .ആദ്യ ദിനം തന്നെ രാമൻ പറഞ്ഞു -നമുക്കിടയിൽ സാറും കുട്ടിയുമൊന്നുമില്ല .നീ എന്നെ പഴയതുപോലെ തന്നെ കണ്ടാലേ ഞാൻ തയ്യാറുള്ളൂ .

 

'സമ്മതിച്ചെഡാ '-ഉടനെ വന്നു റംലയുടെ മറുപടി .

അങ്ങനെ തുടങ്ങി .കുറച്ചു നേരം ക്ലാസ്സ് .അതിനു ശേഷം അല്പം സൗഹൃദം പുതുക്കൽ ..പഴയ കാര്യങ്ങൾ അയവിറക്കാൻ രണ്ടു പേർക്കും താല്പര്യം .അമ്മയാകട്ടെ , ഇരുവരെയും നന്നായി അറിയുന്നത് കൊണ്ട് ഒന്നും ശ്രദ്ധിക്കാൻ മിനക്കെട്ടില്ല .

 

ഒരു ദിവസം റംല ഒരു കുസൃതി ചോദ്യം രാമന് എറിഞ്ഞു കൊടുത്തു -എടാ എന്റെ കൂടെ ഇരിക്കുമ്പോൾ നിനക്ക് ഒന്നും തോന്നാറില്ലേ ?

 

രാമന് ചൊറിഞ്ഞു വന്നു .അതടക്കി അയാൾ പറഞ്ഞു -ഉവ്വ് ,എന്റെ അടുത്ത് എന്നോടൊപ്പം ജനിക്കാതെ പോയ എന്റെ പെങ്ങൾ ഉണ്ട് .അവൾ സുന്ദരിയാണ് ,കേട്ടോ എന്റെഇക്കേടെ മോളെ ?

അവൾ തട്ടം നേരെയാക്കി കുലുങ്ങിച്ചിരിച്ചു പോകാനിറങ്ങി .അപ്പോഴേക്കും അമ്മ രണ്ടു പേർക്കും ചായ കൊണ്ടുവന്നു .

 

വേറൊരു ദിനം രാമൻ ചോദിച്ചു -എന്തെടി ഇക്ക വേറെ നിക്കാഹ് കഴിക്കാതിരുന്നത് ?

റംല ചാടി വീണു പറഞ്ഞു -അയ്യോ വാപ്പച്ചി പി പി ഉമ്മർ കോയ എന്ന പഴയ നേതാവിന്റെ പക്ഷക്കാരനാണ് .അദ്ദേഹത്തിന്റെ ഒരു ലേഖനത്തിന്റെ കോപ്പി വാപ്പച്ചി ഭദ്രമായി വച്ചിട്ടുണ്ട്.പരലോകത്തിൽ നിന്ന് അദ്ദേഹത്തിന്റെ ബീവി എഴുതിയ മട്ടിലുള്ള ഒരു കത്താണ് താൻ മയ്യത്തായിട്ടും സാഹിബ് വേറെ നിക്കാഹ് കഴിക്കാത്തതിലുള്ള നന്ദി അറിയിക്കുന്ന കത്ത് .സങ്കല്പികമാണ് .പക്ഷേ വാപ്പച്ചിയെ അത് സ്വാധീനിച്ചിട്ടുണ്ട് .വാപ്പച്ചിക്ക് ഉമ്മച്ചിയോട് വലിയ ഇഷ്ടമായിരുന്നു .ഇപ്പോഴും അങ്ങിനെതന്നെ .ആ സ്നേഹം മുഴുവൻ വാപ്പച്ചി എനിക്കാണ് തരുന്നത് .കുറെ കഴിയുമ്പോൾ എന്നെ ഒരാളുടെ കൂടെ നിക്കാഹ് കഴിച്ചു വിടുമ്പോൾ വാപ്പച്ചിയെ പിരിയുന്ന കാര്യം ഓർത്താണെടാ എന്റെ ഇപ്പോഴത്തെ സങ്കടം .

രാമനും പ്രയാസം തോന്നി .ഈ ജീവിതം അത്രേ ഉള്ളെടി .ഇവിടെ അമ്മ അച്ഛന്റെ കാര്യം പറഞ്ഞു കരയാത്ത ദിവസമില്ല .കരച്ചിൽ കൂടുമ്പോൾ ഞാൻ ഇടപെടും .

അപ്പൊ എല്ലാടത്തും ഒരു പോലെ തന്നെ അല്ലേടാ ?പിന്നെ എങ്ങിനെയെടാ ഈ വിവാഹ മോചനങ്ങൾ കൂടുന്നത് ?

അതേയ്,ചില അൽപ മനസ്സുകാർ ഭാര്യയെ അമ്മയുമായി താരതമ്യപ്പെടുത്തും .പെൺപിള്ളേരാകട്ടെ ഭർത്താക്കന്മാരെ അച്ഛന്മാരുമായി തട്ടിച്ചു നോക്കും .എങ്ങിനെയെടി രണ്ടു വ്യക്തികൾ ഒരു പോലെ ആകുക ?ഇതാണ് പ്രധാന പ്രശ്‍നം .പിന്നെ സ്ത്രീധനം തുടങ്ങി ചില കാര്യങ്ങൾ.ഒരു നൂൽപ്പാലത്തിൽ കൂടിയുള്ള നടപ്പല്ലേടി ജീവിതം ?സൂക്ഷിച്ചില്ലേൽ തെന്നും.

 

റംല ചിന്തയിൽ മുഴുകി .പെട്ടെന്നവൾ പറഞ്ഞുപോയി -നാം ഒരേ മതക്കാരായിരുന്നെങ്കിൽ നിക്കാഹ് കഴിക്കാമായിരുന്നു ഇല്ലേ ?

 

അത് വേണ്ടടി .ഇക്ക നിനക്ക് എന്നേക്കാൾ നല്ല ഒരാളെ കണ്ടുപിടിക്കുമെടി .നീ എപ്പോഴും എന്റെ പെങ്ങൾതന്നെ ആയിരിക്കും .

 

എല്ലാ ആണുങ്ങളും ഇങ്ങനെ കരുതിയാൽ ഈ പീഡനങ്ങളെല്ലാം കുറയും അല്ലേടാ?

അത് വേറെ വിഷയം .നമ്മുടെ നാട്ടിൽ പണ്ട് മുതൽക്കേ ആണ് വേറെ പെണ്ണ് വേറെ .ഇടപഴകി ജീവിക്കാൻ അവസരം കിട്ടിയാൽ വേണ്ടത്തത് ഒന്നും തോന്നില്ല .ഒരു നന്മ ഉണ്ടായി വരും .

ഒരു നാൾ റംല പറഞ്ഞു -നമ്മുടെ ഈ കമ്പനി തീരാറായെടാ .വാപ്പച്ചി ഒരു പ്രൊപ്പോസലിന്റെ കാര്യം ഇന്നലെ രാത്രി എന്നോട് പറഞ്ഞു.നടക്കുന്ന ലക്ഷണമാണ് .പയ്യൻ താലൂക്ക് ഓഫീസിലാണ്.

നടക്കട്ടെടി ,നല്ല കാര്യമല്ലേ .എന്തിനാ വൈകിപ്പിക്കുന്നത് ?

 

അപ്പൊ എന്റെ പഠിത്തം ?

 

പഴയ കാലമൊന്നുമല്ലെടി .നിനക്ക് പഠിക്കാം ,അത് കരുതി നിക്കാഹ് ഉഴപ്പേണ്ട .

 

അപ്പൊ നിന്റെ കാര്യമോടാ ?

 

വരട്ടെടി, നിന്നെ പോലെ നല്ല മനസ്സുള്ള ഒരു പെണ്ണിനെ കണ്ടുപിടിക്കട്ടെ .അപ്പൊ നോക്കാം .

 

റംല പോയി, രാമനാകട്ടെ വീട് വിട്ടാൽ ബാങ്ക്,വീണ്ടും വീട് അങ്ങിനെ നീങ്ങി..

പിന്നീട് ഒരു നാൾ റംലയും ഭർത്താവും കൂടി ബാങ്കിൽ വന്നു .ഒരു കൈകുഞ്ഞും ഉണ്ട് .കുശലങ്ങൾക്കു ശേഷം രാമൻ ചോദിച്ചു -നീ പഠിത്തം തുടരുന്നുണ്ടോടി ?

ഭർത്താവാണ് മറുപടി പറഞ്ഞത് -എവിടെ ?ഞാൻ പറഞ്ഞു തോറ്റു .ഡിഗ്രി എടുത്തെങ്കിൽ ഒരു ജോലി തരപ്പെടുത്തായിരുന്നു.

റംല ചിരിച്ചു നിന്നതേ ഉള്ളു .

നിന്റെ വാപ്പച്ചിയെ നിക്കാഹ് കഴിപ്പിക്കാൻ നീ എന്ത് സൂത്രം ഒപ്പിച്ചെടി ?

,അതോ ,ഞൻ മുട്ടാപ്പോക്കെടുത്തു .എന്റെ നിക്കാഹ് നടക്കണമെങ്കിൽ ഒന്നുകിൽ വാപ്പച്ചി ഞങ്ങടെ കൂടെ വരണം അല്ലെങ്കിൽ വേറെ നിക്കാഹ് കഴിക്കണം എന്ന് ഞാൻ വാശി പിടിച്ചു . വീട് വിടാൻ വയ്യാത്തത് കൊണ്ട് വാപ്പച്ചി സമ്മതിച്ചു.ഉമ്മച്ചിയുമായി ജീവിച്ച വീടല്ലേ ,വാപ്പച്ചി കരഞ്ഞുപോയെടാ ഞങ്ങടെ കൂടെ വരണം എന്ന് പറഞ്ഞപ്പോൾ .ഞാൻ അതിൽ പിടിച്ചു കേറി മറ്റേതിൽ പിടി മുറുക്കി .

 

അതേടി.നിക്കാഹ് വലിയ പബ്ലിസിറ്റി ഇല്ലായിരുന്നല്ലോ .എന്നോട് ഇക്ക പറഞ്ഞു ,നീ പോയതുകൊണ്ട് കഞ്ഞി കുടിച്ചു കിടക്കാൻ ഒരാളെ കണ്ടു പിടിച്ചു എന്ന്.എന്തായാലും നന്നായെടി.

 

ഇതെല്ലം കേട്ട് രസിച്ചു നിന്ന അവളുടെ ഭർത്താവു ചാടിവീണു -എടി നീ എന്നെയും ഇതുപോലെ കുഴിയിൽ ചാടിക്കാൻ എന്തെങ്കിലും ഒപ്പിക്കുമോടി .

ഇല്ലില്ല എന്റെ പൊന്നെ..റംല രാമനെ നോക്കി കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.ഭർത്താവ് ഇടപെട്ടു -എടി എടി ഞാൻ നില്ക്കുംമ്പോൾ വല്ലവരെയും നോക്കി കണ്ണിറുക്കുന്നോടി?

 

അതിനു ഞാൻ എന്റെ കൂടപ്പിറപ്പിന്റെയടുത്തല്ലേ കണ്ണിറുക്കിയത് ,അതിനെന്താ ?

 

ഒന്നുമില്ലേയ് , എന്റെ ബീവി .

റംല തട്ടം ശരിയാക്കി കുലുങ്ങി ചിരിച്ചു.പാവം വാവ ഉണർന്നു കരയാൻ തുടങ്ങി .

 

സലാം പറഞ്ഞു പിരിയുമ്പോൾ ഭർത്താവും രാമനെ നോക്കി കണ്ണിറുക്കി പറഞ്ഞു-റംല എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.നിങ്ങളെ അവൾ വല്ലാതെ മിസ് ചെയ്യുന്നുണ്ട് .കൂടപ്പിറപ്പില്ലാത്ത സങ്കടം.നിങ്ങളും അങ്ങിനെ തന്നെയാണെന്ന് ഇപ്പോൾ എനിക്ക് ബോധ്യമായി.ജനനം വഴി മാത്രമല്ലല്ലോ ബന്ധുത്വം വരുന്നത് സുഹൃത്തേ .പരസ്പര സൗഹൃദം ആണ് ഏറ്റവും വലിയ ബന്ധം .വരട്ടെ , ഇനിയും കാണാം

അവർ നീങ്ങി,രാമന് ഒരു പുതിയ ഉന്മേഷം തോന്നി .....

 

 

സി പി വേലായുധൻ നായർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ