ഒരു ബിസിനസ് തന്ത്രം

ഒരു ബിസിനസ് തന്ത്രം

ഒരു  ബിസിനസ് തന്ത്രം

കൊച്ചിയിൽ നിന്ന് ഉത്തര മലബാറിലെ പ്രാന്ത പ്രദേശത്തുള്ള ഒരു ഉൾനാടൻ കാർഷിക ഗ്രാമത്തിലേക്ക് മാറ്റമായി പോകുമ്പോൾ വലിയ മന:പ്രയാസം തോന്നിയിരുന്നു.മന്ത്രിയുടെ പേർസണൽ സെക്രട്ടറി

വിളിച്ചു .പൊതുവെ സേവനതല്പരനായ തന്നെ മന്ത്രി തന്നെ പ്രത്യേക താല്പര്യമെടുത്തു നല്ല കാർഷിക ഗ്രാമത്തിലേക്ക് വിടുകയാണ് എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.ചാർജ് എടുത്തു ആദ്യ ദിവസം തന്നെ ഒന്നാം അസിസ്റ്റന്റ് ആയ ചേക്കു ഏട്ടനിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ മന്ത്രിയുടെ തീരുമാനം തെറ്റല്ല എന്ന് തോന്നി .ആദ്യ ദിനം തന്നെ സ്ഥലത്തെ മികച്ച കർഷകനായ ഖാലിദ് ഹാജിയുടെ കൃഷിസ്ഥലം തന്നെ ചേക്കു ഏട്ടന്റെ സഹായത്തോടെ സന്ദർശിക്കാനായി.വിളകൾ കണ്ടു അദ്ഭുതം

തോന്നി .വെറുതെയല്ല മലബാർ കൃഷിയുടെ ഈറ്റില്ലമാണെന്ന് പറഞ്ഞു കേട്ടിരുന്നത് .ഹാജിയാർ ഇല്ല.അഞ്ചു കിലോമീറ്റർ ദൂരെ ടൗണിൽ മൂപ്പർക്ക് ഒരു ഹോട്ടൽ ഉണ്ടെന്നു ബീവി പറഞ്ഞപ്പോൾ കൗതുകം

തോന്നി .ഇത്രയും നല്ല കൃഷിയിടം വിട്ടു ഹോട്ടലോ !

 

രണ്ടു ദിവസം കഴിഞ്ഞുകാണും.എന്റെ ഓഫീസ് മുറിയുടെ വാതിലിൽ സുമുഖനായ ഒരു മധ്യ വയസ്കൻ കൈ കൂപ്പി നിന്ന് ചോദിച്ചു-ഖാലിദാണ് മാഷെ , ഉള്ളിലേക്ക് പോന്നോട്ടേ ?

 

വരൂ ഹാജ്യാരേ , വീട്ടിൽ വന്നപ്പോൾ എനിക്ക് നേരിൽ കാണാൻ പറ്റിയില്ല .

 

കൈ കൂപ്പലോടെ ഹാജിയാർ എന്റെ മുൻപിലുള്ള കസേരയിൽ ഇരുന്നു.അദ്ദേഹത്തിന്റെ ഇരു കയ്യും കൂട്ടിപ്പിടിച്ചു ഞാൻ പറഞ്ഞു-ഇത്രയും നല്ല ഒരു കർഷകനെ കാണാൻ കിട്ടിയത് വളരെ

സന്തോഷം .ഹാജിയാർ കുറേകൂടി വിനയാന്വിതനായതുപോലെ തോന്നി .

 

ഞാൻ പുതിയ കൃഷി ഓഫീസറെ പരിചയപ്പെടാൻ വേണ്ടി മാത്രം കേറീതാ .ങ്ങടെ രാജ്യം ഏടയാ ?

 

ഞാൻ പറഞ്ഞു- കൊച്ചി .

 

ഹാജിയാർ എഴുന്നേറ്റു -എനിക്ക് ടൗണിൽ ഒരു ഹോട്ടൽ ഉണ്ട് .പാരഗൺ ഹോട്ടൽ.ബസ്

സ്റ്റാണ്ടിനടുത്താണ് .നേരത്തെ കൂട്ടി എത്തിപ്പെട്ടില്ലെങ്കിൽ ശരിയാവില്ല .ഞാൻ പൊയ്ക്കോട്ടേ ?സൗകര്യം പോലെ കാണാം .

 

ഞങ്ങൾ അന്നത്തേക്കു പിരിഞ്ഞു .ഞാൻ ചേക്കു ഏട്ടനിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു .ഖാലിദ് ഹാജി ഇരുപതോളം കൊല്ലം ഗൾഫിൽ പണിയെടുത്തിട്ടു വന്നു തുടങ്ങിയ ഹോട്ടൽ ആണ്

പാരഗൺ .ടൗണിലെ മുന്തിയ ഹോട്ടൽ.പത്തു കൊല്ലമായി നല്ല മട്ടിൽ നടക്കുന്നു .ഞങ്ങൾ പണിയിലേക്കു തിരിഞ്ഞു.ഞാൻ സ്ഥലത്തെ മറ്റു കർഷകരെ പരിചയപ്പെടാൻ തുടങ്ങി.

 

ഒരാഴ്ച കഴിഞ്ഞുകാണും .വീട്ടുകാരിക്ക് ഒരു പൂതി.പുതിയ സ്ഥലത്തു എത്തിയിട്ട് ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ ഇനിയും സാധിച്ചില്ല.സ്ഥലത്തു നല്ല ഹോട്ടലുകൾ ഇല്ല എന്നും അഞ്ചു കിലോമീറ്റർ മാറി ടൗണിലേ തരക്കേടില്ലാത്ത ഹോട്ടൽ ഉള്ളൂ എന്ന ന്യായമൊന്നും വിലപ്പോയില്ല.അപ്പൊ ഞാനും

തീരുമാനിച്ചു -പാരഗൺ ഹോട്ടലിൽ പോയി ഹാജിയാരെ കാണാം -അവിടെത്തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യാം .ഹാജിയാർ സല്കാരമായി ഞങ്ങളുടെ ഭക്ഷണത്തിന്റെ വില മേടിക്കാതിരിക്കുമോ എന്ന ഭയവും ചെറുതായി ഉണ്ടായി .

 

വൈകുന്നേരം ഭാര്യയെയും മക്കളെയും കൂട്ടി വണ്ടിയെടുത്തു ടൗണിലെത്തി പാരഗൺ ഹോട്ടൽ

കണ്ടുപിടിച്ചു .നല്ല തിരക്കുള്ള ഹോട്ടൽ .ഫാമിലി റൂംസ് എല്ലാം ഫുൾ .നാലുപേർക്കുള്ള സീറ്റ് ഉള്ളയിടം കണ്ടെത്തി ഇരുന്നു.ബോയ് വന്നപ്പോൾ ഓർഡർ കൊടുത്തു.ഭക്ഷണം വന്നു കഴിച്ചുതുടങ്ങിയപ്പോൾ തന്നെ ഭാര്യ പറഞ്ഞു -നല്ല രുചിയുണ്ടല്ലോ .എനിക്കും തോന്നി തുടങ്ങിയിരുന്നു .

 

ഭക്ഷണം കഴിഞ്ഞപ്പോൾ ബില്ലു വന്നു.അപ്പോഴെല്ലാം എന്റെ കണ്ണുകൾ ഹാജിയാരെ തെരഞ്ഞുകൊണ്ടിരുന്നു.മൂപ്പരെ കാണുന്നില്ലല്ലോ .ആരോടും ചോദിയ്ക്കാൻ തോന്നിയില്ല .പുറത്തിറങ്ങി ടൗണിൽ ഒന്ന് കറങ്ങി അല്പം ഷോപ്പിങ്ങും നടത്തി തിരികെ പോയി .

ഒരാഴ്ച കഴിഞ്ഞപ്പോൾ ഹാജിയാർ വീണ്ടും ഓഫീസിൽ വന്നു .വളം സബ്സിഡിയുടെ വിവരങ്ങൾ അറിയാൻ.ഇത്തവണ മൂപ്പരുടെ കാർ ഡ്രൈവറും ഉണ്ടായിരുന്നു .ഹാജിയാർ എന്തോ ചില നിർദേശങ്ങൾ കൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു .അയാൾ പുറത്തേക്കു പോയി.സബ്സിഡിയുടെ കാര്യം വിശദമാക്കിയതിനു ശേഷം ഞാൻ അല്പം പരുങ്ങലോടെ അദ്ദേഹത്തോട് പറഞ്ഞു -ഞാൻ കഴിഞ്ഞയാഴ്ച പാരഗൺ ഹോട്ടലിൽ വന്നിരുന്നു .ഹാജിയാരെ അവിടെ കണ്ടില്ലല്ലോ .

 

ഹാജിയാർ പതിവ് മന്ദഹാസത്തോടെ ചോദിച്ചു -ങ്ങളെന്നെ എടയാ തെരഞ്ഞേ ?

 

ഞാൻ പറഞ്ഞു -ഹോട്ടൽ മുതലാളി സാധാരണ ഇരിക്കുന്ന ഇടത്തല്ലേ നോക്കുക .

 

ഹാജിയാർ ഒരു ചെറു ചിരിയോടെ പറഞ്ഞു -ങ്ങക്ക് തെറ്റിപ്പോയി മാഷേ .ഞാൻ ഉണ്ടാവുക പാത്രം മോറുന്ന ഇടത്താണ് .അവരോടൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്ന് ഞാനും പാത്രങ്ങൾ മോറുന്നുണ്ടാവും .ഏറെ അധ്വാനിച്ചു കെട്ടിപ്പടുത്തതാണ് എന്റെ പാരഗൺ .ഒരു ചെറിയ ചീത്തപ്പേര് പോലും വരുത്തൂല .

 

ഹാജിയാർ എഴുന്നേറ്റു രണ്ടു കയ്യും എന്റെ നേർക്കു നീട്ടി.ഞാൻ അവ രണ്ടും ആദരവോടെ സ്വീകരിച്ചു വിട നൽകി .

 

ഹാജിയാരുടെ ആസ്തി എത്ര കോടികളെന്നു ഒരു പക്ഷെ അദ്ദേഹത്തിന് പോലും അറിയില്ലായിരിക്കാം.പക്ഷേ താൻ എടുക്കുന്ന പ്രവൃത്തിയിലുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തന്നെയാണ് കക്ഷിയുടെ വിജയരഹസ്യം എന്നെനിക്കു ബോധ്യപ്പെട്ടു .

 

ഹാജിയാർ എന്ത് പറയുന്നു സേർ ? ചേക്കു ഏട്ടന്റെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത് .

 

,ഒന്നുമില്ല .കക്ഷിയുടെ ബിസിനസ് കാര്യങ്ങൾ....

 

ചേക്കു ഏട്ടൻ പതിവ് മൂക്കുപ്പൊടി വലിയോടെ പറഞ്ഞു -വെച്ചടി കേറ്റമാണ് . പ്രദേശത്തെ എണ്ണം പറഞ്ഞ ഒരു പണക്കാരൻ , ഒരു അത്യദ്ധ്വാനി .പരിശ്രമം ഒന്ന് കൊണ്ട് മാത്രം ഉയർന്ന ആൾ .പക്ഷെ സേർ നമ്മൾ മലയാളികൾ അതൊന്നും അംഗീകരിക്കുന്നില്ലല്ലോ ,അല്ലെ ?

 

വീണ്ടും ഞങ്ങൾ ഔദ്യോഗിക കാര്യങ്ങളിലേക്ക് മുഴുകി.

 

 

സി പി വേലായുധൻ നായർ

ശിവ രാം ശ്രീ ,

ഇടപ്പള്ളി വടക്കു ,കൊച്ചി -41

ഫോൺ -9567155049

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ