കാദംബരി w/o നാരായണൻ

കാദംബരി w/o നാരായണൻ

കാദംബരി w/o നാരായണൻ

പെൺകുട്ടികൾ അതിരാവിലെ എഴുന്നേറ്റു ശീലിക്കണമെന്നു അമ്മ പറഞ്ഞ ഓർമ്മ ഉണ്ടെങ്കിലും  ഇവിടെ ആകുന്ന സമയങ്ങളിൽ ഉണർന്നു കിടന്നാലുംജനാല തുറക്കാൻ തോന്നാറില്ല. വെളിച്ചത്തോടുള്ള ഇഷ്ടക്കുറവല്ല അതിന്റെ കാരണം. ആ ജനാലക്കപ്പുറം എന്റെ മനസ്സിന് സന്തോഷം തരുന്ന കാഴ്ചകൾ ഒന്നുമില്ല.  

 

ഇടുങ്ങിയ തെരുവിന്  ഇരുവശവും കടമുറികൾ.മുകളിൽ ലൈൻമുറികൾ. ശമ്പളംകിട്ടിയാൽ വീട്ടിലേക്കു അയക്കുന്ന പൈസ കഴിഞ്ഞാൽ നീക്കിയിരുപ്പ് ശുഷ്‌കമായതിനാൽ ഇവിടെ താമസിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം. 

 

ജനാല പതിയെ തുറന്നു നോക്കി. ഊഹം തെറ്റിയില്ല.കേദമ്മ ആണ് ഇന്നും കണി.  പച്ചയിൽ ചുവപ്പ് കരയുള്ള പട്ട് സാരി, ചുവന്ന വലിയ സ്റ്റിക്കർ പൊട്ടുo അതിന്റെ മുകളിൽ ചന്ദനവും സീമന്തരേഖയിൽ വാരി വിതറിയ സിന്ദൂരവും. കണ്മഷി കൊണ്ട് കണ്ണിനു ചുറ്റും കളം വരച്ചത് പോലെ എഴുതിയിട്ടുണ്ട്.  മുടിയിൽ ചുറ്റിക്കെട്ടിയ മുല്ല മാല. കൈയിൽ ചുവപ്പ് കുപ്പിവള. മഞ്ഞൾ അരച്ച് തേച്ചു നിറം വരുത്തിയ ചരടിൽ കോർത്തിട്ട താലി. കാലിൽ ഭാരം കൂടിയ വെള്ളിക്കൊലുസ്. മുഖത്തെ മേക്കപ്പ് കൂടി കണ്ടാൽ നാടോടി നൃത്തത്തിനു ഊഴം കാത്തിരിക്കുന്ന പോലെയുണ്ട്. ഇവർ കാലത്ത് എത്ര മണിക്ക് മേക്കപ്പ് തുടങ്ങിക്കാണും. വായിച്ചു മറന്ന ഏതോ നോവലിലെ വേശ്യതെരുവും അവിടുത്തെ നടത്തിപ്പ്കാരിയെയുമാണ് ഇവിടെ വന്നു കേദമ്മയെ കാണുമ്പോളൊക്കെ ഓർമ്മ വരുന്നതെന്നാണ് സന്ദീപ് ഇന്നലെ പറഞ്ഞത്. വേഗം തന്നെ ഇവിടെ നിന്നും താമസം മാറണമെന്നാണ് അവന്റെ അഭിപ്രായം.

 

വീണ്ടും നോട്ടം കേദമ്മയിൽ പതിഞ്ഞു. തന്റെ പൊട്ടിപ്പൊളിഞ്ഞ കാൽനഖങ്ങളിൽ കടുത്ത നിറത്തിലുള്ള ചായം പുരട്ടുന്ന തിരക്കിലായിരുന്നു അവർ. ഇടയ്ക്കു അകത്തേക്ക് നോക്കി ഭർത്താവിനോട് ശകാരരൂപേണ എന്തൊക്കെയോ പറയുന്നുണ്ട്.

 

 ആ ചുവരിനപ്പുറം അയാൾ ഉണ്ട്. ഉണക്കമീൻ കച്ചവടക്കാരിയായ കേദമ്മ എന്ന കാദംബരിയുടെ ഭർത്താവ് നാരായണൻ. തളർന്നു കിടക്കുന്ന അയാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഒരു ബ്രാഹ്മണനായ അയാൾ എങ്ങനെ ഈ ഉണക്കമീൻഗന്ധം സഹിച്ചു അകത്തു കിടക്കുന്നു. അത്ഭുതം തോന്നി. 

 

ഏതോ പൂക്കടയിൽ ഇരിക്കുന്നത് പോലെയാണ് കേദമ്മ അവിടെ ഇരിക്കുന്നത്. അവരുടെ ചിരിയും സംസാരവും ഒന്നും ഇഷ്ടമല്ലാത്തോണ്ട് കോണിപ്പടി കേറുമ്പോളും ഇറങ്ങുമ്പോളും അങ്ങോട്ട്‌ നോക്കാറില്ല. ഇടയ്ക്കു എന്നെ നോക്കി പാട്ട് പാടിയ തൊട്ടടുത്ത തമിഴനെ അവർ ആട്ടിയോടിക്കുന്നത് കണ്ടിട്ട് പോലും അവരോടു ഒന്ന് പുഞ്ചിരിക്കാൻ ദുരഭിമാനം അനുവദിച്ചില്ല.ഇടയ്ക്കു തിരക്കിട്ടു പോകുന്ന പോസ്റ്റ്‌മാനോട് ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേൾക്കാം.. നാരായണന്റെ ഭാര്യ കാദംബരിക്കു കത്ത് ഉണ്ടോന്നു...അയാൾ ഒരു പുച്ഛത്തോടെ പോകുന്നതല്ലാതെ അതിനു മറുപടി കൊടുക്കാൻ മെനക്കെടാറില്ലായിരുന്നു . 

 

വൈകിട്ട് ഓഫീസിൽ നിന്ന് വരുമ്പോൾ ദൂരെ നിന്നേ കണ്ടു. തെരുവിൽ ഒരു പോലീസ് ജീപ്പ്, ഒരു ആംബുലൻസ്.  പോലീസ്കാരോട് സംസാരിച്ചു നിൽക്കുന്ന ഒരു യുവാവ്. ചുറ്റിനും കാഴ്ചക്കാർ.  

"എന്ത് പറ്റി "

മിഠായിക്കാരൻ സുലൈമാൻ ആണ് മറുപടി പറഞ്ഞത്.. 

"കേദമ്മയുടെ കെട്ട്യോൻ മരിച്ചു. ആ നിൽക്കുന്നത് അയാളുടെ മോൻ ആണ്. ശവം അയാളുടെ വീട്ടിലേക്കു കൊണ്ട് പോകാൻ പോലീസ്നേം കൂട്ടി വന്നിരിക്കുവാ അയാൾ. "

"അതെന്തിനാ  പോലീസ്. "

"കേദമ്മയുടെ വിവാഹബന്ധം നിയമപരമായി ഒഴിഞ്ഞതാണെന്ന്. നിലവിൽ ആ ചെക്കന്റെ അമ്മ ആണത്രേ നാരായണന്റെ ഭാര്യ. അവർക്ക് ശവം അവരുടെ വീട്ടിൽ സംസ്ക്കാരിക്കണം. ഈ ഉണക്കമീന്റെ ഇടയിൽ അച്ഛനെ കിടത്താൻ വയ്യെന്ന്"

 

നാരായണന്റെ ദേഹവും കൊണ്ട് ആംബുലൻസ് പോയി. എന്ത്കൊണ്ടോ എനിക്ക് കേദമ്മയെ ഒന്ന് കാണാൻ തോന്നി. ഞാൻ അന്ന് ആദ്യമായി അവരുടെ അടുത്തേക്ക് ചെന്നു.അവരുടെ ചുറ്റും കുറേ സ്ത്രീകൾ ഉണ്ടായിരുന്നു. എല്ലാ മുഖങ്ങളിലും സംഭവിച്ചത് എന്താണെന്നു അറിയാനുള്ള ആകാംക്ഷ. അവർ നിലത്ത് ഇരിക്കുന്നുണ്ടാരുന്നു... ശൂന്യമായ കട്ടിലിലേക്ക് നോക്കി. ആരും ഒന്നും ചോദിക്കാതെ അവർ പറഞ്ഞുതുടങ്ങി.. 

"കാദംബരി എന്ന പേര് അദ്ദേഹമാണ് കാദമ്മ ആക്കിയത്. വിളിച്ചു വിളിച്ചു അത് നാട്ടുകാർക്കു  കേദമ്മ ആയി. ഇടയ്ക്കു ഉണ്ടായ അവിഹിതം അറിഞ്ഞപ്പോൾ കുട്ടികൾ ഇല്ലാത്തോണ്ട് കുറ്റപ്പെടുത്തി ഒന്നും പറയാൻ തോന്നിയില്ല. അതിൽ ഒരു മകൻ ഉണ്ടെന്നറിഞ്ഞപ്പോൾ പറഞ്ഞ കടലാസ്സിൽ എല്ലാം സന്തോഷത്തോടെ ഒപ്പിട്ടുകൊടുത്തു. പിന്നീട് വീട്ടിൽ വരാതെ ആയി. ആ ബന്ധം അങ്ങനെ അവസാനിച്ചു എന്ന് കരുതി ഇരിക്കുമ്പോളാണ് ശരീരം തളർന്നു സർക്കാർ ആശുപത്രിയിൽ കിടക്കുന്ന കാര്യം അറിഞ്ഞത്. കൂടെ കൂടിയവൾ ഉപേക്ഷിച്ചു പോയത്രേ. കളയാൻ തോന്നിയില്ല. കൂടെ കൊണ്ട് ചെന്നപ്പോൾ ബന്ധുക്കൾ എതിർത്തു. വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. പിന്നെ ഇവിടെയായി താമസം. ജോലിക്ക് പോയാൽ പകൽ അദ്ദേഹം തനിച്ചാകുംചികിത്സക്കു പണവും വേണം.  അതുകൊണ്ട് ഉണക്കമീൻ കച്ചവടം തുടങ്ങി. നിങ്ങളിൽ പലർക്കും ഞാനൊരു പരിഹാസപാത്രം ആകുമ്പോഴും ചമഞ്ഞു നടന്നത് അദ്ദേഹത്തിനു കാണാൻ വേണ്ടിയാ. ഒരുങ്ങി നടക്കുന്ന സ്ത്രീകളെ ആയിരുന്നു അദ്ദേഹത്തിന് ഇഷ്ടം. ഇനി അതിന്റെ പേരിൽ എന്നെ വിട്ടു പോകേണ്ടെന്നു തോന്നി. ഇരുപത് വർഷമായി അദ്ദേഹത്തിനു വേണ്ടി ഒരുങ്ങി. ഇനി വേണ്ടല്ലോ. അദ്ദേഹം പോയല്ലോ."

ഒന്നു നിർത്തിയിട്ടു അവർ കൂട്ടിചേർത്തു

"ആരെന്തു പറഞ്ഞാലും ഞാനാണ് അദ്ദേഹത്തിന്റെ ഭാര്യ "

നെഞ്ചിൽ ഒരു നീറ്റൽ.. ഒരു കുറ്റബോധം. പുറത്തേക്കിറങ്ങുമ്പോൾ എതിരെ പോസ്റ്മാൻ പോകുന്നുണ്ടായിരുന്നു. ഉറക്കെ വിളിച്ചു ചോദിക്കാൻ തോന്നി... 

"നാരായണൻ ഭാര്യ കാദംബരിക്കു കത്തുണ്ടോ ".   

- വിദ്യ പ്രദീപ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വിദ്യ പ്രദീപ്. കായംകുളത്തു ജനിച്ചു വളർന്നു. സ്കൂൾ -കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അധ്യാപികയായി പ്രവർത്തനമനുഷ്ഠിക്കുന്നു. സന്തുഷ്ടകുടുംബം ആയി ഭർത്താവ് പ്രദീപിനോടൊപ്പവും മകൾ കല്യാണിയോടൊപ്പവും കണ്ണൂർ ജില്ലയിൽ താമസിക്കുന്നു. അധ്യാപനത്തോടൊപ്പം തന്നെ എഴുത്തിലും താല്പര്യം ഉണ്ട്. ഓൺലൈൻ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും എഴുതുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ