മിസ്‌ട്രയൽ ; ഒരു പഴയ ജെറുസലേം കോടതിവിധി

മിസ്‌ട്രയൽ ; ഒരു പഴയ ജെറുസലേം കോടതിവിധി

മിസ്‌ട്രയൽ  ; ഒരു പഴയ ജെറുസലേം കോടതിവിധി

ഇന്നൊരു വെള്ളിയാഴ്ച ആണ്. കൃത്യമായി പറയുകയാണെങ്കിൽ യേശുക്രിസ്തുവിനെ ക്രൂശിൽതറച്ചു 2018 വർഷങ്ങൾക്ക് ശേഷം ഉള്ള പന്ത്രണ്ടാമത്തെ വെള്ളിയാഴ്ച; സമയം 11 മണി.

ഏറെ ജനശ്രദ്ധ ആകർഷിച്ച ആ കേസ് ഇന്ന് വാദി ഭാഗത്തിന്റെ വിവരണത്തിനായി എടുക്കുകയാണ്. രസകരമായതുകൊണ്ടാണോ അതോ മതപരമായ വിഷയമായതുകൊണ്ടാണോ എന്നറിയില്ല ഇന്ന് കോടതിക്ക് ചുറ്റും അഭൂതപൂർവമായ തിരക്കാണ്; മാധ്യമപ്രവർത്തകരും, അഭിഭാഷകവൃന്ദങ്ങളും ജനക്കൂട്ടവും അങ്ങനെ ആകെ തിരക്കാണ്.

"കേസ് നമ്പർ 934 /ജെ... അപ്പീൽ എഗൈൻസ്റ് ദി പ്രൊസീജ്യർ പ്രോട്ടോകോൾ ഇൻ അറസ്റ്റ് ഓഫ് ജെസുസ് ക്രൈസ്റ്റ്." ക്ലാർക്ക് ഉച്ചത്തിൽ വായിച്ചുകൊണ്ട് കേസ്കെട്ടെടുത്ത ബഹുമാനപ്പെട്ട ജഡ്ജിയുടെ മേശപ്പുറത്തേക്ക് ഭവ്യതയോടെ വെച്ചു.

ജഡ്ജ് മുഖമുയർത്തി കോടതി മുറിയാകെ ഒന്ന് നോക്കി, എന്നിട്ട് പതിയ കേസ് കെട്ടിന്റെ താളുകൾ മറിച്ചു. കോടതിയും പരിസരവും ആകെ നിശബ്ദമായി.

ജോസഫ് ആന്റണി പോൾ എന്നയാൾ നൽകിയിരിക്കുന്ന കേസ് ആണ്; പൊതുതാത്പര്യ ഹർജി എന്ന് വേണമെങ്കിലും പറയാം. വാദിക്കുവേണ്ടി സന്നിഹിതനായിരിക്കുന്ന അഭിഭാഷകൻ മി. ജോൺ മാർക്കോ ആണ്; നാട്ടിലെ അറിയപ്പെടുന്ന അഭിഭാഷകൻ, പ്രത്യേകിച്ചും പൊതുതാത്പര്യ വിഷയങ്ങളിൽ സ്‌പെഷലൈസ് ചെയ്തിരിക്കുന്ന അഡ്വക്കേറ്റ്.

ജഡ്ജ് താളുകളിലൂടെ കണ്ണോടിച്ചു.

കേസിനു ആസ്പദമായ സംഭവം നടക്കുന്നത് ഇന്നേക്ക് 2018 വർഷങ്ങൾക്ക് മുമ്പേയാണ്. സംഭവ വിഷയം, നസ്രായനായ യേശുവിന്റെ ഇല്ലീഗൽ അറസ്റ്റ്. അൽപ്പം കൂടി വ്യക്തമാക്കിയാൽ, യെരുശലേമിൽ അന്ന് നിലനിന്നിരുന്ന ക്രിമിനൽനടപടി ക്രമങ്ങൾക്ക് വിരുദ്ധമായി ആണ് യേശുവിനെ അറസ്റ്റ് ചെയ്തതും ക്രൂശിലേറ്റിയതും. അന്നത്തെ നടപടി ക്രമങ്ങളെ ചോദ്യം ചെയ്യുന്നതും, അസാധുവാക്കുന്നതിനും, യേശുവിനെ കുറ്റവിമുക്തനാക്കുന്നതിനും വേണ്ടിയുള്ളതാണ് ജോസഫ് ആന്റണി പോൾ നൽകിയിരിക്കുന്ന ഈ കേസ്.

"മി. ജോൺ മാർകോ, യു മെയ് പ്ളീസ് പ്രൊസീഡ്" ജഡ്ജ് വാദിഭാഗം വക്കീലിനെ നോക്ക് ശബ്ദമുയർത്തി.

നീതിപീഠത്തെ വണങ്ങി നന്ദി പറഞ്ഞുകൊണ്ട് അഡ്വക്കേറ്റ് ജോൺ മാർകോ ഇരിപ്പിടത്തിൽ നിന്നും എണീറ്റു.

"യുവർ ഹോണർ, ഇന്നേക്ക് 2018 വർഷങ്ങൾക്ക് മുൻപേ ആണ് കേസിനു ആസ്പതമായിട്ടുള്ള സംഭവം നടന്നിട്ടുള്ളതെങ്കിലും അന്ന് നടന്ന മനുഷ്യാവകാശധ്വംസനപരമായിട്ടുള്ള നടപടികളെ ചോദ്യംചെയ്യുകയോ ആ കാലത്ത് അതിനെ ആരും എതിർക്കാതെയും പോയതുകൊണ്ട്, എന്റെ കക്ഷിക്ക് ഭരണഘടന അനുസരിച്ചു രാജ്യം അതിലെ പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇപ്പോഴും ടിയാൻ തെറ്റുകാരനാണെന്ന ധാരണ നിലനിൽക്കുന്നുണ്ട്. ഒപ്പം രാജ്യത്തിലെ പൗരന്മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടുന്ന ഗവണ്മെന്റിന്റെ ഉന്നത പദവികളിരുന്നിരുന്ന ഉദ്യോഗസ്ഥർ, മറ്റുള്ളവരുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി തങ്ങളുടെ പദവിയും അധികാരവും ദുർവിനിയോഗം ചെയ്തതിനെ ചൂണ്ടികാട്ടുന്നതിനും അവർക്ക് രാജ്യവും നീതിപീഠവും അനുശാസിക്കുന്ന ഏറ്റവും ഉന്നതമായ ശിക്ഷ തന്നെ നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഈ ഹർജി ഇപ്പോൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. അല്പം കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിലും ഈ ഹര്ജിയിന്മേൽ വാദംകേട്ടു കുറ്റവാളികൾക്കെതിരെ ഉചിതമായ ശിക്ഷാനടപടികൾ ഉണ്ടായിക്കൊള്ളണമെന്നു ആമുഖമായി പറയുവാൻ ഞാൻ താത്പര്യപ്പെടുന്നു." ജോൺ തന്റെ ഓവർക്കോട്ട് അല്പംകൂടി ശരീരത്തോട് ചേർത്തുമുറുക്കി.

"മൈ ലോർഡ്, എന്റെ കക്ഷിയുടെ പരാതികൾ ഇനിപ്പറയുന്നവയാണ്

അലിഗേഷൻ നമ്പർ 1 . ജറുസലേമിൽ അന്ന് നിലനിന്നിരുന്ന യഹൂദന്മാരുടെ ക്രിമിനൽ നടപടിനിയമപ്രകാരം ഏതെങ്കിലും ക്രിമിനൽ കുറ്റമോ അഥവാ ജീവപര്യന്തം ശിക്ഷാനുഭവിക്കേണ്ടുന്നതോ ആയ കുറ്റകൃത്യങ്ങൾ ചെയ്ത വ്യക്തിയെ പകൽവെളിച്ചത്തിൽ വ്യക്തമായി തിരിച്ചറിഞ്ഞു മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. എന്നാൽ എന്റെ കക്ഷിയെ അർദ്ധരാത്രിയിൽ ആണ് ഒരുകൂട്ടം പട്ടാളക്കാരും, സഹസ്രാധിപന്മാരും അടങ്ങുന്ന ബറ്റാലിയൻ വന്നു അറസ്റ്റ് ചെയ്യുന്നത്. ഗത്സമേന തോട്ടത്തിൽ കൃത്യം നടക്കുന്ന സമയം സന്നിഹിതരായിരുന്ന പന്ത്രണ്ടു പേരിൽ ആരാണ് യേശുവെന്നത് പട്ടാളക്കാർക്ക് തിരിച്ചറിവ് ഇല്ലായിരുന്നു. നസറായനായ യേശു താൻ ആണെന്ന് സ്വയം വെളുപ്പെടുത്തിയപ്പോൾ അല്ലാതെ പട്ടാളക്കാർക് പ്രതി എന്ന് ആരോപിക്കപ്പെടുന്ന ആളെ അറിയില്ലായിരുന്നു. മാത്രവുമല്ല യഹൂദന്മാരുടെ പീനൽ നിയമമനുസരിച്ചു നേരിട്ട് കുറ്റം ചെയ്തു പിടിക്കപ്പെട്ടിട്ടല്ലാതെ രാത്രിയിലെ ആരെയും അറസ്റ്റ് ചെയ്യുവാൻ ഉദ്യോഗസ്ഥർക്ക് അധികാരം ഇല്ല. എന്നാൽ എന്റെ കക്ഷിയുടെ കാര്യത്തിൽ അതും ലംഖിക്കപ്പെട്ടിരിക്കുകയാണ്. ഇത് ക്രിമിനൽ നിയമപ്രകാരം തെറ്റായ നടപടി ആണ്.

അലിഗേഷൻ നമ്പർ 2 . എന്റെ കക്ഷിയെ ഏതു കുറ്റത്തിനാണ് പിടിച്ചിരിക്കുന്നത് എന്ന് വ്യക്തമായ ഒരു ആരോപണവും, അറസ്റ്റ് ചെയ്യാൻവേണ്ടി പോയ ഉദ്യോഗസ്ഥർക്കോ, അവരെ പറഞ്ഞുവിട്ട മഹാപുരോഹിതന്മാർക്കോ മൂപ്പന്മാർക്കോ ഉണ്ടായിരുന്നില്ല.അതിനു ഉദാഹരണമാണ് എന്റെ കക്ഷിയെ ഒരു രാത്രിമുഴുവൻ 5 കോടതികളിൽ ആയി 6 തവണ മാറി മാറി വിചാരണ ചെയ്തത്. എന്നിട്ട് കൂടി കക്ഷിയിൽ ആരോപിക്കപ്പെട്ട അസത്യം അവർക്ക് തെളിയിക്കാൻ കഴിഞ്ഞില്ല.”

കോടതിയാകെ നിശബ്ദം ആയിരുന്നു. ജോൺമാർക്കോയുടെ ശബ്ദം മാത്രം ഉയർന്നു നിന്നു. ആ സമയമെല്ലാം ജഡ്ജ് തന്റെ മുന്പിലിരിക്കുന്ന കടലാസിൽ എഴുതുന്നുണ്ടായിരുന്നു. ഇപ്പോഴുണ്ടായ നിശ്ശബ്ദതക്ക് ജഡ്ജ് തലയുയർത്തി മാർക്കോയെ നോക്കി. മാർക്കോ വാദം തുടർന്നു.

"അലിഗേഷൻ നമ്പർ 3 . യുവർ ഹോണർ, നിയമം പരിരക്ഷിക്കേണ്ടുന്നവർ തന്നെ വ്യർത്ഥമായ ഈഗോയുടെയും സ്വാർത്ഥതക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി ഒരു മനുഷ്യനെ നിർദ്ദാക്ഷിണ്യം വധിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. നിരപരാധിയായ എന്റെ കക്ഷിയെ അറസ്റ്റ് ചെയ്യുന്നതിനായി നിയമവ്യവസ്ഥയുടെ ഉന്നതികളിൽ ഇരിക്കുന്നവരുടെ വ്യക്തമായ അനുചിതമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് തെളിവുകൾ ഉറപ്പിച്ചു വ്യക്തമാക്കുന്നു. അന്ന് രാജ്യത്തു നിലനിന്നിരുന്ന ക്രിമിനൽ പീനൽ നിയമപ്രകാരം കോടതിക്കുമുന്പാകെ ഹാജരാക്കുന്ന ഒരു വ്യക്തിയുടെമേൽ കുറ്റംചുമത്താനല്ല മറിച്ചു ചുമത്തിയ കുറ്റത്തെ വിചാരണ ചെയ്തു അത് ശരിയാണോ തെറ്റാണോ എന്ന് നിർണ്ണയിക്കുക എന്നതാണ് ന്യായാധിപന്മാരുടെ കർത്തവ്യം. എന്നാൽ എന്റെ കക്ഷിയുടെ കാര്യത്തിൽ ന്യായാധിപന്മാരായ ഹന്നാവും ഹെരോദാവും ന്യായാധിപന്മാരുമെല്ലാം കുറ്റം ആരോപിക്കുകയാണുണ്ടായത്. കോർട്ടിൽ ഉണ്ടായിരിക്കേണ്ടുന്ന ജഡ്ജിമാരിൽ ഒരാളെങ്കിലും പ്രതിക്ക് വേണ്ടി വാദിക്കണം എന്ന് നിയമം ഇരിക്കവേ, ആരും തന്നെ എന്റെ കക്ഷിക്ക് വേണ്ടി വാദിച്ചില്ല. മുന്കൂട്ടിത്തന്നെ, എന്റെ കക്ഷിയെ കൊലപ്പെടുത്താൻവേണ്ടി യെരുശലേം ന്യായപാലനം നടത്തുന്ന പേരുകേട്ട ന്യായാധിപന്മാർ ആലോചിച്ചിരുന്നു എന്ന് വ്യക്തമാണ്. കോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ യുവർ ഹോണർ, ജഡ്ജിമാർ തന്നെ ഇത് ചെയ്യുന്നത് വളരെ അപലപനീയം ആണ്. ഇങ്ങനെയാണേൽ നീതി എവിടെനിന്നു ലഭിക്കും...?

അലിഗേഷൻ നമ്പർ 4. അന്ന്നിലവിലുണ്ടായിരുന്ന എബ്രായനിയമപ്രകാരം കേട്ടുകേൾവിയാലുള്ള തെളിവുകൾ സ്വീകാര്യമായിരുന്നില്ല. ന്യായാധിപസംഘങ്ങളിൽ പലരെയും കൊണ്ടുവന്നുഎന്റെ കക്ഷിക്കെതിരായി പല അസത്യവാദങ്ങൾ പറയിപ്പിച്ചിട്ടും ഒന്നും ഒത്തുവന്നില്ല. ചുരുക്കത്തിൽ എന്റെ കക്ഷിക്കെതിരായി ചുമത്തിയിട്ടുള്ള ഒരു കുറ്റം പോലും തെളിയിക്കാൻ അന്നത്തെ ന്യായാധിപസംഘത്തിനു കഴിഞ്ഞില്ല.

കോടതിയുടെ ലിഖിതമായ പെരുമാറ്റച്ചട്ടങ്ങളെ കാറ്റില്പറത്തിയാണ് അന്നേദിവസം നടന്ന നാടകങ്ങൾ അരങ്ങേറിയത്. സർവ്വശക്തനായ യഹോവയുടെ നിർദ്ദേശപ്രകാരം മോശ പറഞ്ഞതനുസരിച്ചു നെയ്തെടുത്ത പൗരോഹിത്യ വസ്ത്രം ഒരിക്കലും കീറിക്കൂടാ എന്നിരിക്കെ, മഹാപുരോഹിതൻ തന്റെ വസ്ത്രം വലിച്ചു കീറി. കുറ്റം തെളിയിക്കപ്പെടുന്നതിനു മുൻപേ ശിക്ഷാ നടപടികൾ നടപ്പിലാക്കി എന്റെ കക്ഷിയെ അടിക്കാനും തുപ്പാനും തുടങ്ങി. ന്യായാധിപൻ ഒരാളെ കുറ്റവിമുക്തനാക്കുന്നതിനു മുൻപ് കുറ്റവാളിക്ക് ഒരു ദിവസം രാത്രിമുഴുവൻ അതിനെപ്പറ്റി ചിന്തിക്കാൻ സമയം കൊടുക്കണമെന്നിരിക്കെ ,ഇവിടെ പീലാത്തോസ് ആ നിയമത്തെ കാറ്റില്പറത്തിയാണ് ഒരുവേളയിൽ എന്റെ കക്ഷിയെ കുറ്റവിമുക്തൻ ആക്കിയത്. എന്നിട്ടുകൂടി നിയമത്തെ ഭയക്കാതെ, ജനങ്ങളെ മാത്രം ഭയന്ന് നിരപരാധിയായ ഒരാളെ ക്രൂശിലേറ്റാൻ വിട്ടുകൊടുത്തത്.

ബഹുമാനപ്പെട്ട കോടതി മുൻപാകെ അവസാനമായി ഒരു കാര്യം കൂടി ബോധിപ്പിച്ചുകൊള്ളട്ടെ. ഭൂഖണ്ഡങ്ങളിൽ വച്ച ഏറ്റവും കരുത്തുള്ള യഹൂദ ക്രിമിനൽ നിയമപ്രകാരം 'ക്രൂശീകരണം' എന്നൊരു ശിക്ഷാനടപടി ഇല്ലാത്തതാകുന്നു. എന്നാൽ അത് റോമൻ നിയമത്തിൽ മാത്രമേ ഉള്ളു. യഹൂദാനിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാനാണ് നിയമം ഉള്ളത്. എന്നിട്ടും യഹൂദ നിയമം അനുശാസിക്കുന്ന കോടതി ക്രൂശീകരണം ആണ് അനുവദിച്ചത്.അതായത് നിയമവ്യവസ്ഥയിൽ ഇല്ലാത്ത ഒരു നിയമപ്രകാരം ആണ് നസറായനായ യേശു എന്ന എന്റെ കക്ഷിയെ യഹൂദ ന്യായാധിപന്മാർ ക്രൂശീകരിക്കാൻ വിധിച്ചത്. മുൻപറഞ്ഞ വാദങ്ങളിൽ നിന്നും പകൽപോലെ ഈ സത്യം വ്യക്തമാണ്, അതായത്, യാതൊരു കുറ്റവും ചെയ്തിട്ടാല്ലാത്ത എന്റെ കക്ഷിയെ-മറിച്ചു ലോകത്തിന്റെ നന്മക്ക് വേണ്ടി മാത്രം പ്രവർത്തിച്ച എന്റെ കക്ഷിയെ തികച്ചും അന്യായമായ കുറ്റങ്ങളിലൂടെയും, നിയമസംഹിതക്ക് നാണക്കേട് വരുത്തുന്നവിധം നിയമങ്ങളെ എല്ലാം കാറ്റില്പറത്തിയും ആണ് സമൂഹത്തിൽ ഉന്നത സ്ഥാനീയറായിരുന്ന ന്യായാധിപന്മാർ നിയമത്തിൽ ഇല്ലാത്ത ശിക്ഷ വിധിച്ചിരിക്കുന്നത്. ആയതിനാൽ അന്ന് അന്യായമായി പുറപ്പെടുവിച്ച ശിക്ഷനടപടി തെറ്റുആണെന്നും, അതിനു അവലംബിച്ച മാര്ഗങ്ങളും എല്ലാം അസാധുവാക്കണം എന്നും, ഒരു രാജ്യത്തിൻറെ നിയമങ്ങളെ കാറ്റില്പറത്തിയ നിയമജ്ഞന്മാരെ അയോഗ്യരാക്കുകയും എന്റെ കക്ഷിയെ കുറ്റവിമുക്തനാക്കി പ്രഖ്യാപിക്കണമെന്നും താഴ്മയായി കോടതി മുന്പപാകെ അപേക്ഷിച്ചുകൊള്ളുന്നു. “

ജഡ്ജിയെ വണങ്ങിയ മാർക്കോ സ്വസ്ഥാനത്തു മടങ്ങിപ്പോയിരുന്നു. എല്ലാവരുടെയും കണ്ണുകൾ ജഡ്ജിയുടെ മുഖത്തേക്ക് നീണ്ടു. എല്ലാവരുടെയും മനസ്സും ഹൃദയവും ശൂന്യമാണ്.

ജഡ്ജ് എഴുത്തു തുടർന്നുകൊണ്ടിരുന്നു, എന്നിട്ട് പതിയെ മുഖമുയർത്തി.

"വാദിഭാഗം വക്കീലിന്റെ വാദങ്ങൾക്ക് മറുപടിയായി ഉള്ള പ്രതിഭാഗത്തിന്റെ വാദം തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. അതിന്റെ തീയതിയും കോടതി ഓഫീസിൽ നിന്നും അറിയിപ്പ് ഉണ്ടായിരിക്കുന്നതാണ്."

ജഡ്ജ് ദീർഘമായി ഒന്ന് നിശ്വസിച്ചു. തനിക്ക് മുന്പിലിരുന്ന കടലാസുകെട്ടുകൾ മടക്കി വച്ചു. "കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ചു വിധിയെ ബാധിക്കുന്ന അഭിപ്രായങ്ങൾ പറയാൻപാടില്ല. എങ്കിലും പൊതു അറിവിലേക്കായി ഒന്ന് രണ്ടു കാര്യങ്ങൾ ഉദ്ധരിക്കാൻ കോടതി താത്പര്യപ്പെടുന്നു. ചരിത്ര സംഹിതകൾ ഇഴകീറി പരിശോധിച്ചാണ് വാദിഭാഗം വക്കീൽ വാദിച്ചിരിക്കുന്നത്. വളരെ വൈകിയിട്ടാണെങ്കിലും ഇങ്ങനെയൊരു കേസ് വന്നത് ഒരുതരത്തിൽ വ്യക്തമായ ഒരു ധാരണ ഉണ്ടാകാൻ സഹായിക്കും, അത് ഏതു തരത്തിൽ ഉള്ളതാണെങ്കിലും.

ഈ വാദം കേട്ടുകൊണ്ടിരിക്കുന്ന സമൂഹം ദയവു ചെയ്തു ലഭ്യമായ ചരിത്രരേഖകളും ബൈബിളും ഒക്കെ പരിശോധിക്കുക. മി. ജോൺ മാർക്കോയുടെ കക്ഷി, നസ്രേത്തിൽ നിന്നുള്ള യേശു, ഇപ്രകാരം എല്ലാം കഷ്ടം അനുഭവിച്ചു മരിക്കേണ്ടതാകുന്നു എന്ന് മുന്പെകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുള്ളതാണ്. ചരിത്രം പരിശോധിച്ചാൽ, ആയിരക്കണക്കിന് വര്ഷങ്ങള്ക്ക്മുൻപ് യെശയ്യാവ്‌ പ്രവാചകൻ എഴുതിയ ചരിത്ര പുസ്തകത്തിലും മലാഖിയുടെ ചരിത്ര താളുകളിലും എന്നുവേണ്ട ഒട്ടുമിക്ക പുരാതനഗ്രന്ഥങ്ങളിലും വാദിഭാഗം കക്ഷിയുടെ ക്രൂശുമരണം എഴുതിയിട്ടുള്ളതാണ്. അതുകൊണ്ടാണ് നിയത്തിൽ ഇല്ലാതിരുന്നിട്ട് പോലും കല്ലെറിഞ്ഞു കൊല്ലാതെ ക്രൂശിലേറ്റാൻ പിലാത്തോസിനു അപ്പോൾ മനസ്സിൽ തോന്നിച്ചത്. ഒരുപക്ഷെ യാദൃശ്ചികം ആകാം; പക്ഷെ അത് ഇങ്ങനെ തന്നെ സംഭവിക്കാൻ ഉള്ളതായിരുന്നു.

അതോടൊപ്പം തന്നെ നൂറ്റാണ്ടുകൾക്ക് മുൻപ്ച എഴുതിയ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ് യേശുവിന്റെ അസ്ഥികൾ ഒടിയുകയില്ല എന്ന് , അതിനു ക്രൂശുമരണം അനിവാര്യം ആയിരുന്നു.ഒരുപക്ഷെ പീലാത്തോസ് അന്ന് ക്രൂശുമരണത്തിനു കൽപ്പിച്ചത് ഇ തിരുവെഴുത്തുകൾ ഒന്നും അറിയാതെ ആയിരിക്കും. പക്ഷെ, നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപേ നിശ്ചയിക്കപ്പെട്ടിരുന്ന തിരുവെഴുത്തകൾ നിറവേറേണ്ടതു അത്യാവശ്യം ആയിരുന്നു. .” ജഡ്ജ് അല്പനേരത്തേക്കു ഒന്ന് നിർത്തി

"കോടതി ഇ പറഞ്ഞ വസ്തുതകൾ ഒരിക്കലും ഇ കേസിന്റെ വിധിയെ ബാധിക്കുന്നതല്ല; കാരണം ഇവിടെ ഹര്ജിവിഷയം അന്നത്തെ യെരുശലേമിലെ നിയജ്ഞന്മാരുടെ അനീതിപരമായിട്ടുള്ള നടപടികളെ ചൊല്ലിയുള്ളതാണ്. ആയതിനാൽ തുടർന്നുള്ള പ്രതിഭാഗത്തിന്റെ വാദം കേൾക്കാൻ ഈ കോടതി തുടർന്നുള്ള ദിവസങ്ങൾ ക്രമീകരിക്കുന്നതായിരിക്കും."

കോടതി അടുത്ത കേസിലേക്ക് കടന്നു.

കോടതിമുറിയിൽ നിന്നും പതിയെ ആളുകൾ ഒഴിഞ്ഞു തുടങ്ങി. ഇപ്പോൾ എല്ലാരും കോടതി പരിസരത്ത് ആണ്. ചാനലുകാരും പത്രക്കാരും പുറത്തേക്ക് വന്ന അഡ്വക്കറ്റ്. ജോൺ മാർക്കോയെയും ജോസഫ് ആന്റണി പോളിനെയും വളഞ്ഞു; പലതരത്തിലുള്ള ചോദ്യശരങ്ങൾ തൊടുത്തുവിട്ടുകൊണ്ടിരുന്നു.

"സർ, രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന് ഇപ്പോൾ കേസ് ഫയൽ ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണ് സർ...? പ്രതികൾ എന്ന് ആരോപിക്കപ്പെട്ടിട്ടുള്ള ആരും ഇപ്പോൾ ജീവനോടെ ഇല്ല. അന്നത്തെ നിയമങ്ങളഉം മാറിമറിഞ്ഞു...പിന്നെ എന്തിനാണ് സർ ഇ കേസ്...?"

"ഇത് താങ്കളുടെ പ്രശസ്തിക്ക് വേണ്ടി കുത്തിപ്പൊക്കിയ ഒരു കേസ് ആണെന്ന് ഞങ്ങൾ പറഞ്ഞാൽ ...?"

"നിലനിൽക്കുന്ന ഒരു മതവിശ്വാവസങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും വരാൻ സാധ്യതയുള്ള ഈ കേസിന്റെ വിധിയെ താങ്കൾ എങ്ങനെ നോക്കികാണാനാണ് താൽപര്യപ്പെടുന്നത്...?"

ആൾക്കൂട്ടത്തെയും മൈക്കുകളെയും വകഞ്ഞുമാറ്റിക്കൊണ്ട് അവർ ഇരുവരും കാറിനുള്ളിലേക്ക് ഞെരുങ്ങിക്കയറി...ഡോർ അടയ്ക്കുന്നതിന് മുൻപായി അഡ്വക്കേറ്റ് മാർക്കോ പറഞ്ഞു" അനുകൂലമായ വിധി പ്രതീക്ഷിക്കുന്നു. സത്യം ജയിക്കും...കൂടുതൽ ഒന്നും പറയുന്നില്ല...നന്ദി ..കോടതി വിധിക്കായി കാത്തിരിക്കുന്നു"

അവരെയും വഹിച്ചുകൊണ്ട് കാർ മുന്നോട്ട് നീങ്ങി.

ചാനലുകാർ ക്യാമറക്ക് മുൻപിൽ ചർച്ചകളും, ചോദ്യങ്ങളും...ഒരുവേള ചിലർ കോടതിവിധിയും കടന്നു പോയി.

 

- രഞ്ജിത്കുമാർ. എം

 

(കഥയും കഥാപാത്രങ്ങളും കഥയിൽ പറഞ്ഞിരിക്കുന്ന കേസ്ഉം തികച്ചും ഭാവന മാത്രമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.)

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ