ദാസനും ഞങ്ങളും

ദാസനും ഞങ്ങളും

 ദാസനും ഞങ്ങളും

വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഓർക്കുന്നു , ഒരു ഓണ അവധി കഴിഞ്ഞാണ് ദാസൻ ഓഫീസിൽ ജോയിൻ ചെയ്യുന്നത് .കക്ഷി വരുന്നതിനു മുമ്പേ ഞങ്ങൾക്ക് നിർദേശം കിട്ടി .യൂണിയൻ അംഗമല്ല ,പരമാവധി പണി കൊടുത്തേക്കണം .ജില്ലയുടെ വടക്കേ അറ്റത്തുള്ള ഓഫീസിൽ ആണ് .ഇനി എന്ത് ചെയ്യാൻ?എന്തായാലും ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചു ,അയാളെ ഒതുക്കാൻ.

ഹൃദ്യമായിരുന്നു മൂപ്പരുടെ പെരുമാറ്റം .എന്തുകൊണ്ട് യൂണിയനിൽ ചേർന്നില്ല എന്ന ചോദ്യത്തിന് വളരെ ലളിതമായിരുന്നു ഉത്തരം .മുതലാളി നേതാക്കന്മാരെ സൃഷ്ടിക്കാൻ വേണ്ടി ഞാൻ യൂണിയനിൽ ചേരില്ല.സ്ഥലം മാറ്റം പേടിയില്ലേ എന്ന ചോദ്യത്തിന് അതിലും വിചിത്രമായ ഉത്തരം.

'ഞാൻ വിവാഹം കഴിക്കില്ല .എന്തിനാ ?ഇത്തിൾ കണ്ണികളായ മക്കളെ സൃഷ്ടിക്കാനോ ?അപ്പൊ പിന്നെ ട്രാൻസ്ഫർ എന്തിനു പേടിക്കണം ?'

 

ജില്ലാ ആസ്ഥാനത്തു നിന്ന് വിളിയോട് വിളി.ദാസനെ ഒതുക്കിയോ ?

ഇല്ല ഇല്ല എന്ന് നിത്യവും പറഞ്ഞപ്പോൾ വിളികൾ നിന്നു .

ദാസൻ വരുന്ന ആളുകളോട് നല്ല പെരുമാറ്റമായിരുന്നു.ഗ്രാമ പ്രദേശമായിരുന്നു അത് .വരുന്നവർ ദാസനെയാണ് എല്ലാറ്റിനും സമീപിച്ചുകൊണ്ടിരുന്നത് .

അങ്ങനെയിരിക്കുമ്പോൾ ഒരവസരം വീണു കിട്ടി.

ദാസൻ ജില്ലാ ആസ്ഥാനത്തു ഒരു പേപ്പർ കൊണ്ടുപോകാനുണ്ടായിരുന്നു.പതിനൊന്നു മണിയോടെ ഓഫീസിൽ വിട്ടു.അഞ്ചു കഴിയും തിരികെ എത്താൻ .ദാസൻ പോയ പാടെ പെട്ടെന്ന് ഒരു പാർട്ടി പ്ലാൻ ചെയ്തു .പൊറോട്ടയും ചിക്കനും .ഞങ്ങൾ മൂക്ക് മുട്ടെ തട്ടി.ചിക്കൻറെ എല്ലുകൾ ഭംഗിയായി പൊതിഞ്ഞു സദന്റെ സീറ്റിൽ വച്ചു .ഓഫീസറോട് പറഞ്ഞു ഞങ്ങൾ അഞ്ചു മണിക്ക് ഇറങ്ങി .

പിറ്റേന്ന് ഒരു വലിയ ഗുസ്തി മനസ്സിൽ കണ്ടാണ് എല്ലാവരും വന്നത്.

പക്ഷേ ദാസൻ സന്തോഷത്തോടെയാണ് ഞങ്ങളെ എതിരേറ്റത് .

ഞങ്ങൾക്ക് അക്ഷമയായി .എന്താ ചെയ്ക ?

ആരോ മുൻകൈയെടുത്തു ചോദിച്ചു -'ദാസാ ഇന്നലത്തെ പാർട്ടി കഴിഞ്ഞു വച്ചിരുന്നതു കഴിച്ചോ ?'

ദാസൻ അവിടെയും ഞങ്ങളെ അതിശയിപ്പിച്ചു -ഓഹോ .എനിക്ക് സന്തോഷം തോന്നി .എല്ലാവരും ഇങ്ങിനെ കഴിച്ചാൽ രാജ്യത്തെ പട്ടിണി മാറും.എന്നിട്ടു ദാസൻ കുടുകുടെ ചിരിക്കാൻ തുടങ്ങി...

അതോടെ ഞങ്ങടെ മനസ്സിൽ ദാസനെ പറ്റിയുണ്ടായിരുന്ന ചിന്തകൾ മാറി.യൂണിയൻ വേറെ ,വ്യക്തി വേറെ...ദാസൻ ഞങ്ങടെ മോഡൽ ആയി മാറി.

 

 

 

സി പി വേലായുധൻ നായർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ