വായ്ക്കരി

വായ്ക്കരി

വായ്ക്കരി

അമ്മയുടെ മൃതശരീരം, കത്തിച്ചുവെച്ച നിലവിളക്കുകൾക്കിടയിലും തേങ്ങാ മുറികളികളിൽ കൊളുത്തിവച്ച ദീപങ്ങൾക്കിടയിലും ജീവസ്സുറ്റതായി ലതക്ക് തോന്നി .അടുത്ത് നിൽക്കുന്ന ആളുകളുടെ ദുഃഖ മുഖങ്ങൾക്കിടയിലും ലത നിർനിമേഷയായി അമ്മയെ നോക്കികൊണ്ടിരുന്നു .അധികം കഷ്ടപ്പെടാതെ ആ സാധു കടന്നുപോയതിൽ ദൈവത്തോട് നന്ദി തോന്നി .

 

പരികർമി വിളിച്ചു പറഞ്ഞു -

 

വായ്ക്കരി ഇടേണ്ടവർ ഇങ്ങോട്ടു മാറി നിൽക്കൂ.സമയം ഏറുന്നു .

 

അയാൾ ഒപ്പമുള്ളവരോട് പറഞ്ഞു -അരിയും തുളസി ഇലയും ഇങ്ങോട്ടു നീക്കി വെക്കൂ .

 

ഓരോരുത്തരായി അമ്മയുടെ ശരീരം വലം വച്ച് വായിൽ അറിയും തുളസി ഇലയും വെക്കുമ്പോൾ ആശുപത്രിയിലെ അന്ത്യ നാളുകളിൽ, മൂക്കിലും വായിലും അനേകം കുഴലുകൾ വെച്ച് 'അമ്മ കിടന്നപ്പോൾ ആ വായിലേക്ക് ഒരിറ്റു കഞ്ഞിവെള്ളം പോലും ഒഴിച്ചുകൊടുക്കാൻ നിർവാഹമില്ലാതെ താനടക്കമുള്ള മക്കൾ നിസ്സഹായരായി നോക്കിനില്കുമ്പോളാണ് ഒരു ദൈവ ദൂതനെ പോലെ മരണം അമ്മയുടെ സമീപം എത്തിയത് .അമ്മയുടെ കണ്ണടഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരിറ്റു വെള്ളം ആ ചുണ്ടിൽ ഇറ്റിച്ചുകൊടുക്കാൻ സാധിച്ചതിൽ ആശ്വാസം കൊണ്ടു .ആ നിമിഷം അമ്മയുടെ കരം എങ്ങിനെയോ തന്റെ കയ്യിൽ മുറുകി പിടിക്കാൻ ഇടയായി.ബലമെടുത്താണ് ആ കൈ വിടുവിച്ചതു് .

 

ഐ സി യു വിലും വെന്റിലേറ്ററിലും മാറി മാറി കിടന്നിരുന്ന 'അമ്മ തന്നെ അടുത്ത് കിട്ടുന്ന താഴ്ന്ന ശബ്ദത്തിൽ മന്ത്രിക്കുമായിരുന്നു -എന്നെ ഇവിടുന്നു കൊണ്ടു പോ .ഇവരെനിക്ക് വെള്ളം പോലും തരാതെ കൊല്ലും .

 

പാവം 'അമ്മ അറിയുന്നില്ല മൂക്കിലും വായിലും ഇട്ടിരിക്കുന്ന കുഴലുകളിൽ കൂടി ഭക്ഷണവും വെള്ളവും ശ്വാസവായുവുമെല്ലാം തനിക്കു കിട്ടുന്നുണ്ട് എന്നത് .പലകുറി 'അമ്മ ഇത് ആവർത്തിച്ചപ്പോൾ ഡ്യൂട്ടി ഡോക്ടറോട് സംസാരിക്കേണ്ടി വന്നു.ട്യൂബ് മാറ്റി വെള്ളം കൊടുത്താൽ അമ്മയുടെ അന്ത്യം അപ്പോൾ തന്നെ സംഭവിക്കാൻ ഇട ഉണ്ടെന്നും , ഒരു രോഗിയെ കൊണ്ടുവന്നാൽ ചെയ്യാവുന്നതെല്ലാം ചെയ്യുക എന്നതാണ് ഒരു ആസ്പത്രിയുടെ ധർമ്മമെന്നും അവർ പ്രതികരിച്ചു .

 

പരികർമി വിളിച്ചു ചോദിച്ചു -ഇനി ആരെങ്കിലും ഉണ്ടോ?

 

ലത എഴുന്നേറ്റ് അമ്മയെ മൂന്നു പ്രദക്ഷിണം വച്ച് അരിയും തുളസി ഇലയും അമ്മയുടെ ചുണ്ടോട് അടുപ്പിക്കുമ്പോൾ വിതുമ്പിപ്പോയി .തന്റെ കുട്ടിക്കാലത്തു മുറ്റം നിറയെ പറമ്പിലും പാടത്തും പണിയെടുത്തിരുന്ന ആളുകൾ വന്നു കൂടുമ്പോൾ അവർക്കു കഞ്ഞിയും പുഴുക്കും കൊടുത്തിരുന്ന ആളാണ് അവസാന ബോധം മറഞ്ഞുപോകുന്നതിനു മുമ്പ് ഒരു തുള്ളി വെള്ളം കിട്ടാതെ ഈ കിടക്കുന്നത് .അന്ന് ആ സാധുക്കൾ അമ്മയെ എത്ര സ്നേഹത്തോടെയാണ് കണ്ടിരുന്നത് !

 

കൊടുക്കുന്ന കൈകൾക്കു ഒന്നും തിരികെ കിട്ടുന്നില്ല എന്ന സത്യം ലത ഓർത്തു.കൊടുക്കുക എന്നത് ഒരു ധർമം മാത്രം ..തന്റെ കുട്ടിക്കാലത്തു കൂട്ടുകുടുംബത്തിലെ മൂത്ത മകൾ എന്ന നിലക്ക് അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ ലതയുടെ മനസ്സിലേക്ക് ഓടിയെത്തി

ആ കഷ്ടപ്പാടുകളാവാം അമ്മക്ക് ഇങ്ങനെ ഒരു ദുർഗതി ഉണ്ടാക്കിയതെന്ന് തോന്നി .ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ ആശക്കു വക കുറവാണു എന്ന അഭിപ്രായം ശരിയല്ലാതാവണെ എന്ന് ലത പലവുരു പ്രാർത്ഥിച്ചു .ഐ സി യു വിലും വെന്റിലേറ്ററിലും ദിവസം രണ്ടു പ്രാവശ്യം മാത്രം കാണാൻ സാധിച്ച 'അമ്മ , താൻ മരിച്ചുപോകും എന്ന ഒരു തോന്നലിലേക്കു എത്തിയത് ചുറ്റും നിൽക്കുന്ന നേഴ്‌സുമാരുടെ രഹസ്യ സംഭാഷണങ്ങളിൽ നിന്നാകാം.അമ്മക്ക് നല്ല ബോധമുണ്ട് , തിരിച്ചറിവുണ്ട്,ശ്വാസ പ്രശ്നമാണ് വില്ലൻ എന്ന ഡോക്ടറുടെ അഭിപ്രായം അലോസരപ്പെടുത്തുന്നതായിരുന്നു .എന്നിട്ടും പല പരീക്ഷണങ്ങൾക്കും അമ്മയെ അവർ ഉപയോഗപ്പെടുത്തിയത് അമ്മയുടെ അസ്വസ്ഥതകൾ കൂട്ടിയിട്ടുണ്ടാവാം .

 

ചടങ്ങുകൾ പൂർത്തിയായി .ആംബുലൻസിൽ പൊതുശ്മശാനത്തിലേക്കു പോകുന്ന അമ്മയുടെ മുഖത്ത് അപ്പോഴും തന്നോട് എന്തോ പറയാനുണ്ടെന്ന് ലതക്ക് തോന്നി .

 

പൊതു ശ്മശാനത്തിൽ അമ്മയുടെ അന്ത്യ കർമങ്ങൾ സ്ത്രീ എന്ന നിലയിൽ തനിക്കു ചെയ്യാൻ വയ്യല്ലോ എന്ന സങ്കടത്തോടെയും, അമർഷത്തോടെയും ഒരു ദീർഘ വിതുമ്പലിലേക്കും പിന്നെ നിലവിളിയിലേക്കും ലത വഴുതിവീണു.

 

 

സി പി വേലായുധൻ നായർ

ശിവരാം ശ്രീ

ഇടപ്പള്ളി വടക്കു

കൊച്ചി-41

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ