പാവം ജാനമ്മ

പാവം ജാനമ്മ

പാവം ജാനമ്മ

ജാനമ്മയെ അറിയാത്തവർ ഇല്ല .

ഞാൻ അറിയുന്ന ഒരു ജാനമ്മ എന്റെ വീടിനു എതിർവശത്തുള്ള വീട്ടിൽ താമസം .ഭർത്താവ് അഞ്ചു കൊല്ലം മുൻപ് മരണപ്പെട്ടു പോയി .അദ്ദേഹത്തിന്റെ കുടുംബ പെൻഷനായി കിട്ടുന്ന ആറായിരത്തിനടുത്ത തുകയിലാണ് ആഹാരം മരുന്ന് മുതലായവ കഴിച്ചു കൂട്ടുന്നത് .ഒരു മകളുള്ളത് ദൂരെയാണ് ഭർത്താവിന്റെ കൂടെ കഴിയുന്നത് .എന്തെങ്കിലും സഹായത്തിനു ജാനമ്മ എന്നെയാണ് ആശ്രയിക്കുന്നത്.ഒരുദിവസം രാവിലെ എന്നെ വന്നു കണ്ട ജാനമ്മ മോളുടെ അടുത്ത് പോകണമെന്നും അവൾക്കു അസൗകര്യം വല്ലതുമുണ്ടോ എന്ന് ഫോണിൽ അന്വേഷിക്കണമെന്ന് പറഞ്ഞു.ഞാൻ അപ്പോൾ തന്നെ മകളുടെ നമ്പറിൽ ഫോൺ ഡയൽ ചെയ്തു ജാനമ്മക്കു കൊടുത്തു .അവരുടെ സംസാരത്തിനു ചെവി കൊടുക്കേണ്ടെന്നു കരുതി ഞാൻ അകത്തേക്ക് പോയി.ഭാര്യയോട് ടെലിഫോൺ ആവശ്യം കഴിഞ്ഞു തിരികെ ക്രാഡിലിൽ വെക്കാൻ പറഞ്ഞു .അല്പം കഴിഞ്ഞു ജാനമ്മക്ക് ട്രെയിൻ ടിക്കറ്റ് എടുത്തുകൊടുക്കണമെന്നു ഭാര്യ വന്നു പറഞ്ഞു-അടുത്ത ദിവസം രാവിലെ പോകാൻ വേണ്ടി .ഞാൻ അപ്പോൾ തന്നെ സ്റ്റേഷനിൽ പോയി ടിക്കറ്റ് എടുത്തുകൊണ്ടുവന്നു കൊടുത്തു.

 

പിറ്റേന്ന് രാവിലെ സന്തോഷമായി ഞങ്ങളോട് യാത്ര പറഞ്ഞു ജാനമ്മ പോയി .

നാലഞ്ച് ദിവസം കഴിഞ്ഞു കാണും -ഞാൻ പ്രഭാത ഭക്ഷണം കഴിഞ്ഞു പത്രത്തിലേക്ക് വീണ്ടും കണ്ണോടിക്കാൻ തുടങ്ങി .അല്പം കഴിഞ്ഞു വീട്ടുപടിക്കൽ ഒരു കാർ വന്നു നിന്നു .അതിൽ നിന്ന് ജാനമ്മ ഇറങ്ങി വരുന്നു.എന്നോട് രണ്ടായിരം രൂപ ചോദിച്ചു .ഞാൻ അകത്തു പോയി പൈസ എടുത്തു കൊടുത്തു .ജാനമ്മ അത് കാറുകാരന് കൊടുത്തു അയാളെ യാത്രയാക്കി . അയാൾ പോകേണ്ട

താമസം ,ജാനമ്മ അലമുറയിട്ടുകൊണ്ടു ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു -നിങ്ങളാണ് സത്യത്തിൽ ഭാഗ്യമുള്ളവർ .മക്കൾ ഇല്ലാത്തതു കൊണ്ട് അവരിൽ നിന്നുള്ള പ്രശ്നങ്ങൾ ഇല്ലല്ലോ .എന്റെ മോളെ ഞാനിനി മോളായിട്ടു കാണുന്നില്ല .

 

ഞാൻ ചോദിച്ചു -എന്ത് പറ്റി ജാനമ്മേ ?

 

എന്ത് പറ്റിയെന്നോ -രണ്ടു ദിവസമായിട്ടു എന്റെ മോളെന്നു ഞാൻ ഇതുവരെ കരുതിയിരുന്ന ആ ദ്രോഹി എന്നെ ശല്യപെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു .ഞാൻ ഉടനെ തിരികെ പോണമെന്ന് .ഇന്നലെ രാത്രി അവൾ എന്നോട് പറഞ്ഞു ഞാൻ പോയില്ലെങ്കിൽ അവൾ ആത്‍മഹത്യ ചെയ്തുകളയുമെന്ന് .കല്യാണം കഴിപ്പിച്ചു വിട്ടപ്പോൾ ഉണ്ടായിരുന്ന സ്ഥിതിയി ലല്ല അവൾ ഇപ്പോൾ .അന്ന് കൊടുത്ത പത്തു പവന്റെ സ്ഥാനത്തു അവൾക്കിന്നു നൂറു പവൻ ഉരുപ്പടിയുണ്ട് .അവളുടെ മകൾ ഗൾഫിൽ നിന്ന് വരുന്നു ,അവളുടെ ഭർത്താവിന് ഞാൻ അവിടെ നില്കുന്നത് ബുദ്ധിമുട്ടാണ് എന്നൊക്കെ .ഇന്ന് രാവിലെ നാലു മണിക്ക് എന്നെ അവർ വിളിച്ചുണർത്തി.അപ്പോൾ ഒരു കാർ അവിടെ നില്പുണ്ടായിരുന്നു.പെട്ടെന്ന് തന്നെ ഡ്രസ്സ് ചെയ്യിച്ചു അവർ എന്നെ അതിൽ കയറ്റി വിട്ടു.ഡ്രൈവറോട് പറഞ്ഞു, വഴിയിൽ ഒരിടത്തും നിറുത്തരുത് ,ചായ പോലും വാങ്ങികൊടുക്കേണ്ട എന്നൊക്കെ .പൈസ അവിടെ ചെല്ലുമ്പോൾ ഇവർ തന്നെ തരും എന്നും അയാളോട് പറഞ്ഞു.അങ്ങിനെ രാവിലെ പുറപ്പെട്ട യാത്രയാണ്.ഡ്രൈവർ അല്പം മനുഷ്യപ്പറ്റുള്ള ആളായതുകൊണ്ടു വഴിയിൽ നിർത്തി എനിക്ക് ചായ വാങ്ങി തന്നു.

ഇത്രയും കേട്ടപ്പോൾ ഞങ്ങൾ അസ്വസ്ഥരായി.ജാനമ്മ അലമുറയിട്ടുകൊണ്ടിരിക്കുന്നു.ഞൻ ഭാര്യയെ കണ്ണ് കാണിച്ചു.അവൾ ജാനമ്മയെ അകത്തു കൂട്ടികൊണ്ടുപോയി കാപ്പി കൊടുത്തു.

 

തിരികെ പുറത്തു വന്ന ജാനമ്മ കണ്ണീരോടെ പറഞ്ഞു -ഇത്രയും നാൾ നിങ്ങൾക്കു മക്കളില്ലല്ലോ എന്ന് ഞാൻ സങ്കടപ്പെ ടുമായിരുന്നു.ഇങ്ങനെയുള്ള മക്കൾ നമ്മുടെ ശത്രുക്കളാണ്.അന്ന് അവൾക്കു കൊടുത്ത പത്തു പവൻ ഒപ്പിച്ചെടുക്കാൻ ഞങ്ങൾ പെട്ട പാട് അവളും കണ്ടതാണ് .

പൂർവ്വജന്മത്തിലെ ശത്രുക്കൾ ഈ ജന്മത്തിൽ നമ്മുടെ മക്കളായി ജനിക്കുന്നു എന്ന പുരാണസങ്കല്പം അവരോടു പറയണമെന്ന് തോന്നി .പക്ഷേ പറഞ്ഞത് മറ്റൊന്നാണ്‌ -ജാനമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട,ഞങ്ങളുണ്ട്.പിന്നെ മരുമോൻ ഇതിനിടയിൽ ഒന്നും പറഞ്ഞില്ലേ ?

 

അവനല്ലേ ഇതിന്റെയൊക്കെ സൂത്രം അവൾക്കു ഓതിക്കൊടുത് ?ഇവനും ഒരു അമ്മയുണ്ടായിരുന്നു .ആ പാവം നേരത്തെ രക്ഷപ്പെട്ടു .അല്ലെങ്കിൽ അവരോടും ഇവർ ഇത് തന്നെ ചെയ്യും.

ഞാൻ വിഷമത്തിലായി .എന്ത് പറയും ഈ സാധുവിനോട് ?

പെട്ടെന്ന് പറയാൻ തോന്നിയത് ഇതാണ് -ജാനമ്മ വസ്ത്രം ഒക്കെ മാറി ഇങ്ങോട്ടു വരണം ,ഇന്നത്തെ ഊണ് നമ്മൾ മൂന്നുപേരും കൂടി ഒരുമിച്ചാണ്.

എന്റെ ഭാഗ്യം -അവർ സമ്മതിച്ചു പോയി.

ഞാനും ഭാര്യയും നെടുവീർപ്പോടെ ഇരുന്നു.

 

ഭഗവാനെ , അങ്ങെവിടെയാണ് ?ഈ പാവങ്ങളെ അങ്ങ് കാണുന്നില്ലേ ?എനിക്ക് ചുറ്റും കൂടിവരുന്ന ജാനമ്മമാരെ കണ്ടു എനിക്ക് സങ്കടം മാത്രമല്ല അങ്ങേയോട് പരിഭവവും തോന്നുന്നു .അതോ ഇതാണോ അങ്ങെയുടെ നിയമം ?

 

സി പി വേലായുധൻ നായർ

ശിവറാം ശ്രീ

ഇടപ്പള്ളി വടക്കു

കൊച്ചി

682041

ഫോൺ :9567155049

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ