ഒരു ഡിജിറ്റൽ പരാക്രമം

ഒരു ഡിജിറ്റൽ പരാക്രമം

ഒരു ഡിജിറ്റൽ പരാക്രമം

ശ്രീധരൻ ഒരു പഴയ ഗൾഫ് പ്രവാസി .ഭാര്യ സർക്കാർ ജീവനക്കാരി.മക്കൾ രണ്ടു പേരും യു എസ് എ യിലെ രണ്ടു പ്രദേശങ്ങളിലായി ടെക്കികൾ .കുടുംബസമേതം താമസവും അവിടെ തന്നെ .രണ്ടു പേർക്കും രണ്ടു പെണ്മക്കൾ വീതം .എന്നും രാത്രികളിൽ എട്ടു പേരുമായി ചാറ്റിങ് , വീഡിയോ കോൺഫെറെൻസിങ് എല്ലാം യാന്ത്രികമായി നടക്കുന്നു ,കിറു കൃത്യമായി.അല്ലെങ്കിൽ ഒരു ചടങ്ങു പോലെ.ആസ്വദിക്കുന്നത് ശ്രീധരൻ

മാത്രം .കൂട്ടത്തിൽ ഭാര്യ ഉമയും .ഉമക്കിനി മൂന്നു കൊല്ലം കൂടി സർവീസ് ബാക്കി .വീട്ടിൽ പകൽ ഉച്ച വരെ ശ്രീധരന് കൂട്ടായി രാഘവൻ എന്നൊരു സഹായി കൂടി ഉണ്ട്.കഴിഞ്ഞില്ല , വീടിനു സെക്യൂരിറ്റി എന്നോണം ഒരു പട്ടി കൂട്ടിലുണ്ട് .ആര് വഴിയേ നടന്നു പോകുന്നത് കണ്ടാലും ഒരു കുരയോ അല്ലെങ്കിൽ ഒരു മുരളലോ പാസ്സാക്കി അവന്റെ സാന്നിധ്യം അറിയിക്കും .പട്ടിക്ക് രാവിലെയും ഉച്ചക്ക് ഭക്ഷണം കൊടുക്കാനും ഉമ രാവിലെ ഒൻപതു മണിക്ക് ഓഫീസിൽ പോയാൽ ശ്രീധരന് പതിനൊന്നു മണിയോടെ ഒരു ചായ ഇട്ടുകൊടുക്കാനും ഉച്ചക്ക് ഒരു മണിയോടെ ചോറ് എടുത്തു കൊടുക്കാനും ആണ് രഘവൻ .ഉമ രാവിലെ തന്നെ ഉച്ചക്കുള്ള ഭക്ഷണം തയ്യാറാക്കി വച്ചിരിക്കും .രാഘവൻ രണ്ടു മണിയോടെ സ്ഥലം കാലിയാക്കും .രണ്ടു മണി മുതൽ നാലു വരെ ശ്രീധരന്റെ ഉറക്ക സമയം .ആറു മണിക്ക് മുമ്പായി ഉമ എത്തും .ഇതിനിടെ നാലു മണിക്ക് ഉച്ച ഉറക്കം കഴിഞ്ഞു എണീറ്റാൽ ശ്രീധരൻ ഒരു ധീര കൃത്യം നടത്തും .അടുക്കളയിൽ കയറി സ്വന്തമായി ഒരു ചായ ഉണ്ടാക്കി കഴിക്കും .

 

അപ്പൊ , കഥാപാത്രങ്ങൾ എല്ലാം റെഡിയായി നില്കുന്നു.തുടരാം എന്ന് അവർ എന്നോട് പറയുന്നു .അങ്ങനെ ആയിക്കോട്ടെ അല്ലെ ?

 

ശ്രീധരന്റെ ദിനചര്യ അങ്ങനെ മുന്നേറുമ്പോൾ അതാ വരുന്നു നമോയുടെ ഡിമോ .ശ്രീധരൻ

കുലുങ്ങിയില്ല .വർത്തമാന പത്രങ്ങളിലും ചാനലുകളിലും ഒക്കെ എന്തോ തനിക്കു മനസ്സിലാകാത്ത എന്തോ വലിയ കാര്യങ്ങൾ പറയുന്നു.രണ്ടു മൂന്നു ദിവസം ഇതൊക്കെ കേട്ട് മടുത്തു സിനിമ കാണാൻ അധികം ഇഷ്ടമില്ലാതിരുന്ന ശ്രീധരൻ സിനിമ ചാനെലുകളിലേക്കു തിരിഞ്ഞു .മോഹൻ ലാലിന്റെയും മമ്മൂട്ടിയുടേയും ഒക്കെ അഭിനയ പാടവം ആസ്വദിക്കാൻ തുടങ്ങി.

 

ഒരു ദിവസം രാഘവൻ ഒരു മണിക്ക് എടുത്തു വച്ച ഉച്ച ഭക്ഷണം കഴിച്ചു ഒരു ഏമ്പക്കവും വിട്ടു അൽപ സമയം അവിടെയിരുന്നു ഒരു സിനിമയുടെ അൽപ ഭാഗം കണ്ടു.രണ്ടു മണിക്ക് രാഘവൻ പോയ പാടെ വാതിൽ പൂട്ടി മുകളിലത്തെ ബെഡ് റൂമിലേക്ക് പോയി.ഉച്ച ഉറക്കം അവിടെയാണ്.കുറേകൂടി നിശ്ശബ്ദമാണ്അവിടം എന്നത് തന്നെ കാരണം .

 

ഉറക്കം തുടങ്ങി അല്പം കഴിഞ്ഞു പട്ടിയുടെ ചെറിയ മുരളൽ കേട്ടിട്ടോ അതോ സാമ്പാറിന്റെ പുലി അല്പം കൂടിയതിന്റെ അസ്കിത കൊണ്ടോ എന്തോ ശ്രീധരൻ ഒന്ന് ഉണർന്നു .അല്പം കഴിഞ്ഞുവീണ്ടും മയക്കത്തിലേക്കും പിന്നീട് ഉറക്കത്തിലേക്കും വഴുതിവീണു .

കുറെ കഴിഞ്ഞു ഒരു ഞെട്ടലോടെ ഉണർന്നു.തന്റെ ശരീരത്തിൽ ആരോ സ്പർശിക്കുന്നത് പോലെ തോന്നി.ഉണർന്നു നോക്കിയപ്പോൾ ശരിയാണ്. മൂന്നു പേർ തന്റെ കട്ടിലിനു സമീപം നില്കുന്നു.ആരുടെയും മുഖം വ്യക്തമല്ല .ഒരാൾ തൊപ്പി വച്ചിട്ടുണ്ട്.അയാൾ ജാക്കറ്റും ധരിച്ചിട്ടുണ്ട്.

 

അതിൽ തടിയൻ എന്ന് തോന്നപ്പെടുന്ന ആൾ പറഞ്ഞു എണീക്ക് സാറെ , പണിയുണ്ട് .

ശ്രീധരൻ ഭയത്തോടെ എഴുന്നേറ്റു .ആരാണ് ഇവർ എന്ന് ചിന്തിച്ചു.

 

കൂട്ടാതെ നൂലൻ എന്ന് തോന്നിപ്പിക്കുന്ന ആൾ പറഞ്ഞു.സാറു ആ അലമാര തുറന്നു അതിലുള്ള പണവും എ ടി എം കാർഡുകളും ഇങ്ങെടുത്തേ .നൂലന്റെ കയ്യിൽ ഒരു റിവോൾവറും അപ്പോൾ ശ്രീധരൻ കണ്ടു .പേടിയോടെ എഴുന്നേറ്റു അലമാര തുറന്നു .ഉടനെ തന്നെ നൂലൻ ശ്രീധരനെ ബലമായി പിടിച്ചു കട്ടിലിൽ കൊണ്ട് വന്നു ഇരുത്തി അടുത്ത് നിന്നു .തടിയൻ അലമാര പരിശോധന തുടങ്ങി .പൈസ സൂക്ഷിക്കുന്ന ബാഗ് എടുത്തു ഉമ കൊണ്ടുവച്ചിരിക്കുന്ന പുതിയ കുറെ രണ്ടായിരത്തിന്റെ നോട്ടുകളും എ ടി എം കാർഡുകളും അയാൾ എടുത്തു .പിന്നീട് തൊപ്പി വച്ചിരുന്ന മൂന്നാമന്റെ കയ്യിലെ ബാഗിലേക്കു നോട്ടുകൾ ഇടുകയും അതിൽ നിന്ന് ഒരു ചെറിയ യന്ത്രം പുറത്തെടുക്കുകയും ചെയ്തു.ശ്രീധരന് മനസ്സിലായി വലിയ കടകളിൽ കാണുന്ന കാർഡിട്ടു പൈസ കൊടുക്കുന്ന

യന്ത്രം .തടിയൻ ഓരോ കാർഡായി എടുത്തു യന്ത്രത്തി ഉരച്ചതിനു ശേഷം ശ്രീധരനോട് പാസ് വേർഡ് കുത്താൻ പറഞ്ഞു.അപ്പോൾ നൂലൻ റിവോൾവർ ശ്രീധരന്റെ ചെവിയോട് ചേർത്ത് പിടിച്ചു .തന്റെയും ഭാര്യയുടെയും ,മക്കളുടെയും എല്ലാം കൂടി പത്തു കാർഡുകൾ ഉണ്ട്.എല്ലാം അവർ ഉപയോഗപ്പെടുത്തി .ഓരോ പ്രാവശ്യം കുത്തുമ്പോളും വീട്ടിൽ ഉണ്ടായിരുന്ന മൊബൈലുകളിൽ മെസ്സേജുകൾ വരുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു .ഉമയുടെ കാർഡിലെ മൊബൈൽ നമ്പർ ശ്രീധരന്റേത് തന്നെ ആയതിനാൽ ഉമ കൊണ്ടുപോയ മൊബൈലിൽ മെസ്സേജ് എത്തുകയില്ല .

ജോലികൾ പൂർത്തിയായി അവർ പോകുമെന്ന് ശ്രീധരൻ വിചാരിച്ചു .പക്ഷേ അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ടു മറ്റൊന്ന് സംഭവിച്ചു .തൊപ്പി ധരിച്ചു മാറി നിന്നിരുന്ന ആൾ തന്റെ തൊപ്പിയും ജാക്കെറ്റും മാറ്റി .അപ്പോൾ അതാ ഒരു സുന്ദരിയായ ജീൻസാണ് വേഷം .

തടിയൻ തുടങ്ങി -അപ്പോഴേ സാറെ , ഞങ്ങൾ പുറത്തു പോയാൽ താങ്കൾ വെറുതെയിരിക്കുകയില്ല എന്നറിയാം.അതുകൊണ്ടു ഒരു മുൻ കരുതലിനായി ഒരു ഫോട്ടോ ഞങ്ങൾ എടുക്കുന്നു .തരുണി ശ്രീധരന്റെ അടുത്ത് ഇരുന്നു അയാളുടെ തോളിലേക്ക് ചാഞ്ഞു.ഉടനെ വന്നു തടിയന്റെ കയ്യിലിരുന്ന ഫോണിലിൽ രണ്ടു മൂന്നു ക്ലിക്കുകൾ .

 

മൂവരും പോകാൻ തുടങ്ങുമ്പോൾ ശ്രീധരൻ വിക്കലോടെ ചോദിച്ചു -താഴത്തെ വാതിൽ എങ്ങനെ തുറന്നു ?

നൂലനാണ് മറുപടി പറഞ്ഞത് -അതിനല്ലേ സാറെ പലതരം കമ്പികളും മറ്റു സാമഗ്രികളും ?

 

ശ്രീധരന്റെ ആകാംഷ വർധിച്ചു -അപ്പൊ പട്ടി?

 

തടിയൻ പ്രതിവചിച്ചു-അതെ ,നിങ്ങൾക്കെല്ലാം ഒരു ചിന്തയുണ്ട് ,പട്ടിയുണ്ടെങ്കിൽ എല്ലാമായി എന്ന്.ഏതു പട്ടിയെയും നിശ്ശബ്ദനാക്കാനുള്ള വിദ്യകൾ ഉണ്ട് സാറെ .

പിന്നെ ഞങ്ങൾ രണ്ടു മൂന്നു ദിവസം ഈ ഭാഗത്തു തന്നെയുണ്ട്.ഞങ്ങൾ മാറി മാറി ഒന്ന് രണ്ടു വീടുകളിൽ നിങ്ങളെ പറ്റി അന്വേഷണം നടത്തി -പല കാരണം പറഞ് .ഒരു കാര്യം അപ്പോൾ മനസ്സിലായി -നിങ്ങൾക്കു എവിടെ ആരുമായി വലിയ അടുപ്പമൊന്നുമില്ല.ഇഷ്ടം പോലെ പൈസ, പിന്നെ ആരു വേണം അല്ലെ ?പട്ടി ആദ്യം ഒന്ന് മുരണ്ടു.പിന്നെ അത് ഉറക്കത്തിലേക്കു പോയി.അപ്പണിയല്ലേ ഞങ്ങൾ കൊടുത്തത് ?പിന്നെ രണ്ടു മണിക്ക് ശേഷം ഇവിടെ മറ്റാരുമില്ല എന്നും ഞങ്ങൾ രണ്ടു മൂന്നു ദിവസം കൊണ്ട് മനസ്സിലാക്കി.രാഘവനെ ഞങ്ങൾ സൂത്രത്തിൽ പരിചയപ്പെട്ടു കാര്യങ്ങൾ നല്ലതു പോലെ മനസ്സിലാക്കി.വീട്ടിൽ ആളെ പണിക്കു നിർ ത്തുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണം -കേട്ടോ സാറെ .

 

എന്ന പിന്നെ അങ്ങിനെയട്ടേ അല്ലെ ചേട്ടാ -അത് വരെ മിണ്ടാതിരുന്ന തരുണി മൊഴിഞ്ഞു.

 

നൂലൻ ഇടപെട്ടു-ഫോട്ടോ മറക്കണ്ടാട്ടൊ .

 

ശ്രീധരൻ സ്തബ്ധനായി ഇരുന്നു പോയി.ഉമയെത്തും മുമ്പേ അലമാര അടുക്കാൻ തുടങ്ങി.ഇടയ്ക്കു' നശിച്ച ഫോട്ടോ ' എന്ന വാക്കുകൾ അയാളുടെ മനസ്സിൽ നിന്ന് പുറത്തു ചാടി .

സി പി വേലായുധൻ നായർ

ശിവറാം ശ്രീ

ഇടപ്പള്ളി വടക്കു

കൊച്ചി

682041

ഫോൺ :9567155049

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ