ഒരു നീലത്തിമിംഗലത്തിൻറെ കഥ

ഒരു നീലത്തിമിംഗലത്തിൻറെ കഥ

ഒരു നീലത്തിമിംഗലത്തിൻറെ കഥ

"എടാ പൊട്ടാ...നിനക്ക് ഈ മുടിയൊക്കെ വെട്ടിച്ചു വൃത്തിക്കും മെനക്കും ഒക്കെ ഒന്ന് നടന്നൂടേ ...?"

ഒരു സ്ത്രീ ശബ്ദം. എന്റെ വീട്ടുകാർ പോലും എന്റെ ഇഷ്ട്ടാനിഷ്ടങ്ങളിൽ തലയിടുന്നത് എനിക്ക് ഇഷ്ടമല്ല, അപ്പോഴാ ഏതോ ഒരു പെണ്ണ് . ഞാൻ അല്പം...അല്ല, നല്ല ദേഷ്യത്തിൽത്തന്നെ നോക്കി.

ഒരു ഈർക്കിലി പെണ്ണ്..! അല്പം തൊലിവെളുപ്പുണ്ട്. കാണാനും തരക്കേടില്ല. അതിന്റെ അഹങ്കാരമായിരിക്കുമവൾക്ക്. ഒരു കപ്പലണ്ടി മിട്ടായിയും കടിച്ചു അവൾ കോളേജ് ക്യാന്റീന്റെ അരഭിത്തിയിൽ ചാരിനിന്നുകൊണ്ടാണ് അവളുടെ ചോദ്യം.

എന്റെ കാര്യത്തിൽ ആരും തലയിടുന്നത് എനിക്ക് ഇഷ്ടമല്ല; പ്രത്യേകിച്ചു പെണ്ണുങ്ങൾ.

എനിക്ക് ദേഷ്യം നിയന്ത്രികക്കാനായില്ല. "അത് ചോദിക്കാൻ നീയാരാ ? നീ നിന്റെ കാര്യം നോക്കിയാൽ മതി. ഇങ്ങോട്ട് കമന്റരി വിടാൻ വരണ്ട."

"ഞാൻ അശ്വതി." ഒരു കൂസലുമില്ലാതെ അവൾ പറഞ്ഞുകൊണ്ട് കപ്പലണ്ടി മിട്ടായിയുടെ ബാക്കി വീണ്ടും കടിച്ചു, എന്റെ മുഖത്തും നോക്കി നിൽപ്പാണ്.

അശ്വതി, ശ്രുതിയുടെ ഫ്രണ്ട് ആണ്. ഈ ശ്രുതി, എന്റെ ചങ്ങാതി അരവിന്ദന്റെ ഫ്രണ്ടാണ്.

എനിക്ക് പണ്ടേ പെൺസുഹൃത്തുക്കൾ ആരും ഇല്ലായിരുന്നു. എനിക്ക് ഇഷ്ടമല്ലായിരുന്നു അതാണ് സത്യം. കൂട്ട് കൂടിയാൽ പിന്നെ ഇപ്പോഴും അവളുമാരോട് നല്ലരീതിയിൽ സംസാരിക്കണം,എവിടെയെങ്കിലും പോയാൽ അവളുമാരുടെ പ്രൊട്ടക്ഷനും, അവളുമാരെ ആരും ഒന്നും പറയാതെ നോക്കണം. നമുക്കൊരു ഫ്രീഡം ഉണ്ടാകില്ല. സർവോപരി ഇവരെ ആരെയും വിശ്വസിക്കാൻ കൊള്ളില്ല; ഏതു നിമിഷവും കാലു മാറിക്കളയും. അതുകൊണ്ട് ഞാൻ അവരോട് കൂട്ടുകൂടിയിരുന്നില്ല.എ പോഴും ബോയ്‌സന്റെ കൂടെ ആയിരിക്കും ഞാൻ.

അവളുടെ ചുട്ട മറുപടി കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ ചാടി എണീറ്റു അവളുടെ അടുത്തേക്ക് ചെന്നു. സ്ഥിതി പ്രശ്നമാണെന്ന് മനസ്സിലാക്കിയ അരവിന്ദനും കൂട്ടരും എന്നെ അവിടെ നിന്ന് പിടിച്ചു മാറ്റിക്കൊണ്ട് പോയി. ഇടക്ക് ഞാൻ ഒന്ന് രണ്ടു തവണ അവളെ തിരിഞ്ഞു നോക്കി. അവൾ അവിടെ തന്നെ ഉണ്ട്; അതേ നിൽപ്പ്.

ഇടക്ക് ഒരുതവണ അവൾ എന്നെ നോക്കി കോക്രി കാണിച്ചു.

പിറ്റേ ദിവസം ഞാൻ നോക്കി. ഇല്ല ശ്രുതിയും കൂട്ടുകാരികളോടൊപ്പം അവൾ ഇല്ല. അതിന്റെ പിറ്റേ ദിവസം ഞാൻ അവളെ ദൂരെ നിന്ന് കണ്ടു; മൈൻഡ് ചെയ്യാതെ ഞാൻ നടന്നു പോയി.

ഒരു ദിവസം ക്യാന്റീനിൽ ഉച്ചയൂണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾ എന്റെ അടുത്ത വന്നിരുന്നു, എന്റെ പ്ലേറ്റിൽ നിന്നും പൊരിച്ച മീനിൻറെ ഒരു ചെറിയ കഷ്ണം എടുത്ത് കഴിച്ചു. എന്നിട്ട് പതിയെ രഹസ്യമായി എന്നോട് ചോദിച്ചു.

"ഞാൻ പറഞ്ഞ കാര്യം എന്തായി?"

എനിക്ക് ദേഷ്യം സഹിക്കാനായില്ല. എങ്കിലും അമിതമായ വിശപ്പ് ഓർത്തു ഞാൻ മിണ്ടാതെ അവിടെയിരുന്നു ഊണ് കഴിച്ചു. ഞാൻ കഴിച്ച് തീരുന്നത് വരെ അവൾ എന്റെ അടുത്ത് ഇരുന്നു; ഒപ്പം എന്റെ പൊരിച്ച മീനും തീർത്തു. ഞാൻ ഒന്നും മിണ്ടിയില്ല.

പിറ്റേ ദിവസം വീണ്ടും സീൻ കാന്റീൻ തന്നെ. അന്നും അവൾ എന്റെ അടുക്കൽ വന്നിരുന്നു; എന്റെ പൊരിച്ച മീനു തീർത്തു.

രാവിലെ മുതൽക്കേ നല്ല മഴ ഉണ്ടായിരുന്നു. ഊണ് കഴിച്ചു കുടയും നിവർത്തി ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ "എന്നെ ആ ലൈബ്രറി വരെ ഒന്ന് കൊണ്ടാക്കാമോ? എന്റെ കയ്യിൽ കുട ഇല്ല. പ്ളീസ്..." അശ്വതി വളരെ സൗമ്യമായി ചോദിച്ചു. അവളുടെ ആ ഭാവം എനിക്ക് ഇഷ്ടമായി. പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.

"മ് ..മ് ..."ഇഷ്ടപെടാത്ത രീതിയിൽ ഞാൻ ശരിയെന്നു മൂളി. അവൾ എന്റെ കുടക്കീഴിലേക്ക് കയറി. ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണ് എന്റെ കുടക്കീഴിൽ! അതും മഴയത്ത്. സത്യത്തിൽ ഞാൻ ഒന്നന്ധാളിച്ചു.

ഞങ്ങൾ നടന്നു നീങ്ങി. അവൾ എന്നോട് ചേർന്ന് നടന്നു. മഴത്തുള്ളികൾ നിറച്ചുകൊണ്ടുള്ള മഴക്കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു. ആ കാറ്റ് അവളുടെ ചുരിദാറിന്റെ ഷാളിന്റെ അറ്റം പറത്തി എന്റെ കയ്യിലേക്കും മുഖത്തേക്കും കൊണ്ടുവന്നു. ഒപ്പം അവളുടെ മുടിയുടെ ഏറ്റവും പറന്നു എന്റെ കയ്യിലേക്ക് വീണിരുന്നു. എന്തുകൊണ്ടോ അത് കുടഞ്ഞു മാറ്റാൻ എനിക്ക് തോന്നിയില്ല. എന്തോ...അവളെ തഴുകി വരുന്നു കാറ്റിനും, അവളുടെ ഷാളിനുമൊക്കെ ഒരു പ്രത്യേക സുഗന്ധം എനിക്ക് തോന്നി. ഞങ്ങൾ നടന്നു...അവൾ എന്നോട് കൂടുതൽ കൂടുതൽ അടുത്ത് നിന്നു.

"ഞാൻ പറഞ്ഞ കാര്യം എന്തായി..?"

വളരെ സൗമ്യമായി അവൾ എന്നോട് ചോദിച്ചു. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി.

എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. നടന്നു ലൈബ്രറിയുടെ മുൻപിൽ എത്തി.

മഴ നനയാതെ അവളെ വരാന്തയിലേക്ക് ആക്കിയിട്ടു ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു.

അന്ന് വൈകുന്നേരം ബാർബർ ഷോപ്പിൽ ഇരിക്കുമ്പോൾ, എന്തോ എനിക്ക് അവളെ അനുസരിക്കണം എന്ന് തോന്നി. പതിവിലും വിരുദ്ധമായി അന്ന് എന്റെ മുടി ഒരു സാധാരണ മനുഷ്യന്റേതു പോലെയുള്ള രീതിയിൽ വെട്ടിച്ചു.

പിറ്റേ ദിവസം കോളേജിൽ എത്തിയ എന്നെ, അന്യഗ്രഹത്തിൽ നിന്ന് വന്ന ഒരു ജീവിയെ കാണുന്ന രീതിയിൽ ആണ് എല്ലാരും നോക്കിയത്.

പലരും ചോദിച്ചു..."നിനക്കിതു എന്ത് പറ്റി?"

"ബാർബർ ഷോപ്പിലിരുന്നു ഉറങ്ങിപ്പോയോ...?"

"ഒരു കണക്കിന് നന്നായി; ഇപ്പോഴാണ് നന്നായത്"

സൗഹൃദമുള്ള ടീച്ചേർസ് പറഞ്ഞു "നന്നായി, ഇതാണ് നല്ലത്. ഇപ്പോഴാണ് കാണാൻ ഭംഗി". എന്റെ മനസ്സിൽ എന്തോ പറഞ്ഞറിയികാനാകാത്ത ഒരു സന്തോഷം. ഈ കാഴ്ച എനിക്ക് അവളെ ഒന്ന് കാണിക്കണം. ഞാൻ ക്യാന്റീന്റെ അവിടെ ആകെ അവളെ അന്വേഷിച്ചു, പോകുന്ന വഴിക്ക് അവളുടെ ക്ലാസ്സിലും പോയി. ഇല്ല, അവളെ കണ്ടില്ല. അവൾ ഇന്ന് വന്നില്ല.

എനിക്ക് നല്ല വിഷമം തോന്നി.

പിറ്റേ ദിവസം, കോളേജിന് എതിരെയുള്ള പീടികയിൽ നിൽക്കുമ്പോഴാണ് അവൾ എന്റെ അടുക്കൽ വന്നത്. എന്നെ കണ്ടതും അവൾ ഉറക്കെ ചിരിച്ചു.

"അയ്യേ...എന്തൊരു കോലം ആണിത്. പശു തല നക്കിയത് പോലെ ഉണ്ട്. ഹ ഹ ഹ"

എനിക്ക് അത് സഹിച്ചില്ല...എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നോക്കി. എന്റെ ശ്വാസോച്വസത്തിന്റെ വേഗത വർധിച്ചു. അവൾ എന്റെ അടുക്കലേക്ക് നടന്നു വന്നു; എന്നിട്ട് പറഞ്ഞു "ഇപ്പോഴാണ് സൂപ്പർ ആയത്. എന്താ ദേഷ്യം ആയോ.."

എന്റെ ദേഷ്യം എവിടെ പോയി എന്നെനിക്ക് അറിയില്ല. ഞാൻ ചിരിച്ചു; ഒപ്പം അവളും.

പിന്നെ ദിവസവും മൂന്നും നാലും വട്ടം ഞങ്ങൾ കാണും; സമയമുണ്ടാക്കി കാണും, എത്ര തിരക്ക് ആയാലും.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ കോളേജിൽ വച്ച് അവൾ എന്നോട് ചോദിച്ചു.

"നിന്റെ ബുക്ക്സ് എവിടെ?"

ചിരിച്ചുകൊണ്ട് ഞാൻ പാന്റ്‌സിന്റെ പുറകിലത്തെ പോക്കറ്റിൽ രണ്ടായി മടക്കി വച്ച ഒരു നോട്ടുബുക്ക് എടുത്ത് നീട്ടി.

അവൾ എന്റെ തോളിൽ ശക്തമായിട്ടു നുള്ളി. എനിക്ക് നന്നായി വേദനിച്ചു.

"പഠിക്കുന്ന ബുക്ക് ഇങ്ങനെ മടക്കാൻ പാടില്ല." എന്നും പറഞ്ഞു അവൾ ഒരു പുതിയ ഡയറി എനിക്ക് തന്നു.

"ഇനി മുതൽ നോട്ട്സ് ഇതിൽ എഴുതുക. നിന്റെ ബാഗ് എവിടെ?

ഞാൻ വളരെ കൂളായി പറഞ്ഞു,"സോറി, ഞാൻ ബാഗ് ഉപയോഗിക്കാറില്ല"

ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട്, അവൾ ചോദിച്ചു.

"ഇന്ന് വൈകിട്ട് ഫ്രീ ആണെങ്കിൽ എന്റെ കു‌ടെ മാൾ വരെ ഒന്ന് വരാമോ? ഒരു ഫ്രിൻഡിന്റെ കല്യാണത്തിന് ഗിഫ്റ് വാങ്ങാനാ "

ഞാൻ സമ്മതം മൂളി.

വൈകുന്നേരം ഞങ്ങൾ മാളിൽ എത്തി. അവിടെ വച്ച് അവൾ എനിക്ക് ഒരു ബാഗ് വാങ്ങി തന്നു. തോളിലൂടെ ഒരു വശത്തേക്ക് തൂക്കിയിടുന്ന നല്ല ഒരു സ്റ്റൈലൻ ബാഗ്. ഞാൻ വേണ്ടാ എന്ന് വളരെ വാശി പിടിച്ചു.

"എടാ ബുദൂസേ ഇത് എന്റെ ബർത്ഡേയ് ഗിഫ്റ്റാ..."

"ബർത്ത് ഡേയോ ...? ആരുടെ..?

"നിന്റെ തന്നെ...ഫെബ്രുവരി 12"

ശരിയാണ്. ഇന്നെന്റെ ബർത്ത് ഡേ ആണ്, ഫെബ്രുവരി 12 .

"നിന്നോടാര് പറഞ്ഞു?"

"ഫേസ്ബുക് ഉണ്ടായാൽ മാത്രം പോരാ, അതിൽ വല്ലപ്പോഴും കയറി നോക്കണം"

അവിടെ നിന്നും ഇറങ്ങുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ജീവിതത്തിൽ ആദ്യമായ് ഒരു ബർത്ത് ഡേ ഗിഫ്റ്. അശ്വതിയോടൊപ്പം നടന്നു വരാൻ എനിക്ക് എന്തോ വലിയ അഭിമാനം തോന്നി.
-................................................................................................
ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. എന്നും രാവിലെ നേരത്തെ കോളേജിൽ വന്നു ആദ്യം ഒരു മണിക്കൂർ സംസാരിച്ചിട്ടേ ഞങ്ങൾ ക്ലാസ്സിലേക്ക് പോകുമായിരുന്നുള്ളു. ഇതിനിടയിൽ ഞാൻ ഒരുപാട് മാറി.

ഡ്രസ്സ് അലക്കി തേച്ചു ഇട്ടുകൊണ്ട് വരാൻ തുടങ്ങി...ലൈബ്രറിയിൽ മെമ്പർഷിപ് എടുത്തു...അസ്‌സൈൻമെൻറ്സും റെക്കോർഡുമൊക്കെ കൃത്യമായി എഴുതാൻ തുടങ്ങി...ഇതൊക്കെ അശ്വതിയുടെ നിർബന്ധം കൊണ്ട് മാത്രം നടന്നതാണ് കേട്ടോ. ഈ മാറ്റം ശരിക്കയും ഞാൻ ഇഷ്ടപ്പെട്ടുതുടങ്ങി.
................................................................................................
"നാളെ കോളേജ് ഡേ അല്ലെ...എന്താ പരിപാടി..?" അവൾ ചോദിച്ചു.

"എന്ത് പരിപാടി..ഇവിടെ വരും നിന്നെ കാണും...സ്റ്റേജിൽ പരിപാടി നടക്കുമ്പോൾ കൂവും..പിന്നെ..ഓ അത്ര തന്നെ..." ഞാൻ നിറുത്തി.

അപ്പോൾ അവൾ പറഞ്ഞു..."പിന്നെ..., നാളെ നമുക്ക് ഒരേ നിറത്തിൽ ഉള്ള ഡ്രസ്സ് ഇട്ടുകൊണ്ട് വരാം...എനിക്ക് ഇളം നീല നിറത്തിൽ ഉള്ള ബ്ലൗസും നീല ബോർഡർ ഉള്ള ഒരു കേരള സാരിയും ഉണ്ട്. നിനക്ക് നീല ഷർട്ട് ഉണ്ടോ..? മുണ്ടോ?"

"ഷർട്ട് ഉണ്ട്...മുണ്ട് ഞാൻ ഇന്ന് വാങ്ങിക്കാം. എന്താ കാര്യം?"

"ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട..."

"ഏയ്...അതൊന്നും കുഴപ്പമില്ല."

"പിന്നേ...നാളെ എനിക്ക് ഒരു കാര്യം പറയാനുണ്ട്."

"എന്താ കാര്യം...?"എനിക്ക് ഭയങ്കര ആകാംക്ഷ തോന്നി. കിണഞ്ഞു ചോദിച്ചിട്ടും അവൾ പറഞ്ഞില്ല.

"നാളെ നീല ഷർട്ടും, മുണ്ടും ഉടുത്ത് വാ...ഞാൻ സാരിയും...അപ്പോൾ പറയാം."

ഹൊ !ആ രാത്രി ഒന്ന് ഇരുട്ടി വെളുപ്പിക്കാൻ ഞാൻ വളരെ പാട് പെട്ടു.
................................................................................................
ആദ്യമായ് ഞാൻ കോളേജിൽ മുണ്ടും ഷർട്ടും ഇട്ടു വന്നു. എല്ലാരും എന്റെ ഈ പുതിയ രൂപം അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു.

പരിപാടികൾ സ്റ്റേജിൽ തകൃതിയായി നടക്കുന്നു. അശ്വതിയെ കണ്ടില്ല.

അവള് വന്നില്ലേ?

ഞാൻ അവളുടെ ക്ലാസ്സിൽ പോയ് അന്വേഷിച്ചു. ഇല്ല അവൾ വന്നിട്ടില്ല. അല്ലേലും അവളുടെ സ്വഭാവം ഇതാണ്, എന്തേലും പ്രധാനപ്പെട്ട ദിവസം ലീവ് ആക്കിക്കളയും.

എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. അന്ന് വൈകുന്നേരം പരിപാടികൾ എല്ലാം കഴിയുന്നത് വരെ ഞാൻ കോളേജിൽ അവളെ കാത്ത് നിന്നു. ഇല്ല, അവൾ വന്നില്ല.

പിറ്റേന്ന് ഞാൻ കോളേജിൽ വന്നു. അന്വേഷിച്ചു; ഇല്ല, അവൾ വന്നില്ല.

എനിക്ക് ആകെ സങ്കടവും, ഭയവും എല്ലാം തോന്നി തുടങ്ങി...എനിക്ക് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. ഒന്ന് ഫോൺ വിളിക്കാമെന്ന് വിചാരിച്ചാൽ അവളുടെ കയ്യിൽ മൊബൈൽ ഫോണും ഇല്ല. അവസാനം കോളേജ് ഓഫീസിൽ നിന്നും എങ്ങനെയൊക്കെയോ അവളുടെ വീടിന്റെ അഡ്രസ് തപ്പിപ്പിടിച്ചു അവൾ താമസിക്കുന്ന വീട്ടിൽ എത്തി.

ഇല്ല...വീട് പൂട്ടിയിട്ടിരിക്കുന്നു.

അടുത്തുള്ള വീട്ടിൽ അന്വേഷിച്ചപ്പോൾ, അവർ രണ്ടുമൂന്ന് ദിവസം മുൻപ് വീട് മാറിപ്പോയി എന്ന് അറിഞ്ഞു.

ഒരു വാക്കു പോലും പറയാതെ...ഇത്ര പെട്ടെന്ന്...ആരോടും ഒന്നും പറയാതെ...

ഞാൻ ആകെ തളർന്ന ദിവസങ്ങൾ ആയിരുന്നു അത് . ഒരു തരത്തിലും എനിക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല.

കോളേജിലെ എന്റെ പഠനം തീരുന്നത് വരെ എല്ലാ ദിവസവും രാവിലെ ഞാൻ കോളേജിൽ വന്നു അവളെ കാത്തു നിൽക്കുമായിരുന്നു...ഉച്ചക്ക് ക്യാന്റീനിലും അവളെ പ്രതീക്ഷിച്ചു. പക്ഷെ ഒരിക്കൽ പോലും അവളെ ഞാൻ പിന്നീട് കണ്ടില്ല. എന്തിനായിരിക്കും അവൾ പോയത്...എന്തായിരിക്കയും അവൾ പറയാൻ ഉദ്ദേശിച്ചത്...ഈ പോക്കിനെ കുറിച്ചു ആയിരിക്കുമോ..? അത് മറ്റെന്തെങ്കിലും...? ഇന്നും അതിനു ഉത്തരം എനിക്ക് കിട്ടിയിട്ടില്ല.

പക്ഷെ, അവൾ പഠിപ്പിച്ച ആ നല്ല ശീലങ്ങൾ ഞാൻ ഇന്നും അതുപോലെ തുടരുന്നു. എന്നെങ്കിലുമൊരിക്കൽ അവളെ കാണുമ്പോൾ, ഒന്നുമില്ലേലും ആ കോളേജ് ദിവസങ്ങൾ ഒന്ന് ഓർക്കുവാൻ വേണ്ടി മാത്രം...ഞാൻ വാക്ക് പാലിച്ചു എന്ന് അറിയിക്കുവാൻ മാത്രം.
................................................................................................
വർഷങ്ങൾക്കിപ്പുറം , ഈ ഇടക്ക് പത്രത്തിന്റെ താളുകളിൽ, കുറേ ടാസ്കുകൾ കൊടുക്കുന്ന ഒരു ഗെയിം നെ കുറിച്ചു വായിക്കാൻ ഇടയായി. ആ ഗെയിം നു ആ പേര് ഇടാൻ കാരണം ആ മത്സ്യം അവസാനമാകുമ്പോൾ സ്വന്തം കൊമ്പ് മണൽകൂനയിൽ ഇടിച്ചു കയറ്റി സ്വയം ഇല്ലാണ്ടാകുമത്രേ (ബ്ലൂ വെയിൽ).

കുറെ വർഷങ്ങൾക്കു മുൻപ് കുറെ ടാസ്കുകൾ എന്നെകൊണ്ട് ചെയ്യിച്ച ഒരു മൽസ്യം എനിക്കും ഉണ്ടായിരുന്നു...അവസാനം സ്വയം ഇല്ലാണ്ടായ ഒരു തിമിംഗലം...

-രഞ്ജിത്കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ