ഭിക്ഷാംദേഹി

ഭിക്ഷാംദേഹി

ഭിക്ഷാംദേഹി

ഒരു ബുധനാഴ്ച ദിവസം അതിരാവിലെ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ നിന്നും വടകരയിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു ഞാൻ.
പെട്ടെന്ന് ക്രമീകരിച്ച ഒഫിഷ്യൽ ട്രിപ്പ് ആയതിനാൽ ടിക്കറ്റ് റിസർവ് ചെയ്യാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ കമ്പനി മുഖാന്തിരം ഏസി കോച്ചിൽ റിസർവ് ചെയ്താണ് പോകാറുള്ളത്.( ഏസി കോച്ചിൽ യാത്ര ചെയ്യുന്നത് സൗകര്യം എന്നതിലുപരി ഒരു ഗമയാണേ).
കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ സിറ്റിംഗ് ക്ലാസിൽ ആണ് ഇന്നെന്റെ യാത്ര.
അതിരാവിലെ ആയതു കൊണ്ടാവും തിരക്ക് അധികം ഇല്ലായില്ലായിരുന്നു. കുറേപ്പേർ പത്രവായനയിലും ചായക്കടിയിലും മുഴുകിയിരിക്കുന്നു. കുറച്ചുപേർ സീറ്റിൽ സ്വസ്ഥമായി ചാരി ഇരുന്ന് രാവിലെ നഷ്ടപ്പെട്ട ഉറക്കത്തിന്റെ ബാക്കി കണ്ണിയെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ്. വേറെകുറച്ചു പേർ അപ്പോഴേക്കും ഗാഢനിദ്രയിലാണ്ടു കഴിഞ്ഞിരുന്നു; അതിൽ വിരളം ആളുകളുടെ വായ് പകുതിയിലധികം തുറന്നിരിക്കുന്നു. ഒരു കാര്യം സത്യമാ, ട്രെയിനിൽ ചാരിയിരുന്ന് വായും തുറന്ന് ഉറങ്ങുന്നതിന്റെ ഒരു സുഖം, ഹാ! അതൊന്നു വേറെ തന്നെയാ. ട്രെയിൻ മുന്നോട്ട് പോകുമ്പോൾ ജനാലയിലൂടെ ഒഴുകിയെത്തുന്ന കാറ്റ്, അത് തുറന്ന് പോയ വായിലൂടെ കടന്ന് ശ്വസനനാളത്തിലൂടെ ശ്വാസകോശത്തിലെത്തി തിരികെ നാസാരന്ധ്രങ്ങളിലൂടെ പോകുമ്പോൾ ശരീരം മുഴുവനും തണുപ്പിത്തുറയും. അത് കുലുങ്ങിക്കുലുങ്ങിയുള്ള ഉറക്കത്തെ കൂടുതൽ ആസ്വാദ്യമാകും. ഈ സുഖം എത്ര വലിയ ഏസി കോച്ചിലിരുന്നാലും കിട്ടില്ല. അതുകൊണ്ടാണ് സ്ഥിരം ട്രെയിൻ യാത്രക്കാർ സ്വസ്ഥമായ ഒരിടം ജനാല്ക്കരികിൽ കണ്ടു പിടിച്ച്, കയറിയപാടേ ഉറങ്ങുന്നത് അഥവാ ഉറങ്ങിപ്പോകുന്നത്. എന്തായാലും ട്രെയിനിൽ ഇങ്ങനെ മറ്റുള്ളവരുടെ ചേഷ്ടകൾ വീക്ഷിക്കുന്നത് ഒരു രസമാണ്. കുറച്ച് ബോഡീലാംഗ്വേജ് അസസ്സ്മെന്റ് കൂടിപഠിച്ചിട്ടുള്ളതിനാൽ ഈ വീക്ഷണം ഒരു എന്റർടെയിൻമെന്റാണ്.
ക്ഷമിക്കണം, ഞാൻ വിഷയത്തിൽ നിന്നും മാറിയെന്ന് തോന്നുന്നു. പറഞ്ഞു വന്ന വിഷയത്തിലേക്ക് തന്നെ തിരികെയെത്താം. ട്രെയിൻ കൃത്യസമയത്ത് തന്നെ യാത്ര ആരംഭിച്ചു.
ഇപ്പോൾ എനിക്ക് കാണാൻ കഴിയുന്നതിൽ പകുതിയിലധികം ആളുകൾ ഗാഢനിദ്രയിലായി. പുതിയ യാത്രക്കാർ ജനാലയിലൂടെ കാഴ്ചകൾ കാണുന്നു. കമിതാക്കൾ തൊട്ടുരുമ്മിയിരുന്ന് രാവിലത്തെ തണുപ്പകറ്റുന്നു. ട്രെയിൻ ചൂളം വിളിച്ചുംകൊണ്ട് മുന്നേയ്ക്ക് കുതിച്ചു കൊണ്ടിരുന്നു; പ്രഭാതത്തിലെ തണുപ്പിനെ കുത്തിത്തുളച്ചുകൊണ്ട്.
ഞാൻ കണ്ണുതുറന്നപ്പോൾ ട്രെയിൻ ഷൊർണൂർ സ്റ്റേഷനിലാണ്. 'ഉഴുന്നെവിടാ ഉഴുന്നെവിടാ ' (ഉഴുന്നുവടാ ഉഴുന്നു വടാ) എന്ന ചോദ്യം കേട്ടാണ് ഞാൻ കണ്ണു തുറന്നത്, 'ഇല്ല ചേട്ടാ, എനിക്കറിയില്ല; ഞാനെടുത്തില്ല' എന്ന എന്റെ മറുപടിക്ക് എന്തോ പിറുപിറുത്തു കൊണ്ട് ആ വട വ്യാപാരി അടുത്ത കംപാർട്ട്മെന്റിലേക്ക് നടന്നു നീങ്ങി.
പിന്നെ ഉറക്കം വന്നില്ല. എല്ലാ സീറ്റിലും നിറച്ച് ആളുകൾ; കുറച്ച് പേർ നിൽക്കുന്നുമുണ്ട്.
ട്രെയിൻ കോഴിക്കോട് റയിൽവേ സ്റ്റേഷനിലെത്തി; 15 മിനിട്ട് വൈകിയാണ് ഓടുന്നത്. അഞ്ചു മിനിട്ടിനുള്ളിൽ ട്രെയിൻ കോഴിക്കോട് സ്റ്റേഷന് വെളിയിലേക്കിറങ്ങി ഓടിത്തുടങ്ങി.

ഇനിയാണ് സംഭവങ്ങളുടെ ചുരുൾ നിവരുന്നത്.
സ്റ്റേഷൻ വിട്ടിട്ട് അധിക സമയം ആയിട്ടില്ല. ഞങ്ങൾ ഇരുന്ന കംപാർട്ട്മെന്റിന്റെ നടവഴിയിലേക്ക് ഒരു ചെറുപ്പക്കാരൻ മുട്ടിലിഴഞ്ഞ് വരുന്നു. ഞാൻ അവനെ മൊത്തമായി ഒന്നു വീക്ഷിച്ചു. ഒരു 27-28 വയസ്സു കാണും, ആരോഗ്യവാനാണ്. പക്ഷേ അവൻ രണ്ട് കൈകളും നിലത്തു കുത്തി മുട്ടുകുത്തിയാണ് നടക്കുന്നത് (അവൻ യഥാർത്ഥത്തിൽ ഡിസേബിൾഡ് ആണോ എന്നു ചോദിച്ചാൽ എനിക്കറിയില്ല). വളരെ മുഷിഞ്ഞ ഒരു കള്ളി ഷർട്ട്, കറുത്ത പാന്റ്സ് നിരങ്ങി നിരങ്ങി ചെമ്പൻ നിറമായി.
ഭിക്ഷക്കാരൻ ആണത്രേ!
നടന്നും നിരങ്ങിയും അവൻ ഞാൻ ഇരുന്ന സീറ്റിന്റെ താഴെ നിരങ്ങി വന്നിരുന്ന് എന്റെ മുന്നിലേക്ക് കൈ നീട്ടി. "സൗമ്യ"* യുടെ സംഭവത്തിന് ശേഷം ഞാൻ ഈ വർഗ്ഗത്തിന് യാതൊന്നും കൊടുക്കാറില്ല. നിഷേധാർത്ഥത്തിൽ എന്റെ തല ഞാൻ ആട്ടി.
യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവൻ കൈ എനിക്ക് എതിരെ ഇരിക്കുന്ന സ്ത്രീകളുടെ നേരെ നീട്ടി. അതിൽ ഒരു കോളേജ് വിദ്യാർത്ഥിനി അഞ്ചു രൂപയുടെ ഒരു തുട്ട് അവളുടെ പഴ്സിൽ നിന്നുമെടുത്ത് അവന്റെ കൈയ്യിലേക്ക് വച്ച് കൊടുത്തു. ഞാൻ നോക്കി, അവൻ ഒരു പാട്ടുപാടുകയോ, അല്ലെങ്കിൽ ആ സ്ബെസ്റ്റോസ് കഷ്ണം കയ്യിലടിച്ചു പാടുകയോ, അതുമല്ലെങ്കിൽ കരിങ്കൽ ക്വാറിയിൽ നിന്നും വീണ കഥയോ വീട്ടിലെ കഷ്ടപ്പാടിന്റെ കഥയോ ഒന്നും പറഞ്ഞില്ല.
ആ കോളേജ് കുമാരിയുടെ അടുത്തിരുന്നിരുന്ന ഒരു അമ്മച്ചിയും കൊടുത്തു അഞ്ചു രൂപ. സ്ത്രീകൾ പൊതുവേ സെന്റിമെന്റൽ സ്വഭാവം ഉള്ളവരാണല്ലോ. പിന്നെയാരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നു മനസ്സിലാക്കിയ അവൻ അടുത്ത സീറ്റിനടുത്തേക്ക് മുട്ടിലിഴഞ്ഞ് നടന്നകന്നു. എന്നെ ആശ്ചര്യപ്പെടുത്തി, തനിക്ക് അയ്യഞ്ചു രൂപ വീതം തന്ന ആ മഹിളാ രത്നങ്ങളോട് അവൻ യാതൊരു നന്ദി പ്രകടനവും നടത്തിയില്ല.
എന്റെ മനസ്സു മുഴുവനും ആ ഭിക്ഷക്കാരനായിരുന്നു. കണക്കിന് പണ്ടേ പിറകിലായിരുന്നെങ്കിലും എന്റെ മനസ്സ് എന്നെക്കാൾ മുൻപേ കണക്കിന്റെ നോട്ട് പുസ്തകം തുറന്നുവച്ചു.
ആ ചെറുപ്പക്കാരന് ഇന്നെത്ര രൂപ കിട്ടുമായിരിക്കും? മനസ്സു തുറന്നു വച്ച ആ കണക്ക് നോട്ട് ബുക്കിൽ ഞാനെഴുതാനാരംഭിച്ചു. എന്റെ മുന്നിൽ വച്ച് തന്നെ രണ്ടു പേർ അവന് അഞ്ച് രൂപ വീതം കൊടുത്തു. ഈ കാലഘട്ടത്തിൽ അഞ്ച് രൂപയിൽ കുറഞ്ഞ് ഒരു ദാനമില്ലല്ലോ! കുറഞ്ഞത് ഒരു പത്തു പേരെങ്കിലും ഈ കംപാർട്ട്മെന്റിൽ മാത്രം അവന് അഞ്ചു രൂപ വീതം കൊടുത്തിട്ടുണ്ടാക്കും. അങ്ങനെയെങ്കിൽ പത്തെ ഗുണം അഞ്ചെ സമം അൻപത്. ഈ ട്രെയിനിൽ പത്തു കംപാർട്മെന്റിൽ കുറയാതെ ഉണ്ടാകും; അങ്ങനെയെങ്കിൽ അൻപതെ ഗുണം പത്തെ സമം അഞ്ഞൂറ്
ഈ ഒരു ട്രെയിനിൽ നിന്നു മാത്രം അവന് അഞ്ഞൂറു രൂപ കിട്ടും, അതും വെറും ഒരു മണിക്കൂറിന്റെ അദ്ധ്വാനത്തിന്!
എന്തായാലും അവൻ ഇന്ന് പത്തിൽ കുറയാതെ എണ്ണം ട്രെയിനിൽ കയറും; അപ്പൊ, അഞ്ഞൂറെ ഗുണം പത്തെ സമം അയ്യായിരം! ദൈവമേ അവന്റെ ഒരു ദിവസത്തെ വരുമാനം അയ്യായിരം രൂപയോ! അതും യാതൊരു മുതൽ മുടക്കും ഇല്ലാതെ - വെറുമൊരു നടത്തം മാത്രം.
മന: ക്കണക്കു പുസ്തകത്തിന്റെ പേജ് ഞാൻ മറിച്ച് എഴുതിത്തുടങ്ങി. കഴിഞ്ഞ പേജിൽ അവസാനം വന്ന തുക അയ്യായിരം.
ഇതേ നിരക്കിൽ ഒരു മാസത്തേക്ക് അവന്റെ വരുമാനം അയ്യായിരം ഗുണം മുപ്പതെ സമം ഒന്നര ലക്ഷം രൂപ.
നാലാം വയസ്സു മുതൽ വിദ്യാഭ്യാസത്തോട് മല്ലിട്ട് നാലഞ്ചു വർഷം ഉപരിപ0നം കഴിഞ്ഞു വരുന്ന ഒരു ഡോക്ടർക്കോ എൻജിനിയർക്കോ വക്കീലിനോ ആർക്കേലും മാസം ഒന്നര ലക്ഷം കിട്ടുമോ? അതും നേരം വെളുത്ത് ഇരുട്ടുന്നത് വരെ ചോര നീരാക്കി പണിയെടുത്തിട്ട് കൂടി...?
ദൈവമേ , ഒരു മുതൽ മുടക്കോ കഷ്ടപ്പാടോ ഒന്നും ഇല്ലാതെ ഇവന് മാസം ഒന്നര ലക്ഷം രൂപ വരുമാനം. ഗുണം പന്ത്രണ്ട് സമം ...
ക്ഷമിക്കണം, ഞാൻ നേരത്തേ പറഞ്ഞിരുന്നു കണക്കിന് അൽപം മോശമാണെന്ന്, എനിക്ക് ഇപ്രാവശ്യം കാൽക്കുലേറ്റർ എടുക്കേണ്ടിവന്നു; പതിനെട്ടു ലക്ഷം രൂപ. അവന്റെ വാർഷിക വരുമാനം 18 ലക്ഷം രൂപ.
എന്റെ മന:ക്കണക്ക് പുസ്തകം ഞാനടച്ചു; എന്തോ അതിൽ എഴുത്ത് പതിയുന്നില്ല.
മനസ്സ് ചിന്തയെന്ന മറ്റൊരു പുസ്തകം തുറന്നു. ഒരു സാധാരണക്കാരന്റെ കുട്ടി പഠനം എൽ.കെ.ജിയിൽ ആരംഭിക്കുമ്പോൾ കെട്ടി വയ്ക്കുന്ന ഡൊണേഷൻ ഫീസ് പതിനായിരം രൂപ മുതൽ അവന് വേണ്ടിയുള്ള മുതൽമുടക്ക് ആരംഭിക്കുകയാണ്. ബുക്കും പുസ്തകവും യൂണിഫോമും പരീക്ഷാ ഫീസും ടൂർ ഫീസും വർഷാവർഷം സ്പെഷ്യൽ ഫീസും പിന്നെ ട്യൂഷൻ ഫീസും, സൈക്കിളോ ബൈക്കോ, കോളേജ് അഡ്മിഷൻ ഫീസും പഠിത്തത്തിൽ പുറകിലോടാണെങ്കിൽ കൊടുക്കേണ്ടി വന്ന കോളേജ് സീറ്റിന്റെ ഫീസും കല്യാണം -പുലകുളിയടിയന്തിരം അങ്ങനെയങ്ങനെയങ്ങനെ...
പോകുന്നു ഒരു സാധാരണക്കാരന്റെ ജീവിതത്തിന്റെ ഇൻവെസ്റ്റ്മെന്റ്. ഇങ്ങനെ കണക്കുപുസ്തകത്തിൽ എഴുതപ്പെടാത്ത അഥവാ കണക്കുകൂട്ടപ്പെടാത്ത വലിയ ഒരു സംഖ്യ മുടക്കി പഠിച്ചിറങ്ങുന്ന ഒരുവന് വീണ്ടും അനേകം പടികൾ കയറിയിറങ്ങി ഏകദേശം ഒരു ഇരുപത്താറു വയസ്സാകമ്പോൾ ഇഷ്ടപ്പെട്ടതോ കഷ്ടപ്പെട് ഇഷ്ടപ്പെട്ടതോ ആയ ഒരു ജോലി ലഭിക്കുന്നു.
പിന്നെയും കുറച്ച് വർഷം എല്ല് നറുക്കി പണിയെടുക്കുമ്പോൾ മുപ്പതാമത്തെ വയസ്സിൽ മാസശമ്പളം ഇരുപതിനായിരം രൂപയിൽ എത്തി നിൽക്കും. അവിടന്ന് പിന്നങ്ങോട്ടുള്ള ശമ്പളക്കയറ്റം വളരെ ശ്രമകരമാണ്. അതുപോട്ടേ.
പിന്നീടങ്ങോട്ടുള്ള 25 വർഷം പണിയെടുത്ത് 55 വയസ്സ് ആകുമ്പോൾത്തന്നെ ഒന്നുകിൽ അവന്റെ പണി മൊത്തത്തിൽ കഴിയും, അല്ലേൽ കമ്പനി റിട്ടയർമെന്റ് കൊടുക്കും.
25 വർഷത്തെ വരുമാനം ശരാശരി ഇരുപതിനായിരം ഗുണം പന്ത്രണ്ടെ ഗുണം ഇരുപത്തഞ്ചെ സമം... കാൽകുലേറ്ററിന് ഉത്തരം തരാൻ താമസം ഒന്നുമുണ്ടായില്ല
അറുപത് ലക്ഷം രൂപ; ഒരു സാധാരണക്കാരന് നാലാം വയസ്സ് മുതൽ തുടങ്ങിയ പരിശ്രമത്തിന് ഫലമായി അവന് കിട്ടിയ ശമ്പളം അഥവാ വരുമാനം- ഒരു ജീവിതകാലം മുഴുവനും!
കോർപ്പറേറ്റ് ഭാഷയാണെങ്കിൽ അവന്റെ ലൈഫ് ടൈം പ്രൊഡക്ടിവിറ്റി; ലൈഫ് ടൈം ഗ്രോസ് ഇൻകം.

എന്നാൽ ഈ ഭിക്ഷക്കാരനോ? ക്ഷമിക്കണം, ഇദ്ദേഹത്തെ ഭിക്ഷക്കാരന് എന്ന് വിളിച്ച് ആക്ഷേപിച്ചതിന്. ഇവൻ നാലാം വയസ്സു മുതൽ സ്വന്തമായി 'ഭിക്ഷ' എന്ന ബിസിനസ്സ് ആരംഭിക്കുകയാണ്. സ്കൂൾ ഇല്ല, ഡൊണേഷൻ ഫീസില്ല, പരീക്ഷ ഇല്ല, വസ്ത്രത്തിന് പണച്ചെലവില്ല... ചുരുക്കത്തിൽ ഇവന് വേണ്ടി അഞ്ച് നയാ പൈസയുടെ മുതൽമുടക്കോ ചെലവോ ഇല്ല. നേരത്തെ കൂട്ടിയ കണക്ക് പ്രകാരമാണെങ്കിൽ ഇവന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നാലാം വയസ്സു മുതൽ അറുപതാം വയസ്സ് വരെ ( ഭിക്ഷ ബിസിനസ്സിന് അങ്ങനെ റിട്ടയർമെന്റ് പ്രായം ഇല്ലല്ലോ) അമ്പത്താറ് വർഷത്തെ ആകെ വരുമാനം -ലൈഫ് ടൈം ഗ്രോസ് ഇൻകം - ലൈഫ് ടൈം പ്രൊഡക്ടിവിറ്റി... എനിക്ക് ചിരി വന്നു കാൽകുലേറ്ററിന് എന്തോ താമസം ഉത്തരം തരാൻ.
ഒറ്റ, പത്തെ, നൂറെ, ആയിരം ... അക്കങ്ങളെണ്ണി, പത്ത് കോടി എട്ട് ലക്ഷം രൂപ!
ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി, എവിടെത്തി? വാച്ച് നോക്കി, 11.25... ഇല്ല, വടകര എത്താൻ 11.45 കഴിയും
ഞാൻ കണക്കുകൂട്ടൽ നിറുത്തി. അല്ലെങ്കിലും ഇനിയെന്ത് കൂട്ടാൻ ? കാൽക്കുലേറ്റർ ഓഫാക്കി വച്ചു. ചിന്തയുടെ പുസ്തകത്തിന്റെ എവിടെ നിന്നൊക്കെയോ കുറേ ചോദ്യങ്ങൾ പൊന്തിവന്നു.
ഇത്രയും പണം ഇവർ എന്തു ചെയ്യുന്നു?
നമ്മുടെ നാട്ടുകാരായിട്ടുള്ള ഭിക്ഷക്കാരെയൊന്നും നമ്മുടെ നാട്ടിൽ കണ്ടിട്ടില്ല. കൂടുതലും വരുത്തൻമാരാ. അപ്പൊ നമ്മുടെ നാട്ടിലെ ഭിക്ഷക്കാർ ഈ വരുത്തൻമാരുടെ നാട്ടിലായിരിക്കുമോ 'ബിസിനസ്സ് ' നടത്തുന്നത്?
ഡ്യൂട്ടിയിലുള്ള ഇവർ ആഹാരം കഴിക്കുന്നത് ഇതുവരേ കണ്ടിട്ടില്ല. ഒരു പക്ഷേ ഏതെങ്കിലും പരിചയക്കാരുടെ ഹോട്ടലിന്റെ പിന്നാമ്പുറത്ത് പോയിരുന്ന് മട്ടൻ ബിരിയാണി കഴിക്കന്നുണ്ടാവും; തോന്നിപ്പോകും, കാരണം അമ്മാതിരി അരോഗ്യ ദൃഢഗാത്രന്മാരും ഇവരുടെ കൂട്ടത്തിലുണ്ടേ. വൈകുന്നരം മദ്യപാനം.
ഇതൊന്നും ഇങ്ങനെ അല്ലായെന്ന് വിശ്വസിക്കാതെ തരമില്ല; കാരണം അമ്മാതിരി പുകിലായിരുന്നു കയ്യില്ലാത്ത ഒരു ഭിക്ഷക്കാരനെ രക്ഷിക്കാൻ ബോംബേയിൽ നിന്നും മണിക്കൂറിന് ലക്ഷങ്ങൾ വിലയുള്ള വക്കീലൻമാരെ കൊണ്ടുവരാൻ കണ്ടത്.
ട്രെയിനിന്റെ വേഗത കുറഞ്ഞു തുടങ്ങി. സമയം 11.55 അടുത്ത സ്റ്റേഷൻ വടകര ആയിരിക്കും.
അതെ കടകളുടെ ബോർഡിൽ വടകര എന്ന് എഴുതിയിരിക്കുന്നത് കാണാം. ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു. ബാഗ് തോളിലിട്ടു.
ട്രെയിൻ വടകര സ്റ്റേഷനിൽ നിറുത്തി. ഞാൻ വാതിലിൽ നിന്നും സൂക്ഷിച്ച് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി. അപ്പൊൾ എവിടെ നിന്നോ വീണ്ടും ആ ശബ്ദം കേട്ടു, "ഉഴുന്നെവിടാ ഉഴുന്നെവിടാ..."
എനിക്ക് കുറ്റബോധം തോന്നി, പണിയെടുത്ത് ജീവിക്കുന്നവനെ ഞാൻ നേരത്തേ കളിയാക്കി വിട്ടു. ഞാൻ ആ വട വ്യാപാരിയെ വിളിച്ചു. അതെ അത് അയാൾ തന്നെ, ഷൊർണൂർ സ്റ്റേഷനിൽ വച്ച് കണ്ടയാൾ. ഞാൻ കൈ കാണിക്കുന്നത് കണ്ട് അയാൾ ഓടിയെത്തി. വടയൊക്കെ തീരാറായിരിന്നു. നാല് വടകൾ ബാക്കിയുണ്ട്. ഒരു കവറിൽ മൂന്ന് വട, മുപ്പത് രൂപ. വില കൂടുതലാണ്, എങ്കിലും വട വലുതാണ്. സാരമില്ല ഒരു കവർ എടുത്തു.
"സർ, ഒരു വടയും കൂടി വക്കട്ടേ. ഇനി ഒരെണ്ണം മാത്രമേ ബാക്കിയുള്ളൂ"
എനിക്ക് മൂന്നണ്ണം തന്നെ അധികമാണ്, എന്നാലും സാരമില്ല " ശരി അതും കൂടി തന്നോളൂ. പിന്നെ ചട്ണി അധികം തരണം"
"അതിനെന്താ സർ തരാല്ലോ '"
അയാൾ നാലുവടയും കവറിലാക്കി, മറ്റൊരു കവറിൽ കുറേ വെളുത്ത ചമ്മന്തി ചട്ണിയും കെട്ടിത്തന്നു.
കാശും കൊടുത്ത് കവറും വാങ്ങി ഞാൻ നടന്നു; അദ്ധ്വാനിച്ചു ജീവിക്കുന്ന ഒരുത്തനെ മനസ്സുകൊണ്ട് സല്യൂട്ട് ചെയ്ത്കൊണ്ട്...

എം. രഞ്ജിത്ത്കുമാർ.
------------------------------------------------------------------------------------------------------

സൂചകം: * സൗമ്യ വധക്കേസ്: ട്രെയിനിൽ യാത്ര ചെയ്ത സൗമ്യ എന്ന പെൺകുട്ടിയെ ഒറ്റക്കയ്യനായ ഒരു ഭിക്ഷക്കാരൻ (!) ട്രെയിനിൽ നിന്നും തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ